ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം
- Details
- Category: Krishnanattam, Thulal, Patakam
- Published on Saturday, 23 March 2013 04:16
- Hits: 5389
ആട്ടങ്ങളില്‍ ശുഭം കൃഷ്ണനാട്ടം
2012 ജനുവരി മാസത്തില്‍ കൃഷ്ണനാട്ടത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് TAFK ഗ്രൂപ്പില്‍ നടന്ന ചര്‍ച്ച. “ആട്ടങ്ങളില്‍ കൃഷ്ണനാട്ടം ശുഭം എന്ന് കുഞ്ചന്‍ നമ്പിയാര്‍ പറഞ്ഞിട്ടുണ്ട്. എന്ത് കൊണ്ടാവാം അങ്ങനെ നമ്പിയാര്‍ പറഞ്ഞത്? നൃത്തത്തിന് പ്രാധാന്യം കൊടുത്തത് കൊണ്ടാണോ, അതോ അമ്പലത്തില്‍ മാത്രം നടന്നു വരുന്ന ഒരു അനുഷ്ടാനം എന്ന നിലക്കാണോ, കൃഷ്ണന്റെ കഥകള്‍ മാത്രം അവതരിപ്പിക്കുന്നതിന്റെ ഒരു ദൈവിക പരിവേഷം കൊണ്ടാണോ, അതോ സമൂതിരിയോടുള്ള ബഹുമാനം മൂലമോ” എന്ന വിഷയം അവതരിപ്പിച്ചാണ് ശ്രീ Madhu Menon Keezhilath ചര്‍ച്ച ആരംഭിച്ചത്.
Appan Varma
നൃത്തം കുറവല്ലേ കൃഷ്ണന്നാട്ടത്തില്‍? അപ്പോള്‍ മറ്റു കാരണങ്ങള്‍ കൊണ്ടാവും.
Madhu Menon Keezhilath
നൃത്തതിനാണ് പ്രധാനം. നാട്യം കുറവാണ്.
Dev Pannavoor
ഇന്നത്തെ ഏറ്റവും വലിയ ക്ലാസിക്കല്‍ കലാരൂപം ആയി കണക്കാക്കപ്പെടുന്നത് കഥകളി അല്ലെ? കഥകളിയുടെ മുന്‍ഗാമികള്‍ ആയിരുന്നല്ലോ കൃഷ്ണനാട്ടം, രാമനാട്ടം എന്നിവ. കുഞ്ചന്‍ നമ്പ്യാരുടെ കാലഘട്ടത്തില്‍ കഥകളി അത്ര വലിയ കലാരൂപം ഒന്നും ആയിരുന്നില്ല. അപ്പോള്‍ നമ്പ്യാര്‍ അന്ന് കൃഷ്ണനാട്ടം എന്ന് പറഞ്ഞിരിക്കാം. ഇന്നായിരുന്നെങ്കില്‍ കഥകളി എന്ന് പറയും....
RamanNambisan Kesavath
60 കൊല്ലം മുന്‍പ് വരെ സാമൂതിരി ഭരിക്കാത്ത ദേശങ്ങളിലേക്ക് കൃഷ്ണാട്ടക്കാര്‍ കളിക്കാന്‍ പോയിരുന്നില്ല. അരങ്ങില്‍ ഉള്ള എല്ലാവരും നൃത്തം ചെയ്തിരുന്നു. നമ്പ്യാര്‍ തുള്ളല്‍ എഴുതിയത് അമ്പലപ്പുഴയിലും തിരുവനന്തപുരത്തുമാണ്. “കൃഷ്ണലീല” ശീതങ്കന്‍ തുള്ളലില്‍ നിന്ന് Madhu Menon പരാമര്‍ശിച്ച ഭാഗം താഴെ കൊടുക്കുന്നു.
"പാട്ടുകാരും ചില മദ്ദളക്കാരരും
കൂട്ടുകാരും കുടക്കാരും പ്രധാനിയും
പെട്ടിയെടുക്കുമുരത്ത ജനങ്ങളും
കുട്ടിപ്പരദേശിമാരും ശിശുക്കളും
കൊട്ടുതപ്പും കുഴല്‍ക്കാരരും തംബുരു
ഘട്ടിവാദ്യം പല വില്ലും വടികളും
ചെപ്പുകള്‍ ചാണകള്‍ ചുട്ടിച്ചിരട്ടയും
ചപ്പുചിപ്പും കെട്ടിയേററി പുറപ്പെട്ടു
മുപ്പതും നാല്പതുമാളുകളൊന്നിച്ചു
അല്പം ധനമുളളവന്‍റെപുരം പുക്കു
കെട്ടുമിറക്കി യജമാനനേതെന്നു
കേട്ടറിഞ്ഞങ്ങു കരേറിപ്പുരം പുക്കു
നാട്യം പറഞ്ഞങ്ങിളക്കി കളിക്കാര-
രൂട്ടുപുരയില്‍ സ്ഥലം വെക്കുമാകവേ
പെട്ടി വരുന്നത് കണ്ടാല്‍ ചില ജനം
കൊട്ടിക്കതങ്ങടച്ചുവെന്നും വരും
അഷ്ടി മാത്രം കൊടുത്തങ്ങയക്കും ചിലര്‍
കഷ്ടിച്ചു കേളി കൊട്ടിച്ചു വെന്നും വരും
ആട്ടങ്ങളില്‍ കൃഷ്ണനാട്ടം ശുഭം രാമ-
നാട്ടം തുടങ്ങിയാല്‍ കോട്ടം വരും ദൃഢം.
ചുട്ടിയും കുത്തി ദശഗ്രീവവേഷവും
കെട്ടി പ്പുറപ്പെട്ടു പൊട്ടിച്ചിരിക്കയും
കൊട്ടിക്കലാശം ചവുട്ടിച്ചരിക്കയും
ചട്ടിച്ച മുഞ്ഞിവിയര്‍ത്തങ്ങൊലിക്കയും
കെട്ടിചമഞ്ഞു ജടായു പുറപ്പെട്ടു
വട്ടത്തിലോടിപ്പറന്നു കളിക്കയും"
രാമനാട്ടം കഥകളിയുടെ ആദ്യകാല സംജ്ഞയാകുന്നു. കൃഷ്ണനാട്ടത്തെ പ്രശംസിച്ചു സ്വദേശസ്നേഹം വ്യക്തമാക്കല്‍, സഹചാരിയും കഥകളിയെഴുത്തുകാരനുമായ വാരിയരെ പ്രകോപിപ്പിക്കല്‍, രാജാവിന്റെ കളിക്കമ്പത്തെ പരിഹസിക്കല്‍ എന്നീ മൂന്ന് കാര്യങ്ങള്‍ നമ്പിയാര്‍ സാധിച്ചു.
Srikrishnan Ar
ശ്രീ Madhu Menon ഉദ്ധരിച്ച ഈരടിയുടെ പൂർണ്ണരൂപം "ആട്ടങ്ങളിൽ കൃഷ്ണനാട്ടം ശുഭം, രാമ-നാട്ടം തുടങ്ങിയാൽ കോട്ടം വരും ദൃഢം.." എന്നാണ് (ഹരിണീസ്വയംവരം ശീതങ്കൻ തുള്ളൽ).
കഥകളിയുടെ പൂർവരൂപമായ രാമനാട്ടത്തെയാണല്ലോ ഇവിടെ വിമർശിയ്ക്കുന്നത്; ഇത് ഇന്നു നാം കഥകളിയെന്നറിയുന്ന കലയെത്തന്നെ ലക്ഷ്യമാക്കിയാണെന്നർത്ഥം.
കൃഷ്ണനാട്ടം നമ്പ്യാർക്ക് താരതമ്യേന സ്വീകാര്യമായി അനുഭവപ്പെടാൻ ഒരു കാരണം സാഹിത്യമായിരിയ്ക്കാം. രാമനാട്ടത്തിന് സാഹിത്യഗുണം കുറവാണ് (തീരെ ശുഷ്കമാണെന്നു പണ്ഡിതർ); കൃഷ്ണനാട്ടം അക്കാര്യത്തിൽ സമ്പന്നമാണ് (കുറെയൊക്കെ നാരായണീയത്തിന്റെ സ്പഷ്ടമായ അനുകരണമാണെങ്കിലും). രാമനാട്ടത്തിലെ പദങ്ങളുടെ സാഹിത്യദാരിദ്ര്യത്തെ നമ്പ്യാർ വ്യക്തമായിത്തന്നെ വിമർശിയ്ക്കുന്നുണ്ട്, ഇവിടെയുദ്ധരിച്ച ഈരടിയെത്തുടർന്നുള്ള വരികളിൽ.
രാമനാട്ടം/കഥകളി നമ്പ്യാർക്ക് തീരെ രുചിച്ചിരുന്നില്ല എന്നുതന്നെയാണ് സൂചനകൾ. "കഥകളിയുടെ ശത്രു" എന്നാണ് ശ്രീ ഏവൂർ പരമേശ്വരൻ "കുഞ്ചൻ നമ്പ്യാരും തുള്ളൽ സാഹിത്യവും" എന്ന ഗ്രന്ഥത്തിലെ (NBS, 1974) ഒരദ്ധ്യായത്തിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.
Srikrishnan Ar
RamanNambisan സാറിന്റെ കമന്റ് ഇപ്പോഴാണ് കണ്ടത്; "കൃഷ്ണലീല"യാണോ ? "ഹരിണീസ്വയംവരം" അല്ലേ കൃതി?
RamanNambisan Kesavath
ഹരിണീസ്വയംവരം, കൃഷ്ണലീല എന്നീ രണ്ടു ശീതങ്കന്‍ തുള്ളലിലും ഒരേ വരികള്‍ തന്നെ കാണുന്നു. ജടായുവധത്തോടെ നേരം പുലര്‍ന്നു എന്നതു തന്നെ മുഴുത്ത പരിഹാസം.
Manu Kakkad
കുഞ്ചന്‍ നമ്പ്യാര്‍ ഒരിക്കലും രാജഭക്തി കാണിക്കാന്‍ വേണ്ടി അങ്ങനെ പറയില്ല എന്ന് തോന്നുന്നു, രാജഭക്തി കാണിക്കണം എങ്കില്‍ ഒരു പുതിയ ശ്ലോകം ഉണ്ടാക്കുകയല്ലേ അദ്ദേഹത്തിന്‍റെ ശൈലി. കൃഷ്ണനാട്ടവും വില്ല്വമംഗലം സ്വാമിയാരും ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രവും തമ്മില്‍ ആണ് ബന്ധപ്പെട്ടു കിടക്കുന്നത്.. ചിലപ്പോള്‍ ഭക്തിയും ഒരു കാരണം ആവാം, കാരണം അദ്ദേഹം കുറെ കാലം അമ്പലപ്പുഴ രാജാവിന്റെ കൂടെ ആയിരുന്നല്ലോ. ഇതൊക്കെ യുക്തി ഉപയോഗിച്ച് തോന്നിയ കാരണങ്ങള്‍ ആണ്, ശാസ്ത്രീയ പിന്‍ബലം കുറവും.
RamanNambisan Kesavath
കൃഷ്ണനാട്ടത്തിന്റെ രചനാകാലത്ത് സാമൂതിരിക്ക് ഗുരുവായൂരില്‍ അധികാരമുണ്ടായിരുന്നുവോ? തിരുനാവായയില്‍ നിന്നാണ് കൃഷ്ണമുടിയില്‍ ചേര്‍ത്ത പീലി കിട്ടിയത് എന്ന് ഐതിഹ്യം. ഞാന്‍ നമ്പ്യാരുടെ രാജഭക്തി എന്നല്ല സ്വദേശസ്നേഹം എന്നേ എഴുതിയുള്ളൂ. ജടായുവിനെ വെട്ടുന്നതിനു മുന്‍പേ ദിവസം ഉദിച്ചതിലാണ് തുള്ളലിലെ പരിഹാസം. (കലാ: കൃഷ്ണന്‍ നായര്‍ 10:00pmനു അകമ്പനനെ കണ്ടു 04:45am നു ജടായുവിനെ വീഴ്തുന്നതും നാണുനായരും നെല്ലിയോടും അക്ഷമരായി കാത്തിരിക്കുന്നതും ഗുരുവായൂരില്‍ സംഭവിച്ചിട്ടുണ്ട്). ചരിത്രത്തിന്റെ പിന്‍ബലം കേരളത്തില്‍ ഒന്നിന്നും ഇല്ല. ആവര്‍ത്തിക്കും തോറും പുതുപുതുതായി തോന്നിപ്പിക്കുന്നത് തന്നെ കേരളീയകലകളുടെ മിടുക്ക്.
Appan Varma
1. ധനശക്തി കുറഞ്ഞപ്പോള്‍ കൃഷ്ണനാട്ടം ഗുരുവായൂരില്‍ എത്തിച്ചു. അതേവരെ സാമൂതിരിമാര്‍ കോഴിക്കോട് കളിപ്പിച്ചിരുന്നു. അങ്ങനെ ആട്ടം പ്രസിദ്ധമായി.
2. ഗുരുവായൂര്‍ അമ്പലം തിരുവഞ്ചിക്കുളം ക്ഷേത്രത്തിന്‍റെ കീഴേടം ആയിരുന്നു. സാമൂതിരി പിടിച്ചെടുത്തപ്പോള്‍ ക്ഷേത്രം കൊച്ചിയില്‍ നിന്ന് പോയി. തന്ത്രി മാറി. ആനയോട്ടം തുടങ്ങാന്‍ കാരണവും ഉണ്ടായി. ഇന്നിപ്പോള്‍ ഏതാണ്ട് കഥകളി ശൈലി ആയി മാറികൊണ്ടിരിക്കുന്നു കൃഷ്ണനാട്ടം.
Dev Pannavoor
എന്തായാലും ചരിത്രം പറയുകയല്ലേ, ഞാനും ചിലത് പറഞ്ഞോട്ടെ. കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലം ആയ ലക്കിടി തന്നെ രണ്ടു രാജവംശങ്ങളുടെ കീഴില്‍ ആയിരുന്നെത്രേ. കുഞ്ചന്‍റെ ജന്മഗൃഹം നില്‍ക്കുന്ന തെക്കുമങ്ങലം കൊച്ചി രാജാവിന്റെ കീഴിലും, ഒരു ഇരുനൂറ്റി അമ്പതു മീറ്റര്‍ മാറി വടക്കുംമങ്ങലം സാമൂതിരിയുടെ കീഴിലും. ഇടയില്‍ അരിക്കാന്‍ തോട് എന്ന ഒരു തോട് ആയിരുന്നു അതിര്‍ത്തി. മുകളിലുള്ളത് വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നുന്നത് കുഞ്ചന്‍ നമ്പ്യാര്‍ വാര്യരെയും രാജാവിനെയും കളിയാക്കാന്‍ വേണ്ടി ആയിരിക്കും രാമനാട്ടത്തെ പരിഹസിചെഴുതിയത്. പരിഹാസം തന്നെ ആയിരുന്നല്ലോ കുഞ്ചന്‍ നമ്പ്യാരുടെ എഴുത്തിന്റെ ശക്തിയും..
എന്തായിരുന്നു “കൃഷ്ണാട്ടം ശുഭം” എന്ന് പറയാന്‍ നമ്പ്യാരെ സ്വാധീനിച്ചത് എന്ന് തീര്‍ത്തും ഉറപ്പിക്കാന്‍ ഈ ചര്‍ച്ചയിലൂടെ കഴിഞ്ഞില്ല. കൃഷ്ണനാട്ടത്തിനു ഒരു ബദല്‍ ആയി കൊട്ടാരക്കര തമ്പുരാന്‍ അവതരിപ്പിച്ച രാമനാട്ടം സാഹിത്യാദി ഗുണങ്ങളാലും നൃത്തം തുടങ്ങിയ സാങ്കേതിക വശങ്ങളാലും അന്ന് കൃഷ്ണനാട്ടത്തിനു തുല്യം ആയിരുന്നില്ല എന്നനുമാനിക്കാം. കൃഷ്ണനാട്ടം ഗുരുവായൂര്‍ അമ്പലത്തിനുള്ളില്‍ ഒതുങ്ങുകയും, രാമനാട്ടം പലതരം പരിഷ്കാരങ്ങളിലൂടെ കടന്നു വന്നു കഥകളി എന്നാ വിശ്വോത്തര കലയായി മാറുകയും ചെയ്തത് ഇന്നത്തെ ചരിത്രം.