രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം --- ഒന്നാം കാലം
- Details
- Category: Festival
- Published on Thursday, 04 July 2013 03:33
- Hits: 9612
തൃപ്രയാർ തേവരും താഴത്തെ പാണ്ടിയും
ശ്രീവൽസൻ തീയ്യാടി
എൻ. വി. കൃഷ്ണ വാരിയർ ആ പ്രസിദ്ധപ്പെടുത്തിയതിനു പിന്നിലെ വ്യംഗ്യം തൽക്ഷണം മനസ്സിലായിക്കിട്ടി. കാരണം, മുത്തച്ഛന്റെ പ്രായമുള്ള കവിയെപ്പോലെത്തന്നെ എനിക്കും അനുഭവം; ടെലിവിഷനിൽ വാല്മീകി ക്ലാസ്സിക് സീരിയലായി വരുംമുമ്പേ തൃപ്രയാർ തേവരെ ഞാനും കണ്ടിരുന്നു. കനോലി കൈപ്പുഴക്ക് ചേർന്നുള്ള അമ്പലത്തിനകത്തല്ല; തുറസ്സായ ആറാട്ടുപുഴ പാടത്ത് വച്ച്. അക്കാര്യത്തിലും നല്ല ചേർച്ച.
ഒന്നേയുള്ളൂ വ്യത്യാസം: ശ്രീരാമനെ എൻ.വി ആദ്യമായി കാണുന്നത് വല്ലച്ചിറ പ്രദേശത്തെ ഇപ്പറഞ്ഞ വയലിലത്രെ. ഒത്ത നടുവിൽ. തന്റെ ശൈശവത്തിലെ ഒരു മീനമാസത്തിലെ പൂരംനാളിൽ പാതിരപിന്നിട്ട ഗംഭീരയാമത്തിൽ. എനിക്ക്, പക്ഷെ, പെരുവനം ഗ്രാമത്തിലെ ആനകളും അമ്പാരികളുമായി അത്രയൊന്നും കുട്ടിയിൽ പരിചയം അവകാശപ്പെടാൻ വയ്യ.
പറഞ്ഞുവന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ലേഖനത്തെ സംബന്ധിച്ചാണ്. എൻ.വിയുടെ ആ കുറിപ്പ് അച്ചടിച്ചുകണ്ടത് 1988ൽ ആവണം. അക്കാലത്ത് ഭാരതമൊട്ടുക്ക് ജനത്തെ വിഭ്രാന്തിപിടിപ്പിച്ച ഒന്നുണ്ടായിരുന്നു ടീവിയിൽ: 'രാമായണ്‍' സീരിയൽ. 1987 ജനുവരി മുതൽ ഒന്നരക്കൊല്ലം ഇതിലെ എപിസോഡുകൾ എകചാനലായ ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന ഞായറാഴ്ച്ച പകലുകളിൽ രാജ്യം മൊത്തത്തിൽ സ്തംഭിക്കുമായിരുന്നു -- ഇന്നത്തെ T20 ക്രിക്കറ്റ് മാച്ചിന്റെ കാര്യം കണക്കെ.
അത്തരമൊരു സാഹചര്യത്തിൽ ഇപ്പറഞ്ഞ വാരിക ഇങ്ങനെയൊരു പ്രതിഭാസത്തെ കുറിച്ച് ഒരു ലേഖനപരമ്പര തുടങ്ങി. അതിൽ ഒന്നായിരുന്നു കൃഷ്ണ വാരിയരുടെത്.
അയോദ്ധ്യാപതിയെ താനാദ്യമായി ദർശിച്ചത് നന്നേ ബാല്യത്തിലാണെന്നും അത് ആറാട്ടുപുഴ പൂരത്തിലെ നായക കഥാപാത്രമായ തൃപ്രയാർ തേവർ നടുവരമ്പിലൂടെ ആനയേറി വരുന്നതായാണെന്നും എൻ.വി സ്മരിക്കുന്നു. ആയതിനാൽ അരുണ്‍ ഗോവിൽ എന്ന ടെലിസീരിയൽ നടന്റെ ശ്രീരാമമുഖം സ്വന്തം മനസ്സിൽ ഏശുന്നില്ല എന്നും.
എൻ. വിയുടെ നാട്ടിലെ വിഖ്യാത പൂരത്തിന് എപ്പോഴായിരുന്നു ഞാൻ ആദ്യം പോയത്? മിക്കവാറും 1983ൽ ആവണം. മദ്ധ്യവേനൽ മത്തുനുകരാൻ തൃശ്ശൂരിനു തെക്കോട്ട് ബസ് പിടിച്ചത് മനസ്സിൽ സ്പഷ്ടം. അഞ്ചമ്മാമന്മാരിൽ രണ്ടാമത്തെയാളെ പിൻപറ്റിയായിരുന്നു എന്നും ഓർമ. അമ്മനാടായ മുളംകുന്നത്തുകാവിലെ നാരേണമ്മാൻ. വടക്കാഞ്ചേരി സ്കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന അദ്ദേഹത്തിന് രജിസ്റ്ററിൽ മുഴുപ്പേര് ടി. എൻ. നാരായണൻകുട്ടി.
ടീനേജിന്റെ തുടക്കകാലം. അന്നൊക്കെ മേളം എന്നുപറഞ്ഞാൽ പഞ്ചാരി. അതിന്റെ അതിമധുരത്തിൽ വേറൊരു താളവും സ്വാദുനോക്കാൻതന്നെ തോന്നിയിട്ടില്ല.ഒരുപക്ഷെ, അന്നേനാൾ വരെ.
"ഇവിടെയുള്ളവർക്കെല്ലാം എത്ര സുഖം, ലേ?," പൂച്ചിന്നിപ്പാടത്ത് വണ്ടിയിറങ്ങി മുന്നാക്കം നടക്കുന്നതിനിടെ ഞാൻ.
"അതെന്ത്രാ?" എന്നായി അമ്മാമൻ.
"ഇത്ര അടുത്തല്ലേ പൂരം!"
"അത്‌പ്പോ എല്ലാ നാട്ട്വാർക്കൂല്യേ ഓരോ വിശേഷം?"
സംഗതി ശരിയാണല്ലോ എന്ന് അപ്പോഴേ ഓടിയുള്ളൂ. ഏതായാലും ഇവിടെയിപ്പോൾ വേഗത്തിലൊന്ന് നടക്കാൻതന്നെ ഞെരുക്കം; അത്രയ്ക്കുണ്ട് ജനത്തിരക്ക്.
പീപ്പികളും ബലൂണും വളയും മാലയും വിലക്കുന്നവരുടെ നിറക്കൂട്ടുനിരകളും കാതിലലയ്ക്കുന്ന കലപിലകളും താണ്ടി വയലിന്റെ പരപ്പെത്തിയതും ഒന്ന് വ്യക്തം: ആകാശം ചുവന്നുതുടങ്ങിയിരിക്കുന്നു.
"(ആറാട്ടുപുഴ) ശാസ്താവിന്റെ മേളത്തിന് താമസല്ല്യ..." അമ്മാമന്റെ പ്രഖ്യാപനം. നന്നായി. പൂരം സന്ധ്യമയങ്ങിയാലത്തെ ആദ്യത്തെ കനത്ത കാഴ്ച്ചയാണ് എന്ന് മുന്നേ കേട്ടിട്ടുണ്ട്.
കൊയ്തൊഴിഞ്ഞ പാടം വന്നണഞ്ഞാലും അമ്പലത്തിലേക്ക് എത്താൻ നേരം ചില്ലറയല്ലെന്ന് തോന്നി. അക്ഷമയാവാം പ്രധാന കാരണം. പോവുന്നത് പൂരപ്പറമ്പിലേക്കാകയാൽ ചെരിപ്പിടുന്നത് വേണ്ടെന്ന് വെക്കേണ്ടിയും വരുന്നു. കണ്ടങ്ങളിൽ ഉടയാത്ത മണ്‍കട്ടകൾ ധാരാളം.
ക്ഷേത്ര മതിൽക്കകത്ത് ആനപ്പിണ്ഡം മണക്കുന്നുണ്ട്. മേളത്തിന് ഘോഷംകൂട്ടൽ തുടങ്ങിയിരിക്കുന്നു. അന്നത്തെ പ്രഭാതംതുടങ്ങി ചെറിയൊരു യാത്രപുറപ്പെട്ട ശാസ്താവ് മടങ്ങിയെത്തിയിട്ട് മണിക്കൂറുകളേ ആയിട്ടുള്ളൂ. അകലെയല്ലാത്ത തൊട്ടിപ്പാൾ ക്ഷേത്രത്തിലെ പകൽപ്പൂരത്തിന് കൂടാനായിരുന്നു ആ പോക്ക്.(അവിടെ സംഗമിക്കാൻ വേറെയുമുണ്ടത്രെ ദേവീദേവന്മാർ: ചാത്തക്കുടം, ചിറ്റിച്ചാത്തക്കുടം, തൈക്കാട്ടുശ്ശേരി, പിഷാരിക്കൽ....)
ഇതിപ്പോൾ മൂന്നാന നിരക്കാനാണ് പുറപ്പാട്. അമ്പലത്തിന്റെ മതില്ക്കകത്തിനും ഏറെക്കുറെ അതിനൊക്കെയുള്ള വിശാലതേയുള്ളൂ. എഴുന്നള്ളിച്ച ഗജങ്ങൾക്കും കയറ്റിയ കോലത്തിനും മുമ്പിൽ പഞ്ചാരി കാലമിട്ടു. പതിഞ്ഞും ഗൗരവമാർന്നും. ബലേ! ഇതുതന്നെ നമ്മുടെ ഉരുപ്പടി!! ഒറ്റക്കോൽവാദനം മാത്രംനടക്കുന്ന ഈ നേരം തുടങ്ങിയേ കൈയുയർത്തി താളംപിടി തുടങ്ങണമോ? ഏയ് വേണ്ടാ.... മേളം പരിചിതമെങ്കിലും നാട് നമ്മുടേതല്ല എന്നൊരു ബോധം വേണ്ടേ....
ആദ്യകലാശം കഴിഞ്ഞതും മേളക്കാർ ഇളകി. അമ്പലത്തിന് പുറത്തേക്ക് കടക്കാനുള്ള ഒരുമ്പാടാണ്. അവിടെ, പുറത്ത്, മൂന്നും മൂന്നുമായി ആറാനകൾ കാത്തുനിൽപ്പുണ്ട്. പള്ള ഇടംവലം കുലുക്കി കരിമലകൾ ഗോപുരനടയുടെ കട്ട്ള ഉരസീയുരസിയില്ല എന്നമട്ടിൽ കടന്നുപോയി.
ഇരുട്ടുപരക്കും മുമ്പേ സന്ധ്യാദീപങ്ങൾ തെളിഞ്ഞിരുന്നുവോ? അറിയില്ല. ഒന്നാം കാലം തക്കിട്ടമറഞ്ഞാൽ പിന്നെ ഇവിടെ ആകെയൊരു ഇളക്കമാണ്. ജനം അരിച്ചരിച്ച് വന്നുകൂടും. കാലം രണ്ടും മൂന്നും കഴിയുമ്പോഴേക്കും മുഴുപ്പൻ പുരുഷാരപ്പുറ്റായിത്തീരും. വല്ലാത്തൊരുന്മാദമാണ് ശാസ്താവിന്റെ പഞ്ചാരി അഞ്ചാം കാലത്തിന്. ഒടുവിൽ മേളം പൊട്ടിത്തെറിക്കും എന്ന അവസ്ഥയിൽ കലാശിക്കുന്നതോടെ ഊക്കനൊരു വെടിക്കെട്ടും.
അത്താഴമൊന്നും അന്നേരാത്രി ഇല്ല. അവിടിവിടെ സോഡയോ നാരങ്ങവെള്ളമോ വിൽക്കുന്നത് കുടിക്കും. ആകെയിങ്ങനെ അലച്ചിലാണ്. ആറാട്ടുപുഴ ശാസ്താവിനുപോലും ഇരിക്കപ്പൊറുതിയില്ലാത്ത രാവാണ്. ഏഴുകണ്ടം കടന്ന് അദ്ദേഹം മുന്നാക്കം കുറച്ചൊന്നു പോവും -- തൃപ്രയാർ തേവർ വന്നുവോ എന്നറിയാൻ. തല്ക്കാലം ഇല്ലെന്നു കണ്ട് തിരികെയെത്തി മൊത്തം പൂരത്തിന് ആദ്യാവസാന നടത്തിപ്പുകാരനായി കൂടും. "ആ നില്ക്കണ സ്ഥലത്തിന് നിലപാട്തറ ന്നാ പറയ്യാ," എന്നൊരാൾ കൂട്ടുകാരന് പറഞ്ഞുകൊടുക്കുന്നു.
മൊത്തം 23 ദേവീദേവന്മാർ അണിനിരക്കുന്ന പൂരത്തിൽ, പിന്നെയാകെയൊരു ജകപൊകയാണ്. പാടത്തിന്റെ ഒരുഭാഗത്ത് ചാത്തക്കുടം ശാസ്താവിന്റെ പഞ്ചാരി; അത് എഴാനയുമായി വടക്കോട്ട്. അങ്ങനെയിന്നില്ല, പഞ്ചാരിമേളത്തിന്റെ അഞ്ചുകളിയാണ്. എടക്കുന്നി ഭഗവതി അന്തിക്കാട്-ചൂരക്കോട്, പൂനിലാർകാവ്, കടുപ്പശ്ശേരി, കാട്ടുപിഷാരിക്കൽ.... തിടമ്പുകൾ ഒറ്റക്കും സംഘംചേർന്നും പഞ്ചാരിമേളപ്രളയം.
അതിനിടയിലാണത്! എന്ത്? രസിരസികൻ ഇടഞ്ഞുകോട്ട് പോലൊന്ന്. വേറൊന്നുമല്ല ഒരു പറമ്പൻ മേളം. പടിഞ്ഞാറ് നിന്നുള്ള വരവാണ്. പാണ്ടി!!
ലേശം താഴ്ന്നൊരു കണ്ടത്തിലാണ് താവളംതന്നെ. നെട്ടിശ്ശേരിയുടെ എഴുന്നള്ളിപ്പ്. അവിടെയും കോലം ശാസ്താവ് തന്നെ. ആന അഞ്ചേയുള്ളൂ. എന്നിരുന്നലെന്താ? വല്ലാത്തൊരു ശൌര്യം. "ശ്രദ്ധിച്ച് ല്യേ?" എന്ന് അമ്മാമൻ."നെട്ട്ശേരി.... അതെപ്പ്ലും അങ്ങന്യാ.... ഒരു ഏറക്കത്തിലാ കാണ്വാ...."
പഞ്ചാരിക്കടലിനിടെ ലെശമാഴത്തിൽ ഇവിടെയിങ്ങനെയൊരു മേളം കൊലുമ്പിയത് അറിഞ്ഞിരുന്നില്ല. അഥവാ ഉണ്ടായിരുന്നെങ്കിൽത്തന്നെ തുടക്കംമുതലേ മനസ്സിരുത്തി കേൾക്കുമായിരുന്നോ എന്നും തീർച്ചയില്ല. ഇതിപ്പോൾ നല്ല രസം. പതിഞ്ഞ ഘട്ടത്തിലെ നീണ്ടുപുളഞ്ഞ കുറുംകുഴലിന്റെ വായന കേൾക്കാൻ എന്താ രസം! ആ സംഗീതത്തിന് ചെണ്ട പക്കംകൊട്ടുക മാത്രമാണോയെന്ന് ശങ്കിച്ചുപോവും. രാപ്പന്തങ്ങൾ ഏതോ പഴയലോകത്തേക്ക് പ്രകാശം വീഴ്ത്തി നെറ്റിപ്പട്ടങ്ങളെ മുമ്പുതോന്നിക്കാത്തവിധം മഞ്ഞളിപ്പിച്ചുകളയുന്നത് കണ്ടും കേട്ടും അദ്ഭുതപ്പെട്ടു.
പഞ്ചാരി പോലെ കൃത്യം പിടിതരാതെ കാലങ്ങൾ മാറുന്ന സമ്പ്രദായം നോക്കിയും ശ്രദ്ധിച്ചും ആകപ്പാടെ അതിശയമായി. മേളത്തിന്റെ ഉച്ചിയിലൊരു ഘട്ടത്തിൽ ഉരുളുചെണ്ടക്കാർ മുമ്പാക്കവും പിന്നാക്കവും ആടിയുലഞ്ഞു കൊട്ടുന്നതും കൗതുകമായി. ഒടുവിലൊടുവിൽ നോക്കിയപ്പോൾ വീക്കൻചെണ്ട പിടിക്കുന്നത് പഞ്ചാരി അഞ്ചാംകാലം പോലെത്തന്നെ -- ഒരടിയധികം! എട മിടുക്കാ!
തുടർന്നും പഞ്ചാരികൾ കയറിയിറങ്ങി.
ക്ഷേത്രത്തിനകത്തെ ഒഴിഞ്ഞ മൂലയിൽ മണ്ണിൽ വട്ടംകൂടിയിരുന്ന് ഒരു സംഘം പേർ അക്ഷരശ്ലോകം ചൊല്ലുന്നു. "ആ താടിക്കാരനെ മനസ്സിലായ്യോ?," എന്നമ്മാമൻ. "മാടമ്പ് കുഞ്ഞുകുട്ടനാ...." അമ്മാമന് ഏറെ പ്രിയമുള്ള നോവലാണ് അദ്ദേഹമെഴുതിയിട്ടുള്ള 'ഭ്രഷ്ട്'.
പുറത്ത്, തെല്ലകലെ, കരുവന്നൂർ പുഴയുടെ ആറാട്ടുകടവിനു ചേർന്ന് തോണികൾ. നാണയത്തുട്ടു കൊടുത്ത് അവയിലൊന്നിൽ കയറി അക്കരപറ്റി തിരിച്ചെത്തുന്ന സഞ്ചാരികൾ. വെറുതെ അവർക്കൊപ്പം കൂടിയാലോ എന്ന് തോന്നായ്കയുണ്ടായില്ല. പക്ഷെ അപ്പോഴെക്കൊക്കെ കൂടെക്കൂടെ ജനക്കൂട്ടത്തിനിടയിൽനിന്ന് ചില വാക്കുകൾ വീണ്ടും വീണ്ടും ഉരുവിട്ടു കേൾക്കായി: "തൃപ്രയാറ് തേവര്", "കൈതവളപ്പ്", "മന്ദാരംകടവ്", പല്ലിശ്ശേരി സെന്ററ്", "പഞ്ചവാദ്യം", "നാഗസ്വരം", "തകില്വൊട്ട്"...
എല്ലാം തൃപ്രയാർ തേവർക്കുള്ള വരവേൽപ്പുമന്ത്രങ്ങൾ പോലെയെടുക്കാം.
മണി മൂന്നരയോടെ നായകന്റെ വരവായി. നടുവരമ്പിലൂടെ. അകലെനിന്ന് കാണുമ്പോൾ അനക്കം നന്നേ കുറവാണ്. നീണ്ടയാത്രക്ക് ശേഷം വിശ്രമിക്കേണ്ടയിടത്തെ മേടയിലേക്ക് സാവകാശം വന്നു കയറുന്ന ഘടാഘടിയൻ തീവണ്ടിയുടെതു പോലത്തെ അമരം. കുട്ടിയിലേ കണ്ടുശീലം വന്നിരുന്ന ദുര്യോധനവധം കഥകളിയിലെ ദൂതിലെ കൃഷ്ണന്റെ പ്രഭാവം, പ്രതാപം, പ്രസന്നത. കൈതവളപ്പ് വരെ ആനകൾ പതിനൊന്നും ആരവത്തിന് പഞ്ചവാദ്യവും ആയിരുന്നത്രെ. ഇനിയിപ്പോൾ ക്ലൈമാക്സ് തുടങ്ങാറായി. കൂട്ടിയെഴുന്നള്ളിപ്പ്.
തേവർക്ക് ഒരു വശത്തായി ഊരകത്തമ്മത്തിരുവടിയും അകമ്പടിയായി ചാത്തക്കുടം ശാസ്താവും. പത്തുമുപ്പതാനയിൽ കുറയില്ല. മറുകണ്ടത്തിൽ ചേർപ്പ് ഭഗവതിക്കും മറ്റുമായി നാല്പതിലധികം ആനകൾ വേറെയും. അവിടം പാണ്ടി; ഇങ്ങേപ്പുറം വേറെ പാണ്ടി!
"ഈ നേരായ്യാ മരിച്ചാത്മാക്കള് വരും ന്നാ സങ്കല്പം," അമ്മാമൻ. "സൂക്ഷിച്ചോക്ക്യാ പലേന്റേം കാല് നെലത്ത് ഒറച്ചിട്ട്‌ല്ല്യേ ന്ന് സംശാവും ത്രേ..."
തീർത്തും അതുപോലെയല്ലെങ്കിൽക്കൂടി കാൽപ്പാദം കാണലിന്റെ ഐതീഹ്യവുമായി ഒരു ദശബ്ടശേഷം യാത്രയുണ്ടായിട്ടുണ്ട്. 1993ൽ. ആ വർഷത്തെ ആറാട്ടുപുഴപൂരം സന്ധ്യക്കുതന്നെ. മലയാറ്റൂർ മല കയറി മേലോട്ട്.
ഇടയിലുള്ള കൊല്ലങ്ങളിൽ പലകുറി ശാസ്താവിന്റെ മേളവും കൂട്ടിയെഴുന്നള്ളിപ്പെന്ന കാഴ്ചയും കൂടാൻ കരുവന്നൂർ പുഴവക്കത്ത് മീനമാസ രാവുകളിൽ വന്നുപോയിട്ടുണ്ട്. പത്രപ്രവർത്തനത്തിന് പഠിക്കുമ്പോഴാണ് അങ്ങനെയൊന്ന് തോന്നിയത്.
കാരണം? ഒന്നോർത്താൽ ഇങ്ങനെ പറയാം: പതിറ്റാണ്ടായി കൊട്ടിപ്പോരുന്ന താളത്തിൽനിന്ന് ഇടഞ്ഞൊരു നട. പഞ്ചാരികളുടെ മട്ടിപ്പിനിടെ പണ്ടൊരിക്കൽ നെട്ടിശ്ശേരിയുടെ പാണ്ടി കേട്ടപ്പോഴത്തെ പുത്തനാവേശം കണക്ക്.
കൂടെയുള്ള ജേർണലിസം കൂട്ടുകാർ പിറ്റത്തെ വാരം തോമാ ശ്ലീഹായെ വന്ദിക്കാനായി പുറപ്പെടുന്നു എന്ന് പദ്ധതിയിട്ടപ്പോൾ യാത്ര കൊച്ചിയിൽനിന്ന് കിഴക്കോട്ടക്കാം, തല്ക്കാലം വടക്കോട്ട് വേണ്ടാ, എന്നുവച്ചു. കാക്കനാട്ടെ പ്രസ് അക്കാദമി ഹോസ്റ്റലിൽനിന്ന് പുറപ്പെട്ട ഡസനോളം വരുന്ന സംഘത്തോടൊപ്പം ആലുവയും പെരുമ്പാവൂരും താണ്ടി പൊന്മലയേറി.
ആറാട്ടുപുഴയിൽ സന്ധ്യപ്പഞ്ചാരി ജനസഹസ്രങ്ങളുടെ ആരവമായി ഉയർന്നുപൊങ്ങിയ നേരത്ത് പെരിയാറിന് കുറുകെ കടന്ന് പൊന്നിൻകുരിശ് മുത്തപ്പനെ ശരണം വിളിച്ച് കുന്നിൻമുകളിലെത്തി. പരപ്പൻ പാറകളിലൊന്നിന്മേൽ നെടുങ്കനൊരു കാല്പടത്തിന്റെ പതിപ്പുകണ്ടു.
മേലെ, കടുംപച്ച മരച്ചാർത്തുകൾക്കിടയിൽ നേരിയ തണുപ്പുണ്ടായിരുന്നു. ശാസ്താവ് കൈതവളപ്പിൽ എത്തിയ നേരത്ത് ഇവിടെ ഊക്കൻ വൃക്ഷങ്ങളുടെ കീഴെ പുറംചായ്ച്ച് മയക്കംപിടിച്ചു.
കാനനച്ചോലയുടെ കളകളക്കോട്ട് അടുത്തെവിടെയോ തോണിക്കടവ്. തേവരുടെ യാത്ര. പൂച്ചിന്നിപ്പാടത്തെ വരവേൽപ്പ്. നടുവരമ്പിന് ഇരുവശം ചേർന്ന് എഴുന്നള്ളിപ്പ്. ഇരുപ്പാണ്ടി. നീലവെളിച്ചക്കീറ്. ആദ്യ പൊൻകിരണം. പിന്നലെപ്പിന്നാലെ ആറാട്ടുകൾ.
ഏറ്റവും ഒടുവിലായി നടന്നെത്തി ഞാനും താഴ്വാരമണഞ്ഞു.പലവഴി പിരിഞ്ഞുപോവേണ്ടവർ. കൈകാട്ടി ചിരിച്ച് നടന്നകന്നു.
അകലെ, ആറാട്ടുപുഴയിൽ ശാസ്താവിനോട് ഉപചാരംചൊല്ലി ദേവീദേവന്മാർ പിരിഞ്ഞു. അവരിൽ ചേർപ്പിലെയും ഊരകത്തെയും ഭഗവതിമാരെ ഏഴുകണ്ടം കടത്തി ആതിഥേയൻ തൃപ്തനായി. തേവർക്ക് പ്രത്യേകം ഉപചാരം നടത്തി. നേർക്കുനേർ നിന്ന് പിറ്റത്തെ വർഷത്തെ പൂരത്തീയതി ഉറക്കെപ്പറഞ്ഞു. വേനൽപ്പകലിൽ മൂന്നു വെടിപൊട്ടി.
തൊട്ട വർഷത്തെ പൂരത്തിന് പോവാൻ തരപ്പെട്ടില്ല. എങ്കിലും ' 95ൽ തിരിച്ചുപിടിച്ചു. മീനത്തിലെ പൂരംനാൾ വൈകിട്ട് പൂച്ചിന്നിപ്പാടത്ത് ബസ്സിറങ്ങി. ഒറ്റക്ക്.
കൈതവളപ്പുവരെയുള്ള പഞ്ചവാദ്യമായിരുന്നു ഇത്തവണ മുഖ്യലാക്ക്.
രണ്ടാം കാലം : കരിമ്പനപ്പാടത്തെ കിടിലൻ പന്തലുകൾ>>