രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം

- ശ്രീവൽസൻ തീയ്യാടി                                                                              

രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം

കേരളത്തിലെ ആനയെഴുന്നള്ളിപ്പുകളുടെയും മേളങ്ങളുടെയും  മേൽ വെട്ടം തെളിയിക്കുന്ന അനുഭവക്കുറിപ്പുകൾ.

ഭാഗം-ഏഴ് 

കുതിരവേലയും കുംഭത്തിലമ്പിളിയും

ശ്രീവൽസൻ തീയ്യാടി                                                                      {flike}

മൂന്ന് ദശകശേഷം മച്ചാട്ടെ അശ്വമാമാങ്കം പകല് കണ്ടു. വെളുത്തവാവിന് കുട്ടനെല്ലൂരെ പൂരവും. അവിടവും ഉച്ചതിരിഞ്ഞ നേരത്ത് അയലത്തെ വളർക്കാവിലെ എഴുന്നള്ളിപ്പും. കാലം മാറ്റിയിരിക്കുന്നു കാതൽ താത്പര്യങ്ങൾ.

Machad Mamangam

ഏഴരമണിനേരത്തെ നറുവെയിലത്ത് പാടക്കരയിൽ പൊയ്ക്കുതിരകൾ നിരന്നു. നിറം, ഉയരം, നോട്ടം എല്ലാം വ്യത്യസ്തം. അപ്പോഴും ഒരുപോലെ ചന്തം. ചുറ്റുപുറം എട്ടു ദേശങ്ങളിൽനിന്ന് എഴുന്നള്ളിച്ചെത്തിയവ. പെരിയ പല്ലക്കിലെന്നപോലെ നിവാസികൾ ആരവങ്ങളോടെ ചുമലിലേന്തി തിരുവാണിക്കാവിൽ എത്തിച്ച കെട്ടുകാഴ്ചയശ്വങ്ങൾ. ഊരുകളിൽ ചിലവയെ പ്രതിനിധീകരിച്ച് ഒന്നിലധികമുണ്ട് കോലങ്ങൾ. യഥാതഥ പകർപ്പല്ല -- പുത്തൻതുണിയിൽ പൊതിഞ്ഞ ശൈലീകൃത രൂപങ്ങൾ.

Read more...

ഭാഗം-ആറ് 

വൃശ്ചികോത്സവത്തിലെ ഉച്ചയുറക്കം

ശ്രീവൽസൻ തീയ്യാടി                                                                   {flike}

പതിനഞ്ചു മസ്തകങ്ങൾ. അവയ്ക്ക് നടുവിൽ എഴുന്നുനില്ക്കുന്നു ശാന്തഗംഭീരമായ കോലം. എല്ലാറ്റിനും മുന്നിൽ പഞ്ചാരിമേളം. പട്ടാപകലൊരു പൂരാന്തരീക്ഷം. പറയുമ്പോൾ ശരിയാണ്: വൃശ്ചികം മഞ്ഞുമാസമാണ്. പക്ഷെ വെയിലിനാണ് വിശേഷകാന്തിയെന്ന് അടുത്തിടെയായി പ്രത്യേകിച്ചും തോന്നിപ്പോവാറുണ്ട്. ആനപ്പുറത്തെ ഒരുനിര തഴകൾക്ക് അഭിമുഖമായി പലവിധം ശീലക്കുടകൾ പിടിച്ചുനിൽക്കുന്ന ജനം. അങ്ങനെയിരിക്കെ ഇടക്കലാശങ്ങൾ. അപ്പോൾ ആലവട്ടവും വെണ്‍ചാമരവും കുടഞ്ഞെഴുന്നേറ്റ് വെറുതെ മത്സരിക്കും. ഇടയിൽ പ്രത്യക്ഷമാവും കോടങ്കി.

പ്രദക്ഷിണം പാതിയാവുന്നതോടെ അഞ്ചാം കാലം സമാപ്തം. പൂർണത്രയീശ ക്ഷേത്രത്തിൽ അങ്ങനെയാണ് ഉത്സവച്ചിട്ട. അതോടെ നെറ്റിപ്പട്ടങ്ങളുടെ എണ്ണം കുറയും. കരിവീരന്മാരിൽ ആറെണ്ണം വലിഞ്ഞ് ആകെ ഒൻപതു മാത്രമാവും. കാരണം മതിൽക്കകത്ത് അതിനുള്ള സ്ഥലമേയുള്ളൂ. അടന്ത വക കൊട്ടി മേളമായി, അതവസാനിച്ച് നടപ്പുരയിലെത്തുമ്പോൾ താളം ചെമ്പട. 

Read more...

ഭാഗം-അഞ്ച്

 

നടവഴിത്തിരിവിനു പിന്നിൽ

ശ്രീവൽസൻ തീയ്യാടി                                                                {flike}

 

 

 

ആ വർഷമത്രയും ബ്രിട്ടനിൽ നടന്ന ഇന്ത്യാ-ഇംഗ്ലണ്ട്ക്രിക്കറ്റ് പരമ്പര സാകൂതം പിന്തുടർന്നതു കൊണ്ടാവണം 1979ലെ വൃശ്ചികോത്സവത്തിന് പെരുവനം കുട്ടൻ മാരാരെ കണ്ടപ്പോൾ ഗ്രഹാം ഗൂച്ചിനെ പോലെ തോന്നാൻ കാരണം. തൃപ്പൂണിത്തുറ എഴുന്നള്ളിപ്പിനുള്ള പതിനഞ്ചാനക്ക് മുന്നിൽ നിരക്കുന്ന മേളക്കാരുടെ മുൻപന്തിയിൽ വെളുത്ത് സുമുഖനായ ചെറുപ്പക്കാരൻ. 'മാതൃഭൂമി' പത്രത്തിന്റെ സ്പോർട്സ് താളിൽ ഇടയ്ക്കിടെ പ്രത്യപ്പെട്ടിരുന്ന ഇംഗ്ലിഷ് ഓപ്പണറുടെ കറുപ്പുംവെളുപ്പും ചിത്രത്തിന്റെ ബഹുനിറ ചലിക്കുംരൂപം.

പൂർണത്രയീശ ക്ഷേത്രത്തിലെ എട്ടു ദിവസത്തെ പകലും രാവും ശീവേലികൾക്ക് കൊട്ടുന്ന മുതിർന്ന ചെണ്ടക്കാർക്കിടെ വേറിട്ട യുവസാന്നിധ്യം. ഏറെയും തല നരച്ചും തൊലി കറുത്തും കാണുന്ന രൂപങ്ങൾക്കിടയിൽ ഒരു വെളുമ്പൻ സുന്ദരൻ. പേര് കുട്ടൻ എന്നേ അന്നൊക്കെ കേട്ടിരുന്നുള്ളൂ. 

 ചിരിയൊക്കെ അക്കാലത്ത് കഷ്ടിയായേ വിരിയൂ. ഗൂച്ചിനോളമോ അതിലധികമോ ഗൌരവം. മുഖം കനപ്പിച്ചും തൃശ്ശൂർക്കാരോ? അത്ഭുതം! എന്തായാലും അക്കാലത്തോടെ പഞ്ചാരിമേളം ആവേശമായി. ഒന്നാം കാലം ആദ്യത്തെ ഒരു മണിക്കൂറോടെ മുറുകിക്കിട്ടിയാൽ പിന്നീടങ്ങോട്ട് ആസ്വദിക്കാം. എന്ന് മാത്രമോ, അതോടെ അഞ്ചു കാലവും കേട്ട് തുള്ളിത്തിമർക്കാം എന്നായി. എനിക്കെന്നല്ല, സമപ്രായക്കാർ കൂട്ടുകാർ പലർക്കും.ടീനേജ് തുടക്കത്തിലെ തനിവട്ടുകൾ. അതിനകം രണ്ടു കാര്യം മനസിലാക്കിയിരുന്നു: മേളം നയിക്കുന്നത് നടുവിൽ നിൽക്കുന്ന പെരുവനം അപ്പു മാരാരാണ്. ഇരുണ്ട് ഉയരം കുറഞ്ഞ കാരണവർ. അദ്ദേഹത്തിന്റെ മകനാണ് കുട്ടൻ.

അമ്പലത്തിൽനിന്ന് അകലെയായിരുന്നില്ല സ്കൂൾ. ഡിസംബറിൽ ക്രിസ്തുമസ് അവധിക്ക് മുമ്പുള്ള പരീക്ഷപ്പനിക്കിടയിലും ഉച്ചയൂണ് സമയത്ത് സൂത്രം ഒപ്പിക്കാറുണ്ട്. വട്ട സ്റ്റീൽപാത്രത്തിൽ കൊണ്ടുവന്നിട്ടുള്ള ചോറ് നാലുപിടിയിൽ കഴിച്ചെന്നു വരുത്തി രണ്ടുതുള്ളി ടാപ്പുവെള്ളവും കുടിച്ച് പടി കടന്ന് പുറത്തേക്കോടും. കൂടെ പഠിക്കുന്ന എച്ച് ശിവകുമാർ എന്ന ശിവനും കൂടി. വെച്ചടിച്ചാൽ മൂന്ന് മിനിട്ട് കൊണ്ട് ഗോപുരം കടക്കാം. അതിനു മുമ്പായുള്ള വടക്കേ കോട്ടവാതിൽ കടന്ന് അമ്പലക്കുളം അടുക്കുമ്പോഴേക്കും മേളനാദം കേൾക്കാം. ക്ഷേത്രനടപ്പുരയിൽ നിന്ന്. പഞ്ചാരി കഴിഞ്ഞുള്ള ചെമ്പടമേളം. 

കുട്ടൻ മാരാരെ പിന്നെ കാണുന്നത് അദ്ദേഹത്തിന്റെതന്നെ നാട്ടിലാണ്. തൃശൂരിന് തെക്ക് ചേർപ്പിന് ഓരംപറ്റി പെരുവനം ക്ഷേത്രത്തിനു തൊട്ടു പുറത്ത്. ഇരട്ടയപ്പന്റെ നെടുങ്കൻ ഓംകാരയോവിൽ. മേളക്കൈകൾ നാഡിമിടിക്കുന്ന നടവഴിയിൽ. മീനമാസത്തിൽ ചോപ്പു കുടചൂടി ഏഴു നെറ്റിപ്പട്ടം തൂർത്തുതീർത്ത പാതിരാപ്പാതയിൽ. ഇരുട്ടുനീങ്ങി അഞ്ചാം കാലം കുഴമറിഞ്ഞ വെള്ളിവെളിച്ചത്തിൽ.... 1984? അതല്ലെകിൽ '85ൽ.

Read more...

ഭാഗം-നാല് : 

തലപ്പിള്ളിത്താഴ്വരകൾ

ശ്രീവൽസൻ തീയ്യാടി                                                                {flike}


ഇടത്തോട്ട് ചെറിയൊരു തിരിവു വരുന്നിടത്ത് റോഡിനു ചേർന്ന് താഴേക്കൊരിറക്കമുണ്ട്. പരപ്പൻ പാടത്തേക്ക് കുത്തനെ ചായുന്ന ആ പച്ചപ്പിന് ഒട്ടൊന്നൊടുവിലായി തിലകക്കുറി കണക്കെ ഒരു കാവും. ഊത്രാളിയും പരിസരവും ആദ്യമായി ശ്രദ്ധയിൽപ്പെട്ട കാലം ഓർത്തെടുക്കാനായിട്ടില്ല. വടക്കാഞ്ചേരിയിൽനിന്ന് ഷൊർണൂർക്കുള്ള യാത്രയിൽ ബസ്സിൽനിന്ന് വലത്തോട്ട് നോക്കിയിരുന്നിരുന്ന ബാലമനസ്സിൽ പണ്ടെന്നോ പതിഞ്ഞതാവാം.

കാലം കുറച്ചധികം ചെന്നശേഷം കണ്ടതാണ് ഒരിടത്ത് . പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ. അന്നൊക്കെ പത്രാസാക്കിയ ക്ലാസ് കട്ട് ചെയ്യലിന്റെ ഭാഗമായി തരപ്പെട്ടതാണ് ജി അരവിന്ദന്റെ ആ ചലച്ചിത്രം. കോളേജിന് നേരെയെതിരെ സിനിമക്കൊട്ടക വന്നാലത്തെ പ്രത്യേക സൗകര്യം! 1986ൽ പുറത്തിറങ്ങുമ്പോൾ ആ പടത്തിലെ യുവനായകന് ഏറെക്കുറെ എന്റെ പ്രായം. അതിപ്പോഴും അങ്ങനെത്തന്നെ. പക്ഷെ, അന്നത് വേറിട്ട്‌ ശ്രദ്ധിക്കാൻ കാരണമുണ്ട്. ക്ലൈമാക്സ് രംഗത്ത് അയാൾ ഊത്രാളിപ്പൂരത്തിന് പോവുന്നുണ്ട്; അവിടെക്കെത്താൻ അയാളുടെ കാമുകി ക്ഷണിച്ചിട്ടുണ്ട്. പ്രണയിക്കാനൊക്കെ തനിക്കും കാലമായെന്ന് തിരിച്ചറിഞ്ഞത് വിനീതിന്റെ ജോസ് എന്ന കഥാപാത്രത്തെ കണ്ടപ്പോഴാവണം.

Read more...

ഭാഗം-മൂന്ന് : 

പരമ്പരകൾ കണ്ണിമുറിയുന്നില്ല

ശ്രീവൽസൻ തീയ്യാടി                                                                       {flike}


"ദാരണ് ത്..." എന്നൊരൊറ്റ ചോദ്യം. തെക്കൻ ദൽഹിയിലെ ആൾക്കൂട്ടത്തിനിടെ പൊടുന്നനെ കിഴക്കേ പാലക്കാടൻ മൊഴി. ത്രിസന്ധ്യത്തിരക്കിൽ ഇതാരപ്പാ എന്ന് അദ്ഭുതത്തോടെ തിരിഞ്ഞുനോക്കിയതും മൂപ്പർ എന്റെ അരയിൽ കൈകൾ വിലങ്ങനെ പിണച്ച് മൊത്തമായി എടുത്തുപൊന്തിച്ചിരുന്നു. നാലു നിമിഷംകൊണ്ട് മുഴുപ്രദക്ഷിണം കറക്കിയശേഷം കീഴെ അമ്പലത്തറയിൽ 'ധും' എന്ന് ഇറക്കിയെഴുന്നള്ളിച്ചപ്പോൾ മാത്രമേ ആളെ തിരിഞ്ഞുകിട്ടാൻ സാധിച്ചുള്ളൂ. ജ്യോതിയേട്ടൻ!

സദനം അരുൾപെരും ജ്യോതി. മുഴുവൻ പേര് കേൾക്കുമ്പോഴത്തെ ഡംപ് നേരിൽ കാണുമ്പോൾ ഒരുസമയത്തും തോന്നിയിട്ടില്ല. മെലിഞ്ഞുണങ്ങിയ രൂപമായേ മിക്കവാറും കാലത്ത് മനസ്സിലുള്ളൂ. അതുകൊണ്ടുതന്നെ ആളോരുത്തനെ ഒറ്റയൂക്കിൽ എടുത്തു വട്ടംതിരിക്കാൻ പൊന്നവനിവൻ എന്നൊരിക്കലും ധരിച്ചില്ല.

Read more...

ഭാഗം-രണ്ട് : 


കരിമ്പനപ്പാടത്തെ കിടിലൻ പന്തലുകൾ

ശ്രീവൽസൻ തീയ്യാടി                                                                {flike}

ഖസാക്കിന്റെ ഇതിഹാസം വായിച്ച കാലത്തുതന്നെയായിരുന്നു കിഴക്കൻ പാലക്കാട്ടെ ഗ്രാമങ്ങളൊന്നിലേക്ക് നടാടെ പോയത്. അതു പക്ഷെ കോഴണശ്ശേരിയിലെ കണ്ണിമൂത്താനെ അന്വേഷിച്ചൊന്നുമല്ല; കൈപ്പഞ്ചേരിയിൽ തമ്പടിച്ചിരുന്ന കൃഷ്ണമ്മാമന്റെ ക്ഷണം മാനിച്ചായിരുന്നു.

നെന്മാറ എൻ.എസ്.എസ് കോളേജിലായിരുന്നു അമ്മയുടെ ഏറ്റവുമിളയ ആങ്ങള അന്നൊക്കെ ജോലി ചെയ്തിരുന്നത്. 1980കളുടെ രണ്ടാം പാദം. കൊമേർസ് വകുപ്പിൽ യുവ അദ്ധ്യാപകൻ ടി.എൻ. കൃഷ്ണൻ. റേഡിയോവിൽ വാർത്തയും പാട്ടുകച്ചേരിയും പറ്റുന്നത്ര തരപ്പെടുത്തും. ആഴ്ച മുടക്കാതെ ആകാശവാണിയുടെ 'എഴുത്തുപെട്ടി' വാരാവലോകന പരിപാടിയിലേക്ക് കത്തയക്കും. ഒന്നും രണ്ടും നല്ല ഫോമിലെങ്കിൽ മൂന്നും. എഴുത്തിടാൻ മാറ്റർ കിട്ടാൻ വേണ്ടി മാത്രം ചിലപ്പോൾ ഇടയ്ക്കൊന്ന് ട്രാൻസിസ്റ്ററിന്റെ 'ട്രും വളയം' തിരിക്കും. തൃശൂര് നിലയത്തിലെ പുരുഷനും സ്ത്രീയും സ്ഥിരപരിചിതമായ ശബ്ദത്തിൽ അമ്മാവന്റെ പേര് നിത്യക്കൽപന പോലെ വായിച്ചുകേൾപ്പിക്കും: "ചലച്ചിത്രഗാനങ്ങളുടെ സമയത്തുകൂടി കർണാടകസംഗീതം അവതരിപ്പിച്ചുകൂടേ എന്ന് ചോദിക്കുന്നു ടി.എൻ.കെ നമ്പ്യാർ, മുളംകുന്നത്തുകാവ്." അതെ, അതായിരുന്നു വാനൊലി നാമം. പെൻ നെയിം എന്നൊക്കെ പറയുംപോലെ.

മങ്ങാട് കെ നടേശൻ ഏതോ രാഗത്തിന്റെ മർമസ്വരം നീട്ടിപ്പിടിച്ച ഉച്ചക്കച്ചേരി നേരത്തായിരുന്നു അമ്മാവന്റെ വാടകവീട്ടിന്റെ കതകിൽ മുട്ടിയത്. ഓട്ടുപുരയുടെ ഉമ്മറത്തെ സാക്ഷയിളക്കി നവദമ്പതിമാർ ഉള്ളിലേക്കാനയിച്ചു. ഉടുക്കാൻ കാവിമുണ്ടും ഉണ്ണാൻ കുമ്പളങ്ങമൊളൂഷ്യവും കിട്ടി. പുൽപ്പായമേൽ കല്ലൻ തലയിണയിലേക്ക് കഴുത്തറ്റം ചെരിച്ച് ചെറുമയക്കവും തരപ്പെട്ടു.

വൈകുന്നേരത്തെ കാലിച്ചായ കഴിഞ്ഞ് കുളിച്ചാണ് ഇറങ്ങിയത്. കാരണം, പോവേണ്ടിയിരുന്നത് അമ്പലത്തിലേക്കായിരുന്നു. അടിപെരണ്ട നിന്ന് "നേമ്മാറ നേമ്മാറ" എന്ന് പറഞ്ഞ് പോന്ന ബസ്സിനകത്തേക്ക് വിളിക്കുന്നത് കണ്ടക്റ്റർ; കയറിയാൽ "നേമ്മാർയേണ്?" എന്ന് സംശയം തീർക്കുന്നതും മൂപ്പർതന്നെ.

പ്രശാന്തമാണ് പ്രദേശം മൊത്തം. കൂറ്റൻ കരിമ്പനകളും കരകാണാപ്പാടങ്ങളും. പ്രതീക്ഷിച്ചത് പോലെത്തന്നെയെന്ന് പോരുന്ന യാത്രയിലേ ശ്രദ്ധിച്ചിരുന്നു. ചെറുപട്ടണം ചേർന്നാണെങ്കിലും നെല്ലിക്കുളങ്ങര ക്ഷേത്രവും തൊട്ട പരിസരവും തനി നാടൻ. പേര് കേൾക്കുമ്പോൾ തോന്നുന്നത് മാതിരിത്തന്നെ. (ഒ.വി. വിജയൻറെ കന്നിനോവലിലേക്ക് സുമ്മാ മൊഴി മാറ്റിയാൽ സുമാറിങ്ങനെ: കൂമൻകാവിൽ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായി തോന്നിയില്ല.)

മലമടക്കുകൾ മൈലുകളോളം ആനപ്പള്ളമതിൽ കെട്ടിയ പാടമുറ്റത്ത് ഇവിടെ ഓരംപറ്റി പഴയ കാവ്. ഒതുക്കമുള്ള മുഖം. മുന്നിലൊരു മഹർഷിയരയാൽ. നിശ്ശബ്ദമായ സ്നേഹസാന്നിദ്ധ്യം. വിജയൻറെ ഭാഷയിൽ, "കനിവുനിറഞ്ഞ വാർദ്ധക്യം".

ഇത്രയും 1987ൽ. അന്നത്തെ വിശ്രാന്തിയല്ല മാസങ്ങൾ കഴിഞ്ഞു കണ്ടപ്പോൾ നെന്മാറപ്പാടം എഴുന്നള്ളിച്ചത്. കുറഞ്ഞ കാലത്തിനിടെ എല്ലാം അമ്പേ മാറിമറിഞ്ഞുവെന്നല്ല; അന്ന് മീനം 20 ആയിരുന്നു -- വേല ദിവസം. സായാഹ്നവെയിലത്ത് ജനസമുദ്രം, സന്ധ്യയടുത്തിട്ടും വാദ്യഘോഷം.

കുട്ടിയിലേ കേട്ടിട്ടുള്ള വാക്കാണ്‌ നെന്മാറ വല്ലങ്ങി. അന്നൊക്കെ ധാരണ വല്ലങ്ങി എന്നാൽ ഏതോ നാട്ടിലെ വിശേഷത്തിന്റെ പേര് എന്നായിരുന്നു. തൃശൂർ പൂരം, തൃപ്പൂണിത്തുറ ഉൽസവം, മുളംകുന്നത്തുകാവ് നിറമാല, മലമക്കാവ് താലപ്പൊലി, എടക്കുന്നി വിളക്ക് എന്നൊക്കെപ്പോലെ നെന്മാറ വല്ലങ്ങി. പരിചയം പോരാത്ത കിഴക്കൻ പാലക്കാട്ടുള്ളൊരു ദേശത്തിന്റെ തിമർപ്പ്. ശർക്കരയിൽ വേവിച്ചുണ്ടാക്കി അന്നേനാൾ വരുന്നവർക്കൊക്കെ പ്രസാദമായി കിട്ടുന്ന മധുരപലഹാരമാവാനും മതി "വെല്ലങ്ങി" എന്നും സംശയിച്ചിരുന്നു.

Read more...

ഭാഗം-ഒന്ന് : 

തൃപ്രയാർ തേവരും താഴത്തെ പാണ്ടിയും

ശ്രീവൽസൻ തീയ്യാടി                                                          {flike}

 

എൻ. വി. കൃഷ്ണ വാരിയർ ആ പ്രസിദ്ധപ്പെടുത്തിയതിനു പിന്നിലെ വ്യംഗ്യം തൽക്ഷണം മനസ്സിലായിക്കിട്ടി. കാരണം, മുത്തച്ഛന്റെ പ്രായമുള്ള കവിയെപ്പോലെത്തന്നെ എനിക്കും അനുഭവം; ടെലിവിഷനിൽ വാല്മീകി ക്ലാസ്സിക് സീരിയലായി വരുംമുമ്പേ തൃപ്രയാർ തേവരെ ഞാനും കണ്ടിരുന്നു. കനോലി കൈപ്പുഴക്ക്‌ ചേർന്നുള്ള അമ്പലത്തിനകത്തല്ല; തുറസ്സായ ആറാട്ടുപുഴ പാടത്ത് വച്ച്.  അക്കാര്യത്തിലും നല്ല ചേർച്ച.

ഒന്നേയുള്ളൂ വ്യത്യാസം: ശ്രീരാമനെ എൻ.വി ആദ്യമായി കാണുന്നത് വല്ലച്ചിറ പ്രദേശത്തെ ഇപ്പറഞ്ഞ വയലിലത്രെ. ഒത്ത നടുവിൽ. തന്റെ ശൈശവത്തിലെ ഒരു മീനമാസത്തിലെ പൂരംനാളിൽ പാതിരപിന്നിട്ട ഗംഭീരയാമത്തിൽ. എനിക്ക്, പക്ഷെ, പെരുവനം ഗ്രാമത്തിലെ ആനകളും അമ്പാരികളുമായി അത്രയൊന്നും കുട്ടിയിൽ പരിചയം അവകാശപ്പെടാൻ വയ്യ.

പറഞ്ഞുവന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ഒരു ലേഖനത്തെ സംബന്ധിച്ചാണ്. എൻ.വിയുടെ ആ കുറിപ്പ് അച്ചടിച്ചുകണ്ടത് 1988ൽ ആവണം. അക്കാലത്ത് ഭാരതമൊട്ടുക്ക് ജനത്തെ വിഭ്രാന്തിപിടിപ്പിച്ച ഒന്നുണ്ടായിരുന്നു ടീവിയിൽ: 'രാമായണ്‍' സീരിയൽ. 1987 ജനുവരി മുതൽ ഒന്നരക്കൊല്ലം ഇതിലെ എപിസോഡുകൾ എകചാനലായ ദൂരദർശൻ സംപ്രേഷണം ചെയ്തിരുന്ന ഞായറാഴ്ച്ച പകലുകളിൽ രാജ്യം മൊത്തത്തിൽ സ്തംഭിക്കുമായിരുന്നു -- ഇന്നത്തെ T20 ക്രിക്കറ്റ് മാച്ചിന്റെ കാര്യം കണക്കെ.

അത്തരമൊരു സാഹചര്യത്തിൽ ഇപ്പറഞ്ഞ വാരിക ഇങ്ങനെയൊരു പ്രതിഭാസത്തെ കുറിച്ച് ഒരു ലേഖനപരമ്പര തുടങ്ങി. അതിൽ ഒന്നായിരുന്നു കൃഷ്ണ വാരിയരുടെത്. 

Read more... 

 

free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template