രാപ്പന്തങ്ങളുടെ മഞ്ഞ വെളിച്ചം - അഞ്ചാം കാലം

 

നടവഴിത്തിരിവിനു പിന്നിൽ

ശ്രീവൽസൻ തീയ്യാടി                                                                

 

 

 

ആ വർഷമത്രയും ബ്രിട്ടനിൽ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട്ക്രിക്കറ്റ് പരമ്പര സാകൂതം പിന്തുടർന്നതു കൊണ്ടാവണം 1979ലെ വൃശ്ചികോത്സവത്തിന് പെരുവനം കുട്ടൻ മാരാരെ കണ്ടപ്പോൾ ഗ്രഹാം ഗൂച്ചിനെ പോലെ തോന്നാൻ കാരണം. തൃപ്പൂണിത്തുറ എഴുന്നള്ളിപ്പിനുള്ള പതിനഞ്ചാനക്ക് മുന്നിൽ നിരക്കുന്ന മേളക്കാരുടെ മുൻപന്തിയിൽ വെളുത്ത് സുമുഖനായ ചെറുപ്പക്കാരൻ. 'മാതൃഭൂമി' പത്രത്തിന്റെ സ്പോർട്സ് താളിൽ ഇടയ്ക്കിടെ പ്രത്യപ്പെട്ടിരുന്ന ഇംഗ്ലിഷ് ഓപ്പണറുടെ കറുപ്പുംവെളുപ്പും ചിത്രത്തിന്റെ ബഹുനിറ ചലിക്കുംരൂപം.

പൂർണത്രയീശ ക്ഷേത്രത്തിലെ എട്ടു ദിവസത്തെ പകലും രാവും ശീവേലികൾക്ക് കൊട്ടുന്ന മുതിർന്ന ചെണ്ടക്കാർക്കിടെ വേറിട്ട യുവസാന്നിധ്യം. ഏറെയും തല നരച്ചും തൊലി കറുത്തും കാണുന്ന രൂപങ്ങൾക്കിടയിൽ ഒരു വെളുമ്പൻ സുന്ദരൻ. പേര് കുട്ടൻ എന്നേ അന്നൊക്കെ കേട്ടിരുന്നുള്ളൂ. 

 ചിരിയൊക്കെ അക്കാലത്ത് കഷ്ടിയായേ വിരിയൂ. ഗൂച്ചിനോളമോ അതിലധികമോ ഗൌരവം. മുഖം കനപ്പിച്ചും തൃശ്ശൂർക്കാരോ? അത്ഭുതം! എന്തായാലും അക്കാലത്തോടെ പഞ്ചാരിമേളം ആവേശമായി. ഒന്നാം കാലം ആദ്യത്തെ ഒരു മണിക്കൂറോടെ മുറുകിക്കിട്ടിയാൽ പിന്നീടങ്ങോട്ട് ആസ്വദിക്കാം. എന്ന് മാത്രമോ, അതോടെ അഞ്ചു കാലവും കേട്ട് തുള്ളിത്തിമർക്കാം എന്നായി. എനിക്കെന്നല്ല, സമപ്രായക്കാർ കൂട്ടുകാർ പലർക്കും.ടീനേജ് തുടക്കത്തിലെ തനിവട്ടുകൾ. അതിനകം രണ്ടു കാര്യം മനസിലാക്കിയിരുന്നു: മേളം നയിക്കുന്നത് നടുവിൽ നിൽക്കുന്ന പെരുവനം അപ്പു മാരാരാണ്. ഇരുണ്ട് ഉയരം കുറഞ്ഞ കാരണവർ. അദ്ദേഹത്തിന്റെ മകനാണ് കുട്ടൻ.

അമ്പലത്തിൽനിന്ന് അകലെയായിരുന്നില്ല സ്കൂൾ. ഡിസംബറിൽ ക്രിസ്തുമസ് അവധിക്ക് മുമ്പുള്ള പരീക്ഷപ്പനിക്കിടയിലും ഉച്ചയൂണ് സമയത്ത് സൂത്രം ഒപ്പിക്കാറുണ്ട്. വട്ട സ്റ്റീൽപാത്രത്തിൽ കൊണ്ടുവന്നിട്ടുള്ള ചോറ് നാലുപിടിയിൽ കഴിച്ചെന്നു വരുത്തി രണ്ടുതുള്ളി ടാപ്പുവെള്ളവും കുടിച്ച് പടി കടന്ന് പുറത്തേക്കോടും. കൂടെ പഠിക്കുന്ന എച്ച് ശിവകുമാർ എന്ന ശിവനും കൂടി. വെച്ചടിച്ചാൽ മൂന്ന് മിനിട്ട് കൊണ്ട് ഗോപുരം കടക്കാം. അതിനു മുമ്പായുള്ള വടക്കേ കോട്ടവാതിൽ കടന്ന് അമ്പലക്കുളം അടുക്കുമ്പോഴേക്കും മേളനാദം കേൾക്കാം. ക്ഷേത്രനടപ്പുരയിൽ നിന്ന്. പഞ്ചാരി കഴിഞ്ഞുള്ള ചെമ്പടമേളം. 

കുട്ടൻ മാരാരെ പിന്നെ കാണുന്നത് അദ്ദേഹത്തിന്റെതന്നെ നാട്ടിലാണ്. തൃശൂരിന് തെക്ക് ചേർപ്പിന് ഓരംപറ്റി പെരുവനം ക്ഷേത്രത്തിനു തൊട്ടു പുറത്ത്. ഇരട്ടയപ്പന്റെ നെടുങ്കൻ ഓംകാരയോവിൽ. മേളക്കൈകൾ നാഡിമിടിക്കുന്ന നടവഴിയിൽ. മീനമാസത്തിൽ ചോപ്പു കുടചൂടി ഏഴു നെറ്റിപ്പട്ടം തൂർത്തുതീർത്ത പാതിരാപ്പാതയിൽ. ഇരുട്ടുനീങ്ങി അഞ്ചാം കാലം കുഴമറിഞ്ഞ വെള്ളിവെളിച്ചത്തിൽ.... 1984? അതല്ലെകിൽ '85ൽ.

 

You need to a flashplayer enabled browser to view this YouTube video

പരിചയം ഉടലെടുത്തത്? ഓർമ വരുന്നില്ല. അതെന്തായാലും 1990കളുടെ തുടക്കത്തിൽ കുട്ടേട്ടനും കസിൻ പെരുവനം സതീശൻമാരാരും തൃപ്പൂണിത്തുറ വീട്ടിൽ വൈകുന്നേരച്ചായ കുടിച്ചത് മറവിയിൽ പെട്ടിട്ടില്ല. ഉത്സവപ്പറമ്പിൽ അന്നുച്ചക്ക് കാലിനടിയിൽ തറച്ച ഒരാര് എടുത്തു കളയാൻ സൂചി കൊണ്ടുവരാൻ സൽക്കാരത്തിനിടെ അപേക്ഷിക്കലുമുണ്ടായി. "കൊട്ട് മാത്രല്ല കുത്തും കിട്ടും ഞങ്ങള് മേളക്കാർക്കേ..." എന്നൊരു കമന്റും.

കുട്ടേട്ടൻ ചിരിക്കുക മാത്രമല്ല ഫലിതം പറയുകയും ചെയ്യും എന്ന് അക്കാലത്തേ നല്ലവണ്ണം മനസ്സിലാക്കിയിരുന്നു.

ആളുടെ നർമം പിന്നീട് നേരിട്ടറിയുന്നത് എന്റെ വിവാഹം കഴിഞ്ഞ കാലത്താണ്. 2001ൽ. അക്കൊല്ലത്തെ തൃപ്പൂണിത്തുറയുൽസവത്തിനിടെ. രാത്രിമേളം കഴിഞ്ഞ് ഊട്ടുപുരയുടെ മേലത്തെ നിലയിലേക്ക് ഞങ്ങൾ നവദമ്പതിയായി ധൃതിപിടിച്ച് കഥകളിക്ക് കിഴക്കേ പടിക്കെട്ട് കയറാൻ പോവേ കുട്ടേട്ടൻ മുന്നിൽപ്പെട്ടു. "കദകളിക്ക് കൊണ്ടുവാവും ല്ലേ," ഭാര്യയോടു ചോദ്യം. ഒരുപദേശവും: "ആട്ടം കണ്ട് ഒന്നും മനസിലായില്ല്യെങ്കിലും ഒക്കറിയണ മാതിരി തല്യാട്ടിക്കോളോട്ടോ.... അയ്‌, ജീവിച്ചു പോണ്ടേ..."

കൊല്ലം 2007ൽ അഞ്ചുവയസ്സുകാരൻ മകനുമൊത്ത് സായാഹ്നനേരത്ത് അതേ ഊട്ടുപുരയിലൂടെ നടന്നുപോവുമ്പോൾ വീണ്ടും കുട്ടേട്ടൻ മുന്നിൽ. ഉറക്കമുണർന്ന് പായ മടക്കി അകത്തെ മുറിയിൽനിന്ന് പുറത്തിറങ്ങിയ നേരം. തൊട്ടു തെക്കുള്ള കളിക്കൊട്ടാ ഹാളിൽ വിശ്രമത്തിന് ഇതിലധികം സൌകര്യമുള്ളതല്ലേ എന്നങ്ങോട്ടു ചോദിച്ചു. "അതൊക്കതെ," മറുപടി. "പക്ഷെ ഇവട്യാ ശീലം. പണ്ടെന്നെ..." 

2Oottupura

മൂന്നു വർഷം കഴിഞ്ഞ്‌ വീണ്ടും വൃശ്ചികോത്സവത്തിനു മുമ്പായി കുട്ടേട്ടനുമായി വർത്തമാനം ഉണ്ടായി. ജോലി ചെയ്തിരുന്ന മദിരാശി നഗരത്തിൽനിന്ന്. ഇന്ത്യൻ എക്സ്പ്രസിന്റെ ഞായറാഴ്ച്ചപ്പതിപ്പിലേക്ക് ലേഖനം എഴുതാനായി. മലനാട്ടിൽ സീസണ്‍ തുടങ്ങുന്നതിന് മുന്നോടിയായി അക്കൊല്ലം നവംബർ 28ന് സംഗതി അച്ചടിച്ചിറങ്ങി. 

കാലം ചെന്നപ്പോൾ നഗരം വീണ്ടും മാറി. അങ്ങനെയിരിക്കെ, മകൻ വളരുന്ന ഡൽഹിയിലേക്ക് മൂന്നാലു മാസം മുമ്പാണ് ഫോണ്‍. ഇക്കുറി ഇങ്ങോട്ടു വിളി. കുട്ടേട്ടന്റെയല്ല; പക്ഷെ അങ്ങോരെ സംബന്ധിച്ചാണ്. "ഇക്കൊല്ലം ഉത്സവത്തിനിടെ (തൃക്കേട്ട നാൾ) ഷഷ്ടിപൂർത്തിയാണ്; ഇവടെ ഒരു പുസ്തകമിറക്കാൻ പ്ലാനുണ്ട്," തൃപ്പൂണിത്തുറക്കാരൻ സുഹൃത്ത് കുട്ടന്റെ വിളി. ഈടൂപ്പിലെ വാസുദേവൻ വർമ. 2012 ജനുവരിയിൽ അമ്പതാം വയസ്സിൽ അന്തരിച്ച ചെണ്ടകലാകാരൻ രാജീവ് വർമയുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ട്രസ്റ്റിന്റെയാണ് ഉദ്യമം. "വേറെ രണ്ടു ലേഖങ്ങൾ ഉണ്ട്. പക്ഷെ പ്രധാനമായി ജീവിതകഥയാണ്. ശ്രീവൽസേട്ടൻ എഴുതണം."

രാവിലെ ആപ്പീസിലേക്ക് ഇറങ്ങാൻ നില്ക്കുന്ന നേരത്താണ് കോൾ.  മൂവായിരത്തോളം കിലോമീറ്റർ അകലെത്താമസിക്കുന്ന ഞാൻ ഇതൊക്കെ എങ്ങനെ ചെയ്യാൻ? പക്ഷെ, പലതുകൊണ്ടും, വയ്യെന്നു പറയാനും ആവുന്നില്ല. ശ്രമിക്കാം എന്ന് പറഞ്ഞു പിരിഞ്ഞു.

ഉദ്യോഗപരമായി പിന്നീടുള്ള രണ്ടുമസങ്ങളിൽ ഇരുവട്ടം കേരളത്തിലേക്ക് പോവാൻ അവസരം ലഭിച്ചു. ഇല്ലാത്ത സമയമുണ്ടാക്കി ഒന്നിലധികം തവണ പെരുവനത്തും തൃപ്പൂണിത്തുറയിലുമായി കുട്ടേട്ടനുമായി ദീർഘനേരം സംസാരിച്ചു. മൂന്നോളം പതിറ്റാണ്ടു മുമ്പ് മൂപ്പരെ കണ്ട നടവഴിയിലൂടെ ഓർമ്മകൾ അയവിറക്കിയും ഇറക്കിച്ചും നടന്നു. ചെറുപ്പ കാലത്ത് അദ്ദേഹം ഇതേ സ്ഥലത്ത് ഇടയ്ക്ക കൊട്ടിയ ഒരു പഞ്ചവാദ്യം വീഡിയോ അടുത്തിടെ കണ്ടതും മനസിലെത്തി.

You need to a flashplayer enabled browser to view this YouTube video

മൂന്നു പുസ്തകം നിറയെ കുനിയനുറുമ്പുകുറിപ്പുമായി ദൽഹിക്ക് തിരിച്ചു. ജോലിത്തിരക്ക് കഴിഞ്ഞുള്ള നേരങ്ങളിൽ പത്തോളമാഴ്ച നീണ്ട യജ്ഞത്തിനിടെ അവയത്രയും അരിച്ചുപെറുക്കി. പല സംഭവങ്ങളും തൃപ്പൂണിത്തുറയിലേക്ക് സൂചികാട്ടി കുത്തിക്കുറിച്ചു. ബാല്യകൌമാരമദ്ധ്യവയസ്സ് എന്നല്ലാതെ നായകന്റെ കാലം കയറ്റിയും ഇറക്കിയും കളിച്ചു. ഇടയിൽ വീഴുന്ന തുളകൾ അടയ്ക്കാനായി കുട്ടേട്ടനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്നു. ഇമെയിലിൽ ഡ്രാഫ്റ്റുകൾ വായിച്ച് പലകുറി അദ്ദേഹം തിരിച്ചും.

എല്ലാം തയ്യാറായപ്പോഴേ വലിയൊരു സംഗതി തിരിഞ്ഞുകിട്ടിയുള്ളൂ. കേരളത്തിന്റെ സാംസ്കാരികസാഹിത്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മേളക്കാരന്റെ കഥ പുറത്തിറങ്ങാൻ പോവുന്നത്. അറിഞ്ഞിടത്തോളം മൂന്ന് ചെണ്ടക്കാരുടേയെ ജീവിതം അച്ചടിച്ചു വന്നിട്ടുള്ളൂ: പല്ലാവൂർ അപ്പു മാരാർ, കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ, അദ്ദേഹത്തിന്റെ ശിഷ്യൻ കേശവൻ. മേളം കൊട്ടിയവരെങ്കിലും അവരൊക്കെ പേരെടുത്തത് തായമ്പകക്കാരും കഥകളിക്കൊട്ടുകരുമായി.... പിന്നൊരു ലേഖനസമാഹാരം മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ കുറിച്ച്. ഗജവീരന്മാർക്കു മുമ്പിൽ വെയിലും പൊടിയും മഞ്ഞും കൊണ്ട് കൊട്ടുന്ന സംഘത്തെ നയിക്കുന്ന ചിത്രമല്ല അവരെപ്പറ്റി ഓർക്കുമ്പോൾ മനസ്സിൽ ആദ്യം തെളിയുക.

സ്വയം പരത്തിയുണ്ടാക്കിയ പപ്പടക്കെട്ടിന് എന്തു പേരിടണം? പുസ്തകം എഴുതുക പോയിട്ട് വായനതന്നെ കഷ്ടി. പരിചയക്കുറവിൽ കുറേ ആലോചിച്ചു. പരിഭ്രമിച്ചു. ഒടുവിൽ ഒന്ന് മിന്നിക്കിട്ടി: 'നടവഴിത്തിരിവിൽ'. പുരുഷായുസ്സിന്റെ പകുതി അറുപതു വർഷം എന്നൊന്നുണ്ടല്ലോ; അതൊരു വഴിത്തിരിവാണെന്നും. നടന്നാണല്ലോ മേളക്കാർ കൊട്ടുക. പെരുവനം നടവഴിയുടെ തിരിവിലിരുന്നാണല്ലോ കുട്ടേട്ടൻ കഥ പറയുന്നതും. മതി, അതുതന്നെ കിടന്നോട്ടെ. പ്രാസാധകരും പറഞ്ഞു. 

പുസ്തകത്തിന് മൊത്തം പേര്? 'മേളപ്പെരുക്കം' എന്ന് പ്രസാധകർ. അവതാരിക? എന്റെ പഴയ സുഹൃത്തും സാഹിത്യപണ്ഡിതനും പത്രപ്രവർത്തകനും ആയ കെ.സി. നാരായണനത്രേ. കൌതുകകരമായ ആകസ്മികത. മാത്രമോ, ആർടിസ്റ്റ് നമ്പൂതിരിയുടെ നാല് ചിത്രങ്ങൾ.

പന്ത്രണ്ടദ്ധ്യായമായി തിരിച്ച പുസ്തകം നേർവരയായല്ല കഥ പറയുന്നത്; കാലം മുന്നാക്കം പിന്നാക്കം പോവുന്നുണ്ട്. ഉടനീളം. അതനെളുപ്പം എന്ന് മുമ്പറിഞ്ഞീല.

ബുദ്ധിമുട്ടുള്ളതെങ്കിലും പണി തീർത്ത് ഡ്രാഫ്റ്റ് വായിക്കാൻ ഒരു രസമൊക്കെ തോന്നി. ചിലതെല്ലാം ഭാവി വായനക്കാരുമായി പങ്കിടാനും. പുസ്തകത്തിൽ ഉള്ളതുതന്നെ വീണ്ടും കശക്കി....

അപ്പോൾ, അച്ഛനെ കുറിച്ച് മുമ്പ് സൂചിപ്പിച്ചല്ലോ. പെരുവനം അപ്പു മാരാർ.

കൈയിൽ ചെണ്ടക്കോൽ പിടിക്കാൻ മാത്രമല്ല, ചോക്ക് കൊണ്ട് ചിത്രം വരയ്ക്കാനും പ്രാപ്തനായിരുന്നു അദ്ദേഹം. മാരാത്തെ വീട്ടിലെ നിലത്ത് കരിവീരന്റെ സ്കെച്ച് വെളുത്ത വരകളിൽ കുറിക്കുക വിനോദമാക്കിയിരുന്നു അദ്ദേഹം. "തുമ്പിക്കൈ പൊന്തിച്ച് (പൂരശേഷം) ഉപചാരം പറയുന്ന ആന. പോസ് കണ്ടാൽ ശരിക്ക് കിരാങ്ങാട്ട് കേശവനെ പകർത്തിയിരിക്കുകയാണ് എന്ന് തോന്നും," തളത്തിൽ ചാന്തുതേച്ച കറുത്ത തറയിലെ രൂപങ്ങൾ മകൻ ഓർക്കുന്നു. "ചിലപ്പോൾ നേരെ മുമ്പിൽനിന്നുള്ള കാഴ്ച്ച. അതല്ലെങ്കിൽ വശത്തുനിന്ന് കാണുമ്പോഴത്തേത്."

അപ്പു മാരാർക്ക് കഷ്ടി പതിനഞ്ചു വയസ്സുള്ളപ്പോൾ കുടുംബം മുഴുവനായി പെരുവനത്തേക്ക് വന്നു.  

അതിനു പതിനാറ് വർഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന് 31 വയസ്സുള്ളപ്പോഴാണ്, കുട്ടൻ പിറക്കുന്നത് — 1953ൽ.

രാമൻകുട്ടി മാരാരുടെയും കുഞ്ഞച്ഛന്റെയും ഇടയിൽ ഒരു സന്താനം പിറന്നിരുന്നു. അൽപ്പായുസ്സായിരുന്നു. "രണ്ടുമൂന്ന് വയസ്സുള്ളപ്പോ മരിച്ചു. ശങ്കരനാരായണൻ എന്നായിരുന്നു പേര്."

എന്നിട്ടിത്ര കൂടി: "ആ പേരാ എനിക്കിട്ടത്. പെരുവനം മാരാത്തിന്റെ പിന്തുരടർച്ചാവകാശി എന്നൊരു നിയോഗം ഇങ്ങനെയൊരു നാമകരണം മൂലം അന്നേ കിട്ടിയിരുന്നു എന്നും വേണമെങ്കിൽ കരുതാം."

അപ്പോൾ കുട്ടൻ എന്ന നാമം? "അത് വിളിപ്പേരല്ലേ! പിന്നെന്താ ച്ചാ ആ പേരാ നിലനിന്നത്; രേഖകളിലൊക്കെ ഇപ്പോഴും ഞാൻ ശങ്കരനാരായണനാണ്. മുഴുവനായി പറഞ്ഞാൽ, എം ശങ്കരനാരായണൻ. 'എം' എന്നാൽ മാരാത്ത് എന്നാണ് റിക്കാർഡിൽ. ശരിക്ക് ഉദ്ദേശിച്ചത് മാക്കോത്ത് എന്നാണ്; എന്റെ അമ്മയുടെ വീട്ടുപേര്.... തൃക്കൂരെ തറവാട്."

എന്നിട്ടിങ്ങനെയും: "അത് പ്പോ എന്റെ അച്ഛന്റെ ശരിക്കുള്ള പേരും അപ്പൂ ന്നൊന്ന്വല്ല. ശങ്കുണ്ണി എന്നാണ്. പി.എം ശങ്കുണ്ണി മാരാർ."

മണി ആറായാൽ അച്ഛൻ അപ്പുമാരാർ അമ്പലത്തിൽ പോവുന്നതിനു മുമ്പായി കുട്ടനെ ഉണർത്തും. കാലത്തെ കലക്കക്കാപ്പി കിട്ടിയാൽ ദിവസം വീണ്ടും തുടങ്ങുകയായി.

കുളിച്ച്, തായംകുളങ്ങരക്ക് പുറപ്പെടും. "രാവിലത്തെ ശീവേലിക്ക് മുമ്പ് അവിടെ കൊട്ടാൻ എത്തണം. ഓടും.... സ്കൂളിലേക്കുള്ള നാല് പുസ്തകവുമായി."

ചെന്നാൽ ജോലി തുടങ്ങുകയായി. ട്രൌസറിന് മേലെ മുണ്ട് ചുറ്റും. പൂജക്ക്‌ കൊട്ടാൻ തുടങ്ങും.

പണിയൊക്കെ കഴിഞ്ഞ്, ചുറ്റിയ മുണ്ട് ചെണ്ടപ്പുറത്തിട്ട് പോരുമ്പോൾ, പോരുമ്പോൾ ത്രിമധുരം കിട്ടും. "തേനും നെയ്യും ശർക്കരയും കുറച്ചു പഴക്കഷ്ണങ്ങളും. അന്നതിനൊക്കെ വല്ല്യ സ്വാദായിരുന്നു. ചില ദിവസങ്ങളിൽ വിശേഷാൽ പായസമുണ്ടാവും. അപ്പോൾ അതിന്റെയും ലേശം വിഹിതം കിട്ടും. നിയമം ഉണ്ടായിട്ടൊന്നുമല്ല. തിരുമേനിയായിട്ടുള്ള അടുപ്പത്തിന്റെ പേരിൽ." ത്രിമധുരവും ശർക്കരപ്പായസവും പാൽപ്പായസവും ചേർത്ത്... "ഒരു ഫ്രൂട്ട് സാലഡ് പോലെ..."

 

പകലത്തെ ചുമതല കഴിയുക ഉച്ചശ്ശീവേലിയോടെയാണ്. ഒൻപതേമുക്കാലിനും പത്തിനും മണിക്കിടയിലാണ് അതു നടക്കുക. ശേഷം, നാലാം ക്ലാസ് വിദ്യാർത്ഥി സ്കൂളിലേക്ക് പായും.

ചിലപ്പോൾ ഈ ചിട്ട ലേശമൊന്നു തെറ്റും. "പൂജക്ക്‌ കൊട്ടുമ്പൊഴാവും സ്കൂളിലെ മണിയടി കേൾക്കുക. അതിന്റെയും അമ്പലത്തിന്റെ മണിയുടെയും നാദത്തിനു കാര്യമായി വ്യത്യാസമില്ല." പക്ഷെ, ഫലത്തിൽ അതുണ്ടാക്കുന്ന മാറ്റം വ്യത്യസ്തം എന്നത് വേറെ കാര്യം.

ഒരുതരത്തിൽ കൊട്ടി, പണി തീർത്ത്, ഇടയ്ക്ക സ്ഥാനത്ത് തിരികെതൂക്കി, ചെണ്ടപ്പുറത്ത് മുണ്ട് അഴിച്ചുവച്ച് ട്രൌസർ ഒന്ന് നേരെയാക്കി ഉറക്കെ എല്ലാവരോടുമായി പറയും: "പൂവ്വാ ട്ടോ..." സ്നേഹമുള്ള തിരുമേനിയും പിഷാരടിയും സംഗതി ക്ഷണം മനസ്സിലാക്കും. ചില ദിവസങ്ങളിൽ കാര്യങ്ങൾ വൈകുന്നുവെന്ന് വന്നാൽ, അവർ നേരത്തിന് സ്കൂളിലെത്താൻ ഒത്താശ ചെയ്തു തരും. ഊരകത്തെത്തന്നെ കൃഷ്ണൻ എമ്പ്രാന്തിരിയെയും വെള്ളാലത്ത് നാരായണൻ നമ്പൂതിരിയെയും "ജീവിതാവസാനം വരെ മറക്കാനാവില്ല. ഒരു കാരണം, നേരത്തെ പറഞ്ഞ ഈ അഡ്ജസ്റ്റ്മെന്റ്. പിന്നൊന്ന് പ്രാതല്. അതായത്, (പെരുവനത്തെ) ചിറ്റൂര് മനയ്ക്കൽനിന്ന് മൂന്ന് ഇഡ്ഡലിയും കാപ്പിയും വെള്ളാലത്തെ തിരുമേനിക്ക് പകർച്ചയെത്തുന്നത് പല ദിവസവും എനിക്ക് തരാറുണ്ട്. സ്കൂളിലേക്ക് പുറപ്പെടുന്ന നേരത്ത് 'നിൽക്കെടോ' എന്ന് പറഞ്ഞൊരു വിളിയുണ്ട്. എനിക്കൊരു പങ്ക് തരാനാ.... ഇന്നോർക്കുമ്പോൾ...."

 

 

കൊട്ടുമ്പോഴും ഉണ്ടായിരുന്നു അപ്പു മാരാരുടെ ശരീരത്തിന് അല്പസ്വല്പം അസ്ഥിരത. കൈയും കോലുമായി മേളം നയിക്കുമ്പോൾ ചലനഭാഷക്ക് എന്തോ നേരിയ അസ്ക്യതയുടെ ലക്ഷണമുണ്ടായിരുന്നു. "അതീ ശ്വാസംമുട്ട് കാരണം കൂടിയായിരുന്നു." ആസ്തമ മൂലം നല്ലവണ്ണം ബുദ്ധിമുട്ടാറുണ്ട്."

കുമരഞ്ചിറ ഭഗവതി കനിഞ്ഞാണ് രോഗം ഭേദപ്പെട്ടതെന്ന വിശ്വാസം അപ്പുമാരാരിൽ തുടർന്നും വ്യക്തമായിരുന്നു. കുട്ടന് ഏതാണ്ട് പത്തു വയസുള്ള കാലത്താവണം, കുമരഞ്ചിര അടിയന്തിരക്കാരന്റെ ചുമതല നിവർത്തിക്കാൻ ബാലകന് സംഗതിയുണ്ടായി. "നവരാത്രി സമയത്ത് ഞങ്ങളുടെ കുടുംബത്തിൽനിന്ന് ഒരാൾ അവിടെ വേണം. ചില്ലറ പണിയേ ഉള്ളൂ: ശംഖു വിളിക്കുക, പൂജക്ക്‌ കൊട്ടുക. അക്കൊല്ലം വേറെ തിരക്കു കാരണം അച്ഛന് പോവാനാവില്ല എന്നുറപ്പായി. പക്ഷെ അടിയന്തിരം മുടക്കാൻ മനസ്സുവന്നില്ല. കുട്ടിയായ എന്നെ അയച്ചു."

അച്ഛന്റെ സഹായിയായ പോഴത്ത് ശങ്കരൻ നായർ കുട്ടന് കുമാരഞ്ചിറക്ക് തുണയായി. ചേർപ്പിലെത്തന്നെ ഇലത്താളക്കാരൻ. "അടിയന്തിരം നിവർത്തിച്ച് രാത്രി നടയടച്ചാൽ അടുത്ത വീട്ടിലെ എമ്പ്രാന്തിരിയുടെ മഠത്തിലേക്ക് അത്താഴത്തിന് പോവും. ഭക്ഷണം വരുംമുമ്പേ ഞാൻ ക്ഷീണം കാരണം ഉറങ്ങും. അപ്പോൾ ശങ്കരൻ നായര് എന്നെ മടിയിൽ കിടത്തുമത്രേ."

നടയടച്ച്, ദിവസത്തെ ചുമതല കഴിഞ്ഞ് മഠത്തിൽ തിരിച്ചെത്തിയ എമ്പ്രാന്തിരി കുറച്ചുകഴിഞ്ഞാൽ വന്ന് ഊണിനു കാലമായി എന്നറിയിക്കും. അപ്പോൾ ശങ്കരൻ നായർ തട്ടിയുണർത്താൻ ശ്രമിക്കും. തിരിഞ്ഞും മറിഞ്ഞും കുതറി പാതിയുറക്കത്തിൽ കുട്ടൻ പറയും. "എനിക്ക് വേണ്ടാമ്മേ..... ഉറങ്ങട്ടെ. വേണ്ടാ."

മുതിർന്ന കുട്ടൻ മാരാരോട് ശങ്കരൻ നായർ ഇടക്കൊക്കെ പറയും: "ഹും... വല്ല്യ ആള് ചമയ്യൊന്നും വേണ്ടാ..... പണ്ട് എന്നെ അമ്മേ ന്ന് വിളിച്ചിട്ടുള്ള ആളാ..."

കൌതുകം അവിടെ കഴിയുന്നില്ല. "ഇന്നിപ്പോൾ ആ ശങ്കരൻനായരുടെ മകനാണ് എന്റെ സ്ഥിരം ഇലത്താളക്കാരൻ. പോഴത്ത് അനിൽകുമാർ."

അഞ്ചാം ക്ലാസ് ആയപ്പോഴേക്കും സ്കൂളിലെ കാര്യങ്ങൾക്ക് ഗൌരവം കൂടി. "വൈകി ചെന്നാൽ ഒരടി കിട്ടും; ചിലപ്പോ പുറത്ത് ഇറയത്തു നിർത്തും." ക്രമേണ ടീച്ചർ കാരണം അറിഞ്ഞു. "പിന്നെ അടിച്ചിട്ടില്ല. പുറത്തു നിർത്തലും കുറച്ചു. മുഴുവനിപ്പോൾ എനിക്ക് മാത്രമായി ശിക്ഷ ഇളവു ചെയ്യാനും പറ്റില്ലല്ലോ."

ഇടയിൽ ഉച്ചയൂണിന് വീട്ടിലെത്തും. അമ്പലത്തിലെ പടച്ചോറുണ്ട് തിരിച്ചു നടക്കും. 

സ്കൂൾ വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമിടയിൽ നാലോളം കൊല്ലം ഉണ്ടല്ലോ. അക്കാലത്ത് വാദ്യമല്ലാത്ത ചില സംഗതികൾ പഠിക്കുകയും ചെയ്തിരിക്കുന്നു. പൊതുവെ 1960കളിൽ കേരളത്തിൽ പല ചെറുപ്പക്കാരും ചെയ്തിരുന്നതുപോലെ ജോലിക്കായി നാടുവിടാൻ പുറപ്പെടുകയുണ്ടായോ?

ഇല്ല. "പറഞ്ഞൂലോ കുഞ്ഞച്ഛന്റെ കാര്യം. അദ്ദേഹത്തിന്റെ പീടികയിൽ മരുന്ന് എടുത്തു കൊടുത്തിരുന്നു. അതായത്, രാവിലെ നേരത്തെ എഴുന്നേൽക്കും. എന്തെന്നാൽ അഞ്ചു മണിക്ക് ടൈപ്പ് പഠിക്കാൻ പോവണം. (നാട്ടുകാരൻ) വിളമ്പത്ത് മാധവ മേനോൻ നടത്തിയിരുന്ന മഹാത്മാ കമേർഷ്യൽ ഇൻസ്റ്റിട്ടൂട്ട്. എം.സി.ഐ എന്നാണ് അറിയപ്പെട്ടിരുന്നത്. നന്നേ രാവിലെ അവിടെയെത്തി വെള്ളക്കടലാസു തിരുകി കീബോർഡിൽ തട്ടും തടവും.

അതുകഴിഞ്ഞാൽ അമ്പലത്തിൽ ജോലിക്കെത്തും. അവിടത്തെ അടിയന്തിരം കഴിഞ്ഞാൽ കുഞ്ഞച്ഛന്റെ കടയിൽ. ശ്രീലക്ഷ്മി ആയുർവേദ ഫാർമസി. അത് തിരുവുള്ളക്കാവിൽ. കഷ്ടി ഒരു കിലോമീറ്റർ ദൂരം. നടന്നിട്ടാണ് യാത്ര. "ഞാൻ ചെന്നിട്ടുവേണം തുറക്കാൻ. ഓടിട്ട പുര. താക്കോല് കൊണ്ട് താഴ് തുറന്ന് വിലങ്ങനെയുള്ള രണ്ട് ഇരുമ്പുകമ്പി നീക്കി നിരപ്പലക ഒന്നൊന്നായി ഇളക്കിമാറ്റും."

അകത്തു കയറിയാൽ ആദ്യം ചൂലെടുത്ത് വെടിപ്പായി അടിച്ചുവാരും. വെള്ളം തളിക്കും. മൂന്ന് ചിത്രങ്ങൾക്ക് മുമ്പിൽ വിളക്കു കൊളുത്തും.

അക്കാലത്ത് കടയിൽ സ്റ്റോക്ക്‌ തീർന്നാൽ വാങ്ങാനായി തൃശൂര് അങ്ങാടിയിൽ പോക്കുണ്ട്. മുനിസിപ്പൽ റോഡിന്റെ വശത്താണ് ഉരുപ്പടി വാങ്ങാനുള്ള പീടികകൾ. അവിടെനിന്ന് ചാക്കിലും സഞ്ചിയിലുമായി നിറച്ചുകിട്ടുന്ന സാമാനങ്ങൾ ബസ്സിലാണ് തിരുവുള്ളക്കാവിലേക്ക് എത്തിക്കുക. നല്ല കനമുണ്ടെങ്കിൽ പോർട്ടറെ വിളിക്കും. കൂലിയായി രൂപ രണ്ട്. അതല്ലാ, അവനവൻ കൂട്ടിയാൽ കൂടും എന്ന് തോന്നിയാൽ സ്വന്തമായി ഏറ്റും.

"എല്ലാ ബസ്സുകാരൊന്നും കയറ്റാൻ സമ്മതിക്കില്ല. അനുവദിച്ചാൽത്തന്നെ പിൻസീറ്റിന്റെ ചുവട്ടിൽ എപ്പോഴും തരപ്പെടുമെന്നില്ല. വാസ്തവത്തിൽ, മേലെയെ പലപ്പോഴും പറ്റൂ. അപ്പോൾ പിന്നിലെ കോണി കയറി മേലെ കൊണ്ടുപോയി ഇടണം." വണ്ടി തിരുവുള്ളക്കാവിലെത്തിയാൽ ഇറങ്ങി വീണ്ടും വാഹനത്തിന്റെ തട്ടിൻപുറത്തു കയറും; ചടുപിടുന്നനെ സ്റ്റോക്ക്‌ താഴേക്ക് തള്ളിയിടും.

സൈക്കിൾ പഠിക്കാൻ തരപ്പെട്ടത് ഒരില്ലത്തെ വാസത്തിനിടെ. പിന്നീട് ആ വാഹനം വാങ്ങാൻ കാരണമായതിലും ഉണ്ട് ഒരു നമ്പൂതിരി ബന്ധം.

പെരുവനം മാരാത്തുകാർക്ക് തലമുറകളായി ഉള്ള അടിയന്തിരമാണ് ചേർപ്പ്‌ ഭഗവതിക്ഷേത്രത്തിലെ മണ്ഡലക്കാലത്ത്. കുട്ടന് പത്തുപതിനാല് വയസ്സ് പ്രായമുള്ളപ്പോൾ സഹായത്തിന് അനുജൻ രാജനെയും കൂടെ വിട്ടിരുന്നു.

"അവനന്ന് എട്ടൊൻപത് വയസ്സ്. വീട്ടിൽനിന്ന് പടിഞ്ഞാറ്റുമുറി ഈ അമ്പലത്തിലേക്ക് ഒരു കിലോമീറ്റർ ദൂരം വരും. നടക്കാൻ താൽപര്യക്കുറവുണ്ട്. പക്ഷെ കൊണ്ടുപോവാതെയും വയ്യ."

ചെമ്മണ്‍പാതയിലൂടെ അങ്ങനെ ഒരുവിധം കൂടെ കൊണ്ടുപോവുംവഴി രാജൻ മുന്നോട്ടു പോവാൻ മടി കാണിക്കും. കുട്ടിയേയും കൂട്ടി അമ്പലത്തിൽ എത്തേണ്ട ചുമതല ഏട്ടന്റെയാണുതാനും. "ഞാൻ ചിലപ്പോൾ ഒരു സൂത്രമൊപ്പിക്കും. വെറുതെ അനിയനെ വീറു പിടിപ്പിക്കും. അപ്പോ അവൻ തല്ലാൻ വരും. ഞാൻ ഓടും. പിന്നാലെ രാജനും. അമ്പലത്തിൽ എത്തിയിട്ടേ നിൽക്കൂ. പിന്നെ അഥവാ രണ്ടടി കൊണ്ടാലെന്താ? നടയ്ക്കൽ എത്തിക്കിട്ടിയല്ലോ!"

അക്കാലത്തെ ഈ യജ്ഞത്തിനിടെ പതിവെന്നവണ്ണം ഒരു കാഴ്ച്ചയുണ്ട്. മണ്ഡലം പൂജക്ക്‌ കൂടേണ്ട കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് അതിലൂടെ സൈക്കിളിൽ ഈ രണ്ട് ബാലരെയും വെട്ടിച്ചങ്ങു പോവും. തനിക്കും വേണം ഒരു സൈക്കിൾ എന്നോരാശ കൃത്യമായി മൊട്ടിടുന്നത് ആ ബെല്ലടി കേട്ടുള്ള നടത്തങ്ങൾക്കിടയിലായിരുന്നു.

ആ മോഹം സഫലമായത് കുഞ്ഞച്ഛൻ സൈക്കിൾ വാങ്ങിത്തന്നപ്പോൾ. പിന്നെന്തെന്നു വച്ചാൽ, അപ്പോഴേക്കും വിഷ്ണു ഭട്ടതിരിപ്പാട് സ്കൂട്ടർ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു!

അതൊക്കെ പഴയ കാര്യം. ഇപ്പോൾ പറഞ്ഞുവന്നത് പടച്ചോറിന്റെ കാര്യം. കുട്ടിക്കാലത്തെ അന്നം. പടച്ചത് എന്നാൽ വറ്റിച്ചത്. ഉണങ്ങല്ലരി വേവിച്ചു വാർത്ത ചോറ്. നാഴിയരി വേവിച്ചത് പാത്രം പാത്രമാക്കി നിറച്ചത് കമഴ്ത്തി നിരത്തിയിട്ടുണ്ടാവും. ഓരോന്നും ഓരോ പട. ഒരു നാഴി അരി എന്നു പറഞ്ഞാൽ ഇന്നത്തെ ശരാശരി സ്റ്റീൽ ഗ്ലാസിന്റെ കണക്ക്. 

"അന്നൊക്കെ പെരുവനത്ത് ഞങ്ങൾക്ക് മാസശ്ശമ്പളം എന്നുപറഞ്ഞാൽ അരി. ദിവസേന ആറിടങ്ങഴി ചോറ്. "രാവിലത്തെ പന്തീരടിപ്പൂജക്ക് മൂന്നിടങ്ങഴി; പിന്നെ അത്രതന്നെ അരി വേവിച്ചത് ഉച്ചപ്പൂജക്ക് വേറെയും." അതല്ലാതെ കാശൊന്നുമില്ല? "ഏയ്‌, ല്ല്യ. പക്ഷെ വിശേഷങ്ങൾക്ക് പ്രത്യേകം ചോറുണ്ട്. ഇപ്പൊ, ശംഖാഭിഷേകം ഉണ്ടെങ്കിൽ അതിന്റെ പേരിൽ ആറു പട ചോറ്; ധാരക്ക് വേറെ. അങ്ങനെ...."

 

പടച്ചോറ് അത്ര സ്വാദിഷ്ടമായ ഓർമയാണോ? "അങ്ങനെ മുഴുവൻ പറയാൻ വയ്യ. എന്തായിരുന്നാലും, നമ്മുടെ ഭക്ഷണം ആയിരുന്നില്ലേ! എല്ലാം തികഞ്ഞിട്ട് ഒന്നിലല്ലോ. ചെലപ്പോ അധികവേവുള്ളതാവും; ചെലപ്പോ പകുതിവേവ്. ഇനി അതല്ലെങ്കിൽ വെള്ളം കൂടിയുള്ള വേവലുണ്ട്. അപ്പൊ ചോറ് വല്ലാതെ കട്ടകൂടും. പിന്നെ, അതിനൊക്കെ മുമ്പ്, നെല്ല് കുത്തുമ്പൊഴത്തെ കാര്യം. ചെലപ്പോ തവിടിന്റെ അളവ് കൂട്ടിക്കുത്തും. കനം കൂട്ടാൻ. മനസ്സിലായില്ലേ? അതൊക്കെയായാലും പെരുവനത്തെ ഇരട്ടയപ്പന്റെ ഉണങ്ങല്ലരിച്ചോറിന്റെ ഗുണമാണ് എന്റെ ശക്തി."

പടച്ചോറായാലും പച്ചരിയായാലും പരിതാപകരമായ അവസ്ഥ കുട്ടൻ മാരാരുടെ ഓർമയിൽ 1960കളുടെ രണ്ടാം പാദത്തിലായിരുന്നു. രാജ്യമൊട്ടുക്ക് ഭക്ഷ്യക്ഷാമം ഉണ്ടായ ആ സമയത്ത് നാട്ടിൽ അരി ദുർലഭമായി. ചേച്ചിമാരോക്കെ റേഷൻ കടയില് നീളൻ ക്യൂവിൽ കുറേ നില്ക്കും. "പടച്ചോറ് എന്ന് പറഞ്ഞാൽ തായ് വാനിൽനിന്ന് വരുന്ന ഒരുതരം അരി വേവിച്ചത്. കുറുകിയ കഞ്ഞി പോലെയാണ് അത് കിട്ടുക. മറ്റേ... ഓട്ട്സ് കിട്ടില്ലേ ഇന്ന്? അത് വെള്ളത്തിലിട്ടു തിളപ്പിച്ചതുപോലെ."

ശരി. പഞ്ചാരി, പാണ്ടി മേളങ്ങളെ കുറിച്ച് കുട്ടൻ മാരാരുടെ സങ്കല്പങ്ങൾ ഊട്ടിയുറഞ്ഞ വഴി മനസ്സിലാവുന്നു. ചെണ്ടയുടെ മറ്റൊരു പ്രയോഗധാരയായ തായമ്പക അഭ്യസിച്ചത്‌?

ആകെമൊത്തം മൂന്നാളാണ് ആശാന്മാർ. ഒരേ പേരുള്ള പഠിപ്പിച്ചു തുടങ്ങിയത് അച്ഛൻ പെരുവനം അപ്പു മാരാർ. അരങ്ങേറ്റത്തിനായി മുഴുമിപ്പിച്ചത് ബന്ധു കുമരപുരം അപ്പു മാരാർ. കഥകളിക്കൊട്ടിൽ ആശാൻ ശ്രീനാരായണപുരം അപ്പു മാരാർ.

കഥകളിക്ക് എന്തേ തുടർന്ന് കൊട്ടിയില്ല?. "ഹേയ്... അതൊന്നും നമ്മുടെ മേഖലയല്ല. കളിക്ക് മുമ്പുള്ള കേളിക്കൊക്കെ അപൂർവ്വം കൊട്ടിയിട്ടുണ്ട്. ഇപ്പൊ, അപ്പു മാരാരാശന്റെ ഷഷ്ടിപൂർത്തിക്ക്. അന്നും കേളികൊട്ടി. കളരിയഭ്യാസത്തിനുള്ള സാദ്ധ്യത ഞങ്ങളുടെ അടുത്ത പ്രദേശത്ത് ഇല്ലായിരുന്നു. അങ്ങനെ വരുമ്പോൾ, കഥകളിക്കൊട്ടുകാരനാവാൻ ബുദ്ധിമുട്ടുണ്ട്. "

ഇതുപോലെ ഒറ്റപ്പെട്ടതെന്നു പറയാവുന്ന വേറൊരു കൂട്ടിമുട്ട് നടന്നിട്ടുള്ളത് നാടകരംഗത്താണ്. "ചെറുപ്പത്തിൽ ഇടയ്ക്ക് അഭിനയിച്ചിരുന്നു. ചെറിയ വേദികളിൽ. കാലടി ഗോപിയുടെയും എ.ആർ ഗണേഷിന്റെയുമൊക്കെ ചില നാടകങ്ങളിൽ. പെരുവനം ഓണാഘോഷത്തിന് ഒരുകുറി വാൽമീകിയുടെ വേഷമിട്ടിട്ടുണ്ട്.

"ഞങ്ങടെ സി.എൻ.എൻ സ്കൂളിന്റെ വാർഷകത്തിനൊക്കെ ഉണ്ടായിട്ടുണ്ട്. 1981ൽ." പിന്നെ, 'ആരോടും പറയണ്ടാ' എന്ന ഛായയിൽ കണ്ണിറുക്കി: "സ്ത്രീവേഷാർന്നു... അധികോം. മോഹിനി, കാഞ്ചന സീത. സ്റ്റിൽ റോൾ ആണ്; വെറുതെ നിന്നാ മതി."

ഏതായാലും കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി കുട്ടൻ മാരാർ പെരുവനത്ത് നിറസാന്നിദ്ധ്യമാണ്. മീനമാസത്തിലെ വിശേഷനാൾ പന്തങ്ങളുടെ വെളിച്ചത്തിൽ എഴാന നിരക്കുന്ന നടവഴിയിൽ നടക്കുന്ന നാല് എഴുന്നള്ളിപ്പിനും മേളനേതൃത്വം കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടിക്ക് പുറമേ, ചാത്തക്കുടം, ഊരകം, ചേർപ്പ്‌ എന്നീ കൂട്ടരുടെ പഞ്ചാരി. പെരുവനം പൂരം തുടങ്ങിയിട്ട് ഇക്കൊല്ലം (2013) മൊത്തം 1431 വർഷമായി എന്നാണ് കണക്ക്. രേഖപ്പെടുത്തിയിട്ടുള്ള ചരിത്രത്തിൽ ഇങ്ങനെയൊരു യോഗം ആകെ സാധിച്ചിട്ടുള്ളത് കുട്ടനു മുമ്പ് അച്ഛൻ അപ്പു മാരാർക്ക് മാത്രം. ഉഗ്രപ്രതാപി നാരായണ മാരാർക്കോ അദ്ദേഹത്തിന്റെ അമ്മാവൻ രാമ മാരാർക്കൊ; എന്തിന് , അദ്ദേഹത്തിന്റെയും അമ്മാവൻ പെരുവനം (വലിയ) ശങ്കുണ്ണി മാരാർക്കോ പോലും ഒത്തുകിട്ടിയിട്ടില്ല.

തൃപ്പൂണിത്തുറയുടെ ഏറ്റവും കനപ്പെട്ട മേളപാരമ്പര്യത്തിന്റെ പുതിയകാലത്തെ നടുക്കണ്ണി പട്ടണത്തിലെ പൂർണത്രയീശ ക്ഷേത്രോൽസവത്തിന് ആദ്യമായി എത്തുന്നത് തായമ്പകക്കാരനായാണ്. 1975ലായിരുന്നു അത്.

 

രസം വേറെയുമുണ്ട്. കൊച്ചിക്ക് ലേശംമാത്രം തെക്കുള്ള ആ സാംസ്കാരികസ്ഥലിയിലേക്ക് കുട്ടൻ മാരാരുടെ കന്നിയാത്ര കൂടിയായിരുന്നു ആ വർഷം.  

1975ലാണ് തൃപ്പൂണിത്തുറയിൽ ആദ്യം കൊട്ടിയതെന്നത് ശരി; പക്ഷെ കുട്ടൻ മാരാർ പൂർണത്രയീശക്ഷേത്രം നടാടെ ദർശിക്കുന്നത് അതിന്  ഒരു വർഷം മുമ്പാണ്. മലക്ക് പോവുന്ന വഴിക്കായിരുന്നു അത്. പൂർണത്രയീശൻറെ ഉത്സവക്കാലത്തായിരുന്നില്ല, പക്ഷെ ഇരുമുടിക്കെട്ടിനൊപ്പം ചെണ്ടകളും കരുതിയിരുന്നു യാത്രാസംഘം.

നിറയൌവനത്തിൽ വൃശ്ചികോത്സവത്തിനു കൊല്ലാകൊല്ലം കൊട്ടിക്കയറിയ പെരുവനം കുട്ടൻ മാരാർക്ക് തൃപ്പൂണിത്തുറയിൽ പ്രത്യേകം താല്പര്യക്കാർ നിറയെയുണ്ടായിരുന്നു. സുമുഖനും പ്രസന്നനുമായ മുൻനിരക്കാരനെ കാണാൻ ചെറുപ്പക്കാരികളുമുണ്ടായിരുന്നു ധാരാളമായി.

"ഞാനായിട്ട് ആർക്കും ലൗ ലെറ്റർ കൊടുത്തിട്ടില്ല; എനിക്കാരും തന്നിട്ടുമില്ല."

ഇത്രയും പറഞ്ഞ ശേഷം, ചെറിയൊരു തിരുത്തുപോലെ മുഖത്ത് പുഞ്ചിരി. "ങ്ഹാ... എന്ന് മുഴുവൻ പറയാൻ പറ്റില്ലാ ട്ടോ..."

1985ൽ ആവണം അത്. ആ വർഷം ഏപ്രിൽ ഒന്നിന് കുട്ടൻ മാരാർക്കൊരു വിഡ്ഢിദിന കാർഡ് കിട്ടി. അയച്ചിട്ടുള്ളത്: 'ഫാൻസ്‌, പഴുവിൽ'.

തന്നെ ഇഷ്ടപ്പെടുന്നവർ ആവശ്യത്തിനുണ്ടെങ്കിലും, പഴുവിൽ അങ്ങനെയൊരു ആരാധനാസംഘം ഉള്ളതായി കുട്ടൻ മാരാർക്ക് പുതിയ അറിവായിരുന്നു. "ഏയ്‌, ഇതാരോ പറ്റിക്കാൻ അയച്ചതാണ്. എന്നാലും അറിയണമല്ലോ ഇതിന്റെ പിന്നിൽ ആരെന്ന്."

അനുജൻ രാജനോട്‌ കാര്യം പറഞ്ഞു. "ഹേയ്, അതിന്മേൽ തൂങ്ങാൻ നില്ക്കണ്ട. ആലോചിക്കാൻ വേറെന്തെല്ലാം ഉണ്ട്?" എന്ന മട്ടിലൊരു പ്രതികരണമാണ് കിട്ടിയത്.

എങ്കിലും വിട്ടില്ല. അന്വേഷണം തുടങ്ങി. കാർഡിലെ പോസ്റ്റൽ സീലും കൈയക്ഷരവും വച്ച് തിരഞ്ഞുപിടിക്കാൻ ഒരുമ്പെട്ടു. പഴുവിൽ പ്രദേശത്ത് "സംശയമുള്ളവരെ" മനസ്സിന്റെ മടിത്തട്ടിൽ പരത്തിവീശി അരിച്ചുപെറുക്കി. ചില ഊഹങ്ങൾ നാമ്പെടുത്തു. ഒരു വീടിനെ പ്രത്യേകിച്ചും മാർക്ക് ചെയ്തു. പക്ഷെ ഉറവിടം കണ്ടുപിടിക്കാനുള്ള പരിശ്രമം മുഴുവൻ ആ റൌണ്ടിൽ വിജയിച്ചില്ല.

"ആളെ പിന്നെ കിട്ടി.... തൊണ്ടിസഹിതം എന്നപോലെ പിടിച്ചു..... നമ്മുടെ കക്ഷി തന്നെയായിരുന്നു...." ഭാര്യയെ ഉദ്ദേശിച്ചാണ് മൊഴി. പഴുവിൽ പാലാഴി വീട്ടിലെ ഗീതാ പി നമ്പ്യാർ. ആ കുട്ടിയും സഖിമാരും ചേർന്ന് ഒപ്പിച്ച വേലയാണ്.

1986ലായിരുന്നു കല്യാണം. ഫെബ്രുവരി ഒൻപതിന് തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിൽ മിന്നുകെട്ടി.

ഒരർത്ഥത്തിൽ, ആ കടലാസു ചീളുതന്നെയായിരുന്നു പിന്നീടൊരു കല്യാണക്കുറിയായി പരിണമിക്കുന്നതും. ആരാധിക വീട്ടിൽ കയറിവരുന്നതിന്റെ മുന്നൊരുക്കമായാണ് വീട്ടിൽ ആദ്യത്തെ ഫാൻ തിരിയുന്നതും. 

കല്യാണത്തിന് പിറ്റത്തെ വർഷം ദമ്പതിമാർക്ക് കുട്ടി പിറന്നു. അവരവൾക്ക് കവിത എന്ന് പേരിട്ടു. സ്കൂളിൽ ചേർത്തപ്പോൾ കവിതാ പി. മാരാർ.

വാവയുടെ ഒന്നാം പിറന്നാൾ കഴിഞ്ഞ് വലിയ താമസമില്ലാതെ, 1988 ഒടുവിൽ, കുട്ടൻ മാരാർക്ക് സ്ഥലംമാറ്റമായി. ഇടുക്കി ജില്ലയിൽ മൂന്നാറിലേക്ക്.

മൂന്നാറിൽ ഒരു തമിഴൻ പയ്യനെ ചെണ്ട പഠിപ്പിക്കുകയുണ്ടായിട്ടുണ്ട്. ബാബു എന്നു് വിളിച്ചിരുന്നു; മുഴുവൻ പേര് ഓർക്കുന്നില്ല. ഒപ്പം ജോലി ചെയ്തിരുന്ന ഒരു മൂർത്തി മാഷ്ടെ മകൻ. "ആരെയെങ്കിലും സ്വന്തം വാദ്യം പരിശീലിപ്പിക്കുക എന്നത് എനിക്കും ടൈംപാസ്!" തൊടുപുഴയിൽ അക്കൊല്ലം നടന്ന ജില്ലാ കലോത്സവത്തിൽ അവൻ തായമ്പകയിനത്തിൽ മത്സരിച്ചു. സ്കൂളിൽ ഉള്ളവർക്ക് അത് വലിയ കാര്യമായി. വേദിയിൽ ജഡ്ജസ് അടക്കം വേറെ പലർക്കും. തേയിലത്തോട്ടങ്ങളുടെ നാടായ മൂന്നാറിൽനിന്ന് ചെണ്ടക്ക് മത്സരാർഥി! 

വീട്ടിൽ കവിതക്ക് അഞ്ചു വയസ്സായപ്പോഴേക്കും, സ്കൂളിൽ പോയിത്തുടങ്ങിയപ്പോഴേക്കും, അച്ഛൻ തിരിച്ചെത്തി. പിന്നെ, ഒൻപതു വർഷം കഴിഞ്ഞ്, കുട്ടൻ മാരാർ വീണ്ടും അച്ഛനായി. 2001ൽ. ഇക്കുറി ഉണ്ണി. കാർത്തിക് പി. മാരാർ.

 

ഭാര്യയുമായി കുട്ടികളുമായി കുട്ടൻ മാരാർ കേരളത്തിന് വളരെയകലെ ഒരു നഗരത്തിലേക്ക് വിവാഹത്തിന് കാൽനൂറ്റാണ്ടിന് ശേഷം പോയത് ദൽഹിക്കാണ് — 2011ലെ പത്മശ്രീ പുരസ്‌കാരം വാങ്ങാൻ.

ആ വർഷമാദ്യം, റിപ്പബ്ലിക് ദിനത്തിന്റെ തലേ ദിവസം, കുട്ടൻ മാരാർ ചേർപ്പ്‌ സി.എൻ.എൻ സ്കൂളിൽ ഒന്നു പോയി. ജൂനിയർ സൂപ്രണ്ടായി 2008ൽ വിരമിച്ച് കൊല്ലം മൂന്നാവാറായിരുന്നു. പഴയ സഹപ്രവർത്തകരിൽ ചിലർ പിരിഞ്ഞുപോരുന്നതിന്റെ മുന്നോടിയായി അവർക്കുള്ള സ്വീകരണമായിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് വീട്ടിലെത്തി മണി രണ്ടായിക്കാണും. ഫോണ്‍ ശബ്ദിക്കുന്നു.

രാഷ്ട്രതലസ്ഥാനത്തുനിന്നായിരുന്നു. "ഇത്തവണത്തെ പത്മാ പുരസ്കാരങ്ങൾ തീരുമാനമായിരിക്കുന്നു. താങ്ങൾക്ക്‌ 'ശ്രീ' പദവി. സ്വീകരിക്കുവാൻ തയ്യാറല്ലേ?" എന്നൊരു ഔദ്യോഗിക കാൾ. നാലു നിമിഷമെടുത്തു മൊത്തം സംഗതിയൊന്ന് തിരിഞ്ഞുകിട്ടാൻ. പിന്നെ ശങ്കിച്ചില്ല. "അതെ, തയ്യാർ," എന്ന് മറുപടി. "കണ്‍ഗ്രാജുലേഷൻസ്!" പതിവുപോലെ, ശബ്ദലേഖനം ചെയ്ത സംഭാഷണശകലത്തിന് വിടയായി മറ്റേയറ്റത്തുനിന്ന്, മറുമൊഴി.

You need to a flashplayer enabled browser to view this YouTube video

കുട്ടൻ മാരാർ തൃപ്പൂണിത്തുറ നടാടെ മേളം കൊട്ടിയ 1976ലും പിന്നീടുള്ള കുറെ വർഷവും ഊട്ടുപുരയിൽ മാരാന്മാർക്ക് വിളമ്പുന്ന ഭക്ഷണമായിരുന്നു പതിവ്. "ഇടയ്ക്ക് വല്ലതും കഴിക്കുകയോ കുടിക്കുകയോ ചെയ്യാമെന്ന് തോന്നിയാൽ അമ്പലത്തിന് പുറത്ത് ചെറിയ ചായക്കടയിൽ പോവും. കഴിഞ്ഞ പത്തുപതിനെട്ട് കൊല്ലമായി സേവാസംഘം പ്രാതലും തന്നു തുടങ്ങിയിരിക്കുന്നു."

കുളി അമ്പലക്കുളത്തിൽ. കിടപ്പും ഊട്ടുപുരയിൽ. "അവിടെ പായ കിട്ടും. പിന്നെ നമ്മുടെ ചെണ്ട പൊതിഞ്ഞു കൊണ്ടുവന്നിട്ടുള്ള ചാക്കില്ലേ.... അത് അഴിച്ച് അതിന്മേൽ വെടിപ്പായി നിവർത്തും. അതിനുമേലെ വെള്ളത്തോർത്ത് വിരിക്കും. ഉറക്കം കുശാൽ."

നന്നേ തുടക്കത്തിലെ കാര്യം പറഞ്ഞാൽ മൂത്തവർ പറഞ്ഞുകേട്ടതേ അറിയൂ. "പഴയ തലമുറയിലെ ഇലത്താളക്കാരൻ തറയിൽ ശങ്കരൻനായരൊക്കെ പറഞ്ഞുകേട്ടിട്ടുണ്ട്. പണ്ട്, അച്ഛന്റെയൊക്കെ ചെറുപ്പകാലത്ത് തൃപ്പൂണിത്തുറ ഉത്സവത്തിന് മേളക്കാർക്ക്‌ ഊട്ടുപുരയിൽ ഊണില്ല. അരി കിട്ടും. അത് രണ്ടുംമൂന്നാളായി പരിസരത്തെ ചില വീടുകളിൽ കൊണ്ടുപോയി കൊടുക്കണം. മേളം കഴിഞ്ഞ് അവിടേക്ക് നടന്നു ചെന്നാൽ ചെറിയൊരു ഊണ് ശരിയാക്കി വച്ചിട്ടുണ്ടാവും." അതല്ലാതെ ഇന്നത്തെപ്പോലെ ഒന്നിച്ചിരുന്നുള്ള ഊണിനു സൌകര്യമില്ല. രാവിലെ പ്രാഥമിക കൃത്യങ്ങൾക്ക് പറമ്പിൽ മറയന്വേഷിക്കണം. കുളിക്കാൻ, പിന്നെ, കുളമുണ്ട്.

ഇന്നിപ്പോൾ താമസം അമ്പലത്തിനടുത്തുള്ള കളിക്കോട്ടാ പാലസിന്റെ വൃത്തിയിലും വിശാലതയിലും. അത്യാവശ്യം സൌകര്യമായിത്തന്നെ കിടന്നുറങ്ങാം. തലയിണ; തട്ടിൽ ഫാൻ. രാവിലെ സ്വാദിഷ്ടമായ പലഹാരം. ഉച്ചക്ക് സദ്യ. രാത്രി അത്താഴം. "ശങ്കരൻ നായർ 'ഇപ്പോഴൊക്കെ സ്വർഗ്ഗല്ലെടോ' എന്ന് ചോദിക്കാറുണ്ട്. പാവം, അവരുടെയൊക്കെ ചെറുപ്പത്തിൽ, സേവാസംഘം വരുന്നതിനൊക്കെ വളരെ മുമ്പ്, രണ്ടുനേരം ഏതെങ്കിലും വിധേന അന്നം കിട്ടിയാൽത്തന്നെ വിശേഷമായി.

You need to a flashplayer enabled browser to view this YouTube video

പെരുവനം അപ്പു മാരാർക്ക് ശേഷം മകൻ കുട്ടൻ മാരാരാരാണല്ലോ കുടുംബത്തിന്റെ പൂർണത്രയീശോത്സവത്തിന്റെ അടുത്ത കണ്ണിയാവുന്നത്. കാർത്തിക് പി. മാരാരുടെ കാര്യം? വൈകാതെ തൃപ്പൂണിത്തുറയിലും പതീക്ഷിക്കാമോ? "ഉണ്ടായിക്കൂടാ എന്ന് പറയില്ല. പിന്നെ, പെരുവനം പരമ്പര എങ്ങനെ തൃപ്പൂണിത്തുറ തുടരുന്നു എന്നതാണല്ലോ മുഖ്യം. അക്കാര്യത്തിൽ ഇപ്പോൾത്തന്നെ സന്തോഷിക്കാൻ വകയുണ്ട്, ഇല്ലേ? പെരുവനം സതീശൻ മാരാർ, ശങ്കരനാരായണൻ മാരാർ, പ്രകാശൻ മാരാർ. വാസന കൊണ്ടും അനുഭവജ്ഞാനം കൊണ്ടും സമ്പന്നരാണ് അവരൊക്കെ. സ്വയം അദ്ധ്വാനിച്ചുയർന്നവർ.

പെരുവനത്തെ നടവഴിയിൽ ഇനിയും ഇളംകാറ്റു വീശും. പൂർണത്രയീശന്റെ കൊടിക്കൂറ ആ നാദയിമ്പം വീണ്ടും വീണ്ടും ഏറ്റുവാങ്ങും.

പതിവുപോലെ മേളാവേശത്തിൽ ജനാവലി പിന്നെയും ദേശകാലങ്ങൾ മറക്കും.

എന്നത്തേയുംകണക്ക് അത് കുട്ടൻ മാരാരുടെകൂടി സന്തോഷമായിരിക്കും.

You need to a flashplayer enabled browser to view this YouTube video

 

-----------------------------------------------------------------------------------------------------------------------------------

സ്കെച്ച്: ശശി പന്നിശ്ശേരി

<< നാലാം കാലം:തലപ്പിള്ളിത്താഴ്വരകൾ         

  ആറാം കാലം:വൃശ്ചികോത്സവത്തിലെ ഉച്ചയുറക്കം>>

embed video powered by Union Development


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template