പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യാരമ്മ

പടിഞ്ഞാറെ കോച്ചാമ്പിള്ളി തങ്കമ്മു നങ്ങ്യാരമ്മ [1921 - 2012]

ഡോ: വി ശ്രീകാന്ത്                                                                  

 

കുലധര്മ്മം അനുഷ്ഠിക്കുക എന്നതിൽ കവിഞ്ഞു കലയിൽ നിന്നും വേറെ യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ജീവിതം മുഴുവൻ സമര്പ്പിച്ച പല അനുഷ്ഠാനകലാകാരന്മാരും കലാകാരികളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ അംഗീകാരങ്ങളും പ്രശസ്തിയും തീരെ കിട്ടാതെ പോയ ഒരു വിഭാഗം ആണ് നങ്ങ്യാരമ്മമാര്. കഴിഞ്ഞ നൂറ്റാന്ടിലെ അറിയപ്പെടുന്ന നാല് പേര് ആണ് കോച്ചാമ്പിള്ളി കുഞ്ഞിമാളു നങ്ങ്യാരമ്മ, വില്ലുവട്ടത്ത് കുഞ്ഞിപിള്ള നങ്ങ്യാരമ്മ, വില്ലുവട്ടത്ത് സുഭദ്ര നങ്ങ്യാരമ്മ, കോച്ചാംപിള്ളി തങ്കമ്മു നങ്ങ്യാരമ്മ എന്നിവർ (ഇവരിൽ സുഭദ്ര നങ്ങ്യാരമ്മക്ക് കേരളസംഗീതനാടക അക്കാദമി അവാർഡ് ലഭിക്കുക ഉണ്ടായി എന്ന് പറയട്ടെ, ഇന്നേവരെ ഗവ. അംഗീകാരം ലഭിച്ച ഒരേ ഒരു പാരമ്പര്യ കൂടിയാട്ടം കലാകാരിയും ഇവർ മാത്രം).

 

മഹാക്ഷേത്രങ്ങളും രാജാക്കന്മാരും കോവിലകങ്ങളും നിറഞ്ഞു നിന്നിരുന്ന കൂടിയാട്ടത്തിന്റെ പഴയ പ്രതാപകാലത്ത് രംഗത്ത് പ്രവർത്തിച്ച, ആ കാലഘട്ടത്തെ നമ്മോടു ബന്ധിപ്പിച്ചിരുന്ന അവസാനകണ്ണി ആയിരുന്ന കോച്ചാംപിള്ളി തങ്കമ്മു നങ്ങ്യാരമ്മ [1921-2012] മരിച്ചിട്ടു ഇന്ന് ഒരു വര്ഷം തികയുന്നു.

തന്റെ ആറാമത്തെ വയസ്സിൽ പിതാവ് നാട്യാചാര്യൻ മാണി മാധവ ചാക്യാരെ അനുഗമിച്ചു കോട്ടക്കൽ വെങ്കിട്ടത്തെവർ ക്ഷേത്രത്തിൽ കൂത്തിനു അരങ്ങത്തിരുന്നു താളം പിടിച്ചാണ് നങ്ങ്യാരമ്മ തന്റെ കലാജീവിതത്തിന്റെ ഓര്മ്മ തുടങ്ങുന്നത്. "കെട്ടിഞ്ഞാഴൽ" എന്ന നാഗാനന്ദം കൂടിയാട്ടത്തിലെ അപകടകരം ആയ ഭാഗത്തിന്റെ അവതരണത്തിന്റെ മികവിന് പേര് കേട്ടിരുന്ന പ്രസിദ്ധ കൂടിയാട്ട അഭിനേത്രി ആയിരുന്ന കൊച്ചാംപിള്ളി നങ്ങേലി നങ്ങ്യാരമ്മ എന്ന തന്റെ മുത്തശ്ശിയിൽ നിന്നും ആണ് ആദ്യം പഠനം ആരംഭിച്ചതു. അമ്മ കുഞ്ഞിമാളു നങ്ങ്യാരമ്മയും പഠനത്തിൽ ശ്രദ്ധിച്ചു. അക്കിത്ത, ആളാമശ്ലോകങ്ങങ്ങൾനിർവഹണശ്ലോകങ്ങൾ തുടങ്ങിയവ പ്രത്യേക രാഗത്തിൽ ചൊല്ലി പഠിക്കലും, കൂടിയാട്ടത്തിലെ സ്ത്രീ കഥാപാത്രങ്ങളുടെ പഠനവും ഉണ്ടായി. ഒൻപതാമത്തെ വയസ്സിൽ കിള്ളിക്കുറിശ്ശി മഹാദേവക്ഷേത്രത്തിൽ അരങ്ങേറ്റം. ഒൻപതാം വയസ്സിൽ തന്നെ ഗുരുവായൂരിൽ വച്ചു അംഗുലീയാങ്കം മുഴുവൻ മുത്തശ്ശിയോടൊപ്പം കഴിച്ചു മറ്റു അടിയന്തരക്കൂത്തുകൾ കൂടി തുടങ്ങി. സംഗീതവും പഠിച്ചിട്ടുണ്ട്. പിതാവിൽ നിന്നും അഭിനയത്തിന്റെ ഉപരിപഠനവും നടത്തി, കൂടിയാട്ടവേദികളിലെ നിറഞ്ഞ സാന്നിധ്യം ആയി ഇവർ.

ശാസ്ത്രപഠനം

ബുദ്ധിവൈഭവം കാണിച്ചിരുന്ന മകളെ ശാസ്ത്രം പഠിപ്പിക്കണം എന്ന ആഗ്രഹം സംസ്കൃതപണ്ഡിതൻ കൂടി ആയിരുന്ന അച്ഛൻ മാണി മാധവ ചാക്യാര്ക്ക് ഉണ്ടായിരുന്നു. സാമൂഹികമായ എതിര്പ്പുകളെ വകവെക്കാതെ അദ്ദേഹം തന്റെ ഗുരുനാഥൻ ആയ പഴെടത്ത് ശങ്കരൻ നമ്പൂതിരിപ്പാടിനെ സമീപിച്ചു. ബഹുശാസ്ത്ര പണ്ഡിതനും ഉൽപ്പതിഷ്ണുവും ആയ ശ്രീ. നമ്പൂതിരിപ്പാട്‌ പെണ്‍കുട്ടിയെ ശാസ്ത്രം പഠിപ്പിക്കുവാനും തുടങ്ങി. അങ്ങിനെ ക്രമേണ ഒരു വിദുഷി ആയ നങ്ങ്യാരമ്മ ആയി തങ്കമ്മു.

മന്ത്രാങ്കം, അമ്ഗുലീയാങ്കം, മത്തവിലാസം തുടങ്ങിയ കൂടിയാട്ടത്തിന്റെ ശ്ലോകം ചൊല്ലുവാൻ പഠിച്ച നങ്ങ്യാരമ്മയുടെ ശ്ലോകം ചൊല്ലൽ വളരെ പ്രസിദ്ധം ആയിരുന്നു, സംസ്കൃത പരിജ്ഞാനവും അതിനു മാറ്റ് കൂട്ടിയിരിക്കാം. കറകളഞ്ഞ ആ ശൈലി ഇപ്പോൾ ഇല്ല്യാതെ ആയിക്കൊണ്ടു ഇരിക്കുന്നു. തളിപ്പറമ്പ്, ഗുരുവായൂര്, മാടായിക്കാവ്, തിരുവേഗപ്പുറ, ചാല, തിരുവങ്ങാട്, പള്ളിക്കുന്ന്, ഊര്പ്പശ്ശിക്കാവ്, കൊട്ടിയൂർ, കടത്തനാട്, കോട്ടക്കൽ തുടങ്ങി പല അമ്പലങ്ങളിലും അടിയന്തരവും വിശേഷാൽകൂടിയാട്ടത്തിലും പങ്കെടുത്തു. മാണി മാധവ ചാക്യാർ, അദ്ദേഹത്തിന്റെ ഗുരുഭൂതന്മാർ ആയ മാണി നീലകണ്ഠ ചാക്യാർ, മാണി നാരായണ ചാക്യാര് എന്നീ അക്കാലത്തെ രംഗത്തിലെ പ്രഗൽഭൻമാരോട് കൂടെയും കൂടിയാട്ടത്തിൽ പലതവണ വേഷം കെട്ടിയിട്ടുണ്ട്.

അക്കാലത്ത് ഏറ്റവും പ്രചാരം ഉണ്ടായിരുന്ന നാഗാനന്ദം, സുഭദ്രാധനന്ജയം എന്നീ കൂടിയാട്ടങ്ങളിലെ നായികാ-ചെടീ എന്നീ വേഷങ്ങളിൽ ശോഭിച്ചു. എന്നാൽ നാഗാനന്ദത്തിലെ നായിക മലയവതിയിൽ തന്നെ ആണ് കൂടുത്തൽ പ്രശംസ കിട്ടിയ വേഷം എന്ന് തന്നെ പറയാം. ഒരു നാടകം എന്ന നിലയിൽ മറ്റു പ്രചാരത്തിലുള്ള നാടകങ്ങളെക്കാൾ നാഗാനന്ദത്തിനു ഉള്ള മികവു, ശാസ്ത്രപരിജ്ഞാനം മൂലം പിതാവിന് തോന്നിയത് പോലെ, മകൾക്കും തോന്നിയത് ആകാം ഈ വേഷത്തിനോടു ഒരു പ്രത്യേക ഇഷ്ടം തോന്നാനും അതിൽ ശോഭിക്കാനും കാരണം. രംഗത്ത് കാണിച്ചിരുന്ന മികവു കാരണം പതിനാല് വയസ്സുകാരിയായ ഈ അഭിനേത്രിയെ ആണ് "നാഗാനന്ദം" നാരായണ ചാക്യാര് എന്നറിയപ്പെട്ടിരുന്ന മാണി നാരായണ ചാക്യാര് കൃഛസാദ്ധ്യം ആയ 'കേട്ടിഞ്ഞാഴൽ' എന്ന രംഗം അവതരിപ്പിക്കാൻ തിരെഞ്ഞെടുത്തതും. "നാരായണഫ്ഫന്റെ നായകനും അച്ഛന്റെ വിദൂഷകനും" ആണ് അന്ന് ഉണ്ടായത്. കടത്തനാട് ലോകനാർക്കാവിൽ വച്ചു ഉണ്ടായ ആ നാഗാനന്ദം കൂടിയാട്ടം ഒരു ചരിത്രം ആണ് : പാരമ്പര്യരീതിയിൽ ഉണ്ടായ അവസാനത്തെ കെട്ടിഞ്ഞാഴൽ ആയി അത്. അന്ന് വാദ്യവിഭാഗവും രംഗസജീകരണവും നടത്തിയത് അമ്മാവൻ ആയ രാഘവൻ നമ്പിയാർ ആയിരുന്നു.

ത്രിപ്പൂണിത്തുരയിൽ ഉപരിപഠനം നടത്തി അവിടത്തന്നെ അദ്ധ്യാപകൻ ആയിരുന്ന പണ്ഡിതൻ 'വ്യാകരണഭൂഷണം' മേലേടത്ത് ദാമോദരൻ നമ്പിയാർ ആണ് തങ്കമ്മു നങ്ങ്യാരമ്മയെ വിവാഹം ചെയ്തത്. വിവാഹശേഷം കലാരംഗത്ത് കൂടുതൽ കണ്ടത് അരങ്ങത്തു ഇരുന്നു ശ്ലോകങ്ങൾ ചെല്ലുന്നത് ആണ്. വേറെ ചെറുപ്പക്കാരികൾ ആയ നടികൾ കുടുംബത്തിൽ ഉലതും ഒരു കാരണം ആണ്.

പദ്മശ്രീ മാണി മാധവ ചാക്യാരോടോപ്പം കൂടിയാട്ടത്തിന്റെ പ്രഥമ ഉത്തരഭാരതപര്യടനത്തിൽ (1964) ഉണ്ടായിരുന്നു. കാശി, ദില്ലി തുടങ്ങിയ സ്ഥലങ്ങളിലും തന്റെ കലാപാടവം കാണിച്ചിട്ടുണ്ട്. അവസാനം ആയി 1981ഇൽ ആണ് പിതാവിനോടൊപ്പം കേരളത്തിനു പുറത്ത് [ദില്ലി] കൂടിയാട്ടത്തിൽ പങ്കെടുത്തത്. സാമൂതിരി, കടത്തനാട് രാജാവ്, കോട്ടക്കൽ തുടങ്ങിയ കോവിലകങ്ങൾ തുടങ്ങി പലയിടത്തു നിന്നും സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്. പാരമ്പര്യമായി തന്റെ മുകളിലെ രണ്ടു തലമുറയിൽ നിന്നും പഠിച്ച കുലധര്മ്മം തന്റെ താഴേക്കുള്ള രണ്ടു തലമുറക്കും കൈമാറി 2012, 17 മാർച്ചിനു ദിവംഗതയായി.

ഓർമ്മകൾ

പണ്ഡിതവരേണ്യൻ ആയ കൊടുങ്ങല്ലൂർ ഭട്ടൻ തമ്പുരാന്റെ ശാസ്ത്രപാണ്ഡിത്യം വിളിച്ചോതുന്ന കഥകൾ, ഗുരുനാഥൻ പഴെടത്ത് ശങ്കരൻ നമ്പൂതിരിപ്പാടിന്റെയും അദ്ദേഹത്തിന്റെ വിദ്യാർഥികൾ ആയിരുന്ന മാണി മാധവ ചാക്യാരുടെയും കോപ്പാട്ട് അപ്പുണ്ണിപൊതുവാളിന്റെയും ബുദ്ധിപാടവം, പരീക്ഷിത്ത്‌ തമ്പുരാന്റെ ശാസ്ത്ര വൈഭവം അപാരപാണ്ഡിത്യം, കാശിയിലെ വിദ്വത് സദസ്സിനെ അച്ഛൻ മാണി മാധവ ചാക്യാര് പാണ്ഡിത്യം കൊണ്ടു അമ്പരപ്പിച്ച കഥകൾ തുടങ്ങി തനി 'ശാസ്ത്രബദ്ധം' ആയ പല കാര്യങ്ങളും ഇവർ പറഞ്ഞു കേട്ടിട്ടുണ്ട്.

കലാചരിത്രകുതുകി എന്ന നിലയിൽ എന്നെ വളരെയേറെ ആകർഷിച്ചത് കൂടിയാട്ട-കഥകളി കലാകാരന്മാരെ കുറിച്ചുള്ള സ്മരണകളും കഥകളും ആണ്. വേങ്ങേരി കളരി, കൊപ്പാട്ട് കളരി, കൊപ്പാട്ട് അപ്പുണ്ണി പൊതുവാൾ, ലക്കിടിയിലെ കളരിയിലേക്ക് വരുന്ന ഭസ്മധാരിയായ പട്ടിക്കാംതൊടി ആശാൻ,,.. അങ്ങിനെ പലതും.. പട്ടിക്കാംതൊടി ആശാൻ ഒരു ഇഷ്ട വിഷയം ആയിരുന്നു ...അച്ഛനെ കാണാൻ മഠത്തിൽ വരാറുള്ള ആശാനോടുള്ള ബഹുമാനവും ഭയവും, അദ്ദേഹത്തിനു തന്നോടുള്ള സ്നേഹവും, അവർ തമ്മിലുള്ള സംസാരവിഷയങ്ങളും, ശ്ലോകങ്ങളും നാട്യവിഷയങ്ങളും, അദ്ദേഹത്തിന്റെ വേഷങ്ങളും - വിശിഷ്യാ ധർമ്മപുത്രർ, അച്ഛന്റെ ഒപ്പം കലാമണ്ഡലത്തിൽ താമസിച്ച സമയത്ത് ഈ മഹാഗുരുക്കൻമാരെ കുറിച്ചുള്ള പല കാര്യങ്ങളും അങ്ങിനെ പലതും...

കൂടുത്തൽ ചോദിച്ചു മനസ്സിലാക്കാൻ കഴിഞ്ഞില്യല്ലോ എന്ന ദു:ഖം മാത്രം...

വാൽകഷ്ണം: കലാമണ്ഡലം രാമൻകുട്ടി ആശാന്റെ മരണശേഷം ടിവിയിൽ പട്ടിക്കാംതൊടി ആശാന്റെ ഫോട്ടോ കണ്ട ഇവരുടെ മകൾ പറഞ്ഞത് "അമ്മ പറയാറുള്ള അതേ രൂപം..."



free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template