സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ
- Details
- Category: Kathakali
- Published on Wednesday, 24 March 2021 10:56
- Hits: 2436
സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ
ശ്രീവൽസൻ തിയ്യാടി
കുറുവട്ടൂരെ ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിഞ്ഞിരുന്നു. നാലമ്പലത്തിനകം നരസിംഹമൂർത്തിയുടെ നടയടഞ്ഞു. മതിലകത്തെ അഗ്രശാലയിൽ ചെണ്ടപഠിക്കാൻ എത്തിയിരുന്ന കുട്ടികൾ സാധകംചെയ്ത് പിരിഞ്ഞുപോയി. കനവെയിലിൽ ചതുരൻകുളവും കട്ടവിണ്ടപാടവും കുള്ളൻകുന്നുകളും വിറങ്ങലിച്ചു. കാറ്റോട്ടമില്ലാത്ത വള്ളുവനാടൻ മീനപ്പകൽ.
തലേ സന്ധ്യക്ക് ഇവിടെ ഒരു കഥകളി നടക്കേണ്ടതായിരുന്നു. സദനം കൃഷ്ണദാസ് നായർ ഓർമയരങ്ങ്. അകാലത്തിൽ പോയ വേഷക്കാരൻറെ മൂന്നാം ചരമവാർഷികനാൾ. അതിന് 18 മണിക്കൂർമാത്രം ശേഷിക്കെ, അപ്രതീക്ഷിത തടസ്സം നേരിട്ടു. സഹൃദയലോകം കനിഞ്ഞ് സംഘാടകരുടെ നന്മയിൽ പരിപാടി മുടങ്ങിയില്ല. വേദി മാറി അകലെയല്ലാത്തൊരിടത്ത് നടന്നു. കാറൽമണ്ണ. പാലക്കാട് ജില്ലയിലെതന്നെ ചെർപ്പുളശ്ശേരിസമീപം മറ്റൊരു ഗ്രാമം. ഭംഗിയായി ആചരണം. മുന്നേ നിശ്ചയിച്ച പ്രകാരം വൈകിട്ട് അനുസ്മരണയോഗം. തുടർന്ന് രണ്ട് രംഗങ്ങളിലായി നാല് കഥാപാത്രങ്ങളുടെ അവതരണം. നളചരിതത്തിലെ കാട്ടാളൻ-ദമയന്തി, സുഭദ്രാഹരണത്തിലെ ബലഭദ്രർ-കൃഷ്ണൻ. അത്താഴം കഴിച്ചു പിരിഞ്ഞു ജനം വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൻറെ ഹാളിൽ.
അവിടെ കെട്ടിയാടിയവർ കൃഷ്ണദാസിൻറെ ഏറെക്കുറെ സമകാലികരാണ് സദനത്തിൽ. ഒരാൾ ശിഷ്യൻകൂടെയും. കലയഭ്യസിച്ച് സദനത്തിൽനിന്ന് 1980കളിലും '90കളിലും ആയി പുറത്തിറങ്ങിയവർ. നാൽവരും ഇന്നിപ്പോൾ വെള്ളിനേഴിക്കിപ്പുറം കുറുവട്ടൂരുണ്ട്. അനൗപചാരികമായൊരു സ്മൃതിവട്ടത്തിനായി. ഭാസി, മണികണ്ഠൻ, വിജയൻ, സദാനന്ദൻ. അവരുടെ തൊട്ടടുത്ത തലമുറയിലെ ചെണ്ടക്കാരൻ രാമദാസ് എന്ന പ്രദേശവാസിയും. വിശേഷാൽ ക്ഷണത്തിൽ കലാമണ്ഡലം ബാലൻ എന്ന ചുട്ടി-കോപ്പുനിർമാണം കലാകാരൻ എത്തിയിട്ടുണ്ട്. രാമദാസിനെ കണക്ക് കുറുവട്ടൂർ സ്വദേശി. കൃഷ്ണദാസിൻറെ പേരിൽ കുടികൊള്ളുന്ന സമന്വയം എന്ന സാംസ്കാരിക സംഘടനയുടെ മേധാവി. രണ്ടുവർഷം മുമ്പ് രൂപീകരിച്ച കഥകളി പ്രമോഷൻ സൊസൈറ്റിയുടെ അദ്ധ്യക്ഷനായ അറുപതുകാരനാണ് ഈ മേളനത്തിലെ ഏറ്റവും പ്രായംചെന്ന അംഗം. അദ്ദേഹത്തേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള ലേഖകൻ ചർച്ചയുടെ ചാലുവെട്ടിയും.
കൃഷ്ണദാസിനെ ഇവരാരും ആ പേരല്ല വിളിച്ചുപോന്നിട്ടുള്ളത്. അടുത്തുപരിചയമുള്ളവർ കണ്ണൻ എന്നേ പറഞ്ഞുശീലിച്ചുള്ളൂ. ഇളയവർക്ക് കണ്ണേട്ടൻ. കറുത്തേടത്തെ കണ്ണൻനായർ എന്ന് ആളുടെ നാട്ടുകാർ ചിലർ. ഭാരതപ്പുഴക്ക് പുഷ്ടികൂടുന്ന ഷൊറണൂരിന് നാലു നാഴിക കിഴക്ക് കൂനത്തറയാണ് ജന്മസ്ഥലം. അതേ വഴിയിൽ 18 കിലോമീറ്റർ ചെന്നാലായി കണ്ണൻ വേഷം പഠിച്ച സ്ഥാപനം. പത്തിരിപ്പാലക്ക് ലേശം തെക്കുള്ള പേരൂർ ഉൾനാട്ടിലെ സദനം കഥകളി അക്കാദമി.
അവിടെ 1983ലാണ് കണ്ണൻ വിദ്യാർത്ഥിയായി ചേരുന്നത്. മഴ കനത്ത ജൂൺ മാസത്തിൽ. പതിനാലാമത്തെ വയസ്സിൽ. പിറ്റേയാണ്ട് അരങ്ങേറ്റം. സദനം ഹരികുമാറും കലാനിലയം ബാലകൃഷ്ണനും കലാമണ്ഡലം പദ്മനാഭൻനായരും കീഴ്പടം കുമാരൻനായരും ഗുരുക്കളായി. തുടർന്ന് സ്ഥാപനത്തിൽ ഇടക്കാലങ്ങളിൽ ആശാനായി. സദനംട്രൂപ്പിനായും അല്ലാതെയും പച്ചയും കത്തിയും കരിയും താടിയും മിനുക്കും വേഷങ്ങൾ കെട്ടി. പുരുഷനായും സ്ത്രീയായും. മദ്ധ്യനാല്പതുകൾ പിന്നിട്ടതോടെ തികഞ്ഞ ആരോഗ്യവാനല്ലാതെയായി. അപ്പോഴും രംഗത്ത് പ്രവൃത്തിച്ചുപോന്നു. ക്രമേണ ബഹുതരം രോഗങ്ങൾ പിടിമുറുക്കിയപ്പോൾ അരങ്ങന്നുനിന്ന് കുറേശ്ശെയായി പിന്നാക്കമായി. ഒടുവൊടുവിൽ തീർത്തും വിരമിച്ചു. പ്രായം 49 തികയുന്നതിന് രണ്ടുമാസം മുമ്പ് അന്തരിച്ചു -- 2018 മാർച്ച് 19ന്.
ഇത്രയും ജീവിതരേഖ. ഗുമസ്തക്കണക്കുകൾക്ക് അപ്പുറമാണല്ലോ ജീവിതനിറങ്ങൾ. തെളിഞ്ഞതും ഇരുണ്ടതും ഇടയിലുള്ളവയും. അവയിലേക്ക് വെളിച്ചം വീശുന്ന വിധം തിരിഞ്ഞുനോക്കുകയാണ് സമപ്രായക്കാർ.
മനസ്സാലെ തിരനോക്ക്
കുറുവട്ടൂരമ്പലത്തിൻറെ ബലിക്കൽപ്പുര. മരത്തട്ടിൽ കൊത്തുപണി. കരിങ്കൽത്തിണ്ണക്ക് സുഖകരമായ പരുപരുപ്പ്. സൂര്യൻ ഉച്ചിയിലായിട്ടും ചൂടില്ലിവിടം. എഴുതിയെടുക്കുന്ന ആളടക്കം ഏഴുപേരുടെ സന്ധി.
പഠിതാവായി കണ്ണൻ സദനത്തിൽ ചേരുമ്പോഴത്തെ സന്ദർഭങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ വ്യക്തം ഭാസിക്ക്. ആ ബാച്ചിൽ വേഷക്കാരായി രണ്ടാൾ വേറെയുണ്ടായിരുന്നു. ചെർപ്പുളശ്ശേരി-പട്ടാമ്പി പാതയോരത്തെ വീട്ടിൽനിന്നുള്ളവർ. നെല്ലായക്കാരൻ ശ്രീനാഥൻ, ഓങ്ങല്ലൂരുള്ള സന്തോഷ്‌കുമാർ. ആദ്യത്തെയാൾ സ്ത്രീവേഷക്കാരനായി. മറ്റെ പയ്യൻ കഥകളിരംഗത്ത് ഉറയ്ക്കാതെ പോയി.
കണ്ണന് അച്ഛനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. മുത്തശ്ശനാണ് ചേർക്കാൻ കൊണ്ടുവന്നത്. ആജാനബാഹുവായ കാരണവർ. "കുട്ടീ," അദ്ദേഹം ഭാസിയെ അടുത്തുവിളിച്ചു. അഞ്ചാംവർഷം വിദ്യാർത്ഥി. കാറൽമണ്ണക്കാരൻ. "നോക്കൂ, ചെക്കൻ വീടിൻറെ ചുറ്റുപുറംമാത്രം കണ്ടുവളർന്നവനാണ്. ഒന്ന് ശ്രദ്ധിക്കണം. ഏല്പിക്കുന്നു."
കണ്ണൻറെ പൂർവികർക്കില്ലായിരുന്നു കലാകൗതുകം.
അതിർക്കാടുള്ള സദനത്തിൻറെ ഇല്ലിപ്പടി കടന്ന് വൃദ്ധൻ മറഞ്ഞു. (ആ മനസ്സിൻറെ വ്യഥയോർത്തിട്ടോ തന്നെ കൈപിടിപ്പിച്ചതിൽ ആദരംതോന്നിയോ കുറുവട്ടൂർസംഗമത്തിലെ ഈ ഭാഗത്ത് ഭാസിക്ക് തൊണ്ടയിടറി.)
കഥകളി എന്തെന്നുതന്നെ പിടിയില്ലായിരുന്നു സദനത്തിലെത്തുവോളം കണ്ണന്. കുടുംബക്കാരിൽനിന്ന് വിട്ടുനിൽക്കുന്നതിൻറെ മൗഢ്യം ആദ്യമാദ്യം വ്യക്തമായിരുന്നു. "മിക്കവാറും ആലോചന. എല്ലാറ്റിനും ഒരു മാന്ദ്യം. അപ്പുവും (സന്തോഷ്‌കുമാർ) അങ്ങനെയായിരുന്നു. തുടക്കത്തിലേ പ്രസന്നനായിട്ട് ശ്രീനാഥനെ ഉണ്ടായിരുന്നുള്ളൂ. അയാള് ഇന്നും ഹാപ്പിയാ."
ക്രമേണ കണ്ണൻ ഉഷാറായി. ഒന്നുരണ്ടു കൊല്ലത്തോടെ മുഴുവനായും. "ഞാനൊക്കെ കാണുമ്പോഴേക്കും അങ്ങനെയാ," എന്ന് ചുട്ടി ബാലൻ. 1980കളുടെ രണ്ടാംപാതിയിൽ കോപ്പുപണിക്ക് ഇടയ്ക്ക് സദനത്തിലേക്ക് വിളിപ്പിക്കും ബാലനെ സ്ഥാപനം സാരഥി കെ കുമാരൻ. "കുമാരേട്ടൻ 1986ൽ ഞങ്ങളെ ദുബായ്ക്ക് കൊണ്ടുപോയി. കഥകളി. 'കിരാതം'. അതിൻറെ തയ്യാറെടുപ്പിന് അറയിൽ കിരീടവും മെയ്യാഭരണങ്ങളും നേരെയാക്കുമ്പോൾ ഇയാള് ഇടക്കൊക്കെ വരും. നോക്കിക്കാണാനും കൂടെക്കൂടാനും ഉത്സാഹമാണ്. അങ്ങനെ കണ്ണനുമായി അടുത്തുവന്നു."
ഈ ശുഷ്‌കാന്തി കണ്ണന് കളരിയിലും ഉണ്ടായിരുന്നു എന്ന് ഭാസി. "ക്ലാസ്സിന് പതിനഞ്ചെങ്കിലും മിനിറ്റ് നേരത്തെ എത്തും കണ്ണൻ. മുറി അടിച്ചു വൃത്തിയാക്കും."
അപ്പോഴും വീടെത്താനുള്ള ആവേശത്തിന് വലിയ കുറവൊന്നും വന്നില്ലെന്ന് മണികണ്ഠൻ. "കുടുംബം എന്നും ദൗർബല്യമായിരുന്നു. അന്നൊക്കെ ഹോംസിക്ക്. അടുപ്പിച്ചുള്ള രണ്ട് അനദ്ധ്യായദിവസങ്ങൾ കഴിഞ്ഞ് ചിലപ്പോൾ രണ്ടാംനാളേ കണ്ണൻ തിരികെ സദനത്തിൽ വരൂ," എന്ന് ഓർക്കുന്നു വെള്ളിനേഴിക്കാരൻ. "ആ മനഃസ്ഥിതി അവസാനംവരെ നിലനിന്നു. ഇന്ത്യക്കകത്ത് മറ്റിടങ്ങളിലോ വിദേശയാത്രക്കോ കഥകളിക്കായി പോയാലത്തെ വരുമാനം നല്ലൊരുപങ്കും കണ്ണൻ അവിടന്നേ ചിലവാക്കും. വീട്ടുകാർക്കായി അതുമിതും വാങ്ങി. തിരികെ എത്തിയാലുള്ള പണവും ഏടത്തിയേട്ടൻമാർക്കായും ഭാര്യക്കും മകനും ഒക്കെ ആയി അവര് മോഹിച്ച പ്രത്യേക വീട്ടുസാമാനങ്ങൾ വാങ്ങും."
അവനവന് പ്രാമുഖ്യം എന്നത് കണ്ണൻ കലാരംഗത്തും ഇച്ഛിച്ചില്ല എന്ന് വിജയൻ. സദനത്തിന് ഏറ്റവുമടുത്ത പട്ടണമായ ഒറ്റപ്പാലത്തിന് 130 കിലോമീറ്റർ തെക്ക് എറണാകുളത്തിനടുത്ത് ജന്മദേശമായ തൃപ്പൂണിത്തുറയിൽനിന്ന് ഫാക്ട് പദ്മനാഭനിൽനിന്ന് പ്രാഥമികപാഠങ്ങൾ കഴിഞ്ഞെത്തിയ വിജയൻ 2000ത്തിൽ സ്‌കോളർഷിപ്പ് മുഴുമിച്ചു. "തെക്കോട്ടൊക്കെ ഞങ്ങൾ പങ്കെടുത്ത കളികളിൽ ഇന്ന വേഷം എന്നുണ്ടായിരുന്നില്ല കണ്ണേട്ടന്. ഏല്പിച്ച ഏതും കെട്ടും." പോയ ദശകത്തിൻറെ മദ്ധ്യത്തിൽ ഫോർട്ട് കൊച്ചിയിലെ ഡെയ്‌ലി കഥകളി ഷോ നടത്തുന്നിടത്ത് സ്റ്റാഫ് ആയിരുന്നു. "ആടാൻ ധാരാളം ആശയങ്ങൾ ഉണ്ടായിരുന്നു. പലതും പ്രയോഗത്തിൽ ആൾക്കാർ ഇഷ്ടപ്പെട്ടിരുന്നുതാനും."
സദനത്തിൽ കണ്ണൻ ആശാനായപ്പോൾ പ്രഥമ ശിഷ്യനായിരുന്നു സദാനന്ദൻ. "എൻറെ ആദ്യത്തെ ആശാനും. എന്നെ 'ധിത്തത്തത്ത' ചിവിട്ടാൻ പഠിപ്പിച്ച ആള്. ഒടുവിൽ, മൂന്ന് കൊല്ലം മുമ്പ്, രോഗം മൂർച്ഛിച്ച് വാണിയംകുളത്തെ ആസ്പത്രിയിൽനിന്ന് വടക്കോട്ട് പെരിന്തൽമണ്ണക്ക് കൊണ്ടുപോവാൻ ആംബുലൻസിൽ കയറ്റുമ്പോൾ കാലിൻറെ വശം ഞാൻ പിടിച്ചു. സത്യത്തിൽ, മരിക്കാൻ പിന്നീട് അധികമുണ്ടായില്ല."
കുന്തിപ്പുഴവക്കത്തെ ചെത്തല്ലൂരുള്ള ഇടമന ഇല്ലത്തെ സദാനനന്ദന് കഥകളിയിൽ മറ്റുപലർക്കും എന്നപോലെ ബ്രാഹ്മണ്യപ്പുറത്തുള്ള ബഹുമാനവും ഇളവുകളും കിട്ടിയിരുന്നു. "കണ്ണേട്ടൻറെ മെച്ചം എന്താച്ചാ അതൊന്നും എനിക്ക് ബാധകമാക്കിയില്ല. 'തിരുമേനി' എന്ന് ചിലർ അലങ്കാരം തന്നപ്പോഴും 'നീയ്യ്' എന്നുതന്നെ വിളിച്ചുപോന്നു. അത്രക്കുണ്ടായിരുന്നു അടുപ്പം."
വളച്ചുകെട്ടില്ലാത്ത പെരുമാറ്റം
ഇതുപോലെ കാര്യങ്ങളിൽ നേരെചൊവ്വേ മട്ടായിരുന്നു എന്ന് വിജയൻ. "ഞാൻ പഠിപ്പിച്ചുരുന്ന കാലത്ത് ഒരു വിശേഷത്തിന് സദനത്തിൽ എത്തിയതായിരുന്നു കണ്ണേട്ടൻ. മെസ്സുള്ള വളപ്പിൽ മേലെഭാഗത്ത് സൗകര്യം കൂടിയ ലൊക്കേഷനുണ്ട് -- ഊട്ടി എന്നാണ് വിളിക്കുക. രാത്രിവിശ്രമത്തിന് അങ്ങോട്ട് ക്ഷണിച്ചു കണ്ണേട്ടനെ. 'നീയ്യ് വിളിച്ചിട്ടൊന്നും വേണ്ടാ എനിക്ക്...' എന്ന് മറുപടിയും കിട്ടി." കൂട്ടത്തിൽ സദാനന്ദൻ: "തിരിച്ചും ഉണ്ട്. പുതിയ വേഷങ്ങൾ റിഹേഴ്‌സ് ചെയ്യുമ്പോൾ പാത്രാനുസാരിയായുള്ള ഗർവ് ഞാൻ കാണിക്കാഞ്ഞാൽ കണ്ണേട്ടൻ പറയും: 'ഇപ്പൊ ഞാൻ ആശാനല്ല, അത് മറക്കണ്ട. പുച്ഛം എന്നോട് കാണിക്കുകതന്നെ വേണം'."
മറ്റുള്ളവരുടെ അധികാരത്തിൽ കൈകടത്താതെ കാര്യങ്ങൾ അന്വേഷിക്കുന്ന ശീലവും കണ്ണനുണ്ടായിരുന്നു. രാമദാസ് സദനത്തിൽ ചെണ്ട പഠിച്ച് അരങ്ങേറിയ കാലത്ത് ഒരു കേളി കൊട്ടിയത് പലയിടത്തും പിഴച്ചു. ആശാൻ തല്ലി, കോലുകൊണ്ടുതന്നെ. "ആ നേരത്ത് അതിലെ പോവാനിടയായി കണ്ണേട്ടൻ. കളിക്കുള്ള വേഷത്തിന് മനയോല തേച്ച മുഖവുമായി. ഞാൻ അറിഞ്ഞില്ല," എന്ന് രാമദാസ്. "ഇത് ഞാൻ മനസ്സിലാക്കിയത് പിറ്റേന്നാളായിരുന്നു. പകല് എന്നെ കണ്ടപ്പോൾ കണ്ണേട്ടൻ ചോദിച്ചു: 'എന്തേ ഇന്നലെ അവടെ നടന്നത്. കൊട്ടിൽ പറ്റിയ പിഴവ് ഞാനറിയിച്ചു. 'ഹും, സാരല്യ. അങ്ങന്യൊക്ക ണ്ടാവും. ദോഷം കരുതി ശിക്ഷിക്കണതല്ല.' എൻറെ കണ്ണു നിറഞ്ഞു."
ഞങ്ങള് കുട്ടികളുടെ ഏത് കുറുമ്പും വേഗം മനസ്സിലാക്കും കണ്ണേട്ടൻ, എന്നും രാമദാസ്. "ഒരു സൂത്രവും അവിടെ ചെലവാവില്ല."
കഥകളിയാത്രകൾക്ക് പോവുമ്പോൾ കോപ്പുപെട്ടി വണ്ടിയേറ്റാൻ അനന്യമായ വൈഭവം ഉണ്ടായിരുന്നു കണ്ണന്. "ഏത് എവിടെ വച്ചാലാണ് ഓട്ടത്തിൽ അപായക്കുറവും ഇറക്കാൻ എളുപ്പവും എന്ന് കൃത്യം അറിഞ്ഞിരുന്നു," എന്നും സദാനന്ദൻ. കുശലവന്മാരായി ഇരുവർ ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. "ഞാനായിട്ടും എത്ര ഉണ്ടായിരിക്കുന്നു ആ കോമ്പിനേഷൻ!" എന്ന് ഭാസി.
പാരമ്പര്യേതരമായ കലാസംരംഭങ്ങൾക്കും കണ്ണൻ മികവ് തെളിയിച്ചു. "ഷാലോം ടീവി ചാനലിൻറെ ഉദ്ഘാടനം, 2005ൽ," എന്നുപറഞ്ഞ് ഉദാഹരിക്കുന്നു ബാലൻ. "അവർക്ക് വേണ്ടത് കഥകളിയും ഓട്ടൻതുള്ളലും ചേർന്നുള്ളൊരു ഷോ. കണ്ണൻ ആയിരുന്നു അതത്രയും ചിട്ടപ്പെടുത്തിയത്." തുടർന്നുള്ള പതിറ്റാണ്ടിൽ 'അഷ്ടപദിയാട്ടം' എന്ന രംഗകല കവളപ്പാറയിലെ 'കലാസാഗർ' പുനരുദ്ധരിക്കുന്ന വേളയിൽ കണ്ണനും കെട്ടി ശ്രീകൃഷ്ണവേഷം. നവോന്മേഷത്തോടെ 1980കളിൽ ആവിധം അരങ്ങുപരീക്ഷിച്ച സംഘടനയുടെ തലവൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ (1924-92) ആയിരുന്നു. വെള്ളിനേഴിക്കാരൻ ചെണ്ടചക്രവർത്തി വിവാഹാനന്തരം താമസമാക്കിയ കവളപ്പാറ ഗ്രാമം കൂനത്തറയുടെ പരിസരമാണ്.
പൊതുവാളിനുണ്ടായിരുന്നതു പോലെ തൻറേടവും നായകത്വവും കണ്ണനും പ്രദർശിപ്പിച്ചിരുന്നു. "അയള് ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചുനിൽക്കും. തെറ്റാണ് എന്ന് ആരെത്ര ബോദ്ധ്യപ്പെടുത്തിയിട്ടും പിന്നെ കാര്യമില്ല," എന്ന് ഭാസി. "ഒരിക്കൽ, സന്ധ്യകഴിഞ്ഞ നേരത്ത് സദനത്തിലെ മൂലയ്ക്കലെ കിണറ്റിൻറെ കരയിൽ രണ്ടു പേര് കുളിക്കുകയായിരുന്നു. 'ആരാ അവടെ?' എന്നായി കണ്ണൻ. ആദ്യം മയത്തിൽ. ആശാന്മാരായിരുന്നു, അവർക്ക് രസംപിടിച്ചു. അതിനാൽ ഉത്തരമുണ്ടായില്ല. 'ആരടാ അവടെ!' എന്നായി. അങ്ങനെ ചോദ്യംചെയ്തത് ഭംഗിയായില്ല എന്ന് പിന്നീട് ആരോപണം വന്നു. 'അറിഞ്ഞുകൊണ്ടല്ലാത്തതിനാൽ ക്ഷമ ചോദിക്കില്ല' എന്ന് കണ്ണനും."
തീർത്ഥയാത്രക്കും വിനോദസഞ്ചാരത്തിനും ബാലനും കണ്ണനും സകുടുംബം കുറേ പോയിട്ടുണ്ട്. "ഗുരുവായൂര് ദർശനം. അതല്ലെങ്കിൽ ഞാനും അയളും കൂടി ശബരിമല. കൂടാതെ (പിന്നീടന്തരിച്ച കഥകളിനടൻ) പരിയാനംപറ്റ ദിവാകരൻറെ കുടുംബത്ത്.... പെരിങ്കന്നൂര് (പട്ടാമ്പിക്ക് തെക്ക്)," എന്നും ബാലൻ. "ചുട്ടിയിൽ എന്നെ വല്യ വിശ്വാസായിരുന്നു. 'എൻറെ തേപ്പ് ഇക്കുറി അത്ര വൃത്തിയായിട്ടില്ല. അതും കൂട്ടത്തിൽ ഒന്ന് വെടിപ്പാക്കണം' എന്ന് പറയാറുണ്ട്."
കുടുംബം കൊണ്ടുനടക്കുന്നതിലെ പ്രാപ്തി കണ്ണൻറെ മൂത്ത മൂന്ന് സോദരരിലും ആദരമുണ്ടാക്കി. പറമ്പിൽ തെങ്ങുകയറാൻ ആള് വന്നാലും ജ്യേഷ്ഠൻ കറുത്തേടത്ത് കുമാരദാസ് പറയുംപോലും: "കണ്ണൻനായര് ഇപ്പൊ ല്യ ബടെ. രണ്ടീസം കഴിഞ്ഞേ എത്തൂ. ന്ന്ട്ട് വരൂ."
അവസാനകാലങ്ങളിൽ കണ്ണൻ മരണം മുന്നിൽ കണ്ടിരുന്നു. ആസ്പത്രിയിൽ മോശംനിലയിൽ കിടന്ന ഒരു ദിവസം കാണാൻ ചെന്നതായിരുന്നു ബാലൻ. "എൻറെ കോപ്പുകളത്രയും വീട്ടിലുണ്ട്. അത് ബാലേട്ടൻ കൊണ്ടുപോണം. നന്നാക്കിയെടുത്ത് എന്തുവേണമെങ്കിലും ചെയ്തോളൂ," എന്നോർത്തെടുത്തപ്പോൾ ഈ ചുട്ടികലാകാരനും കുറച്ചധികം നേരം വികാരാധീനനായി കുറുവട്ടൂരെ അപരാഹ്നത്തിൽ. (മരണശേഷം ആ പെട്ടി കുടുംബക്കാരെ തിരിച്ചേൽപ്പിക്കാനും സാഹചര്യമുണ്ടായി എന്നത് മറ്റൊരു വിഷയം.)
ഓർമക്കളിയിലെ പങ്കാളികൾ
കുറുവട്ടൂര് യോഗത്തിന് തലേന്നാൾ നടന്ന കഥകളിയിൽ സഹകരിച്ച വേറെയും സദനം അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. വേഷക്കാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി, ചുട്ടിയാശാൻ കലാമണ്ഡലം സതീശൻ, ചെണ്ടക്കാരായ സദനം ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, മദ്ദളവാദകൻ ദേവദാസ്, പാട്ടുകാരൻ ശിവദാസ്, പുതുമുറ ഗായകൻ സായികുമാർ. അവർക്ക് പറയാനുള്ളതു കൂടി:
"വിദ്യാർത്ഥിയായിരുന്ന കാലത്തെ കണ്ണനെ ഓർക്കുന്നില്ല," എന്ന് സപ്തതി പിന്നിട്ട നരിപ്പറ്റ. "എന്നാൽ മൂന്നാല് കൊല്ലം മുമ്പ് കവളപ്പാറ ഒരു കളിക്ക് വേഷമുണ്ടായിരുന്നു. അത് കഴിഞ്ഞുള്ള രാത്രിയിൽ പരിസരത്ത് കണ്ണൻറെ വീടന്വേഷിച്ചെത്തി. അവിടെ പൂമുഖത്ത് ഇരിക്കുന്ന രൂപം തിരിച്ചറിയാൻ രണ്ടു നിമിഷമെടുത്തു. അത്രമാത്രം വാർദ്ധക്യം ബാധിച്ചിരുന്നു കണ്ണന് അതിനകം എന്നത് ഞെട്ടലോടെ മനസ്സിലാക്കി."
"അണിയറയിൽ ഒരു പത്തുകൊല്ലം മുമ്പൊരു സംഗതിയുണ്ടായി," എന്ന് സതീശൻ. "സദനത്തിൻറെ കളി. വെളുപ്പിന് ഞങ്ങൾ കെട്ടിപ്പെറുക്കി പോരികയാണ്. അണിയറ അലങ്കോലം. കണ്ണന് സഹിച്ചില്ല. പെട്ടിക്കാരോട് ഉറക്കെ കയർത്തു. ഞാൻ നിന്നു വിയർത്തു -- അരങ്ങിൻറെ പിന്നാമ്പുറം വൃത്തിയാക്കുക സത്യത്തിൽ എൻറെകൂടി ചുമതലയാണല്ലോ. എൻറെ പരുങ്ങൽ കണ്ടതും കണ്ണൻ തണുത്തു: 'സതീശേട്ടൻ ഒന്നും വിചാരിക്കരുതേ. ഇങ്ങനെ വെടിപ്പില്ലാതെ അണിയറ ശേഷിച്ചുകണ്ടപ്പോൾ വെളിച്ചപ്പെട്ട് പൂവ്വേ...' അതോടെ എല്ലാം ശാന്തം."
"കണ്ണപ്പനുണ്ണി എന്ന് എൻറെയൊരു പ്രയോഗംതന്നെ ഉണ്ടായിരുന്നു," എന്ന് ഗോപാലകൃഷ്ണൻ. "കണ്ണൻ (കൃഷ്ണദാസ്), അപ്പു (സന്തോഷ്‌കുമാർ), ശ്രീനാഥൻ (ഉണ്ണി) എന്നിവരുടെ ചെല്ലപ്പേരുകൾ കോർത്തുണ്ടാക്കിയത്." മലയാളത്തിലെ ആ 1977 ചലച്ചിത്രംപോലെ ആദ്യകാല കളറിൽ ഓരോ ഫോട്ടോയും എടുത്തിരുന്നു ഈ മൂവരുടെ. "ഇപ്പോഴും എൻറെ വീട്ടിലുണ്ടത്."
"നല്ല ഊക്കുള്ള ചൊല്ലിയാട്ടമായിരുന്നു കണ്ണൻറെ. കൊട്ടാൻ തന്നെത്താൻ ഉത്സാഹം കിട്ടും," എന്ന് രാമകൃഷ്ണൻ. "താടിവേഷം ആണെങ്കിൽ പരിയാനംപറ്റയെ മാതിരി ആവണം എന്ന് എപ്പോഴും പറയുമായിരുന്നു."
കണ്ണൻറെ ബാച്ചിൽ മദ്ദളം പഠിച്ചതാണ് ദേവദാസ്. പിന്നീട് ഇരുവരും സ്ഥാപനത്തിൽ അധ്യാപകരായി. വേഷമാശാൻ കലാനിലയം ബാലകൃഷ്ണന് വലിയ ബോദ്ധ്യമായിരുന്നു കണ്ണനെ. "കളരിയിയിൽ വരാനാവാത്ത ദിവസങ്ങളിൽ ബാലാശാൻ സർവം കണ്ണനെ ഏല്പിച്ചുപോവും. മഴക്കാലത്തെ ഉഴിച്ചിൽ കാര്യത്തിലും കണ്ണനെ വലിയ മതിപ്പായിരുന്നു."
പൊതുവാളാശാൻറെ പൗത്രൻ കലാസാഗർ കൃഷ്ണപ്രവീൺ കുറച്ചുകാലം കഥകളി പഠിക്കുകയുണ്ടായി കണ്ണനുകീഴിൽ. നാട്ടുകാർ. "ദക്ഷിണ കൊടുത്തു, അഭ്യാസം തുടങ്ങി. എന്നാൽ അക്കാലത്ത് എൻറെ ഉത്സാഹക്കുറവും കണ്ണേട്ടൻറെ വിദേശയാത്രാതിരക്കും കാരണം പതിയെപ്പതിയെ ക്ലാസ് നേർത്തു, ഇല്ലാതായി. പിന്നെ സാധിച്ചത് ആ വേഷങ്ങൾക്ക് ഇടക്കൊക്കെ കൊട്ടാനുള്ള അവസരമാണ്," എന്ന് ചെണ്ടക്കാരനും ഗായകനും ആയ യുവ കോളേജ് പ്രൊഫസർ -- വാദ്യപ്രയോക്താവ് കലാമണ്ഡലം വിജയകൃഷ്ണൻറെ പുത്രൻ. "അതത്രയും ഓർമയായി മനസ്സിലുണ്ട്."
സദനത്തിൽ പഠിച്ചും പഠിപ്പിച്ചും ഗായകനായ ശിവദാസ് ഒരുവർഷമായി കലാമണ്ഡലത്തിൽ അദ്ധ്യാപകനാണ്. "ബാലിവധം കഥയിലെ മുഴുവൻ അക്ഷരങ്ങളും എനിക്ക് ഇന്ന് തോന്നുന്നെങ്കിൽ അതിന് വലിയൊരു കാരണം കണ്ണേട്ടനാണ്. താമസിക്കുന്ന കെട്ടിടത്തിൽനിന്ന് പ്രാതലിനുശേഷം കളരിയിലേക്ക് എനിക്ക് ഒരുകാലത്ത് വേറാരുമായിരുന്നില്ല. 'പഠിച്ചത് കേൾക്കട്ടെടോ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കും. തലേന്നാൾ മനഃപാഠമാക്കിയ വരികളത്രയും കണ്ണേട്ടനായി ഞാൻ ചൊല്ലും," എന്നോർക്കുന്നു. "അന്നൊക്കെ ഉച്ചക്ക് ഇവർ വേഷക്കാർ ഉറങ്ങാൻ കിടന്നാൽ മൂന്നു മണിയുടെ ക്ലാസ്സിന് 15 മിനിറ്റ് മുമ്പ് വിളിച്ചുണർത്തേണ്ടത് എൻറെ ചുമതലയാണ്. 'അതുവരെ നീ സാഹിത്യം പഠിക്ക്' എന്ന് പറഞ്ഞേൽപ്പിക്കും."
കഥകളിസംഗീതത്തിൽ കലാമണ്ഡലത്തിൽ ഉപരിപഠനം നടത്തുകയാണ് ഇന്ന് സദനം സായികുമാർ. ശിവദാസിൻറെ ശിഷ്യൻ. "കുറച്ചുകാലമേ കണ്ണേട്ടനുമായി സമ്പർക്കം ഉണ്ടായിട്ടുള്ളൂ. ഉള്ളതത്രയും ഊഷ്മളം," എന്ന് പയ്യൻ. "എന്നോടും അന്വേഷിക്കാറുണ്ട് സാഹിത്യം പഠിക്കുന്ന കാര്യം. ചൊല്ലിക്കേൾപ്പിക്കാൻ പറയും. കൈയക്ഷരം നന്ന് എന്നൊരു കമൻറും."
സദനം കൃഷ്ണദാസ് നായർ 2021 അനുസ്മരണത്തിൽ കാറൽമണ്ണയിലെ മാർച്ച് 19 വേദിയിൽ കുഞ്ചുനായർ ട്രസ്റ്റ് ഭാരവാഹികളായ കെ.ബി. രാജാനന്ദും ആനമങ്ങാട് പീതാംബരനും സംസാരിച്ചു. പരിപാടിയുടെ സംഘാടകരായ സുദീപ് പിഷാരോടി എന്ന ആസ്വാദകൻ സ്വാഗതവും സദനം ചെറിയ മണികണ്ഠൻ എന്ന വേഷം-തിമില കലാകാരൻ നന്ദിയും പറഞ്ഞു.
വാൽക്കഷ്ണം: മേലത്തെ യോഗത്തിൽ സന്നിഹിതരായ സദനക്കാരെയോ അതുമായി ബന്ധപ്പെട്ട സഹൃദയരെയും മാത്രമേ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.