ചെങ്കൽച്ചുവരും ചെമ്പടവട്ടവും പിന്നെ ചെങ്ങഴീർപ്പൂവും

മദ്ധ്യകേരളത്തിലെ വള്ളുവനാട്ടിൽ ഭാരതപ്പുഴക്കത്തെ കവലയായ കൂടല്ലൂരിനടുത്തുള്ള കുന്നുകളൊന്നിൽ സ്ഥിതിചെയ്യുന്നു മലമക്കാവ് അയ്യപ്പക്ഷേത്രം. പ്രകൃതിഭംഗിയും പുരാവൃത്തങ്ങളും സംഗമിച്ച അമ്പലവും പരിസരവും പാരമ്പര്യകലകളുടെ വിളനിലമാണ്. മലനാടിൻറെ വാദ്യക്കച്ചേരിയായ തായമ്പകയുടെ ജന്മനാടും.

ശ്രീവൽസൻ തിയ്യാടി  

 

വയലേല കടന്നുവരുന്ന പകൽക്കാറ്റിനു ചെറിയ സീൽക്കാരമുണ്ട്. തായമ്പകക്കിടയിലെ ഇലത്താളത്തരി പോലത്തെ മൂളക്കനാദം. പൊതുവെ കയറ്റമാണെങ്കിലും ചിലപ്പോഴൊക്കെയുണ്ട് ഇരുവശത്തും പരപ്പൻ കൃഷിത്തട്ടുകൾ. ഇരികിടയിലേക്ക് കടന്നതിനുപിന്നാലെ കൊട്ടിന് ലേശനേരം ആക്കം കുറയുംപോലെ. മേലോട്ടുപ്രയാണത്തിനിടെ ചെറുങ്ങനെ ഒന്ന് വിശ്രമിക്കാം, വേലിയരികിലെ മരത്തണൽമനോരാജ്യത്തിനിടെ വെറുതെ കണക്കുകൂട്ടാംവരാനുള്ള കുന്നുകളെപ്പറ്റി. വീണ്ടും നടത്തം. ഇടക്കലാശങ്ങൾപോലെ തിരിവെടുക്കും വീതിയുള്ള വെട്ടുവഴികൾ. നിള കുറേക്കൂടി പിറകിലായെങ്കിൽ അതിനർത്ഥം അമ്പലം കുറേക്കൂടി അടുത്തായി എന്നാണ്. താഴെ തൃത്താലക്കവല ഇപ്പോൾ വിദൂരം.

താരതമ്യേന ആളൊഴിഞ്ഞപ്രദേശങ്ങളും പിന്നിട്ടിരിക്കുന്നു. മനുഷ്യവാസത്തിൻറെ ലക്ഷണങ്ങളുമിതാ ചുറ്റുപുറം.ചെറിയ അങ്ങാടിയും പിന്നെ ഒതുക്കിനുമീതെയുള്ള സ്‌കൂളും. പാത ഒന്നുകൂടിയുയരുന്നുണ്ട്. ഉവ്വ്, കീഴെ ഇടതുകാണുന്നത് കുളം. നേരെ, ആൽമരം മറഞ്ഞ് മലമക്കാവ് ക്ഷേത്രം. പിന്നിലായി ഇടതും വലതും വീടുകൾ. വഴി പിന്നെയും പടിഞ്ഞാട്ടുതന്നെ കയറുന്നുണ്ട് -- പറങ്കിമാവിൻതോട്ടങ്ങൾ കുറേ താണ്ടിയാൽ കുമരനെല്ലൂർ. പാലക്കാട്-മലപ്പുറം ജില്ലാതിർത്തി. അപ്പുറം വട്ടംകുളം, വേണമെങ്കിൽ എടപ്പാൾ. അതുമല്ലെങ്കിൽ കൂടല്ലൂർ, കുമ്പിടി.

You need to a flashplayer enabled browser to view this YouTube video

അങ്ങോട്ടൊന്നുമില്ലിപ്പോൾ. തൽക്കാലം തമ്പ് മലമക്കാവ്. അയ്യപ്പൻകാവും പരിസരവും.

വലിപ്പംകൊണ്ട് മഹാക്ഷേത്രം എന്ന് ഒട്ടുമേ വിളിക്കാനാവില്ല. മിക്കവാറും പകലന്തികളിൽ ജനത്തിരക്കേയുണ്ടാവില്ല ഈ സ്വകാര്യക്ഷേത്രത്തിൽ. വിശേഷദിവസം എന്നു പറയാനും അത്രയധികം ഒന്നുമില്ല. പ്രകൃതിരമണീയതക്കും മനോവിശ്രാന്തിക്കും അപ്പുറം, അപ്പോൾപ്പിന്നെ, എന്താണ് കണ്ടറിയാൻ, അനുഭവിക്കാൻ, ഇവിടെനിന്ന് തിരികെ കൊണ്ടുപോവാൻ, പങ്കുവെക്കാൻ? 

അടിസ്ഥാനവിവരം അന്വേഷിച്ചാൽ നവമാദ്ധ്യമങ്ങൾ ചിലതൊക്കെ പറഞ്ഞുതരും. ശരിയും തെറ്റും. ഊഹവും അല്പം ഭാവനകൂട്ടിയ മിഥ്യയും. ഇങ്ങനെപോവും ചില നുറുങ്ങുകൾ: പാലക്കാട് ജില്ലയിലെ പട്ടാമ്പിക്ക് അകലെയല്ലാതെ ആനക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ ക്ഷേത്രമാണ് മലമക്കാവ്. പേരിൽനിന്ന് ധരിക്കാവുന്നതുപോലെ ചെറിയ കുന്നിൻമുകളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിലെ 108 അയ്യപ്പൻകാവുകളിൽ ഒന്ന്. ഊരാണ്മ ഭരണക്കീഴിൽ നടന്നുപോരുന്നു. ക്ഷേത്രോത്സവങ്ങളിലെ പരമ്പരാഗത വാദ്യവൃന്ദമായ തായമ്പകക്ക് പ്രശസ്തമാണ് ഈ സ്ഥലം. പൗരാണികത കൃത്യമായി കണക്കാക്കാൻ അധികം ചരിത്രരേഖകളൊന്നുമില്ലെങ്കിലും 300 വർഷത്തിൽ കൂടുതൽ പഴക്കമുണ്ട് അമ്പലത്തിന്. ചെങ്ങഴിനീർപൂവ് എന്ന പ്രത്യേകപുഷ്പം ഇവിടത്തെ കുളത്തിൽമാത്രമാണ് കാണുക. "നീലത്താമര" എന്നുമുണ്ട് പേര്. സന്ധ്യകഴിഞ്ഞുള്ള തൃപ്പുക കഴിഞ്ഞനേരത്ത് ശ്രീകോവിലിൻപടിയിൽ നേർച്ചപ്പണംവച്ച് പൂർണഹൃദയത്തോടെ പ്രാർത്ഥിച്ചാൽ മതിലിനുപുറത്തെ ക്ഷേത്രകുളത്തിൽ ഈ ചെറിയ പൂവ് പിറ്റെന്നാൾ വെളുപ്പിന് മൊട്ടിട്ടിരിക്കും. ക്ഷേത്രാടിയന്തിരങ്ങളിൽ അയ്യപ്പൻതീയാട്ട് എന്ന കലാരൂപവും വിശേഷമാണ്.

ചില്ലറ പിഴവുകളും കവിത്വംകൂട്ടാനായുള്ള അത്യുക്തിയും ഒഴിച്ചാൽ അത്രയധികം അപാകങ്ങളില്ല മേലത്തെ വരികളിൽ. എല്ലാം വഴിയേ പരിശോധിക്കാം.

ആലിനു പുതുക്കിയമട്ടിൽ തറയുണ്ട്. ഇലകൾക്ക് വൃശ്ചികക്കാറ്റിൽ കലപിലയിളക്കവും. ചെങ്കൽമതിൽ. നീളൻകരിങ്കൽ പാകിയ പടിക്കെട്ടുണ്ട് ഗോപുരക്കീഴിൽ. അതുകൂടാതെ വശംചേർന്നുമുണ്ട് അമ്പലത്തിലേക്ക് ലോഹവാതിൽ. ഗോപുരത്തിനു പുറത്തെന്നപോലെ അകത്തുകടന്നാലുമുണ്ട് സാമാന്യം വീതിയുള്ള തിണ്ണ. വഴിപാടുകൾ എന്ന് പറയാൻ പുഷ്‌പാഞ്‌ജലി, ഇളനീരഭിഷേകം, ചുറ്റുവിളക്ക് ഇത്യാദികൾ കൂടാതെ മറ്റമ്പങ്ങളിൽനിന്ന് വ്യത്യസ്തമായി കാണുന്നവ ഇവിടെ ചുരുക്കമുണ്ട്. അവയിലേക്ക് വൈകാതെ വരാം.

ക്ഷേത്രത്തിനകം. നടപ്പുര എന്ന് പറയാൻമാത്രം വിസ്താരമില്ല. വിഗ്രഹം ലക്ഷ്യമാക്കി അകത്തേക്ക് കടന്നാൽ ഇരുപുറം രണ്ടടിയുയരത്തിൽ ഒതുങ്ങിയ വലിയമ്പലനിലം. ശ്രീകോവിൽത്തറക്ക് പ്രത്യേകിച്ചുയരമില്ല. അകത്തെയിരുട്ട് ഭേദിച്ച് തിരിനാളങ്ങളുടെ ഇളംപ്രഭയിൽ തിളക്കമുള്ള പ്രതിഷ്ഠ. ചതുശ്ശതം, കൂട്ടുപായസം എന്നിവ നേരാറുണ്ട്. പ്രദക്ഷിണം പാതിവഴി തിരിയുമുമ്പ് ഇടത് ഗണപതി. ഒറ്റയപ്പം വിശേഷം. ഇനി, പുറത്തുകടന്ന് വിളക്കുമാടങ്ങൾ നിരകൾചാർത്തിയ നാലമ്പലത്തിനു വലംവച്ചാൽ ഉപപ്രതിഷ്ഠ ആദ്യത്തേത് രുധിരമഹാകാളൻ. അതും കിഴക്കോട്ടഭിമുഖം. പിറകിലെ ഗോപുരം ചെറുതാണ്, ഒന്നുകൂടി കയറിയും. ചെങ്കൽചുവരുള്ള ഊട്ടുപുരയുടെ ഭാഗത്തെത്തി വൃത്തം മുഴുവാക്കിയാൽ ഭഗവതിദർശനവും ലഭിക്കും. മതിലിനു തെക്കുപടിഞ്ഞാറു ചേർന്നുള്ള ക്ഷേത്രംവക പുറത്തെ കൊച്ചുവളപ്പിൽ വേട്ടക്കൊരുമകൻ പ്രതിഷ്ഠ വേറെയുമുണ്ട്. അവിടെ പകലൊരു വെള്ളരിനിവേദ്യം.

 

ഐതീഹ്യവും വിശേഷങ്ങളും

ഏതു ക്ഷേത്രത്തിനും എന്നതുപോലെ മലമക്കാവിനുമുണ്ട് ഐതീഹ്യം. നൂറ്റാണ്ടുകൾക്കു മുമ്പ് കുന്നിൻപുറത്ത് പൈക്കളെ മേച്ചുനടന്ന ചെറുമസമുദായക്കാരായ ഭാര്യാഭർത്താക്കന്മാരിൽ ഒരാൾ പുല്ലരിയാനുള്ള അരിവാളിന് മൂർച്ചകൂട്ടാൻ രാകിയുരച്ച കല്ലിൽനിന്ന് പൊടുന്നനെ രക്തം പൊടിഞ്ഞുപോലും. ഭീതിപൂണ്ട അവരുടെ നിലവിളി കേട്ട നാട്ടുകാരത്രെ പിന്നീട് സഹകരിച്ച് അവിടം അമ്പലം പണിതത്. സ്വയംഭൂ എന്ന് വിളിക്കാം.

ഇന്നിപ്പോൾ പ്രദേശത്തെ ഒതളൂർ പടിഞ്ഞാറാപ്പാട്ടെ തറവാട്ടുകാരാണ് ക്ഷേത്രംനടത്തിപ്പ്. തലമുറകളായിത്തന്നെ. പഴയ കണക്കിൽ സ്ഥാനി ജന്മിമാർ. അമ്പലത്തിൽനിന്ന് പിന്നെയും കുന്നുകയറിയിറങ്ങി പടിഞ്ഞാറങ്ങാടി എന്ന ഇടത്താണ് ആ ഗൃഹം. മലമക്കാവിലെ തന്ത്രം ഏറനാട്ടിലെ മഞ്ചേരിക്കടുത്ത് വണ്ടൂരെ നെല്ലിയോട് ഇല്ലക്കാരാണ്. (ആ കുടുംബത്തിലെ കഥകളിവേഷക്കാരൻ വാസുദേവൻ നമ്പൂതിരിയുടെ മകൻ ഹരി ആണിപ്പോൾ ചുമതലക്കാരൻ.)

You need to a flashplayer enabled browser to view this YouTube video

ക്ഷേത്രത്തിലെ വിശേഷങ്ങളിൽ പ്രമുഖം താലപ്പൊലി. ധനുമാസത്തിലെ ഒടുവിലത്തെ ശനിയാഴ്ചയിൽ. എഴുന്നള്ളിപ്പായി വരവുപൂരങ്ങൾ മൂന്നാലെണ്ണം. അരിക്കാട്‌, മുക്കൂട്ട, സെൻറ്റർ... എവിടെനിന്നായാലും അമ്പലത്തിനടുത്ത പുകഴ്‌പെറ്റ താലപ്പൊലിപ്പാല വലംവച്ചേ നടയ്ക്കലെത്തൂ. ചെണ്ടമേളങ്ങളിൽ പാണ്ടിയും പഞ്ചാരിയും പിന്നെ പഞ്ചവാദ്യങ്ങളും കൊണ്ട് അന്നേനാൾ മുഖരിതമായിരിക്കും പരിസരം. നാടൻകലകൾ പലവിധം: പൂതനും തിറയും, മൂക്കാൻചാത്തൻ, നായാടി, പറയരുടെ കാളവേല.... സന്ധ്യക്ക് ദീപാരാധനക്ക് നടയടച്ചാൽ ഇടയ്ക്ക കൊട്ടിയുള്ള അഷ്ടപദി. കഴിഞ്ഞാൽ തായമ്പക. നാലമ്പലത്തിനകത്ത് പഞ്ചവർണപ്പൊടിയിൽ അയ്യപ്പൻറെ രൂപമെഴുതി തോറ്റംചൊല്ലി ജനനകഥയാടി വെളിച്ചപ്പെട്ടു കളംമായ്ച്ച് പൊടിപ്രസാദം കൊടുത്ത് തീയാട്ട്. നടയടച്ചാൽ അപൂർവം കഥകളി.

അയ്യപ്പൻവിളക്കും മണ്ണാന്മാർപാട്ടും വേദിയാകുന്ന വിശേഷാവസരങ്ങളും ഉണ്ട് മലമക്കാവിന്. സന്ധ്യക്ക് നാലുപുറം തിരികൊളുത്തിയുള്ള ചുറ്റുവിളക്ക് ഇടയ്ക്കിടെ പതിവുണ്ട്. തുലാമാസത്തിൽ ഭാഗവതസപ്താഹം വായനയും. ഇടയിൽ, അരനൂറ്റാണ്ടോളം മുമ്പ്, കുറച്ചുകൊല്ലം ഉത്സവം നടന്നുപോന്നിരുന്നു. ആറുദിവസത്തെ വിശേഷം പള്ളിവേട്ടശേഷം ആറാട്ടുകുളിക്കുക പുഴയോരത്തെ പട്ടിത്തറയിലാണ്. മലമക്കാവിലെ നടവരുമാനം കൂട്ടാൻകൂടി കണക്കിലാക്കി പുനരുദ്ധരിച്ച ആ ഉത്സവം നടത്തിയിരുന്നത് കാര്യസ്ഥൻ നമ്പിത്തോൾപ്പിൽ കുട്ടൻനായരാണ്. മദ്ധ്യ 1980കൾവരെ നീണ്ട ആ പ്രാമാണ്യം അദ്ദേഹത്തിൻറെ ദുരന്തമരണത്തോടെയായിരുന്നു. .

മണ്ഡലകാലം 41 ദിവസം ഏറിയും കുറഞ്ഞും തീയാട്ടുണ്ട്. കളമെഴുതിയതിന് "അണിഞ്ഞ" തീയാട്ട് എന്ന് പറയും. അതല്ലാതെ ഉപായത്തിലെങ്കിൽ പദ്മം ഇട്ടതും (വെളുത്തതും മഞ്ഞയുമായ പൊടികളിൽ). ഊരാണ്മക്കാരുടെയും അതല്ലാതെ ശാന്തി-കഴകക്കാരുടെയും വക. ഇതുകൂടാതെ ഭക്തർക്കാർക്കും ശീട്ടാക്കാം തീയാട്ട്. 

ചെങ്ങഴീർപ്പൂവ് വിരിയാനായി വഴിപാട് നേരുന്നത് വാസ്തവത്തിൽ ശൈവക്ഷേത്രങ്ങളിൽ കലശത്തിനുള്ള ആവശ്യത്തിനാണ്. അതൊട്ട് വഴിപാടിൽ പെടുകയുമില്ല. ഈ വിശേഷവയലറ്റ് പൂവ് മാലയ്ക്കും ഉപയോഗിക്കില്ല; പകരം മന്ത്രതന്ത്ര കർമങ്ങളിൽ സാന്നിധ്യമായിട്ടാണ് മൂല്യം. ആ നീലത്താമര വേണം ഇന്ന തിയ്യതിയിൽ ഇന്നിടത്ത് ഇന്ന ആവശ്യത്തിന് എന്ന് ആധികാരിക കത്തുമായി മലമക്കാവിൽ വരുന്നവർക്ക് നടയ്ക്കൽ തൃപ്പുക കഴിഞ്ഞ നേരത്ത് പണം വെക്കാം. മതിൽക്കുപുറത്തെ അമ്പലക്കുളത്തിനുള്ളിൽത്തന്നെ പ്രത്യേകമായി പടുത്തിട്ടുള്ള കിണർപോലത്തെ ഉള്ളകത്ത് ഇത് അടുത്ത പ്രഭാതത്തിൽ വിരിഞ്ഞുകാണാം എന്നത്രെ. അതല്ലാതെ, സ്വകാര്യസാദ്ധ്യത്തിന് വഴിപാടാക്കി പ്രാർത്ഥിച്ചതിനു പിറ്റേന്നാൾ പൂവിട്ടുകണ്ടാൽ മോഹസാഫല്യം ഉറപ്പാവുന്നു എന്നത് നാലു പതിറ്റാണ്ടുമുമ്പ് സാഹിത്യസിനിമാദികളിൽ നിർമിച്ച കാല്പനിക ഏച്ചുകൂട്ടൽ മാത്രമത്രേ. കൊല്ലം 1979ൽ ഇറങ്ങിയ നീലത്താമര എന്ന സിനിമയിലും മുപ്പതുവർഷശേഷം അതിൻറെ പുനർപതിപ്പിലും ഇങ്ങനെയൊരു പുതു മിത്ത് കടന്നുവരുന്നു. (ഈ പുഷ്പം വിരിയുന്നത് വേറെയിടങ്ങളിലും ഉണ്ട്. മലപ്പുറം ജില്ലയിലെ തിരൂരിലെ ഒരു പ്രമുഖ ആശ്രമംതന്നെ ഉദാഹരണം.)

പരിസരത്തെ വിനോദ് കുമാർ പറയുന്നുണ്ട്: ദീർഘകാലം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരൻറെ പേരക്കുട്ടി കൂടല്ലൂരിലെ ആര്യവൈദ്യ ഫാർമസിയിൽ ജോലിചെയ്യുന്നുണ്ട്. ഉണ്ണി എമ്പ്രാന്തിരിക്ക് വയസ്സ് മുപ്പത് കഴിഞ്ഞെങ്കിലും ഒരിക്കലേ നീലത്താമര കണ്ടിട്ടുള്ളു. വിരലോളം വലിപ്പമുള്ള പൂമൊട്ടുകൾ അപൂർവമായി കുളത്തിലെ ജലോപരിതലത്തിന് പുറത്തേക്കു തലനീട്ടും. തൃപ്പടിയിൽ പണംവെച്ച് പ്രാർത്ഥിച്ചിട്ടും പിറ്റേന്ന് പൂവിരിഞ്ഞു കാണാതെ വിഷമിച്ചുനിൽക്കുന്ന മലമക്കാവുകാർ പറയും, ''പരീക്ഷിക്കാൻ വേണ്ടി തൃപ്പടിയിൽ പണംവെച്ച് പ്രാർത്ഥിച്ചിട്ട് ഫലമുണ്ടാവില്ല, പ്രാർത്ഥിക്കുന്നവന്റെ മനസ്സിലെ കളങ്കം അയ്യപ്പൻ കണ്ടിട്ടുണ്ടാകും."

മലമക്കാവമ്പലപരിസരത്തുള്ള വീടുകളിൽ മൂന്നെണം കലാപരമായി പ്രധാനപ്പെട്ടതാണ്. ഒന്ന് വിശേഷപ്പെട്ട ഒരു വാദ്യപദ്ധതിയുടെ ഉറവിടം, അടുത്തത് ക്ഷേത്രകലയൊന്നിൻറെ പ്രയോക്താക്കളുടേത്, മൂന്നാമത്തേത് പാരമ്പര്യമായൊരു പ്രമുഖനൃത്തനാടകത്തിൻറെ ഗായകനൊരാളുടേത്. ഒന്നു വ്യക്തമാക്കിയാൽ, തായമ്പക, അയ്യപ്പൻതീയാട്ട്, കൃഷ്ണനാട്ടം. ഇവക്കുപുറമെ മലമക്കാവിലും പരിസരത്തുമായുള്ള ക്ഷേത്രവിശേഷങ്ങളുമായി ബന്ധപ്പെട്ട നാടൻകലകൾ പലതിനെയും സജീവമായി നിലനിർത്തുന്ന കുടുംബങ്ങൾ.

ഒന്നൊന്നായി സന്ദർശിക്കാം.

 

തായമ്പകയുടെ തായ്‌വേര്

മലനാടിൻറെ പൈതൃകസ്വത്തായ വാദ്യക്കച്ചേരികളിൽ വേറിട്ടതാണല്ലോ തായമ്പക. പതിഞ്ഞ കാലത്തിൽ തുടങ്ങി പതിയെ വേഗംസിദ്ധിച്ച് ഒടുവിൽ കൂട്ടപ്പൊരിച്ചിൽ എന്ന പതിവുപ്രമാണം പാലിക്കുമ്പോഴും  ചെണ്ടക്ക് നായകത്വമുള്ള മറ്റു മേളങ്ങളിൽനിന്ന് വ്യത്യസ്തമായി വ്യക്തിപ്രാമാണ്യത്തിനു പ്രഥമഗണന നൽകുന്ന കലാരൂപം. ഒറ്റത്തായമ്പക അല്ലെങ്കിൽ രണ്ടുപേരുണ്ടാവും ഇടംതലച്ചെണ്ടയുമായി നടുവിൽ. അപ്പോൾ ഇരട്ട, അഥവാ ഡബിൾ. അതിനുമപ്പുറം ത്രിത്തായമ്പകയും പഞ്ചതായമ്പകയും ഉണ്ട് പ്രധാനയാളെണ്ണമടിസ്ഥാനത്തിൽ. പുതിയകാലത്ത് സ്ത്രീകളും കൊട്ടുന്നു തായമ്പക. ഒരു കൂട്ടരെങ്കിലും ദമ്പതിയായും ഉണ്ടിന്ന്.

കൈകോൽ പ്രയോഗത്തിൽ കലാപാരത പുറത്തെടുക്കുന്ന മുഖ്യവാദ്യക്കാരനോ ചെണ്ടക്കാർക്കോ പുറമേ താളംപിടിക്കുന്നതിനായി ഇരുവശവും വലംതലച്ചെണ്ട, പിറകിൽ വീക്കൻചെണ്ട, ഇലത്താളം എന്നിവയുണ്ടാകും. വലതുകൈയിലെ കോലിൽനിന്ന് ഉതിർക്കുന്ന ശബ്ദം മുഖ്യമായി രണ്ടുതരമെങ്കിൽ ഇടതു പത്തികൊണ്ട് കുറഞ്ഞത് നാലുതരത്തിലെങ്കിലും നാദം പ്രവഹിപ്പിക്കാം. മനോധർമത്തിനനുസരിച്ച് അളക്കത്തിനും അനുസരിച്ച് തായമ്പകയുടെ ദൈർഘ്യം മുപ്പതു മിനിട്ടു തുടങ്ങി രണ്ടര മണിക്കൂർ വരെയും നീണ്ടുപോവാം.

സ്ഥൂലമായി നോക്കിയാൽ തായമ്പകയിൽ കൊട്ടുഘട്ടങ്ങൾ മൂന്നാണ്. എണ്ണങ്ങൾ ഏറ്റിച്ചുരുക്കി ബാക്കിശകലങ്ങളിൽ നില കൊട്ടുന്നത് ഉടനീളം ചിട്ട. എട്ടു മാത്രയിൽ (ആദി)താളം. ചെമ്പടവട്ടം എന്നും പറയും. തുടർന്ന് കൂറ്. ഇത് പൊതുവെ പഞ്ചാരി-ചമ്പയും (യഥാക്രമം ആറും അഞ്ചും മാത്ര) അതല്ലെങ്കിൽ അടന്ത (14 മാത്ര) എന്നിവയാണ് കേൾക്കുക. പഞ്ചാരിയില്ലാതെ ചമ്പ മാത്രമാവാം. ചിലപ്പോൾ അടന്ത-പഞ്ചാരി-ചമ്പ എന്നിങ്ങനെയും കേൾക്കാം. പരീക്ഷണങ്ങളുടെ പുതിയകാലത്ത് പലവിധ കേരളീയ താളത്തിലും കൂറുകൾ മുളപൊട്ടിക്കൊണ്ടിരിക്കുന്നു. കൂറു കഴിഞ്ഞുള്ള അദ്ധ്യായം ഏകതാളത്തിലാണ്: ഇവയുടെ ഉൾപ്പിരിവുകളായി  ഇടവട്ടം, ഇടനില, ഇരികിട.

കേരളീയ ക്ലാസിക്കൽ വാദ്യപദ്ധതികളിൽ ഇക്കഴിഞ്ഞ കാൽനൂറ്റാണ്ടിൽ അസാധാരണമായ വളർച്ച കൈവരിച്ചിട്ടുണ്ട് തായമ്പകയെങ്കിൽ ആ കലാരൂപത്തിൻറെ ഈറ്റില്ലമാകുന്നു മലമക്കാവ്. രൂപംകൊണ്ട് ഏറെ മോടി കൂടുകയും പ്രയോക്താക്കളുടെ സംഖ്യയും വേദികളും പലമടങ്ങ് വർദ്ധിക്കുകയും ചെയ്തിട്ടുള്ള ഇന്നത്തെ കോലാഹലമയമായ തായമ്പക അടിവേരുകൾ സൂക്ഷിക്കുന്നത് ശാന്തരൂപവും ഏറെക്കുറെ വിജനവും ആയ ഈ ദേശത്താണ്. ഒന്നരയൊന്നേമുക്കാൽ നൂറ്റാണ്ടാണ് ഇന്ന് കേൾക്കുന്ന തായമ്പകയുടെ ആദിരൂപത്തിന് പൊതുവെ കല്പിക്കുന്ന ചരിത്രം. അന്നത്തെ രൂപത്തിനും, പക്ഷെ, പ്രാഗ്‌രൂപം ഉണ്ടാവാം എന്നാണ് മലമക്കാവിലെ കിഴക്കേ മാരാത്തുള്ള കലാമണ്ഡലം പ്രഭാകരപ്പൊതുവാളുടെ നിഗമനം.

You need to a flashplayer enabled browser to view this YouTube video

ഇരുപതാം നൂറ്റാണ്ടിലെ തായമ്പകയിതിഹാസമായി സഹൃദയർ വാഴ്ത്തുക തൃത്താല കേശവപ്പൊതുവാളെ  ആണല്ലോ. തൻറെ കലയിലെ പലശൈലികളുടെ ശക്തിയും സൗന്ദര്യവും നിലനിർത്തിക്കൊണ്ടുതന്നെ പുതിയ പ്രയോഗങ്ങൾ സന്നിവേശിപ്പിച്ച അദ്ദേഹം 1988ൽ അമ്പതാം വയസ്സിലാണ് അന്തരിക്കുന്നത്. ആ വാദ്യമാന്ത്രികൻറെ മുത്തച്ഛൻ മലമക്കാവ് കേശവപ്പൊതുവാൾ എന്ന പ്രശസ്ത വാദ്യക്കാരൻ ജനിക്കുന്നത് 1891ൽ. തായമ്പകയിലെ പഞ്ചാരിക്കൂറ് ഇദ്ദേഹത്തിൻറെ സംഭാവനയാണ് എന്ന് അവകാശമുണ്ട് എന്നിരിക്കെ ആളുടെ അച്ഛൻ കൊടിക്കുന്നത്ത് ശങ്കുണ്ണിപ്പൊതുവാളേയും കാര്യപ്പെട്ട തായമ്പകക്കാരനായാണ് ചരിത്രം വിലയിരുത്തുന്നത്. മലമക്കാവ് കേശവപ്പൊതുവാൾ മരിച്ചിട്ട് വർഷം എഴുപതായി; അദ്ദേഹത്തിൻറെ പേരിൽ മലമക്കാവ് ക്ഷേത്രത്തിൽ കൊല്ലാകൊല്ലം അഖില കേരള തായമ്പക മത്സരം കഴിഞ്ഞ രണ്ടു ദശാബ്ദമായി തുടർച്ചയായി നടത്തിപ്പോരുന്നുണ്ട്. തുലാമാസത്തിലെ അവസാനവാരാന്ത്യത്തിൽ (നവംബറിൽ) സംഘടിപ്പിക്കുന്ന ആ മുഴുദിവസപരിപാടിയിൽ പതിനഞ്ചു മുതൽ ഇരുപതുവരെ കുട്ടികൾ മുക്കാൽമണിക്കൂർ വച്ച് തായമ്പക കൊട്ടും. പാതിരവരെ നീളുന്ന യജ്ഞത്തിലെ വിധികർത്താക്കളിൽ സ്ഥിരംനടുനായകൻ പ്രഭാകരപ്പൊതുവാൾ ഈ സംരംഭത്തിൻറെ തുടക്കകാല ഉത്സാഹികളിലും പ്രമുഖനാണ്. 

തൃത്താല കേശവൻറെ അച്ഛൻ (അന്തരിച്ച) തിരുവേഗപ്പുറ രാമപ്പൊതുവാളുടെ ശിഷ്യപ്രശിഷ്യർ പലരും ഇന്ന് തായമ്പകലോകത്തെ നെടുംതൂണുകളാണ്. അതിൽപ്പെടുന്നവരും അല്ലാത്തവരും പിന്നെ അദ്ദേഹത്തിൻറെ സമകാലികരും ആയുള്ളവരിൽ മലമക്കാവിൽ കൊട്ടാത്തതായി മിക്കവാറും ആരുമില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു പ്രഭാകരപ്പൊതുവാൾ എന്ന കഥകളിക്കൊട്ടുകാരൻ. കേശവനെ കൂടാതെ സഹോദരൻ തൃത്താല കുഞ്ഞിക്കൃഷ്ണപ്പൊതുവാൾ, ചിതലി രാമമാരാർ, കൊടുലിൽ ഗോപിപ്പൊതുവാൾ, ആലിപ്പറമ്പ് ശിവാരാമപ്പൊതുവാൾ, കൃഷ്ണപ്പൊതുവാൾ, പൂക്കാട്ടിരി ദിവാകരപ്പൊതുവാൾ, കല്ലൂർ രാമൻകുട്ടിമാരാർ, മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ തുടങ്ങി പുതിയ തലമുറയിലെ തൃപ്രങ്ങോട്ട് പരമേശ്വരമാരാർ, തിരുവല്ല രാധാകൃഷ്ണൻ, തൃത്താല ശങ്കരകൃഷ്ണൻ-കേശവദാസ് സഹോദരങ്ങൾ, എന്നിങ്ങനെ ഇനിയും നീളുന്നു പട്ടിക.

ഇവരിൽ സവിശേഷശ്രദ്ധ അർഹിക്കുന്നൊരു വാദ്യക്കാരനുണ്ട് എന്ന് ഓർമിപ്പിക്കുന്നു പ്രഭാകരപ്പൊതുവാൾ. നിറയൗവനത്തിൽ പൊടുന്നനെ രംഗത്തുനിന്ന് പൊലിഞ്ഞുപോയ അസാമാന്യ തായമ്പകക്കാരനായിരുന്നത്രെ മലമക്കാവ് രാവുണ്ണിപ്പൊതുവാൾ. വയസ്സ് 22 നടപ്പുള്ളപ്പോൾ ഭ്രാന്തുവന്ന് നിഷ്ക്രമിച്ച ആ പ്രതിഭാശാലി മലമക്കാവ് കേശവപ്പൊതുവാളുടെ അമ്മാവൻ ആയിരുന്നു. "അദ്ദേഹത്തിൻറെ നേർകോല് ചെണ്ടയിൽ പതിയുമ്പോൾ മലമക്കാവമ്പലത്തിൻറെ ഓടിളകും എന്നായിരുന്നു കഥ," എന്ന് അയവിറക്കുന്നു സപ്തതി പിന്നിട്ട പ്രഭാകരപ്പൊതുവാൾ. "ക്ഷേത്രമതിൽക്കകത്തെ തെക്കേഭാഗത്ത് ഇപ്പോൾ കാലിയായി കാണുന്ന ഉയർന്ന ഭാഗമുണ്ടല്ലോ. അവിടെ പണ്ടൊരു പത്തായപ്പുര ഉണ്ടായിരുന്നു. അവിടെ കുറേക്കാലം താമസിച്ചിരുന്നത്രെ ഈ പൊതുവാൾ കുടുംബക്കാർ. സ്വത്ത് ഭാഗമൊഴിഞ്ഞു പോന്നപ്പോൾ അമ്പലംനടത്തിപ്പുകാർ സൗകര്യം കൊടുത്തതാണത്രേ."

തായമ്പകയുടെ ഉറവിടകാലം ഇന്നും മുഴുവൻ വ്യക്തമല്ല. ചെണ്ടവാദകനും വാദ്യകലാ പണ്ഡിതനുമായ മനോജ് കുറൂർ പറയുന്നതിങ്ങനെ: മലമക്കാവ് സമ്പ്രദായം മലമക്കാവ് കേശവപ്പൊതുവാള്‍ തുടങ്ങിയതാണ്. മാത്രമല്ല തായമ്പകയില്‍ത്തന്നെ ആദ്യമായി കേള്‍ക്കുന്ന പ്രധാന പേരും അദ്ദേഹത്തിൻറെതുതന്നെ. തിരുവില്വാമലയിലെ  കൊളന്തസ്വാമിയെ പാലക്കാടന്‍സമ്പ്രദായത്തിൻറെ ആദ്യകാലപ്രയോക്താവായും പറയാറുണ്ട്. അടന്തക്കൂറ് ആദ്യമായി പ്രയോഗിച്ചത് കൊളന്തസ്വാമി ആണെന്നു കരുതപ്പെടുന്നു. കൊളന്തസ്വാമി വരുന്നത് മലമക്കാവ് കേശവപ്പൊതുവാള്‍ക്കു ശേഷമാണ്. മലമക്കാവുശൈലിയും പാലക്കാടന്‍ശൈലിയും ഒരുപോലെ വശമുണ്ടായിരുന്നയാളാണ് ഷൊർണൂര് മുണ്ടായ ഗ്രാമത്തിലെ തിയ്യാടി നാരായണൻ നമ്പ്യാര്‍. മലമക്കാവ് കേശവപ്പൊതുവാളിനുമുന്‍പ് തായമ്പകയുടെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ ഇന്നു മാര്‍ഗമില്ല. മേളത്തില്‍നിന്നാണ് അതല്ല കേളിയില്‍നിന്നാണ് ഈ കലാരൂപം ഉദ്ഭവിച്ചത് എന്നു പല പക്ഷങ്ങളുണ്ട്. എന്തായാലും എണ്ണങ്ങള്‍ കൊട്ടിക്കൂര്‍പ്പിക്കുക, മനോധര്‍മ്മപ്രധാനമായ വകകള്‍ കൊട്ടുക എന്നിങ്ങനെ അടിസ്ഥാനഘടനയില്‍ ഈ ശൈലികള്‍ തമ്മില്‍ വ്യത്യാസമില്ല. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് പൊതുവെ ചമ്പക്കൂറാണ് പത്ഥ്യം. പാലക്കാടന്‍ ശൈലിക്കാര്‍ക്ക്, കൊളന്തസ്വാമിക്കും തുടര്‍ന്ന് അദ്ദേഹത്തിന്റെ ശിഷ്യനായ പല്ലാവൂര്‍ അപ്പുമാരാര്‍ക്കുമൊക്കെ, അടന്തക്കൂറാണ് പ്രിയം. പ്രധാനവ്യത്യാസമായിക്കാണാവുന്ന ഒരു സംഗതി പാലക്കാടന്‍ സമ്പ്രദായത്തിനു കൊളന്തസ്വാമിയുടെ പാരമ്പര്യമുള്ളതുകൊണ്ടുതന്നെ കര്‍ണാടകസംഗീതത്തിലെ വാദ്യപ്രയോഗത്തിൻറെ സ്വാധീനമുണ്ടെന്നു പറയാറുണ്ട്. ഒരു വക ഏതു നടയിലാണു തുടങ്ങിയത് എന്നതിനു വ്യത്യാസം വരാതെ കൊട്ടുകയും മുത്തായിപ്പിൻറെ രീതിയില്‍ കലാശിക്കുകയും ചെയ്യും. മലമക്കാവ് സമ്പ്രദായക്കാര്‍ക്ക് മുത്തായിപ്പുരീതി അത്ര പ്രധാനമല്ല. കൊട്ടിവരുന്ന വകയിലായാലും എണ്ണത്തിലായാലും ആകര്‍ഷകമായ ഒരു കലാശംകൊട്ടി അവസാനിപ്പിക്കുക എന്നതാണ് പൊതുരീതി.പിന്നെ, ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ശൈലീഭേദങ്ങള്‍ക്കു പ്രസക്തി കുറഞ്ഞുവരുന്നു. തൃത്താല കേശവപ്പൊതുവാള്‍ മലമക്കാവുവഴിയിലുള്ള തൃത്താലസമ്പ്രദായത്തെ പരിഷ്കരിക്കുകയാണു ചെയ്തത് എന്നും അതല്ല ഈ സമ്പ്രദായത്തില്‍‌നിന്നു വേറിട്ടൊരു വഴി സൃഷ്ടിക്കുകയാണു ചെയ്തത് എന്നും പറയാറുണ്ട്. പൂക്കാട്ടിരിയും അവസാനകാലത്ത് പ്രത്യേകിച്ചും അടന്തക്കൂറും ഭംഗിയായി കൊട്ടിയിരുന്നു. പല സമ്പ്രദായക്കാരുടെ ആകര്‍ഷകമായ വഴികള്‍ സമന്വയിപ്പിച്ചാണ് മട്ടന്നൂരിനെപ്പോലെ സമകാലികരായ പല തായമ്പകക്കാരും കൊട്ടാറുള്ളത്.വ്യക്തിപരമായ മനോധര്‍മ്മത്തിനു പ്രാധാന്യമുള്ള കലയായതുകൊണ്ടുതന്നെ നിരന്തരം പരിഷ്കരിക്കപ്പെടുന്നതിനുള്ള സാധ്യത നിലനില്‍ക്കുകയും ചെയ്യുന്നു."

സാഹിത്യകാരനും മലയാളാദ്ധ്യാപകനും താളഗവേഷകനുമായ ഡോ. കുറൂർ ഇങ്ങനെ പറയുമ്പോഴും പ്രഭാകരപ്പൊതുവാൾ ഒരുകാര്യം വിശ്വസിക്കുന്നു: "പഴയ രാവുണ്ണിപ്പൊതുവാൾ അതികേമമായി കൊട്ടിക്കൊണ്ടുവന്നിരുന്നു അടന്തക്കൂറ്. അപ്പോൾ ആ ഭാഗം പാലക്കാടൻശൈലിയുടേതും മലമക്കാവൻസമ്പ്രദായത്തിൻറെ കൂറുസംഭാവന പഞ്ചാരി-ചമ്പ മാത്രമാണ് എന്നും കരുതിക്കൂടല്ലോ."

തായമ്പകയെക്കുറിച്ച് ആധികാരികയറിവും പ്രവൃത്തിപരിചയവും ഉള്ള പ്രഭാകരപ്പൊതുവാൾ, പക്ഷെ, ചെണ്ടയിൽ പ്രത്യേകനൈപുണ്യം നേടിയിട്ടുള്ളത് കഥകളിക്കൊട്ടിലാണ്. ഭാരതപ്പുഴയോരത്തെ ചെറുതുരുത്തിയിലെ കലാമണ്ഡലത്തിൽനിന്ന് 1958-64 കാലത്ത് അച്ചുണ്ണിപ്പൊതുവാളുടെയും കൃഷ്ണൻകുട്ടിപ്പൊതുവാളുടെയും കീഴിലായിരുന്നു അഭ്യാസം. പഠിച്ചിറങ്ങിയ പിറ്റേകൊല്ലം തുടങ്ങി ആറുവർഷം അദ്ദേഹം ആ സ്ഥാപനത്തിൽ ഇടവിട്ട് ആശാനായി. അങ്ങനെ പല്ലശ്ശന ചന്ദ്രമന്നാടിയാർ സഹപ്രവർത്തകനായി. അതിനുപുറമെ കണ്ണൂരെ പറശ്ശിനിക്കടവ് മുത്തപ്പൻ കഥകളിയോഗത്തിലും ഒറ്റപ്പാലത്തിനു കിഴക്ക് പേരൂര് സദനം കഥകളി അക്കാദമിയിലും പഠിപ്പിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഇരിഞ്ഞാലക്കുട ഉണ്ണായിവാരിയർസ്മാരക കലാനിലയത്തിൻറെ കഥകളിയരങ്ങുകൾക്ക് ചെണ്ടക്കാരനായി സഹകരിച്ചു പോന്നിട്ടുണ്ട്. കേരളത്തിൽ തെക്കും മദ്ധ്യത്തിലും വടക്കും പുറത്തും കൊട്ടിക്കൊഴുപ്പിച്ചിട്ടുള്ള കഥകളിരാവുകൾക്ക് കണക്കില്ല. ഇക്കഴിഞ്ഞ വർഷംവരെ അരവ്യാഴവട്ടക്കാലം കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസർ ആയും സേവനമനുഷ്ഠിച്ച പ്രഭാകരപ്പൊതുവാൾക്ക് പല ഉന്നത പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

തീയാട്ടിൻറെ നടുത്തളം 

തിരുവിതാംകൂറിലെ ഭഗവതിത്തീയ്യാട്ടിന് സമാനമായി ഒരു മദ്ധ്യ,വടക്കൻ കേരളത്തിലെ അനുഷ്ഠാനകലയാണ് അയ്യപ്പൻതീയാട്ട്. അമ്പലങ്ങളിലും വീടുകളിലും പിന്നെ പുതിയ കാലങ്ങളിൽ സാസ്കാരികോത്സവങ്ങളിലും ഒക്കെ അവതരിപ്പിക്കുന്ന ഈ കലയുടെ പാരമ്പര്യപ്രയോക്താക്കൾ തീയാടി നമ്പ്യാർ എന്ന സമുദായക്കാരാണ്. ഇന്നത്തെ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി അടിസ്ഥാനമായി എട്ടു തറവാടുകളിൽ അംഗസംഖ്യയുള്ള ഈ ചെറിയ കൂട്ടരുടെ പ്രധാനപ്പെട്ട പല വേദികളും വടക്കേ മലബാറാണ്. അതുകൊണ്ടുതന്നെ ഉത്തരകേരളത്തിൽനിന്ന്, ഒരുപക്ഷെ ടിപ്പുസുൽത്താൻറെ പടയോട്ടക്കാലത്ത് (രണ്ടേകാൽ നൂറ്റാണ്ടുമുമ്പ്), മദ്ധ്യകേരളത്തിലേക്ക് പലായനം ചെയ്തവരാവാം ഇവർ എന്നും ഊഹമുണ്ട്. അതിലൊരു തറവാടാണ് മലമക്കാവിൽ ഉള്ളത്.

തായമ്പകയും കേളിയും മേളവും അലയടിക്കുന്ന ആ നാട്ടിൽ ഇപ്പറഞ്ഞ മൂന്നു വാദ്യമഞ്ജരികളും പഠിച്ചിട്ടുള്ള ചെണ്ടക്കാരൻ നാരായണൻകുട്ടി നമ്പ്യായരുടെ തിയ്യാടിക്കാരാണ് മലമക്കാവ് ക്ഷേത്രത്തിലെ അടിയന്തിരക്കാർ. ഇന്ന് ആ ഭവനത്തിൽ താമസം ഇദ്ദേഹത്തിൻറെ അനുജൻ രാജൻ നമ്പ്യാരും കുടുംബവും ആണ്. 'മലമൽ' എന്ന തൂലികാനാമത്തിൽ മനോരാജ്യപ്പുസ്തകമെഴുതിയിട്ടുള്ള നാരായണൻനമ്പ്യായരുടെ പേരമക്കൾ ആണ് ഇരു സഹോദരങ്ങൾ. (കഥകളിസംഗീത സാമ്രാട്ടായിരുന്ന കലാമണ്ഡലം നീലകണ്ഠൻനമ്പീശൻറെ മരുമകൾ ശ്രീദേവിയാണ് മൂത്തയാളുടെ ഭാര്യ.)

ലോകപ്രശസ്തിയാർജിച്ച കഥകളിയുടെ ഏഴു പോറ്റമ്മമാരില്‍ ഒന്നത്രെ തീയാട്ട് എന്നാണ് അന്തരിച്ച രംഗകലാചിന്തകൻ കള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിൻറെ വിലയിരുത്തൽ. അത് സ്ഫുരിക്കുക ഈ ക്ഷേത്രാടിയന്തിരത്തിൻറെ 'കൂത്ത്' എന്ന ഇനത്തിലാണ്. മുങ്ങിക്കുളിച്ചു തറ്റുടുത്ത തിയ്യാടിനമ്പ്യാർ വെള്ളമുണ്ടുചുറ്റി അരയ്ക്കു മേലെ അണിയിലേക്കോപ്പ് അണിഞ്ഞാണ് പ്രസക്തമായ പുരാണകഥ മൗനമായി മുദ്രാരൂപത്തിൽ ഒരുമണിക്കൂർനേരം ആടുന്നത്. അരയിൽ പടിയരഞ്ഞാണം, ഉടലിലെ ചുവപ്പൻ ചകലാസുകുപ്പായത്തിനുമേൽ കഴുത്താരം. കൈകളിൽ വള, ഹസ്തകടകം. സ്‌തോഭരഹിതപ്രകടനം ആകയാൽ മുഖത്ത് തേപ്പില്ല. (ഒന്നുകിൽ മുഴുക്ഷൗരം, അല്ലെങ്കിൽ താടിമീശദീക്ഷ.) കാതിനുചേർന്ന് വട്ടക്കാത്തില, മേലെ ചെവിപ്പൂവ്. നെറ്റിനാട കിട്ടിയതിനുമീതെ തലപ്പാവായി വാസികം. ഇങ്ങനെ ഒരുങ്ങിയുള്ള നന്ദികേശ്വരവേഷം ആടുന്ന കഥ പാലാഴിമഥനസംബന്ധി. അമൃത് കടഞ്ഞത് അസുരന്മാർ തട്ടിയെടുത്തത് തിരിച്ചുപിടിക്കാനായി വിഷ്ണു മോഹിനീരൂപത്തിൽ പണ്ട് പോയത് ഒന്നു കാണട്ടെ എന്ന ശിവൻറെ അഭ്യർത്ഥന നിവർത്തിച്ചപ്പോൾ നടന്ന പരിരംഭണത്തിൽ ഉണ്ടായ സന്തതി അയ്യപ്പനെ ഭൂമിയിൽ പന്തളത്തേക്ക് അയക്കുന്നു. അഞ്ചുനിറം പൊടികളിൽ (അരി, മഞ്ഞൾ, ഉമിക്കരി, ഉണങ്ങിയ വാകയില, മഞ്ഞളും ചുണ്ണാമ്പും ചേർത്തത്) എഴുതി അയ്യപ്പൻകളത്തിനു മുന്നിലുള്ള ആട്ടത്തിന് അകമ്പടിഘോഷം പറ, ചെണ്ട, ഇലത്താളം. കളമെഴുതിയശേഷം കൂത്തിനുമുമ്പ് അരങ്ങേറുന്ന കൊട്ടുംപാട്ടും ഭാഗത്തും വാദ്യങ്ങൾ ഇവതന്നെ. ജനനകഥ തമിഴ്മലയാള തോറ്റമായും തുടർന്ന് സ്തുതിഗീതങ്ങളും പതിവാണ്.

You need to a flashplayer enabled browser to view this YouTube video

അങ്ങനെ നാലുപുറം തൂണുകൾ ഘടിപ്പിച്ച തട്ടികബന്ധിപ്പിച്ചുള്ള കയർനിരയ്ക്കുമേൽ തുണിക്കൂറ വിരിച്ചതിനു കീഴിൽ എഴുതിയ കളത്തിനു ശാന്തിക്കാരൻ ചെയ്യുന്ന പൂജക്കുശേഷം കൊടുംപാട്ടും കൂത്തും പിന്നീട് തിരിയുഴിച്ചിലും കഴിഞ്ഞുള്ള ഭാഗത്തുവരുന്നതാണ് വെളിച്ചപ്പാട്. ചുരികയേന്തിയ വീരാളിപ്പട്ടുധാരി ശ്രീലകത്തുനിന്നുവന്ന പുഷ്പമാലയും അണിഞ്ഞിട്ടുണ്ടാവും നഗ്നമാറിൽ. മുഖ്യവേദിക്ക് തെല്ലകലെ താളമേളത്തിനൊത്ത് ഈടും കൂറും ചവിട്ടി പിന്നീട് കളത്തിന് മുന്നിൽ നൃത്തം ചെയ്യും. തുടർന്ന് പതിഞ്ഞ കാലത്തിൽ പ്രദക്ഷിണം വെക്കും. പലവിധ തലങ്ങളിൽ (ചെമ്പട, അടന്ത, ചെമ്പ, ഏകതാളം, അരച്ചെമ്പട, പഞ്ചാരി) നടക്കുന്ന ഈ പ്രക്രിയക്ക് വേഗമേറും. തുടർന്ന് ഉമാദാവസ്ഥയിൽ കളത്തിൽ ചാടി, മേലത്തെ കുരുത്തോലകൾ ചുരികവാൾകൊണ്ട് താളാത്മകമായി അരിഞ്ഞുവീഴ്ത്തി കാലുപാറ്റി അയ്യപ്പരൂപം മായ്ക്കും. തിരുമുഖം മാത്രം കൈകൊണ്ടു കൂട്ടിയ കുരുത്തോല കൊണ്ടും കൂട്ടും. എന്നിട്ട് പുറത്തിറങ്ങി വഴിപാടുകാരോട് ഉറഞ്ഞുനടന്ന് കല്പന ചൊല്ലും. കളപ്പൊടി വാഴയിലച്ചീന്തുകളിൽ ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യും.

ഇതെല്ലാം വിസ്തരിച്ചാണെങ്കില്‍ ഉദയംമുതൽ സന്ധ്യവരെയുള്ള പന്ത്രണ്ടു കഥകൾ ആടുന്ന ഉദയാസ്തമന ക്കൂത്തുണ്ട്. കോമരം വിശേഷമായിട്ടാണെങ്കിൽ കളപ്രദക്ഷിണം വെക്കുന്നതിൻറെ  മുന്നോടിയായി പുറത്തു കൂട്ടിയിട്ടിരിക്കുന്ന കത്തിയ പുളിമുട്ടികള്‍ പടിപടിയായി തട്ടിപ്പരത്തി കനലാട്ടം നിർവഹിക്കും. "അതൊക്കെ വലിയ തീയാട്ടിന്. ഇവിടെ അടിയന്തിരം മാത്രമാണ് സാധാരണ പതിവ്," ഷഷ്ടിപൂർത്തി കഴിഞ്ഞ രാജൻനമ്പ്യാർ പറയുന്നു. അദ്ദേഹത്തിൻറെ ബന്ധുക്കളായ പെരുമ്പിലാവ് കേശവൻകുട്ടി, മുളംകുന്നത്തുകാവ് നാരായണൻ, മുണ്ടായ പരമേശ്വരൻ എന്നിങ്ങനെ നമ്പ്യൻമാരും പതിവുണ്ട് മാറിമാറി പ്രധാനികളായി.

രാജൻനമ്പ്യാരുടെ ഭാര്യ നന്ദിനി മരുവോളമ്മ മലമക്കാവുദേശത്തെ കൈകൊട്ടിക്കളി കലാകാരിയാണ്. പ്രഭാകരപ്പൊതുവാളുടെ അമ്മ നാണിക്കുട്ടി മാരാസ്യാർ കഴിഞ്ഞ പതിറ്റാണ്ടിൽ അന്തരിച്ചശേഷമുള്ള ചുമതലക്കാരികളിൽ പ്രമുഖ. തിരുവാതിരകളിക്ക് ഈ വള്ളുവനാടൻ ഗ്രാമത്തിൽ കുമ്മി എന്നും പാട്ടുപാടിക്കളി എന്നുമുണ്ട് പേര്.

 

കൃഷ്ണനാട്ടം പാട്ടില്ലം

മലമക്കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ചിരടപുറത്തില്ലം എന്ന ഗൃഹത്തിലെ അംഗമാണ് സത്യനാരായണൻ ഇളയത്. ഇന്നിപ്പോൾ ഗുരുവായൂര് കൃഷ്ണനാട്ടംകളിയിലെ പ്രധാന പാട്ടുകാരിൽ ഒരാളാണ്. കൊല്ലം 37 ആവുന്നു ഇദ്ദേഹം അവിടെ സംഘത്തിൽ ചേർന്നിട്ട്. 

കഥകളിയുടെ മൂലകലകളിൽ പെടും കൃഷ്ണനാട്ടം എന്ന നൃത്തനാടകവും. കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ (1595-1658) രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽനിന്ന്‌ ഉടലെടുത്ത കലാരൂപം.  ക്രമപ്രകാരം കഥകൾ ഇങ്ങനെ: അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം. എട്ടുദിവസത്തെ കളിയായ മുഴുവൻകൃഷ്ണനാട്ടത്തിന് എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ, എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ കണക്കുകളാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ പ്രധാന വഴിപാടായി നടത്തുന്ന കൃഷ്ണനാട്ടം കഴിഞ്ഞ മൂന്നുദശാബ്ദമായി ധാരാളമായി വിദേശത്തടക്കം പുറംവേദികൾ കണ്ടുതുടങ്ങിയിട്ടും മലമക്കാവിൽ ഇതുവരെ അരങ്ങായിട്ടില്ല. 

കഥകളിയിലെന്നതുപോലെ കൃഷ്ണനാട്ടത്തിനുമുണ്ട് പലവിധ രംഗക്രിയകൾ. വേഷങ്ങൾക്കും ഉണ്ട് ദൃശ്യ, ചലന സാമ്യം. കൃഷ്ണനാട്ടത്തിൽ, പക്ഷെ, മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങൾ മാത്രമാണ് പുറപ്പാട് അവതരിപ്പിക്കുക. സ്ത്രീവേഷങ്ങളിൽ ദൈവികത ഏറിയവ മനയോലതേച്ചാണ് വരിക. അവയ്ക്കുമുണ്ട് ചുട്ടി. അതിപ്പോഴും അരിമാവിലാണ്, കടലാസിലല്ല.

You need to a flashplayer enabled browser to view this YouTube video

ഇന്ന് സത്യനാരായണൻ എന്ന 48കാരൻ താമസിക്കുന്നത് തൃശ്ശൂരിനു ലേശം തെക്ക് ചേർപ്പിലാണ്. 1981ൽ ഏഴാംക്ലാസ് കഴിഞ്ഞ കാലത്ത് ഗുരുവായൂര് കലാനിലയത്തിൽ കൃഷ്ണനാട്ടംപാട്ട് പഠിക്കാൻ ചേർന്നതാണ് സത്യൻ. സോപാനസംഗീത മട്ടിലുള്ള പാട്ടിലെ രാഗങ്ങളും താളങ്ങളും പഠിച്ചെടുക്കാൻ പ്രയാസം വർദ്ധിച്ചുവന്നു. അക്കാലത്തെ അന്തമില്ലായ്മയുടെയും ആശാന്മാർശിക്ഷയുടെയും ഊക്കിൽ സഹബാച്ചുകാരനുമൊത്ത് ഒരിക്കൽ സ്ഥാപനം വിട്ടോടി. പട്ടാമ്പി കോതച്ചിറക്ക് സമീപം തിപ്പിലിശ്ശേരിക്കാരൻ ഉണ്ണികൃഷ്ണഷാരോടിയുമൊത്ത് തിരുവനന്തപുരത്ത് അങ്ങനെയാണ് ഒരു വൈകുന്നേരം തീവണ്ടിയിറങ്ങുന്നത്. പദ്മനാഭ സ്വാമിക്ഷേത്രക്കുളത്തിൽ മുങ്ങിനിവർന്ന് ഇരുവരും മതിൽക്കകത്ത് കയറിത്തൊഴുതു. രാത്രി പുറത്തെ പടിക്കെട്ടിൽ യാചകർക്കൊപ്പം തളർന്നുറങ്ങി. പിറ്റെന്നാൾ തുടങ്ങി ഒരാഴ്ച്ച കിഴക്കേകോട്ടയിലെ നാലാംതരം ഹോട്ടലിൽ മേശതുടച്ചും വരുന്നവർക്ക് വെള്ളംകൊടുത്തും കഴിച്ചുകൂട്ടി.

വിവരം മണത്തറിഞ്ഞ് അവിടം വന്നെത്തിയ ഏട്ടനോപ്പം പയ്യന്മാർ രണ്ടും തിരികെ വണ്ടികയറി. വൈകാതെ വീണ്ടും ഗുരുവായൂര് കൃഷ്ണനാട്ടം കലാനിയലയത്തിൽ തിരിച്ചെത്തി. "പിന്നൊരു പഠിപ്പേര്ന്ന്..." ഇരിപ്പൊന്നു മുന്നാക്കമാക്കി സത്യൻ. "ലേശം വാശിണ്ടായിരുന്നൂ ന്നും കൂട്ടിക്കോളോ..." ഇനിയും കൊല്ലം പന്ത്രണ്ടു ബാക്കിയുണ്ട് സെർവിസ്. "ഒരു വെഷമേള്ളൂ. അറുപതു വയസ്സില് റിട്ടയറായാ പിന്നെ പാടാൻ പറ്റില്ല... എയ്, ട്രൂപ്പ് വിട്ടാപ്പിന്നെ ഞങ്ങക്ക് വേദില്ല്യലോ..."

മുമ്പൊക്കെ ഓണക്കാലത്ത് ഉത്രാടരാത്രി തുയിലുണർത്തുപാട്ട് കേട്ടിരുന്നത് ഓർക്കുന്നു സത്യൻ. "ഇന്നത് തരപ്പെടുക റേഡിയോവിൽ മാത്രം," എന്നും പറയുന്നു. "എൻറെ കുട്ടിക്കാലത്തൊക്കെ ഇവിടെ പന്നിയൂരെ മയൂരുള്ള അയ്യപ്പൻപാണൻ സകുടുംബം വന്ന് പാടിയിരിക്കുന്നു." മണ്ണാന്മാർപാട്ടും സ്മൃതിയിലുണ്ട്. "ഇടയ്ക്ക് തലവെട്ടും ചോരയൊലിപ്പിക്കലും കാണാം."

ഇന്നുമുണ്ട് ആ കുടുംബക്കാർ ഈ പ്രവൃത്തിയിലേർപ്പെട്ടുതന്നെ. കേശവൻ മണ്ണാൻ, പിന്നെ അനിയന്മാർ പരമൻ, അപ്പുക്കുട്ടൻ, ചന്ദ്രൻ, ബാലൻ. 

 

ആകെമൊത്തം നാട്ടുകാഴ്ചകൾ

സത്യനാരായണൻറെ അച്ഛൻ (അന്തരിച്ച) അപ്പു ഇളയത് ശ്രാദ്ധങ്ങൾക്ക് പാരികർമിയായിരുന്നു. പ്രശസ്ത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ മാടത്ത് തെക്കേപ്പാട്ടു വീട് മലമക്കാവ് കുന്നിറങ്ങി ഭാരതപ്പുഴവക്കത്തെ പാടത്തിൻകരയിലാണ്. എം.ടി.യുടെ കഥയൊന്ന് 1987ൽ ചലച്ചിത്രമായപ്പോൾ സ്വജീവിത റോളിൽ വെള്ളിത്തിരയിൽ വരുന്നുണ്ട് അപ്പു ഇളയത്. ആ സിനിമക്ക് 'അമൃതം ഗമയ' എന്ന് പേര് സുഹൃത്തായ എം.ടി.യുടെ പരിഗണനയ്ക്ക് വിജയകരമായി കൊടുത്തതും ഇദ്ദേഹമായിരുന്നു എന്ന് കേൾവിയുണ്ട്.

You need to a flashplayer enabled browser to view this YouTube video

എം.ടി. അടിസ്ഥാനമലയാളം പഠിച്ചത് മലമക്കാവുക്ഷേത്രം ചേർന്നുള്ള എൽ.പി. സ്‌കൂളിൽ ആണ്. പഴയ തായമ്പകക്കാരൻ ശങ്കുണ്ണിപ്പൊതുവാളുടെ ദേശമായ കൊടിക്കുന്നത്തുകാവ് പുഴയ്ക്ക് തൊട്ടക്കരെയാണ്. ആ ദേശത്തെ അമ്പലത്തിലെ ദേവിയെച്ചൊല്ലിയാണ് എം.ടി. പറഞ്ഞിട്ടുള്ളത്: "ദൈവം ഇല്ലെന്നുപറഞ്ഞാൽ ഞാൻ സമ്മതിക്കാം. പക്ഷെ കൊടിക്കുന്നതു ഭഗവതി ഉറപ്പായും ഉണ്ട്."

മലമക്കാവ് സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽത്തന്നെയാണ് പ്രശസ്തമായ ആനക്കര വടക്കത്ത് എന്ന തറവാട്. സ്വാതന്ത്ര്യസമര സേനാനി ക്യാപ്റ്റൻ ലക്ഷ്മി തുടങ്ങി നർത്തകി മൃണാളിനി സാരാഭായ് വരെയും അവർക്കു മുമ്പും പിൻപും പല പ്രമുഖരുടെയും മൂലഗൃഹം.

You need to a flashplayer enabled browser to view this YouTube video

മലമക്കാവമ്പലത്തിലെ നവരാത്രിയാഘോഷങ്ങളെ കുറിച്ചു വാചാലനാവുന്നുണ്ട് അന്നാട്ടുകാരൻ രാജൻ കിണറ്റിങ്കര: "അയ്യപ്പക്ഷേത്രത്തിൽ നിന്നും നവരാത്രി കാലത്ത് മാത്രം കേൾക്കുന്ന ദേവീ സ്തുതികൾ കാറ്റിൽ അലിഞ്ഞെത്തുന്നു. ഗ്രാമത്തിന് ചന്ദനത്തിൻറെയും പൂക്കളുടെയും വിശുദ്ധി, അവയുടെ സുഗന്ധം. ആ സുഗന്ധവും പേറി തോളത്ത് വച്ച പുസ്തകക്കെട്ടുമായി അമ്പലത്തിനോട് ചേർന്ന് നിൽക്കുന്ന മലമക്കാവ് സ്‌കൂളിലേക്ക് ചെമ്മണ്ണ് പുതഞ്ഞ പഞ്ചായത്ത് റോഡിന്റെ ഓരം പറ്റി സ്‌കൂളിനെ ലക്ഷ്യമാക്കി നടന്നു പോയിരുന്ന ഒരു വള്ളിട്രൗസറുകാരൻ.

അഷ്ടമിക്ക് ഉച്ചവരെയേ സ്‌കൂൾ ഉള്ളൂ. ഒരു മണിക്ക് നീട്ടിയുള്ള കൂട്ടമണി അടിച്ചാൽ പുസ്തകം വാരിക്കെട്ടി വീട്ടിലേക്ക് ഒരോട്ടമാണ്. അഷ്ടമി ദിവസം വൈകുന്നേരം അമ്പലത്തിലേക്ക് പുസ്തകങ്ങളുമായി പോകണം, പൂജയ്ക്ക് വയ്ക്കാൻ. പൂജവയ്ക്കുന്നതിൽ പ്രധാനം പഠിക്കാൻ വിഷമമുള്ള വിഷയങ്ങളുടെ പുസ്തകങ്ങൾ ആയിരിക്കും. പഠിച്ചില്ലെങ്കിലും ദേവിയെങ്കിലും കടാക്ഷിച്ചെങ്കിലോ എന്ന ബാല്യത്തിൻറെ നിർദോഷചിന്ത.

സന്ധ്യമയങ്ങിയാൽ കുട്ടികളുമൊത്ത് പുസ്തകക്കെട്ടുമായി അമ്പലത്തിലേക്ക് പൂജവയ്ക്കുവാൻ കൂട്ടമായി യാത്ര. ഒറ്റപ്പെടുന്നവരുടെ ലോകത്ത് ഓർത്തു വയ്ക്കാൻ മറഞ്ഞുപോയ ഈ കൂട്ടുകൂടലുകൾ മാത്രം.. ക്ഷേത്രത്തിൽ നവരാത്രി പൂജകൾക്ക് പ്രത്യേകമായി തയാറാക്കിയ സരസ്വതീമണ്ഡപത്തിൽ വലിയ അക്ഷരത്തിൽ സ്വന്തം പേരും വീട്ടുപേരും എഴുതിയ പുസ്തകക്കെട്ട് കൂമ്പിയ കണ്ണുകളോടെ ദേവിക്കുമുന്നിൽ നമ്രശിരസ്കനായി വച്ചുതൊഴുന്നു.

നവരാത്രി പൂജ തുടങ്ങിയാൽ പിന്നെ ഗ്രാമത്തിലെ വീടുകളിൽനിന്ന് അവിൽ, മലർ, പഴം, ശർക്കര എന്നിവ മൂന്നുനേരവും നേദിക്കാനായി ക്ഷേത്രത്തിൽ കൊണ്ടുപോകും. പൂജകഴിഞ്ഞ് അവ നമുക്കുതന്നെ തിരിച്ചുതരും. അന്ന് ഞങ്ങൾ കുട്ടികൾക്ക് ആഘോഷമാണ്. അഷ്ടമിക്ക് വൈകുന്നേരം ക്ഷേത്രത്തിൽ പോയാൽ അത്താഴപൂജ കഴിഞ്ഞു നടയടച്ചതിനുശേഷമേ ഞങ്ങൾ കുട്ടികൾ വീടുകളിലേക്ക് മടങ്ങൂ. അതുവരെ ചുറ്റമ്പലത്തിലും ആലത്തറയിലും ഞങ്ങളുടെ കലാപരിപാടികൾ.

വൈകീട്ടത്തെ പൂജയ്ക്ക് അവിലും മലരും പൂജയ്ക്ക് കൊണ്ടുവരുന്നവർ മിക്കവാറും അവ തിരിച്ചുവാങ്ങാൻ അത്താഴപൂജ കഴിയുന്നത് വരെ കാത്തുനിൽക്കാറില്ല. അതിനാൽ ഉടമസ്ഥനില്ലാത്ത ഈ പൂജാദ്രവ്യങ്ങളൊക്കെ ഞങ്ങളുടെ വയറ്റിലേക്കാണ് പോകുക. പൂജകഴിഞ്ഞ് പൂജാരി ഓരോ പ്രസാദത്തട്ടും പുറത്തെടുത്തുവയ്ക്കും. ഉടമസ്ഥൻ അവരവരുടെ തട്ട് തിരിച്ചറിഞ്ഞു എടുത്ത് കൊണ്ടുപോകണം. അതിനാൽ ഞങ്ങളുടെ അവിലും മലരും കിട്ടിക്കഴിഞ്ഞാലും ഞങ്ങൾ അവിടെത്തന്നെ ചുറ്റിപറ്റി നിൽക്കും അവസാനം ആളില്ലാത്തവ എടുത്തുകൊണ്ടു പോകുവാൻ. പ്രസാദം വാങ്ങാൻ വരാത്തവർ അധികവും ഇലക്കുമ്പിളിൽ ആവും നേദിക്കാൻ കൊണ്ടുവന്നിരിക്കുക: പാത്രം നഷ്ടപ്പെടില്ലല്ലോ. ചിലർ മരത്തിൻറെ നീണ്ട പിടിയുള്ള മരികയിൽ ആയിരിക്കും അവിലും മലരും കൊണ്ടുവരുക. അത്തരം പാത്രങ്ങൾ പുറത്തേക്കു വയ്ക്കുമ്പോൾ ആളുകൾ വിളിച്ചുപറയും "തെക്കോട്ടു നാക്ക്", "വടക്കോട്ടു നാക്ക്" എന്നൊക്കെ, അത് നോക്കിവേണം സ്വന്തം പാത്രം തിരിച്ചറിയാൻ.

നിലാവ് വീണുകിടക്കുന്ന ചുറ്റമ്പലത്തിൻറെ നടവഴികളിൽ ഞങ്ങൾ കുട്ടികൾ രാവേറെ ചെല്ലുംവരെ ഇരുന്നും കളിച്ചും സമയം കഴിച്ചുകൂട്ടും. ഞങ്ങൾക്ക് കൂട്ടായി വിറകൊള്ളുന്ന അരയാൽച്ചില്ലകൾ. അകലെ ഞങ്ങളുടെ കുസൃതികൾ കണ്ടുനെടുവീർപ്പിടുകയും പനമ്പട്ടകൾ ഒടിച്ചുമടക്കി ബന്ധനത്തിൻറെ അരിശംതീർക്കുന്ന അമ്പലത്തിലെ എഴുന്നള്ളിപ്പിന് കൊണ്ടുവന്നിരിക്കുന്ന അപ്പുണ്ണിമേനോൻറെ കൊമ്പനാന, കേശവൻ. ഇത്ര വലിയ ശരീരത്തെ ബന്ധിച്ചിരിക്കുന്നു ഒരു ചെറിയ ചങ്ങലയെനോക്കി നിസ്സഹായതയുടെ കണ്ണുനീർപൊഴിക്കുംപോലെ നിലാവിൽ കൺകോണുകളിലൂടെ ഒഴുകുന്ന നീർച്ചാലുകൾ. "അത് കരയ്യൊന്നും അല്ലടാ, ആനകൾ അങ്ങിനെ തന്നെയാണ്" എന്ന സുഹൃത്തിൻറെ ആശ്വാസവചനങ്ങൾ ഉൾക്കൊള്ളാൻ പക്ഷെ മനസ്സ് പാകപ്പെട്ടിട്ടില്ലായിരുന്നു.

പിറ്റേന്ന് നവമി ദിവസം. പുസ്തകം തൊട്ടുനോക്കേണ്ട, നോക്കാൻ പാടില്ല, ആയുധപൂജയാണ്. ഗ്രാമത്തിലെ കൃഷീവലർക്കും മറ്റു തൊഴിൽ ചെയ്യുന്നവർക്കും എല്ലാം ഒരുദിവസത്തെ വിശ്രമം, എല്ലാവരും സ്വന്തം പണിയായുധങ്ങൾ പൂജക്കു വച്ചിരിക്കുന്നു, പ്രതീകാത്മകമായി .

ദശമിരാവിലത്തെ പൂജ കഴിഞ്ഞാൽ പുസ്തകങ്ങൾ സരസ്വതീ മണ്ഡപത്തിൽ നിന്നും പുറത്തേക്കെടുക്കുന്നു. ഓരോ പുസ്തകക്കെട്ടും പല കൈകൾ കൈമാറി ഉടമസ്ഥൻറെ കൈകളിൽ എത്തുന്നു. പുസ്തകക്കെട്ടിന്മേൽ എഴുതിയ പേരും വീട്ടുപേരും ഉറക്കെ വിളിച്ചുപറയുന്ന ക്ഷേത്രജീവനക്കാർ. തൻറെ ഊഴം കാതോർത്തുനിൽക്കുന്ന ഭക്തർ. ഒടുവിൽ പൂജകഴിഞ്ഞ് പുസ്തകവുമായി ഗോപുരവാതിൽക്കൽ ചമ്രംപടിഞ്ഞിരുന്നു ഹരിശ്രീ കുറിക്കൽ. പുതിയതായി അക്ഷരംകുറിക്കാൻ എത്തിയ കുരുന്നുകളുടെ കരച്ചിൽ . ചിലർ സന്തോഷത്തോടെ സ്വർണ്ണമോതിരം കൊണ്ട് ഹരിശ്രീ കുറിക്കാൻ നാവു നീട്ടികൊടുക്കുന്നു. ചിലർ ഗുരുനാഥൻറെയും അമ്മയുടെയും മടിയിൽനിന്ന് കുതറിമാറി രക്ഷപ്പെടാൻ ശ്രമിക്കുന്നു. തൻറെ നാവിന് ഇത്ര ചെറുപ്പത്തിൽത്തന്നെ ബന്ധനം തീർക്കുകയാണോ ഇവർ എന്ന ഭയമായിരുന്നിരിക്കാം ആ കുരുന്നുകളുടെ പ്രതിഷേധം എന്ന് ഇപ്പോൾ തോന്നുന്നു.

മറ്റൊരു മലമാക്കാവുകാരൻ എം.ടി. രവീന്ദ്രന് ഓർക്കാൻ അന്നാട്ടിലെ പരമേശ്വരന്‍നായര്‍ എന്ന ചിത്രകലാദ്ധ്യാപകനെ കുറിച്ചും. "അദ്ദേഹം പിന്നീട് വൈദ്യം പഠിച്ച് അറിയപ്പെടുന്ന വൈദ്യരായി. ചിലര്‍ പരമേശ്വരന്‍മാഷെന്ന് വിളിച്ചു. മറ്റു പലര്‍ക്കും പരമേശ്വരന്‍വൈദ്യരായി. കുടുംബത്തിലെ കാരണവരില്‍നിന്ന് പകര്‍ന്നുകിട്ടിയ നാട്ടറിവില്‍ നിന്ന് മലമക്കാവിലെ അടിക്കാടുകളില്‍ വളരുന്ന ഒരു ഔഷധസസ്യം ഉപയോഗിച്ച് പരമേശ്വരന്‍നായര്‍ പൊള്ളലിന് ഏറെ ഫലപ്രദമായ ഔഷധക്കൂട്ടും നിര്‍മിച്ചു. പൊള്ളലേറ്റവര്‍ പലരും പൂര്‍ണസുഖം പ്രാപിച്ച് തിരിച്ചുപോയിട്ടുണ്ട്. വര്‍ഷം 2011ൽ  അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. അദ്ദേഹം സ്ഥാപിച്ച ചികിത്സാസ്ഥാപനം ഇപ്പോള്‍ കുറ്റിപ്പുറത്തിനടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

നീലത്താമര വിടരുന്ന നാട്, തായമ്പകയിലെ മലമക്കാവ് ശൈലിയുടെ ജന്മദേശം, തീപ്പൊള്ളലേറ്റ് നീറിപ്പിടയുന്നവര്‍ക്ക് ഒരു പൊള്ളല്‍പ്പാടുമില്ലാതെ സുഖം പ്രാപിക്കാന്‍ ഔഷധക്കൂട്ട് കണ്ടുപിടിച്ച പരമേശ്വരന്‍ നായരുടെ നാട്… ഇത്രയും വിശേഷണങ്ങള്‍ തന്നെ ധാരാളം മതി മലമക്കാവ് ദേശത്തെ മറക്കാതിരിക്കാന്‍."

You need to a flashplayer enabled browser to view this YouTube video

മലമക്കാവ് ഏറെ ശാലീനയാകുന്നത് ഓണക്കാലത്താണ് എന്ന് രാജൻ കിണറ്റിങ്കര: "ചിങ്ങമാസം ആയാൽ പച്ചപുതച്ച് നിന്നിരുന്ന പാടം മഞ്ഞണിഞ്ഞു നിൽക്കും. എല്ലാ കണ്ടങ്ങളിലും നെൽചെടികൾ നിറകതിരുമായി കൊയ്യാൻപാകത്തിൽ നിന്നുതലയാട്ടും. രണ്ട് വശങ്ങളിൽനിന്നും പാടവരമ്പിലേക്ക് ചാഞ്ഞുകിടക്കന്ന അവയെ വകഞ്ഞു മാറ്റി വേണം ആളുകൾക്ക് നടക്കുവാൻ. അതിനിടയിലൂടെ നടന്നുപോകുന്ന ഞങ്ങളുടെ ഉടുപ്പുകളിൽ നെല്ലിൻപൂവുകൾ പറ്റിപ്പിടിച്ചിരിക്കും. തിരുവോണം ആവുമ്പോഴേക്കും എല്ലാ കണ്ടങ്ങളിലും കൊയ്ത്ത് കഴിഞ്ഞിരിക്കും, അവ നിറപുത്തരിയായി പല വീടുകളിലെ പത്തായങ്ങളിൽ നിറഞ്ഞുകിടക്കും. ഒരു ഗ്രാമത്തിൻറെ ഐശ്വര്യത്തിൻറെ പ്രതിരൂപമായി കൊയ്തൊഴിഞ്ഞ പാടം അങ്ങിനെ നീണ്ടുനിവർന്നു തളർന്നുമയങ്ങിക്കിടക്കും.

കൊയ്തൊഴിഞ്ഞ പാടങ്ങളിൽ താറാവുകൾ മേഞ്ഞുനടക്കും. ചിങ്ങമാസത്തിൽമാത്രം ഞങ്ങളുടെ പാടത്ത് കാണുന്ന ഈ പ്രതിഭാസത്തെ ഞങ്ങൾ കൗതുകത്തോടെ നോക്കും. മേയ്ക്കുന്ന തമിഴൻ "ഊശ്" "ഊശ്" എന്ന ശബ്ദത്തിൽ കയ്യിലുള്ള വടിവീശി താറാവുകളെ നിയന്ത്രിക്കും. അതൊരു രസമുള്ള കാഴ്ചതന്നെ. തോട്ടിലൂടെ തുഴഞ്ഞുപോകുന്ന താറാവുകൾ, പരസ്പരം കൊത്തിയും "കറ കറ" ശബ്ദമുണ്ടാക്കിയും മുങ്ങിയും പൊങ്ങിയും അവ കായൽക്കരയിൽ എത്തിച്ചേരും. അവിടെ വളച്ചുകെട്ടിയ വലയ്ക്കുള്ളിലാണ് അവയുടെ രാത്രിവാസം.

 

കർക്കിടകത്തിൽ ഇടിയും മിന്നലുമായി എത്തുന്ന മഴയിൽ പാടത്തിൻറെ ഓരോ അണുവിലും വെള്ളം കുത്തിയൊഴുകും. കലിതുള്ളിയ പ്രകൃതിയിൽ പാടവും കായലും ഭീകരരൂപം പൂകും . കിഴക്കൻമലയിൽനിന്ന്  ഇരമ്പിയെത്തുന്ന മഴ മലമക്കാവിൻറെ താഴ്വാരത്തിൽ കിതച്ചുനിൽക്കും, പിന്നെ അവിടെനിന്നൊരു ശിവതാണ്ഡവമാണ്. ആ പേമാരിയിൽ മലമക്കാവും പാടവും പറമ്പും താലപ്പൊലിപ്പാലക്കുന്നും എല്ലാം മഴനൃത്തം ചെയ്യും.

പാടത്തിൻറെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ താലപ്പൊലിപ്പാലക്കുന്നിൽനിന്ന് താഴേക്കു നോക്കണം. കുന്നിനു താഴെ കണ്ണെത്താദൂരം പരന്നുകിടക്കുന്ന പാടവും അതിനപ്പുറം ഒരു വെള്ളിവരയായി കായലും ഒരു നീർചാലുപോലെ ചരലിങ്ങൽതോടും കാണാം. അവയ്ക്കപ്പുറം കിഴക്കൻമലയിലേക്ക് തലവച്ചുറങ്ങുന്ന ഒരു കാരണവരെപ്പോലെ ഭാരതപ്പുഴയും. പുഴയുടെ തീരത്തുകൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ടാറിട്ട റോഡിലൂടെ പോകുന്ന വാഹനങ്ങൾ പറന്നുനടക്കുന്ന ഓണത്തുമ്പികളെപ്പോലെ തോന്നും."


ലേഖനത്തിൻറെ ചെറിയ രൂപം തൃപ്പൂണിത്തുറ താമരംകുളങ്ങര ക്ഷേത്രത്തിൻറെ 2018 മകരവിളക്ക് സൂവനീറിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദൽഹിയിൽ പത്രപ്രവർത്തകനാണ് ലേഖകൻ. മുത്തശ്ശിയുടെ നാടാണ് മലമക്കാവ്.

 

embed video powered by Union Development


Sopana Sangeetam: Varied Facets of Kerala’s ethnic music

Is Sopana Sangeetam a genre in itself? What are some points that can possibly define this music form of Kerala? A panoramic view:

By Sreevalsan Thiyyadi

 njeralathu ramapothuval

Let’s start with that good old story. An episode that is very much part of Indian classical music. Down south, in the plains of downstream Cauvery, we had one of the most vital composers whose name is today associated almost synonymously with the Carnatic system. Saint Thyagaraja. The influential vocalist, who lived in the 18th and 19th centuries in peninsular India, has composed several kritis—most or all of it in his mother-tongue Telugu. One of them, starting with the line Endaro Mahaanubhaavulu, is something that went on to gain special popularity across the Deccan. In fact, that composition in ragam Sri has its share of appeal up north of India as well, going by the warm reception it gets at a kacheri in, say, Ahmedabad, Delhi or Kolkata. (It’s another matter that ‘Shri’ in the Hindustani stream is a completely unrelated scale.)Read more: Sopana Sangeetam: Varied Facets of Kerala’s ethnic music

Ayyappan Thiyyattu: A Kerala Traditional Art of Colour, Music & Dance

Arguably the smallest community (of eight families) in the southern Indian state, Thiyyadi Nambiars are performers of a temple art that celebrates the mythology of a son born to gods Shiva and Vishnu-as-Mohini.

by Sreevalsan Thiyyadi

 

When it comes to traditional performing arts of India, not many would warrant its practitioner to possess all-round skills on par with a quaint old form from a territory down-country. Ayyappan Thiyyattu of Kerala requires the artiste(s) to be able to draw image, sing, dance and drum besides being bodily strong.Read more: Ayyappan Thiyyattu: A Kerala Traditional Art of Colour, Music & Dance

ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ..

- രവീന്ദ്രനാഥ് പുരുഷോത്തമൻ 

കഥകളി അഭ്യസിപ്പിക്കുന്ന കാര്യത്തിൽ വളരെ നിഷ്കർഷത വെച്ചു പുലർത്തുകയും, കല്ലുവഴി ചിട്ട ശിഷ്യന്മാരിലൂടെ നിലനിർത്തുകയും ചെയ്ത  അജയ്യനായ ആചാര്യനായിരുന്നു പട്ടിയ്ക്കാംതൊടി രാവുണ്ണി മേനോൻ. ആ പരമാചാര്യന്റെ നാമധേയത്തിലുള്ള പുരസ്ക്കാരം ഈ വർഷം കിട്ടിയത്  ശ്രീ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ്.  പുരസ്ക്കാര ലബ്ധിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും, ആ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു.Read more: ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ..

വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.

 വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.  - കലാമണ്ഡലം വാസു പിഷാരോടി.

(02 മെയ്‌ 2015, ശ്രീ കലാമണ്ഡലം ഇ വാസുദേവന്‍ നായരുടെ സപ്തതിയോടനുബന്ധിച്ച്, എറണാകുളത്ത് നടന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ ലിഖിതരൂപം.) – തയ്യാറാക്കിയത് എന്‍. രാമദാസ്.                          

 Kala: Vasu Pisharady

എന്‍റെ കുട്ടിക്കാലത്ത് നളചരിതത്തിലെ നായകവേഷം കൈകാര്യം ചെയ്തിരുന്നത് കുഞ്ചുനായരാശാന്‍, കൃഷ്ണന്‍ നായരാശാന്‍, മാങ്കുളം തിരുമേനി തുടങ്ങിയ പ്രഗത്ഭര്‍ ആയിരുന്നു. ഈ മൂന്നു ആചാര്യന്മാര്‍ക്കും നളനോടുള്ള സമീപനത്തില്‍ കുറച്ചുകുറച്ചൊക്കെ –ചിലപ്പോള്‍ കുറച്ചധികം –വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നു. നളചരിതം അവതരിപ്പിക്കുമ്പോള്‍ അധികം പരിഭ്രമിക്കേണ്ട കാര്യമില്ല, ഉണ്ണായിവാരിയര്‍ നന്നായി തന്നെ പാത്രസൃഷ്ടി നടത്തിയിട്ടുണ്ട് എന്ന് ഇവിടെ നേരത്തെ സംസാരിച്ചവര്‍ പറഞ്ഞു. അതുതന്നെയാണ് നളചരിതാവതരണത്തിലെ വൈഷമ്യവും. മറ്റു കഥാപാത്രങ്ങളിലൊന്നും പാത്രസൃഷ്ടി പൂര്‍ണ്ണമാണെന്നു ആലങ്കാരികശാസ്ത്രജ്ഞന്മാരോ നിരൂപകരോ ഒന്നും വ്യാഖ്യാനങ്ങളില്‍ പറഞ്ഞിട്ടില്ല. കഷ്ടിച്ചു കാലകേയവധത്തില്‍ മാത്രമേ ഇതുള്ളൂ എന്നും പറയാറുണ്ട്. ഏറ്റവും പ്രസിദ്ധമായ കോട്ടയം കഥകളില്‍ പോലും ഒരു പരിധി വരെ ധര്‍മ്മപുത്രര്‍ക്ക് പ്രാധാന്യം, മറ്റൊരു പരിധി വരെ ഭീമന് പ്രാധാന്യം, മറ്റൊരു പരിധി വരെ അര്‍ജ്ജുനനു പ്രാധാന്യം – അങ്ങനെയൊക്കെയാണ്. അന്നത്തെ കാലത്തൊക്കെ പാത്രസൃഷ്ടി പൂര്‍ണ്ണമാകുക എന്നതിനപ്പുറം മൊത്തം കളി നന്നാവുക എന്നായിരിക്കണം ചിന്തിച്ചിട്ടുണ്ടാവുക. Read more: വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.

Mohiniyattam exponent and Guru Smt Nrimala Panikker speaks about Saptham and its significance

Not many have explored the potential of Sapthams in Mohiniyattam which was introduced in the modern Mohiniyattam repertoire by none other than Smt Kalayanikutty Amma hailed as the mother of Mohiniyattam. It is thus not surprising that one of her foremost disciples Smt Nirmala Panikker finds Saptham a great way to present elaborate stories in Mohiniyattam. She recently choreographed and presented through her disciples an Ashtapadi, Dasavatharam in Saptham format following  a 200 year old text: ‘Gitagovindam Nrithyalakshana Sahitham,’ which gives instructions including hand gestures for presenting Gita Govindam through dance.  Read more: Mohiniyattam exponent and Guru Smt Nrimala Panikker speaks about Saptham and its significance

free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template