തൃച്ചംബരം ഉത്സവം

തൃച്ചംബരം ഉത്സവം                                                              

വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിലുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവം. ആനയും, വെടിക്കെട്ടും ഉള്‍പ്പടെയുള്ള ഘോഷങ്ങള്‍ നിഷിദ്ധമായ ഇവിടത്തെ ഉത്സവത്തിന്റെ  ഇതിവൃത്തം  ജ്യേഷ്ഠന്‍ ബാലരാമനും വൃന്ദാവനത്തിലെ ഗോപാലകരോടും ഒപ്പം ശ്രീകൃഷ്ണന്‍ നടത്തിയ ബാലലീലകള്‍ ആണ്. കുംഭം 1 മുതല്‍ മീനം 6 വരെ 36 ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ഇവിടുത്തെത് എന്ന പ്രത്യേകത കൂടിയുണ്ട് ഈ ദേശ ഉത്സവത്തിനു.

 

പ്രത്യേകതകള്‍ 

 

കേരളീയ തന്ത്ര ശാസ്ത്ര പ്രകാരം ഉത്സവങ്ങളെ പടഹാദി, ദ്വാജാദി,അംഗുരാദി എന്നിങ്ങിനെ വേര്‍തിരിക്കാന്‍ സാധിക്കും.  പടഹാദി ഉത്സവങ്ങളില്‍ ഉത്സവത്തിനു നിശ്ചയിച്ചിട്ടുള്ള വിശേഷാല്‍ ക്രിയകള്‍ ഒന്നും ഇല്ലാതെ ദേവനെ എഴുന്നള്ളിപ്പ് മാത്രം നടത്തുന്ന രീതിയില്‍ ആണ് പതിവു. ധ്വജാദി ഉത്സവങ്ങള്‍ കൊടിയേറ്റത്തോട് കൂടിയും, അംഗുരാദി ഉത്സവങ്ങള്‍ വിശേഷാല്‍ താന്ത്രിക കര്‍മ്മമായ മുളയിടല്‍ മുതലായ ക്രിയകളോടും കൂടിയാണ് നടത്തുക. ഇതില്‍ ഈ പറഞ്ഞ മൂന്നു തരം  ചടങ്ങുകളും ഒരുപോലെ നടത്തുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു ഉത്സവാഘോഷമാണ് തൃച്ചംബരം ഉത്സവം. കുംഭം 1 മുതല്‍ക്കുള്ള 21 ദിവസം മുകളില്‍ സൂചിപ്പിച്ച പ്രകാരം  പടഹാദി ഉത്സവവും കുംഭം 22 മുതല്‍ (മാര്‍ച്ച് 6 മുതല്‍ 20 വരെ) പതിനാലു ദിവസം കൊടിയെടത്ത്തോട് കൂടി ധ്വജാദിയായും, ഇതില്‍ മീനം 1 മുതല്‍ (മാര്‍ച്ച് 14 മുതല്‍) അംഗുരാദി ഉത്സവവും ആണ് ഇവിടെ അരങ്ങേറുന്നത്. ഇതില്‍ അവസാനത്തെ 14 ദിവസമാണ്കുംഭം 22 മുതല്‍ മീനം 6 (മാര്‍ച്ച് 6 മുതല്‍ 20 വരെ) വലിയ ആഘോഷത്തോട് കൂടി ഉത്സവം കൊണ്ടാടുന്നത്.  ഈ  പതിനാലു ദിവസത്തെ ഉത്സവത്തില്‍  തൃച്ചംബരത്തുനിന്നും  8 കിലൊമീറ്റര്‌ അപ്പുറമുള്ള മഴൂര്‍ ബാലഭദ്രസ്വാമി കൂടി ഈ ഉത്സവത്തില്‍ പങ്കാളിയാകുന്നതാണ്  തൃച്ചംബരം ഉത്സവത്തെ ഏറ്റവും ഹൃദ്യമാക്കുന്നത്.

 

ചരിത്രപ്രാധാന്യം 

 

കേരളത്തിലെ എറ്റവും പഴക്കം ചെന്ന ഒരു ഉത്സവാഘോഷങ്ങളില്‍ ഒന്നാണ് തൃച്ചംബരത്ത് ഉത്സവം. കേരളത്തിലെ എറ്റവും ആദ്യത്തെ ബ്രാഹ്മണ അധിനിവേശ കേന്ദ്രമായ പെരുംചെല്ലൂര്‍ ഗ്രാമത്തിലെ (ഇന്നത്തെ തളിപ്പറമ്പ് ) പുരാതന സംസ്കൃതിയുടെ പ്രതീകം കൂടിയാണ് ഈ ഉത്സവം. പലതരത്തിലുള്ള ആഘോഷങ്ങള്‍ അന്നും ഉണ്ടായിരുന്നിരിക്കാം എങ്കിലും ഇത്രമേല്‍ ചിട്ടപ്പെടുത്തിയ എറ്റവും ആദ്യത്തെ ഉത്സവാഘോഷം എന്ന പ്രശസ്തി തൃച്ചംബരം ഉത്സവത്തിനു സ്വന്തമാകും. ചരിത്രം പരിശോധിച്ചാല്‍ കേരളത്തിലെ നമ്പൂതിരി കുടിയേറ്റത്തിന്റെ  ചരിത്രത്തോളം തന്നെ പഴക്കവും പൗരാണികതയും ഈ ഉത്സവത്തിനും ഉണ്ട് എന്ന കാണുവാന്‍ സാധിക്കും. ബി.സി. രണ്ടാം നൂറ്റാണ്ടു മുതല്‍ക്കുള്ള രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രമാണ് പെരുംചെല്ലൂര്‍ എന്ന ഇന്നത്തെ  തളിപ്പറമ്പ് ദേശത്തിനു ഉള്ളത്. സംഘകാല സാഹിത്യങ്ങളില്‍ പരാമര്‍ശമുള്ള കേരളത്തിലെ ഏക ബ്രാഹ്മണ അധിവാസമേഖല കൂടിയാണ് പെരുംചെല്ലൂര്‌.. സംഘകാല സാഹിത്യമായ അകനാനൂര്‍ എന്ന തമിഴ് കാവ്യത്തില്‍ പെരുംചെല്ലൂരില്‍ വസന്തകാലത്ത് നടക്കുന്ന ഒരു പ്രസിദ്ധമായ ഉത്സവത്തെ ക്കുറിച്ച് പരാമര്‍ശം ഉണ്ട്. അതി ഗംഭീരമായ ഈ ഉത്സവം കാണാന്‍ നായകന്‍ നായികയെ ക്ഷണിക്കുന്നതാണ് ഈ പരാമര്‍ശം. അതായത് കൃസ്തു വര്‌ഷാരംഭത്തിനു   മുന്പ് തന്നെ തമിഴ് മേഘലകളില്‍ കൂടി പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു മഹോത്സവമാണ് ഇത് എന്ന് അകനാനൂര്‍ എന്ന തമിഴ് സംഘ      കൃതി സാക്ഷ്യപ്പെടുത്തുന്നു. സംഘകാലത്തിനു ശേഷം തമിഴ് സാഹിത്യ രംഗത്ത് ശക്തി പ്രാപിച്ച മറ്റൊരു ഒരു സാഹിത്യ ശാഖയാണ്‌ അന്താദി പ്രസ്ഥാന കാലം. എ.ഡി.അഞ്ചാം നൂറ്റാണ്ടിനോട്  അടുപ്പിച്ച് അന്താദി പ്രസ്ഥാനത്തിന്റെ ആരംഭം. ഒരു ശ്ലോകത്തിന്റെ അവസാന പദം അടുത്ത ശ്ലോകത്തിന്റെ ആദ്യം ആകുന്ന തരത്തില്‍ ആണ് ഈ സാഹിത്യ പ്രസ്ഥാനത്തിലെ കൃതികള്‍ കാണുന്നത്. ഈ ശൈലിയില്‍ ഭക്തിരസത്ത്തിനു പ്രാധാന്യം കൊടുത്ത് കൊണ്ട് രചിക്കപ്പെട്ട  കൃതിയാണ്  തൃച്ചംബരത്ത് അന്താദി. കേരളത്തിലെ ഏതെങ്കിലും ഒരു ഉത്സവത്തെക്കുറിച്ച് വര്‍ണ്ണിക്കുന്ന ആദ്യത്തെ കൃതിയായി ഇതിനെ വിശേഷിപ്പിക്കാം. കൊടും തമിഴില്‍ രചിച്ചിട്ടുള്ള ഈ കൃതിയില്‍  തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തെക്കുറിച്ചും ഇവിടത്തെ പ്രസിദ്ധമായ ഉത്സവത്തെക്കുറിച്ചും എല്ലാം ആണ് വര്‌ണ്ണിച്ചിരിക്കുന്നത്. ബലഭദ്ര സ്വാമിക്ക് ഒപ്പം കൃഷ്ണനും ഗോപാലകരും നടത്തി വന്ന ബാല ലീലകള്‍ കുഭമാസത്തില്‌ ഇവിടെ അവതരിപ്പിക്കുന്നതിന്റെ സമ്പൂര്‍ണ്ണ വര്‍ണ്ണനകള്‍ കാവ്യ ഭംഗിയോടെ ഈ കൃതിയില്‍ പ്രസ്താവിച്ചിരിക്കുന്നു. ഇതിനു പുറമേ ശങ്കര കവി രചിച്ച സംസ്കൃത കാവ്യമായ തൃച്ച്ചംബരേശ സ്തുതി,പന്ത്രണ്ടാം നൂറ്റാണ്ടില്‍ മലയാളത്തില്‍ രചിച്ച  കനക കിരീടം പാട്ട് എന്നിവയിലും  തൃച്ചംബരത്തെ ഉത്സവത്തിന്റെ വര്‍ണ്ണനകള്‍ കാണാം. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഒരു ക്ഷേത്രോത്സവം ആണ് ഇത് എന്നാണ്. 

 

 

 ഉത്സവ സമ്പ്രദായങ്ങള്‍ 

ഐതിഹ്യങ്ങളെ മാറ്റി നിര്‍ത്തി ഈ ഉത്സവത്തെ പ്രതിപാദിക്കാന്‍   സാധിക്കില്ല എന്നതിനാല്‍ തന്നെ ഇവിടത്തെ ഉത്സവ സമ്പ്രദായങ്ങളും ഐതിഹ്യങ്ങളാല്‍  കേട്ടുപിണഞ്ഞു കിടക്കുന്നു എന്ന് കാണാന്‍ സാധിക്കും.   കംസവധം കഴിഞ്ഞ ഭാവത്തില്‍ ആണ് ഇവിടത്തെ ശ്രീകൃഷ്ണ സങ്കല്‌പ്പം. കൃഷ്ണനെയും ബലരാമനെയും വധിക്കാന്‍ കംസന്‍ നിയോഗിച്ച കുവലയ പീഠം എന്ന മദയാനയെ കൊന്ന് അതിന്റെ ഊരിയെടുത്ത കൊമ്പുമായി കംസ നിഗ്രഹം നടത്തിയ കൃഷ്ണനെയാണ് ഇവിടെ ആരാധിച്ച് വരുന്നത്. അതിനാല്‍ തന്നെ ഇതര ക്ഷേത്രങ്ങളിലെ കൃഷ്ണ സങ്കല്‍പങ്ങളെ അപേക്ഷിച്ച് അല്‍പ്പം രൗദ്ര ഭാവത്തില്‍ ആണ് ഇവിടത്തെ പ്രതിഷ്ടാ ഐതിഹ്യം. അതിനാല്‍ തന്നെ ആനയെ എഴുന്നള്ളിക്കുന്നത് ഇവിടെ നീഷിദ്ധമായിട്ടാണ് കരുതി പൊരുന്നത്. അതേ സമയം കുട്ടിക്കളിയുടെ ഭാവത്തില്‍ ഓട്ടവും ബഹളവുമൊക്കെ ഈ ഉത്സവത്തിനു ഉണ്ട്.

കുംഭം ഒന്നിനു തുടങ്ങുന്ന പടഹാദി എഴുന്നള്ളിപ്പ്‌ ഉത്സവത്തിനു  ശേഷം കുംഭം 22 നു നടക്കുന്ന കൊടിയേറ്റത്തോടെയാണു പൂർണ്ണാർത്ഥത്തിൽ ഉത്സവം വലിയ ആഘോഷങ്ങളിലേക്ക്‌ കടക്കുന്നത്‌. കൊടിയേറ്റത്തിനു ശേഷം അർദ്ധരാത്രിയോടെ മഴൂർ ബലഭദ്രസസ്വാമി അനിയനടുത്തേക്ക്‌ എഴുന്നളൂന്നു. എട്ടു കിലോമീറ്റർ ബലരാമന്റെ തിടമ്പ്‌ തലയിലേന്തി ക്ഷേത്ര മേൽശാന്തി ഓടി എഴുന്നള്ളുന്നതാണു തൃച്ചംബരം ഉത്സവത്തിന്റെ ഏറ്റവും ആകർഷണീയമായ മുഹൃത്തം. പിന്നീടങ്ങോട്ടുള്ള 14നാളുകൾ തൃച്ചംബരം വൃന്ദാവന സദൃശമാകും. ക്ഷേത്രത്തിൽ നിന്നും ഒരുകിലോമീറ്റർ അപ്പുറത്ത്‌ ഇന്നത്തെ നാഷണൽ ഹൈവേ കടന്ന് പോകുന്ന പൂക്കോത്ത്‌ നടയിലാണു ഉത്സവ ഘോഷങ്ങൾ. തിടമ്പ്‌ നൃത്തത്തിലേത്‌ മാതിരി ദേവന്റെ തിടമ്പ്‌ തലയിലേന്തിയുള്ള ഉത്സവ സമ്പ്രദായമാണ്  എങ്കിൽ കൂടിയും തിടമ്പ്‌ നൃത്തത്തിന്റേതായ ചിട്ടവട്ടങ്ങളോ സമ്പ്രദായങ്ങളോ ഇവിടെ നടപ്പില്ല. തൃച്ചംബരത്തപ്പന്റെ(ശ്രീകൃഷ്ണബിബം) എഴുന്നള്ളിക്കുന്ന ക്ഷേത്രം മേൽശാന്തിയുടെ (പാക്കം) മനോധർമ്മം മാത്രമാണു ഇവിടെ അടിസ്ഥാനം. ഓടാൻ തോന്നിയാൽ ഓടാം, താളത്തിനൊപ്പം നൃത്തം ചവിട്ടാൻ തോന്നിയാൽ അതാവാം, ഇനി എല്ലാം അവസാനിപ്പിച്ച്‌ ക്ഷേത്രത്തിലേക്ക്‌ മടങ്ങാൻ തോന്നിയാൽ അതുമാകാം. എല്ലാം കുട്ടിക്കളിയുടെ ഭാഗം മാത്രം. ഇതൊക്കെ തന്നെയാണ് ഇവിടത്തെ ആകര്‍ഷണവും.  ഗോവിന്ദം വിളിയുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടി ഈ കുട്ടിക്കളികള്‍ക്ക് മാറ്റു കൂട്ടും. മീനം അഞ്ചിനാണ് ആറാട്ട്. സ്വതവേ കേരളാചാര പ്രകാരം ആറാട്ടോടെയാണ് ഉത്സവങ്ങള്‍ പരിസമാപിക്കുക. എന്നാല്‍ ഇവിടെ ആറാട്ടും കഴിഞ്ഞ് അടുത്ത ദിവസം മീനം 6നു കൂടിപ്പിരിയല്‍ എന്ന ചടങ്ങോടെയാണ് ഉത്സവം സമാപിക്കുന്നത്. കളിയില്‍ ഹരം കയറിയ ജ്യേഷ്ഠാനുജന്മാരുടെ ശ്രദ്ധ മറ്റ് കാര്യങ്ങളിലെക്കൊന്നും എത്താതായപ്പോള്‍ ലോകത്ത് ആകമാനം അരാജകത്വം തുടങ്ങി എന്നും ഇത് അവസാനിപ്പിക്കാന്‍ ഇരുവരുടെയും ശ്രദ്ധ തിരിച്ച് കളിയവസാനിപ്പിക്കാന്‍ ക്ഷേത്രത്തിലേക്കുള്ള പാല്പായസത്ത്തിനു പാല്‍ എത്തിക്കുന്ന പാലമൃതന്റെ ശിരസ്സില്‍ ഒരു കുടം പാലുമായി ഇവരുടെ കളിസ്ഥലത്തേക്കു പറഞ്ഞുവിട്ടു. നിറഞ്ഞു തുളുമ്പുന്ന പാല്‍ക്കുടവുമായി വരുന്ന പാലമൃതനെ കണ്ടു കളി മറന്നു, ഏട്ടനെ മറന്നു,  പാലിന് പിന്നാലെ കുഞ്ഞികൃഷ്ണന്‍ ഓടി എന്നാണു ഐതിഹ്യം. ഇതിന്റെ പുനാവിഷ്ക്കാരമാണ് കൂടിപ്പിരിയാല്‍ ചടങ്ങ്. ശിരസില്‍ പാല്‍ക്കുടവുമായി കളിക്കിടയിലെക്ക് വരുന്ന പാലമൃതനെ  കണ്ടു ഏട്ടനെ കാക്കാതെ ക്ഷേത്രത്തിലേക്ക് ഓടിപ്പോകുന്ന കൃഷ്ണനും അത് കണ്ടു വിഷണ്ണനായി തിരികെ സ്വക്ഷേത്രത്തിലെക്ക് മടങ്ങുന്ന ബലരാമനും ഈ ഉത്സവകാലത്ത്തിന്റെ പരിസമാപ്തിയാണ് കുറിക്കുന്നത്. കണ്ടു നില്‍ക്കുന്നവരുടെ പോലും മനസ്സില്‍ വിഷമം ജനിപ്പിച്ച് കൊണ്ടുള്ള ബലഭദ്രസ്വാമിയുടെ മടക്കയാത്ര അടുത്ത ഉത്സവത്തിനായുള്ള കാത്തിരിപ്പിനു കൂടി തുടക്കമിടുകയാണ്.  തളിപ്പറമ്പ് ദേശക്കാരുടെ ഒരു വര്ഷം ആരംഭിക്കുന്നതും അവസാനിക്കുന്നതും തൃച്ചംബരം ഉത്സവത്തെ അടിസ്ഥാനമാക്കി ആണെന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നത് കൂടിയാണ് ആ കാത്തിരിപ്പ്.

 You need to a flashplayer enabled browser to view this YouTube video

embed video powered by Union Development


free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template