ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും

തെയ്യം: ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും

-പുടയൂർ ജയനാരായണൻ                                                  

ഏറിയൊരു ഗുണം വരണം : ഭാഗം-രണ്ട്

 ഭാഗം-ഒന്ന് : ഏറിയൊരു ഗുണം വരണം

(നാഗകന്നി തെയ്യം)

ആരാധനാ രീതികളിലെ വൈവിദ്ധ്യം കൊണ്ട് സമഗ്രവും വലിയൊരളവു വരെ സങ്കീർണ്ണവും ആണ് തെയ്യം. സമഗ്രമായി വിശകലനം ചെയ്യുമ്പോൾ പല ആരാധനാ സമ്പ്രദായങ്ങളും കൂടിക്കുഴഞ്ഞ നിലയിലാണ് തെയ്യത്തിൽ കാണുക. പക്ഷെ പരസ്പര പൂരകങ്ങളായ ആരാധനാ സമ്പ്രദായങ്ങളായതിനാൽ തന്നെ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി മറ്റൊന്നു പരിശോധിച്ചാൽ അപൂര്‍ണ്ണതയാകും ഈ അനുഷ്ഠാനം അവശേഷപ്പിക്കുക. ഒപ്പം തന്നെ സമ്പൂർണ്ണമായും  പുരാതത്വ സങ്കൽപ്പത്തിൽ അതിഷ്ഠിതമായ കലാരൂപം എന്ന നിലയ്ക്ക് പരിശോധിച്ചാലും തെയ്യത്തിലെ വിവിധങ്ങളായ  ആരാധനാ സമ്പ്രദായങ്ങളെ  കണക്കിലെടുക്കാതെ ഈ പഠനം മുന്നോട്ട് പോകില്ല എന്ന് കാണാം. വൃക്ഷാരാധന, മൃഗാരാധന, ഊർവരതാ പൂജ, അമ്മദൈവാരാരാധന, വീരാരാധന അഥവാ പ്രേതാരാധന എന്നിവയാണ് തെയ്യത്തിൽ പ്രധാനമായി കാണുന്ന ആരാധനാ സമ്പ്രദായങ്ങൾ.  സാംസ്കാരിക വളർച്ചയുടെയും പരിണാമങ്ങളുടേയും വിവിധ ഘട്ടങ്ങളിൽ ഇവയോരോന്നും തെയ്യത്തിൽ ഉൾപ്പെട്ടതാകുവാനാണ് എന്നാണു സാമാന്യേന ചിന്തിക്കുമ്പോൾ മനസിലാക്കുവാൻ സാധിക്കുന്നത്. ആഗമികമായ പഠനം എളുപ്പമല്ലാത്തതിനാലും, അവയുടെ ചരിത്രത്തെക്കുറിച്ചോ ഒപ്പം തെയ്യത്തിന്റെ പ്രാഗ് രൂപത്തെക്കുറിച്ചോ ഉള്ള അപഗ്രഥനം തീർത്തും അസാധ്യവും ആണ്. മാത്രവുമല്ല വിവിധ ആരാധനാ സമ്പ്രദായങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ഇവിടെ ചെയ്യുന്നത്. 

 

വൃക്ഷാരാധന

എറ്റവും പൗരാണികമായ പ്രകൃതിയാരാധന തന്നെയാണു ഇവിടെ. പ്രകൃതി എന്ന അമൂർത്ത ശക്തിയെ ഒരു വൃക്ഷത്തിലേക്ക്‌ മൂർത്തിവൽക്കരിക്കപ്പെടുകയാണു ഇവിടെ. ഈശ്വരീയ ശക്തിയെ ഒരു പ്രസ്തുത വസ്തുവിലേക്ക്‌ അല്ലെങ്കിൽ വിഗ്രഹത്തിലേക്ക്‌ സങ്കൽപ്പിച്ച്‌ അതിനെ അരാധിക്കുന്ന പിൽക്കാലത്ത്‌ ഉടലെടുത്ത ബിംബാരാധന എന്ന സങ്കൽപ്പത്തിന്റെ തുടക്കമായി ഇതിനെകാണാം. പ്രകൃതിയാണു ശക്തി. നിലനിർത്തുന്നതും നശിപ്പിക്കുന്നതും എല്ലാം ആ ശക്തി തന്നെ. ആ ഒരു ശക്തി വിശേഷത്തെയാണു പ്രകൃതിയുടെ പ്രതിരൂപമായി മരത്തിൽ ആദിമ മനുഷ്യൻ ആരാധിച്ച്‌ വന്നത്. മരക്കൂട്ടം എന്ന് അർത്ഥം വരുന്ന ദ്രാവിഡ പദത്തിൽ നിന്നാണ് കാവ് എന്ന വാക്ക് തന്നെ ഉത്ഭവിച്ചത്. അതായത് തെയ്യാട്ടക്കാവുകൾക്ക് വൃക്ഷാരാധനയ്ക്കുള്ള പ്രാധാന്യം തന്നെയാണ് ഇവിടെ വ്യക്തമാകുന്നത്. കാഞ്ഞിരം, ചെമ്പകം, ആൽ, തുടങ്ങി അനവധി വൃക്ഷങ്ങൾ പല ദേവതകളുടെയും ഇഷ്ട അധിവാസ കേന്ദ്രങ്ങളാണ്. ചെമ്പക മരം ഗുളികൻ തെയ്യത്തിന്റെ വാസസ്ഥാനം ആണെന്നാണ്‌ വിശ്വാസം. ആ വൃക്ഷച്ചുവട്ടിൽ തന്നെയാണ് തെയ്യം കെട്ടിയാടിക്കുന്നതും. തെയ്യത്തിൽ വൃക്ഷാരാധനയുടെ അഭേദ്യമായ സ്ഥാനം തന്നെയാണ് ഇത് കാണിക്കുന്നത്. 

നാഗാരാധന 

വൃക്ഷം  ഈശ്വരീയ ശക്തിയുടെ ഇരിപ്പിടം ആണെങ്കിൽ സ്വാഭാവികമായും അതിൽ അധിവസിക്കുന്ന സർപ്പങ്ങൾ ദേവതകൾ തന്നെയാകുന്നത് കേരളീയ ആരാധനാ സമ്പ്രദായത്തിലെ അവഗണിക്കാനാകാത്ത വസ്തുതയാണ്. തെയ്യത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. നാഗ സംബന്ധിയായ വിവിധ മൂർത്തികളെ  തെയ്യത്തിൽ ആരാധിച്ച് വരുന്നുണ്ട്.  ഒട്ടുമിക്ക തെയ്യാട്ട കാവുകളിലും ഒരു സർപ്പക്കാവുണ്ടാകും എന്നത് ഈ ബന്ധം കൂടുതൽ ഉറപ്പിക്കുന്നതാണ്.  നാഗകന്നി, നാഗരാജൻ, നാഗത്താൻ, നാഗപ്പോതി തുടങ്ങിയവ പ്രധാനപ്പെട്ട നാഗ തെയ്യങ്ങളാണ്. ഒട്ടുമിക്ക തെയ്യങ്ങളുടെയും ഉടയാഭാരങ്ങങ്ങളിൽ നാഗ രൂപങ്ങൾക്ക്‌ പ്രാധാന്യമുണ്ട് എന്നു കാണാം. നാഗം താത്തെഴുത്ത് എന്ന പേരില് ഒരു മുഖത്തെഴുത്ത്‌ സമ്പ്രദായം തന്നെ തെയ്യത്തിൽ ഉണ്ട്. നാഗമുടി, നാഗകങ്കണങ്ങൾ, സർപ്പകുണ്ഡലങ്ങൾ എന്നിവ ഇതിനു തെളിവാണ്. 

 

മൃഗാരാധന 

തെയ്യത്തിലെ മൃഗാരാധനയ്ക്ക് ഉത്തമദൃഷ്ടാന്തം പുലി തെയ്യങ്ങൾ തന്നെയാണ്. തീയ്യ സമുദായത്തിലെ ചില കാവുകളിലും കഴകങ്ങളിലും ആണ് പ്രധാനമായും ഇത്തരത്തിലുള്ള പുലിത്തെയ്യങ്ങൾ  കാണാറുള്ളത്‌. ഇത്തരം കാവുകളെ ഐവ്വർ പരദേവതാ കാവുകൾ എന്നാണു പൊതുവിൽ അറിയപ്പെടുക. ശിവനും പാർവതിയും പുലി വേഷത്തിൽ സംഗമിച്ചപ്പോൾ ഉണ്ടായ പുലി കിടാങ്ങൾ പുലി തെയ്യങ്ങൾ എന്നാണു വിശ്വാസം. ഇവയുടെ നരികുരിച്ചെഴുത്ത് എന്ന പ്രത്യേക മുഖത്തെഴുത്തും, ഉടുത്തുകെട്ടുകളും ചലനങ്ങളും എല്ലാം പുലിയെ ഓർമ്മിപ്പിക്കുന്നതും ആണ്. ഇത് കൂടാതെ പുലിയൂർ കണ്ണൻ, പുലികണ്ടൻ എന്നീ തെയ്യങ്ങളും മൃഗാരാധനയുടെ തെളിവായി ചൂണ്ടി കാണിക്കാൻ സാധിക്കുന്ന തെയ്യങ്ങൾ ആണ്. പഞ്ചുരുളി തെയ്യത്തിന്റെ ഇതിവൃത്തം പന്നി രൂപം പൂണ്ട ശ്രീപാർവ്വതിയുമായി ബന്ധപ്പെട്ടതാണ്. പൊതുവെ  അമ്മദൈവാരാധനയുടെ ഗണത്തിൽ പെടുത്താവുന്ന തെയ്യമാണ് എങ്കിലും ഈ തെയ്യത്തിന്റെ അനുഷ്ടാനത്ത്തിന്റെ ഒടുവിൽ പന്നിയുടെ പൊയ്മുഖം വയ്ക്കുന്ന ചടങ്ങ് മൃഗാരാധനയിലെക്ക് വിരൽ ചൂണ്ടുന്നത് തന്നെയാണ്. രാമായണത്തിലെ വാനര രാജൻ ബാലിയും തെയ്യത്തിൽ ഇടം പിടിച്ചിട്ടുണ്ട് . 

ഉർവരതാരാധന

തെയ്യത്തിലെ എറ്റവും പ്രതീകാത്മകമായ ആരാധനാ സമ്പ്രദായമാണ് ഇത്. എല്ലാ ഗണത്തിൽ പെടുന്ന തെയ്യങ്ങളും ഈ ഒരു സമ്പ്രദായം അനുവർത്തിച്ച് വരുന്നുമുണ്ട്. അതിനാൽ തന്നെ ഇതിനെ ഒരു പ്രത്യേക ഗണമായി കാണാൻ സാധിക്കില്ലെങ്കിലും തെയ്യത്തിൽ ഒഴിച്ച്കൂടാനാകാത്ത ഒന്നാകയാൽ പ്രത്യേകം ഗണം തിരിച്ച് പരിശോധിക്കുകയാണ് ഉത്തമം. സമൃദ്ധിയാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം.  മണ്ണും പെണ്ണും ഫലപൂയിഷ്ഠമായെങ്കിൽ മാത്രമേ നിലനിൽപ്പുള്ളു അല്ലെങ്കിൽ ഇത് രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്ന പരമ്പരാഗത കർഷക സമൂഹത്തിന്റെ ആശയ തലമാണ് ഇവിടെ പ്രതിഫലിക്കുന്നത്. എല്ലാ തെയ്യങ്ങൾക്കും വരവിളി തോട്ടം എന്ന ഒരു അനുഷ്ഠാനം ഉണ്ട്. കോലക്കാരൻ മുഖത്തെഴുത്തും, ഉടുത്ത് കെട്ടുകളും കഴിഞ്ഞ്, കാവിന്റെ മുന്നില് വന്നു നിന്ന് മുടി(കിരീടം)വയ്ക്കുന്ന ഘട്ടത്തിൽ ഈശ്വരീയ ശക്തിയെ തന്നിലേക്ക് ആവാഹിക്കുന്നത് ഈ ചടങ്ങോടെയാണ്.  അപ്പോൾ ചൊല്ലുന്ന തോറ്റം പാട്ടിന്റെ ആരംഭം " ഹരി വർദ്ധിക്ക ആണ്ടുനാളും ശ്രീയും തെളിയമൃതാകിൽ സമ്പത്തും മുഹൂർത്തം ഫലം വർദ്ധിക്ക... " എന്നാണ്. ഇതിൽ സമ്പത്ത് എന്നത് ഒന്ന് ധന സമ്പത്തും മറ്റൊന്ന് പുത്ര സമ്പത്തും ആണ്. തെയ്യാരാധനയ്ക്ക് കാലഘട്ടത്തിനു അനുസരിച്ച് ഉർവ്വരത എന്ന പുതിയ ധർമ്മം എങ്ങിനെ ഉണ്ടായി തീരുന്നു എന്നതിന് തെളിവ് കൂടിയാണ് മുകളിലെ പരാമർശം. കർക്കിടക മാസത്തിൽ വീടുകൾ തോറും കയറിയിറങ്ങി സമ്പൽ സമൃദ്ധമായ ഭാവിക്ക് അനുഗ്രഹം ചൊറിയാൻ എത്തുന്ന ആടി വേടൻ, കർക്കടോത്തി, മാരി, കാളിച്ചാൻ തെയ്യം, കുറത്തി എന്നീ മൂർത്തികൾ എല്ലാം ഇത്തരം തെയ്യങ്ങൾക്ക് ഉദാഹരണമാണ്. 

അമ്മ ദൈവാരാധന 

ഭാരതീയ ആരാധനാ സമ്പ്രദായങ്ങളിൽ തന്നെ അമ്മദൈവാരാധനയുടെ സ്ഥാനം വളരെ വലുതാണ്. അതേ സങ്കൽപ്പത്തിൽ തന്നെയാണ് തെയ്യത്തിലും ഈ സമ്പ്രദായം അനുവർത്തിച്ചു പോകുന്നത്. കേരളത്തിലാകമാനമുള്ള അമ്മദൈവാരാധനയുമായി തട്ടിച്ച് നോക്കിയാൽ അടിസ്ഥാനപരമായി  കാര്യമായ വ്യത്യാസങ്ങളൊന്നും ഇവിടെയും കാണാൻ ഒക്കില്ല. പക്ഷെ ഇതിലെ പുരാതത്വ സങ്കല്പ്പങ്ങളെ തെയ്യത്തിലേക്ക് സന്നിവേശിപ്പിക്കുന്നിടത്താണ് പ്രകടമായ വ്യത്യാസങ്ങൾ കാണുക.  രക്ഷയും ശിക്ഷയും, സമൃദ്ധിയും നാശവും ഒരുപോലെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ശക്തി സ്വരൂപിണികൾ ആണ് തെയ്യത്തിൽ അമ്മ ദൈവങ്ങൾ അതായത് ഒരേ ദേവി തന്നെ വ്യത്യസ്ഥ രൂപത്തിലും ഭാവത്തിലും സങ്കൽപ്പത്തിലും വെളിപ്പെടാം.  വിവിധങ്ങളായ നൂറുകണക്കിന് തെയ്യങ്ങളിൽ, തൊണ്ണൂറു ശതമാനം തെയ്യങ്ങളും ഈ ഒരു വിഭാഗത്തിൽ ആണെന്നതും അമ്മദൈവാരാധനയുടെ പ്രാധാന്യമാണ് വെളിവാക്കുന്നത്. അമ്മദൈവങ്ങളിൽ സാത്വിക ഭാവമുള്ള ദേവതകളും ഉണ്ട് എങ്കിലും വലിയൊരു ശതമാനവും അതിഘോര രൂപിണികളും കാളീ സമ്പ്രദായത്തിൽ ഉള്ളവയും ആണ് എന്ന് കാണാം. ദേശ ദേവതയായോ, ഗ്രാമ ദേവതയായോ  എല്ലാം ആണ് പൊതുവെ അമ്മ ദൈവങ്ങളെ കാണുക. അതിനാൽ തന്നെ ഉത്തര കേരളത്തിന്റെ ഗ്രാമീണ തനിമയുടെ ഭാഗം തന്നെയാണ് അമ്മദൈവങ്ങൾ എന്ന് നിസ്സംശയം പറയാൻ സാധിക്കും. 

വീരാരാധന അഥവാ പ്രേതാരാധന 

അമ്മ ദൈവാരാധന കഴിഞ്ഞാൽ തെയ്യത്തിൽ വളരെ പ്രാധാന്യമുള്ള ഒരു ആരാധനാ സമ്പ്രദായമാണ് ഇത്. മരിച്ചവർ പ്രേതങ്ങളായി തീരുമെന്നും ഈ പ്രേതാത്മാക്കളെ വേണ്ടരീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവർ ഉപദ്രവം ചെയ്യും എന്നുമുള്ള വിശ്വാസമാണ് ഈ ഒരു ആരാധനാ സമ്പ്രദായത്തിന്റെ അടിസ്ഥാനം. എങ്കിലും രണ്ടു തരത്തിലുള്ള പ്രേതാരാധന തെയ്യത്തിൽ പതിവുണ്ട്. ഒന്ന് കാരണവർ തെയ്യം അല്ലെങ്കിൽ കുടിവീരൻ തെയ്യം. തറവാട്ടിലെ കാരണവർമ്മാരെയെല്ലാം പ്രതിനിധാനം ചെയ്യുന്ന തെയ്യം ആണ് ഇത്. പ്രസ്തുത തറവാട്ടിന്നപ്പുറത്തേക്ക്  പ്രസക്തിയില്ലാത്ത തെയ്യം. മറ്റു തെയ്യങ്ങൾക്ക് ഉള്ളത് പോലെ സങ്കീർണ്ണമായ അനുഷ്ഠാനങ്ങൾ ഒന്നും ഇവയ്ക്കില്ല. 

വീരമൃത്യു വരിച്ചവരെയും രക്തസാക്ഷികളെയും ത്യാഗികളെയും ദൈവമായി ഉയർത്തി തെയ്യമായി കെട്ടിയാടിക്കുന്ന പതിവും ഇവിടെ കാണാം. ഇത് തെയ്യത്തിലെ വീരാരാധനയുടെ തെളിവ് കൂടിയാണ്. സമൂഹത്തിലെ ഏതെങ്കിലും പൊതുവായ ഒരു ആവശ്യത്തിനു വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ച വ്യക്തിയെയാണ് സമൂഹം മരണശേഷം വീരനാക്കി അംഗീകരിക്കുന്നത്. പ്രസിദ്ധമായ കതിവന്നൂർ വീരൻ തെയ്യം ഇത്തരത്തിൽ ദൈവീകതയിലെക്ക് ഉയർന്ന ഒരു വീര പുരുഷനാണ്. നാട്ടിലെ കന്നുകാലികളെ കട്ടുകൊണ്ടുപ്പോയ കുടക് മലയിലെ കള്ളന്മാരോട് എട്ടുമുട്ടി ചതിവിൽ കൊലചെയ്യപ്പെട്ട മന്ദപ്പൻ എന്ന വീരനാണ് കതിവന്നൂർ വീരൻ. ഇതേമാതിരി വിഷകണ്‍ഠൻ, പുലിമറഞ്ഞ തൊണ്ടച്ചൻ, കണ്ടനാർ കേളൻ, ഗുരുക്കൾ തെയ്യം എന്നിങ്ങിനെയുള്ള നിരവധി തെയ്യങ്ങളും വീരപരിവേഷത്തോടെ ദൈവീകവൽക്കരിക്കപ്പെട്ടതാണ്. 

വീര സങ്കൽപ്പത്തിൽ അല്ലെങ്കിൽ പോലും മരണ ശേഷം ദൈവികത കൈവന്ന ചില സ്ത്രീകളെയും തെയ്യത്തിൽ കാണാൻ സാധിക്കും. ഒരേ സമയം അമ്മദൈവങ്ങളുടെ ഗണത്തിലും പ്രേതാരാധനയുടെ ഗണത്തിലും ഇവയെ പെടുത്താവുന്നതുമാണ്. സമൂഹത്തിനു വേണ്ടി ജീവൻ ബലികഴിചവർ ആണ് വീരന്മാർ ആകുന്നത് എങ്കിൽ സാമൂഹ്യ നീതിക്ക് വേണ്ടി ബലിയാടായവർ ആണ് ഇവർ. നാത്തൂണ്‍ പോരിന്റെ ബലിയാടായ മാക്കപ്പോതി, സ്ത്രീസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് സമൂഹത്തിൽ നിന്ന് പുറത്താക്കപ്പെട്ടു ഒടുവിൽ ആത്മാഹുതി ചെയ്യേണ്ടി വന്ന് പിന്നീട്  മുച്ചിലോട്ടു ഭഗവതിയായി പുനരവതരിച്ച ബ്രാഹമണ കന്യകയുടെ കഥയും എല്ലാം ഇതിനു ഉദാഹരണങ്ങൾ ആണ്. 

ഇത്തരത്തിൽ വൈവിധ്യ പൂർണ്ണമായ ആരാധനാ സമ്പ്രദായങ്ങൾ ഉണ്ട് എങ്കിലും ഈ വൈവിധ്യങ്ങളെയെല്ലാം സമന്വയിപ്പിക്കുമ്പോൾ നൂറുകണക്കിനായ തെയ്യങ്ങളേയും മേൽപ്രതിപാദിച്ചിട്ടുള്ള വിവിധ വിഭാഗങ്ങളെയും  മൂന്നു ഗണങ്ങളിലേക്ക് ചുരുക്കുവാൻ സാധിക്കും. ശൈവ വൈഷ്ണവ ശാക്തേയമായിട്ടുള്ള  മൂർത്തി സങ്കൽപ്പത്തിലേക്ക്‌ ഈ ആരാധനാ വൈവിധ്യത്തെ സന്നിവേശിപ്പിക്കുന്നിടത്താണ് തെയ്യത്തിലെ ആര്യ ദ്രാവിഡ ബന്ധം വെളിവാകുന്നത്. ദ്രാവിഡമായ ഒരു അനുഷ്ഠാനത്തിന്റെ  നിലനിൽപ്പ്‌ ഇത്രമേൽ സുഗമമാക്കിയത് പോലും ഈ ഒരു സമന്വയം ആണ് എന്നതും കാര്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും. വേണമെങ്കിൽ തെയ്യത്തിലെ ആര്യവല്ക്കരണം എന്ന് അധിക്ഷേപിക്കാൻ സാധിക്കുമെങ്കിലും തെയ്യത്തിലെ ആരാധനാ സമ്പ്രദായത്തിലെ സങ്കീർണ്ണതകൾ വലിയൊരളവോളം ലളിതമാക്കിയത് ഈ ഏകോപനം കൊണ്ട് ആണ് എന്നും മനസിലാക്കാം. കേരളത്തിൽ ബ്രാഹ്മണ്യത്തിന്റെ സ്വാധീനം വർദ്ധിച്ച  കാലത്ത് തന്നെ വന്നുചേർന്ന ഈ സങ്കലനം സൂക്ഷ്മമായി നിരീക്ഷിച്ചാൽ സമസ്ത മേഖലകളിലും കാണാവുന്നതുമാണ്. തോറ്റം പാട്ടുകളിലെ സംസ്കൃത സ്വാധീനവും ഇതിനു തെളിവ് തന്നെ. അതെന്തൊക്കെയായാലും പുരാവൃത്ത പരമായും   അനുഷ്ഠാന പരമായും എല്ലാം വലിയ അന്തരം ഉണ്ട് എങ്കിലും ദേവതയുടെ പൊതു സ്വഭാവം, ധർമ്മം, ലിംഗപരമായ അവസ്ഥ എന്നിവ കണക്കിലെടുത്താണ് തെയ്യത്തെ ശൈവ വൈഷ്ണവ ശാക്തേയമായിട്ടുള്ള മൂന്നു വിഭാഗങ്ങളിലേക്ക് പെടുത്തിയിരിക്കുന്നത്.  അമ്മ ദൈവങ്ങളെ മുഴുവൻ ശാക്തേയ ഗണത്തിലേക്ക് പെടുത്തുമ്പോൾ പുരുഷ ദേവതകളെയും മൃഗദേവതകളെയും അവയുടെ പുരാവൃത്തവും സ്വഭാവവും അനുസരിച്ച് ശൈവമായും വൈഷ്ണവമായും തരംതിരിച്ചിരിക്കുന്നു. കേവലം ആരാധനാ സൌകര്യത്തിനുള്ള ഒരു തരംതിരിവ് മാത്രമാണ് ഇത് എന്നും മനസിലാക്കേണ്ടതുണ്ട്.  പുരാവൃത്തങ്ങളിലും വിശ്വാസങ്ങളിലും ഇങ്ങിനെ സ്വാധീനം കാണാം എങ്കിലും അനുഷ്ഠാനത്തിലോ ഇതര ചടങ്ങുകളിലോ ഈ ഒരു തരംതിരിവ് കാണുകയുമില്ല. എങ്കിലും തെയ്യത്തിലെ പുരാതത്വ സങ്കല്പം നിർണ്ണയിക്കാൻ ഈ സവിശേഷതകൾ കണക്കിലെടുക്കാതെ സാധിക്കില്ല എന്നതും ഒരു വസ്തുതയാണ്. 

(പുലിക്കണ്ടൻ തെയ്യവും, പുലിയൂർ കണ്ണൻ തെയ്യവും)

ഭാഗം-മൂന്ന് : തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

 

 



free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template