തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും

തിരുമൂഴിക്കുളം ക്ഷേത്രവും കൂടിയാട്ട സവിശേഷതകളും

നാരായണൻ മൊതലക്കൊട്ടം                                                 

 

മൂഴിക്കുളം - ഐതിഹ്യവും ചരിത്രവും  

 

അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുമൂഴിക്കുളം ശ്രീലക്ഷ്മണപെരുമാൾ ക്ഷേത്രം ആലുവ താലൂക്കിൽ ചാലക്കുടിപ്പുഴയുടെ തീരത്ത്‌ സ്ഥിതിചെയ്യുന്നു. ഭാരതത്തിലെ നൂറ്റിയെട്ട് തിരുപ്പതികളിൽ മലയാളനാട്ടിലുള്ള പതിമൂന്നു എണ്ണത്തിൽ ഒരു തിരുപ്പതിയാണ് തിരുമൂഴിക്കുളം ക്ഷേത്രം. ഈ 108 വൈഷ്ണവ ക്ഷേത്രങ്ങളില്‍ ലക്ഷ്മണസ്വാമിയുടെ സങ്കല്പത്തിലുള്ള പ്രതിഷ്ഠ ഇവിടെ മാത്രമാണ്. ദ്വാരകയില്‍ ശ്രീകൃഷ്ണന്‍ ആരാധിച്ചിരുന്ന ശ്രീരാമ ഭരത ലക്ഷ്മണ ശത്രുഘ്നന്മാരുടെ കൃഷ്ണശിലാ വിഗ്രഹങ്ങള്‍ ദ്വാപരയുഗാന്ത്യത്തോടെ സമുദ്രത്തില്‍ താണുപോയി. കാലാന്തരത്തില്‍ ഈ വിഗ്രഹങ്ങള്‍ തൃപ്രയാറിനു സമീപം മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മുക്കുവര്‍ക്ക് ലഭിച്ചു. അവര്‍ വിഗ്രഹങ്ങള്‍ ലഭിച്ച വിവരം അന്നത്തെ കരപ്രമാണിയായിരുന്ന വാക്കയില്‍കൈമളിനെ ധരിപ്പിക്കയും,  അവ എവിടെ എങ്ങനെ പ്രതിഷ്ഠിക്കണം എന്നു കൈമള്‍ പ്രശ്ന വിചാരം നടത്തുകയും ലക്ഷ്മണവിഗ്രഹം മൂഴിക്കുളത്ത് പ്രതിഷ്ഠിക്കാന്‍ നിര്‍ദ്ദേശമുണ്ടായി എന്നുമാണ് ഐതിഹ്യം. ഈ നാല് വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കപെട്ട തൃപ്രയാര്‍ (നിര്‍മാല്യദര്‍ശനം), ഇരിങ്ങാലക്കുട (ഉഷ:പൂജ), മൂഴിക്കുളം (ഉച്ചപൂജ), പായമ്മല്‍ (അത്താഴപൂജ) എന്നിങ്ങനെയാണ് പ്രസിദ്ധമായ നാലമ്പല ദര്‍ശനം എന്നറിയപെടുന്ന രീതിയിലുള്ള കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശന രീതി.

ചേരഭരണകാലത്ത് മലയാളക്കരയെ തിരുവനന്തപുരം, തിരുവല്ല, മൂഴിക്കുളം, കാന്തല്ലൂര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളാക്കി (തളികള്‍) ഗ്രാമക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ഭരണസംവിധാനം ചെയ്തിരുന്നത്. ഊരാളരും മറ്റ് അധികാരികളും കൂടി ക്ഷേത്രകൂട്ടത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചട്ടങ്ങളായി. ഇത്തരം ചട്ടങ്ങളെ അഥവാ വ്യവസ്ഥകളെയാണ് കച്ചങ്ങളെന്നു പറയുന്നത്. പല കേരളചരിത്രരേഖകളിലും മറ്റു കച്ചങ്ങളെ കുറിച്ചും പ്രതിപാദ്യം ഉണ്ടെങ്കിലും ചേരഭരണത്തില്‍ എന്ത് നടപടിയും മൂഴിക്കുളം കച്ചത്തിനെ ആസ്പദമാക്കിയായിരുന്നു സ്വീകരിച്ചിരുന്നത്. അതാണ്‌  മൂഴിക്കുളത്തിനുള്ള പ്രാധാന്യം. മൂഴിക്കുളം കച്ചം സമസ്ത കേരളവും അംഗീകരിച്ച നിയമ സംഹിതയായി പരിഗണിച്ചിരുന്നു. ചേരസാമ്രാജ്യക്കാലത്തെ 4 പ്രധാന തളികളില്‍ മേല്‍ തളിയായി മൂഴിക്കുളം കണക്കാക്കുകയും നാല് തളികളുടെ മേല്‍ത്തളിയെന്ന പ്രാമുഖ്യമുള്ളത്‌ കൊണ്ട് ഇവിടുത്തെ ദേവന് മാത്രം ചക്രവര്‍ത്തിപദ തുല്യമായ ‘പെരുമാള്‍’ സ്ഥാനം നല്‍കിയിരുന്നു.

ചാക്യാര്‍ കൂത്ത് – കൂടിയാട്ടം എന്ത്?

മലയാളക്കരയിലെ അതിപ്രാചീനമായ ഒരു രംഗകലയാണ്‌ ചാക്യാർ കൂത്ത്‌. ഇതിഹാസ കഥകളെ ആസ്പദമാക്കി, നിലവിലുള്ള രീതികളെയും, സംഭവങ്ങളേയും ആക്ഷേപഹാസ്യരൂപേണ സന്നിവേശിപ്പിച്ചുകൊണ്ടു, ദ്വയാര്‍ത്ഥ പ്രയോഗങ്ങളും സന്ദര്‍ഭോചിതം ഉപയോഗിക്കുന്ന കഥകളും, സാഹചര്യങ്ങളും കോര്‍ത്തിണക്കി പ്രബന്ധം അവതരിപ്പിക്കുന്നതാണ് ചാക്യാര്‍കൂത്ത്. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർക്കൂത്ത് അവതരിപ്പിക്കാറ്. കഥാസന്ദര്‍ഭങ്ങളുമായി ബന്ധപെടുത്തി ശക്തമായ സാമൂഹിക ഇടപെടലുകള്‍ ചാക്യാര്‍ കൂത്തില്‍ കൂടി നടത്തിയിരുന്നു.  

ഭാരതത്തിലെ തന്നെ ഏറ്റവും പുരാതനമായ ശാസ്ത്രീയ നാടകരൂപമാണ് ഒമ്പതാം നൂറ്റാണ്ടോടെ രൂപപ്പെട്ടു എന്ന് വിശ്വസിക്കപ്ടുന്ന കൂടിയാട്ടം. ലോകപൈതൃകമായി UNESCO അംഗീകരിച്ച ഏക ഭാരതീയ നൃത്ത നാടക രൂപമാണ് കൂടിയാട്ടം. അമ്പലവാസികളില്‍ പെടുന്ന ചാക്യാര്‍, നമ്പ്യാര്‍ സമുദായക്കാര്‍ക്ക് ആണ് പാരമ്പര്യമായി കൂടിയാട്ടം നടത്തുന്നതിനുള്ള ചുമതല. പിന്നണി വാദ്യമായ മിഴാവ് കൈകാര്യം ചെയ്യുന്നത് നമ്പ്യാര്‍ ആണ്.

സത്വികാഭിനയത്തിനാണ് (രസാഭിനയം) കൂടിയാട്ടത്തില്‍ പ്രാധാന്യം. സാത്വികം, ആംഗികം, വാചികം, ആഹാര്യം എന്നിങ്ങനെ ചതുര്‍വിധാഭിനയങ്ങളെ വേണ്ടവിധത്തില്‍ കൂട്ടിയിണക്കിയുള്ള അവതരണ രീതിയാണ് കൂടിയാട്ടത്തില്‍ അവലംബിച്ചിട്ടുള്ളത്. ഹസ്തലക്ഷണ ദീപികയിലുള്ള 24 അടിസ്ഥാന മുദ്രകളെ അവയുടെ സ്ഥാനത്തിന്റെയും, ചലന രീതിയുടെയും വ്യത്യാസം കൊണ്ട് വാക്കുകളായും വാചകങ്ങളായും രൂപാന്തരം വരുത്തി ഭാവാഭിനയത്തോടെ പ്രദര്‍ശിപ്പിക്കുന്നതാണ് കൂടിയാട്ടതിന്‍റെ രീതി.

You need to a flashplayer enabled browser to view this YouTube video

 

ക്ഷേത്രത്തില്‍ കൂത്തിനുള്ള പ്രാധാന്യം

വൈദികമായ വിധി നിഷേധങ്ങളെ ക്ഷേത്രത്തില്‍ വരുന്ന ഭക്തരെ പറഞ്ഞു മനസ്സിലാക്കലാണ് കൂത്തും കൂടിയാട്ടവും കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ക്ഷേത്രത്തിലെ ദേവന്‍റെ അച്ഛന്റെ സ്ഥാനം തന്ത്രിക്കും  അമ്മയുടെ സ്ഥാനം ചാക്യാര്‍ക്കും നല്‍കി വരുന്നത്.  ചാക്യാര്‍ക്കു സ്ഥാനമാനങ്ങളും വസ്തുവകകളും കല്‍പ്പിച്ചു നല്‍കിയിരുന്നതുകൊണ്ട് കുലധര്‍മ്മമായി ഈ കലകള്‍ അനുഷ്ടിക്കാനും, കൂട്ട് പ്രവര്‍ത്തകരായ നമ്പ്യാര്‍ക്കും നന്ഗ്യാര്‍ക്കും പ്രതിഫലം നല്‍കി കൂടെ നിര്‍ത്താനും, അനന്തര തലമുറകളെ കുലധര്‍മ്മം അനുഷ്ഠിക്കാന്‍ പ്രപ്തരാക്കാനും കഴിഞ്ഞു. കൂത്തമ്പലാദി അംഗങ്ങളുള്ള മഹാക്ഷേത്രങ്ങളില്‍ അടിയന്തിരകൂത്തും കൂടിയാട്ടവും വളരെ പ്രാധാന്യം ഉള്ളതും ലോപം വന്നാല്‍ പ്രായശ്ചിത്തം മുതലായവ വേണമെന്ന് നിഷ്കര്ഷിക്കപെടുന്നതുമാണ്.

തിരുമൂഴിക്കുളത്തെ സവിശേഷതകള്‍

തിരുമൂഴിക്കുളം ക്ഷേത്രത്തില്‍ കൂത്തിനും കൂടിയാട്ടത്തിനും സവിശേഷമായ പ്രാധാന്യം കല്‍പ്പിക്കുന്നുണ്ട്. വൃശ്ചിക സംക്രമ സമയത്ത് തലേകെട്ടു വയ്ക്കണം എന്ന് ഇവിടെ അനുശാസിക്കപെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഏതു സമയം അയാലും സംക്രമ സമയം നട തുറന്നിരിക്കും എന്ന് സാരം!!.  ഇത്തരത്തിലുള്ള ഏക ക്ഷേത്രം മൂഴിക്കുളം ആണ് എന്നാണ് കേട്ടറിവ്. മണ്ഡല കാലത്തെ (41 ദിവസം) കൂത്തും തുടര്‍ന്നുള്ള കൂടിയാട്ടം കാണാനും കേള്‍ക്കാനും തേവര്‍ നേരിട്ടെഴുന്നള്ളി വലിയമ്പലത്തില്‍ ഇരിക്കുന്നു എന്ന് സങ്കല്പം. ഇതിനായി തെക്കേ വലിയമ്പലത്തില്‍ കരിങ്കല്ലുകൊണ്ട് ഒരു പീഠവുമുണ്ട്. അതാത് വര്‍ഷത്തെ കൂടിയാട്ടത്തിന്‍റെ കഥ നിശ്ചയിക്കുന്നത് ലക്ഷ്മണസ്വാമി തന്നെയാണ്!!. കൂത്ത് തുടങ്ങി പതിനൊന്നാം ദിവസമാണ് (വൃശ്ചികം 11 നു) കഥ വിധിക്കുന്നത്. ആ ദിവസം അത്താഴ പൂജയുടെ പ്രസന്ന പൂജാ സമയം ദേവന്‍ കഥ നിശ്ചയിച്ചു ക്ഷേത്രാചാര്യന്റെ (മേല്‍ശാന്തിയുടെ) മനസ്സില്‍ തോന്നിപ്പിക്കും. പൂജ നട തുറന്നാല്‍ എത്രയും വേഗം (തീര്‍ത്ഥം തളിക്കുന്നത് മുന്‍പ് തന്നെ) കാത്തു നില്‍ക്കുന്ന ക്ഷേത്ര ഭരണാധികാരി വഴി മൂത്ത ചാക്യാരെ വിവരം ധരിപ്പിക്കുന്നു. അതിനു ശേഷം ആണ് പൂജാ തീര്‍ത്ഥം ഭക്തരെ തളിക്കുന്നത്. അന്ന് തന്നെ ചാക്യാര്‍ കൂടിയാട്ടം നിര്‍വഹണം നടത്തും.

You need to a flashplayer enabled browser to view this YouTube video

സന്താനസൌഭാഗ്യത്തിനായി അംഗുലിയാങ്കം കൂത്ത് വഴിപാടായി നടത്താറുണ്ട്. അംഗുലിയാങ്കം കഥക്കും അടിയന്തിര ചാക്യാര്‍ കുടുംബത്തിലെ കുട്ടികളുടെ അരങ്ങേറ്റത്തിനും അണിയലോട് കൂടി വന്നു സോപാനത്തിങ്കല്‍ വന്നു മണിയടിച്ചു തൊഴുന്നതിനു വിശേഷാല്‍ അധികാരം ഇവിടെ ചക്യാരില്‍ നിക്ഷിപ്തമാണ്. ആ സമയം ബ്രാഹ്മണര്‍ അടക്കമുള്ള മറ്റു ഭക്തരെ ദര്‍ശനത്തിനു അനുവദിക്കാറില്ല. ഇപ്പോള്‍ അമ്മന്നൂര്‍ ചാക്യാര്‍ മഠക്കാര്‍ക്കാണ് ക്ഷേത്രത്തിലെ കൂത്ത്‌ നടത്തുവാനുള്ള അവകാശം.

അവസാനമായി ഇവിടെ അംഗുലീയാങ്കം വഴിപാടു കൂത്ത് നടന്നത് ഏതാണ്ട് മുപ്പതു വര്ഷം മുമ്പാണ്. ഏതാണ്ട് നാല് പതിറ്റാണ്ടിനു മുമ്പും ആറു പതിറ്റാണ്ടിനു മുമ്പും അംഗുലീയാങ്കം കൂത്ത്‌ നടന്നിട്ടുള്ളതായി പഴമക്കാര്‍ ഓര്‍ക്കുന്നു. ഈ മൂന്നു അംഗുലീയാങ്കം കൂത്തും നടത്തിയത് പദ്മശ്രീ പുരസ്കാര ജേതാവായ മൂഴിക്കുളം (അമ്മന്നൂര്‍) കൊച്ചുകുട്ടന്‍ ചാക്യാര്‍ ആണ്.  

You need to a flashplayer enabled browser to view this YouTube video

സംഘകാലഘട്ടം മുതലുള്ള കേരളചരിത്രത്തില്‍ മറ്റു ഗ്രാമ ക്ഷേത്രങ്ങളില്‍ നിന്നും ഭരണപരമായും കലാപരമായും മൂഴിക്കുളം ക്ഷേത്രത്തിന്‍റെ പ്രാധാന്യം മുകളില്‍ നിന്ന് വ്യക്തമാണല്ലോ. ആ കാലഘട്ടം മുതല്‍ ടിപ്പുവിന്റെ പടയോട്ടം വരെയുള്ള കേരള ചരിത്രത്തില്‍ വിശേഷിച്ചു ചാക്യാര്‍ കൂത്ത്-കൂടിയാട്ടം തുടങ്ങിയ ക്ഷേത്രകലകളുടെ ഉന്നതമായ സ്ഥാനം മൂഴിക്കുളത്തിനായിരുന്നു എന്ന് പറഞ്ഞാല്‍ തെറ്റില്ല.  

 

embed video powered by Union Development


ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്

ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട് 

രാമദാസ് എൻ                                                                      

മുന്‍പ് പറഞ്ഞതരത്തില്‍ അനവധി അനുകൂലസാഹചര്യങ്ങളിലൂടെ, പൂര്‍വ്വസൂരികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു അരങ്ങത്തു പാടിയ വെണ്മണി ഹരിദാസിന്‍റെ സംഗീതത്തിലെ പ്രത്യേകതകള്‍ എന്തായിരുന്നു? ഇങ്ങനെ ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സിലെലേക്ക് വരുന്നത്, ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി പറഞ്ഞ ഒരുകാര്യമാണ്. സംഗീതോപകരണങ്ങളില്‍ ഏറ്റവും മനോഹരമായ നാദം പുല്ലാങ്കുഴലിന്‍റെതാണ്. പുല്ലാങ്കുഴലില്‍ നിന്ന് വരുന്ന നാദം ഏറ്റവും ആദ്യം എത്തുക അത് വായിക്കുന്ന ആളുടെ കാതുകളില്‍ ആണ്. അതായത് തന്‍റെ സംഗീതം നിരുപാധികം ആസ്വദിക്കുന്ന ഒരാള്‍ക്ക്‌ മാത്രമേ ആസ്വാദകമനസ്സില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. വേഷക്കാര്‍ക്കോ ആസ്വാദകര്‍ക്കോ വേണ്ടിയല്ലാതെ തനിക്കുവേണ്ടി പാടുക. അവിടെ ആസ്വാദനം ആരംഭിക്കുന്നു. ഹരിദാസ് തന്‍റെ സംഗീതം മാത്രമല്ല, അരങ്ങത്തെ എല്ലാം നന്നായി ആസ്വദിച്ചിരുന്നു. ആ ആസ്വാദനം കുഞ്ചുനായരാശാന്‍ പഠിപ്പിച്ച, ആശാന്‍റെ വേഷങ്ങള്‍ കണ്ട് മനസ്സിലുറച്ച പാത്രബോധത്തിന്റെയും ഔചിത്യ ബോധത്തിന്റെയും നിലപാടുതറയില്‍ നിന്നായിരുന്നു. ആശാന്റെ അരങ്ങത്തെ ഓരോ മുദ്രയും ഓരോ ഭാവവും എന്തുകൊണ്ട് അങ്ങനെ ആവുന്നു എന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആശാന്‍, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ആയത് ഹരിദാസിന്റെ വാക്കുകളിലൂടെയാണ്. ഓരോ വാക്കിന്റെയും രംഗവ്യാഖ്യാനത്തിനു കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചുനായരാശാനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹരിദാസിന് ആയിരം നാവായിരുന്നു. ആ പാത പിന്‍തുടര്‍ന്ന കോട്ടക്കല്‍ ശിവരാമനും വാസു പിഷാരോടിക്കുമെല്ലാം വേണ്ടി പാടാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ആ അരങ്ങുകള്‍ക്ക് വേറിട്ട ആസ്വാദനം ആവശ്യമായിരുന്നു . മറ്റുപലരും പാടുന്നതില്‍ നിന്ന് വ്യത്യസ്തമായി അനുഗുണമായ ഭാവത്തിന്റെ ഒരു നിറം തന്‍റെ സംഗീതത്തിന് നല്‍കാനുള്ള ജീവജലം കിട്ടിയത് കുഞ്ചുനായര്‍ കളരിയില്‍ നിന്നായിരുന്നു എന്നാണു എന്റെ വിശ്വാസം.Read more: ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്

രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - ആറാം കാലം

വൃശ്ചികോത്സവത്തിലെ ഉച്ചയുറക്കം

ശ്രീവൽസൻ തീയ്യാടി                                                                   

പതിനഞ്ചു മസ്തകങ്ങൾ. അവയ്ക്ക് നടുവിൽ എഴുന്നുനില്ക്കുന്നു ശാന്തഗംഭീരമായ കോലം. എല്ലാറ്റിനും മുന്നിൽ പഞ്ചാരിമേളം. പട്ടാപകലൊരു പൂരാന്തരീക്ഷം. പറയുമ്പോൾ ശരിയാണ്: വൃശ്ചികം മഞ്ഞുമാസമാണ്. പക്ഷെ വെയിലിനാണ് വിശേഷകാന്തിയെന്ന് അടുത്തിടെയായി പ്രത്യേകിച്ചും തോന്നിപ്പോവാറുണ്ട്. ആനപ്പുറത്തെ ഒരുനിര തഴകൾക്ക് അഭിമുഖമായി പലവിധം ശീലക്കുടകൾ പിടിച്ചുനിൽക്കുന്ന ജനം. അങ്ങനെയിരിക്കെ ഇടക്കലാശങ്ങൾ. അപ്പോൾ ആലവട്ടവും വെണ്‍ചാമരവും കുടഞ്ഞെഴുന്നേറ്റ് വെറുതെ മത്സരിക്കും. ഇടയിൽ പ്രത്യക്ഷമാവും കോടങ്കി.

പ്രദക്ഷിണം പാതിയാവുന്നതോടെ അഞ്ചാം കാലം സമാപ്തം. പൂർണത്രയീശ ക്ഷേത്രത്തിൽ അങ്ങനെയാണ് ഉത്സവച്ചിട്ട. അതോടെ നെറ്റിപ്പട്ടങ്ങളുടെ എണ്ണം കുറയും. കരിവീരന്മാരിൽ ആറെണ്ണം വലിഞ്ഞ് ആകെ ഒൻപതു മാത്രമാവും. കാരണം മതിൽക്കകത്ത് അതിനുള്ള സ്ഥലമേയുള്ളൂ. അടന്ത വക കൊട്ടി മേളമായി, അതവസാനിച്ച് നടപ്പുരയിലെത്തുമ്പോൾ താളം ചെമ്പട. Read more: രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം - ആറാം കാലം

പൂമാതിനൊത്ത ചാരുതൻ

പൂമാതിനൊത്ത ചാരുതൻ: മുട്ടാർ ശിവരാമൻ എന്ന നൂറു വയസ്സുകാരൻ

പി.രവീന്ദ്രനാഥ്                                                                        

 

തമോഗുണ പ്രാധാന്യമുള്ള അസുരന്മാർക്കാണ് കഥകളിയിൽ താടി വേഷം വിധിച്ചിട്ടുള്ളത്. മുഖ ഭംഗി വേണ്ടത്ര ഇല്ലാത്തവരോ, സ്ഥൂല പ്രാംശു ഗാത്രരോ ആണ് പ്രായേണ ഈ വേഷം കെട്ടുന്നത്.

നല്ല മനയോലപ്പറ്റുള്ള മുഖ കാന്തി. നല്ല ആകാര ഭംഗി. ഭംഗിയുള്ള വിടർന്ന കണ്ണുകൾ. പച്ച വേഷങ്ങൾക്ക് അനുയോജ്യമായ എല്ലാം ഒത്തിണങ്ങിയ രൂപം. പക്ഷെ ആ രൂപത്തിന് ഉടമ പ്രശസ്തനായതോ, രാക്ഷസ വേഷമായ താടിവേഷം കെട്ടിയും! അസാധാരണമായ ആകാര ദൈർഘ്യവും, ശരീര പുഷ്ടിയുമായിരുന്നു ഇതിനു കാരണം.

താടി അപ്രധാന വേഷമാണെന്ന ഒരു വിശ്വാസം വെച്ചു പുലർത്തുന്നവരുണ്ട്. അത് ശരിയല്ല. എല്ലാവർക്കും താടി വേഷം കെട്ടി വിജയിപ്പിക്കുവാൻ കഴിയുകയില്ല. താടിക്ക്, കൈയ്യും കലാശവും അധികമാണ്. അസൂയ, ഈർഷ്യ, അമർഷം, പ്രതികാരം എന്നീ പൈശാചിക ഭാവങ്ങളാണ് സ്ഫുരിക്കേണ്ടത്. നോക്ക്, ഊക്ക്, അലർച്ച, പകർച്ച എന്നീ നാലു ഗുണങ്ങളാണ് താടിവേഷക്കാർക്ക്, വിശിഷ്യാ ചുവന്ന താടിക്കാർക്ക് ആവശ്യം വേണ്ടത്.

ഞാനിത് പറയാനുള്ള കാരണം മുട്ടാർ ശിവരാമൻ എന്ന ഒരു പഴയ കാല നടനെ, ഈ അടുത്ത കാലത്ത് കാണാൻ ഇടയായതു കൊണ്ടാണ്. പ്രായം നൂറിനോട് അടുക്കുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും, ആ മുഖത്തിന്റെ ചൈതന്യത്തിന് തെല്ലും കോട്ടം സംഭവിച്ചിട്ടില്ല.

പ്രസിദ്ധ കഥകളി ഗായകനായ തിരുവല്ല ഗോപിക്കുട്ടൻ നായരൊത്താണ്, കുട്ടനാട് താലൂക്കിലുള്ള മുട്ടാറിൽ ശിവരാമനാശാന്റെ ഭവനത്തിൽ ഞാൻ ചെന്നത്. ഓട്ടോ റിക്ഷ മാത്രം കടന്നു പോകാൻ സൌകര്യമുള്ള പാലം കയറി, തോട്ടു വരമ്പത്തു കൂടി ഒരു ഫർലോംഗ് നടക്കണം ആശാന്റെ വീട്ടിലെത്താൻ.

ഒരു ഞായറാഴ്ച ദിവസമാണ് ഞങ്ങൾ അവിടെ ചെന്നത്. പ്രഭാത ഭക്ഷണം കഴിഞ്ഞ് മകനോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു ആശാൻ. തിമിരം ബാധിച്ച് രണ്ടു കണ്ണുകളുടെയും കാഴ്ച പാടെ നഷ്ടപ്പെട്ടു. "ഗോപിക്കുട്ടനാ, തിരുവല്ലയിൽ നിന്ന്..... " - എന്ന് ഗോപിച്ചേട്ടൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ, "അല്ല, ആര് ഭാഗവതരോ" - എന്ന് ആഹ്ലാദത്തോടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.

കാഴ്ചശക്തിയില്ലെന്നതൊഴിച്ചാൽ മറ്റു ശാരീരിക ക്ലേശങ്ങളൊന്നുമില്ല. ഓർമ്മക്കുറവ് വലുതായി ബാധിച്ചിട്ടില്ല. ഈ പ്രായത്തിലും പ്രഷറും ഷുഗറുമൊന്നും അലട്ടുന്നില്ല. ചിട്ടയോടെയുള്ള ഭക്ഷണ ക്രമമാണ്. അരിയാഹാരം ഒരു നേരം മാത്രം - ഉച്ചക്ക് - മത്സ്യം നിർബ്ബന്ധം. ആരോടും പരിഭവമില്ലാതെ, ആശാനും ഭാര്യ ഇന്ദ്രാണിയും, കുറക്കരി വീട്ടിൽ മകൻ കിഷോറിനോടൊപ്പം താമസിക്കുന്നു.Read more: പൂമാതിനൊത്ത ചാരുതൻ

ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്

ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്

രാമദാസ് എൻ                                                                

1984 ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ഒരു കൊല്ലം ജോലിയുമായി കഴിയേണ്ടിവന്ന കാലത്താണ് ഞാന്‍ കഥകളിയും സംഗീതവുമെല്ലാം ഗൌരവമായി ആസ്വദിക്കാന്‍ തുടങ്ങിയത്. ശ്രീകൃഷ്ണപുരത്തുകാരന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജാതവേദനും ചങ്ങനാശ്ശേരിക്കാരന്‍ അശോകനും ഞാനും അടങ്ങുന്ന മൂവര്‍ സംഘം തലസ്ഥാനത്തും ചുറ്റുവട്ടത്തുമുള്ള ഒരു അരങ്ങുപോലും വിടാതെ കഥകളി കണ്ടുനടക്കുന്ന കാലം. മിക്കവാറും കഥകളി കലാകാരന്മാരുമായുള്ള അടുപ്പം ഉണ്ടാകുന്നതും ഇക്കാലത്താണ്.

ആ വര്ഷം നാട്ടിലെ വാരനാട് ദേവീക്ഷേത്രത്തില്‍ കലാമണ്ഡലം മേജര്‍ ട്രൂപ്പിന്റെ രണ്ടു ദിവസത്തെ കഥകളി. ചേര്‍ത്തല ഭാഗത്ത് ആ കാലത്തൊക്കെ കേമായിട്ടുള്ള കളികളില്‍ എല്ലാം സ്ഥിരം താരങ്ങളാണ് പതിവ്. എന്നാല്‍ ഈ അരങ്ങുകളില്‍ രാമന്‍ കുട്ടിയാശാനും പൊതുവാളാശാന്മാരും കുറുപ്പാശാനുമൊക്കെ ഉണ്ട്. അരങ്ങിനു മുന്‍പില്‍ ഇരിക്കാനുള്ള ഉത്സാഹം നേരത്തെ തന്നെ തുടങ്ങി. കളി ദിവസം മൂവര്‍ സംഘം തലസ്ഥാനത്തുനിന്ന്‍ നേരത്തെ തന്നെ എത്തി. ആദ്യ ദിവസം മൂന്നു കഥകളാണ്. ഗോപിയാശാനും ഉണ്ണിക്കൃഷ്ണക്കുറുപ്പാശാനും മന്നാടിയാരാശാനും രാജശേഖരനും ഒന്നിക്കുന്ന രുക്മാംഗദചരിതമാണ് ആദ്യ കഥ. പിന്നണിയില്‍ പൊതുവാളാശാന്മാരും ഗംഗാധരന്‍ ആശാനും എത്തുന്ന രാമന്‍ കുട്ടിയാശാന്റെ സീതാസ്വയംവരത്തിലെ പരശുരാമനാണ് അന്നത്തെ മുഖ്യ ആകര്‍ഷണം. മൂന്നാമത്തെ കഥ ദുര്യോധനവധം. മൂന്നാമത്തെ കഥയിലെ ഇടവേളയില്‍ എപ്പോഴോ ആണ് കിരീടം അഴിച്ചു വിശ്രമിക്കുന്ന ദുര്യോധനനെ അശോകന്‍ പരിചയപ്പെടുത്തുന്നത്. “ഷാരടി വാസുവേട്ടന്‍. നല്ല അസ്സല് കത്തിവേഷമാ” പരിചയപ്പെട്ടപ്പോള്‍ തന്നെ ആ സൌഹൃദത്തില്‍ ഒരു ഊഷ്മളത തോന്നി. ആ സൗഹൃദം ഇന്നും ഊഷ്മളമായി തന്നെ തുടരുന്നു.

അന്നത്തെ ദുര്യോധനന്‍ അസ്സലായി. കലാമണ്ഡലം ബലരാമനും ഉണ്ണിക്കൃഷ്ണനും ചെണ്ടയില്‍ ഒപ്പമുണ്ടായിരുന്നു. കലാമണ്ഡലം വാസു പിഷാരോടിയുടെ വേഷങ്ങള്‍ അതിനു മുന്പ് കണ്ടിട്ടുള്ളത് സന്താനഗോപാലം ബ്രാഹ്മണനും പുഷ്കരനുമാണ്. ഈ പരിച്ചപ്പെടലിനു ശേഷം ഇടക്കൊക്കെ അദേഹത്തിന്റെ വേഷങ്ങള്‍ കാണാറുണ്ടായിരുന്നു. കൂടുതലും സന്താനഗോപാലം ബ്രാഹ്മണനും രണ്ടാമത്തെ കഥയിലെ വേഷങ്ങളും ഇടക്ക് ഒന്നോ രണ്ടോ പരശുരാമാനുമൊക്കെ കണ്ടു.

അതിനിടെയാണ് തിരുവനന്തപുരം കടക്കാവൂര്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “നൃത്യകലാരംഗം” എന്ന ത്രൈമാസികത്തിന്റെ പത്രാധിപര്‍ ശ്രീ. ആര്‍. കുട്ടന്‍ പിള്ള ഒരു ലേഖനം കൊടുക്കാമോ എന്ന് ചോദിച്ചത്. സൌഹൃദത്തിന്റെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് ലേഖനം വാസു പിഷാരോടിയെ കുറിച്ചാവാം എന്ന് തീരുമാനിച്ചു. ഇടയ്ക്കു കത്തുകള്‍ എഴുതാറുണ്ട്. അതിനിടെ തിരുവനന്തപുരത്ത് ശ്രീപത്മനാഭന്റെ നടയില്‍ ഒരു കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ കാണാനിടയായതും അതിനൊരു കാരണമായി. ഗംഗാധരന്‍ ആശാനും വെണ്മണി ഹരിദാസും മന്നാടിയാര്‍ ആശാനും പിന്നണിയില്‍ ഉണ്ടായിരുന്ന ആ അരങ്ങു മനസ്സില്‍ എന്തൊക്കെയോ അനുരണനങ്ങള്‍ സൃഷ്ടിച്ചിരുന്നു.Read more: ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും

നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും

ദിലീപ് കുമാർ                                                          

 

ആമുഖം

ശ്രീമതി മാർഗ്ഗി സതി ദുബായ് ഉത്സവത്തിൽ അവതരിപ്പിച്ച കണ്ണകീ ചരിതം എന്ന, അവർ തന്നെ ചിട്ടപ്പെടുത്തിയ നങ്ങ്യാർ കൂത്തിനെ പറ്റിയുള്ള ഒരു ചെറിയ അവലോകനമെങ്കിലും അതു കണ്ടപ്പോൾ എഴുതണമെന്നു തോന്നി. 

നങ്ങ്യാർ കൂത്തിന് ഒരാമുഖം

ഈ കലയുമായി  തീരെ പരിചയമില്ലാത്തവർക്കു വേണ്ടി പറയുകയാണങ്കിൽ, “ശ്രീകൃഷ്ണചരിതം” എന്ന കുലശേഖരവർമ്മനാൽ വിരചിതമായ, കാവ്യത്തിന്റെ ദൃശ്യാവിഷ്കാരമായിട്ടാണ് നങ്ങ്യാർ കൂത്ത് അവതരിപ്പിച്ചിരുന്നത്.  അതിലെ ഇരുനൂറ്റിച്ചില്ല്വാനം ശ്ലോകങ്ങളും, കൂടെ മറ്റുറവിടങ്ങളിൽ നിന്നെടുത്ത അപൂർവ്വം ചില ശ്ലോകങ്ങളും കൂടി, ഉഗ്രസേനൻ മധുരാരാജ്യം ഭരിച്ചിരുന്ന കാലം തൊട്ട്, കംസോത്ഭവം, ദേവകീവിവാഹം, കൃഷ്ണാവതാരം, അമ്പാടി, വൃന്ദാവനങ്ങളിലെ ചെയ്തികൾ, കംസവധം, ദ്വാരകാവാസം, സുഭദ്രയുടെ കഥ - സുഭദ്രയെ അർജ്ജുനൻ രക്ഷിക്കുന്നതും, അതിനിടയിൽ ഗാത്രിക നഷ്ടപ്പെടുന്നതും ആയ ചരിത്രം, സുഭദ്രയുടെ ചേടിയായ കല്പലതിക നിർവ്വഹണം എന്ന രൂപത്തിൽ അഭിനയിച്ചു ഫലിപ്പിക്കുകയാണല്ലൊ ചെയ്യുന്നത്.

നിർവ്വഹണം

കൂടിയാട്ടങ്ങളിലെ ഒരുവിധം അപ്രധാനമല്ലാത്ത എല്ലാ കഥാപാത്രങ്ങളും, ആദ്യമായി അരങ്ങത്ത് പ്രത്യക്ഷപ്പെടുമ്പോൾ അവരെ സ്വയം പരിചയപ്പെടുത്തി, പൂർവ്വ കഥ പറഞ്ഞ് (ആടി) കഥാബന്ധം വരുത്തി, തത്കാല അവസ്ഥക്കു കാരണഭൂതങ്ങളായിട്ടുള്ള കഥ വിസ്തരിച്ച് ആടുക എന്ന ഒരു ചടങ്ങുണ്ട്.    ഇതിൽ കഥാബന്ധം വരുത്തുന്നതിനെ,  അനുക്രമം,  സംക്ഷേപം എന്ന് രണ്ടു ഘട്ടങ്ങളുണ്ട്. അതു കഴിഞ്ഞ്, വരുന്ന ഘട്ടത്തെ നിർവ്വഹണം എന്നു പറഞ്ഞു വരുന്നു.  അതു കഴിഞ്ഞാണ്, നാടകത്തിലെ സാഹിത്യത്തിന്റെ അഭിനയം.

ശ്രീകൃഷ്ണചരിതം

എല്ലാ നങ്ങ്യാർ കൂത്തുകളും ഈ "നിർവ്വഹണം" തന്നെ.  ശ്രീകൃഷ്ണ ചരിതത്തിലാണെങ്കിൽ, കല്പലതികയുടെ നിർവ്വഹണം.  ഇതിന്റെ സങ്കൽപ്പം എന്തെന്നാണെങ്കിൽ, സുഭദ്രാ ധനഞ്ജയം കൂടിയാട്ടത്തിലെ, സുഭദ്രക്ക്, ഗാത്രിക നഷ്ടപ്പെട്ടു എന്ന ഭാഗത്തിനു ശേഷം, സുഭദ്രയുടെ തോഴിമാരിലൊരാളായ ഇവളെ അതന്വേഷിക്കാനായി നിയോഗിക്കപ്പെട്ടതിനനുസരിച്ച് വരുന്ന ഭാവത്തിലാണ്.  ആ വിധം, പ്രത്യക്ഷപ്പെട്ട് കഥ പറയുന്നു (അഭിനയിക്കുന്നു).

ആധുനിക നങ്ങ്യാർക്കൂത്തുകള്‍

കൂടിയാട്ടങ്ങൾക്ക്, പ്രചാരം വർദ്ധിച്ചപ്പോൾ, കൃതഹസ്തരായ കലാകാരികൾ, ശ്രീകൃഷ്ണ ചരിതമല്ലാത്തതായ പ്രസിദ്ധ ചരിത്രേതിഹാസങ്ങളിലെ കഥാഭാഗങ്ങളെ അവലംബിച്ച് നങ്ങ്യാർ കൂത്തുകൾ ചിട്ടപ്പെടുത്തി അവതരിപ്പിക്കാൻ തുടങ്ങി.  ഇത് ഈ കലയുടെ മൊത്തത്തിലുള്ള ഉന്നമനത്തിനും പ്രചാരത്തിനും സഹായകമാകും എന്നത് നിസ്തർക്കം തന്നെ.

അങ്ങിനെ, ഇളങ്കോവടികൾ എന്ന കവി രചിച്ച ചിലപ്പതികാരം എന്ന തമിൾ മഹാകാവ്യത്തെ ആധാരമാക്കി ചിട്ടപ്പെടുത്തിയതത്രെ, കണ്ണകീ ചരിതം. ചിലപ്പതികാരത്തിലെ പ്രതിപാദ്യം,  പൂമ്പുഴാർ എന്ന ചോള രാജ്യതലസ്ഥാനത്ത്  സന്തോഷത്തോടെ താമസിച്ചു വരികയായിരുന്നു പതിവ്രതയായ കണ്ണകിയും ഭർത്താവ് കോവലനും.  രാജ നർത്തകിയായിരുന്ന മാധവി എന്നൊരുവളിൽ അനുരക്തനായി, സ്വകുടുംബത്തെ വിട്ട് അവളുടെ കൂടെ പൊറുതിയാരംഭിച്ച കോവലന്, അചിരേണ സർവ സമ്പത്തും നഷ്ടമാകുന്നു.  തിരിയെ വന്ന കോവലനോടുകൂടി കണ്ണകി മധുരയിലെത്തി ഭർത്താവിന് ഒരു വ്യാപാരം ആരംഭിക്കുവാനുള്ള പണത്തിനുവേണ്ടി, കണ്ണകി തന്റെ ഒരു ചിലമ്പ് കൊടുക്കുന്നു.  അതു വിൽക്കുന്നതിനിടെ ചതിവിൽ പെട്ട്, രാജാവിനാൽ വധിക്കപ്പെടുന്നു.  സത്യാവസ്ഥ തെളിയിക്കാൻ കണ്ണകി കൊട്ടാരത്തിലെത്തി, തന്റെ കൂടെ കൊണ്ടുവന്നിരിക്കുന്ന ചിലമ്പുമായി താരതമ്യപ്പെടുത്തി, തന്റെ ഭർത്താവ് നീതിരഹിതമായി കൊല്ലപ്പെട്ടിരിക്കുകയാണെന്ന് സ്ഥാപിക്കുന്നു.  കോപം അടങ്ങാതെ അവൾ മധുരയാകെ, തന്റെ ഒരു മുല അരിഞ്ഞ് എറിഞ്ഞ്, പാതിവ്രത്യശക്തിയാൽ അഗ്നിക്കിരയാക്കുന്നു.  മധുര മീനാക്ഷി പ്രത്യക്ഷപ്പെട്ട്, ഭർത്താവുമായുള്ള പുനഃസമാഗമത്തിന് അനുഗ്രഹിക്കുന്നു.

നങ്ങ്യാർകൂത്തിന്റെ പൊതുവിലുള്ള അവതരണ രീതി

ശ്ലോകം ചൊല്ലുന്ന രീതി - കലാമണ്ഡലം ദിവ്യRead more: നങ്ങ്യാർ കൂത്തും കണ്ണകീ ചരിതവും

free joomla templatesjoomla templates
2018  ആസ്വാദനം    globbers joomla template