അറിയാതെ പോകുന്ന ജീവിതങ്ങൾ
- Details
- Category: Krishnanattam, Thulal, Patakam
- Published on Monday, 08 April 2013 05:54
- Hits: 4596
അറിയാതെ പോകുന്ന ജീവിതങ്ങൾ
അറിയാതെ പോകുന്ന, രേഖപ്പെടുത്താതെ പോകുന്ന ചില ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റിലും. ഒരായുസ്സ് മുഴുവന്‍, കലയെ സ്നേഹിച്ചവര്‍.... കുടുമ്പം പുലര്‍ത്താന്‍ വഴിയില്ലാതാവുമ്പോള്‍ പോലും കലയോടുള്ള സ്നേഹം നിമിത്തം അതില്‍ത്തന്നെ ഉറച്ചു നിന്ന് ജീവിതാന്ത്യം വരെ തന്റെ ഇഷ്ട്ട കലയെ ഉപാസിക്കുന്നവര്‍.... ഒരു ഓര്‍മ്മ ചിത്രംപോലും അവശേഷിപ്പിക്കാതെ, അങ്ങിനെ വിടപറഞ്ഞുപോയവര്‍ എത്രയെത്ര. തിരഞ്ഞുപോയാല്‍, അവരുടെയൊക്കെ സംഭവബഹുലമായ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ പോലും കാണാനില്ല.
ഇന്നലെ മുതല്‍ കോട്ടക്കല്‍ ഉത്സവ സ്ഥലത്തായിരുന്നു. വൈകീട്ടുള്ള ശീവേലി, രാത്രി മുഴുക്കെ ഉറക്കമിളിച്ചുള്ള കഥകളി കാണലും പടമെടുക്കലും ഒക്കെയായി കഴിഞ്ഞു പോയി. ഇന്ന് ഉച്ചക്കുള്ള ഓട്ടന്‍ തുള്ളല്‍ പരിപാടിയുടെ ആളുകളെ കണ്ട്, കുറച്ചു പടം എടുക്കാനായി ചെന്നതാണ്. ഒരിടത്തൊരു വയോധികന്‍ ഇരുന്നു ചിരിക്കുന്നു. അടുത്ത് ചെന്നു. സംസാരത്തില്‍ വടക്കന്‍ കേരളം ചുവ. സ്വദേശം എവിടെയെന്നു ചോദിച്ചു വന്നപ്പോള്‍ കാഞ്ഞങ്ങാട് സ്വദേശി. പിന്നെയും തിരഞ്ഞു ചെന്നപ്പോള്‍ നീലേശ്വരം അടുത്താണ് എന്നായി. ഞാന്‍ തളിപ്പറമ്പുകാരനാണ് എന്ന് പറഞ്ഞപ്പോള്‍ , നാട്ടുകാരനായ ഒരാളെ കിട്ടിയല്ലോ എന്ന സന്തോഷം ആ നിഷ്ക്കളങ്ക മുഖത്ത്. ഏറെ നേരം സംസാരിച്ചിരുന്നു.
ഇത് ചെറുവത്തൂരിനടുത്ത കുട്ടമത്ത് സ്വദേശി , രാമന്‍ എന്ന കുഞ്ഞിരാമന്‍. ഓട്ടന്‍ തുള്ളല്‍ കലാകാരന്‍. പൂരക്കളി മുതല്‍ കുറെയേറെ കലാരൂപങ്ങളില്‍ പ്രാവീണ്യം. വയസ്സ് എണ്പതിനോടടുക്കുന്നു. പത്ത് വയസ്സ് പ്രായമുള്ളപ്പോള്‍ ഓട്ടന്‍ തുള്ളലുമായി വേദിയില്‍ കയറിയതാണ്. പതിറ്റാണ്ടുകളായി, നൂറുകണക്കിന് വേദികളില്‍ നിറഞ്ഞാടിയ ധന്യ ജീവിതം. പ്രായത്തിന്റെ അവശത കാരണം, കുറച്ചു വര്‍ഷങ്ങളായി പിന്നണിയിലേക്ക് മാറി. മറ്റൊരു ഓട്ടന്‍ തുള്ളല്‍ കലാകാരനായ ജനാര്ദ്ധനന്‍ കുട്ടമത്തിന്റെ കൂടെ തുള്ളല്‍ പാട്ടുകാരനായി കോട്ടക്കല്‍ ഉല്‍സവത്തിന് എത്തിയതാണ്. വര്‍ഷങ്ങളായുള്ള പതിവാണിത്. പാടാന്‍ തുടങ്ങിയപ്പോള്‍, ശബ്ധത്തില്‍ പോലും, നേരത്തെ കണ്ട അവശത ഒട്ടുമില്ല. ലയിച്ചിരുന്നു പാടുന്നത് കണ്ടപ്പോള്‍, അത്ഭുതം തോന്നി.
"ഒരു ദിവസമെങ്കിലും കിടന്നു പോയാല്‍ പിന്നെ എണീക്കലുണ്ടാകില്ല, ആര്‍ക്കും വേണ്ടാതാകും, കഴിയുന്ന കാലത്തോളം ഇങ്ങിനെ പോകണം" എന്ന ആഗ്രഹം മാത്രം മനസ്സില്‍ കൊണ്ടുനടക്കുന്ന ഒരു മനുഷ്യന്‍. കാഴ്ചക്കാരുടെ മനസ്സിലുള്ള ഓര്‍മ്മചിത്രമല്ലാതെ, രേഖപ്പെടുത്തലുകളോ പുരസ്കാരങ്ങളോ ഒന്നുമില്ലാതെ പോയ ഒരു കലാകാരന്‍. കൈ ചേര്‍ത്ത് പിടിച്ചു, വീണ്ടും കാണാം എന്ന് പറഞ്ഞു പിരിഞ്ഞു. ഉറപ്പായും, ഒരിക്കല്‍ കൂടി കാണണം ....