തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

തൃത്താല കേശവ പൊതുവാളും പല്ലാവൂര്‍ അപ്പു മാരാരും..

ഒരു ചർച്ച                                                                    

 

Narayanan Mothalakottam : രണ്ടു ചക്രവര്‍ത്തിമാര്‍…. അനുകരിക്കാന്‍ ആവാത്ത തികച്ചും സ്വന്തം ശൈലി രൂപപെടുതിയ കുലപതിമാര്‍.

Sreevalsan Thiyyadi : ഇത് കോട്ടക്കല്‍ ഉത്സവത്തിന് പണ്ട് നടന്നിട്ടുള്ള ഒരു ഐതിഹാസിക തായമ്പകയല്ലേ? ഈ ചിത്രം അക്കാലത്ത് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ലേഖനം ആയി വന്നിരുന്നു. ഓര്‍മ ശരിയെങ്കില്‍ ഇവിടെ മെമ്പര്‍ ആയ Madhavan Kuttyയെട്ടന്‍ എഴുതിയതാണ്. (ഇനി അല്ലെങ്കിലും ഒരു സംഗതി പറയട്ടെ: ഇവര്‍ തമ്മില്‍ നടന്ന കലാപരമായ യുദ്ധത്തില്‍ പല്ലാവൂര്‍ അപ്പു മാരാര്‍ ആയിരുന്നു അന്തിമവിജയി എന്നാണ് [മലമക്കാവ് സമ്പ്രദായം വലിയ കമ്പമുള്ള] മാധവന്‍കുട്ടിയേട്ടന്‍ [രഹസ്യമായെങ്കിലും] അഭിപ്രായപ്പെട്ടിട്ടുള്ളത്.)

Harikumaran Sadanam:  അതെ എപ്പോഴും ചരക്കു മിടുക്കിനു മേല്‍ ചെട്ടിമിടുക്കിനു മേൽകോയ്മ വരാറുണ്ട്.(ചരക്കിന് അഭിനയിക്കാനും മറ്റും പറ്റില്ലല്ലോ ചെട്ടിക്കു അത് പറ്റും താനും)

Harikumaran Sadanam: അപ്പു മാരാരെ  മോശപ്പെടുത്തിയതല്ല. അപ്പു മാരാരുടെ  തായമ്പക കേട്ടാല്‍ കൊട്ടിനെക്കാള്‍ മനസ്സില്‍ തങ്ങുക അദ്ദേഹത്തിന്റെ രൂപമാണ്.തൃത്താലയുടെ തായമ്പക കേട്ടാല്‍ കലാകാരന്‍ മനസ്സില്‍ തങ്ങില്ല പക്ഷെ തായമ്പക മനസ്സില്‍ നിന്ന് പോകില്ല.

Narayanettan Madangarli : വിവാദം അല്ലെങ്ങില്‍... കലശൽ കൂട്ടാൻ താല്പര്യം ഇല്ല്യ. ഈ പറഞ്ഞത് ശരിയാണ്. അരങ്ങു കൊഴുപ്പിക്കാനും മറ്റും അപ്പു മാരാർക്ക് ഇഷ്ടമാണെന്ന് കേട്ടിട്ടുണ്ട്.

Harikumaran Sadanam: അതെ''' പൊതുജന ഹിതായ പൊതുജന സുഖയാ '' പോതുജനമോ?

Sreevalsan Thiyyadi : പ്രതിഭാധനരുടെ ചെറിയ pastime അറിയാന്‍ രസമാണ്. അപ്പു മാരാരെ കുറിച്ച് (മരണശേഷം) ടീവിയില്‍ വന്ന ഒരു ഫീച്ചറില്‍ കണ്ടതാണ്. മാരാര്‍ താമസിച്ചിരുന്ന പഴമ്പാലകോട്ടെ (ഭാര്യ)വീട്ടിനടുത്ത് താമി എന്നൊരു സുഹൃത്തിന്റെ ഓര്‍മ്മക്കുറിപ്പ് ആണ്.

കറുത്തു മെലിഞ്ഞ ഇദ്ദേഹം നല്ല കിഴക്കന്‍ പാലക്കാടന്‍ ഭാഷയില്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു: "ഉച്ചക്ക് ഊണു കഴിഞ്ഞാ ചെല ദിവസം മൂപ്പര് എന്റെ എറേത്തു വന്ന് 'നായും പുലീം' (ഒരുതരം പകിടകളിയാവണം) കളിക്കും. ജയിച്ചാ വല്യ ഉല്സാഹോണ്. കളി കണ്ടിരിക്കണ കുട്ട്യോളോട് പറയും: 'നിയ്ക്കൊരു ചായ മേടിച്ചു കൊണ്ടാ...താമിക്കും വാങ്ങിക്കോ ഒന്ന്. നെങ്ങളും കുടിച്ചോളിന്‍...' അല്ലാ, തോറ്റ ദിവസാണെങ്കെ മൂപ്പര് പിന്നെ കൊറച്ചു നേരത്തേക്ക് ഒന്നും മിണ്ടി‍ല്യ...വല്യ ആളല്ലേ..." 

Srikrishnan Ar: Ramachandran Keli സംവിധാനം ചെയ്ത “കാലം” എന്ന (അപ്പുമാരാരെപ്പറ്റിയുള്ള) documentary film -ൽ ഉള്ളതാണ്‌ Sreevalsan Thiyyadi സൂചിപ്പിച്ച അനുസ്മരണം.

Harikumaran Sadanam : ഭിക്ഷാടനം ചെയ്യുന്നവരോട് അപ്പു മാരാർക്ക് ഈര്‍ഷ്യ ആയിരുന്നു. വീട്ടിനു മുന്‍പില്‍ ഒരു കൈക്കോട്ട് ഉണ്ടായിരുന്നു. ഭിക്ഷക്കരോടു  ''അത് എടുത്തു തെങ്ങിന്റെ ചോട് കെളച്ചാല്‍ പത്തുരുപ്പ്യ തരാം. വെറുതെ തരില്ല''  എന്ന് പറയാരുണ്ടായിരുന്നുവത്രേ. ഒരു ദിവസം ഈ കൈക്കോട്ടു കാണാനില്ലത്രേ.!! ഭിക്ഷക്കാരന്‍ കൈക്കോട്ടും കൊണ്ടു പോയീ ആരാ പടിച്ചത്. ആരാ പടിപ്പിച്ചത്?

Sreekumar Menon: Appu Maarar's 'Shudhi' was mind boggling. And the music in his 'Kottu'. Idam Kaayu veezhunnathinte 'ThaalaSthithi' was amazing. I have seen him using his left fingers with the dexterity and perfection of the great Cherplashery Shivan's right fingers on Maddalam !!

Harikumaran Sadanam : Sreekumar Menon നോട് നൂറു ശതമാനം യോജിപ്പ്. അദ്ദേഹം പ്രതിഭാശാലി തന്നെ ആയിരുന്നു എന്നതിന് യാതൊരു എതിരഭിപ്രായവുമില്ല. അദ്ദേഹത്തോട് ആര്‍ക്കും എതിരിടാനും ആകുമായിരുന്നില്ല. എന്നാല്‍ കാലത്തിനു അനുസരിച്ചു വേണ്ടവര്‍ക്ക് വേണ്ടത് മാത്രം കൊടുത്തു തമാശിച്ച് തായമ്പക കൊട്ടിയ കാഴ്ചകള്‍ എനിക്കുണ്ട്. I adore him..

Sreevalsan Thiyyadi : മുന്‍പ്(ഒരിക്കലെങ്കിലും) പറഞ്ഞിട്ടുള്ളതാണ്. Harikumaranന്റെ കമന്റ് ഇവിടെ കണ്ടപ്പോള്‍ ലേശം വിശദം ആക്കാം എന്നു തോന്നി. വേറൊന്നുമല്ല, കര്‍ണാടക സംഗീതജ്ഞന്‍ എം ബാലമുരളികൃഷ്ണയും പല്ലാവൂര്‍ അപ്പു മാരാരും തമ്മിലുള്ള (കലാപരമായ) സാദൃശ്യം. വ്യക്തിപ്രതിഭക്ക് പുറമെയുള്ള ചില കാര്യങ്ങള്‍.. ശുദ്ധി രണ്ട് പേര്‍ക്കും കണിശമെങ്കില്‍, മൃദുത്വവും രണ്ടുപേര്‍ക്കും അതുപോലെ വിശേഷം. അങ്ങനെ സോഫ്റ്റ്‌ ആയി പാടുമ്പോഴും/കൊട്ടുംപോഴും ഒരു കാര്യം നിരാകരിക്കാന്‍ വയ്യ. Explosive ആയും ഇവര്‍ക്ക് പ്രകടനം പറ്റായ്ക അല്ല. ഹിന്ദുസ്ഥാനി ഗായകര്‍ക്കൊപ്പം ചില ജുഗല്‍ബന്ദികളിലും, എന്തിന്, 80 പിന്നിട്ട ഈ വേളയില്‍ സോളോ കച്ചേരി നടത്തുമ്പോഴും ബാലമുരളിയുടെ പാട്ടില്‍ ഈ സ്വഭാവം ഇടയ്ക്കു മിന്നിമറയാറുണ്ട്. "അപ്പേട്ട"യും ഇടക്ക് വെട്ടിവെളിച്ചപ്പെട്ടു കൊട്ടിയാല്‍ ചെണ്ടയില്‍ നിന്ന് വരുന്ന നാദത്തിന്റെ ഊക്കുകേട്ട്‌ "കനം" എന്നതിന്റെ കമ്പക്കാരും അന്തംവിട്ടു പോവും.

ചുരുക്കം ഇത്ര: നിരന്തരമായ സാധന വഴി സ്വാംശീകരിച്ച, തങ്ങള്‍ക്കുള്ളില്‍ ഊറിക്കൂടിയിട്ടുള്ള, വല്ലാത്തൊരു എനര്‍ജിയുടെ ശകലങ്ങളെ അവര്‍ അരങ്ങില്‍ പുറത്തുവിടൂ. ഒന്നിനും ഏപ്പയില്ലാത്തതിനാല്‍ "ലളിതം" ആയി പാടുന്നവരോ കൊട്ടുന്നവരോ ആയി നാം ഇടയ്ക്കൊക്കെ കാണുന്ന/കേള്‍ക്കുന്ന കലാകാരന്മാരെ ഓര്‍ത്ത്‌ ഇത്രയും പറഞ്ഞതാണ്. 

Harikumaran Sadanam : ത്രിത്താലക്ക് കലാപരമായ ഒരു perversion തന്നെ ഉണ്ടായിരുന്നല്ലോ. ജീവിക്കാന്‍ അറിഞ്ഞുകൂടാത്ത അവസ്ഥ. പ്രണയം ചെണ്ടയോടു മാത്രം. പല്ലാവൂറിനു അതുണ്ടായിരുന്നില്ല. കലാലോകത്ത് രജനീഷ്‌ (ഓഷോയുടെ ജീവിത ദർശനത്തിൽ സഞ്ചരിച്ചുകൊണ്ടു(അത് അറിയാതെ തന്നെ)) ഇദ്ദേഹം ആസ്വദിച്ച പോലെ ആരും ജീവിതം ആസ്വദിച്ചിട്ടുണ്ടാവില്ല. ആസ്വദിപ്പിച്ചിട്ടുമുണ്ടാവില്ല. അതൊരു പടപ്പ് തന്നെ.

സദനത്തില്‍ നിന്ന് വെറും കാഷ്വല്‍ ആയി അയച്ച ക്ഷണകത്തിന്റെ പേരില്‍ വരികയും ഞാന്‍ ചിട്ടപ്പെടുത്തിയ ശാപമോചനം, കര്‍ണ്ണപര്‍വ്വം, മണികണ്ഠചരിതം എന്നീ കഥകള്‍ മുഴുവനും അരങ്ങത്തു തന്നെ ഒരു കസേര ഇട്ടു കാണാന്‍ ഇരിക്കുകയും, നിർനിമേഷനായി കളി കണ്ടു രാവിലെ തികഞ്ഞ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു പോകുകയും ചെയ്തിരുന്ന അപ്പുമാരാർ  അന്ന് ഞങ്ങള്‍ക്ക് എല്ലാവര്ക്കും ഒരു അത്ഭുതമായിരുന്നു. അതെ എനിക്ക് മുതുകത്ത് ഒന്നോ രണ്ടോ തലോടലുകള്‍ കിട്ടിയിട്ടുണ്ട്. അമൂല്യമായി 

Madhavan Kutty: ‎Sreevalsan Thiyyadi, കൊട്ടയ്ക്കൽ ഉത്സവത്തിന്നുണ്ടായ തായമ്പകയല്ല. “ജനരഞ്ജനി” എന്ന പേരിൽ ഇവിടെ ഒരു സംഘടനയുണ്ടായിരുന്നു. അതിന്റെ ആഭിമുഖ്യത്തിൽ നടന്നതാണ്. എന്റെ പ്രസിദ്ധീകരിച്ച ആദ്യത്തെ ലേഖനം, ഈ തായമ്പകയേ കുറിച്ച് മാത്രുഭൂമി വാരാന്ത്യപതിപ്പിൽ വന്നതാണ്. 

Sreevalsan Thiyyadi : അപ്പോഴും ഈ തായമ്പകയെ കുറിച്ച് അന്നു പറഞ്ഞ അഭിപ്രായം ആവര്‍ത്തിക്കാന്‍ വയ്യാ ന്നു തീരുമാനിച്ചു, ല്ലേ,Madhavan കുട്ടിയെട്ടാ?

Madhavan Kutty:  ‎Sreevalsan Thiyyadi അതെന്താ അങ്ങിനെ? അന്ന് ഞാൻ പറഞ്ഞത് ശ്രീവത്സൻ ഉദ്ധരിച്ചുവല്ലൊ. ഇനി ആവർത്തിയ്ക്കേണ്ടതില്ലെന്ന് തോന്നി. മാത്രമല്ല ആ ബ്രാക്കറ്റിൽ കൊടുത്തത് എനിയ്ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. എന്റെ ആ അഭിപ്രായം അത്ര രഹസ്യമായിരുന്നില്ലെന്നുമാത്രം

Sreevalsan Thiyyadi : അതല്ല, Madhavanകുട്ടിയെട്ടാ. ഏതെല്ലാം വിധത്തിലാണ് അപ്പു മാരാര്‍ കേശവ പൊതുവാളെക്കാള്‍ ശോഭിച്ചതായി തോന്നിയത് എന്ന്‌ ഓര്‍ത്തെഴുതാന്‍ പറ്റിയെങ്കില്‍ നന്നായിരുന്നു -- ചുരുക്കി ആയാല്‍പോലും. തായമ്പകയിലെ രണ്ടു കാര്യപ്പെട്ട സ്കൂളുകളെ സംബന്ധിച്ച ഒരു താരതമ്യപഠനം കൂടിയാവും അങ്ങനെ ഒരു അപഗ്രഥനം എന്നും മോഹിച്ചു 

Harikumaran Sadanam : Sreevalsan Thiyyadi കാര്യം കുറച്ചു നിസ്സാരം അപ്പു മാരാർ offense ഇല്‍ മിടുക്കനാണ് തൃത്താല defense ഇല്‍ മിടുക്കനല്ല. ചെറിയ ഒരു അന്ധാളിപ്പ് മതി ഇങ്ങിനെയുള്ളവര്‍ക്ക് ശൌര്യം കൊഴിയാന്‍....., ദുര്‍വാസാവിനെ പോലെയുള്ള ഗോപിയാശാനോടു ഒന്ന് കയര്‍ത്തു നോക്കൂ. പുലി പൂച്ചയാകുന്നത് കാണാം. അപ്പോള്‍ അദ്ദേഹം ''പുഷ്കരന് ചെണ്ട കൂടരുത്''' എന്ന് ചെണ്ടക്കാരെ ചട്ടം കേട്ടും. കൃഷ്ണന്‍കുട്ടി പൊതുവാള്‍ അരങ്ങത്തു അലറിയും ചാടിയും കൊട്ടി ജയിക്കുന്നത് കണ്ടിട്ടില്ലേ?

Madhavan Kutty: ക്ഷമിയ്ക്കണം Sreevalsan, അങ്ങിനെയൊരു താരതമ്യപഠനം നടത്തുന്നതിൽ നിന്ന് എന്നേ ഒഴിവാക്കണം. ഈ ചർച ഒട്ടും ആശാസ്യമല്ലാത്ത ഒരു വഴിയിലേയ്ക്ക് തിരിഞ്ഞുപോകാതെ കഴിയ്ക്കാമല്ലൊ. എന്നാൽ ചിലത് പൊതുവായി പറയാം. എനിയ്ക്ക് പാലക്കാടൻ തായമ്പകയിൽ ഇഷ്ടമല്ലാത്തതായി കാണുന്നവ..  

1).ചെണ്ടയുടെ മൂപ്പ് താരതമ്യേന കൂട്ടിവെയ്ക്കുന്നു. താരതമ്യേന കനം കുറഞ്ഞ കോൽ ഉപയോഗിയ്ക്കുന്നു. അപ്പോൾ കൊട്ടുന്ന ശബ്ദങ്ങളുടെ നീളം കുറയുന്നു. ഇതിൽ ചെറിയൊരു ദുസ്സാമർത്ഥ്യം ഉണ്ട്. നീളംകുറഞ്ഞ ശബ്ദം തുടർച്ചയായി പ്രയോഗിച്ചാൽ “പെറുക്കിയെടുക്കാവുന്ന അക്ഷരങ്ങൾ” കൊട്ടുന്നു എന്ന് തോന്നിപ്പിയ്ക്കാം. എന്നാൽ വേണ്ടതുപോലെ മാത്രം മൂപ്പിച്ച് കനമുള്ള കോലുകൊണ്ട് കൊട്ടുമ്പോഴുള്ള സ്വാദ് ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല അക്ഷരങ്ങൾക്കും കലക്കം വന്ന് കേൾക്കുമ്പോൾ വല്ലതെ തോന്നും.

2). ചെണ്ട വലിച്ചുമുറുക്കി ശ്രുതി ശരിയാക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിന്നില്ല. അതിന്നാൽ ഇടം തലയുടെ പല ഭാഗത്തും പല ശ്രുതി യാകുന്നു. (ഇത് വരാത്ത അവസ്ഥയേയാണ് മറ്റൊരവസരത്തിൽ ഞാൻ “ശ്രുതിശുദ്ധി” എന്ന വാക്കുപയോഗിച്ച് പറഞ്ഞത്) അപ്പോൾ ചില എണ്ണങ്ങൾ വല്ലത്ത അരോചകങ്ങളായിത്തീരും. 

3). ചെമ്പട വല്ലാതെ മുറുക്കികൊണ്ടുവന്ന് കലാശിച്ച് അടന്തക്കൂറ് വളരെ പതിഞ്ഞ് തുടങ്ങുമ്പോൾ പുതിയ ഒരു സാധനം ആരംഭിക്കുന്നതുപോലെ തോന്നും. താളത്തിന്റെ വേഗത, കാലം, എണ്ണങ്ങൾ, കൂറുകൾ എന്നിവ വേണ്ടതുപോലെ തിരഞ്ഞെടുത്ത് യോജിപ്പിച്ച് “ഏണും കോണൂമൊത്ത” തായമ്പകയ്ക്ക് കൂടുതൽ ആസ്വദ്യതയുണ്ടെന്നാണ് എന്റെ അഭിപ്രായം. (“ഏണും കോണൂമൊത്ത” എന്ന പ്രയോഗം ശ്രീവത്സന്റെ അമ്മാമന്റേതാണ് ) 

4). രണ്ടു കൈ കൊണ്ടും ഉണ്ടാക്കാവുന്ന ശബ്ദങ്ങൾ പരമാവധി ക്രിത്യതയോടെ ഉണ്ടാക്കാനുള്ള ശ്രദ്ധ കാണിയ്ക്കുന്നില്ല. അപ്പോൾ വളരെ മനോഹരങ്ങളായ എണ്ണങ്ങൾ സ്രിഷ്ടിയ്ക്കുമ്പോൾ അവയുടെ സ്വാദ് പകുതികണ്ട് കുറഞ്ഞ്പോകുന്നു. 

നല്ലൊരു ചർചയുണ്ടായാലോ എന്ന്കരുതി എഴുതിയതാണ്. മറിച്ച് ധാരണകളൊന്നുമുണ്ടാകരുത് എന്നൊരപേക്ഷയുണ്ട്. ഒരു കാര്യംകൂടി പറഞ്ഞ് നിർത്താം. ഒരേ സമയത്ത് ഒരു ഒന്നാംതരക്കാരനായ പാലക്കാട്ടുകരന്റെ തായമ്പകയും, തൊട്ടടുത്ത് ഒരു രണ്ടാംതരക്കാരനായ മലമക്കാവ് കാരന്റെ തായമ്പകയും നടക്കുന്നുണ്ടെങ്കിൽ, ഞാൻ രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുക

Sreevalsan Thiyyadi: വിവാദത്തിന് ഞാനും ഇല്ല. ഇത്രയൊക്കെ പറഞ്ഞിട്ടും അന്നത്തെ കോട്ടക്കല്‍ തായമ്പകയില്‍ മലമക്കാവിനെക്കാള്‍ പാലക്കാടന്റെയാണ് കൊട്ടു നന്നായത് എന്ന അഭിപ്രായം ഇതേ ആളില്‍ നിന്നാണ് വന്നത് എന്നത് സംഗതികളെ കൂടുതല്‍ കൌതുകകരം ആക്കുന്നു. ഏതായാലും, അതിന്റെ കാരണങ്ങള്‍ ഇപ്പോള്‍ ചോദിക്കുന്നില്ല. കലാമണ്ഡലം കൃഷ്ണന്‍ നായരുടെ രണ്ടാം ദിവസം നളന്‍ നന്നായി എങ്കിലും അന്നത്തെ ആ കളിയില്‍ ഗംഭീരമായത്‌ രാമന്‍കുട്ടി നായരുടെ കാട്ടാളന്‍ ആണെന്നോ മറ്റോ പറയുംപോലൊരു ലോജിക് ആയിരിക്കും ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ളത് എന്ന് വിശ്വസിക്കുന്നു.

Harikumaran Sadanam:  Madhavan Kutty ,  "ഒന്നാംതരക്കാനായ പാലക്കാട്ടുകാരന്റെ തായമ്പകയും, തൊട്ടടുത്ത് ഒരു രണ്ടാംതരക്കാരനായ മലമക്കാവ് കാരന്റെ തായമ്പകയും നടക്കുന്നുണ്ടെങ്കിൽ, ഞാൻ രണ്ടാമത്തേതാണ് തിരഞ്ഞെടുക്കുക"" ഇത് ശേമ്മാങ്ങുടിയെ  പറ്റി തിരുവിതാംകൂർ  അമ്മ മഹാറാണി (അശ്വതിയാണോ എന്നൊന്നും ഓര്‍മ്മയില്ല) പറഞ്ഞത് കടമെടുത്തതാവില്ലെന്നു കരുതുന്നു.അവര്‍ പറയാറുണ്ടത്രേ മറ്റു ഏതു ഗായകന്‍ വളരെ നന്നായി പാടിയ കച്ചേരിയെക്കാള്‍ അവര്‍ക്കിഷ്ടം മോശമായി പാടിയതാണെങ്കിലും ശേമ്മാങ്ങുടിയുടെ കച്ചെരിയായിരുന്നുവാത്രേ.

Madhavan Kutty : Sreevalsan അതിന്ന് മൂന്ന് കാരണങ്ങൾ പറയാം. 

1). ഡബിൾ തായമ്പകയ്ക്ക് ഒരു പ്രത്യേകതയുണ്ട്. എപ്പോഴും ആദ്യം കൊട്ടുന്ന ആൾ കുറച്ച് മുന്തിനിൽക്കും. 

2). ഒപ്പമുള്ളത് കേശവപോതുവാളാണ് എന്നതുകൊണ്ട് അപ്പുമാരാർ ഒന്ന് കരുതിയിട്ടുണ്ടാകും. അതിനാൽ പരമാവധി കേമമക്കാൻ ശ്രമിച്ചിട്ടുണ്ടാകണം. ഉണ്ടാകണമെന്നല്ല. ഉണ്ടായിരുന്നു. അത് വേർ തിരിച്ചറിയാൻ കഴിഞ്ഞിരുന്നു. അതേ തായമ്പക ഇവിടെ ആരോ അപ് ലോട് ചെയ്തിട്ടുണ്ട്. ( ലിങ്ക് കൊടുക്കാനൊന്നും ഞാൻ പഠിച്ചിട്ടില്ല. ക്ഷമിയ്ക്കണം. ആരെങ്കിലും സഹായിച്ചാൽ നന്നായിരുന്നു.) ആത് ഒന്ന് കേട്ടുനോക്കു. 

3). “നവനവോന്മേഷശാലി”യായ സ്വന്തം പ്രതിഭയിൽ നിന്ന്, മനോഹരങ്ങളായ എണ്ണങ്ങൾ സ്രിഷ്ടിച്ചെടുക്കാൻ, പലക്കാട്ടുക്കാർക്ക് പൊതുവേയും അപ്പുമാരാർക്ക് പ്രത്യേകിച്ചുമുള്ള കഴിവ് പ്രസിദ്ധമാണല്ലൊ

Madhavan Kutty:  ‎Harikumaran Sadanam ആ കഥ കേട്ടിട്ടുണ്ട്. പക്ഷെ സത്യമായിട്ടും എനിയ്ക്ക് അവരോട് അത്തരത്തിലൊരു ഇഷ്ടം ഉണ്ട്. അത് എന്റെ അഭിപ്രായങ്ങളിലും പ്രതിഫലിക്കും. അതിൽ ഞാൻ നിസ്സഹായനാണ്. എന്നാലും വൃത്തിയായി  ഒരു വർണ്ണം ചൊല്ലികേൾക്കുന്ന സുഖം മലമക്കാവ് തായമ്പക്ക് ഉണ്ടെന്ന് പറയതെ വയ്യ. അതു മാത്രമാണ് ആ തായമ്പകയിൽനിന്നു കിട്ടുന്ന സുഖം എന്നർത്ഥമാക്കേണ്ടതില്ല കേട്ടോ.

You need to a flashplayer enabled browser to view this YouTube video

embed video powered by Union Development


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template