സ്മൃതിയിലെ വിദൂരനാദം: ശിവരാമൻനായരുടെ കഥകളിസംഗീതം
- Details
- Category: Kathakali
- Published on Tuesday, 16 March 2021 10:39
- Hits: 2842
സ്മൃതിയിലെ വിദൂരനാദം: ശിവരാമൻനായരുടെ കഥകളിസംഗീതം
ശ്രീവൽസൻ തിയ്യാടി
ഏറെയും കളരിയിൽ മികവുകാട്ടി മദ്ധ്യവയസ്സിൽത്തന്നെ അരങ്ങിനോട് വിടപറഞ്ഞ ഗായകനായിരുന്നു എം. ശിവരാമൻ നായർ. ഉഗ്രപ്രതാപി നീലകണ്ഠൻ നമ്പീശൻറെ ഈ സമകാലികൻ അന്തരിച്ച് കൊല്ലം 52 ആയി. ശബ്ദരേഖയേതും അവശേഷിപ്പിക്കാതെ പോയ ആ ലക്കിടി ബാണിയെ ഓർത്തെടുക്കുന്നു മുൻനിര ശിഷ്യൻ കലാമണ്ഡലം സുബ്രഹ്മണ്യൻ.
ആശാൻ മരിച്ചിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. ശിഷ്യനാകട്ടെ ഇന്ന് വയസ്സ് 77. പഠനകാലം ഓർത്തെടുക്കുമ്പോൾ കലാമണ്ഡലം സുബ്രഹ്മണ്യന് പലതുണ്ട് പറയാൻ. രണ്ടെങ്കിലും സന്ദർഭങ്ങൾ ഇളംമനസ്സിൽ വല്ലാതെ തട്ടിയിട്ടുണ്ട്. ഇരു രംഗങ്ങളും അരങ്ങുസംബന്ധി. വ്യത്യസ്‍തമായ വിധത്തിൽ ഹൃദയസ്പൃക്ക്.
എം ശിവരാമൻ നായർ എന്ന ഗായകനെ കുറിച്ചാണ് സംസാരം. ഷഷ്ടിപൂർത്തി തികയുംമുമ്പ് 1969 വിട്ടുപിരിഞ്ഞ ഗുരുനാഥൻ. ചെറുതുരുത്തിയിലെ പുകഴ്‌പെറ്റ രംഗകലാസ്ഥാപനത്തിന് 25 കിലോമീറ്റർ കിഴക്ക് ലക്കിടി സ്വദേശി. മദ്ധ്യകേരളത്തിലെ ആ പുഴയോരഭൂവിൽ ഭവനത്തിൽ പോയി ഗൃഹനാഥൻറെ ഒരു ചിത്രം സംഘടിപ്പിച്ചു കൊണ്ടുവന്നു മദ്ധ്യവയസ്സിൽ സുബ്രഹ്മണ്യൻ. കറുപ്പുംവെളുപ്പും ഫോട്ടോ. ചില്ലിട്ടു ഭംഗിയാക്കി. നാല് പതിറ്റാണ്ടായി താൻ ജീവിക്കുന്ന ഗ്രാമത്തിലെ വീട്ടുമ്മറത്ത് ചുവരുചേർത്ത് വച്ചുപോരുന്നു. തൃശൂര് ജില്ലയിൽ മുളംകുന്നത്തുകാവിന് അകലെയല്ലാത്ത അവണൂര് എന്നിടത്തെ എടക്കുളം ഭാഗം.
കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി ചേരുംമുമ്പേ സുബ്രഹ്മണ്യന് കഥകളി പരിചയമുണ്ട്. പട്ടാമ്പിക്ക് കഷ്ടി പത്തുനാഴിക തെക്ക് പെരിങ്ങോട് ആണ് അദ്ദേഹത്തിൻറെ ജന്മസ്ഥലം. കരുവീട്ടിൽ ഗോവിന്ദൻനായരുടെയും കാർത്ത്യായനിയമ്മയുടെയും മകൻ. ഊരിൻറെ അധികാരം അന്നൊക്കെ കൈയാളിയിരുന്നത് പൂമുള്ളി മന. കവലസമീപം ശ്രീരാമസ്വാമി ക്ഷേത്രം പോലെ പ്രദേശത്തിൻറെ കേന്ദ്രബിന്ദു. അമ്പലത്തിൻറെയും ഊരാണ്മക്കാർ. കാതങ്ങളോളം പറമ്പിനും നിലത്തിനും ഉടമസ്ഥതയുള്ള ജന്മിപ്രഭുക്കൾ. സംഗീതം, നൃത്തം, ചിത്രം, ശിൽപം, വാസ്തു തുടങ്ങി ബഹുവിധ കലകളുടെ പരിപോഷകർ. ക്ലാസ്സിക്കൽ രംഗരൂപങ്ങളുടെ അവതരണത്തിൽ പൂമുള്ളി മതിലകത്തെ ശാലയിൽ പ്രമുഖമായിരുന്നു കഥകളി. മുഴുരാത്രി വേദി.
കയറ്റിറക്കമുള്ള നാഗലശ്ശേരി പഞ്ചായത്തിൽത്തന്നെ മറ്റൊരു നമ്പൂതിരിവസതിയാണ് കൂടല്ലൂര് മന. കരിമ്പനക്കുന്നുകളുള്ള വട്ടേനാട് പ്രദേശം. സുബ്രഹ്മണ്യൻറെ ബാല്യകൗമാരങ്ങളിൽ അവിടെയും നടന്നിരുന്നു ധാരാളം കഥകളി. അത്താഴം കഴിഞ്ഞ നേരത്ത് അവയത്രയും കാണാനും പോവുമായിരുന്നു.
അങ്ങനെയൊരു അരങ്ങത്തതാണ് സുബ്രഹ്മണ്യനെ നോവിച്ച ആദ്യ കാഴ്ച. പാതിര കഴിഞ്ഞുള്ള രണ്ടാമത്തെ കഥയ്ക്ക് പാടാൻ എത്തിയതായിരുന്നു ശിവരാമൻ നായർ. മുൻനിരയിൽ ഇരുന്നിരുന്ന തമ്പുരാൻ പാതിയൊന്നെഴുന്നേറ്റ് പെട്ടെന്ന് കല്പിച്ചു: ആ ചേങ്ങില അവടെ വെച്ചോള്വാ. ശിവരാമന് പോവാം.
ഇന്നോർക്കുമ്പോഴും വല്ലാത്തൊരു വ്യസനമാണ് സുബ്രഹ്മണ്യന് ഇക്കാര്യം. "ഒന്നാലോചിച്ചു നോക്കൂ, ക്ഷണിച്ചു വന്ന് പ്രവൃത്തിക്ക് പുറപ്പെടുന്നൊരു കലാകാരൻ. അങ്ങോരെ സദസ്സ് സാക്ഷിയാക്കി ഇറക്കിവിടുക."
അതേസമയം പ്രകടനത്തിന് അനുമതി കിട്ടിയ നേരങ്ങളിലോ? അതാണ് ശിഷ്യൻറെ രണ്ടാമത്തെ ഉദാഹരണം:
"സത്യത്തിൽ 'ബാലിവധം' കഥയൊക്കെ ആശാൻതന്നെ പാടിക്കേൾക്കണം. ശ്രീരാമൻറെ ഒളിയമ്പേറ്റശേഷം പതിച്ച ചുവന്നതാടിവേഷം സ്വാമിയോട് പറയുന്ന രണ്ടു വരിയുണ്ട്.... 'ബാധിതസ്യസായകേന ശ്രീരാമചന്ദ്ര,
അയി മമ മൊഴി കേള്‍ക്ക.' ഘണ്ടാരം രാഗത്തിൽ, ചെമ്പട താളത്തിൽ. അവിടെ ശിവരാമൻനായരാശാനെ പോലെ ഭാവം കൊടുത്ത് ആരും നാളിതുവരെ ആലപിച്ചിട്ടുള്ളതായി അനുഭവമില്ല. ബാലിയുടെ ഗതിയോർത്ത് മാത്രമല്ല എനിക്ക് അന്നൊക്കെ കണ്ണു നിറയാറുള്ളത്. അത്ര വികാരസാന്ദ്രമായിട്ടാണ് ചൊല്ലുക."
അരങ്ങിലെ മികവ്
മെലിഞ്ഞു കുറിയ ആളായിരുന്നു ശിവരാമൻ നായർ. ആകാരംപോലെ പെരുമാറ്റം. ഒതുങ്ങിക്കൂടി കുടുംബനാഥൻ. അഹന്തയില്ല. "എന്നിട്ടും എന്തേ അങ്ങനെ വേണ്ടത്ര തെളിയാതെ പോയതാവോ.... ആലോചിച്ചിടത്തോളം കാരണമില്ലാതെ പലരും ചവിട്ടിക്കൂട്ടി." ആരെയെങ്കിലുമൊക്കെ മണിയടിക്കാൻ ലേശവുമറിയാഞ്ഞാലത്തെ വിന.
പാട്ടിന് പരിഷ്‌കാരം പോരാ എന്നൊരാരോപണം അന്നേ ഉണ്ടായിരുന്നുവത്രേ. "എനിക്കത് തോന്നിയിട്ടില്ല," എന്ന് സുബ്രഹ്മണ്യൻ. "അന്നത്തെ തലമുറ അങ്ങനെ നിരൂപിക്കേണ്ട കാര്യമില്ല. ഇന്നത്തെ കണക്ക് അന്ന് അരങ്ങത്ത് വൻകിട സംഗീതമൊന്നും പതിവായിട്ടില്ല."
മലയാളക്കരയിലേക്ക് കുടിയേറിയ തഞ്ചാവൂർ സമ്പ്രദായഭജനക്കാരുടെ ഷൊറണൂരടുത്ത മുണ്ടായ മഠത്തിൽ പിറന്ന വെങ്കിടകൃഷ്ണ ഭാഗവതർ (1881-1975) ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ കല്ലുവഴിക്കഥകളിയിൽ വലിയ ഗാനമുന്നേറ്റമുണ്ടാക്കി. ആ പുതുതെന്നൽ ഗംഭീരനൊരു കൊടുങ്കാറ്റാക്കി ശിഷ്യൻ നീലകണ്ഠൻ നമ്പീശൻ (1920-85). അതായി പ്രശിഷ്യരിലൂടെ പിന്നീടത്തെ കഥകളിസംഗീതം.
ഇതിനിടയിൽ മദ്ധ്യകേരളം രംഗാലാപനത്തിൽ കടപ്പെട്ട ഒരു ചെറിയ നിര വിശിഷ്ടരുണ്ട്. ഭാഗവതരുടെ സമകാലികരായി കലാമണ്ഡലത്തിൽ പഠിപ്പിച്ചിരുന്ന കാവശ്ശേരി സാമിക്കുട്ടിയും കാവുങ്ങൽ മാധവപ്പണിക്കരും. അവരുടെ അധികമറിയാചരിത്രത്തിൻറെ ശേഷിപ്പുപോലെ ശിവരാമൻ നായരും -- 1950കളിലും '60കളിലും.
"നമ്പീശാശാൻ അന്നൊക്കെ ആദ്യത്തെ കഥയ്ക്കാവും ഏറെയും പാടുക," എന്ന് സുബ്രഹ്മണ്യൻ. ഒന്നാംതരം ഭൃഗ, ഗമകങ്ങളുടെ സൗന്ദര്യത്തിൽ പച്ചയും സ്ത്രീയും വേഷങ്ങൾ അരങ്ങുനിറഞ്ഞാടി. കൊച്ചുവെളുപ്പിന് പ്രത്യക്ഷാമവുന്ന കുറ്റിച്ചാമരങ്ങൾക്കും കരിമുടികൾക്കും പാട്ടകമ്പടിയായി ശിവരാമൻ നായർ. "ഓർത്തിടത്തോളം അങ്ങനെ വലിയ ലോഗ്യക്കാർ ആയിരുന്നില്ല നമ്പീശാശാനും ശിവരാമൻനായരാശാനും." വലിയ പ്രഭാവലയമുള്ള ഒരു വാചാലനും മിക്കവാറും ഉൾവലിഞ്ഞൊരു മിതഭാഷിയും.
ഇങ്ങനെയാണെങ്കിലും അരങ്ങത്ത് ശിവരാമൻ നായർ പലപ്പോഴും ശങ്കിടിക്കാരെ പാട്ടാൽ പരിഭമിപ്പിച്ചിട്ടുണ്ടത്രെ. "മേൽസ്ഥായിയിൽ ആശാൻ അടിച്ചാപൂശും.... കൂടെയുള്ള പലർക്കും എത്തില്ല. ഞാൻ കണ്ടിട്ടുണ്ട് രാമൻകുട്ടി വാരിയർ ഒരിക്കൽ ഇലത്താളം വച്ച് കീഴടങ്ങുന്നതേ!" പറയുമ്പോൾ, ഉയർന്ന ശ്രുതിയിൽ ധാരാളം പാടിശ്ശീലമുണ്ട് വാര്യർക്ക്. ശിവരാമൻനായരെ കണക്ക് കർണാടകസംഗീതം പഠിച്ചിട്ടുള്ള ജ്ഞാനിയാണ്; ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യൻ.
അക്കാലത്തൊക്കെ 'തോരണയുദ്ധം' മുഴുവനായും പതിവുണ്ട്. 'കണ്ടേന്‍ വണ്ടാര്‍കുഴലിയെ തണ്ടാര്‍ശരതുല്യ രാമ' എന്ന് ഹനൂമാൻറെ ഒരു പദമുണ്ടതിൽ -- പുറനീര രാഗത്തിൽ, ചെമ്പട 16 മാത്ര. അതൊക്കെ ശിവരാമൻനായരാശാൻ പാടുന്ന കേൾക്കണം. എതിരില്ല!
അതുപോലെ അസാമാന്യമായിരുന്നുപോൽ 'ഉത്തരാസ്വയംവരം' കഥയിൽ വിരാടനും കങ്കനും കൂടിയുള്ള രംഗത്തിലെ പദങ്ങൾ. മറ്റൊരു ഭാഗത്ത് 'കർണാ പാർത്ഥസദൃശനാരിഹ' എന്ന വൃന്ദാവനസാരംഗ. കൃപരുടെ പദം. ഇന്ന് അത് നല്ലോണം പൂത്തുള്ള ചന്തത്തിൽ (വെണ്മണി ഹരിദാസ് തുടങ്ങിയവർ വഴി) കേൾക്കുന്നെങ്കിൽ അടിവേര് ശിവരാമൻനായരിലാണ് എന്നാണ് സുബ്രഹ്മണ്യപക്ഷം.
ഹരിദാസിൻറെ മാനസശിഷ്യൻ ബാബു നമ്പൂതിരി പറയുന്നു: കഥകളിയുടെ ആദ്യചുവടുകളുറപ്പിക്കുന്ന തോടയത്തിലെ വരികൾ ഗംഭീരനാട്ടയിൽ തികവുറ്റതാക്കിയത് ശിവരാമൻനായരാണ് എന്ന് മറ്റൊരു ശിഷ്യൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഓർക്കാറുണ്ട്.
കഴിഞ്ഞ ദശകത്തിൽമാത്രം കണ്ണൂര് ഭാഗത്തൊരു 'കല്യാണസൗഗന്ധികം' കഥകളിക്ക് സുബ്രഹ്മണ്യൻ പാടിയ 'എൻ കണവാ കണ്ടാലും നീ" എന്ന മുഖാരിപദം കൂടെപ്പാടാൻ "ശരിക്ക് കിണഞ്ഞു" എന്ന് ശങ്കിടി സദനം ഹരികുമാർ അടുത്തിടെ രേഖപ്പെടുത്തിയത്, അറിയാതെയെങ്കിലും, ശിവരാമൻനായർക്കുള്ള സലാം ആവാനുംമതി. മറ്റാരുടെയും തരത്തിലല്ലാതെയായിരുന്നു ശിവരാമൻനായർ അക്ഷരങ്ങൾ നിരത്തുക എന്നത്
രഹസ്യംപോലെ പുഞ്ചിരിയിൽ പൊതിഞ്ഞാണ് സുബ്രഹ്മണ്യൻ നിരീക്ഷിക്കുക.
പൊന്നാനിയായി ശിവരാമൻ നായരാണ് എന്നുണ്ടെങ്കിൽ കൊട്ടാൻ വിശേഷിച്ചൊരു ഉത്സാഹം ചെണ്ടചക്രവർത്തി കൃഷ്ണൻകുട്ടി പൊതുവാൾക്ക് ഉണ്ടായിരുന്നു എന്നും ഓർക്കുന്നു സുബ്രഹ്മണ്യൻ. ദുശ്ശീലം വല്ലതുമുണ്ടോ എന്ന് ചോദിച്ചാൽ ഇടയ്ക്കൊരു കള്ളുസേവ ഉണ്ടായിരുന്നു. "വിദേശമദ്യം പതിവില്ല. അതെന്തായാലും, ഒരാൾക്കും യാതൊരു ശല്യവും ഉണ്ടായിട്ടില്ല."
കളരിയിലെ മുറകൾ
പതിമ്മൂന്നാം വയസ്സിൽ കലാമണ്ഡലത്തിൽ ചേരുന്ന കാലത്ത് വെളുപ്പിന് മൂന്നുമണി തുടങ്ങി പഠനമുണ്ടായിരുന്നു വേഷക്കാർക്കും പാട്ടുകാർക്കും കൊട്ടുകാർക്കും. രണ്ടേമുക്കാലിനെങ്കിലും എഴുന്നേറ്റേ പറ്റൂ സംഗീതവിദ്യാർത്ഥികൾ. പ്രഭാതം വരെ അഭ്യാസം.
സമീപത്തെ ഭാരതപ്പുഴയിൽ കുളിയും തുടർന്ന് കഞ്ഞിപ്രാതലും കഴിഞ്ഞാൽ എട്ടര തുടങ്ങി വീണ്ടും ക്ലാസ്. ഇടവിട്ട് സന്ധ്യക്കപ്പുറം വരെ -- ചൊല്ലിയാട്ടത്തിന് പാടിയും സാഹിത്യം മനസ്സിലാക്കിയും ഭജന ചൊല്ലിയും പുരാണങ്ങൾ പരിചയിച്ചും.
ശിവരാമൻ നായരുടെ അദ്ധ്യാപനം കൗതുകകരമായിരുന്നുപോലും. "നാല് വരിയൊക്കെ ഉറപ്പിച്ചുതരാൻ അത്രതന്നെ മണിക്കൂറ് നേരമെടുക്കും ആശാൻ," എന്ന് സുബ്രഹ്മണ്യൻ. "താപസ കുലതിലക' എന്ന പദം ഉദാഹരണം. ബകവധം കഥയിലേതാണ്. ഇതിൽ താപസകു / കുലതിലക എന്ന് വരിമുറിച്ചുള്ള ചൊല്ലൽ മനഃപാഠമാവാൻ എളുപ്പമല്ല. അതിനായി എത്രനേരം വേണമെങ്കിലും ചെലവാക്കും ആശാൻ."
ഇതുപോലൊന്ന് മാടമ്പിയും ഓർത്തെടുക്കുന്നുണ്ട് ഒൻപതുകൊല്ലം മുമ്പ്: 'താപസകുല തിലക' ശിവരാമൻ നായരാശാൻറെ രീതിയിൽ പഠിച്ചെടുത്തിട്ടുള്ളത് എങ്ങനെയെന്നാൽ "ചെറിയ ഒരു ഭൃഗ... വളവോ തിരിവോ ഇല്ലാതെ. അദ്ദേഹം പാടുന്നപോലെത്തന്നെ വന്നില്ലെങ്കില്‍ അങ്ങ്ട് മേപ്പോട്ടക്ക് എടുക്കില്ല. അങ്ങനെ ഒരു സമ്പ്രദായാ." (കഥകളി ഇൻഫോ അഭിമുഖം, മെയ് 2012.)
കൊല്ലം 1958ലെ മഴക്കാലത്ത് കലാമണ്ഡലത്തിൽ ചേർന്ന സുബ്രഹ്മണ്യൻ രണ്ടരവർഷം പിന്നിട്ടപ്പോൾ സ്ഥാപനത്തിലെ വള്ളത്തോൾ ജയന്തിക്ക് അരങ്ങേറി. നമ്പീശൻ, ശിവരാമൻ നായർ, മാധവപ്പണിക്കർ എന്നിവർകൂടാതെ തൃപ്പൂണിത്തുറ ശങ്കരവാര്യർ കർണാടകപദ്ധതി പഠിപ്പിച്ചു. ("ഞങ്ങൾ ചേരുമ്പോൾ ക്ലാസിക്കലിന് പ്രത്യേകമായി മാഷ് ഉണ്ടായിരുന്നില്ല." ശാസ്ത്രീയസംഗീതം മുമ്പ് പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്, ഉണ്യാച്ചി ഗോപാലൻനായർ എന്നിവരുടെ കീഴിൽ സ്വായത്തമാക്കിയിട്ടുണ്ട്.) കലാമണ്ഡലം ഗംഗാധരനും കോഴ്സ് 1967ൽ സമാപിച്ചു. വൈകാതെ ആറുമാസം താത്കാലിക അദ്ധ്യാപകനായി -- രാമൻകുട്ടി വാര്യർ വിദേശത്തുപോയ ഒഴിവിൽ. തുടർന്ന് നാലുവർഷം മദിരാശി കലാക്ഷേത്രയിൽ കഥകളിവിഭാഗത്തിൽ ഉദ്യോഗസ്ഥനായി. ഇടയിലൊരുവേള ഇരിഞ്ഞാലക്കുട ഉണ്ണായിവാര്യർ കലാനിലയത്തിലും പേരൂരെ സദനത്തിലും. പിന്നീട്, 1978 തുടങ്ങി കലാമണ്ഡലത്തിൽ സ്ഥിരമാശാനായി -- 22 വർഷം. കനത്ത നിര ശിഷ്യരെ വാർത്തു.
ശിവരാമൻ നായരുടെ കാര്യത്തിൽ മറ്റൊരു ശകലംകൂടി: സംഘത്തിൽ മറ്റുള്ളവർക്ക് നല്ല പിടിപോരാത്ത കഥാഭാഗങ്ങളിലാണ് അദ്ദേഹത്തെ മിക്കവാറും അരങ്ങത്തേക്കയക്കുക. "ആ പാടുന്നതുണ്ടല്ലോ, അസാമാന്യമാവുകയും ചെയ്യും!" എന്ന് സുബ്രഹ്മണ്യൻ.
ഇമ്മാതിരി പലതും ഗതകാലത്തിലേക്ക് പിന്തള്ളിപ്പോവുന്നു എന്ന ഖേദമുണ്ട് പ്രവൃത്തിക്കാരും സഹൃദയരും ആയ ചിലർക്കെങ്കിലും. സുബ്രഹ്മണ്യൻറെയും ശിഷ്യനായ ബാബു പറയുന്നു: "നമ്മുടെ വിധിവൈപരീത്യം എന്ന് പറയട്ടെ, ശിവരാമൻനായരുടെ ഒരു ശബ്ദരേഖയും കിട്ടാനില്ല. ഒക്കെയൊന്ന് അറിഞ്ഞുവെക്കാനെങ്കിലും സാധിച്ചാൽ നന്ന്."
സുബ്രഹ്മണ്യനാശാനെ നായകനാക്കി അങ്ങനെയൊരു സംരംഭത്തിന് പുറപ്പാടുണ്ട് ബാബുവും സമപ്രായക്കാരുടെ സംഘവും എന്നറിയുന്നു. ഈ വേനലിൽത്തന്നെ. ആ ഓഡിയോ-വീഡിയോ ഡോക്യുമെൻറേഷന് നന്മകൾ നേരുന്നു.