രാമന്‍കുട്ടിയാശാന്‍ ഓര്‍മകളില്‍......
- Details
- Category: Kathakali
- Published on Friday, 15 March 2013 20:05
- Hits: 7256
രാമന്‍കുട്ടിയാശാന്‍ ഓര്‍മകളില്‍......
രാമദാസ് എന്‍
രാമന്‍കുട്ടി നായരാശാന്‍ അങ്ങനെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ എണ്‍പതുകളിലേക്ക് ചിന്തകള്‍ പോകുന്നു. വൈയക്തികമായി ചിലവ കുറിക്കാം എന്ന് കരുതി.
1984 ല്‍ പഠനം കഴിഞ്ഞ ഉടന്‍ കിട്ടിയ നിയോഗം തിരുവനന്തപുരത്ത് വെള്ളായണി കായലില്‍ ശുദ്ധജലകാര്‍പ്പ് മത്സ്യങ്ങളെ വളര്‍ത്താനും പ്രജനനം നടത്താനും കഴിയുമോ എന്ന് ഗവേഷിക്കുന്ന ഒരു പദ്ധതിയില്‍ ആയിരുന്നു. വെള്ളായണി കാര്‍ഷിക കോളേജില്‍ ആണ് ലാവണം. ഒരു 20 കി മി അകലെ മെഡിക്കല്‍ കോളേജിനടുത്ത് താമസിക്കുന്ന മൂത്ത സഹോദരിയോടൊപ്പം വാസം. അന്ന് തലസ്ഥാന നഗരത്തില്‍ എന്തെങ്കിലും പരിപാടി ഇല്ലാത്ത സായാഹ്നങ്ങള്‍ ദുര്‍ല്ലഭം. സാഹിത്യസന്ധ്യകള്‍, കവിയരങ്ങുകള്‍, നൃത്തസന്ധ്യകള്‍, സിനിമാ സംബന്ധിയായ പരിപാടികള്‍, സംഗീതക്കച്ചേരികള്‍, കഥകളി അങ്ങനെ എന്തെങ്കിലും ഉണ്ട് എല്ലാ ദിവസവും. സര്‍വ്വതന്ത്രസ്വതന്ത്രനായ ഞാന്‍ ഒരു ദിവസം പോലും രാത്രി 10 മണി കഴിയാതെ വീട്ടില്‍ എത്താറില്ല. (അതില്‍ ചേച്ചിക്ക് കുറവല്ലാത്ത പ്രതിഷേധവും ഉണ്ട്).
ഒരു ദിവസം വൈകിട്ട് ആറു മണിക്ക് കാര്ത്തിക തിരുനാൾ tതീയേറ്ററിൽ രാമൻകുട്ടി ആശാന്റെ രംഭാപ്രവേശം. ഏഴു മണി മുതൽ സെനറ്റ് ഹാളിൽ സൂര്യ നൃത്തസംഗീതോത്സവത്തിന്റെ ഭാഗമായി ഉസ്താദ് അംജദ് അലി ഖാനും എം. എസ്. ഗോപാലകൃഷ്ണനും ഒരുമിക്കുന്ന ജുഗല്ബന്തി. എവിടെ എപ്പോൾ പോകണം എന്ന് നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ. "രാകാധിനാഥരുചി" കഴിഞ്ഞപ്പോൾ ഇറങ്ങി ഓടി ബസ് പിടിച്ച് സെനറ്റ് ഹാളിൽ എത്തി. ജുഗല്ബന്തി കഴിഞ്ഞപ്പോൾ മണി 11 ആയി. പിന്നെ അടുത്ത ബസ് കയറി വീട്ടില് എത്തിയപ്പോൾ പതിവില്ലാതെ ചേച്ചിയും അളിയനും പരിഭ്രമിച്ച് ഉറങ്ങാതിരിക്കുന്നു. സെനറ്റ് ഹാളിൻറെ നേരെ എതിർവശത്തുള്ള ചന്ദ്രശേഖരാൻ നായര് സ്റ്റേഡിയത്തിൽ ഗാലറി തകര്ന്നു വീണതും ആളുകള് ഗുരുതരമായ അപകടത്തിൽ പെട്ടതും ഞാൻ അറിഞ്ഞതേയില്ല!
പ്രസിദ്ധരായ തെക്കൻ നടന്മാരെ ഞാൻ ഇതിനു മുന്പ് കണ്ടിട്ടില്ല. പത്മനാഭസ്വാമിക്ഷേത്രത്തിൽ രണ്ടു ഉത്സവങ്ങളിൽ ആയി ആകെ 20 ദിവസം കഥകളി ഉണ്ട്. ഓരോ ദിവസവും പ്രസിദ്ധർ ആരെങ്കിലും ഉണ്ടാവും. കണ്ടിട്ടില്ലാത്ത എല്ലാവരെയും കാണാൻ തീരുമാനിച്ചു. നോട്ടീസ് എല്ലാം നേരത്തെ സംഘടിപ്പിച്ചു. (50 പൈസ കൊടുത്താൽ പ്രോഗ്രാം നോട്ടീസ് വാങ്ങാൻ കിട്ടും) ശ്രീ പത്മനാഭന്റെ നടക്കൽ അദ്ദേഹത്തിനു അഭിമുഖമായി ആണ് കളി. ഷ ർട്ട് ധരിച്ചു അകത്തു കയറാൻ പാടില്ല. അന്ന് കളിക്ക് ഇലക്ട്രിക് ലൈറ്റ് ഉണ്ട്. പക്ഷെ മൈക്ക് ഇല്ല നേരം വെളുക്കുമ്പോൾ "ശേഷേ ശയാനം" ധനാശി പാടുമ്പോൾ തൊഴുത് തിരികെ പോരും.
ഒരു പ്രഭാതത്തിൽ കിഴക്കേകോട്ടയിൽ ബസ് കാത്തു നിൽക്കുമ്പോൾ തലേന്ന് കഥകളിക്ക് പാടിയ കലാമണ്ഡലം കൃഷ്ണൻകുട്ടിയും മറ്റു രണ്ടു പേരും തമാശകൾ പറഞ്ഞുകൊണ്ട് അവിടെ നില്ക്കുന്നു. കൂട്ടത്തിൽ ഉള്ള സുമുഖനായ ചെറുപ്പക്കാരനെ എന്തുകൊണ്ടോ പ്രത്യേകം ശ്രദ്ധിച്ചു. ബസ് വന്നപ്പോൾ എല്ലാവരും അവരവരുടെ വഴിക്ക് യാത്രയായി.
രണ്ടാഴ്ച കഴിഞ്ഞിട്ടുണ്ടാവും. ആനയറ ക്ഷേത്രത്തിൽ കളി. പോകാൻ തീരുമാനിച്ചു. പേട്ട ബസ് സ്റ്റോപ്പിൽ ബസ് കാത്തുനില്ക്കുന്നു. ഒരു ശംഖുമുഖം ബസ് വന്നുപോയിക്കഴിഞ്ഞപ്പോൾ ഞാനും മറ്റൊരാളും മാത്രം ബാക്കി. സൂക്ഷിച്ചു നോക്കിയപ്പോൾ അന്ന് കിഴക്കേക്കോട്ടയിൽ കണ്ട സുമുഖൻ. ഞാൻ അയാളെ ശ്രദ്ധിക്കാൻ തുടങ്ങി. അയാള് തിരിച്ചും. ഒടുവില അയാള് ചോദിച്ചു "ആനയറക്ക് ഇനി ബസ്സുണ്ടോ?"
"അറിയില്ല. ഞാനും അങ്ങോട്ടാണ്" പരിചയം വേഗത്തിൽ തന്നെ സൌഹൃദമായി. അശോകൻ ചങ്ങനാശ്ശേരിക്കാരനാണ്. തലസ്ഥാനത്ത് കുമാരപുരത്ത് (ഞാൻ താമസിക്കുന്നതിനു തൊട്ടടുത്ത സ്റ്റൊപ്പ്) അമ്മവീട്ടിൽ താമസം. കല്ലുവഴിക്കഥകളി ആസ്വാദകൻ. ഞങ്ങൾ ഒന്നിച്ചു അശോകന്റെ സുഹൃത്ത് ശരത്തിന്റെ വീട്ടില് പോയി ഭക്ഷണം കഴിച്ചു കളി കാണാൻ മുന് നിരയിൽ സീറ്റ് പിടിച്ചു. കമലദളത്തോടു കൂടിയ ബാലിവിജയം ആണ് ആദ്യ കഥ. രാവണൻ സാക്ഷാൽ കലാമണ്ഡലം രാമൻകുട്ടിനായര്. കലാമണ്ഡലം രാമകൃഷ്ണന്റെ നാരദനും ഉണ്ണിത്താന്റെ ബാലിയും. പാടാൻ ഹൈദരാലിയും ഹരിദാസും എന്നാണു ഓര്മ്മ. ചെണ്ട രാമൻ നമ്പൂതിരി. കളി കാണുന്നതിനിടെ ഞങ്ങൾ തമ്മിൽ "രാമൻകുട്ടി ആശാന്റെ നില, താളം" എന്നൊക്കെ പറയുന്നുണ്ടായിരുന്നു. തൊട്ടടുത്ത് ഇരുന്നു കളി കാണുന്ന മറ്റൊരു ചെറുപ്പക്കാരൻ ഇത് കേട്ട് പരിചയപ്പെട്ടു. ആൾ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാര്ഥി. പേര് ജാതവേദൻ. സ്വദേശം പാലക്കാട് ശ്രീകൃഷ്ണപുരം. ഞാൻ താമസിക്കുന്നതിനടുത്തു തന്നെ നിലകൊള്ളുന്ന മെഡിക്കൽ കോളേജ് മെൻസ് ഹോസ്റലിൽ താമസം. അന്നവിടെ ആശാന്റെ രാവണന് മുന്നില് ഒരു മൂവർ സംഘം രൂപം കൊണ്ടു. അടുത്ത ഒരു വര്ഷം തിരുവനന്തപുരം ജില്ലയിലെ 90 ശതമാനം അരങ്ങുകൾക്ക് മുന്നിലും ഈ മൂന്നുപേരും ഉണ്ടായിരുന്നു. കഥകളി കലാകാരന്മാരുമായി സൗഹൃദം സ്ഥാപിക്കുവാനും കളി കാണൽ കഥകളി ആസ്വാദനം ആയി മാറുവാനും കഴിഞ്ഞത് ഈ സൌഹൃദത്തിലൂടെ ആണ്. ഞങ്ങൾ ഒന്നിച്ചു കോട്ടക്കൽ മുതൽ നാഗർകോവിൽ വരെ സഞ്ചരിച്ചു കഥകളി കണ്ടു. കൃഷ്ണൻ നായരാശാനും രാമൻകുട്ടി ആശാനും ശിവരാമേട്ടനും ഷാരോടി വാസുവേട്ടനും കുറുപ്പാശാനും ഗംഗാധരൻ ആശാനും ഹൈദരാലി മാഷും ഹരിദാസേട്ടനും എല്ലാം സുഹൃത്തുക്കളായി തീര്ന്നത് ഈ സൌഹൃദത്തിന്റെ ഫലം. ഇവരുടെയും പൊതുവാൾ ആശാന്മാർ, ഉള്പ്പെടയുള്ള പലരുടെയും അവിസ്മരണീയമായ അനവധി അരങ്ങുകൾ ക്ക് മുന്നില് ഇരിക്കാൻ കഴിഞ്ഞത് പൂർവ്വജന്മപുണ്യം.
രാമൻകുട്ടിയാശാൻ ഓര്മ്മയായി മാറിയപ്പോൾ മനസ്സിലേക്ക് തികട്ടിവന്ന ഓർമ്മകൾ. ആശാന് പ്രണാമം.
(എൻ.ബി. - ഇവരിൽ അശോകൻ കോട്ടയത്ത് തന്നെ ഉണ്ട് എന്ന് തോന്നുന്നു. ജാതവേദൻ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ ഇ.എൻ .ടി സര്ജൻ ആണ്. തൃശ്ശൂര് താമസിക്കുന്നു.)