കലാസാംസ്കാരികതയുടെ നടുമുറ്റം
- Details
- Category: Festival
- Published on Sunday, 17 March 2013 05:21
- Hits: 5961
കലാസാംസ്കാരികതയുടെ നടുമുറ്റം
അരുണ്‍ പി വി
പടിപ്പുര വള്ളുവനാട്ടിലെയ്ക്ക് തുറന്നു വച്ചിരിക്കുന്ന ഒരു നാലുകെട്ട് ആണ് തൃശ്ശൂര്‍. ചെറുതുരുത്തി ആണ് പടിപ്പുര എങ്കില്‍ മുളന്കുന്നതുകാവ് മുതല്‍ വടക്കുന്നാഥന്റെ പ്രദക്ഷിണ വഴി വരെ പൂമുഖമാണ്. ചെറിയ ഒരു ഇടനാഴി കടന്നെത്തുന്നത് നടുമുറ്റത്തെക്കും. അതെ.. പെരുവനത്തെക്ക് തന്നെ . തൃശ്ശൂരിന്റെ കലാ സാംസ്കാരികതയുടെ നടുമുറ്റം എന്ന് വേറെ ഒരു സ്ഥലത്തിനെ വിശേഷിപ്പിച്ചാല്‍ അത് വെറുമൊരു “വിശേഷണം” മാത്രമാകും.
ചേര്‍പ്പ് ആറാട്ടുപുഴ മുതല്‍ ഇരിഞ്ഞാലക്കുട വരെ ഉള്ള കരുവന്നൂര്‍ പുഴയുടെ തീരം കുന്തിപ്പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ള കലാഗ്രാമങ്ങള്‍ക്ക് സമാനമാണ്. മറ്റുള്ള കലാഗ്രാമങ്ങളെ അപേക്ഷിച്ച് മദ്ധ്യകേരളത്തിന്റെ ഒട്ടുമിക്ക കലകള്‍ക്കും ,അത് രംഗകലകള്‍ ആയാലും വാദ്യ കലകള്‍ ആയാലും സാഹിത്യ വിഷയങ്ങള്‍ ആയാലും ഒരു പോലെ സ്വീകാര്യതയും , വളര്‍ച്ചയും, വികാസവും ലഭിച്ച ഒരു പ്രദേശം കുറയും. ഇതൊക്കെ ആ പ്രദേശത്തിന്റെ മഹിമ വെളിവാക്കുന്ന വസ്തുതകള്‍ എങ്കിലും ചേര്‍പ്പ് പെരുവനം എന്ന് ഏതൊരു കലാപ്രേമിക്കും ആദ്യം കേട്ടാല്‍ ഓര്‍മ്മ വരുന്ന ഒന്നുണ്ട് അവിടുത്തെ ആറാട്ടുപുഴ പെരുവനം പൂരം .
കേരളത്തിന്റെ അഭിമാനമായ “മേളം“ എന്ന വാദ്യ പദ്ധതി ,അതില്‍ തന്നെ ഘടന സൗകുമാര്യo കൊണ്ട് ഏറെ മുന്നില്‍ നില്‍ക്കുന്ന പഞ്ചാരി മേളം എന്ന താള ശില്പത്തിന്റെ ഉത്പത്തി ഒരു കൊല്ലത്തെ പെരുവനം പൂരത്തിന് ഇരട്ടയപ്പന്റെ നടവഴിയില്‍ ആണ് ഉണ്ടായിട്ടുള്ളത് .
പെരുവനം നടവഴിയാണ് ആ പൂരത്തിനെ എല്ലാ തരത്തിലും സ്വാധീനിക്കുന്ന ഘടകം, കൃത്യം ഏഴു ആനക്ക് നിരക്കാവുന്ന വീതി ,അതായത് പതിനഞ്ചില്‍ കുറയാത്ത ഇടന്തല ചെണ്ടക്കാര്‍ക്ക് സുഖമായി നിന്ന് പ്രവര്‍ത്തിക്കാവുന്ന സ്ഥലം അഥവാ കൂടുതലും ഇല്ല കുറവും ഇല്ല. കല്ലുകൊണ്ട് പടുത്ത ഒരാള്‍ പൊക്കമുള്ള തിണ്ണ, മേളത്തിന്റെ ശബ്ദഗതിക്കു അണകെട്ടുന്നു. അത് തന്നെ ആണ് അവിടുത്തെ മേളത്തിന്റെ എരിവും മധുരവും ഒരു പോലെ സന്തുലിതമാക്കുന്നത് .
അവിടുത്തെ എഴുന്നെള്ളിപ്പുകളില്‍ മേള നിറവു കൊണ്ട് എല്ലാ എഴുന്നെള്ളിപ്പും ഒന്നിനൊന്നു മികച്ചു നില്‍ക്കും. ഗാംഭീര്യം നിറഞ്ഞ ആറാട്ടുപുഴ ശാസ്താവിന്റെ ഇറക്ക പാണ്ടിയും. എഴുന്നെള്ളിപ്പിന്റെ ഭംഗിയും, പവിത്രതയും കൊണ്ട് ഊരകത്തമ്മ തിരുവടിയുടെ കയറ്റ പഞ്ചാരിയും അവിടെ അരങ്ങേറുന്നുണ്ടെങ്കിലും മേളത്തിന്റെ സമയ സന്ദര്‍ഭവും ദൈർഘ്യവും ഗാംഭീര്യവും ചേര്‍ന്ന സമവാക്യത്തിന്റെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് ഭഗവതിയുടെ വെളുപ്പാന്‍ കാലത്തെ പഞ്ചാരി ആണ് പുകള്‍ പെരുവനം പഞ്ചാരി. പഞ്ചാരി തുടങ്ങിയാല്‍ പത്തു നാഴിക എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ് അവിടുത്തെ സമയ ദൈര്‍ഖ്യം. കിഴക്ക് നിന്നുള്ള ഇളം വെയിലില്‍ ഭഗവതിയുടെ കോലവും ആനയുടെ നെറ്റിപ്പട്ടവും തിളങ്ങുന്ന നേരം ആവണം അഞ്ചാം കാലം കുഴമറിയാന്‍. ആ ബാല സൂര്യന്റെ ഒപ്പം തന്നെ വെളിച്ചെണ്ണ പന്തങ്ങളും ജ്വലിച്ചു മത്സരിക്കുന്നത് കാണുവാന്‍ ആണ് ഏറെ കൌതുകം . ആ മേളത്തിന്റെ സമഗ്രമായ ക്ലാസിക്കല്‍ ഭംഗിയോട് തുലനം ചെയ്യാവുന്ന ഒരു മേളം കുട്ടനെല്ലൂര്‍ പൂരത്തിന് പൂര്‍ണ്ണ ചന്ദ്രനെ സാക്ഷിയായി നടക്കുന്ന പഞ്ചാരിയാണ്
തൃശ്ശൂര്‍ പൂരത്തിന് പ്രമാണിച്ചാല്‍ ഏറെ പ്രശസ്തി നേടാമെങ്കിലും പെരുവനം നടവഴിയില്‍ പ്രമാണിച്ചാലേ മേള പ്രേമികള്‍ അംഗീകരിക്കൂ .പ്രമാണിയുടെ കഴിവിനെ കൃത്യമായി അളക്കുന്നവര്‍ ആണ് പെരുവനത്തു വരുന്ന ആസ്വാദകര്‍ .മേളത്തെ ശാസ്ത്രീയമായി ആസ്വദിക്കാന്‍ അറിയാവുന്നവര്‍. വായ്താരിയിലെ രണ്ടു അക്ഷരങ്ങള്‍ക്കിടയിലെ അണുവിട വ്യതിയാനങ്ങളില്‍ കലഹിക്കുന്നവര്‍ . ഇത്രയും കണിശമായി ചിന്തിക്കുന്നത് കൊണ്ട് തന്നെ ആണ് പെരുവനം മേളങ്ങള്‍ ശൈലീപരമായി ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നതും .പില്‍ക്കാലത്ത് കേരളത്തിലെ ഒട്ടുമിക്ക പൂരങ്ങളും മാതൃകയായി ഉള്‍ക്കൊണ്ട എഴുന്നെള്ളിപ്പിന്റെ ഭംഗിയും നിലവാരവും ഉയര്‍ത്തിയ ഒട്ടേറെ പരിഷ്കരണങ്ങള്‍ ഒരു പരിധിവരെ സമഗ്രതയില്‍ എത്തിയത് തൃശ്ശൂര്‍ പൂരത്തിനു ആണെങ്കിലും അത്തരം പരിഷ്കാരങ്ങള്‍ ആരംഭിച്ചത് പെരുവനത്ത് ആണ്.
നടവഴി നിറഞ്ഞു നിന്ന് കത്തുന്ന പന്തങ്ങള്‍ ആണ് പെരുവനം പൂരത്തിന്റെ മറ്റൊരു പ്രത്യേകത . അതൊരു പൈതൃക തികവിന്റെ ഭാഗമാണ്. കുറച്ചധികം വന്യമെങ്കിലും ഇന്നോളം ആ പാരമ്പര്യത്തിന് മാറ്റം വന്നിട്ടില്ല . എഴുന്നെള്ളിപ്പുകള്‍ക്ക് അത്രയും ഭംഗിയുള്ള വെളിച്ചം വേറെ ഇല്ല എന്ന് തന്നെ പറയേണ്ടിവരും .
പെരുവനം പൂരം അതിന്റെ ചിട്ടയിലും ,പ്രൌഡിയിലും എല്ലാം വളരെ കണിശത പാലിക്കുന്നു .സമകാലീന കേരളത്തിൽ പൂരം എന്ന് പറഞ്ഞു നടക്കുന്ന പല ആഭാസങ്ങളുടെയും സംഘാടകർ ഒരു പ്രാവശ്യമെങ്കിലും പെരുവനം പൂരം കാണേണ്ടത് അത്യാവശ്യം ആണ്. മേളമായാലും ആനകളുടെ കാര്യമായാലും മറ്റു അനുബന്ധ കാര്യങ്ങള്‍ എന്ത് തന്നെ ആയാലും ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്‍ത്തുന്ന രീതിയാണ് അവിടെ കണ്ടിട്ടുള്ളത് .സ്ത്രീകളും കുട്ടികളും വരെ സുഖമായി ആസ്വദിക്കുന്ന ഒരു പന്ത്രണ്ടു മണിക്കൂർ പൂരം. മഷിയിട്ടു നോക്കിയാല പോലും ഒരു പോലീസുകാരനെ പോലും അവിടെയെങ്ങും കാണാൻ കഴിയില്ല. എണ്ണം പറഞ്ഞ കലാകാരന്മാർ, ഏതെങ്കിലും ഒരു കാലത്തിൽ ഒരു "കോല്" കുറച്ചു കൊട്ടിയാൽ കൃത്യമായ കണക്കു നോക്കി പൈസ കുറച്ചു കൊടുക്കുന്ന ശ്രോതാക്കൾ, വെളിച്ചെണ്ണപ്രഭയിൽ കത്തി നില്ക്കുന്ന പന്തങ്ങൾ, എല്ലാം തികഞ്ഞ ഏഴു ആനകൾ, പൂരം കഴിഞ്ഞു ആറാട്ടിന് ഭഗവതിയുടെ കൂടെ അറാടാൻ വരുന്ന കാഴ്ചക്കാർ, അങ്ങിനെ പല തരത്തിൽ ഉള്ള വിസ്മയങ്ങളുടെയും പൂരം.
48 ദേവീദേവന്മാർ (പലര്ക്കും പരസ്പരം കണ്ടുകൂടാ എന്നത് വിരോധാഭാസം) ഒരിക്കൽ പ്രജകളെ അവരവരുടെ ചുറ്റുപാടുകളിൽ കാണാൻ ഇറങ്ങിപുറപ്പെടുന്ന ഒരു ബൃഹത്സമ്പ്രദായം വേറെ എവിടെ കാണാൻ പറ്റും? മറ്റു മതസ്ഥർ പോലും വേറെ വഴി ഉണ്ടാക്കിയും വീടുകളില രണ്ടു ഗേറ്റുകൾ പണിതും തേവർക്ക് വഴി ഒരുക്കുന്ന നാട്, പൂരത്തിന് മഴ പെയ്യാതിരിക്കാൻ പ്രത്യേകം കുർബാനകൾ നടത്തുന്ന പള്ളികൾ അങ്ങിനെ പല പ്രത്യേകതകൾ പെരുവനം പൂരത്തിനു.
പെരുവനം പൂരം കണ്ട ഏതൊരാള്‍ക്കും നിസ്സംശയം പറയാം ഇത് കല സാംസ്കാരികതയുടെ നടുമിറ്റം തന്നെ എന്ന് .