ഗുരുത്വമേറിയ ഗമകങ്ങൾ
- Details
- Category: Kathakali
- Published on Saturday, 26 June 2021 09:15
- Hits: 3255
ഗുരുത്വമേറിയ ഗമകങ്ങൾ
വി. കലാധരൻ
വീണ്ടുമിതാ കലാമണ്ഡലം ഗംഗാധരൻ ജന്മവാർഷികം. അപരിചിതരാഗമേതും കഥകളിയിൽ പരീക്ഷിച്ച് അരങ്ങിൻറെ ലാവണ്യഘടനയിലേക്ക് സംസ്കരിച്ചെടുക്കാൻ മറ്റൊരു ഭാഗവതർക്കും അതേമികവിൽ കഴിഞ്ഞിട്ടില്ല.
വ്യത്യസ്തഗുണവിശേഷങ്ങളുടെ സംഗമദീപ്തിയാൽ കഥകളിയിലെ മാതൃകാഗായകനായിരുന്നു കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ. നമ്പീശൻ്റെ അംശാവതാരങ്ങളാണ് കാലങ്ങളോളം കളിപ്രേമികൾ കൊണ്ടാടിയ അദ്ദേഹത്തിൻ്റെ ശിഷ്യപ്രമുഖർ. ഗുരുനാഥൻ്റെ പാട്ടിലെ ഭാവോന്മുഖതയാണ് അവരിൽ ചിലർ സ്വപ്രതിഭയാൽ, നിത്യസാധനയാൽ, വികസിപ്പിച്ചെടുത്തത്. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ ഇങ്ങനെയൊരു വികാസത്തിൻ്റെ പതാകവാഹകനായത് കലാമണ്ഡലം ഗംഗാധരൻ (1936-2015).
അദ്ദേഹം സമുദ്ഘാടനം ചെയ്ത കഥകളിസംഗീതഭാവുകത്വത്തിൽ നിന്ന് വിട്ടുനിന്നത് നാലുപേർ മാത്രം: ഉണ്ണിക്കൃഷ്ണക്കുറുപ്പ്, രാമൻകുട്ടി വാര്യർ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, ഹൈദരലി. അതിനുള്ള കാരണങ്ങൾ ഇവിടെ വിസ്തരിക്കുന്നില്ല.
അറുപതുകളുടെ അറുതിയിൽ ഗംഗാധരനെ തിരുവിതാംകൂറിലെ കളിയരങ്ങുകളിൽ ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ ആ സ്വരഗാംഭീര്യമൊഴികെ മറ്റൊന്നും എനിക്കോർമ്മയില്ല. എൺപതുകൾക്ക് ശേഷം മാത്രമാണ് അദ്ദേഹത്തിൻ്റെ സംഗീതം ഞാൻ അറിഞ്ഞുകേട്ടത്. ഗമകങ്ങളുടെ തടുക്കാനാവാത്ത പ്രവാഹമായിരുന്നല്ലോ ആ ആലാപനത്തിലുടനീളം. കർണാടകസംഗീതപാഠങ്ങൾ ബാല്യത്തിൽ ഹൃദിസ്ഥമാക്കിയിരുന്നതിനാൽ രാഗങ്ങളുടെ സ്വരസ്ഥാനങ്ങൾ ഗംഗാധരനിൽ അചഞ്ചലമായി നില കൊണ്ടു. സംഗീതമേറിയാൽ സാഹിത്യത്തിൻ്റെ സ്പഷ്ടതയ്ക്ക് ഭംഗം വരും. പാട്ടുകാരനിൽ നിന്ന് സാഹിത്യം മനസ്സിലാക്കി അർത്ഥമറിഞ്ഞ് കഥകളിയെ നേരിട്ടുകളയാം എന്ന് കരുതിയവരെ ഗംഗാധരൻ്റെ അരങ്ങ് നിരാശരാക്കി.
ആട്ടക്കഥാസാഹിത്യപരിചയം മുൻപേ ഉള്ളവർക്കാണ് അദ്ദേഹത്തിൻ്റെ സംഗീതം നന്നെ ബോധിച്ചത്.
കർക്കശമായ അതിരുകൾക്കുള്ളിൽ വർത്തിയ്ക്കുന്ന കോട്ടയം കഥകളും അതിരുകളിൽ അത്രതന്നെ വിശ്വാസമില്ലാത്ത ഉണ്ണായിവാര്യർ - ഇരയിമ്മൻതമ്പി അടക്കമുള്ളവരുടെ കഥകളും ഗംഗാധരൻ തുല്യതീക്ഷ്ണതയിൽ പാടി ഭാവനിമഗ്നമാക്കി. കാഴ്ചയ്ക്കുള്ള ഇന്ധനം എന്ന നിലവിട്ടും "ബാലേ കേൾ നീ" യ്ക്കും "സലജ്ജോഹ" ത്തിനും "പാഞ്ചാലരാജതനയേ" യ്ക്കും കേൾവിസുഖമുണ്ടെന്ന് അദ്ദേഹം പാടിത്തെളിയിച്ചു. പതിഞ്ഞ പദങ്ങളിൽ ഗംഗാധരൻ്റെ കണ്ഠം ഘനരാഗഭാവങ്ങളെ സൂക്ഷ്മതരമാക്കി.
മെലൊഡിയുടെ ആധിക്യം മേളത്തിന് വലിവുണ്ടാക്കുമെന്നും കഥകളിപ്രണയികൾ തിരിച്ചറിഞ്ഞു. "അ"കാരാലാപനത്തിന് സാധ്യതയുള്ള ഇടങ്ങളിലൊക്കെ അദ്ദേഹത്തിൻ്റെ ശാരീരം പീലിവിരിച്ചാടി. ചരണങ്ങളിലെ ആർദ്രതയുള്ള വാക്കുകളിൽ പ്രയുക്തരാഗത്തിൻ്റെ അതിമൃദുലരശ്മികൾ വിളക്കിച്ചേർത്ത ഗംഗാധരൻ സംഗീതത്തിൻ്റെ മാന്ത്രികത തൊട്ടറിഞ്ഞ ആസ്വാദകർക്ക് അലൗകികാനന്ദം പകർന്നു. കാംബോജി രാഗത്തിലുള്ള ഏത് പദമാണ് ഗംഗാധരനിലൂടെ വർണ്ണാഭമാവാതിരുന്നത്. "മധുരതരകോമളവദനേ" മാത്രമൊന്നു കേട്ടുനോക്കൂ.
എമ്പ്രാന്തിരിയെക്കാൾ, ഹൈദരാലിയെക്കാൾ, അധികം അപരിചിതരാഗങ്ങൾ കഥകളിയിൽ പരീക്ഷിച്ചത് ഗംഗാധരനാണെന്ന് അറിയുന്നവർ കുറയും. ഏതു 'പുതിയ' രാഗത്തെയും കഥകളിയുടെ ലാവണ്യഘടനയിലേയ്ക്ക് സംസ്കരിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. "സ്വൈരവചനം സ്വകൃതരചനം" എന്ന ബാഹുകപദം ആഹിർഭൈരവി രാഗത്തിൽ ഗംഗാധരൻ പാടുമ്പോൾ നിസ്സംഗതയുടെ തിരനോട്ടമുള്ള ശോകം നമുക്ക് അനുഭവൈകവേദ്യമായിത്തീരുന്നു. ബാലിവധത്തിലെ "നാഥാ നായകാ" എന്ന താരയുടെ പദം സാഹിത്യമെന്നനിലയിൽ എത്ര തുച്ഛം. സിംഹേന്ദ്രമാധ്യമം എന്ന രാഗം അതിന് നിശ്ചയിച്ച ഗംഗാധരൻ അതിൽ കിനിഞ്ഞുനിൽക്കുന്ന ശോകത്തിൻ്റെ വ്യാപ്തി പരമാവധിയാക്കി.
"പുഷ്കരവിലോചനാ" എന്ന കുചേലൻ്റെ കൃഷ്ണനോടുള്ള പദം "സുരുട്ടി" യിൽ നിലനിർത്തിക്കൊണ്ടുതന്നെ അദ്ദേഹം അതിനെ എത്ര ഭാവോജ്ജ്വലമാക്കി. ബാഗേശ്രീയും വൃന്ദാവനസാരംഗവും കാനഡയും അടക്കമുള്ള രാഗങ്ങളെ പാത്ര-സന്ദർഭാനുരൂപമാക്കി ഗംഗാധരൻ പാടിഫലിപ്പിച്ചതിൻ്റെ മുഹൂർത്തങ്ങൾ കൂടിയാണ് ഇരുപതാംനൂറ്റാണ്ടിലെ കഥകളിസംഗീതചരിത്രം. "പൊന്നാനി" ക്കാരനായിമാത്രമല്ല "ശങ്കിടി" ക്കാരനായും ഗംഗാധരൻ രംഗവിസ്മയം. ഉണ്ണിക്കൃഷ്ണക്കുറുപ്പിനൊപ്പമുള്ള അരങ്ങുകൾ അനവധി ഓർമ്മ വരുന്നു. അവർ തമ്മിൽ ചേർന്നപ്പോഴൊക്കെ പാട്ട് അരങ്ങിനെ കൊഴുപ്പിച്ചു.
എഴുപതുകളുടെ പുലരിയിൽ താരമായി മാറിയ ശങ്കരൻ എമ്പ്രാന്തിരിയുടെ സംഗീതത്തിൻ്റെ സൂക്ഷ്മസ്രോതസ്സ് ഗംഗാധരൻ തന്നെ. നമ്പീശനിൽ നിന്ന് ധാടി മാത്രമെ എമ്പ്രാന്തിരി സ്വീകരിച്ചിരുന്നുള്ളു. ഗംഗാധരൻ്റെ ഗുരുത്വമേറിയ ഗമകങ്ങളെ എമ്പ്രാന്തിരി തൻ്റെ സ്വരകാന്തിയാൽ മൃദുലവും വിലോഭനീയവുമാക്കി മാറ്റി. തലമുറമാറ്റത്തിലൂടെ കടന്നുപോയ കഥകളിയുടെ ആസ്വാദനലോകത്തിൽ എമ്പ്രാന്തിരി പുതിയ ബിംബമായി. വിചാരത്തേക്കാൾ വികാരത്തിന് മുൻതൂക്കം കൊടുത്തവർ കാണികളിൽ കൂടുതലായി. അരങ്ങുകൾ കുറഞ്ഞിട്ടും ഗംഗാധരൻ തൻ്റെ ഉത്തരവാദിത്വങ്ങളിൽ അലംഭാവം കാട്ടിയില്ല.
അരങ്ങിലെത്തും മുൻപ് അദ്ദേഹം കഠിനമായി ഹോംവർക്ക് ചെയ്തു. തൻ്റെ വരുതിയിൽ നിൽക്കാൻ പലപ്പോഴും വിസമ്മതിച്ച ശാരീരവുമായി അദ്ദേഹം നിരന്തരം പൊരുതി. പാട്ടിൻ്റെ സമയദൈർഘ്യം കൂടിയപ്പോഴൊക്കെ ഗംഗാധരൻ്റെ സ്വരം തെളിഞ്ഞു. "സംഗതികൾ" പൂത്തുലഞ്ഞു. അദ്ദേഹത്തിൻ്റെ ഭക്തർ മത്തരായി. മധ്യവയസ്സിനുശേഷം ഓരോ അരങ്ങും ഓരോ പരീക്ഷണമായിരുന്നു ഗംഗാധരന്. ശാരീരത്തെച്ചൊല്ലി മറ്റാരുമായും പങ്കുവെയ്ക്കാനാവാത്ത സംഘർഷമാണ് അദ്ദേഹം അവസാനം വരെ അനുഭവിച്ചത്.
ജനിച്ചതും വളർന്നതും കൊട്ടാരക്കരയിലെങ്കിലും ഗംഗാധരൻ്റെ കയ്യിലിരിപ്പ് പലതും കല്ലുവഴിച്ചിട്ടക്കാരുടേതായിരുന്നു. തൻ്റെ ഗുരുനാഥന്മാരിൽ ജനം പാടെ മറന്നുപോയ ശിവരാമൻ നായരെ അദ്ദേഹം പലകുറി ഓർത്തിരുന്നു. ആർത്തി, അസൂയ, കുനിഷ്ട് തുടങ്ങി കലാകാരന്മാർക്ക് പറഞ്ഞുവെച്ചിട്ടുള്ള ഗുണഗണങ്ങളൊന്നും ഗംഗാധരനെ സ്പർശിച്ചിരുന്നില്ല. ഉണ്ണിക്കൃഷ്ണക്കുറുപ്പ് കലാമണ്ഡലത്തിൽ വിസിറ്റിംഗ് പ്രൊഫസറായി വന്നപ്പോഴും കലാമണ്ഡലം ഗോപി പ്രിൻസിപ്പൽ സ്ഥാനത്ത് വന്നപ്പോഴും ഗംഗാധരനെ ഇളക്കിവിടാൻ സ്ഥാപനത്തിലെ തല്പരകക്ഷികൾ കിണഞ്ഞു. അദ്ദേഹം, പക്ഷെ, അവരൊരുക്കിയ കെണിയിലൊന്നും വീണില്ല. ഉള്ളിൽ ആരോടും പക സൂക്ഷിക്കാതിരുന്നതിനാൽ മനഃസുഖം ഗംഗാധരന് വേണ്ടുവോളമുണ്ടായി.
കഥകളിസംഗീതത്തിനുള്ള സംസ്ഥാനപുരസ്കാരം വാങ്ങാൻ തിരുവനന്തപുരത്ത് വന്നപ്പോഴാണ് ഞങ്ങൾ അവസാനം കണ്ടത്. അക്കുറി പുരസ്ക്കാരം രണ്ടുപേർക്കായി വീതിയ്ക്കുകയായിരുന്നു. "ഇതിലും എനിയ്ക്ക് ഭാഗ്യമില്ലാതായല്ലോ" എന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പരിഭവം പറഞ്ഞു. ക്ഷീണിതനായിരുന്നു ഗംഗാധരൻ. കഥകളിസംഗീതചരിത്രത്തിൽ പഥപ്രദർശകൻ എന്നവകാശപ്പെടാൻ കഴിഞ്ഞ അപൂർവം ആചാര്യന്മാരിലൊരാൾ.
(കലാനിരൂപകനാണ് ലേഖകൻ. കലാമണ്ഡലത്തിലെ പബ്ലിസിറ്റി വിഭാഗത്തിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തിച്ച് ഡെപ്യൂട്ടി രജിസ്ട്രാർ ആയി വിരമിച്ചു. ഫേസ്‌ബുക്ക് പോസ്റ്റ്ആ ണ് ലേഖനത്തിന് ആധാരം.)