തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും
- Details
- Category: Koodiyattam
- Published on Thursday, 20 February 2014 01:47
- Hits: 5000
തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും
നാരായണൻ മൊതലക്കൊട്ടം
മൂഴിക്കുളം - ഐതിഹ്യവും ചരിത്രവും
അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപെരുമാൾ ക്ഷേത്രം ആലുവ താലൂക്കിൽ ചാലക്കുടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്നു. ഭാരതത്തിലെ നൂറ്റിയെട്ട് തിരുപ്പതികളിൽ മലയാളനാട്ടിലുള്ള പതിമൂന്നു എണ്ണത്തിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ദ്വാപരയുഗാന്ത്യത്തോടെ സമുദ്രത്തില്‍ താണുപോയി. കാലാന്തരത്തില്‍ ഈ വിഗ്രഹങ്ങള്‍ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മുക്കുവര്‍ക്ക് ലഭിച്ചു. അവര്‍ വിഗ്രഹങ്ങള്‍ ലഭിച്ച വിവരം അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയില്‍കൈമളിനെ ധരിപ്പിക്കയും, അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു കൈമള്‍ പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ് ഐതിഹ്യം. ഈ നാല് വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കപെട്ട തൃപ്രയാര്‍ (നിര്‍മാല്യദര്‍ശനം), ഇരിങ്ങാലക്കുട (ഉഷ:പൂജ), മൂഴിക്കുളം (ഉച്ചപൂജ), പായമ്മല്‍ (അത്താഴപൂജ) എന്നിങ്ങനെയാണ് പ്രസിദ്ധമായ നാലമ്പല ദര്‍ശനം എന്നറിയപെടുന്ന രീതിയിലുള്ള കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശന രീതി.
ചേരഭരണകാലത്ത് മലയാളക്കരയെ തിരുവനന്തപുരം, തിരുവല്ല, മൂഴിക്കുളം, കാന്തല്ലൂര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി (തളികള്‍) ഗ്രാമക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭരണസംവിധാനം ചെയ്തിരുന്നത്. ഊരാളരും മറ്റ് അധികാരികളും കൂടി ക്ഷേത്രകൂട്ടത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചട്ടങ്ങളായി. ഇത്തരം ചട്ടങ്ങളെ അഥവാ വ്യവസ്ഥകളെയാണ് കച്ചങ്ങളെന്നു പറയുന്നത്. പല കേരളചരിത്രരേഖകളിലും മറ്റു കച്ചങ്ങളെ കുറിച്ചും പ്രതിപാദ്യം ഉണ്ടെങ്കിലും ചേരഭരണത്തില്‍ എന്ത് നടപടിയും മൂഴിക്കുളം കച്ചത്തിനെ ആസ്പദമാക്കിയായിരുന്നു സ്വീകരിച്ചിരുന്നത്. അതാണ് മൂഴിക്കുളത്തിനുള്ള പ്രാധാന്യം. മൂഴിക്കുളം കച്ചം സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളില്‍ മേല്‍ തളിയായി മൂഴിക്കുളം കണക്കാക്കുകയും നാല് തളികളുടെ മേല്‍ത്തളിയെന്ന പ്രാമുഖ്യമുള്ളത് കൊണ്ട് ഇവിടുത്തെ ദേവന് മാത്രം ചക്രവര്‍ത്തിപദ തുല്യമായ ‘പെരുമാള്‍’ സ്ഥാനം നല്‍കിയിരുന്നു.
ചാക്യാര്‍ കൂത്ത് – കൂടിയാട്ടം എന്ത്?
മലയാളക്കരയിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർ കൂത്ത്. ഇതിഹാസ കഥകളെ ആസ്പദമാക്കി, നിലവിലുള്ള രീതികളെയും, സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ സന്നിവേശിപ്പിച്ചുകൊണ്ടു, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന കഥകളും, സാഹചര്യങ്ങളും കോര്‍ത്തിണക്കി പ്രബന്ധം അവതരിപ്പിക്കുന്നതാണ് ചാക്യാര്‍കൂത്ത്. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കഥാസന്ദര്‍ഭങ്ങളുമായി ബന്ധപെടുത്തി ശക്തമായ സാമൂഹിക ഇടപെടലുകള്‍ ചാക്യാര്‍ കൂത്തില്‍ കൂടി നടത്തിയിരുന്നു.
ഭാരതത്തിലെ തന്നെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകരൂപമാണ് ഒമ്പതാം നൂറ്റാണ്ടോടെ രൂപപ്പെട്ടു എന്ന് വിശ്വസിക്കപ്ടുന്ന കൂടിയാട്ടം. ലോകപൈതൃകമായി UNESCO അംഗീകരിച്ച ഏക ഭാരതീയ നൃത്ത നാടക രൂപമാണ് കൂടിയാട്ടം. അമ്പലവാസികളില്‍ പെടുന്ന ചാക്യാര്‍, നമ്പ്യാര്‍ സമുദായക്കാര്‍ക്ക് ആണ് പാരമ്പര്യമായി കൂടിയാട്ടം നടത്തുന്നതിനുള്ള ചുമതല. പിന്നണി വാദ്യമായ മിഴാവ് കൈകാര്യം ചെയ്യുന്നത് നമ്പ്യാര്‍ ആണ്.
സത്വികാഭിനയത്തിനാണ് (രസാഭിനയം) കൂടിയാട്ടത്തില്‍ പ്രാധാന്യം. സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നിങ്ങനെ ചതുര്‍വിധാഭിനയങ്ങളെ വേണ്ടവിധത്തില്‍ കൂട്ടിയിണക്കിയുള്ള അവതരണ രീതിയാണ് കൂടിയാട്ടത്തില്‍ അവലംബിച്ചിട്ടുള്ളത്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ പ്രദര്‍ശിപ്പിക്കുന്നതാണ് കൂടിയാട്ടതിന്‍റെ രീതി.
ക്ഷേത്രത്തില്‍ കൂത്തിനുള്ള പ്രാധാന്യം
വൈദികമായ വിധി നിഷേധങ്ങളെ ക്ഷേത്രത്തില്‍ വരുന്ന ഭക്തരെ പറഞ്ഞു മനസ്സിലാക്കലാണ് കൂത്തും കൂടിയാട്ടവും കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ക്ഷേത്രത്തിലെ ദേവന്‍റെ അച്ഛന്റെ സ്ഥാനം തന്ത്രിക്കും അമ്മയുടെ സ്ഥാനം ചാക്യാര്‍ക്കും നല്‍കി വരുന്നത്. ചാക്യാര്‍ക്കു സ്ഥാനമാനങ്ങളും വസ്തുവകകളും കല്‍പ്പിച്ചു നല്‍കിയിരുന്നതുകൊണ്ട് കുലധര്‍മ്മമായി ഈ കലകള്‍ അനുഷ്ടിക്കാനും, കൂട്ട് പ്രവര്‍ത്തകരായ നമ്പ്യാര്‍ക്കും നന്ഗ്യാര്‍ക്കും പ്രതിഫലം നല്‍കി കൂടെ നിര്‍ത്താനും, അനന്തര തലമുറകളെ കുലധര്‍മ്മം അനുഷ്ഠിക്കാന്‍ പ്രപ്തരാക്കാനും കഴിഞ്ഞു. കൂത്തമ്പലാദി അംഗങ്ങളുള്ള മഹാക്ഷേത്രങ്ങളില്‍ അടിയന്തിരകൂത്തും കൂടിയാട്ടവും വളരെ പ്രാധാന്യം ഉള്ളതും ലോപം വന്നാല്‍ പ്രായശ്ചിത്തം മുതലായവ വേണമെന്ന് നിഷ്കര്ഷിക്കപെടുന്നതുമാണ്.
തിരുമൂഴിക്കുളത്തെ സവിശേഷതകള്‍
തിരുമൂഴിക്കുളം ക്ഷേത്രത്തില്‍ കൂത്തിനും കൂടിയാട്ടത്തിനും സവിശേഷമായ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. വൃശ്ചിക സംക്രമ സമയത്ത് തലേകെട്ടു വയ്ക്കണം എന്ന് ഇവിടെ അനുശാസിക്കപെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതു സമയം അയാലും സംക്രമ സമയം നട തുറന്നിരിക്കും എന്ന് സാരം!!. ഇത്തരത്തിലുള്ള ഏക ക്ഷേത്രം മൂഴിക്കുളം ആണ് എന്നാണ് കേട്ടറിവ്. മണ്ഡല കാലത്തെ (41 ദിവസം) കൂത്തും തുടര്‍ന്നുള്ള കൂടിയാട്ടം കാണാനും കേള്‍ക്കാനും തേവര്‍ നേരിട്ടെഴുന്നള്ളി വലിയമ്പലത്തില്‍ ഇരിക്കുന്നു എന്ന് സങ്കല്പം. ഇതിനായി തെക്കേ വലിയമ്പലത്തില്‍ കരിങ്കല്ലുകൊണ്ട് ഒരു പീഠവുമുണ്ട്. അതാത് വര്‍ഷത്തെ കൂടിയാട്ടത്തിന്‍റെ കഥ നിശ്ചയിക്കുന്നത് ലക്ഷ്മണസ്വാമി തന്നെയാണ്!!. കൂത്ത് തുടങ്ങി പതിനൊന്നാം ദിവസമാണ് (വൃശ്ചികം 11 നു) കഥ വിധിക്കുന്നത്. ആ ദിവസം അത്താഴ പൂജയുടെ പ്രസന്ന പൂജാ സമയം ദേവന്‍ കഥ നിശ്ചയിച്ചു ക്ഷേത്രാചാര്യന്റെ (മേല്‍ശാന്തിയുടെ) മനസ്സില്‍ തോന്നിപ്പിക്കും. പൂജ നട തുറന്നാല്‍ എത്രയും വേഗം (തീര്‍ത്ഥം തളിക്കുന്നത് മുന്‍പ് തന്നെ) കാത്തു നില്‍ക്കുന്ന ക്ഷേത്ര ഭരണാധികാരി വഴി മൂത്ത ചാക്യാരെ വിവരം ധരിപ്പിക്കുന്നു. അതിനു ശേഷം ആണ് പൂജാ തീര്‍ത്ഥം ഭക്തരെ തളിക്കുന്നത്. അന്ന് തന്നെ ചാക്യാര്‍ കൂടിയാട്ടം നിര്‍വഹണം നടത്തും.
സന്താനസൌഭാഗ്യത്തിനായി അംഗുലിയാങ്കം കൂത്ത് വഴിപാടായി നടത്താറുണ്ട്. അംഗുലിയാങ്കം കഥക്കും അടിയന്തിര ചാക്യാര്‍ കുടുംബത്തിലെ കുട്ടികളുടെ അരങ്ങേറ്റത്തിനും അണിയലോട് കൂടി വന്നു സോപാനത്തിങ്കല്‍ വന്നു മണിയടിച്ചു തൊഴുന്നതിനു വിശേഷാല്‍ അധികാരം ഇവിടെ ചക്യാരില്‍ നിക്ഷിപ്തമാണ്. ആ സമയം ബ്രാഹ്മണര്‍ അടക്കമുള്ള മറ്റു ഭക്തരെ ദര്‍ശനത്തിനു അനുവദിക്കാറില്ല. ഇപ്പോള്‍ അമ്മന്നൂര്‍ ചാക്യാര്‍ മഠക്കാര്‍ക്കാണ് ക്ഷേത്രത്തിലെ കൂത്ത് നടത്തുവാനുള്ള അവകാശം.
അവസാനമായി ഇവിടെ അംഗുലീയാങ്കം വഴിപാടു കൂത്ത് നടന്നത് ഏതാണ്ട് മുപ്പതു വര്ഷം മുമ്പാണ്. ഏതാണ്ട് നാല് പതിറ്റാണ്ടിനു മുമ്പും ആറു പതിറ്റാണ്ടിനു മുമ്പും അംഗുലീയാങ്കം കൂത്ത് നടന്നിട്ടുള്ളതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ഈ മൂന്നു അംഗുലീയാങ്കം കൂത്തും നടത്തിയത് പദ്മശ്രീ പുരസ്കാര ജേതാവായ മൂഴിക്കുളം (അമ്മന്നൂര്‍) കൊച്ചുകുട്ടന്‍ ചാക്യാര്‍ ആണ്.
സംഘകാലഘട്ടം മുതലുള്ള കേരളചരിത്രത്തില്‍ മറ്റു ഗ്രാമ ക്ഷേത്രങ്ങളില്‍ നിന്നും ഭരണപരമായും കലാപരമായും മൂഴിക്കുളം ക്ഷേത്രത്തിന്‍റെ പ്രാധാന്യം മുകളില്‍ നിന്ന് വ്യക്തമാണല്ലോ. ആ കാലഘട്ടം മുതല്‍ ടിപ്പുവിന്റെ പടയോട്ടം വരെയുള്ള കേരള ചരിത്രത്തില്‍ വിശേഷിച്ചു ചാക്യാര്‍ കൂത്ത്-കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളുടെ ഉന്നതമായ സ്ഥാനം മൂഴിക്കുളത്തിനായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല.
നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും
- Details
- Category: Koodiyattam
- Published on Thursday, 26 December 2013 01:00
- Hits: 5426
നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും
ദിലീപ് കുമാർ
ആമുഖം
ശ്രീമതി മാർഗ്ഗി സതി ദുബായ് ഉത്സവത്തിൽ അവതരിപ്പിച്ച കണ്ണകീ ചരിതം എന്ന, അവർ തന്നെ ചിട്ടപ്പെടുത്തിയ നങ്ങ്യാർ കൂത്തിനെ പറ്റിയുള്ള ഒരു ചെറിയ അവലോകനമെങ്കിലും അതു കണ്ടപ്പോൾ എഴുതണമെന്നു തോന്നി.
നങ്ങ്യാർ കൂത്തിന് ഒരാമുഖം
ഈ കലയുമായി തീരെ പരിചയമില്ലാത്തവർക്കു വേണ്ടി പറയുകയാണങ്കിൽ, “ശ്രീകൃഷ്ണചരിതം” എന്ന കുലശേഖരവർമ്മനാൽ വിരചിതമായ, കാവ്യത്തിന്റെ ദൃശ്യാവിഷ്കാരമായിട്ടാണ് നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചിരുന്നത്. അതിലെ ഇരുനൂറ്റിച്ചില്ല്വാനം ശ്ലോകങ്ങളും, കൂടെ മറ്റുറവിടങ്ങളിൽ നിന്നെടുത്ത അപൂർവ്വം ചില ശ്ലോകങ്ങളും കൂടി, ഉഗ്രസേനൻ മധുരാരാജ്യം ഭരിച്ചിരുന്ന കാലം തൊട്ട്, കംസോത്ഭവം, ദേവകീവിവാഹം, കൃഷ്ണാവതാരം, അമ്പാടി, വൃന്ദാവനങ്ങളിലെ ചെയ്തികൾ, കംസവധം, ദ്വാരകാവാസം, സുഭദ്രയുടെ കഥ - സുഭദ്രയെ അർജ്ജുനൻ രക്ഷിക്കുന്നതും, അതിനിടയിൽ ഗാത്രിക നഷ്ടപ്പെടുന്നതും ആയ ചരിത്രം, സുഭദ്രയുടെ ചേടിയായ കല്പലതിക നിർവ്വഹണം എന്ന രൂപത്തിൽ അഭിനയിച്ചു ഫലിപ്പിക്കുകയാണല്ലൊ ചെയ്യുന്നത്.
നിർവ്വഹണം
കൂടിയാട്ടങ്ങളിലെ ഒരുവിധം അപ്രധാനമല്ലാത്ത എല്ലാ കഥാപാത്രങ്ങളും, ആദ്യമായി അരങ്ങത്ത് പ്രത്യക്ഷപ്പെടുമ്പോൾ അവരെ സ്വയം പരിചയപ്പെടുത്തി, പൂർവ്വ കഥ പറഞ്ഞ് (ആടി) കഥാബന്ധം വരുത്തി, തത്കാല അവസ്ഥക്കു കാരണഭൂതങ്ങളായിട്ടുള്ള കഥ വിസ്തരിച്ച് ആടുക എന്ന ഒരു ചടങ്ങുണ്ട്. ഇതിൽ കഥാബന്ധം വരുത്തുന്നതിനെ, അനുക്രമം, സംക്ഷേപം എന്ന് രണ്ടു ഘട്ടങ്ങളുണ്ട്. അതു കഴിഞ്ഞ്, വരുന്ന ഘട്ടത്തെ നിർവ്വഹണം എന്നു പറഞ്ഞു വരുന്നു. അതു കഴിഞ്ഞാണ്, നാടകത്തിലെ സാഹിത്യത്തിന്റെ അഭിനയം.
ശ്രീകൃഷ്ണചരിതം
എല്ലാ നങ്ങ്യാർ കൂത്തുകളും ഈ "നിർവ്വഹണം" തന്നെ. ശ്രീകൃഷ്ണ ചരിതത്തിലാണെങ്കിൽ, കല്പലതികയുടെ നിർവ്വഹണം. ഇതിന്റെ സങ്കൽപ്പം എന്തെന്നാണെങ്കിൽ, സുഭദ്രാ ധനഞ്ജയം കൂടിയാട്ടത്തിലെ, സുഭദ്രക്ക്, ഗാത്രിക നഷ്ടപ്പെട്ടു എന്ന ഭാഗത്തിനു ശേഷം, സുഭദ്രയുടെ തോഴിമാരിലൊരാളായ ഇവളെ അതന്വേഷിക്കാനായി നിയോഗിക്കപ്പെട്ടതിനനുസരിച്ച് വരുന്ന ഭാവത്തിലാണ്. ആ വിധം, പ്രത്യക്ഷപ്പെട്ട് കഥ പറയുന്നു (അഭിനയിക്കുന്നു).
ആധുനിക നങ്ങ്യാർക്കൂത്തുകള്‍
കൂടിയാട്ടങ്ങൾക്ക്, പ്രചാരം വർദ്ധിച്ചപ്പോൾ, കൃതഹസ്തരായ കലാകാരികൾ, ശ്രീകൃഷ്ണ ചരിതമല്ലാത്തതായ പ്രസിദ്ധ ചരിത്രേതിഹാസങ്ങളിലെ കഥാഭാഗങ്ങളെ അവലംബിച്ച് നങ്ങ്യാർ കൂത്തുകൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ തുടങ്ങി. ഇത് ഈ കലയുടെ മൊത്തത്തിലുള്ള ഉന്നമനത്തിനും പ്രചാരത്തിനും സഹായകമാകും എന്നത് നിസ്തർക്കം തന്നെ.
അങ്ങിനെ, ഇളങ്കോവടികൾ എന്ന കവി രചിച്ച ചിലപ്പതികാരം എന്ന തമിൾ മഹാകാവ്യത്തെ ആധാരമാക്കി ചിട്ടപ്പെടുത്തിയതത്രെ, കണ്ണകീ ചരിതം. ചിലപ്പതികാരത്തിലെ പ്രതിപാദ്യം, പൂമ്പുഴാർ എന്ന ചോള രാജ്യതലസ്ഥാനത്ത് സന്തോഷത്തോടെ താമസിച്ചു വരികയായിരുന്നു പതിവ്രതയായ കണ്ണകിയും ഭർത്താവ് കോവലനും. രാജ നർത്തകിയായിരുന്ന മാധവി എന്നൊരുവളിൽ അനുരക്തനായി, സ്വകുടുംബത്തെ വിട്ട് അവളുടെ കൂടെ പൊറുതിയാരംഭിച്ച കോവലന്, അചിരേണ സർവ സമ്പത്തും നഷ്ടമാകുന്നു. തിരിയെ വന്ന കോവലനോടുകൂടി കണ്ണകി മധുരയിലെത്തി ഭർത്താവിന് ഒരു വ്യാപാരം ആരംഭിക്കുവാനുള്ള പണത്തിനുവേണ്ടി, കണ്ണകി തന്റെ ഒരു ചിലമ്പ് കൊടുക്കുന്നു. അതു വിൽക്കുന്നതിനിടെ ചതിവിൽ പെട്ട്, രാജാവിനാൽ വധിക്കപ്പെടുന്നു. സത്യാവസ്ഥ തെളിയിക്കാൻ കണ്ണകി കൊട്ടാരത്തിലെത്തി, തന്റെ കൂടെ കൊണ്ടുവന്നിരിക്കുന്ന ചിലമ്പുമായി താരതമ്യപ്പെടുത്തി, തന്റെ ഭർത്താവ് നീതിരഹിതമായി കൊല്ലപ്പെട്ടിരിക്കുകയാണെന്ന് സ്ഥാപിക്കുന്നു. കോപം അടങ്ങാതെ അവൾ മധുരയാകെ, തന്റെ ഒരു മുല അരിഞ്ഞ് എറിഞ്ഞ്, പാതിവ്രത്യശക്തിയാൽ അഗ്നിക്കിരയാക്കുന്നു. മധുര മീനാക്ഷി പ്രത്യക്ഷപ്പെട്ട്, ഭർത്താവുമായുള്ള പുനഃസമാഗമത്തിന് അനുഗ്രഹിക്കുന്നു.
നങ്ങ്യാർകൂത്തിന്റെ പൊതുവിലുള്ള അവതരണ രീതി
ശ്ലോകം ചൊല്ലുന്ന രീതി - കലാമണ്ഡലം ദിവ്യ
അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം
- Details
- Category: Koodiyattam
- Published on Saturday, 27 April 2013 01:17
- Hits: 7749
അമ്മന്നൂരുമായി അപൂർണമായ ഒരു അഭിമുഖം
സുധ നാരായണൻ
പദ്മഭൂഷൻ ഗുരു അമ്മന്നൂര്‍ മാധവ ചാക്യാരുമായി എന്റെ സുഹൃത്ത് നടത്തിയ ഈ സംഭാഷണത്തിന് ഒരു 20-25 വര്‍ഷത്തെ പഴക്കമെങ്കിലും ഉണ്ടാകും. അന്ന് ഓഡിയോ ടേപ്പില്‍ നിന്ന് പകര്‍ത്തിയെഴുതിയതാണ് ഇത്. അപൂര്‍ണ്ണമായ ഈ സംഭാഷണം എഡിറ്റ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നു.
ചോദ്യം : ചാക്യാര്‍ കൂത്തിന്റെ ഉത്ഭവം എങ്ങനെ ആണ്?
അമ്മന്നൂർ : അത് നൈമിഷികാരണ്യത്തില്‍, ഋഷികള്‍ക്ക് സൂതന്‍ കഥ പറഞ്ഞു കൊടുക്കുന്ന സങ്കേതമാണ്. തപസ്വികള്‍ അവരുടെ കര്‍മ്മങ്ങളൊക്കെ കഴിഞ്ഞു സ്വസ്ഥമായിരിക്കുന്ന സമയത്ത്, ഈശ്വര കഥകള്‍ തന്നെ കേള്‍ക്കണം എന്നുള്ള ഉദ്ദേശം കൊണ്ട് ഉണ്ടാക്കീട്ടുള്ള സങ്കേതം. സൂതനെ കൊണ്ട് ദേവന്മാരുടെ കഥ പറയിക്യാ, വിഷ്ണുവിന്റെയും ശിവന്‍റെയും ഒക്കെ ആയിട്ട്. ആ കഥ പറയലിലെ സൂതനെ ബലരാമന്‍ ശിര:ഛെദം ചെയ്തത്രേ, ബ്രാഹ്മണ സദസ്സില്‍ അവരെക്കാള്‍ ഔന്നത്യത്തില്‍ ഇരിക്കുന്ന കണ്ടപ്പോള്‍. ഈ ഒരു സദസ്സില്‍ ആ ഒരാളെ സിംഹാസനത്തിലി രിക്കൂ അല്ലെ? ആ കഥ പറയുന്ന ആള് മാത്രമേ പീഠത്തിലിരിക്കൂ ബാക്കിയെല്ലാവരും നിലത്താണിരിക്ക്യാ, രാജാവാണെങ്കില്‍ പോലും. അതൊക്കെ ഈ സങ്കല്‍പ്പത്തെ ആസ്പദമാക്കീട്ടുള്ളതാണ്. ഇതിനു ഭഗവത് കഥകളാണ് പറയുക. മേല്പ്പത്തുരാണ് പ്രബന്ധങ്ങള്‍ ഉണ്ടാക്കീത്, ദൂത് , രാജസൂയം...തുടങ്ങിയവ .മുന്‍പ് അമ്പലത്തിലേ പതിവുള്ളു. ഇപ്പഴാണ് ആളുകളെ അന്വേഷിച്ചു കൂത്ത് പുറത്തേക്കിറങ്ങിയത്. രണ്ടുമായിട്ടു നല്ല മാറ്റണ്ട്. ഇതിനു പ്രത്യേകിച്ചു ഒരു സങ്കേതം ണ്ട്, അവിടെ മാത്രേ നടക്കുള്ളൂ എന്ന് വന്നാല്‍ ആവശ്യമുള്ള ആളുകള്‍ അങ്ങട് അന്വേഷിച്ചു വരും ല്യേ? ആ ചരിത്രം കേള്‍ക്കാം ന്ന് ആഗ്രഹിച്ചു വരണോരാണെങ്കില്‍ ആ സങ്കേതത്തില്‍ യാതൊരു ശല്യവുമുണ്ടാവില്ല. ഇപ്പൊ ആള്‍ക്കാരുടെ ഇടേല്‍ക്ക് ചെന്നപ്പോ എന്താ പറ്റീത്ന്ന്ച്ചാല്‍ ആ ബഹളങ്ങള്‍ക്കിടയില്‍ ഇതും കഴിച്ചു പോരാം ന്നുള്ള നെല്യായി. കച്ചവട ചരക്കു പോല്യായി. അത് എല്ലാ പ്രവൃത്തികള്‍ക്കുമുണ്ട്. ആളുകളും ഇതിനെടെല് വര്‍ത്തമാനം പറയും. ഇതെന്തിനാ പറേണതു ന്ന് ചോദിക്കും. കേട്ടില്യാന്നു നടിക്ക്യെ ഗതീള്ളൂ. ഒരേ ചരിത്രം തന്നെ അനവധി ആളുകള്‍ കേള്‍ക്കുമ്പോ ചിലര്‍ക്ക് ഇഷ്ടായില്യാന്നു വരും ല്യേ? ഇവിടെ ഹിതാഹിതം നോക്കലില്യ. ആ വക്താവിന് എന്തൊക്കെ പറയാം അതൊക്കെ പറയാം.
ചോദ്യം : ഫലിതം തമാശ ഇവയുടെ സ്ഥാനമെന്താണ് കൂത്തില്‍?
അമ്മന്നൂർ: ഇവ നിര്‍ബന്ധം ല്യ. അത് പറഞ്ഞോളണംന്നൂല്യ. കയ്ക്കണ മരുന്ന് സേവിക്കേണ്ട ആവശ്യത്തിനു രോഗിക്ക് ശര്‍ക്കര്യോ പഞ്ചസാര്യോ ചേര്‍ത്ത് കൊടുക്കില്യെ? ആ സ്ഥാനെള്ളൂ ഈ നേരം പോക്കിന്. ആവുന്നിടത്തോളം പറയാം, കേള്‍ക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍. പിന്നെന്താ പ്രയോജനം ന്ന് വച്ചാല്‍, അതൊരു വിമര്‍ശനായിട്ടും വരും. അന്യരുടെ ദോഷം പറയുമ്പോഴേ രസം വരൂ. അതാണിപ്പോ പ്രധാന നേരം പോക്കായി എടുക്കുന്നത്. മനുഷ്യര്‍ക്ക് രസിക്കാനുള്ള വിഷയം രണ്ടെണ്ണമേയുള്ളൂ. ഒന്നുകില്‍ അവരവരുടെ അഭിമാനം പറയ്യാ അല്ലെങ്കില്‍ അന്യരുടെ ദോഷം പറയ്യാ .. ഇത് രണ്ടുമൊഴിച്ചു എന്തെങ്കിലും ണ്ടോ പറയൂ, കാണില്ല. ഇപ്പൊ പറയലല്ല, പ്രവര്‍ത്തിക്കലും തുടങ്ങീട്ട്ണ്ട്.
വളരെ മനസ്സിരുത്തണം ഇപ്പൊ ഇതൊക്കെ കഴിച്ചു പോരാന്‍.. ഇപ്പോഴത്തെ കുട്ടികള്‍ക്കാവുമ്പോ അത്ര പ്രയാസം ണ്ടാവില്യ. എന്ത് ശല്യം വന്നാലും സാരല്യാന്നു നടിച്ച് കാര്യം കഴിച്ചു കൂട്ടി പോരാനാവും. എനിക്കാവുമ്പോ അത്രേം മനസ്സ് വരില്യ. ഈ സംസാരിക്കുന്നതിനിടക്ക് ആരെങ്കിലും എന്തെങ്കിലും മറുപടി പറയ്യേ .. എന്തെങ്കിലും ഒന്ന് ചെയ്താല്‍ ആ സങ്കേതത്തില് കൂത്ത് വയ്യാന്നാണ് പഴേ നിയമം. തിരുവില്വാമലേല് അങ്ങനെ ണ്ടായിട്ട്ണ്ട്. കൂത്തിനായുള്ള പ്രത്യേക മുടീല്യേ അത് വലിച്ചൂരും. പിന്നവിടെ കൂത്തില്യ.
അന്ന് രാജാക്കന്മാരോക്കെ എന്ത് കളിയാണ് കളിച്ചേര്‍ന്നേ ...കൂത്തിലെ അന്നത്തെ കേമന്മാരോക്കെ നല്ല വിമര്‍ശകരാണ്. നേരം പോക്ക് വിമര്‍ശനായിട്ടു വരും ന്ന് പറഞ്ഞില്യേ? രാജാക്കന്മാരെ സംബന്ധിച്ചുള്ള ദോഷങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കലാണ് അന്നത്തെ വിമര്‍ശനം. മഹാരാജാവിന്റെയൊക്കെ ദോഷം പറയാന്‍ സാധാരണക്കാര്‍ക്ക് പറ്റ്വോന്നൂല്യ. അതിനുള്ള അധികാരോക്കെ ഈ പ്രസ്ഥാനത്തിന് കൊടുത്തിട്ടുണ്ട്.. എന്ത് പറഞ്ഞാലും കേക്കന്ന്യേ ഗതീള്ളൂ. അല്ലെങ്കില്‍ എണീറ്റ് പോരാം അപ്പൊ അധികായി ശല്യം ല്യേ? എണീറ്റ് പോരുമ്പോ, പറഞ്ഞത് സത്യം ന്ന് സ്ഥാപിക്കലായില്യെ?
(ഈ അഭിമുഖം അപൂർണമായതിൽ ഖേദിക്കുന്നു. അന്നുണ്ടായിരുന്ന മേളപ്രമാണിമാർ, കുറുംകുഴൽ വിദ്വാൻമാർ എന്നിങ്ങനെ എന്റെ സുഹൃത്തിന് ആരാധന തോന്നിയവരുമായി എല്ലാം നടത്തിയ അഭിമുഖങ്ങളുടെയെല്ലാം ഓഡിയോ പകര്ത്തി എഴുതുകയുണ്ടായി. ഇത് മാത്രമേ ഇപ്പൊ കയ്യിൽ ഉള്ളൂ )
മന്ത്രാങ്കം
- Details
- Category: Koodiyattam
- Published on Saturday, 30 March 2013 04:38
- Hits: 12876
മന്ത്രാങ്കം
ഭാസന്റെ "പ്രതിജ്ഞായൌഗന്ധരായണം" നാടകത്തിലെ മൂന്നാം അങ്കം ആണ് "മന്ത്രാങ്കം" എന്ന് അറിയപ്പെടുന്നത്. ഉജ്ജയിനിയിലെ രാജാവിനാല്‍ ബന്ധനസ്തന്‍ ആയ തങ്ങളുടെ വത്സരാജ്യത്തെ രാജാവ് ഉദയനനെ മോചിപ്പിക്കുന്നതിനായി, വേഷപ്രച്ഛന്നര്‍ ആയ മന്ത്രിമാര്‍- യൌഗന്ധരായണന്‍, വസന്തകന്‍, രുമണ്വാന്‍; നടത്തുന്ന കാര്യാലോചന ആണ് പ്രസ്തുത അങ്കത്തിലെ വിഷയം. കൂടിയാട്ടത്തില്‍ ഇത് പൂര്‍ണം ആയി അവതരിപ്പിക്കാന്‍ 41 ദിവസം വേണ്ടി വരും. "കൂടിയാട്ടത്തിലെ പൌരാണികവും പ്രധാനവും" എന്നാണു മാണി മാധവ ചാക്യാര്‍ ഇതിനെ വര്‍ണിച്ചു കാണുന്നത്. ഒരിനം കൃത്രിമ മലയാള പ്രാകൃതം ഇതില്‍ ഉപയോഗിച്ചു കാണുന്നു- "...ഇങ്ങനെയില്ലേ ശില ശിനം പോരുന്നു..." (...ഇങ്ങനെയില്ല്യെ ചില ജനം പോരുന്നു...). വെണ്ണീറാട്ടം, കുണ്ടനാട്ടം, മയിലാട്ടം, ദണ്ഡനമസ്കാരം, ചെറിയ കൂടിയാട്ടം, വലിയ കൂടിയാട്ടം തുടങ്ങി നിരവധി വിശേഷങ്ങള്‍ ആയ ഭാഗങ്ങളും ഇതില്‍ ഉണ്ട്. നിഗൂഢത നിറഞ്ഞ സംഭാഷണങ്ങള്‍ ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെയും മറ്റും ആണ് പറയുന്നത്. രണ്ടു കഥാപാത്രങ്ങളെ ഇതില്‍ ഉള്ളൂ: പ്രധാന കഥാപാത്രം, കയ്യില്‍ ദണ്ഡും തോളില്‍ ഭോക്കെണ്ഡവും ആയി വരുന്ന വിദൂഷകനായ വസന്തകന്‍ ആണ്. മുപ്പത്തിയെട്ടാം ദിവസമേ ഭ്രാന്തവേഷത്തില്‍ യൌഗന്ധരായണനന്‍ പ്രവേശിക്കുന്നുള്ളൂ. വിവിധ പ്രബന്ധങ്ങളും പേക്കഥകളും നിറഞ്ഞ മന്ത്രാങ്കം നന്നായി നിര്‍വഹിക്കാറായ ചാക്യാന്മാര്‍ക്ക് ഏതു പ്രബന്ധവും വഴങ്ങും എന്നാണ് കരുതിയിരുന്നത്.
തളിപ്പറമ്പ് (മാണി), പെരുവനം (മേക്കാട്, കുട്ടഞ്ചേരി,മാണി), അവിട്ടത്തൂര്‍ (കുട്ടഞ്ചേരി,മാണി), അന്നമന്നട (കിടങ്ങൂര്‍) തുടങ്ങിയ മഹാക്ഷേത്രങ്ങളില്‍ അടിയന്തിരം ആണ്/ആയിരുന്നു ഈ കൂത്ത്. യശ:ശരീരനായ വിദൂഷകരത്നം മാണി മാധവ ചാക്യാര്‍ മന്ത്രാങ്കം കൂത്തിന്റെ അവസാനവാക്ക് ആയി ആണ് അറിയപ്പെട്ടിരുന്നത്. തന്റെ സുദീര്‍ഘം ആയ കലാജീവിതത്തില്‍ ഇരുനൂറോളം മന്ത്രാങ്കം അവതരിപ്പിക്കുക എന്ന, കൂടിയാട്ട ചരിത്രത്തില്‍ ഒരിക്കലും ആവര്‍ത്തിച്ചിട്ടില്ലാത്ത, ഒരു ഉപലബ്ധിയും ഇദ്ദേഹത്തിന്റെതായുണ്ട്. ഒരു കൂടിയാട്ട കലാകാരന്റെ മഹത്തായ അംഗീകാരം ആയി കണക്കാക്കപ്പെട്ടിരുന്ന തളിപ്പറമ്പ് പെരുംത്രിക്കൊവിലില്‍ നിന്നും ഉള്ള വീരശൃംഘല മാണി മാധവ ചാക്യാര്‍ക്ക് തന്റെ 24 വയസ്സില്‍ (1923 /24) ലഭിച്ചതു മന്ത്രാങ്കം കൂത്തിന്റെ അവതരണത്തിനുളള മികവിനും ആയിരുന്നു എന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യം ആണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ശ്രീ കിടങ്ങൂര്‍ രാമച്ചാക്യാര്‍ അന്‍പതിലേറെ തവണ അന്നമന്നട ക്ഷേത്രത്തില്‍ മന്ത്രാങ്കം അവതരിപ്പിക്കുക ഉണ്ടായിട്ടുണ്ട്.
എന്നിങ്ങനെ മന്ത്രാങ്കം കൂത്തിനെ കുറിച്ച് നല്ലൊരു വിവരണം നല്‍കി കൊണ്ട് Sreekanth V Lakkidi ആണ് 2011 November ല്‍ അതി പ്രൌഢമായ ഈ ചര്‍ച്ച തുടങ്ങിവച്ചത്.
Narayanan Mothalakottam - ശിവന്‍റെ അമ്പലത്തില്‍ മന്ത്രാങ്കം കൂടിയാട്ടത്തിന് പ്രാധാന്യം വന്നതു എന്തുകൊണ്ടാണ്?? മത്തവിലാസം ആണെങ്കില്‍ അതില്‍ ശിവന്‍റെ കഥ ഉണ്ട് എന്ന് വക്കാം. മന്ത്രാങ്കം സത്യം പറഞ്ഞാല്‍ കെട്ടുകഥ ആണല്ലോ. വിഷ്ണു ക്ഷേത്രങ്ങളില്‍ മന്ത്രാന്കത്തിനു അത്ര പ്രാധാന്യം ഇല്ലല്ലോ. കാരണം?
Pudayoor Jayanarayanan - പെരുംചെല്ലൂരിൽ (തളിപ്പറമ്പിൽ) അവസാനമായി മന്ത്രാങ്കം കൂത്ത് നടന്നിട്ട് ചുരുങ്ങിയത് അൻപത് വർഷങ്ങളെങ്കിലുമായെന്നാണു പറഞ്ഞു കേൾക്കുന്നത്. മാണി മാധവ ചാക്ക്യാരാണു അവസാനമായി ഇവിടെ മന്ത്രാങ്കം കൂത്ത് അവതരിപ്പിച്ചത്. ഇതര ഇടങ്ങളെ അപേക്ഷിച്ച് എന്തൊക്കെയോ സവിശേഷമായ ചടങ്ങുകൾ തളിപ്പറമ്പിൽ ഈ കൂത്തിനു ഉണ്ടായിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ Pek Namboothiri ക്ക് കൂടുതൽ വിവരം നൽകാനാകുമെന്ന് കരുതുന്നു.
പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക
- Details
- Category: Koodiyattam
- Published on Monday, 18 March 2013 09:40
- Hits: 5837
പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക
കൂടിയാട്ടത്തെ പറ്റി എഴുതാനാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം വച്ച്, കൂടിയാട്ടത്തിലേക്ക് കടക്കാന്‍, കൂത്തിനെ പറ്റി ഒരു ആമുഖം ആവശ്യമാണ്. എന്തായാലും പറഞ്ഞു (എഴുതി) തന്നെ പകരണമല്ലോ? അതിപ്പോ അഭിനയത്തെ പറ്റി ആയാലും, വാദ്യത്തെ പറ്റി ആയാലും, മറ്റേതു കലയെ പറ്റി ആയാലും. അപ്പോള്‍ "പറയലി" നെ പറ്റി തന്നെ ആദ്യം പറയാം എന്ന് വിചാരിച്ചു. അത്യാവശ്യം ഈ കലകളുടെ അവതരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ അറിവ് മാത്രം ആണ് ഇതിന്റെ പിന്‍ബലം എന്നുകൂടി പറയട്ടെ. എന്റെ അത്ര കൂടി പരിചയം ഇല്ലാത്തവരെ കൂത്ത് എന്ന കലയിലേക്ക് അടുപ്പിക്കുക, പരിചയപ്പെടുത്തുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ.
ചാക്യാര്‍ കൂത്ത് എന്ന് പറഞ്ഞാല്‍ തമാശ പറയുക, കൂടിയാട്ടം എന്ന് പറഞ്ഞാല്‍ സംസ്കൃതനാടകം ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ അരങ്ങേറുക, എന്നു പൊതുവില്‍ ഒരു ധാരണ കടന്നു കൂടിയിട്ടുണ്ട് എന്ന് തോനുന്നു. അതില്‍ തന്നെ നങ്ങ്യാര്‍ കൂത്ത് എന്ന് പറഞ്ഞാല്‍ സ്ത്രീ മാത്രം അവതരിപ്പിക്കുന്ന ഒരു കൂത്ത് എന്നൊക്കെ ആണ് എന്ന് തോനുന്നു. എല്ലാവര്ക്കും അങ്ങിനെ ആണ് തോനുന്നത് എന്നല്ല പറഞ്ഞത്, പൊതുവെ ഈ കലകളിലേക്ക് സ്വാഭാവികമായി അധികം ഇടപഴകാത്ത ഒരു വിഭാഗം യുവജനങ്ങളുടെ കാര്യം ആണ് മുമ്പ് സൂചിപ്പിച്ചതു.
പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യാരമ്മ
- Details
- Category: Koodiyattam
- Published on Sunday, 17 March 2013 05:55
- Hits: 8671
പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യാരമ്മ [1921 - 2012]
ഡോ: വി ശ്രീകാന്ത്
കുലധര്മ്മം അനുഷ്ഠിക്കുക എന്നതിൽ കവിഞ്ഞു കലയിൽ നിന്നും വേറെ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ജീവിതം മുഴുവൻ സമര്പ്പിച്ച പല അനുഷ്ഠാനകലാകാരന്മാരും കലാകാരികളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ അംഗീകാരങ്ങളും പ്രശസ്തിയും തീരെ കിട്ടാതെ പോയ ഒരു വിഭാഗം ആണ് നങ്ങ്യാരമ്മമാര്. കഴിഞ്ഞ നൂറ്റാന്ടിലെ അറിയപ്പെടുന്ന നാല് പേര് ആണ് കോച്ചാമ്പിള്ളി കുഞ്ഞിമാളു നങ്ങ്യാരമ്മ, വില്ലുവട്ടത്ത് കുഞ്ഞിപിള്ള നങ്ങ്യാരമ്മ, വില്ലുവട്ടത്ത് സുഭദ്ര നങ്ങ്യാരമ്മ, കോച്ചാംപിള്ളി തങ്കമ്മു നങ്ങ്യാരമ്മ എന്നിവർ (ഇവരിൽ സുഭദ്ര നങ്ങ്യാരമ്മക്ക് കേരളസംഗീതനാടക അക്കാദമി അവാർഡ് ലഭിക്കുക ഉണ്ടായി എന്ന് പറയട്ടെ, ഇന്നേവരെ ഗവ. അംഗീകാരം ലഭിച്ച ഒരേ ഒരു പാരമ്പര്യ കൂടിയാട്ടം കലാകാരിയും ഇവർ മാത്രം).