ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
- Details
- Category: Kathakali
- Published on Monday, 20 January 2014 02:41
- Hits: 5477
ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
രാമദാസ് എൻ
മുന്‍പ് പറഞ്ഞതരത്തില്‍ അനവധി അനുകൂലസാഹചര്യങ്ങളിലൂടെ, പൂര്‍വ്വസൂരികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു അരങ്ങത്തു പാടിയ വെണ്മണി ഹരിദാസിന്‍റെ സംഗീതത്തിലെ പ്രത്യേകതകള്‍ എന്തായിരുന്നു? ഇങ്ങനെ ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സിലെലേക്ക് വരുന്നത്, ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി പറഞ്ഞ ഒരുകാര്യമാണ്. സംഗീതോപകരണങ്ങളില്‍ ഏറ്റവും മനോഹരമായ നാദം പുല്ലാങ്കുഴലിന്‍റെതാണ്. പുല്ലാങ്കുഴലില്‍ നിന്ന് വരുന്ന നാദം ഏറ്റവും ആദ്യം എത്തുക അത് വായിക്കുന്ന ആളുടെ കാതുകളില്‍ ആണ്. അതായത് തന്‍റെ സംഗീതം നിരുപാധികം ആസ്വദിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആസ്വാദകമനസ്സില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. വേഷക്കാര്‍ക്കോ ആസ്വാദകര്‍ക്കോ വേണ്ടിയല്ലാതെ തനിക്കുവേണ്ടി പാടുക. അവിടെ ആസ്വാദനം ആരംഭിക്കുന്നു. ഹരിദാസ് തന്‍റെ സംഗീതം മാത്രമല്ല, അരങ്ങത്തെ എല്ലാം നന്നായി ആസ്വദിച്ചിരുന്നു. ആ ആസ്വാദനം കുഞ്ചുനായരാശാന്‍ പഠിപ്പിച്ച, ആശാന്‍റെ വേഷങ്ങള്‍ കണ്ട് മനസ്സിലുറച്ച പാത്രബോധത്തിന്റെയും ഔചിത്യ ബോധത്തിന്റെയും നിലപാടുതറയില്‍ നിന്നായിരുന്നു. ആശാന്റെ അരങ്ങത്തെ ഓരോ മുദ്രയും ഓരോ ഭാവവും എന്തുകൊണ്ട് അങ്ങനെ ആവുന്നു എന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആശാന്‍, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ആയത് ഹരിദാസിന്റെ വാക്കുകളിലൂടെയാണ്. ഓരോ വാക്കിന്റെയും രംഗവ്യാഖ്യാനത്തിനു കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചുനായരാശാനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹരിദാസിന് ആയിരം നാവായിരുന്നു. ആ പാത പിന്‍തുടര്‍ന്ന കോട്ടക്കല്‍ ശിവരാമനും വാസു പിഷാരോടിക്കുമെല്ലാം വേണ്ടി പാടാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ആ അരങ്ങുകള്‍ക്ക് വേറിട്ട ആസ്വാദനം ആവശ്യമായിരുന്നു . മറ്റുപലരും പാടുന്നതില്‍ നിന്ന് വ്യത്യസ്തമായി അനുഗുണമായ ഭാവത്തിന്റെ ഒരു നിറം തന്‍റെ സംഗീതത്തിന് നല്‍കാനുള്ള ജീവജലം കിട്ടിയത് കുഞ്ചുനായര്‍ കളരിയില്‍ നിന്നായിരുന്നു എന്നാണു എന്റെ വിശ്വാസം.
ഏറെ കാലം ശങ്കിടിപ്പാട്ടുകാരന്‍ മാത്രമായി അറിയപ്പെട്ടിരുന്ന ഹരിദാസ് ഒരിക്കലും ഇടിച്ചുകയറി തന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം നടത്തിയിട്ടേയില്ല. ശങ്കിടിപ്പാട്ടുകാരന്‍റെ ശബ്ദം പുറത്തുകേള്‍പ്പിക്കാത്ത ഒരു ഗായകന്റെ ഒപ്പം മടികൂടാതെ തന്നെ അദ്ദേഹം ദീര്‍ഘകാലം അരങ്ങത്ത് പ്രവര്‍ത്തിച്ചു. ഇടയ്ക്കു തനിക്കു കിട്ടുന്ന അവസരങ്ങള്‍ തന്റെതായ വഴിയില്‍ മനോഹരമാക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത്. തന്‍റെ ചിന്തകള്‍ ഒരിക്കലും എഴുതുകയോ വേദികളില്‍ പറയുകയോ ചെയ്യാത്ത അദ്ദേഹത്തിന്‍റെ നയം പലപ്പോഴും സൌഹൃദ സംഭാഷണങ്ങളിലൂടെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഒരു വരി ആദ്യമായി പാടുമ്പോള്‍ വളരെ ലളിതമായിരിക്കണം. ആ കഥാപാത്രത്തിന്റെ സംഭാഷണം കാണുന്ന/ കേള്‍ക്കുന്നവര്‍ക്ക് വ്യക്തമായി മനസ്സിലായിരിക്കണം. ആവര്‍ത്തിച്ചു പാടുമ്പോള്‍ ഉചിതമായ തരത്തില്‍ വ്യത്യസ്തമായ സംഗതികള്‍ ചേര്‍ക്കാം. പക്ഷെ ഒരിക്കലും ആദ്യതവണ സംഗതികള്‍ നിറക്കാന്‍ പാടില്ല. ഇന്നത്തെ പല പാട്ടുകളും കേള്‍ക്കുമ്പോള്‍ ഈ നയത്തിന്റെ ഔചിത്യം മനസ്സിലാകും. നല്ല ആട്ടത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നത് “വൃത്തിയുള്ള കൈപ്പടയില്‍ ആഴമുള്ള കാര്യങ്ങള്‍ എഴുതുക” എന്നായിരുന്നു. ചിലര്‍ എഴുതിവച്ചിരിക്കുന്നതു കണ്ടാല്‍ വളരെ നയനമനോഹരമായിരിക്കും. പക്ഷെ വായിച്ചുകഴിയുമ്പോള്‍ അതില്‍ ഒന്നുമില്ല എന്ന് മനസ്സിലാകും. മറ്റു ചിലരാകട്ടെ വളരെ ആഴമുള്ള കാര്യങ്ങാളാവും എഴുതിയിട്ടുണ്ടാവുക. എന്നാല്‍ അത് വായിച്ചുമനസ്സിലാക്കുവാന്‍ ഞെരുക്കമാവും. അദ്ദേഹം തന്‍റെ സംഗീതത്തിന് ഭാവം നല്‍കിയിരുന്നത് ഈ തത്വത്തില്‍ ഊന്നിയായിരുന്നു. ഒരു ശില്‍പി ഒരു കല്ല് കാണുമ്പോള്‍ തന്നെ അതില്‍ ഒളിഞ്ഞിരിക്കുന്ന ശില്‍പത്തെ മാത്രം കാണുന്നതുപോലെ പാടുന്ന രാഗത്തിന്റെ വിശദാംശങ്ങളില്‍ നിന്ന് സന്ദര്‍ഭത്തിനു യോജിക്കുന്ന അംശങ്ങള്‍ അല്ലാത്തതെല്ലാം, ആ സന്ദര്‍ഭത്തില്‍ അരങ്ങത്തെ കഥാപാത്രത്തിന്‍റെ മനസ്സ് പുറത്തേക്ക് കൊണ്ടുവരാന്‍ ഉതകാത്തവയെല്ലാം, ചെത്തിക്കളഞ്ഞുപാടുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അദ്ദേഹം പാടിയിരുന്നത് വിശദമായ, ഭദ്രമായ തോടി ആയിരുന്നില്ല, മറിച്ച്, ദമയന്തിയെ ലഭിച്ച നളന്‍റെ അനുരാഗം വഴിയുന്ന ‘കുവലയവിലോചനേ’യും, നളനെ തിരിച്ചുകിട്ടിയ ദമയന്തിയുടെ സാഫല്യം ദ്യോതിപ്പിക്കുന്ന “എങ്ങാനുമുണ്ടോ കണ്ടു’വും, ഹംസമല്ലാതെ വേറെ ഗതിയില്ല എന്ന് തിരിച്ചറിഞ്ഞ നളന്‍റെ നിസ്സഹായത നിഴലിക്കുന്ന “പ്രിയമാനസാ"യും താന്‍ ഉപേക്ഷിച്ചുപോന്ന പ്രിയതമയുടെ അവസ്ഥ ആലോചിക്കുന്ന ശോകം നിറയുന്ന “വിജനേ ബത"യും എല്ലാമായിരുന്നു. ഓരോന്നും അടിസ്ഥാനമായ തോടി സുഭദ്രമായി നില്‍ക്കെ തന്നെ മനസ്സില്‍ വ്യത്യസ്ത ചലനങ്ങള്‍ ഉണ്ടാക്കാന്‍ പോന്നവയായിരുന്നു. ചില പുതിയ ഗായകര്‍ പാടി ക്കേള്‍ക്കുമ്പോള്‍ ഇവയെല്ലാം വിശദമായ സുന്ദരമായ തോടി മാത്രമായി തീരുന്നു.
{ കുവലയ വിലോചനേ : ശിങ്കിടി - കലാ: സുകുമാരൻ (കോട്ടക്കൽ ഉത്സവം 1994 ) }
{ വിജനേ ബത മഹതി : ശിങ്കിടി - കോട്ടക്കൽ മധു }
പുറപ്പാടില്‍ “രാമ പാലയ” എന്ന് പാടുമ്പോള്‍ “രാമാ എന്നെ രക്ഷിക്കണേ" എന്ന തോന്നല്‍ ഉണ്ടാക്കുന്നതു മുതല്‍ ധനാശി പാടുന്നതുവരെ, പാടുന്നത് അല്ലെങ്കില്‍ കഥാപാത്രം പറയുന്നത് എന്താണ് എന്ന കൃത്യമായ നിരീക്ഷണത്തില്‍ നിന്നുണ്ടാകുന്ന ഭാവം – അത് അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. സാന്ദര്‍ഭികമായി പറയട്ടെ, ധനാശി ശ്ലോകം തെരഞ്ഞെടുക്കന്നതിലെ ഔചിത്യം വേറെ ആരിലും ഇതുപോലെ കണ്ടിട്ടില്ല. ശ്രീ രാമന്‍റെ കഥ ആണെങ്കില്‍ “ആപദാമപഹര്‍ത്താരം”, നളചരിതം ആണെങ്കില്‍ മിക്കവാറും “ശിവം ശിവകരം ശാന്തം” അങ്ങനെ. ഒരിക്കല്‍ നളചരിതം നാലാം ദിവസം കഴിഞ്ഞു ശിവ ഭക്തനായ നളനും പാര്‍വ്വതീഭക്തയായ ദമയന്തിയും വീണ്ടും മംഗളമായി ഒന്നിച്ചുകഴിഞ്ഞു കഥ അവസാനിക്കുമ്പോള്‍ പാടിയ “സര്‍വ്വമംഗളമംഗല്യേ ശിവേ” എന്ന ധനാശിശ്ലോകം ഓര്‍ക്കുമ്പോള്‍ ഇന്നും രോമാഞ്ചമുണ്ടാകുന്നു. മറ്റൊരു സന്ദര്‍ഭത്തില്‍ കിര്‍മ്മീരവധം കഥയില്‍ പാടിക്കേട്ട മോഹനരാഗത്തിലെ ഒരു ശ്ലോകത്തിന്‍റെ മൂന്നാമത്തെ വരി ഇന്നും ഓര്‍മ്മയില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. പാടുന്ന പലരും ശ്ലോകങ്ങളുടെ അര്‍ത്ഥത്തില്‍ ശ്രദ്ധിക്കാറില്ല. പാണ്ഡവരുടെ വനവാസകാലത്ത് ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് മഹര്‍ഷിയും ശിഷ്യരും വരുന്നു. യുധിഷ്ടിരന്‍ അവരെ സ്നാനത്തിനായി പറഞ്ഞുവിടുന്നു. തിരികെ വരുമ്പോള്‍ അവര്‍ക്കെല്ലാം ഭക്ഷണം കൊടുക്കണം. പാഞ്ചാലിയുടെ ഭക്ഷണം കഴിഞ്ഞ സാഹചര്യത്തില്‍, അക്ഷയപാത്രത്തില്‍ ഇനി ഒന്നും ഉണ്ടാവുകയില്ല. അത്യന്തം സങ്കീര്‍ണ്ണമായ പാഞ്ചാലിയുടെ മനസ്സ് ശാന്തമാകണമെങ്കില്‍ ശ്രീകൃഷ്ണന്‍റെ സഹായം കിട്ടുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. അപ്പോഴാണ് “ചലിക്കുന്ന കണ്ണുകളാകുന്ന ചുണ്ടുകളുള്ള പാഞ്ചാലി എന്ന ചകോരികക്ക് മുന്നില്‍ ഇരുളകറ്റുന്ന പുഞ്ചിരിപ്പൂനിലാവ് പൊഴിക്കുന്ന കൃഷ്ണന്‍ എന്ന ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നത്” ആ ശ്ലോകത്തിന്‍റെ മൂന്നാമത്തെ വരി “സ്മിതചന്ദ്രികയാ പ്രഹര്‍ഷയന്‍” ഇന്നും മനസ്സില്‍ നിന്ന് മായുന്നില്ല, ഓരോ സംഭാഷണവും “ആരു, ഏതു മാനസികാവസ്ഥയില്‍ ആരോട് എന്തുകൊണ്ട് പറയുന്നു?” എന്ന് വ്യക്തമായി ചിന്തിച്ചു പാടുമ്പോള്‍ പരമ്പരാഗതമായി പാടിപ്പോരുന്ന രാഗങ്ങളായാലും, പുതിയ രാഗങ്ങളായാലും ആ രാഗത്തിന്‍റെ പ്രത്യേകതകള്‍ക്കപ്പുറം ഭാവത്തിന്‍റെ ഒരു വര്‍ണ്ണവും കൂടി ചേര്‍ക്കുന്നതുകൊണ്ട് കൂടുതല്‍ മധുരമായിത്തീരുന്നു. ജന്മം കൊണ്ട് സിദ്ധിച്ച സാഹിത്യബോധവും, ഗംഗാധരന്‍ ആശാനില്‍ നിന്ന് പകര്‍ന്നുകിട്ടിയ സംഗീതവും,കുഞ്ചുനായരാശാനില്‍ നിന്ന് പഠിച്ച ഔചിത്യബോധവും സമഞ്ജസമായി സമ്മേളിക്കുമ്പോള്‍ ആ പാട്ട് ആപാതമധുരമായ ആലോചനാമൃതമായി മനസ്സുകളെ കീഴടക്കുന്നു.
ഒരിക്കലും ഇടിച്ചുകയറി ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആവണം ഇടിച്ചുകയറിയ പലരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അപ്രസക്തരായപ്പോഴും നമ്മെ വിട്ടുപോയി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വെണ്മണി ഹരിദാസിന്‍റെ സ്മരണ ഇത്രയും ദീപ്തമായി നിലനില്‍ക്കുന്നത്. അരങ്ങുകള്‍ കിട്ടാത്തതിലോ, പ്രതിഫലം കുറഞ്ഞുപോയതിലോ ഒന്നും യാതൊരു പരാതിയും പരിഭവവുമില്ലാതെ അദ്ദേഹം പാടിക്കൊണ്ടിരുന്നു.
മറ്റൊന്ന് അരങ്ങുപാട്ടും, കച്ചേരികളും തമ്മിലുള്ള വ്യത്യാസമാണ്. അരങ്ങുപാട്ടില്‍ കഥാപാത്രം പ്രധാനമാകുമ്പോള്‍ കച്ചേരികളില്‍ സംഗീതം നിറഞ്ഞുനില്‍ക്കുന്ന രീതിയില്‍ വ്യത്യസ്തമായി ഇവ രണ്ടും അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
{ ശ്രീ താവും : ലേഖകന്റെ അച്ഛന്‍ കുടുംബ പരദേവതയെ കുറിച്ചെഴുതിയ ശ്ലോകം. }
{ കച്ചേരി :-പ്രീതി പൂണ്ടരുളുകയേ - ശങ്കരാഭരണം : ശിങ്കിടി - കലാ: ബാബു നമ്പൂതിരി }
സ്റ്റുഡിയോകളിലോ ആകാശവാണിയിലോ എല്ലാം പാടുമ്പോള്‍ ഒരിക്കലും ഹരിദാസിന്‍റെ സംഗീതം ഒരിക്കലും അതിന്‍റെ ഭാവപരമായ പാരമ്യത്തില്‍ എത്തിയിരുന്നില്ല. അരങ്ങത്ത്, ഒരു കഥാപാത്രം ഉള്ളപ്പോള്‍ മാത്രമേ ആ സംഗീതം പീലിവിടര്‍ത്തി ആടിയിരുന്നുള്ളൂ. അരങ്ങത്തുള്ള കഥാപാത്രം തന്‍റെ ചിന്താധാരകളുമായി ചേര്‍ന്നുപോകുന്ന, മനസ്സിനിണങ്ങുന്ന നടന്‍ ആണെങ്കില്‍ ആ സംഗീതം കൂടുതല്‍ മനോരഞ്ജകമാകുന്നു. കൃഷ്ണന്‍ നായരാശാനും കോട്ടക്കല്‍ ശിവരാമനും സഹപാഠിയായ വാസു പിഷാരോടിയുമെല്ലാം വേഷമിടുന്ന അരങ്ങുകളില്‍ ആ സംഗീതം വളരെ ഉദാത്തമായ തലത്തിലേക്ക് ഉയര്‍ന്നിരുന്നു.
അനശ്വരനായ ആ ഭാവഗായകന് ശ്രദ്ധാഞ്ജലി
Click to download in MP3 format (3.64MB)
( കലാമണ്ഡലം വിനോദ് ശ്രീ വെണ്മണി ഹരിദാസിനെ അനുസ്മരിക്കുന്നു - ഒക്ടോബർ 6, 2013 : തൃപ്പുണിത്തുറയിൽ നടന്ന വെണ്മണി ഹരിദാസ് അനുസ്മരണത്തിൽ നിന്നും ) |