തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും
- Details
- Category: Theyyam
- Published on Friday, 26 April 2013 06:48
- Hits: 9054
തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും
പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-മൂന്ന്
ഭാഗം-രണ്ട് : ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും
തെയ്യത്തിന്റെ പുരാതത്വ രൂപീകരണം സാധ്യമാകുന്നത് പലപ്പോഴും അനുഷ്ഠാനങ്ങളെയും, പുരാവൃത്തങ്ങളേയും (ഐതിഹ്യങ്ങൾ സംബന്ധിച്ച പഴമൊഴി) അടിസ്ഥാനമാക്കിയാണെന്ന് കാണാം. പുരാവൃത്തവും, പുരാതത്വവും വ്യത്യസ്ഥമാണെന്നത് ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. പുരാതത്വം എന്നത് പ്രസ്തുത മൂർത്തിയുടെ അടിസ്ഥാനമായ തത്വമാണ്. ദേവതയുടെ സ്വഭാവം, ശക്തി വിശേഷം, എല്ലാം ആ തത്വത്തിൽ അതിഷ്ഠിതമാണ്. എന്നാൽ ഈ പുരാതത്വത്തെ ഐതിഹ്യവൽക്കരിക്കുമ്പോഴാണ് പുരാവൃത്തം രൂപീകൃതമാകുന്നത്. ഒരു ദേവതക്ക് തന്നെ ഓരോ ദേശത്ത് ചെല്ലുമ്പോഴും വ്യത്യസ്ഥമായ പുരാവൃത്തങ്ങൾ ഉണ്ടായെന്ന് വരാം. ചിലപ്പൊൾ രൂപത്തിലുംഅനുഷ്ഠാനങ്ങളിലും ചിലപ്പോഴെങ്കിലും പേരിൽ പോലും വ്യത്യസ്ഥത കണ്ടെന്നു വരാം. പക്ഷെ പുരാതത്വം പരിശോധിക്കുമ്പോൾ എല്ലാം ഒന്നിന്റെ തന്നെ വകഭേദമോ അല്ലെങ്കിൽ തുടർച്ചയോ ആണെന്ന് വ്യക്തമാകും. അതിനാല തന്നെ പുരാവൃത്തം അനുഷ്ഠാനത്തിന്റെ തുടർച്ചയോ, അനുഷ്ഠാനം പുരാവൃത്തത്തിന്റെ തുടർച്ചയോ ആയി കണക്കാക്കാം . ഒപ്പം തെയ്യത്തിന്റെ അനുഷ്ഠാനങ്ങളും പുരാവൃത്തവും പരസ്പര പൂരകങ്ങൾ ആണെന്നും കാണാം.ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല എന്ന അവസ്ഥ. അവിടെയാണ് തെയ്യത്തിന്റെ പുരാതത്വം വെളിപ്പെടുന്നതും.
ഓരോ തെയ്യത്തിനും സ്വന്തമായ അനുഷ്ഠാന രീതികളുണ്ട് പുരാവൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ രീതികൾ തീരുമാനിക്കുന്നത് ദേവത തന്നെയാണെന്നതും മറ്റൊരു വസ്തുതയാണ്. അതിനാൽ തന്നെ തെയ്യത്തിലെ അനുഷ്ഠാനങ്ങൾക്കും അവയിലെ ക്രിയാംശങ്ങൾക്കും ഭൗതിക ജീവിതത്തിൽ നാം ചെയ്യുന്നവയുമായി വലിയ അന്തരം ഉണ്ടാകും. തെയ്യം കെട്ടുന്ന കോലക്കാരനോ അല്ലെങ്കിൽ കോമരമോ സ്വന്തം വീട്ടിൽ നിന്ന് കുളിക്കുന്ന അർത്ഥത്തിലല്ല കാവിലെ കുളത്തിൽ നിന്ന് കുളിക്കുന്നത്. രണ്ടും രണ്ട് ധർമ്മം ആണ്. അനുഷ്ഠാനത്തിലെ ക്രിയാംശത്തിന്റെ ധർമ്മം അഭൗമതയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാം. അതിനാൽ തന്നെ തെയ്യത്തിലെ പുരാതത്വം കണ്ടെത്തുന്നതിന് ഓരോ അനുഷ്ഠാനങ്ങളെയും അതിലെ ക്രിയാംശങ്ങളെയും ഇഴകീറി പരിശോധിക്കേണ്ടതുണ്ട്. അനുഷ്ഠാനം ക്രിയാംശം ആണെങ്കിലും ഈ ക്രിയാംശം സാധിതമാകുന്നത് പ്രകൃതി, ഭൌതിക സംസ്കൃതി, അനുഷ്ഠാന കർത്താക്കൾ, വ്യത്യസ്ഥമായ സങ്കേതങ്ങൾ എന്നിവയുടെയെല്ലാം സവിശേഷമായ സംയോഗത്തിന്റെ അടിസ്ഥാനത്തിൽ ആണ്. അതിനാൽ തന്നെ അവയെക്കൂടി അനുഷ്ഠാന പഠനത്തിൽ വിശകലനം ചെയ്യേണ്ടി വന്നേക്കും.
തെയ്യത്തിന്, അതിലെ അനുഷ്ഠാനങ്ങളുടെ ഘടന ഇഴകീറി പരിശോധിച്ചാൽ ഈ അനുഷ്ഠാനങ്ങൾക്ക് പൊതുവെ ഒരു അനുക്രമം കാണാം. വരച്ച് വയ്ക്കൽ എന്ന ചടങ്ങിൽ തുടങ്ങി കരിയടിക്കൽ എന്ന ചടങ്ങോടെ അവസാനിക്കുന്നതാണ് ഒരു കളിയാട്ടത്തിന്റെ അനുഷ്ഠാനങ്ങൾ. തിരുമുറ്റത്ത് വച്ച് ഒരു ജ്യോതിഷിയുടെ സഹായത്തോടെ കവടി നിരത്തി ദേവതയുടെ കോലധാരിയാകാൻ നിയുക്തനായ കോലക്കാരനെ കണ്ടെത്തുന്ന ചടങ്ങാണ് വരച്ചു വയ്ക്കൽ എങ്കിൽ കളിയാട്ടം സമാപിച്ച് മൂന്നാം നാളോ അഞ്ചാം നാളോ കാവും പരിസരവും അടിച്ച് തളിച്ച് ശുദ്ധീകരിച്ച ശേഷം ചടങ്ങാണ് കരിയടിക്കൽ. അതായത് ഒരു കളിയാട്ടത്തിന്റെ അനുഷ്ഠാന ഘട്ടങ്ങൾ പൂർത്തിയാകുവാൻ ആഴ്ചകളോ ചിലപ്പോൾ മാസങ്ങളോ തന്നെ എടുക്കും എന്ന് സാരം. എന്നാൽ തെയ്യത്തിൽ അനുഷ്ഠാനങ്ങൾ അതിന്റെ പൂർണ്ണ അംശത്തിൽ ആരംഭിക്കുന്നത് തിടങ്ങൽ എന്ന ചടങ്ങോടെയും അവസാനിക്കുക മുടിയെടുക്കലോടെയും ആണ്. കളിയാട്ടാരംഭം കുറിക്കുന്ന ചടങ്ങാണ് തിടങ്ങൽ. കോലക്കാരൻ മുഖത്തെഴുത്തോ പ്രത്യേകിച്ച് വേഷവിധാനങ്ങളോ ഇല്ലാതെ കേവലം മല്ലുമുണ്ടിനു മേലെ ചുറ്റിക്കെട്ടിയ ചുവന്ന പാട്ടുമായി സന്നിധിയിൽ എത്തി ഒന്നാം വരവിളിയും രണ്ടാം വരവിളിയും കഴിഞ്ഞ് തോറ്റം പാട്ടിന്റെ മുന്നോടിയായുള്ള പ്രാഥമിക വിളിച്ച് ചൊല്ലലുകൾ പൂർത്തിയാക്കി മൂന്നാം വരവിളി കൂടി നടത്തുന്നതോടെ പൂർത്തിയാകുന്നതാണ് തിടങ്ങലിന്റെ ക്രമം. തിടങ്ങലിനു ശേഷം തോറ്റം ആണ്.
തോറ്റം
തോറ്റം എന്ന പദത്തിനു തെയ്യം എന്ന അനുഷ്ഠാനത്തിൽ രണ്ടു അർത്ഥം ഉണ്ട്. ഒന്ന് തെയ്യത്തിനു മുന്നോടിയായി അരങ്ങേറുന്ന അതെ ദേവതയുടെ തന്നെ തോറ്റം എന്ന അനുഷ്ഠാനം. മറ്റൊന്നു തോറ്റം എന്ന അനുഷ്ഠാനത്തിലും തെയ്യത്തിലും ദേവതയെ കോലക്കാരനിലെക്ക് ആവാഹിക്കുന്നതിനായി നാടൻ ശീലുകളോടെ പാടുന്ന പാട്ട്. ഈ ഘട്ടത്തിൽ പാടുന്ന പാട്ടാണ് തോറ്റം പാട്ട്. കേരളത്തിലെ ഒട്ടുമിക്ക അനുഷ്ഠാനങ്ങളിലും തോറ്റം പാട്ട് ഉണ്ട്. കണ്ണകി തോറ്റം, മുടിയേറ്റിലെ ദാരിക വധതോറ്റം ഇവ ചില ഉദാഹരണങ്ങൾ. സന്ദർഭം കൊണ്ടും ഘടന കൊണ്ടും ഇവയെല്ലാം വ്യത്യസ്ഥം ആണെങ്കിലും ധർമ്മം കൊണ്ട് എല്ലാം ഒന്ന് തന്നെയെന്നു കാണാം. ദേവതയുടെ സാന്നിധ്യം ഉണ്ടാക്കുവാനുള്ള പാട്ടു തന്നെയാണ് എല്ലാം. ഒരു ദേവതയുടെ പുരാവൃത്തം അറിയുന്നതിനും അത് വഴി പുരാതത്വം മനസിലാക്കുന്നതിനും ഏറ്റവും എളുപ്പമുള്ള മാർഗം തോറ്റം പാട്ടുകൾ ആണ്. സ്തോത്രം ലോപിച്ചാണ് തോട്ടം എന്ന വാക്ക് ഉണ്ടായിട്ടുള്ളത് എന്ന് പ്രമുഖ ഫോക്ലോർ പണ്ഡിതൻ ഡോ. എം.വി. വിഷ്ണു നമ്പൂതിരി അഭിപ്രായപ്പെട്ടിട്ടുണ്ട്. ആരാധ്യ ദേവതയുടെ ചൈതന്യ വിശേഷം മനുഷ്യനിലൂടെ വെളിവാകാൻ വേണ്ടി പാടുന്ന സ്തുതിപരവും ആഖ്യാനാത്മകവും ആയ ഗാനങ്ങൾ ആണ് തോറ്റം പാട്ടുകൾ എന്ന് അദ്ദേഹം ഇതിനെ വിശദീകരിക്കുന്നുണ്ട്.
തെയ്യത്തിന്റെ അവസരത്തിൽ തോറ്റം പാട്ടുകൾ ആലപിക്കുന്നത് മൂന്ന് അവസരങ്ങളിൽ ആണ്. ഒന്ന് തോറ്റം എന്ന അനുഷ്ഠാനത്തിന്റെ അവസരത്തിൽ, മറ്റൊന്ന് തെയ്യം അണിയറയിൽ അണിഞ്ഞൊരുങ്ങുന്ന ഘട്ടത്തിൽ പാടുന്ന അണിയറ തോറ്റം. മൂന്ന് തെയ്യത്തിന്റെ അവസരത്തിൽ പാടുന്ന തോറ്റം. മൂന്നു ഘട്ടത്തിലും പാടുന്നത് വ്യത്യസ്ഥമായ തോറ്റങ്ങൾ ആണെങ്കിലും എല്ലാത്തിന്റെയും വിഷയം ഒന്ന് തന്നെയായിരിക്കും. ഒരു തെയ്യത്തിനു തോറ്റം എത്ര തവണയാകാം എന്നത് ആ തെയ്യത്തിന്റെ (ദേവതയുടെ) പ്രാധാന്യത്തെ അനുസരിച്ചാകും നിർണ്ണയിക്കപ്പെടുക. ഒരു കാവിൽ ഏറ്റവും പ്രധാന മൂർത്തിക്ക് ഒന്നിലേറെ തോറ്റങ്ങൾ എന്തായാലും ഉണ്ടാകും. ഉച്ച തോറ്റം, അന്തി തോറ്റം, മോന്തി തോറ്റം (ചിലപ്പോൾകോടിയില തോറ്റം എന്നിവയ്ക്ക് ശേഷം തെയ്യം ആരംഭിക്കുക എന്നതാണ് സാമാന്യ രീതി. എന്നാൽ കാവിലെ അപ്രധാന ദേവതകൾക്ക് ഒരു തോറ്റം മാത്രമേ ഉണ്ടായെന്നു വരൂ. ചിലപ്പോൾ തോറ്റം എന്ന അനുഷ്ഠാനം പോലുമില്ലാതെ തെയ്യത്തിന്റെ ഘട്ടത്തിൽ പാടുന്ന പാട്ടു മാത്രമായിരിക്കും ഇത്തരം ദേവതകൾക്ക് തോറ്റം. അതെ സമയം മൂന്നു ദിവസം നീണ്ടു നിൽക്കുന്ന കളിയാട്ടം ആണെങ്കിൽ ഏറ്റവും പ്രധാന ദേവതയ്ക്ക് മേൽ പറഞ്ഞ ഉച്ച തോറ്റം, അന്തി തോറ്റം, മോന്തി തോറ്റം എന്നിവ ആദ്യ രണ്ടു ദിവസങ്ങളിലും അവസാന ദിവസം മോന്തി തോറ്റത്തിനു പകരം കോടിയില തോറ്റവും ഉണ്ടാവും. കാവിൽ നിന്നും കത്തിച്ച തിരികൾ വച്ച കോടിയില വാങ്ങി ഉറഞ്ഞു തുള്ളി ആ കോടിയില സഹിതം അണിയറയിലേക്ക് പിൻവാങ്ങി പിന്നീട് മുഖത്തെഴുത്തും, വേഷവിധാനങ്ങളും സഹിതം തെയ്യമായി തിരിച്ച് എത്തുകയാണ് ഇതിലെ ചടങ്ങുകൾ. മേൽ പ്രസ്ഥാവിച്ച പ്രകാരം തോറ്റത്തിൽ തിടങ്ങലിലെ ഒന്നാം വരവിളിയോടെ അനുഷ്ഠാനങ്ങൾ ആരംഭിക്കുമെങ്കിലും കോലക്കാരനിൽ ദൈവം ആവേശിക്കുന്നത് മൂന്നാം വരവിളിയും കഴിഞ്ഞ് പൊലിച്ച് പാട്ട് പാടുന്നതോടെയാണ്. ഇതേ ഘടന തന്നെയാണ് തെയ്യത്തിലും ആവർത്തിക്കുന്നത് മൂന്നു വരവിളികളും അനുക്രമമായി ആവർത്തിച്ച് പൊലിച്ചു പാടുന്നതോടെ കൊലക്കാരനിലെക്ക് ദൈവം ആവേശിക്കുകയും ഉറഞ്ഞു തുള്ളുകയും ചെയ്യുന്നു. ഉറഞ്ഞു കഴിഞ്ഞാൽ പിന്നീടുള്ള അനുഷ്ഠാനങ്ങൾ ഓരോ തെയ്യത്തിനും അനുസരിച്ച് വ്യത്യസ്ഥപ്പെട്ടിരിക്കും. ദേവതയുടെ സ്വത്വം വെളിപ്പെടുന്ന ഘട്ടവും ഇതാണ്. ഉറഞ്ഞു തുള്ളുന്ന ദേവത ഭക്തരുമായി കൂടിക്കണ്ട് ഗുണദോഷിക്കുന്ന ചടങ്ങാണ് വിശാസികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമർഹിക്കുന്നത്. എന്നാൽ എല്ലാ തെയ്യങ്ങളുടെയും അനുഷ്ഠാന ഘട്ടങ്ങൾ മുടിയെടുക്കുന്നതോടെ അവസാനിക്കും.
ഭാഗം-നാല് : തോറ്റംപാട്ടിന്റെ ഘടന