ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ..
- Details
- Category: Kathakali
- Published on Sunday, 13 September 2015 20:59
- Hits: 9406
കഥകളി അഭ്യസിപ്പിക്കുന്ന കാര്യത്തിൽ വളരെ നിഷ്കർഷത വെച്ചു പുലർത്തുകയും, കല്ലുവഴി ചിട്ട ശിഷ്യന്മാരിലൂടെ നിലനിർത്തുകയും ചെയ്ത അജയ്യനായ ആചാര്യനായിരുന്നു പട്ടിയ്ക്കാംതൊടി രാവുണ്ണി മേനോൻ. ആ പരമാചാര്യന്റെ നാമധേയത്തിലുള്ള പുരസ്ക്കാരം ഈ വർഷം കിട്ടിയത് ശ്രീ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ്. പുരസ്ക്കാര ലബ്ധിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും, ആ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു.
ഉണ്ണിത്താന്മാർ മഹാ തണ്ടന്മാരാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. ഞങ്ങളുടെ നാട്ടിൽ ഇവരെ വിശേഷിപ്പിക്കുന്നത് "കുംഭമാസത്തിലെ അമ്പഴം" എന്നാണ്. കുംഭമാസത്തിൽ ഈ മരത്തിന്റെ ഇലകളെല്ലാം പൊഴിഞ്ഞ് തണ്ടു മാത്രമേ കാണൂ! എന്നാൽ നമ്മുടെ കഥാപുരുഷൻ അങ്ങനെയുള്ള ആളല്ല. "ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ...' അൽപം അടുത്ത് ഇടപെടണം എന്നു മാത്രം.
തിരുവല്ലയിൽ തന്നെ ഉണ്ണിത്താൻ ചേട്ടന്റെ ധാരാളം വേഷങ്ങൾ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെടാൻ ഞാൻ തൽപരനായിരുനില്ല. കുംഭ മാസവും അമ്പഴവും തന്നെ കാരണം! മൂന്നാലു വർഷങ്ങൾക്ക് മുമ്പാണ്. ചേർത്തല ശ്രീധന്വന്തരി ക്ഷേത്രത്തിൽ ഒരു പട്ടാഭിഷേകം. ഗോപിക്കുട്ടൻ നായരാശാനായിരുന്നു പാട്ട്. ഗോപി ചേട്ടനൊപ്പം ഞാനും പോയിരുന്നു. ഞങ്ങൾ അണിയറയിൽ തമാശകളും പറഞ്ഞ് ഇരിക്കുമ്പോഴാണ് ശ്രീ ഉണ്ണിത്താൻ അവിടേയ്ക്ക് കടന്നു വന്നത്. സജ്ജനങ്ങളുടെ സ്വൈര്യജീവിതത്തിന് പ്രതിബന്ധം സൃഷ്ടിക്കുകയാണല്ലോ കലിയുടെ ലക്ഷ്യം. ഞാൻ മനസ്സിൽ ഓർത്തു.
ഗോപി ചേട്ടൻ എന്നെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ബാഗു തുറന്ന് സന്തോഷപൂർവ്വം ആത്മകഥയുടെ ഒരു കോപ്പിയെടുത്ത് '"ഇത് അർഹിക്കുന്ന ഒരാൾക്ക് ഇരിക്കട്ടെ" എന്നു പറഞ്ഞ് എനിക്ക് സമ്മാനിച്ചു. അണിയറയിലിരുന്നും, പിറ്റേന്നു തിരുവല്ലയ്ക്കു മടങ്ങുമ്പോൾ കാറിലിരുന്നും ആ പുസ്തകം ഞാൻ വായിച്ചു തീർത്തു. ആത്മകഥാ രചനയിൽ വളരെ ആത്മാർത്ഥവും, സത്യസന്ധവുമായ സമീപനമാണ് അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. എനിക്ക് ഒരു പരാതിയേയുള്ളൂ. അദ്ദേഹം ഒരുപാട് അരങ്ങു കളിച്ചിട്ടുള്ള തിരുവല്ല ക്ഷേത്രത്തെ കുറിച്ചോ ഇവിടെയുള്ള കലാകാരന്മാരെ കുറിച്ചോ ഒരു പരാമർശവും ആ ഗ്രന്ധത്തിലില്ല.
ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിക്കാൻ സഹായിച്ചത് പൊതു സുഹൃത്തും, തുറവൂർ സ്വദേശിയും ഒന്നാന്തരമൊരു കഥകളി ആസ്വാദകനും, ഇന്ത്യൻ എയർ ഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ വേണുഗോപാൽ ആണ്.
ലേഖകൻ ശ്രീ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനും ക്യാപ് റ്റൻ വേനുഗോപാലുമൊത്ത്
ഞാൻ ഉണ്ണിത്താൻ ചേട്ടന്റെ വേഷം ആദ്യം കാണുന്നത് 1990 -ൽ മാവേലിക്കരയിൽ വെച്ചാണ്. സീതാസ്വയംവരത്തിൽ പരശുരാമൻ. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിൽ വന്ന എന്നോട് അച്ഛനാണ് പറഞ്ഞത്, "ഉണ്ണിത്താന്റെ പരശുരാമനാണ്. കലാമണ്ഡലത്തിലെ ഒരു ചെറുപ്പക്കാരനാണ്. ഗംഭീരമായിരിക്കും, നീപോകണം."
മങ്കൊമ്പിന്റെയും, കൃഷ്ണൻ നായരുടേയും പരശുരാമൻ മാത്രമേ അന്നുവരെ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ. ഒരു കഥകളി മർമ്മജ്ഞനൊന്നുമല്ലെങ്കിലും എനിക്കും തോന്നി, കൊള്ളാമല്ലോ ഈ പരശുരാമൻ.
പിന്നീട്തിരുവല്ലയിലും,ചെങ്ങന്നൂരും,മാവേലിക്കരയിലുമൊക്കെ അദ്ദേഹത്തിൻറെ ധാരാളം വേഷങ്ങൾ കണ്ടിട്ടുണ്ട്. എല്ലാം താടി വേഷങ്ങൾ. അദ്ദേഹത്തിൻറെ കത്തിവേഷം ഞാൻ കാണുന്നത് കരുനാഗപ്പള്ളിക്ക് സമീപമുള്ള മണ്ണൂർക്കാവ് ക്ഷേത്രത്തിൽ വെച്ചാണ്. ബാണാസുരൻ. തിരുവല്ലയിൽ ഒരു ദുശാസനൻ കെട്ടാൻ വന്നപ്പോൾ എന്നോട് പറഞ്ഞിരുന്നു, ബാണവേഷം കാണാൻ ചെല്ലണമെന്ന്.
പൊതുവെ കയ്യും കലാശവും കൂടുതലാണ് താടിവേഷങ്ങൾക്ക്. അതുകൊണ്ടു തന്നെ താടിവേഷക്കാർ കത്തി കെട്ടിയാൽ പരാജയമാണ് ഫലം എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ഇവിടെ ഉണ്ണിത്താൻ ചേട്ടൻ വ്യത്യസ്തത പുലർത്തി. കഥകളിയിൽ വളരെ പ്രാധാന്യമുള്ള വേഷമാണ് ബാണൻ. അതിലെ ഗോപുര ആട്ടവും, കൈലാസത്തിൽ ചെല്ലുമ്പോഴുള്ള ആട്ടവും മറ്റും ഒന്നാന്തരം കത്തിവേഷക്കാരന് ചെയ്യാനുള്ള വകയുള്ളതാണ്. ആ കത്തി വേഷം കണ്ടു കഴിഞ്ഞപ്പോൾ ഉണ്ണിത്താൻ ചേട്ടന് കത്തിയാണ് യോജിച്ചത് എന്ന് പറയണമെന്നെനിക്കു തോന്നി.
കൊട്ടാരക്കര എഴുകോണ്‍, പ്ലാക്കോട്ട് വീട്ടിൽ വാസുപിള്ള - ഗോമതിയമ്മ ദമ്പതികളുടെ പുത്രനായി 1951 മാർച്ചു മാസം എട്ടാം തീയതിയാണ് അദ്ദേഹം ജനിച്ചത്. കരീത്ര വാസുപിള്ള എന്നൊരു ആശാൻ കഥകളിയുടെ പ്രാഥമിക പാഠങ്ങൾ പഠിപ്പിച്ചു. പിന്നീട് കേരള കലാമണ്ഡലത്തിൽ ചേർന്നു. രാമൻകുട്ടി നായർ,ഗോപി, സദനം കൃഷ്ണൻ കുട്ടി എന്നീ പ്രഗൽഭ ഗുരുനാഥന്മാർ അവിടെ അദ്ദേഹത്തെ അഭ്യസിപ്പിച്ചു. ആറു വർഷത്തെ ഡിപ്ലോമാ കോഴ്സും, രണ്ടു വർഷത്തെ പോസ്റ്റ് ഡിപ്ലോമയും കലാമണ്ഡലത്തിൽ പൂർത്തിയാക്കി.
കഥകളി രംഗത്ത് ചുവടുറപ്പിച്ചപ്പോൾ താടിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. സ്വന്തം ഗുരുനാഥന്മാരിലൊരാളായ ശ്രീ സദനം കൃഷ്ണൻ കുട്ടിയുടെ ഉപദേശമാണ് പ്രേരണയായതെന്ന് ആത്മകഥയിൽ ഉണ്ണിത്താൻ ചേട്ടൻ അനുസ്മരിക്കുന്നുണ്ട്.
ശരീരഗാംഭീര്യം കൊണ്ടു മാത്രം താടി വേഷക്കാരൻ വിജയിക്കുകയില്ല. അലർച്ചയുടെ ഘനം കൊണ്ടും, വീര-രൗദ്ര-ഹാസ്യ രസങ്ങൾ കൊണ്ടും കൊഴുപ്പു കൂട്ടേണ്ട വേഷമാണ് ഇത്. രസാവിഷ്ക്കരണങ്ങളെ സഹായിക്കുന്ന മുഖാകൃതിയും, കണ്ണുകളുമാണ് ഉണ്ണിത്താൻ ചേട്ടനുള്ളത്. ഈ സിദ്ധികൾ അദ്ദേഹത്തെ ഒരൊന്നാന്തരം വേഷക്കാരനാക്കി.
അദ്ദേഹത്തിൻറെ വളരെ ജനപ്രീതിയാർജ്ജിച്ച വേഷങ്ങളാണ് ലവണാസുരവധത്തിലെ മണ്ണാനും, നിഴൽകുത്തിലെ ഭാരത മലയനും. ഉണ്ണിത്താൻ ചേട്ടനും, ശ്രീ ഓയൂർ രാമചന്ദ്രനും ഒത്തുള്ള മണ്ണാനും, മണ്ണാത്തിയും ആസ്വാദകരുടെ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട്. അതുപോലെ എടുത്തു പറയേണ്ട ഒരു വേഷമാണ് ഹരിശ്ചന്ദ്രചരിതത്തിലെ ചുടല ഹരിശ്ചന്ദ്രൻ.
ഇക്കഴിഞ്ഞ ഉത്സവത്തിന് തിരുവല്ല അമ്പലത്തിൽ സുന്ദരീസ്വയംവരം കളിക്കാൻ തീരുമാനിച്ചു. ഘടോൽകചന്റെ വേഷം കെട്ടാൻ മടവൂരാശാനേ ഫോണിൽ വിളിച്ചു. കാര്യങ്ങൾ പറയുന്നതിനിടയിൽ ആശാൻ ചോദിച്ചു, ആരാ ഇരാവാൻ?
"നെല്ലിയോട് തിരുമേനി. അല്ലാതാരു കെട്ടാനാ?"
"രാമചന്ദ്രൻ അസ്സലായി ചെയ്യും." ശ്രീ മടവൂർ എന്നോട് പറഞ്ഞതാണ്.
സുന്ദരീസ്വയംവരത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് മറ്റൊരു സംഭവം ഓർമ്മയിൽ വന്നത്. തിരുവല്ല ഗോപിക്കുട്ടൻ നായരാശാൻ പറഞ്ഞതാണ്. നാലഞ്ചു വർഷങ്ങൾക്ക് മുമ്പ് ഏറ്റുമാനൂർ അമ്പലത്തിൽ ഒരു സുന്ദരീസ്വയംവരം. ശ്രീ ഉണ്ണിത്താനാണ് ഇരാവാൻ. ഗോപി ചേട്ടൻ അണിയറയിലിരുന്ന് ആദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ കഥകൾ പറയുകയാണ്. എന്തോ ഫലിതം പറഞ്ഞതും, അരികത്തിരുന്ന ഉണ്ണിത്താൻ ഒരൊറ്റ പൊട്ടിച്ചിരി. വായ നിറയെ വെറ്റിലമുറുക്കാൻ ആയിരുന്നു. പനിനീർ മഴ, പൂമഴ, തേൻമഴ. നരകാസുര സന്നിധിയിൽ എത്തിച്ചേരുന്ന നിണം പോലെയായി ഗോപി ചേട്ടൻ.
"അയ്യോ, ഞാനായതുകൊണ്ടാ, ആശാന്റെ പ്രകൃതമനുസരിച്ച് കരണ ക്കുറ്റിക്കൊന്നു കിട്ടേണ്ടതാ." പിന്നീടൊരിക്കൽ ഉണ്ണിത്താൻ ചേട്ടൻ പറഞ്ഞതാണ്.
വർഷങ്ങൾക്ക് മുമ്പാണ്. മരണത്തെ മുഖത്തോടുമുഖം കണ്ട് ഗോപി ചേട്ടൻ ആശുപത്രിയിൽ കഴിയുകയാണ്. തിരുവല്ല പ്രദേശത്തുള്ള കലാകാരന്മാരൊഴികെ, ഒട്ടനവധി അരങ്ങുകളിൽ സഹകരിച്ചിട്ടുള്ള ഒരൊറ്റ കലാകാരനും അദ്ദേഹത്തെ ഒന്നാസ്വസിപ്പിക്കുവാൻ തിരിഞ്ഞു നോക്കിയില്ല.ഇവിടെയും വ്യത്യസ്തനായിരുന്നു ഉണ്ണിത്താൻ. അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ച്,ആശ്വസിപ്പിക്കുവാൻ ആ സ്നേഹനിധി സമയം കണ്ടെത്തി.
ശരിയാണ് ഗോപി ചേട്ടൻ പറയുന്നത്. "അയാൾക്ക് തലക്കനമില്ല. വളവും,തിരിവും അറിയില്ല. ശുദ്ധനാണ്. അതൊക്കെത്തന്നെ അയാളുടെ കുഴപ്പവും."