തൃപ്പേക്കുളം അച്യുത മാരാര്‍

തൃപ്പേക്കുളം അച്യുത മാരാര്‍

പ്രൊഫ. എം. മാധവന്‍കുട്ടി 



(അന്തരിച്ച മേളവാദ്യകുലപതി ശ്രീ തൃപ്പേക്കുളം അച്യുത മാരാരെ തിരുവമ്പാടി ദേവസ്വം പ്രസിഡണ്ടും തൃശ്ശൂറിന്റെ സാംസ്‌കാരിക മണ്ഡലത്തിലെത്തിലെ നിറവുറ്റ സാന്നിധ്യവുമായ പ്രൊഫ. എം. മാധവന്‍കുട്ടി അനുസ്മരിക്കുന്നു.)

 മനുഷ്യ മനസ്സിലുണരുന്ന സൗന്ദര്യബോധ തുടിപ്പുകളെ പ്രകൃതിയുടെ താളവുമായി സമരസപ്പെടുത്തിയാണ് കേരളത്തിന്റെ വാദ്യസംസ്കാരം ബീജാവാപം ചെയ്തും വളര്‍ന്നതും.

മികവുറ്റ ശിക്ഷണവും  നീണ്ട പരിശീലനവും ധാരാളമായിക്കിട്ടുന്ന പ്രകടനാവസരങ്ങളും സമ്പൂര്‍ണ്ണ സമര്‍പ്പണഭാവവും കൊണ്ട് ആസ്വാദകര്‍ക്കും സഹകലാകാരന്മാര്‍ക്കും പ്രിയങ്കരനായി ആചാര്യ പദവിയിലേക്കുയര്‍ന്ന കലാകാരന്മാരില്‍ പെടുന്നു ഈയടുത്ത് നമ്മെ വിട്ടുപിരിഞ്ഞ ശ്രീ തൃപ്പേക്കുളം അച്യുത മാരാര്‍.

പെരുവനം ഗ്രാമത്തിന്‍റെ പരദേവതയായ ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിലെ അടിയന്തിരക്കാരനായി കാരണവന്മാരെ പിന്തുടര്‍ന്ന് ചെറുപ്രായത്തിലെ ഇടയ്ക്കയും തിമിലയും ചെണ്ടയും സോപാനസംഗീതവും കൈകാര്യം ചെയ്യുവാന്‍ വേണ്ട പ്രാഥമികപാഠം ഉള്‍ക്കൊണ്ട അച്യുതമാരാര്‍ പൊതു വാദ്യരംഗത്ത് പ്രത്യക്ഷപ്പെടുന്നത് തവില്‍ വായനക്കാരനായിട്ടാണ്. ആദ്യകാലത്ത് ഭാരതനാട്യത്തിലെ തവില്‍ വായനക്കാരനായിരുന്നു. നെല്ലിക്കല്‍ നാരായണപ്പണിക്കര്‍ ആണ് തവിലില്‍ അദ്ദേഹത്തിന്‍റെ ഗുരു. പിന്നീട് ഇടയ്ക്കയില്‍ കൂടിയാട്ടത്തിലെ പശ്ചാത്തലവാദ്യമൊരുക്കി.

തൃശൂര്‍പൂരത്തില്‍ മഠത്തില്‍ വരവിന്‍റെ പഞ്ചവാദ്യത്തിനു അന്നമനട അച്യുത മാരാര്‍ക്കൊപ്പം തിമിലവാദകനായി. ഈ സമയങ്ങളില്‍ എല്ലാം പ്രധാന പാണ്ടി, പഞ്ചാരി മേളങ്ങളില്‍ എല്ലാം തൃപ്പേക്കുളത്തിന്‍റെ സാന്നിധ്യം ഉണ്ടായിരുന്നു.

തമിഴ്നാടിന്‍റെ തവിലും കേരളത്തിന്റെ ചര്‍മ്മവാദ്യങ്ങളും ഒരുപോലെ കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ ജീനിയസ്സ് ഒന്നിലും ഒന്നാമനാകാതെ പോകുമോ എന്ന് സഹൃദയാസ്വാദകര്‍ ഭയപ്പെട്ടു. അത്തരം ആശങ്കകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് ക്രമത്തില്‍ അദ്ദേഹം ചെണ്ടയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു അതോടെ ചെണ്ടയിലെ മഹാമേരുവായി അദ്ദേഹം വളര്‍ന്നു. കേരളത്തിലെ കേള്‍വിപെറ്റ മേളങ്ങളില്‍ എല്ലാം തൃപ്പേക്കുളം പ്രമാണക്കാരനായി.


ഊരകത്തമ്മ തിരുവടിയുടെ പ്രസിദ്ധമായ പെരുവനം പഞ്ചാരിയുടെ പ്രമാണം അദ്ദേഹത്തെ പഞ്ചാരിയില്‍ പ്രശസ്തനാക്കി. 1990ല്‍ തൃശ്ശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ മേള പ്രമാണം അദ്ദേഹത്തിന്‍റെ പാണ്ടിമേളവും പ്രശസ്തിയാര്‍ജ്ജിച്ചു —14 വര്‍ഷം തുടര്‍ച്ചയായി അദ്ദേഹം പൂരത്തിന്‍റെ മേളപ്രമാണം വഹിച്ചു.

അസുരവാദ്യ൦ എന്നറിയപ്പെടുന്ന ചെണ്ടയില്‍ തൃപ്പേക്കുളം സൃഷ്ടിച്ചത് സുരസംഗീതമെന്ന് സഹൃദയര്‍ തിരിച്ചറിഞ്ഞു. നൂറ്റമ്പതിലേറെ കലാകാരന്മാരെ ഏകോപിപ്പിച്ചു വേണം ഒരു മേളം ഭംഗിയാക്കാന്‍. കൂടെ നില്‍ക്കുന്നവര്‍ ആരായാലും തൃപ്പേക്കുളത്തിന്  പ്രശനമായിട്ടില്ല. കൃത്യമായി കാലം കയറാതെയും ഇറങ്ങാതെയും ചിട്ടയോപ്പിച്ചു മേളം കൊട്ടിക്കയറാനുള്ള അസാമാന്യമായ ഒരു നേതൃ പാടവം അദ്ദേഹത്തിന് ജന്മസിദ്ധമാണ്.

ശുദ്ധമായ, സംഗീതാത്മകമായ, അലൌകികാനുഭൂതികള്‍ അനുവാചകന് പകരുന്ന മേളം  അസുരവാദ്യത്തെ അഭിജാതമാക്കുന്ന ക്ലാസ്സിക്കല്‍ സ്പര്‍ശം. അസാധാരണ പ്രകടനകൌശലം, പാരമ്പര്യത്തിന്റെ ചിട്ടകളും ശിക്ഷണത്തിന്‍റെ ശാസ്ത്രീയതയ്കുമൊപ്പം പുതിയൊരു സൗന്ദര്യദര്‍ശനത്തിന്‍റെ മാധുര്യം കൂടി കലര്‍ന്ന ഒരു തൃമധുരം അതായിരുന്നു തൃപ്പേക്കുളത്തിന്റെ മേളം.

ആറു പതിറ്റാണ്ടോളം കേരളത്തിലെ ഉത്സവപ്പറമ്പുകളെ വിസ്മയിപ്പിച്ച ഈ വാദ്യതിലകം അദ്ദേഹത്തിന്‍റെ അവസാന കാലങ്ങളില്‍ ആരോഗ്യ പരമായ കാരണങ്ങളാല്‍ രംഗത്ത്‌ നിന്ന് ഒഴിഞ്ഞെങ്കിലും അപൂര്‍വ്വമായി മേളനിരയില്‍ വന്ന് നിന്നാല്‍ അജയ്യനായ ഒരതിമാനുഷനാണെന്ന് നമ്മള്‍ പറഞ്ഞുപോവുമായിരുന്നു



free joomla templatesjoomla templates
2025  ആസ്വാദനം    globbers joomla template