രാപ്പന്തങ്ങളുടെ മഞ്ഞവെളിച്ചം -- മൂന്നാം കാലം
- Details
- Category: Thayambaka
- Published on Monday, 23 September 2013 02:07
- Hits: 7085
പരമ്പരകൾ കണ്ണിമുറിയുന്നില്ല
ശ്രീവൽസൻ തീയ്യാടി
"ദാരണ് ത്..." എന്നൊരൊറ്റ ചോദ്യം. തെക്കൻ ദൽഹിയിലെ ആൾക്കൂട്ടത്തിനിടെ പൊടുന്നനെ കിഴക്കേ പാലക്കാടൻ മൊഴി. ത്രിസന്ധ്യത്തിരക്കിൽ ഇതാരപ്പാ എന്ന് അദ്ഭുതത്തോടെ തിരിഞ്ഞുനോക്കിയതും മൂപ്പർ എന്റെ അരയിൽ കൈകൾ വിലങ്ങനെ പിണച്ച് മൊത്തമായി എടുത്തുപൊന്തിച്ചിരുന്നു. നാലു നിമിഷംകൊണ്ട് മുഴുപ്രദക്ഷിണം കറക്കിയശേഷം കീഴെ അമ്പലത്തറയിൽ 'ധും' എന്ന് ഇറക്കിയെഴുന്നള്ളിച്ചപ്പോൾ മാത്രമേ ആളെ തിരിഞ്ഞുകിട്ടാൻ സാധിച്ചുള്ളൂ. ജ്യോതിയേട്ടൻ!
സദനം അരുൾപെരും ജ്യോതി. മുഴുവൻ പേര് കേൾക്കുമ്പോഴത്തെ ഡംപ് നേരിൽ കാണുമ്പോൾ ഒരുസമയത്തും തോന്നിയിട്ടില്ല. മെലിഞ്ഞുണങ്ങിയ രൂപമായേ മിക്കവാറും കാലത്ത് മനസ്സിലുള്ളൂ. അതുകൊണ്ടുതന്നെ ആളോരുത്തനെ ഒറ്റയൂക്കിൽ എടുത്തു വട്ടംതിരിക്കാൻ പൊന്നവനിവൻ എന്നൊരിക്കലും ധരിച്ചില്ല.
ഉറക്കെ ചിരിച്ചു ഇരുവരും. "ജ്യോതിയേട്ടന്റെ പേര് പരിപാടി നോട്ടീസിൽ ശ്രദ്ധിച്ചിരുന്നു; ഇന്നിവിടെ കണ്ടേക്കാമെന്നും തോന്നിയിരുന്നു..." പക്ഷെ.... "പക്ഷെ, കനിവോടിവനുടെ ശക്തി കാണ്‍കയും മമ തത്വം ഇവനെ അറിയക്കുയും വേണമല്ലോ...." എന്ന വരികൾക്ക് ഈ വിധം ചൊല്ലാതെ ആടേണ്ടിവരും എന്ന് സ്വപ്നേപി...." എന്നൊന്നും ഏതായാലും പറയാൻ പോയില്ല. പറ്റിയില്ല എന്നതാണ്. മേട്ടമണിയുടെ പെട്ടെന്നുള്ള ഘോഷത്തിൽ കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും എത്ര അലറിയിട്ടും കാര്യമില്ല.
"അയ്യപ്പായ്യപ്പായ്യപ്പാ!" എന്ന മട്ടിൽ ചുണ്ടുപിളർത്തി ജ്യോതിമാഷ് കൊടിമരത്തിന് നേരെ ഇരുകൈയും തലക്കുമേലുയർത്തി. ധ്യാനാത്മകമായി കണ്ണടച്ചു. കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലെ ഇടത്തരം ഉദ്യോഗസ്ഥർ തിങ്ങിപ്പാർക്കുന്ന ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നിരന്നുള്ള രാമകൃഷ്ണപുരത്തെ മലയാളീക്ഷേത്രത്തിൽ ഉൽസവം കൊടിയേറിയിരിക്കുന്നു. കർപൂരത്തിന്റെയും വെളിച്ചെണ്ണയുടെയും ഗന്ധം ഉണക്കവേനൽക്കാറ്റിൽ പരന്നു.
ദീപാരാധന കഴിഞ്ഞ് ജനം ഒന്നിളകിയിട്ടേ ജ്യോതിയേട്ടനുമായി കൂടുതൽ ലോഹ്യം തരപ്പെട്ടുള്ളൂ. മലനാട്ടിൽ മങ്കരക്ക് പടിഞ്ഞാറ് പത്തിരിപ്പാലക്കടുത്ത പേരൂര് ഗ്രാമത്തിൽ 1960കളിൽ അദ്ദേഹം കഥകളിപ്പാട്ട് പഠിച്ച സദനം അക്കാദമിയിൽ മൂന്ന് പതിറ്റാണ്ട് പിന്നിട്ട് ട്രൂപ് മാനേജറായി പണിയെടുത്തു ഞാൻ. ഒന്നരക്കൊല്ലത്തെ ആ സപര്യ 1995 മദ്ധ്യത്തിൽ അവസാനിച്ച് ഇന്നിപ്പോൾ കൊല്ലം രണ്ട് പിന്നിട്ടിരിക്കുന്നു.
അടുത്ത ബന്ധത്തിന് ഇടവരാൻ തുണയായത് അക്കാലത്തെ സീസണ്‍ കളികലാണ്. വിളക്കുവച്ച് പുറപ്പാടും മേളപ്പദവും കഴിഞ്ഞാൽ തുടർന്നുള്ള രാത്രിക്കഥകൾക്ക് പങ്കെടുക്കുന്ന പട്ടിക സദസ്സിന് വായിച്ചുകേൾപ്പിക്കുമ്പോൾ ഇടക്കൊക്കെ "സംഗീതം: സദനം ജ്യോതി" എന്നൊരു വായ്ത്താരി പതിവുണ്ട്.
തൊണ്ടയിൽനിന്ന് പ്രവഹിക്കാവുന്ന ഏത് താളക്കണങ്ങളും കൈയിലും കോലിലും വരുത്താൻ കഴിയുന്ന മാന്ത്രികനൊരുവനെ പെട്ടെന്നാണ് ഇന്ദ്രപ്രസ്ഥത്തിലെ പുരുഷാരത്തിനിടയിൽ 1997ലെ ഉത്സവത്തിനിടെ അന്നേനാൾ ജ്യോതി മാഷ് പരിചയപ്പെടുത്തുന്നത്. പ്രദക്ഷിണവഴിയുടെ ഒരു മൂലക്കൽ ഇട്ടിരുന്ന പ്ലാസ്റ്റിക് കസേരയിൽ പതിവുതിളക്കത്തിലാണ് പല്ലാവൂർ അപ്പു മാരാർ ഇരിക്കുന്നത്. വീതിക്കരമുണ്ടും വേഷ്ടിയും. നെറ്റിയിൽ നെട്ടനെ കളഭക്കുറി. ചന്ദനക്കുടം പോലെ വയർ.
"ഇത് ശ്രീവൽസൻ.... തായമ്പക കേൾക്കാൻ വന്ന്ട്ട് ള്ളതാണ്..." മാഷ് കുനിഞ്ഞ് ചെണ്ടചക്രവർത്തിയുടെ ചെകിട്ടിൽ അറിയിച്ചു. "ഓ..." പാലക്കാടൻ മട്ടിൽ തല ചെരിച്ച് പ്രതികരണം. കൈതൊഴുത് എനിക്കുനേരെ! ഒരു കുട്ടിയെപ്പോലെ!! എന്തുവേണ്ടൂ എന്നറിയാതായി.... അങ്കലാപ്പ് മറയ്ക്കാൻ എന്തെങ്കിലും ചൊല്ലിയേ മതിയാവൂ എന്നുറപ്പിച്ച് ഞാൻ പറഞ്ഞു: "ജ്യോതി മാഷെ മുമ്പേ അറിയും..."
"ങേ, എന്തേ?" എന്ന മുദ്രയിൽ ഇടതു കൈപ്പത്തി ചെകിടുചേർത്തു അപ്പുമാരാർ. ഞാനാവർത്തിച്ചു. ഇക്കുറി കേട്ടിരിക്കുന്നു. "അത്യോ..." എന്ന് നീട്ടിപ്പിടിച്ച ഈണത്തിൽ മറുപടി.
ആ കൂടിക്കാഴ്ചക്ക് മൂന്നു വർഷം പിന്നാക്കം പോയാലാവണം മലനാട്ടിൽ അപ്പു മാരാരെ തായമ്പകക്ക് ഇതിനുമുമ്പ് കണ്ടത്. സദനത്തിന്റെ അതിർവയൽക്കരയിലെ പുഴയ്ക്കപ്പുറം പെരിങ്ങോട്ടുകുറിശ്ശിയിലെ അമ്പലത്തിൽ. സന്ധ്യക്ക് അദ്ദേഹത്തിന്റെ പ്രശാന്തമായ ചെമ്പടവട്ടവും പതിഞ്ഞെടുത്ത അടന്തക്കൂറും മുറുകിയ ഇരികിടയും കഴിഞ്ഞ് സദനത്തിന്റെ മുഴുരാത്രിക്കഥകളി.
ഇന്ദ്രപ്രസ്ഥത്തിലെ ഇന്റർനാഷണൽ കഥകളി സെന്ററിൽനിന്ന് അവധിയിൽ അന്നേരം നാട്ടിലെത്തിയിരുന്ന വേഷക്കാരൻ സദനം ശ്രീനാഥൻ പതിവുപോലെ അന്നുമൊപ്പിച്ചു കുസൃതി. തായമ്പകക്ക് മുഖംകൊട്ടി മുന്നേറ്റം തുടങ്ങിയതും ഏറെക്കുറെ തൊട്ടുമുന്നിൽ എന്നപോലെ വശംചേർന്ന് പ്രതിഷ്ഠയായി വെളുവെളുമ്പൻ പയ്യൻ: മുണ്ട് മടക്കിക്കുത്തിത്തന്നെ. "ഇങ്ങനെയും നാട്ടുമര്യാദയോ?" എന്നോതും കണക്ക് മൂന്നാല് വട്ടം അടിമുടി നോക്കി അപ്പുമാരാർ. മീശയില്ലായുവാവിനെ, പിന്നെ അവന്റെ പാട്ടിനു വിട്ട്, ഫലമേതും ഇച്ഛിക്കാതെ എണ്ണങ്ങളും നിലകളും കൊട്ടിത്തീർത്തു.
ദൽഹി ക്ഷേത്രത്തിലെ തായമ്പകക്ക് അന്ന് വീണ്ടും ശ്രീനാഥൻ സന്നിഹിതനായിരുന്നു. കഥകളി സെന്ററും അയ്യപ്പക്ഷേത്രവും തമ്മിൽ മൂന്നില്ല നാഴികയകലം. ആ പ്രദേശത്തുനിന്നു പോന്ന എന്റെ കൂടെ സഹമുറിയനും ഉണ്ടായിരുന്നു. എം.എക്ക് തൃശ്ശൂര് പഠിക്കുമ്പോൾ ഒരു വർഷം സീനിയർ ആയിരുന്ന ഷാജു ജോർജ് -- അന്നാട്ടുക്കാരൻ, അരണാട്ടുകരക്കാരൻ. ഇപ്പോൾ ഡൽഹിയിൽ സ്കൂൾ വാദ്ധ്യാർ.
ലേശം രാത്രിചെന്നാണ് വിളക്കാചാരം തുടങ്ങിയത്. തായമ്പകയുടെ മുന്നോടിയായി ചെണ്ടയുടെ വലംതലയും ഇലത്താളവും ചേർന്ന മേളം. അവിടം സ്വതേ അങ്ങനെയാണ്: അത്താഴനേരത്താണ് സന്ധ്യവേല.
പല്ലാവൂർ സഹോദരരുടെ ഡബിൾ. അനുജൻ കുഞ്ഞുകുട്ട മാരാർ അപാര ഫോമിലാണ്. അപ്പേട്ടയുടെ ഓരോ ഉരുളക്കും ചെണ്ടവക്കിലും നടുവിലുമായി ഉരുളയുരുട്ടി മറുപടി കൊടുക്കും. കണ്ടൻതലക്ക് മുണ്ടൻതെറി. ജ്യേഷ്ഠൻ, പക്ഷെ, അനന്ത്രോപ്പാടിനെ വാത്സല്യത്തോടെ നോക്കി രംഗം ഭംഗിയാക്കിക്കൊണ്ടിരിക്കും. അപ്രതീക്ഷിതമായ തിരിച്ചടി വരുമ്പോൾ, വി.കെ.എന്നിന്റെ വരി കടമെടുത്താൽ, "തന്ത്രശാലിയായ സർ ചാത്തു അത് കൊണ്ടില്ലെന്നു നടിച്ചു."
വിസ്തരിച്ചുള്ള കൂറ് കഴിഞ്ഞ് ഏകാതാളത്തിലേക്ക് കടന്നപ്പോഴേക്കും എഴുന്നേൽക്കേണ്ടി വന്നു. ഭൂട്ടാനിലെയോ മറ്റോ ബുദ്ധവിഹാരങ്ങളുടെതു പോലെ വക്കുവലിഞ്ഞ മേൽക്കൂരയുള്ള ഗോപുരം കടന്ന് റോഡ് വരെ ധൃതിപിടിച്ചു നടന്നു. ആപ്പീസിലെത്തണം. രാത്രി ഡ്യൂട്ടിയാണ്. വെളുപ്പിന് രണ്ടു മണി തുടങ്ങി വാർത്താ ഏജൻസി അയക്കേണ്ട ആദ്യത്തെ ആറു മണിക്കൂർനേരത്തെ ന്യൂസ് റിപ്പോർട്ടുകൾ സ്വന്തം ചുമതലയിലാണ്. അവസാന ബസ്സ് പോയാൽ പിന്നെ പാർലമെന്റ് സമീപമുള്ള യു.എൻ.ഐ പണിശാലയെത്താൻ ഓട്ടോറിക്ഷ പിടിക്കേണ്ടി വരും. അറുപതു രൂപ ചിലവ്. മാസശ്ശമ്പളത്തിന്റെ കഷ്ടി രണ്ടു ശതമാനം വരുന്ന തുക. മുതലാവില്ല.
"ഹ, ഇരിക്ക് ന്ന്...." ഷാജു മുന്നേ പറഞ്ഞിരുന്നു. "ഞാൻ ബൈക്കില് കൊണ്ട്യാക്കാന്ന്..." വഴങ്ങിയില്ല. പത്തുപന്ത്രണ്ടു കിലോമീറ്റർ ശകടത്തിൽ എന്നെ പിന്നിലുരുത്തി തിരിയെ നട്ടപ്പാതിരിക്ക്.... ശരിയല്ലല്ലോ.
വലിയ വിളക്കിൻനാൾ വൈകുന്നേരമാണ് എന്നാണോർമ, രസികനൊരു പഞ്ചവാദ്യം. കേൾവിയോളംതന്നെ കാഴ്ചയും ബോധിച്ചു. തിമിലയേന്തി അപ്പു മാരാർ പ്രമാണം. എതിരെ പുത്രൻ കുനിശ്ശേരി ചന്ദ്രൻ മദ്ദളം. മുഖകാന്തിയിൽ മകനോളമോ മീതെയോ വരും പ്രായംചെന്ന അച്ഛൻ.
ആ നിരയിൽ സുമുഖനായി വേറെയുമുണ്ട് ഒരാൾ. ദൽഹി വാസിയാണ്: സദനം മുരുകജ്യോതി. മദ്ദളക്കാരൻ. അരുൾപെരും ജ്യോതിയുടെ ഇളയ സഹോദരനാണ് മുരുകേട്ടൻ. കഥകളി സെന്ററിൽ ആശാൻ. മൂന്നര കൊല്ലത്തെ പരിചയമേ ഉള്ളൂ; പക്ഷെ ഏറെ നാളത്തെ അടുപ്പം കണക്കെ പെരുമാറ്റം. ആദ്യമായി മാനേജർ സ്ഥാനം കിട്ടി സദനം ട്രൂപ്പിനെ 1993 ഡിസംബറിൽ കൊണ്ടുപോയ കരിങ്ങരപ്പുള്ളി കളിക്ക് അപ്രതീക്ഷിതമായി പിന്നണി കൊട്ടാൻ എത്തിയ രാത്രി മുതല്ക്കുള്ള അടുപ്പമാണ്.
ഇടകാലത്തിലേക്ക് കടക്കുംമുമ്പുള്ള നീണ്ട കലാശത്തിൽ ഇരുകൈയും നീട്ടിമേടി അപ്പുമാരാർക്ക് നേരെ മുന്നോട്ടാഞ്ഞ് പ്രകടനം ചന്ദ്രൻ വക. അപ്പോഴാണ് ഓർത്തത്: നാട്ടിൽ ഇവരെ ഒരേ വേദിയിൽ കണ്ടുമുട്ടാൻ തരപ്പെട്ടിട്ടില്ല.
രാമകൃഷ്ണപുരം ക്ഷേത്രത്തിലെ വാദ്യവിഭാഗം കരാർ കാലങ്ങളായി വള്ളുവനാട്ടിലെ കാര്യപ്പെട്ടൊരു മേളലോകതറവാട്ടുകാരാണ്. ചെർപ്ലശ്ശേരി അയ്യപ്പൻകാവിനു ചേർന്ന് താമസമുള്ള വീട്ടുകാർ. ആലിപ്പറമ്പ് കൃഷ്ണപ്പൊതുവാൾ മുമ്പൊക്കെ. ഇപ്പോൾ അദ്ദേഹത്തിന്റെ പുത്രർ ഹരിദാസും കൃഷ്ണകുമാറും.
ദൽഹിയമ്പലത്തിലെ ആണ്ടാഘോഷത്തിന് നിത്യസാന്നിദ്ധ്യമാണ് ഇവരുടെ വല്യച്ഛൻ ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ. 1996ലെ ഉത്സവത്തിന് സായാഹ്നച്ചൂട്ടത്ത് ആളൊഴിഞ്ഞ പ്രദക്ഷിണവഴിയിൽ അദ്ദേഹത്തെ കണ്ടപ്പോൾ ഓടിച്ചെന്നു. ഒന്നന്ധാളിച്ചു പൊതുവാൾ. "ന്തേ... സൂക്കട് പിടിച്ച്വോ?" എന്ന് ലോഗ്യം. ആയിടെ തിമർത്തു പൊന്തിയടങ്ങിയ ചിക്കൻ പോക്സ് മുഖത്തു മുഴുവൻ കലകൾ ബാക്കിവച്ചിട്ടുള്ളതിനെ കുറിച്ച് അപ്പോഴേ ബോധം പോയുള്ളൂ.
"ബടട്ത്താ വീട്?" അടുത്ത ചോദ്യം. വീട്? നാല് ചെക്കന്മാർക്ക് ഒരു ഇരുട്ടറയും കുടുസ്സടുക്കളയും. അതുപോലെ ആറ് കൂട്ടക്കാർക്ക് പൊതുവായൊരു കുളിമുറി. വിസ്തരിക്കാൻ പോവേണ്ടെന്നു വച്ചു. "അതെ, താമസം അകലെയല്ല."
അതിന് രണ്ടോളം കൊല്ലം മുമ്പ് ശിവരാമപ്പൊതുവാളെ നാട്ടിലെ വീട്ടിൽ കണ്ടിട്ടുണ്ട്. കാവുവട്ടത്ത് അദ്ദേഹത്തെപ്പോലെ പ്രശാന്തമായ നടവഴി ചേർന്നൊരു ചെറിയ പുര. നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം എന്ന പോലത്തെ തായമ്പകയുടെ പ്രത്യക്ഷരൂപം.
അന്നദ്ദേഹത്തിന്റെ സപ്തതിയായിരുന്നു. 1994ൽ. അത്യാവശ്യം മാത്രം വിരുന്നുകാരുള്ള സദ്യക്ക് അത്രയൊന്നും പരിചയം പറയാനില്ലാത്ത എന്നെ ക്ഷണിച്ചിരുന്നു. കാരണം ഉണ്ടായിരുന്നു. ആയിടെ അദ്ദേഹത്തെ കുറിച്ച് 'മാതൃഭൂമി'യിൽ അച്ചടിച്ചു വന്നൊരു ലേഖനം എന്റേതായിരുന്നു. സദനത്തിൽ നിന്ന് ബസ്സ് പിടിച്ച് ചെർപ്ലശ്ശേരി മുക്കവലയിൽ ഇറങ്ങി. കാവുവട്ടത്തെക്ക് നടന്നു. ഉച്ചസ്സദ്യക്ക് കാലമായിരിക്കുന്നു. "അച്ഛാ, ദാ ആ ശ്രീവൽസൻ വന്നിരിക്കുണു," മൂത്ത മകൻ വേണു ഉള്ളിലേക്ക് വിളിച്ചുപറഞ്ഞു. പുറത്തു വന്ന് ആളെക്കണ്ടിട്ടും അദ്ദേഹത്തിന് മുഴുവൻ മനസ്സിലായില്ലെന്ന് പാതി പകച്ച ചിരിയിൽ വ്യക്തം. "മറ്റേ, ലേഖനെഴുതീല്ല്യേ, വാരാന്തപ്പതിപ്പിലേയ്..."
"ഓ, ഉവ്വ്...." പിന്നെ കൂടുതലൊന്നും അന്നും പറയാനില്ല.
ചെർപ്ലശ്ശേരി കാവുവട്ടത്തിന്റെ പടിഞ്ഞാറേ നടയിലെ കുളത്തിനപ്പുറത്തെ തീയ്യാടിയിൽ വിശേഷദിവസങ്ങളിൽ പൊതുവാൾ വരുമ്പോൾ ആതിഥേയരോട് സരസമായി സംസാരിച്ചു കണ്ടിട്ടുണ്ട്. അമ്പലത്തിൽ വിശേഷാൽ തീയാട്ടിന് വെളിച്ചപ്പാടിന്റെ കളപ്രദക്ഷിണത്തിന് ഈടും കൂറും കൊട്ടാൻ ചുമതലയായും പതിവുണ്ട്.
നല്ലവണ്ണം അറിയാത്തവരോടുള്ള സംസാരത്തിലെ ആ പിശുക്ക് നേരത്തെ അറിയാവുന്നത് കാരണമാവണം അക്കൊല്ലം വേനലിൽ പരിയാനമ്പറ്റക്കാവ് പൂരത്തിന് കണ്ടപ്പോൾ പൊതുവാളെ ഓടിപ്പോയി മുട്ടാഞ്ഞത്. പിന്നെ, വേറെയും ഉണ്ടായിരുന്നു കാര്യം. മാതൃഭൂമി ലേഖനം തയ്യാറാക്കാനായി അയച്ചുകൊടുത്തിരുന്ന ചോദ്യാവലിക്ക് മറുപടി അയച്ചുകിട്ടിയിരുന്നു; പക്ഷെ ഉത്തരങ്ങളുപയോഗിച്ച് ഫീച്ചർ എഴുതാനിരിക്കൽ ഉണ്ടായിട്ടില്ല. കുന്നിൻചെരുവിലെ ക്ഷേത്രത്തിൽ തിരക്കിനിടെ പടിക്കെട്ടിൽ നിന്നിരുന്ന പൊതുവാൾ പഞ്ചവാദ്യത്തിന് ഇടയ്ക്കുക്കുള്ള തയ്യാറെടുപ്പിലാവും എന്ന് സ്വയം ബോധിപിച്ച് കാളവേലയിലേക്ക് കണ്‍പായിച്ചു.
അതിനുമൊക്കെ നാലുകൊല്ലം മുമ്പ് ചെർപ്ലശ്ശേരി ഉത്സവത്തിന് അദ്ദേഹം ഒരു മദയാനയെ നിർമമനായി മയക്കുന്നത് കാണാനിട വന്നിട്ടുണ്ട്. അയ്യപ്പൻകാവിലെ പേരുകേട്ട എട്ടാം വിളക്കിന്. വേരെയാരെയുമല്ല; പൂക്കാട്ടിരി ദിവാകരപ്പൊതുവാളെ. രാത്രിയുടെ നിശ്ശബ്ദതയിൽ ഒന്നുകഴിഞ്ഞൊന്നായുള്ള തായമ്പകകളിൽ മൂന്നാമത്തേതും ഒടുക്കത്തേതുമായ ഡബിളിൽ കൂടെക്കൊട്ടിയ പ്രതിഭാധനനെ. സ്വതേ ആരോടും കയർക്കാനെന്നപോലെ നില്ക്കുന്ന പൂക്കാട്ടിരി അപൂർവ്വമായേ പത്തിതാഴ്ത്തി പെരുമാറിക്കാണൂ. ശിവരാമപ്പൊതുവാൾത്തായമ്പകയുടെ സൌന്ദര്യസങ്കൽപ്പത്തിന് നവഭാവുകത്വം കൊടുത്തുള്ള നാദാവിഷ്കാരങ്ങൾ ദിവാകരപ്പൊതുവാൾ എല്ലാക്കാലത്തും കൊണ്ടുനടന്നു.
എട്ടാം വിളക്കിന്റെ രാത്രിത്തായമ്പകയരങ്ങ് അന്നൊക്കെ സ്വപ്നാത്മകമായി തോന്നിയിരുന്നു. മതിൽക്കകത്ത് എന്നത് ശരി; എന്നിരിക്കിലും തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രിമണ്ഡപക്കച്ചേരിയുടെ അന്തരീക്ഷവുമായി ആകെമൊത്തം സാമ്യം. ശബ്ദപ്രവാഹം തുടങ്ങുംമുമ്പുള്ള നിശ്ശബ്ദതയുടെ സാന്ദ്രത രണ്ടിടത്തും വശ്യമാംവിധം പൊതു. തിരുവിതാംകൂർനഗരിയിലെ ആ സംഗീതധാര ദിവസേന ഒരു കച്ചേരി എന്നാണെങ്കിൽ, ഇവിടെ, പക്ഷെ, രണ്ടും മൂന്നും തായമ്പക പിന്നാലെപ്പിന്നാലെ അരങ്ങേറും. ഇളമുറക്കാരനൊരുവനിൽ തുടങ്ങി ഇടത്തരം വഴി ഒന്നാംകിട കൊട്ടിലേക്ക് കത്തിക്കയറുന്ന അതിന്റെ ഏറ്റച്ചുരുക്കങ്ങൾ ഭ്രമിക്കുന്നവ തന്നെ.
എന്നാൽ അത്തരമൊരു സൂക്ഷ്മഗൗരവം വള്ളുവനാട്ടിലെ പഞ്ചാരിമേളങ്ങളിൽ കണ്ടോ കേട്ടോ അനുഭവം കഷ്ടിയാണ്. ചെർപ്ലശ്ശേരി എട്ടാം വിളക്കിൻനാളത്തെ പകലത്തെ എഴുന്നള്ളിപ്പുതന്നെ ഉദാഹരണം. ഒറ്റക്കോലല്ല, മറിച്ച് ഇരുകൈയിലും കോലായാണ്, ഉരുട്ടുചെണ്ടക്കാർ. അവരിൽത്തന്നെ ചിലർ മേളത്തിനിടെ ഇറങ്ങിപ്പോയും തിരികെവന്നും കൊണ്ടിരുന്നു കാണുന്നു. പതികാലം പിന്നിട്ട് നടപ്പുരയിൽനിന്ന് പുറത്തേക്കിറങ്ങിയതും "എന്താ വെയിലേയ്!" എന്ന് മേപ്പോട്ടു നോക്കി സൂര്യതേജസ് പകർത്തുന്ന മുദ്രകാട്ടി അഗ്രശാലയിലേക്ക് പോവുന്ന പൂക്കാട്ടിരി! കലാശങ്ങളിൽ ചില ഉരുട്ടുകാർ മാറിമാറി മനോധർമം കൊട്ടിത്തൂർക്കുന്നു! ശിവരാമപ്പൊതുവാൾ ഏതായാലും പതിവുവിനയത്തിൽ മൂന്നുമണിക്കൂർ മേളം കടതല കൊട്ടിയെത്തിക്കുന്നു.
ഇങ്ങനെയൊരു പ്രസ്ഥാനത്തിന്റെ അവസാന ഭാഗത്ത് അര മണിക്കൂറിലധികം സമയം അടന്ത വക കൊട്ടലാണ്. പഞ്ചാരിയുരുട്ടിയുരുട്ടി മടുത്ത കൊട്ടുകാർക്ക് സ്വതന്ത്രമായി അവനനവൻ ഉരുപ്പടികൾ പുറത്തുകാട്ടാനുള്ള അവസരം. രണ്ടറ്റം തുടങ്ങി നടുവിലേക്ക് പകരുന്ന ഈ പ്രയോഗചാതുരിയിൽ പങ്കുചേരാൻ മേളത്തിന് മുൻനിരയിൽ കൂടിയ എല്ലാ കലാകാരന്മാരും എത്തിയിരിക്കുന്നു. വീറും മത്സരബുദ്ധിയുമുള്ള ആ പ്രകടനത്തിന്റെ പാരമ്യത്തിലാണ് നടുവിൽ പെട്ടെന്ന് പ്രത്യക്ഷമായ ആ മുത്തച്ഛനെ ശ്രദ്ധിച്ചത്.
ഇരുപുറമുള്ളവർ മുഴുവൻ അടന്ത വകകൊട്ടി സ്വന്തം ഊഴം വന്നപ്പോൾ അദ്ദേഹം അത്യുത്സാഹപൂർവം പ്രയോഗം തുടങ്ങി. പാകത്തിന് കനവും പതിവിലേറെ സ്വാദും ഉള്ള കൈ. ആരിത്! മേളം തീരുകൊട്ടിക്കഴിഞ്ഞപ്പോൾ കൃഷ്ണകുമാറിനോട് ചോദിച്ചു. "അത് ശരി! അപ്പൊ മനസ്സിലായില്ലേ?" എന്ന് പറഞ്ഞ് ചിരിച്ചു മൂപ്പർ. എന്നിട്ട് പേര് മുഴുവൻ പറഞ്ഞു: തിരുവേഗപ്പുറ രാമപ്പൊതുവാൾ.
തായമ്പകയുടെ കുലപതിമാരിൽ പ്രധാനി! പെരുമയുള്ളൊരു വാദ്യചക്രവർത്തിയെ ജീവിതത്തിൽ ആദ്യമായും അവസാനമായും കണ്ടത് വേറെയുണ്ടോ?
മൂത്ത കാരണവർക്ക് അകമ്പടിയായി കൃഷ്ണകുമാറടക്കം ചെറുപ്പക്കാർ അഗ്രശാലയിലേക്ക് കടന്നു. ആറുമാസം മുമ്പ് മാത്രം ആ ഊട്ടുപുരയിൽ ഒരു ഷഷ്ടിപൂർത്തിക്ക് സദ്യ വിളമ്പിയവരിൽ കൃഷ്ണകുമാറും ഉണ്ടായിരുന്നു. "നെറേ കഴിച്ചോളിൻ," തൊട്ടടുത്ത് ഇരുന്നയാൾക്ക് തോരൻ തട്ടി പോവുമ്പോൾ മൂപ്പർ പറയുന്നത് കേട്ടു. "ങ്ങടെ എലേല് ഏതായാലും ദാ ബടങ്ങനൊരു ഓട്ട കാണാൻണ്ട്...." കൂടുതൽ ലോഹ്യത്തിന് നിന്നും കണ്ടില്ല.
ചെർപ്ലശ്ശേരി കൃഷ്ണകുമാറിനെ പിന്നീട് ആണ്ടോടാണ്ട് കാണുന്നത് ദൽഹിയിലാണ്. ആദ്യമൊക്കെ രാമകൃഷ്ണപുരം ക്ഷേത്രത്തിൽ. പിന്നീട് കൊല്ലാകൊല്ലം യമുനക്ക് കിഴക്ക് ഉത്തരഗുരുവായൂരപ്പൻ ക്ഷേത്രത്തിലും. കഴിഞ്ഞ പത്തുപതിനാറ് വർഷമായുള്ള ശീലത്തിന് ഭംഗം വന്നിട്ടുള്ളത് ഇടയിൽ മൂന്നും രണ്ടും കൊല്ലമായി മദിരാശിയിൽ ഉദ്യോഗദശകൾ കഴിച്ചുകൂട്ടിയപ്പോൾ മാത്രം.
"ദെന്താ ജനിച്ചപ്പ്ളെ ണ്ടോ ഈ കുട്ടിപ്പൊക്കണം?" തമിഴ് തലസ്ഥാനത്തുനിന്ന് 2004ൽ ഒന്നാം മടക്കവരവിൻ കൊല്ലത്തെ ഉത്സവത്തിന് കൊടിയേറ്റനാൾ കണ്ടപ്പോൾ കൃഷ്ണകുമാർ ചോദിച്ചു. സദാ തോളത്തു തൂക്കിനടക്കുന്ന ക്യാമറയാണ് വ്യംഗ്യം. "ഇതോ, ഇതിവനൊരു കൌതുകത്തിനാ...." മൂന്ന് വയസ്സുള്ള മൂത്തമകനെ ചൂണ്ടി ഞാൻ പറയും. "എഴുന്നള്ളിപ്പിന്റെയും മേളത്തിന്റെയും ചിത്രങ്ങൾ പിന്നൊരിക്കലേക്ക് എടുത്തുവച്ച് കാട്ടിക്കൊടുക്കാമല്ലോ..." ഉറക്കെ ചിരിച്ച് ഉണ്ണിയുടെ കവിളിൽ തോണ്ടി കൃഷ്ണകുമാർ നടന്നകലും.
അക്കൊല്ലമോ അതിനടുത്ത വർഷമോ, ശിവരാമപ്പൊതുവാൾ കൊട്ടിയ തായമ്പകയുണ്ട്! കരിക്കിൻവെള്ളം ഇറുക്കിനിറച്ച നാദമാധുരി. "ഇദ്ദേഹത്തിന് വയസ്സെത്ര?" മലയാളി സുഹൃത്ത് അമൃത് ലാൽ ചോദിച്ചു. "കൃത്യം അറിയില്ല; എണ്‍പതിൽ കുറയുമെന്ന് തോന്നുന്നില്ല."
വൈകാതെ കേളി. തുടർന്നുള്ള കുഴൽപ്പറ്റ്, കൊമ്പുപറ്റ് ഇനങ്ങൾ ക്ഷണം കഴിയും. മൂന്നാന എഴുന്നള്ളിച്ചുള്ള പഞ്ചവാദ്യവും അങ്ങനെ നീണ്ടതല്ല. കൃഷ്ണകുമാർ ഒരറ്റത്ത് ഇടയ്ക്ക. ഏട്ടൻ ഹരിദാസ് പൊതുവാൾ തിമിലനിരയിൽ നായകൻ.
നാട്ടിൽനിന്ന് മൂവായിരം കിലോമീറ്റർ അകലത്തിൽ ദൽഹിയിലാണ് ചെണ്ടയിലെ പല അപൂർവ മേളങ്ങൾ കേൾക്കുന്നത്. കേരളത്തിൽ ധാരാളം കേട്ട് ശീലം വന്ന പഞ്ചാരിക്കും പാണ്ടിക്കും പിന്നെ ചില താളങ്ങളിൽ വക കൊട്ടിയുള്ള അവസാനവട്ടം മേളങ്ങൾക്കപ്പുറം ഒരുപിടി ഉരുപ്പടികൾ തരപ്പെട്ടിരിക്കുന്നു: നവം, ധ്രുവം, കല്പം, ഏകാദശം, ചമ്പ, ചെമ്പട, അടന്ത, അഞ്ചടന്ത.... ഉത്തരഗുരുവായൂരപ്പൻ പകൽശിവേലിക്ക് ഓരോന്നും ഒന്നൊന്നര മണിക്കൂർ ദൈർഘ്യം വരും. എല്ലാം കൃഷ്ണകുമാറിന്റെ വലംതലയമരത്തിൽ.
ഉത്സവ ദിവസങ്ങളിൽ വാദ്യക്കാരുടെ നീണ്ട മുറിയിലേക്ക് പടിയിറങ്ങിച്ചെല്ലും. ബീഡിപ്പുകമണം. താനാതീന ഇട്ടിരിക്കുന്ന ബാഗുകളും അശക്കോൽ തുണികളുടെ നിരകളും താണ്ടി മൂലയിൽ സ്ഥിരംസ്ഥാനമുള്ള രണ്ടു സുഹൃത്തുക്കളെ കാണും. നിലത്ത് എപ്പോഴും വിരിച്ചിട്ട കിടക്കകളിലൊന്നിൽ ചമ്രം പടിഞ്ഞിരുന്നു ലോഹ്യം പുതുക്കിയ ശേഷം ചോദിക്കും: "ഇന്നിപ്പോൾ ഏതാവും മേളം?" അതൊക്കെ ആന എഴുന്നള്ളിച്ച ശേഷം പറയാം, എന്ന് പ്രമാണിമാർ കാഞ്ഞങ്ങാട് മുരളീധര മാരാരോടും പയ്യാവൂർ നാരായണ മാരാരും പാതിതമാശയായി മറുപടിക്കും.
"ഇയൾടൊരു പ്രാന്തേ...." കൃഷ്ണകുമാർ അതിലേക്ക് കളിചിരിയായി പൂളുവെക്കും. "ഇങ്ങനീം ണ്ടോരു തെരക്ക്!"
സ്വതേ പ്രായത്തിൽ കാണാത്ത കുറുമ്പുണ്ടായിട്ടും കൃഷ്ണകുമാറിന്റെ തായമ്പകയിൽ താമാശക്കളി പതിവില്ല. കൊല്ലം 2008ൽ 'ഔട്ട്‌ലുക്കി'ൽ ജോലിയുള്ള കാലത്ത് ആപ്പീസിൽ നിന്നകലെയല്ല രാമകൃഷ്ണപുരം ക്ഷേത്രം. വാരികയാകയാൽ ദിവസേന പണിയില്ലതാനും. കോപ്പിഡെസ്ക് മേധാവി സുനിൽ മേനോനും ചേർന്ന് ഒരു സന്ധ്യക്ക് ക്ഷേത്രത്തിൽ ഹാജറായി. തായമ്പക കൃഷ്ണകുമാറിന്റെതന്നെ. ഇരുവരും മുഴുവൻ ഇരുന്നുകേട്ടു. "Pretty smooth, matter-of-fact കൊട്ട്," മടക്കം പോരുമ്പോൾ സമപ്രായക്കാരൻ മേനോന്റെ വിലയിരുത്തൽ.
ഇക്കഴിഞ്ഞ കൊല്ലം, 2012 ഉത്സവത്തിന്, ഉത്തരഗുരുവായൂരപ്പനിൽ കൃഷ്ണകുമാറിനെ കണ്ടതില്ല. വരാതിരിക്കാൻ കാരണം ഒന്നിലധികം എന്ന് തിരിഞ്ഞുകിട്ടി. തായമ്പകകൾ, ഒരുപക്ഷെ, അതിലും മികച്ചവ വേറെയുണ്ട്. യുവപ്രതീക്ഷ ചിറക്കൽ നിധീഷിന്റെ കൊട്ട് കേൾക്കാൻ പതിവില്ലാത്ത ആവേശത്തിൽ പുറപ്പെട്ടു. അയൽവാസി രാജേഷ് രാമചന്ദ്രനെയടക്കം ഒരുപിടി കൂട്ടുകാരെ സ്ഥലത്തെത്തിക്കാൻ ഫോണിലും മറ്റുമായി ഉൽസാഹിപ്പിച്ചു. ഉത്സവം ആറാട്ടുകുളിച്ചു.
ഇക്കൊല്ലം ആഗസ്ത്തിൽ ജോലിസംബന്ധമായി നാട്ടിലെത്തിയതും അറിയുന്നത് ഒരു ദുഃഖവാർത്തയാണ്. കൃഷ്ണകുമാർ മരിച്ചു. വയസ്സ് 49 ആവുന്നേയുണ്ടായിരുന്നുള്ളൂ. മഞ്ഞപ്പിത്തം തിരിച്ചടിച്ചതത്രേ. അവയവങ്ങൾ ഒന്നൊന്നായി പണിമുടക്കി. അന്ത്യകാലത്ത് ആളാകെ ചൊട്ടിപ്പോയിരുന്നു. "ഞാനും മുരളീം ഇപ്പൊ ചെർപ്ലശ്ശേരീലാ ള്ളത്," ഫോണിൽ വിളിച്ചപ്പോൾ പയ്യാവൂർ പറഞ്ഞു. "ഇന്ന് വൈകിട്ട് ദഹിപ്പിക്കും."
നടുക്കം വിട്ടുമാറി പിറ്റെന്നാൾ തോന്നി; ഒരു കുറിപ്പെഴുതണം. ദൽഹിയിലെ സുഹൃത്ത് രാജേഷ് കൊച്ചിയിലെ പ്രമുഖ പത്രത്തിലൊന്നിൽ തലപ്പത്തുണ്ട്. "കുട്ടിപ്പൊക്കണ"ത്തിലെ യന്ത്രത്തിൽ ആറുവർഷം മുമ്പ് കൃഷ്ണകുമാറിനെയും ഏട്ടനേയും ഒറ്റക്കും ഒന്നിച്ചും ഉത്തരഗുരുവായൂരപ്പൻ ഗോപുരനടയിൽ എടുത്ത ചില ചിത്രങ്ങൾ ഇമെയിലിൽ കിടപ്പുണ്ട്.
രണ്ടു ദിവസം കഴിഞ്ഞ് ലേഖനം അച്ചടിച്ചു വന്നു:
Thayambaka loses a touch of refreshing orthodoxy
For all his flashy looks and naughty conduct off the stage, Cherplassery Krishnakumar came across as an austere and serious custodian of a quaint old stream of Kerala’s most advanced solo percussion concert. That was when he performed thayambaka.
The strokes were straight and the rolls restrained when the young exponent presented his 90-minute shows on the chenda. The measured taps prompted the buff to believe that the art has not lost all of its grand old Malamakkavu style. Suddenly, Krishnakumar has left them in the lurch; he died in the wee hours of Thursday, aged 48.
The news was doubly shocking for purists, coming as it is at a time when thayambaka is going through a phase of what they suspect is over-experimentation. Amid the ‘near chaos’, Krishnakumar stood as a serene island, brimming with poise. After all, composure was a hallmark of his school which traces its roots to the early 20th century and flourished along the banks of the Bharatapuzha in Palakkad district.
By birth, Krishnakumar anyway shared the ethos of the river. As a nerve-centre of the cultural activities of erstwhile Valluvanad, Cherplassery is where he grew up —amid a flurry of ethnic drum concerts. Not surprisingly, his trysts with melam, thayambaka and panchavadyam date back to early childhood, more so as son of percussionist Aliparambu Krishna Poduval and a nephew of the more renowned Sivarama Poduval. At the neighbourhood Ayyappa temple, Krishnakumar would assist his father at the rituals that needed audio accompaniment of the chenda, ilathalam and edakka.
Then, as a teenager doing graduation (in economics) at a reputed Ottapalam college, Krishnakumar was into idling away his evenings with class-mates. Or so thought his father. Poduval decided to stem it, and sent the boy upstate for systematic studies in thayambaka under renowned Mattannur Sankarankutty Marar. “He was smart, intelligent and willing to learn,”recalls Mattannur about his days with Krishnakumar at Asthikalayam in Cherukunnu off Kannur. “A chirpy chap, ready to work hard.
The boyishness never deserted him in the rest of his life, but Krishnakumar adapted himself to the gravity of the situation when his father died in 1994. Poduval had thrived on a wide network of contracts for the melam-panchavadyam section at temple festivals, completely busy with their coordination during the festival period within Kerala and outside.
“Krishnakumar not only took forward the legacy; he ensured the oldies in the team were retained even while giving space to the new generation,”notes Mattannur.
Adds Kanhangad Muraleedhara Marar, who used to partner with Krishnakumar: “Once the season starts, I would stay at his house for days together. We’d be performing in venues across central Kerala.”
In panchavadyam, where Krishnakumar had Kariyannur Narayanan Namboodiri as his timila teacher, the young artiste learned the edakka much before that —in the late 1980s. “I honed his skills in a rainy season like this, a quarter century ago,”notes Thichoor Mohanan. “Soon, Krishnakumar stood opposite me, holding the edakka at the other end of the panchavadyam row.”
Young drummer Vellinezhi Anand notes how much of a helping hand Krishnakumar was for his elder brother Cherplassery Haridas, who would also lead percussion teams. “They were more of friends, even as Haridas knew his younger sibling was a better organiser.
For many in the state besides cities like Bangalore, Delhi and Panaji where Krishnakumar led Malayali temple festivals, the upcoming season would sense a rhythm of melancholy.
അവധി കഴിഞ്ഞ് ദൽഹിയിൽ മടങ്ങിയെത്തിയൊരു ദിവസം എങ്ങനെയോ ഒരൊന്നൊർത്തുണ്ടാക്കി. മരണങ്ങളുടെ നീണ്ടൊരു ഘോഷയാത്ര മനസ്സിലൂടെ കടന്നുപോയി. തിരുവേഗപ്പുറ രാമപ്പൊതുവാൾ. അദ്ദേഹത്തോളമൊന്നും പ്രായംചെല്ലാതെ പല്ലാവൂർ സഹോദരർ. ഹൃദയാഘാതത്തെ തുടർന്ന് ജ്യോതിയേട്ടൻ. സ്കൂട്ടറപകടത്തിൽ മുരുകേട്ടൻ. പിന്നെ, 82 വയസ്സുള്ളപ്പോൾ ശിവരാമപ്പൊതുവാൾ -- 2006 സെപ്തംബറിൽ.
എന്തൊക്കെയായിരുന്നു ആലിപ്പറമ്പിനെ കുറിച്ച് സപ്തതിക്ക് മുമ്പായി എഴുതാൻ തോന്നിയത്? ലേഖനം എടുത്ത് നിവർത്തി നോക്കി. പലയിടത്തും കൃഷ്ണകുമാറിനെ കുറിച്ചുള്ള നിരീക്ഷണങ്ങളുമായി പാരസ്പര്യം.
നടുവിലൊരിടത്ത് കണ്ട വരികൾ വിശേഷിച്ചും ഉള്ളിലുടക്കി. "തന്റെ പ്രവൃത്തിയെപ്പറ്റി ഗുരുവര്യന്മാരിൽനിന്ന് പകർന്നുകിട്ടിയ ധാരണയെ തിരുത്താത്ത അദ്ദേഹത്തിന്റെ തായമ്പകയിൽ ഉടനീളം ചൈതന്യവത്തായ മിതത്വം അലിഞ്ഞു ചേർന്നിട്ടുള്ളതായി കാണാം. എന്തിനേറെ, തായമ്പകയുടെ വിസ്ഫോടനം നടക്കേണ്ട ഇരികിടയിൽപ്പോലും ശിവരാമപ്പൊതുവാൾ നിലവിട്ട് ഉന്മാദാവസ്ഥയിൽ എത്താറില്ല...."
ഇക്കുറി ഉത്തരഗുരുവായൂരപ്പൻ ഉത്സവത്തിന് ചെർപ്ലശ്ശേരി സഹോദരരുടെ തായമ്പക ഉണ്ടായിരുന്നു. കേൾക്കാൻ തരപ്പെട്ടില്ല. "അസ്സലായിരുന്നു," ദൽഹിക്കാരൻ ഒരാൾ പറഞ്ഞു. നാട്ടിൽവച്ചും ഒരു കലാകാരൻ അഭിപ്രായപ്പെട്ടിരുന്നു: "കൃഷ്ണകുമാറാ പഠിപ്പിച്ചിട്ടുള്ളത്. പൊതുവെ നന്നാവും. ശിവരാമപ്പൊതുവാളുടെ ബാണി...."
പരമ്പരകൾ കണ്ണിമുറിയുന്നില്ല.
പതിവുള്ളതിനേക്കാൾ മഴകിട്ടിയ ഉത്തരേന്ത്യൻ അന്ത്യവേനൽപ്പുഴുക്കം. പുറത്ത് ആകാശം കാറുകെട്ടിയിരിക്കുന്നു. വീണ്ടുമൊരു പെയ്ത്തിന് കോളുണ്ട്.
രേഖാചിത്രം: ശശി പന്നിശ്ശേരി
ഫോട്ടോ :ജിഷ്ണു കൃഷ്ണൻ
<<രണ്ടാം കാലം: കരിമ്പനപ്പാടത്തെ കിടിലൻ പന്തലുകൾ
നാലാം കാലം: തലപ്പിള്ളിത്താഴ്വരകൾ>>