തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും
- Details
- Category: Koodiyattam
- Published on Thursday, 20 February 2014 01:47
- Hits: 4954
തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും
നാരായണൻ മൊതലക്കൊട്ടം
മൂഴിക്കുളം - ഐതിഹ്യവും ചരിത്രവും
അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപെരുമാൾ ക്ഷേത്രം ആലുവ താലൂക്കിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ഭാരതത്തിലെ നൂറ്റിയെട്ട് തിരുപ്പതികളിൽ മലയാളനാട്ടിലുള്ള പതിമൂന്നു എണ്ണത്തിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ദ്വാപരയുഗാന്ത്യത്തോടെ സമുദ്രത്തില്‍ താണുപോയി. കാലാന്തരത്തില്‍ ഈ വിഗ്രഹങ്ങള്‍ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മുക്കുവര്‍ക്ക് ലഭിച്ചു. അവര്‍ വിഗ്രഹങ്ങള്‍ ലഭിച്ച വിവരം അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയില്‍കൈമളിനെ ധരിപ്പിക്കയും, അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു കൈമള്‍ പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ് ഐതിഹ്യം. ഈ നാല് വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കപെട്ട തൃപ്രയാര്‍ (നിര്‍മാല്യദര്‍ശനം), ഇരിങ്ങാലക്കുട (ഉഷ:പൂജ), മൂഴിക്കുളം (ഉച്ചപൂജ), പായമ്മല്‍ (അത്താഴപൂജ) എന്നിങ്ങനെയാണ് പ്രസിദ്ധമായ നാലമ്പല ദര്‍ശനം എന്നറിയപെടുന്ന രീതിയിലുള്ള കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശന രീതി.
ചേരഭരണകാലത്ത് മലയാളക്കരയെ തിരുവനന്തപുരം, തിരുവല്ല, മൂഴിക്കുളം, കാന്തല്ലൂര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി (തളികള്‍) ഗ്രാമക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭരണസംവിധാനം ചെയ്തിരുന്നത്. ഊരാളരും മറ്റ് അധികാരികളും കൂടി ക്ഷേത്രകൂട്ടത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചട്ടങ്ങളായി. ഇത്തരം ചട്ടങ്ങളെ അഥവാ വ്യവസ്ഥകളെയാണ് കച്ചങ്ങളെന്നു പറയുന്നത്. പല കേരളചരിത്രരേഖകളിലും മറ്റു കച്ചങ്ങളെ കുറിച്ചും പ്രതിപാദ്യം ഉണ്ടെങ്കിലും ചേരഭരണത്തില്‍ എന്ത് നടപടിയും മൂഴിക്കുളം കച്ചത്തിനെ ആസ്പദമാക്കിയായിരുന്നു സ്വീകരിച്ചിരുന്നത്. അതാണ് മൂഴിക്കുളത്തിനുള്ള പ്രാധാന്യം. മൂഴിക്കുളം കച്ചം സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളില്‍ മേല്‍ തളിയായി മൂഴിക്കുളം കണക്കാക്കുകയും നാല് തളികളുടെ മേല്‍ത്തളിയെന്ന പ്രാമുഖ്യമുള്ളത് കൊണ്ട് ഇവിടുത്തെ ദേവന് മാത്രം ചക്രവര്‍ത്തിപദ തുല്യമായ ‘പെരുമാള്‍’ സ്ഥാനം നല്‍കിയിരുന്നു.
ചാക്യാര്‍ കൂത്ത് – കൂടിയാട്ടം എന്ത്?
മലയാളക്കരയിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർ കൂത്ത്. ഇതിഹാസ കഥകളെ ആസ്പദമാക്കി, നിലവിലുള്ള രീതികളെയും, സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ സന്നിവേശിപ്പിച്ചുകൊണ്ടു, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന കഥകളും, സാഹചര്യങ്ങളും കോര്‍ത്തിണക്കി പ്രബന്ധം അവതരിപ്പിക്കുന്നതാണ് ചാക്യാര്‍കൂത്ത്. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കഥാസന്ദര്‍ഭങ്ങളുമായി ബന്ധപെടുത്തി ശക്തമായ സാമൂഹിക ഇടപെടലുകള്‍ ചാക്യാര്‍ കൂത്തില്‍ കൂടി നടത്തിയിരുന്നു.
ഭാരതത്തിലെ തന്നെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകരൂപമാണ് ഒമ്പതാം നൂറ്റാണ്ടോടെ രൂപപ്പെട്ടു എന്ന് വിശ്വസിക്കപ്ടുന്ന കൂടിയാട്ടം. ലോകപൈതൃകമായി UNESCO അംഗീകരിച്ച ഏക ഭാരതീയ നൃത്ത നാടക രൂപമാണ് കൂടിയാട്ടം. അമ്പലവാസികളില്‍ പെടുന്ന ചാക്യാര്‍, നമ്പ്യാര്‍ സമുദായക്കാര്‍ക്ക് ആണ് പാരമ്പര്യമായി കൂടിയാട്ടം നടത്തുന്നതിനുള്ള ചുമതല. പിന്നണി വാദ്യമായ മിഴാവ് കൈകാര്യം ചെയ്യുന്നത് നമ്പ്യാര്‍ ആണ്.
സത്വികാഭിനയത്തിനാണ് (രസാഭിനയം) കൂടിയാട്ടത്തില്‍ പ്രാധാന്യം. സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നിങ്ങനെ ചതുര്‍വിധാഭിനയങ്ങളെ വേണ്ടവിധത്തില്‍ കൂട്ടിയിണക്കിയുള്ള അവതരണ രീതിയാണ് കൂടിയാട്ടത്തില്‍ അവലംബിച്ചിട്ടുള്ളത്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ പ്രദര്‍ശിപ്പിക്കുന്നതാണ് കൂടിയാട്ടതിന്‍റെ രീതി.
ക്ഷേത്രത്തില്‍ കൂത്തിനുള്ള പ്രാധാന്യം
വൈദികമായ വിധി നിഷേധങ്ങളെ ക്ഷേത്രത്തില്‍ വരുന്ന ഭക്തരെ പറഞ്ഞു മനസ്സിലാക്കലാണ് കൂത്തും കൂടിയാട്ടവും കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ക്ഷേത്രത്തിലെ ദേവന്‍റെ അച്ഛന്റെ സ്ഥാനം തന്ത്രിക്കും അമ്മയുടെ സ്ഥാനം ചാക്യാര്‍ക്കും നല്‍കി വരുന്നത്. ചാക്യാര്‍ക്കു സ്ഥാനമാനങ്ങളും വസ്തുവകകളും കല്‍പ്പിച്ചു നല്‍കിയിരുന്നതുകൊണ്ട് കുലധര്‍മ്മമായി ഈ കലകള്‍ അനുഷ്ടിക്കാനും, കൂട്ട് പ്രവര്‍ത്തകരായ നമ്പ്യാര്‍ക്കും നന്ഗ്യാര്‍ക്കും പ്രതിഫലം നല്‍കി കൂടെ നിര്‍ത്താനും, അനന്തര തലമുറകളെ കുലധര്‍മ്മം അനുഷ്ഠിക്കാന്‍ പ്രപ്തരാക്കാനും കഴിഞ്ഞു. കൂത്തമ്പലാദി അംഗങ്ങളുള്ള മഹാക്ഷേത്രങ്ങളില്‍ അടിയന്തിരകൂത്തും കൂടിയാട്ടവും വളരെ പ്രാധാന്യം ഉള്ളതും ലോപം വന്നാല്‍ പ്രായശ്ചിത്തം മുതലായവ വേണമെന്ന് നിഷ്കര്ഷിക്കപെടുന്നതുമാണ്.
തിരുമൂഴിക്കുളത്തെ സവിശേഷതകള്‍
തിരുമൂഴിക്കുളം ക്ഷേത്രത്തില്‍ കൂത്തിനും കൂടിയാട്ടത്തിനും സവിശേഷമായ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. വൃശ്ചിക സംക്രമ സമയത്ത് തലേകെട്ടു വയ്ക്കണം എന്ന് ഇവിടെ അനുശാസിക്കപെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതു സമയം അയാലും സംക്രമ സമയം നട തുറന്നിരിക്കും എന്ന് സാരം!!. ഇത്തരത്തിലുള്ള ഏക ക്ഷേത്രം മൂഴിക്കുളം ആണ് എന്നാണ് കേട്ടറിവ്. മണ്ഡല കാലത്തെ (41 ദിവസം) കൂത്തും തുടര്‍ന്നുള്ള കൂടിയാട്ടം കാണാനും കേള്‍ക്കാനും തേവര്‍ നേരിട്ടെഴുന്നള്ളി വലിയമ്പലത്തില്‍ ഇരിക്കുന്നു എന്ന് സങ്കല്പം. ഇതിനായി തെക്കേ വലിയമ്പലത്തില്‍ കരിങ്കല്ലുകൊണ്ട് ഒരു പീഠവുമുണ്ട്. അതാത് വര്‍ഷത്തെ കൂടിയാട്ടത്തിന്‍റെ കഥ നിശ്ചയിക്കുന്നത് ലക്ഷ്മണസ്വാമി തന്നെയാണ്!!. കൂത്ത് തുടങ്ങി പതിനൊന്നാം ദിവസമാണ് (വൃശ്ചികം 11 നു) കഥ വിധിക്കുന്നത്. ആ ദിവസം അത്താഴ പൂജയുടെ പ്രസന്ന പൂജാ സമയം ദേവന്‍ കഥ നിശ്ചയിച്ചു ക്ഷേത്രാചാര്യന്റെ (മേല്‍ശാന്തിയുടെ) മനസ്സില്‍ തോന്നിപ്പിക്കും. പൂജ നട തുറന്നാല്‍ എത്രയും വേഗം (തീര്‍ത്ഥം തളിക്കുന്നത് മുന്‍പ് തന്നെ) കാത്തു നില്‍ക്കുന്ന ക്ഷേത്ര ഭരണാധികാരി വഴി മൂത്ത ചാക്യാരെ വിവരം ധരിപ്പിക്കുന്നു. അതിനു ശേഷം ആണ് പൂജാ തീര്‍ത്ഥം ഭക്തരെ തളിക്കുന്നത്. അന്ന് തന്നെ ചാക്യാര്‍ കൂടിയാട്ടം നിര്‍വഹണം നടത്തും.
സന്താനസൌഭാഗ്യത്തിനായി അംഗുലിയാങ്കം കൂത്ത് വഴിപാടായി നടത്താറുണ്ട്. അംഗുലിയാങ്കം കഥക്കും അടിയന്തിര ചാക്യാര്‍ കുടുംബത്തിലെ കുട്ടികളുടെ അരങ്ങേറ്റത്തിനും അണിയലോട് കൂടി വന്നു സോപാനത്തിങ്കല്‍ വന്നു മണിയടിച്ചു തൊഴുന്നതിനു വിശേഷാല്‍ അധികാരം ഇവിടെ ചക്യാരില്‍ നിക്ഷിപ്തമാണ്. ആ സമയം ബ്രാഹ്മണര്‍ അടക്കമുള്ള മറ്റു ഭക്തരെ ദര്‍ശനത്തിനു അനുവദിക്കാറില്ല. ഇപ്പോള്‍ അമ്മന്നൂര്‍ ചാക്യാര്‍ മഠക്കാര്‍ക്കാണ് ക്ഷേത്രത്തിലെ കൂത്ത് നടത്തുവാനുള്ള അവകാശം.
അവസാനമായി ഇവിടെ അംഗുലീയാങ്കം വഴിപാടു കൂത്ത് നടന്നത് ഏതാണ്ട് മുപ്പതു വര്ഷം മുമ്പാണ്. ഏതാണ്ട് നാല് പതിറ്റാണ്ടിനു മുമ്പും ആറു പതിറ്റാണ്ടിനു മുമ്പും അംഗുലീയാങ്കം കൂത്ത് നടന്നിട്ടുള്ളതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ഈ മൂന്നു അംഗുലീയാങ്കം കൂത്തും നടത്തിയത് പദ്മശ്രീ പുരസ്കാര ജേതാവായ മൂഴിക്കുളം (അമ്മന്നൂര്‍) കൊച്ചുകുട്ടന്‍ ചാക്യാര്‍ ആണ്.
സംഘകാലഘട്ടം മുതലുള്ള കേരളചരിത്രത്തില്‍ മറ്റു ഗ്രാമ ക്ഷേത്രങ്ങളില്‍ നിന്നും ഭരണപരമായും കലാപരമായും മൂഴിക്കുളം ക്ഷേത്രത്തിന്‍റെ പ്രാധാന്യം മുകളില്‍ നിന്ന് വ്യക്തമാണല്ലോ. ആ കാലഘട്ടം മുതല്‍ ടിപ്പുവിന്റെ പടയോട്ടം വരെയുള്ള കേരള ചരിത്രത്തില്‍ വിശേഷിച്ചു ചാക്യാര്‍ കൂത്ത്-കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളുടെ ഉന്നതമായ സ്ഥാനം മൂഴിക്കുളത്തിനായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല.