തൃപ്പേക്കുളം അച്യുത മാരാര്‍
- Details
- Category: Melam
- Published on Saturday, 05 April 2014 20:14
- Hits: 4142
തൃപ്പേക്കുളം അച്യുത മാരാര്‍
പ്രൊഫ. എം. മാധവന്‍കുട്ടി
(അന്തരിച്ച മേളവാദ്യകുലപതി ശ്രീ തൃപ്പേക്കുളം അച്യുത മാരാരെ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ടും തൃശ്ശൂറിന്റെ സാംസ്‌കാരിക മണ്ഡലത്തിലെത്തിലെ നിറവുറ്റ സാന്നിധ്യവുമായ പ്രൊഫ. എം. മാധവന്‍കുട്ടി അനുസ്മരിക്കുന്നു.)
മനുഷ്യ മനസ്സിലുണരുന്ന സൗന്ദര്യബോധ തുടിപ്പുകളെ പ്രകൃതിയുടെ താളവുമായി സമരസപ്പെടുത്തിയാണ് കേരളത്തിന്റെ വാദ്യസംസ്കാരം ബീജാവാപം ചെയ്തും വളര്‍ന്നതും.
മികവുറ്റ ശിക്ഷണവും നീണ്ട പരിശീലനവും ധാരാളമായിക്കിട്ടുന്ന പ്രകടനാവസരങ്ങളും സമ്പൂര്‍ണ്ണ സമര്‍പ്പണഭാവവും കൊണ്ട് ആസ്വാദകര്‍ക്കും സഹകലാകാരന്മാര്‍ക്കും പ്രിയങ്കരനായി ആചാര്യ പദവിയിലേക്കുയര്‍ന്ന കലാകാരന്മാരില്‍ പെടുന്നു ഈയടുത്ത് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ തൃപ്പേക്കുളം അച്യുത മാരാര്‍.
പെരുവനം ഗ്രാമത്തിന്‍റെ പരദേവതയായ ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ അടിയന്തിരക്കാരനായി കാരണവന്മാരെ പിന്തുടര്‍ന്ന് ചെറുപ്രായത്തിലെ ഇടയ്ക്കയും തിമിലയും ചെണ്ടയും സോപാനസംഗീതവും കൈകാര്യം ചെയ്യുവാന്‍ വേണ്ട പ്രാഥമികപാഠം ഉള്‍ക്കൊണ്ട അച്യുതമാരാര്‍ പൊതു വാദ്യരംഗത്ത് പ്രത്യക്ഷപ്പെടുന്നത് തവില്‍ വായനക്കാരനായിട്ടാണ്. ആദ്യകാലത്ത് ഭാരതനാട്യത്തിലെ തവില്‍ വായനക്കാരനായിരുന്നു. നെല്ലിക്കല്‍ നാരായണപ്പണിക്കര്‍ ആണ് തവിലില്‍ അദ്ദേഹത്തിന്‍റെ ഗുരു. പിന്നീട് ഇടയ്ക്കയില്‍ കൂടിയാട്ടത്തിലെ പശ്ചാത്തലവാദ്യമൊരുക്കി.
തൃശൂര്‍പൂരത്തില്‍ മഠത്തില്‍ വരവിന്‍റെ പഞ്ചവാദ്യത്തിനു അന്നമനട അച്യുത മാരാര്‍ക്കൊപ്പം തിമിലവാദകനായി. ഈ സമയങ്ങളില്‍ എല്ലാം പ്രധാന പാണ്ടി, പഞ്ചാരി മേളങ്ങളില്‍ എല്ലാം തൃപ്പേക്കുളത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു.
തമിഴ്നാടിന്‍റെ തവിലും കേരളത്തിന്റെ ചര്‍മ്മവാദ്യങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ ജീനിയസ്സ് ഒന്നിലും ഒന്നാമനാകാതെ പോകുമോ എന്ന് സഹൃദയാസ്വാദകര്‍ ഭയപ്പെട്ടു. അത്തരം ആശങ്കകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ക്രമത്തില്‍ അദ്ദേഹം ചെണ്ടയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു അതോടെ ചെണ്ടയിലെ മഹാമേരുവായി അദ്ദേഹം വളര്‍ന്നു. കേരളത്തിലെ കേള്‍വിപെറ്റ മേളങ്ങളില്‍ എല്ലാം തൃപ്പേക്കുളം പ്രമാണക്കാരനായി.
ഊരകത്തമ്മ തിരുവടിയുടെ പ്രസിദ്ധമായ പെരുവനം പഞ്ചാരിയുടെ പ്രമാണം അദ്ദേഹത്തെ പഞ്ചാരിയില്‍ പ്രശസ്തനാക്കി. 1990ല്‍ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ മേള പ്രമാണം അദ്ദേഹത്തിന്‍റെ പാണ്ടിമേളവും പ്രശസ്തിയാര്‍ജ്ജിച്ചു —14 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പൂരത്തിന്‍റെ മേളപ്രമാണം വഹിച്ചു.
അസുരവാദ്യ൦ എന്നറിയപ്പെടുന്ന ചെണ്ടയില്‍ തൃപ്പേക്കുളം സൃഷ്ടിച്ചത് സുരസംഗീതമെന്ന് സഹൃദയര്‍ തിരിച്ചറിഞ്ഞു. നൂറ്റമ്പതിലേറെ കലാകാരന്മാരെ ഏകോപിപ്പിച്ചു വേണം ഒരു മേളം ഭംഗിയാക്കാന്‍. കൂടെ നില്‍ക്കുന്നവര്‍ ആരായാലും തൃപ്പേക്കുളത്തിന് പ്രശനമായിട്ടില്ല. കൃത്യമായി കാലം കയറാതെയും ഇറങ്ങാതെയും ചിട്ടയോപ്പിച്ചു മേളം കൊട്ടിക്കയറാനുള്ള അസാമാന്യമായ ഒരു നേതൃ പാടവം അദ്ദേഹത്തിന് ജന്മസിദ്ധമാണ്.
ശുദ്ധമായ, സംഗീതാത്മകമായ, അലൌകികാനുഭൂതികള്‍ അനുവാചകന് പകരുന്ന മേളം അസുരവാദ്യത്തെ അഭിജാതമാക്കുന്ന ക്ലാസ്സിക്കല്‍ സ്പര്‍ശം. അസാധാരണ പ്രകടനകൌശലം, പാരമ്പര്യത്തിന്റെ ചിട്ടകളും ശിക്ഷണത്തിന്‍റെ ശാസ്ത്രീയതയ്കുമൊപ്പം പുതിയൊരു സൗന്ദര്യദര്‍ശനത്തിന്‍റെ മാധുര്യം കൂടി കലര്‍ന്ന ഒരു തൃമധുരം അതായിരുന്നു തൃപ്പേക്കുളത്തിന്റെ മേളം.
ആറു പതിറ്റാണ്ടോളം കേരളത്തിലെ ഉത്സവപ്പറമ്പുകളെ വിസ്മയിപ്പിച്ച ഈ വാദ്യതിലകം അദ്ദേഹത്തിന്‍റെ അവസാന കാലങ്ങളില്‍ ആരോഗ്യ പരമായ കാരണങ്ങളാല്‍ രംഗത്ത് നിന്ന് ഒഴിഞ്ഞെങ്കിലും അപൂര്‍വ്വമായി മേളനിരയില്‍ വന്ന് നിന്നാല്‍ അജയ്യനായ ഒരതിമാനുഷനാണെന്ന് നമ്മള്‍ പറഞ്ഞുപോവുമായിരുന്നു
A Requiem in Hindolam
- Details
- Category: Kathakali
- Published on Sunday, 30 March 2014 15:38
- Hits: 8896
Non-Hindu Kathakali singer’s insult-riddled life finds theatre portrayal
By Sreevalsan Thiyyadi
Fifty-seven years after Kathakali had its first tryst with a non-Hindu on stage, the socio-religious turbulence it entailed for the classical ballet and the late musician have found portrayal in a play, thanks to a cultural initiative in Delhi.
The life and times of the celebrated as well as sidelined Kalamandalam Hyderali, who sang for the Kerala dance-drama for four-and-a-half decades till his untimely death in early 2006, came into deep focus in a two-hour production when it was staged in the Indian capital in end-March 2014.
Conceived by ‘Janasamskriti’ theatre group, the show premiered by Kala Keralam cultural club featured as many as 55 actors — some of them donning roles more than one and two. Presented before the public for first time after having won a national award earlier this month, the work has been titled Enthiha Man Maanase — a famed Kathakali song Hyderali popularized while exploring with empathy the existential pangs of the mythological king Karna.
Hyderali, much like the charioteer family-raised tragic hero in the Mahabharata, had won critical acclaim for his talent and skills, but the ‘outsider’ tag simultaneously earned him a string of insult, point out M V Santhosh and Ajith G Maniyan, directors of the amateur play scripted by Samkutty Pattomkari, also a Malayali.
Enthiha Man Maanase is a project realized after 18 days of rehearsal that pooled in the efforts of 64 artistes and technicians on and behind the stage, reveals Santhosh of Janasamskriti which has produced 400 plays in the last 27 years of existence.
കാലേ കദാചിദഥ കാമി ജനാനുകൂലേ
- Details
- Category: Kathakali
- Published on Friday, 14 March 2014 00:30
- Hits: 5434
കാലേ കദാചിദഥ കാമി ജനാനുകൂലേ
പി. രവീന്ദ്രനാഥ്
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കഥകളി. ആണ്ടിൽ 365 ദിവസവും ശ്രീവല്ലഭന് കഥകളി ആസ്വദിക്കണം. ആ പാരമ്പര്യം ഇന്നും നിലനിൽക്കുന്നതുകൊണ്ട് കഥകളിക്കും, കഥകളി കലാകാരന്മാർക്കും തിരുവല്ലയിൽ യാതൊരു പഞ്ഞവുമില്ല. ക്ഷേത്രത്തിനു സമീപത്ത് കളിയോഗങ്ങൾ തന്നെ രണ്ടെണ്ണമുണ്ട്. മദ്ദള വാദ്യക്കാരനായ തിരുവല്ല രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ശ്രീവല്ലഭവിലാസം കഥകളിയോഗവും, കഥകളി നടൻ കലാഭാരതി ഹരികുമാറിന്റെ ശ്രീവൈഷ്ണവം കഥകളിയോഗവും.
കുംഭമാസത്തിൽ പത്തു ദിവസമാണ് ഇവിടെ ഉത്സവം. പഞ്ചരാത്ര വിധിപ്രകാരമുള്ള പ്രതിഷ്ഠയായതുകൊണ്ട് ഇവിടുത്തെ പൂജാവിധികളും മറ്റാചാരങ്ങളുമെല്ലാം മറ്റു വൈഷ്ണവ ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഈ കുംഭം 19ന് (മാർച്ച് 3) ഇവിടെ കൊടിയേറി. മാർച്ച് 12ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ക്ഷേത്രകലകൾ ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. എല്ലാ ദിവസവും കഥകളി ഉണ്ടെങ്കിലും, മൂന്നു ദിവസമാണ് മേജർ സെറ്റ് കളിയുള്ളത്. കേരളത്തിലെ ഒട്ടുമിക്ക പ്രധാനവേഷക്കാരും, പാട്ടുകാരും, മേളക്കാരും പങ്കെടുക്കുന്നുണ്ട്.
തിരുവല്ലയിൽ അവതരിപ്പിക്കുന്ന കളികളിൽ സൌഗന്ധികം മാത്രമാണ് എടുത്തു പറയത്തക്ക നിലവാരമുള്ളത് എന്നർത്ഥമാക്കരുത്. എണ്‍പത്തഞ്ചാം വയസ്സിലും കഥകളി അരങ്ങത്ത് നിറസാന്നിദ്ധ്യമായ പത്മഭൂഷണ്‍ മടവൂർ വാസുദേവൻനായർ, ആ കലയോട് വെച്ചുപുലർത്തുന്ന സമർപ്പണബുദ്ധി കണ്ടപ്പോൾ, അദ്ദേഹം പങ്കെടുത്ത സൌഗന്ധികത്തെക്കുറിച്ച് എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.
ശ്രീ മടവൂർ ആയിരുന്നു ആ കളിക്ക് ഹനുമാൻ കെട്ടിയത്. കഥകളി ആസ്വാദകരെ ഏറ്റവും ആകർഷിച്ചിട്ടുള്ള വേഷമാണ് ഹനുമാൻ. ഏറ്റവും ജനപ്രീതിയുള്ള വേഷം എന്നു തന്നെ പറയാം. മറ്റൊരു വേഷം രൌദ്രഭീമനാണ്. സൌഗന്ധികം കൂടാതെ ഹനുമാൻ പ്രധാന വേഷമായി വരുന്ന മറ്റു രണ്ടു കഥകളാണ് ലവണാസുരവധവും തോരണയുദ്ധവും. ഈ രണ്ടു കഥകളിലും ത്രേതാ യുഗത്തിലെ ഹനുമാനെ അവതരിപ്പിക്കുമ്പോൾ, കോട്ടയത്തു തമ്പുരാൻ സൌഗന്ധികത്തിൽ അവതരിപ്പിക്കുന്നത് ദ്വാപരയുഗത്തിലെ ഹനുമാനെയാണ്. കഥാന്ത്യം വധമല്ലാത്ത ഒരു കോട്ടയം കഥയാണിത് എന്ന പ്രത്യേകതയും എടുത്തു പറയാം.
സൌഗന്ധികത്തിൽ ഭീമനെപ്പോലെയോ അതിലുപരിയോ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഹനുമാൻ. ഭാവഅഭിനയത്തിനും, ആട്ടത്തിനും, നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഈ വേഷം പൊതുവെ പ്രധാന നടന്മാർ കൈകാര്യം ചെയ്തുവരുന്നതാണ്. യശ:ശരീരനായ കലാമണ്ഡലം രാമൻകുട്ടിനായരെ അനുസ്മരിക്കുന്നു. ഇപ്പോൾ മടവൂർ, നെല്ലിയോട്, ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള, രാമചന്ദ്രൻഉണ്ണിത്താൻ, നരിപ്പറ്റ, തലവടി അരവിന്ദൻ, ഫാക്റ്റ് പത്മനാഭൻ, ഫാക്റ്റ് മോഹനൻ തുടങ്ങിയവർ സൌഗന്ധികം ഹനുമാനെ കെട്ടിഫലിപ്പിക്കാൻ പ്രാപ്തരാണ്. ഞാൻ കണ്ടിട്ടുള്ള വേഷക്കാരെ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്.
ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത കൂട്ടത്തിൽ വന്നു പിറന്നതായിട്ടൊക്കെ നമ്പ്യാർ അധിക്ഷേപിക്കുന്നുണ്ടെങ്കിലും, സാത്വികനും, പണ്ഡിതനും, ബഹുമാന്യനുമായാണ് അദ്ധ്യാത്മരാമായണത്തിൽ ഹനുമാനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഋഷികൾക്കു മാത്രമല്ല ശ്രീരാമചന്ദ്രനുപോലും ബഹുമാന്യനായിട്ടുള്ള ഹനുമാനെയാണ് ചില നടന്മാര് മിമിക്രി കഥാപാത്രമാക്കി മാറ്റിക്കളയുന്നത്. സൌഗന്ധികത്തിലെ ഹനുമാന്റെ ഈ പ്രകടനം ഒരുവിധം സഹിക്കാം. ലവണാസുരവധത്തിൽ ചിലരുടെ പെർഫൊമെൻസ് കണ്ടാൽ "എന്റമ്മോ"ന്ന് അറിയാതെ നിലവിളിച്ചു പോകും.
സൌഗന്ധികത്തിലെ ഹനുമാന് തിരനോക്കില്ല. അരങ്ങത്ത് ഓടിച്ചാടി നടന്ന് അലറി വെളുപ്പിക്കേണ്ട കാര്യവുമില്ല. സൌഗന്ധികത്തിലെ ഹനുമാന്റെ ആട്ടം ചിട്ടപ്പെടുത്തുന്നതിന് ഇട്ടീരിപ്പണിക്കർ സ്വീകരിച്ചത് കാർത്തികതിരുനാൾ മഹാരാജാവിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കദളീവനത്തിൽ തപസ്സിരിക്കുന്ന ഹനുമാനെയാണ് തിരശ്ശീല നീക്കുമ്പോൾ കാണുന്നത്. വനത്തിൽ നിന്നുയർന്നു വരുന്ന ഘോരശബ്ദം തപസ്സിന് തടസ്സം സൃഷ്ടിക്കുന്നതും മറ്റും ആടുമ്പോൾ അലറുന്നതു പോലെ, പർവ്വതച്ചിറകുകൾ ഇന്ദ്രൻ അരിയുമ്പോൾ അലറേണ്ട കാര്യമുണ്ടോ? വൃദ്ധ വാനരനായി രൂപാന്തരപ്പെടുമ്പോൾ കാണിക്കുന്ന ചില ചേഷ്ടകളാണ് പരമ ദയനീയം! ചൊറികുത്തുക, പ്രുഷ്ടം ചൊറിയുക. കഥാപാത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അതോ, ജനശ്രദ്ധയ്ക്കു വേണ്ടിയാണോ ഈ അഭാസങ്ങളൊക്കെ കാണിക്കുന്നത്.
പക്ഷെ മടവൂരാശാൻ അവതരിപ്പിച്ച ഹനുമാൻ നഖശിഖാന്തം സാത്വികനായിരുന്നു. നാട്ടിൻ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങായിരുന്നില്ല എന്നു സാരം! ആംഗികാഭിനയത്തിലെ പ്രധാനപ്പെട്ട നാട്യമായ അംഗോപാംഗപ്രത്യംഗങ്ങൾ ഈ എണ്‍പത്തഞ്ചാം വയസ്സിലും എത്ര ചെതോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ കൃതഹസ്തനായ ആ മഹാനടന് കഴിഞ്ഞു.
കഥകളിയിലെ കലാശങ്ങളിൽ പ്രഥമസ്ഥാനമാണ് അഷ്ടകലാശത്തിനുള്ളത്. ചമ്പതാളത്തിൽ ചവിട്ടി എടുക്കുന്ന എട്ടു നൃത്തങ്ങളാണ് അഷ്ടകലാശം എന്നു പറയാം. അഭ്യാസപാടവവും, താളപ്പിടിപ്പും മാത്രം പോരാ, മനോധർമ്മവുംകൂടി ഒത്തിണങ്ങിയ ഒരു നടനു മാത്രമേ അഷ്ടകലാശം മനോഹരമായി എടുക്കാൻ കഴിയൂ. എട്ടുകലാശവും ഭാവതീവ്രതയോടെതന്നെ ആശാൻ പ്രയോഗിച്ചു. അതിനുശേഷം എടുക്കേണ്ട വലിയ കലാശം അദ്ദേഹം ഒഴിവാക്കുകയുണ്ടായി. അരമണിക്കൂറോളം നേരം "മനസി മമ കിമപി ബത" എന്ന അഷ്ടകലാശം ചവിട്ടിയിട്ട്, ഈ എണ്‍പത്തഞ്ചാം വയസ്സിൽ അതുപേക്ഷിച്ചതുകൊണ്ട് അഷ്ടകലാശത്തിന്റെ പൂർണ്ണതയ്ക്ക് കുറവൊന്നും വന്നില്ല എന്നാണെന്റെ പക്ഷം.
ഈ വർഷം തന്നെ മടവൂരിന്റെ വ്യത്യസ്തങ്ങളായ മൂന്നു വേഷങ്ങൾ കാണാൻ അവസരമുണ്ടായി. പത്തനംതിട്ട ജില്ലാ കഥകളി മേളയിൽ ബാണൻ (കത്തി) തിരുവൻവണ്ടൂർ അമ്പലത്തിൽ ഒന്നാം ദിവസം നളൻ (പച്ച) തിരുവല്ലയിൽ സൌഗന്ധികം ഹനുമാൻ (വട്ടമുടി) ആ പ്രതിഭാധനനായ കഥകളി ആചാര്യന്റെ മുമ്പിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.
"എൻ കണവാ" എന്ന പാഞ്ചാലിയുടെ പദം മുതലുള്ള ഭാഗമാണ് തിരുവല്ലയിൽ അവതരിപ്പിച്ചത്. ഗാനമേളയും മറ്റു കിടുപിടികളുമൊക്കെ കഴിഞ്ഞപ്പോൾ തന്നെ മണി 2. സൌഗന്ധികം കഴിഞ്ഞിട്ടു വേണം കിരാതം കളിക്കാൻ. പതിഞ്ഞപദം ഒഴിവാക്കി. (പാഞ്ചാലരാജ തനയേ) കോട്ടക്കൽ ചന്ദ്രശേഖരവാര്യരായിരുന്നു ഭീമസേനൻ. മാഞ്ചേൽ മിഴിയും, വനവർണ്ണനയും, അജഗരകബളിതാവുമൊക്കെ അതിഗംഭീരമായി അദ്ദേഹം ആടി. കലാമണ്ഡലം മാധവൻനമ്പൂതിരിയാണ് പാഞ്ചാലി കെട്ടിയത്.
മറ്റൊരു എടുത്തു പറയത്തക്ക വിശേഷമായിരുന്നു സംഗീതം. തിരുവല്ല ഗോപിക്കുട്ടൻനായരും, കലാമണ്ഡലം ബാലചന്ദ്രനുമായിരുന്നു ഗായകർ. കഥകളി സംഗീതത്തിലെ ഒരു പ്രധാന രാഗമാണ് ധനാശി. അത്ഭുത ഭാവത്തെ വർണ്ണിക്കുന്ന പദങ്ങളാണ് ധനാശി രാഗത്തിൽ ആലപിക്കാറുള്ളത്.
ഭീമന്റെ പദമായ "മാഞ്ചേൽ മിഴിയാളെ" എന്ന പദം ധനാശിയിലുള്ളതാണ്. ആ രാഗം ഉണർത്തുന്ന അത്ഭുത ഭാവങ്ങളെ, തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ അതിമനോഹരമായി പ്രകാശിപ്പിക്കാൻ ഗോപിക്കുട്ടനാശാന് കഴിഞ്ഞു. ആ ഭാവതീവ്രത ഉൾക്കൊണ്ട് കൂടെ പാടാൻ ബാലചന്ദ്രനും കഴിഞ്ഞു. അതുപോലെതന്നെ അതിവിശേഷമായിരുന്നു, "ആരിഹ വരുന്നതിവൻ" എന്ന മദ്ധ്യമാവതിയിലുള്ള ഹനുമാന്റെ പദം പാടിയത്. "ആരീ...ആരിഹാ" എന്നാണ് പല ഗായകരും പാടി കേൾക്കാറുള്ളത്. "ആരീ" എന്നൊരു പ്രയോഗം നടത്താതെ തന്നെ താളവും മേളവുമൊന്നും കുന്തത്തിലാവാതെ പാടാൻ കഴിയുമെന്ന് ഗോപിച്ചേട്ടൻ പാടി കേൾപ്പിച്ചു. അക്ഷരശുദ്ധിയോടെ പാടിയാൽ, അത് കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഗോപിച്ചേട്ടന്റെ പാട്ട്. തർക്കമില്ല.
സംഗീതത്തെപോലെ തന്നെ മേളവും നിലവാരമുള്ളതാണെങ്കിൽ മാത്രമേ കഥകളി പരിപൂർണ്ണ വിജയമാകൂ. പദങ്ങൾ പാടാതെ ആട്ടം മാത്രമുള്ള അവസരത്തിലാണ് മേളക്കാർ പ്രാവീണ്യം തെളിയിക്കേണ്ടത്.
തപസ്സിന് വിഘ്നം വരുത്തിയ ഘോരശബ്ദം കേൾക്കുമ്പോഴുള്ള ഹനുമാന്റെ ആട്ടം, ഭീമസേനന്റെ വനവർണ്ണന തുടങ്ങിയ രംഗങ്ങൾ ആണ് മേളക്കാർ കൂടുതൽ ഭാവാത്മകത പ്രകടമാക്കേണ്ടത്. കലാഭാരതി ഉണ്ണികൃഷ്ണന്റെയും (ചെണ്ട) കലാഭാരതി ജയശങ്കറിന്റേയും (മദ്ദളം) മേളം, കൈസാധകവും അനുഗ്രഹീതമായ വാസനയും കൊണ്ട് ഹൃദ്യമായിരുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ.
തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും
- Details
- Category: Koodiyattam
- Published on Thursday, 20 February 2014 01:47
- Hits: 4999
തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും
നാരായണൻ മൊതലക്കൊട്ടം
മൂഴിക്കുളം - ഐതിഹ്യവും ചരിത്രവും
അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപെരുമാൾ ക്ഷേത്രം ആലുവ താലൂക്കിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ഭാരതത്തിലെ നൂറ്റിയെട്ട് തിരുപ്പതികളിൽ മലയാളനാട്ടിലുള്ള പതിമൂന്നു എണ്ണത്തിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ദ്വാപരയുഗാന്ത്യത്തോടെ സമുദ്രത്തില്‍ താണുപോയി. കാലാന്തരത്തില്‍ ഈ വിഗ്രഹങ്ങള്‍ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മുക്കുവര്‍ക്ക് ലഭിച്ചു. അവര്‍ വിഗ്രഹങ്ങള്‍ ലഭിച്ച വിവരം അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയില്‍കൈമളിനെ ധരിപ്പിക്കയും, അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു കൈമള്‍ പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ് ഐതിഹ്യം. ഈ നാല് വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കപെട്ട തൃപ്രയാര്‍ (നിര്‍മാല്യദര്‍ശനം), ഇരിങ്ങാലക്കുട (ഉഷ:പൂജ), മൂഴിക്കുളം (ഉച്ചപൂജ), പായമ്മല്‍ (അത്താഴപൂജ) എന്നിങ്ങനെയാണ് പ്രസിദ്ധമായ നാലമ്പല ദര്‍ശനം എന്നറിയപെടുന്ന രീതിയിലുള്ള കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശന രീതി.
ചേരഭരണകാലത്ത് മലയാളക്കരയെ തിരുവനന്തപുരം, തിരുവല്ല, മൂഴിക്കുളം, കാന്തല്ലൂര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി (തളികള്‍) ഗ്രാമക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭരണസംവിധാനം ചെയ്തിരുന്നത്. ഊരാളരും മറ്റ് അധികാരികളും കൂടി ക്ഷേത്രകൂട്ടത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചട്ടങ്ങളായി. ഇത്തരം ചട്ടങ്ങളെ അഥവാ വ്യവസ്ഥകളെയാണ് കച്ചങ്ങളെന്നു പറയുന്നത്. പല കേരളചരിത്രരേഖകളിലും മറ്റു കച്ചങ്ങളെ കുറിച്ചും പ്രതിപാദ്യം ഉണ്ടെങ്കിലും ചേരഭരണത്തില്‍ എന്ത് നടപടിയും മൂഴിക്കുളം കച്ചത്തിനെ ആസ്പദമാക്കിയായിരുന്നു സ്വീകരിച്ചിരുന്നത്. അതാണ് മൂഴിക്കുളത്തിനുള്ള പ്രാധാന്യം. മൂഴിക്കുളം കച്ചം സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളില്‍ മേല്‍ തളിയായി മൂഴിക്കുളം കണക്കാക്കുകയും നാല് തളികളുടെ മേല്‍ത്തളിയെന്ന പ്രാമുഖ്യമുള്ളത് കൊണ്ട് ഇവിടുത്തെ ദേവന് മാത്രം ചക്രവര്‍ത്തിപദ തുല്യമായ ‘പെരുമാള്‍’ സ്ഥാനം നല്‍കിയിരുന്നു.
ചാക്യാര്‍ കൂത്ത് – കൂടിയാട്ടം എന്ത്?
മലയാളക്കരയിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർ കൂത്ത്. ഇതിഹാസ കഥകളെ ആസ്പദമാക്കി, നിലവിലുള്ള രീതികളെയും, സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ സന്നിവേശിപ്പിച്ചുകൊണ്ടു, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന കഥകളും, സാഹചര്യങ്ങളും കോര്‍ത്തിണക്കി പ്രബന്ധം അവതരിപ്പിക്കുന്നതാണ് ചാക്യാര്‍കൂത്ത്. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കഥാസന്ദര്‍ഭങ്ങളുമായി ബന്ധപെടുത്തി ശക്തമായ സാമൂഹിക ഇടപെടലുകള്‍ ചാക്യാര്‍ കൂത്തില്‍ കൂടി നടത്തിയിരുന്നു.
ഭാരതത്തിലെ തന്നെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകരൂപമാണ് ഒമ്പതാം നൂറ്റാണ്ടോടെ രൂപപ്പെട്ടു എന്ന് വിശ്വസിക്കപ്ടുന്ന കൂടിയാട്ടം. ലോകപൈതൃകമായി UNESCO അംഗീകരിച്ച ഏക ഭാരതീയ നൃത്ത നാടക രൂപമാണ് കൂടിയാട്ടം. അമ്പലവാസികളില്‍ പെടുന്ന ചാക്യാര്‍, നമ്പ്യാര്‍ സമുദായക്കാര്‍ക്ക് ആണ് പാരമ്പര്യമായി കൂടിയാട്ടം നടത്തുന്നതിനുള്ള ചുമതല. പിന്നണി വാദ്യമായ മിഴാവ് കൈകാര്യം ചെയ്യുന്നത് നമ്പ്യാര്‍ ആണ്.
സത്വികാഭിനയത്തിനാണ് (രസാഭിനയം) കൂടിയാട്ടത്തില്‍ പ്രാധാന്യം. സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നിങ്ങനെ ചതുര്‍വിധാഭിനയങ്ങളെ വേണ്ടവിധത്തില്‍ കൂട്ടിയിണക്കിയുള്ള അവതരണ രീതിയാണ് കൂടിയാട്ടത്തില്‍ അവലംബിച്ചിട്ടുള്ളത്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ പ്രദര്‍ശിപ്പിക്കുന്നതാണ് കൂടിയാട്ടതിന്‍റെ രീതി.
ക്ഷേത്രത്തില്‍ കൂത്തിനുള്ള പ്രാധാന്യം
വൈദികമായ വിധി നിഷേധങ്ങളെ ക്ഷേത്രത്തില്‍ വരുന്ന ഭക്തരെ പറഞ്ഞു മനസ്സിലാക്കലാണ് കൂത്തും കൂടിയാട്ടവും കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ക്ഷേത്രത്തിലെ ദേവന്‍റെ അച്ഛന്റെ സ്ഥാനം തന്ത്രിക്കും അമ്മയുടെ സ്ഥാനം ചാക്യാര്‍ക്കും നല്‍കി വരുന്നത്. ചാക്യാര്‍ക്കു സ്ഥാനമാനങ്ങളും വസ്തുവകകളും കല്‍പ്പിച്ചു നല്‍കിയിരുന്നതുകൊണ്ട് കുലധര്‍മ്മമായി ഈ കലകള്‍ അനുഷ്ടിക്കാനും, കൂട്ട് പ്രവര്‍ത്തകരായ നമ്പ്യാര്‍ക്കും നന്ഗ്യാര്‍ക്കും പ്രതിഫലം നല്‍കി കൂടെ നിര്‍ത്താനും, അനന്തര തലമുറകളെ കുലധര്‍മ്മം അനുഷ്ഠിക്കാന്‍ പ്രപ്തരാക്കാനും കഴിഞ്ഞു. കൂത്തമ്പലാദി അംഗങ്ങളുള്ള മഹാക്ഷേത്രങ്ങളില്‍ അടിയന്തിരകൂത്തും കൂടിയാട്ടവും വളരെ പ്രാധാന്യം ഉള്ളതും ലോപം വന്നാല്‍ പ്രായശ്ചിത്തം മുതലായവ വേണമെന്ന് നിഷ്കര്ഷിക്കപെടുന്നതുമാണ്.
തിരുമൂഴിക്കുളത്തെ സവിശേഷതകള്‍
തിരുമൂഴിക്കുളം ക്ഷേത്രത്തില്‍ കൂത്തിനും കൂടിയാട്ടത്തിനും സവിശേഷമായ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. വൃശ്ചിക സംക്രമ സമയത്ത് തലേകെട്ടു വയ്ക്കണം എന്ന് ഇവിടെ അനുശാസിക്കപെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതു സമയം അയാലും സംക്രമ സമയം നട തുറന്നിരിക്കും എന്ന് സാരം!!. ഇത്തരത്തിലുള്ള ഏക ക്ഷേത്രം മൂഴിക്കുളം ആണ് എന്നാണ് കേട്ടറിവ്. മണ്ഡല കാലത്തെ (41 ദിവസം) കൂത്തും തുടര്‍ന്നുള്ള കൂടിയാട്ടം കാണാനും കേള്‍ക്കാനും തേവര്‍ നേരിട്ടെഴുന്നള്ളി വലിയമ്പലത്തില്‍ ഇരിക്കുന്നു എന്ന് സങ്കല്പം. ഇതിനായി തെക്കേ വലിയമ്പലത്തില്‍ കരിങ്കല്ലുകൊണ്ട് ഒരു പീഠവുമുണ്ട്. അതാത് വര്‍ഷത്തെ കൂടിയാട്ടത്തിന്‍റെ കഥ നിശ്ചയിക്കുന്നത് ലക്ഷ്മണസ്വാമി തന്നെയാണ്!!. കൂത്ത് തുടങ്ങി പതിനൊന്നാം ദിവസമാണ് (വൃശ്ചികം 11 നു) കഥ വിധിക്കുന്നത്. ആ ദിവസം അത്താഴ പൂജയുടെ പ്രസന്ന പൂജാ സമയം ദേവന്‍ കഥ നിശ്ചയിച്ചു ക്ഷേത്രാചാര്യന്റെ (മേല്‍ശാന്തിയുടെ) മനസ്സില്‍ തോന്നിപ്പിക്കും. പൂജ നട തുറന്നാല്‍ എത്രയും വേഗം (തീര്‍ത്ഥം തളിക്കുന്നത് മുന്‍പ് തന്നെ) കാത്തു നില്‍ക്കുന്ന ക്ഷേത്ര ഭരണാധികാരി വഴി മൂത്ത ചാക്യാരെ വിവരം ധരിപ്പിക്കുന്നു. അതിനു ശേഷം ആണ് പൂജാ തീര്‍ത്ഥം ഭക്തരെ തളിക്കുന്നത്. അന്ന് തന്നെ ചാക്യാര്‍ കൂടിയാട്ടം നിര്‍വഹണം നടത്തും.
സന്താനസൌഭാഗ്യത്തിനായി അംഗുലിയാങ്കം കൂത്ത് വഴിപാടായി നടത്താറുണ്ട്. അംഗുലിയാങ്കം കഥക്കും അടിയന്തിര ചാക്യാര്‍ കുടുംബത്തിലെ കുട്ടികളുടെ അരങ്ങേറ്റത്തിനും അണിയലോട് കൂടി വന്നു സോപാനത്തിങ്കല്‍ വന്നു മണിയടിച്ചു തൊഴുന്നതിനു വിശേഷാല്‍ അധികാരം ഇവിടെ ചക്യാരില്‍ നിക്ഷിപ്തമാണ്. ആ സമയം ബ്രാഹ്മണര്‍ അടക്കമുള്ള മറ്റു ഭക്തരെ ദര്‍ശനത്തിനു അനുവദിക്കാറില്ല. ഇപ്പോള്‍ അമ്മന്നൂര്‍ ചാക്യാര്‍ മഠക്കാര്‍ക്കാണ് ക്ഷേത്രത്തിലെ കൂത്ത് നടത്തുവാനുള്ള അവകാശം.
അവസാനമായി ഇവിടെ അംഗുലീയാങ്കം വഴിപാടു കൂത്ത് നടന്നത് ഏതാണ്ട് മുപ്പതു വര്ഷം മുമ്പാണ്. ഏതാണ്ട് നാല് പതിറ്റാണ്ടിനു മുമ്പും ആറു പതിറ്റാണ്ടിനു മുമ്പും അംഗുലീയാങ്കം കൂത്ത് നടന്നിട്ടുള്ളതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ഈ മൂന്നു അംഗുലീയാങ്കം കൂത്തും നടത്തിയത് പദ്മശ്രീ പുരസ്കാര ജേതാവായ മൂഴിക്കുളം (അമ്മന്നൂര്‍) കൊച്ചുകുട്ടന്‍ ചാക്യാര്‍ ആണ്.
സംഘകാലഘട്ടം മുതലുള്ള കേരളചരിത്രത്തില്‍ മറ്റു ഗ്രാമ ക്ഷേത്രങ്ങളില്‍ നിന്നും ഭരണപരമായും കലാപരമായും മൂഴിക്കുളം ക്ഷേത്രത്തിന്‍റെ പ്രാധാന്യം മുകളില്‍ നിന്ന് വ്യക്തമാണല്ലോ. ആ കാലഘട്ടം മുതല്‍ ടിപ്പുവിന്റെ പടയോട്ടം വരെയുള്ള കേരള ചരിത്രത്തില്‍ വിശേഷിച്ചു ചാക്യാര്‍ കൂത്ത്-കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളുടെ ഉന്നതമായ സ്ഥാനം മൂഴിക്കുളത്തിനായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല.
ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
- Details
- Category: Kathakali
- Published on Monday, 20 January 2014 02:41
- Hits: 5477
ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
രാമദാസ് എൻ
മുന്‍പ് പറഞ്ഞതരത്തില്‍ അനവധി അനുകൂലസാഹചര്യങ്ങളിലൂടെ, പൂര്‍വ്വസൂരികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു അരങ്ങത്തു പാടിയ വെണ്മണി ഹരിദാസിന്‍റെ സംഗീതത്തിലെ പ്രത്യേകതകള്‍ എന്തായിരുന്നു? ഇങ്ങനെ ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സിലെലേക്ക് വരുന്നത്, ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി പറഞ്ഞ ഒരുകാര്യമാണ്. സംഗീതോപകരണങ്ങളില്‍ ഏറ്റവും മനോഹരമായ നാദം പുല്ലാങ്കുഴലിന്‍റെതാണ്. പുല്ലാങ്കുഴലില്‍ നിന്ന് വരുന്ന നാദം ഏറ്റവും ആദ്യം എത്തുക അത് വായിക്കുന്ന ആളുടെ കാതുകളില്‍ ആണ്. അതായത് തന്‍റെ സംഗീതം നിരുപാധികം ആസ്വദിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആസ്വാദകമനസ്സില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. വേഷക്കാര്‍ക്കോ ആസ്വാദകര്‍ക്കോ വേണ്ടിയല്ലാതെ തനിക്കുവേണ്ടി പാടുക. അവിടെ ആസ്വാദനം ആരംഭിക്കുന്നു. ഹരിദാസ് തന്‍റെ സംഗീതം മാത്രമല്ല, അരങ്ങത്തെ എല്ലാം നന്നായി ആസ്വദിച്ചിരുന്നു. ആ ആസ്വാദനം കുഞ്ചുനായരാശാന്‍ പഠിപ്പിച്ച, ആശാന്‍റെ വേഷങ്ങള്‍ കണ്ട് മനസ്സിലുറച്ച പാത്രബോധത്തിന്റെയും ഔചിത്യ ബോധത്തിന്റെയും നിലപാടുതറയില്‍ നിന്നായിരുന്നു. ആശാന്റെ അരങ്ങത്തെ ഓരോ മുദ്രയും ഓരോ ഭാവവും എന്തുകൊണ്ട് അങ്ങനെ ആവുന്നു എന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആശാന്‍, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ആയത് ഹരിദാസിന്റെ വാക്കുകളിലൂടെയാണ്. ഓരോ വാക്കിന്റെയും രംഗവ്യാഖ്യാനത്തിനു കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചുനായരാശാനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹരിദാസിന് ആയിരം നാവായിരുന്നു. ആ പാത പിന്‍തുടര്‍ന്ന കോട്ടക്കല്‍ ശിവരാമനും വാസു പിഷാരോടിക്കുമെല്ലാം വേണ്ടി പാടാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ആ അരങ്ങുകള്‍ക്ക് വേറിട്ട ആസ്വാദനം ആവശ്യമായിരുന്നു . മറ്റുപലരും പാടുന്നതില്‍ നിന്ന് വ്യത്യസ്തമായി അനുഗുണമായ ഭാവത്തിന്റെ ഒരു നിറം തന്‍റെ സംഗീതത്തിന് നല്‍കാനുള്ള ജീവജലം കിട്ടിയത് കുഞ്ചുനായര്‍ കളരിയില്‍ നിന്നായിരുന്നു എന്നാണു എന്റെ വിശ്വാസം.
രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - ആറാം കാലം
- Details
- Category: Festival
- Published on Sunday, 12 January 2014 06:42
- Hits: 8416
വൃശ്ചികോത്സവത്തിലെ ഉച്ചയുറക്കം
ശ്രീവൽസൻ തീയ്യാടി
പതിനഞ്ചു മസ്തകങ്ങൾ. അവയ്ക്ക് നടുവിൽ എഴുന്നുനില്ക്കുന്നു ശാന്തഗംഭീരമായ കോലം. എല്ലാറ്റിനും മുന്നിൽ പഞ്ചാരിമേളം. പട്ടാപകലൊരു പൂരാന്തരീക്ഷം. പറയുമ്പോൾ ശരിയാണ്: വൃശ്ചികം മഞ്ഞുമാസമാണ്. പക്ഷെ വെയിലിനാണ് വിശേഷകാന്തിയെന്ന് അടുത്തിടെയായി പ്രത്യേകിച്ചും തോന്നിപ്പോവാറുണ്ട്. ആനപ്പുറത്തെ ഒരുനിര തഴകൾക്ക് അഭിമുഖമായി പലവിധം ശീലക്കുടകൾ പിടിച്ചുനിൽക്കുന്ന ജനം. അങ്ങനെയിരിക്കെ ഇടക്കലാശങ്ങൾ. അപ്പോൾ ആലവട്ടവും വെണ്‍ചാമരവും കുടഞ്ഞെഴുന്നേറ്റ് വെറുതെ മത്സരിക്കും. ഇടയിൽ പ്രത്യക്ഷമാവും കോടങ്കി.
പ്രദക്ഷിണം പാതിയാവുന്നതോടെ അഞ്ചാം കാലം സമാപ്തം. പൂർണത്രയീശ ക്ഷേത്രത്തിൽ അങ്ങനെയാണ് ഉത്സവച്ചിട്ട. അതോടെ നെറ്റിപ്പട്ടങ്ങളുടെ എണ്ണം കുറയും. കരിവീരന്മാരിൽ ആറെണ്ണം വലിഞ്ഞ് ആകെ ഒൻപതു മാത്രമാവും. കാരണം മതിൽക്കകത്ത് അതിനുള്ള സ്ഥലമേയുള്ളൂ. അടന്ത വക കൊട്ടി മേളമായി, അതവസാനിച്ച് നടപ്പുരയിലെത്തുമ്പോൾ താളം ചെമ്പട.