വടക്കുപുറത്തുപാട്ട്

വടക്കുപുറത്തുപാട്ട്

മണി വാതുക്കോണം                                                                                                         12 വർഷങ്ങൾ കൂടുമ്പോൾ 12 ദിവസങ്ങളിലായി വൈക്കം ക്ഷേത്രത്തിൽ വടക്കുഭാഗത്തായി ഭഗവതി(ഭദ്രകാളി)യുടെ കളമെഴുതി പാട്ടുനടത്തുന്ന പതിവുണ്ട്. ഇതിനെയാണ് 'വടക്കുപുറത്തുപാട്ട്' എന്ന് അറിയപ്പെടുന്നത്. ഇത് തുടങ്ങിയത് ഏതുകാലത്താണ് എന്ന് അറിവില്ല, തുടങ്ങുവാൻ കാരണമായി പറയപ്പെടുന്ന ഐതീഹ്യം ഇങ്ങിനെയാണ്. ഒരു കാലത്ത് വൈക്കം ദേശത്ത്(വടക്കുംകൂർ രാജ്യം) വസൂരിമുതലായ ദീനങ്ങൾ പടർന്നുപിടിച്ചു. മാസങ്ങൾ പലതുകഴിഞ്ഞിട്ടും ദീനങ്ങൾ വർദ്ധിക്കുന്നതല്ലാതെ ഒരു കുറവും കാണാനും ഇല്ലാതായതിനാലും, വളരെയധികം പ്രജകൾ മൃതിയടഞ്ഞതിനാലും രാജാവ് വളരെ വ്യാകുലനായി. ദൈവജ്ഞന്റെ പ്രശ്നവിധിപ്രകാരം വ്യാധിനിവാരണത്തിനായി വടക്കുംകൂർ രാജൻ കൊടുങ്ങലൂരിൽ പോയി ഭഗവതീഭജനം ആരംഭിച്ചു. മനസ്സുരുകി പ്രാർത്ഥിച്ചുകൊണ്ടുള്ള വടക്കുംകൂറിന്റെ ഭജനം ഒരു മണ്ഡലക്കാലം(41ദിവസങ്ങൾ) പിന്നിട്ടപ്പോൾ വസൂരി ആദിയായുള്ള വ്യാധികളെ നിവാരണം ചെയ്യാൻ കഴിവുള്ളവളും, ഭക്താനുഗ്രഹദായിനിയുമായ ശ്രീകുരുബകാവിലമ്മ(കൊടുങ്ങലൂർ ഭഗവതി) സ്വപ്നദർശ്ശനം നൽകി. സ്വദേശത്തേയ്ക്കു മടങ്ങിപോയി ദു:ഖനിവാരണാർദ്ധം വൈക്കത്ത് മതിൽക്കകത്ത് വടക്കുഭാഗത്ത് പ്രത്യേകം നെടുമ്പുരകെട്ടി ആർഭാടമായി, തന്നെ വിചാരിച്ചുകൊണ്ട് 12 ദിവസം കളമെഴുത്തും പാട്ടും നടത്തുവാനും ദേവി നിർദ്ദേശിച്ചു. അതിനുള്ള വിധികളും ദേവി ഉപദേശിച്ചുവത്രെ. തുടർന്നും പന്ത്രണ്ടു വർഷങ്ങൾ കൂടുമ്പോൾ മീനഭരണി മുതൽ 12 ദിവസം ഇങ്ങിനെ പാട്ടുനടത്തിയാൽ മേലിലും ദേശം വ്യാധിമുക്തമായിരിക്കുമെന്നും ദേവി അരുൾചെയ്തു. തലയ്ക്കൽ ഇരിക്കുന്ന വാൾകൂടി കൊണ്ടുപോകുവാനും, അത് അവിടെ വെച്ച് പൂജിക്കുവാനും നിർദ്ദേശിച്ച്, അനുഗ്രഹിച്ച് ദേവി മറഞ്ഞു. ഉണർന്നുനോക്കിയപ്പോൾ തലയ്ക്കൽ ദേവിയുടെ നാന്ദകം എന്നുപേരായ വാൾ(വളഞ്ഞവാൾ) കണ്ട് രാജാവ് ദേവിയുടെ അരുളപ്പാട് സത്യമെന്ന് ഉറപ്പിച്ചു. അടുത്തനാൾ രാവിലെ വെളിച്ചപ്പാടിന്റെ 'ഞാൻ തന്നെയാണ് ദർശ്ശനം തന്നത്. പറഞ്ഞപോലെ ചെയ്തോളൂ, എല്ലാം ഭേദാവും' എന്നുള്ള വെളിപാടുകൂടി കേട്ടതോടെ വടക്കുംകൂർ മന്നൻ താമസിയാതെ വൈക്കത്തേയ്ക്ക് മടങ്ങിചെന്നിട്ട് തനിക്കുണ്ടായ ദർശ്ശനത്തിന്റെ വിവരം പ്രജകളെ അറിയിച്ചു. തുടർന്ന് ക്ഷേത്ര ഊരാളരുടേയും കരക്കാരേയും പങ്കാളിത്തത്തോടെ വടക്കുപുറത്തുപാട്ട് നടത്തി. ഇതോടെ ദേശത്തെ വ്യാധികളും അപ്രത്യക്ഷമായി തീർന്നു.

 

 

അന്നുമുതൽ 12 വർഷം കൂടുമ്പോൾ വടക്കുപുറത്തുപാട്ട് വൈക്കത്ത് നടത്തിവന്നു. എന്നാൽ പിന്നീട് 100 ഓളം വർഷങ്ങൾ ഇത് മുടങ്ങികിടക്കുകയുണ്ടായി. അനന്തരം നാട്ടുകാരായ ഭക്തജനങ്ങളുടെ കൂട്ടായ്മയിൽ 1965 ൽ വടക്കുപുറത്തുപാട്ട് പുനരാരംഭിച്ചു. അതിനുശേഷം 5 മത് പാട്ടാണ് ഈ വർഷം ഏപ്രിൽ 13 മുതൽ 24 വരെ നടത്തപ്പെട്ടത്. തിരുവിതാംങ്കൂർ ദേവസ്വം ബോർഡിന്റെ സഹകരണത്തോടേ ഭക്തജനകൂട്ടായ്മ വടക്കുപുറത്തുപാട്ട് നടത്തുവാൻ തുടങ്ങിയതോടെ തിരുവൈക്കത്തപ്പന് കോടിയർച്ചനയും, സഹസ്രകലശാഭിഷേകവും, ഉദയനാപുരത്തപ്പന് ലക്ഷാർച്ചനയും ഇതിനോടൊപ്പം നടത്തുവാൻ തുടങ്ങി. ഒപ്പം കേരളത്തിനകത്തും പുറത്തുമുള്ള പ്രധാന കലാകാരന്മാർ പങ്കെടുക്കുന്ന കലാവിരുന്നും ഈ ദിവസങ്ങളിൽ നടത്തപ്പെടുന്നുണ്ട്. 

വടക്കുപുറത്തുപാട്ട് മീനഭരണി ദിവസമാണ് ആരംഭിക്കുക. എന്നാൽ ഇതിനു 41 ദിവസം മുൻപ് ഇതിനോട് ബന്ധപ്പെട്ട ചടങ്ങുകൾ ആരംഭിക്കുന്നു. വൈക്കം ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ളതും, വൈക്കത്തപ്പന്റെ പുത്രനായ വേലായുധസ്വാമി കുടികൊള്ളുന്നതുമായ ഉദയനാപുരം ക്ഷേത്രത്തിലാണ് ചടങ്ങുകളുടെ നാന്ദികുറിക്കപ്പെടുന്നത്. പാട്ട് തുടങ്ങുന്നതിന് 41ദിവസം മുൻപ് ഉദയനാപുരം ക്ഷേത്രത്തിലെ ബലിക്കൽപ്പുരയിൽ പൊലിയാവിളക്ക് കൊളുത്തുന്നു. പാട്ട് കഴിയും വരേയും ഇത് അണയാതെ സൂക്ഷിക്കുന്നു. ഉദയനാപുരത്തപ്പന് അന്നുമുതൽ പാട്ട് കഴിയുംവരെ ധാരയും, ചെറുപായസനിവേദ്യവും നടത്തുകയും ചെയ്യുന്നു. ഇവ തുടങ്ങുന്ന ദിവസം തന്നെ വൈക്കത്ത് മതിൽക്കകത്ത് വടക്കുഭാഗത്തായി കാൽനാട്ടൽ കർമ്മവും നിർവ്വഹിക്കുന്നു. കൊടുങ്ങല്ലൂർ ഭഗവതി വടക്കുംകൂർ രാജാവിന് അനുഗ്രഹിച്ചു നൽകിയതായ വാൾ ക്ഷേത്രഭണ്ഡാരാറ തുറന്നെടുത്ത് മേൽശാന്തിയാൽ പൂജിച്ച് വെളിച്ചപ്പാട് കൈവശം നൽകപ്പെടുന്നു. വൈക്കം ചേക്കോട് കുടുബക്കാർക്കാണ് വെളിച്ചപ്പാട് ആകാനുള്ള അവകാശം. വെളിച്ചപ്പാടിന്റെ നേതൃത്വത്തിൽ ഭക്തജനങ്ങൾ നിലംതൊടാതെ വെട്ടിക്കൊണ്ടുവരുന്ന ഉദ്ദേശം 18 അടി നീളമുള്ള പ്ലാവിൻ തടി ആഘോഷപൂർവ്വം വടക്കുഭാഗത്ത് നാട്ടുന്നു. ഇതാണ് കാൽനാട്ട്. തുടർന്ന് ഭഗവതിയുടെ വാളും ചിലമ്പും വാൽക്കണ്ണാടിയും ഈ കാലിനോടുചേർന്ന ക്ഷേത്രതന്ത്രിയാൽ പ്രതിഷ്ടിക്കപ്പെടുന്നു. അന്നുമുതൽ പാട്ടുകഴിയുംവരേയും ഇവിടെ ഭഗവതീസാന്നിദ്ധ്യമുണ്ടാകും. ക്ഷേത്രകീഴ്ശാന്തിക്കാരാൽ ഈ ദിവസങ്ങളിൽ ഇവിടെ നിവേദ്യാദികൾ അർപ്പിക്കപ്പെടുന്നു. 

 


പാട്ടു തുടങ്ങുന്നതിനു 3 ദിവസങ്ങൾക്കു മുൻപുള്ള നാൾ ചേർത്തല തൈക്കാട്ടുശ്ശേരി ഭഗവതീക്ഷേത്രത്തിലേയ്ക്കും(ശ്രീകുരുമ്പക്കാവ്), പാട്ടാരംഭത്തിനു തലേനാൾ വൈക്കത്തെ ദേശക്കാവായ മൂത്തേടത്തുകാവ് ഭഗവതീ(ഭദ്രകാളി)ക്ഷേത്രത്തിലേയ്ക്കും ഉദയനാപുരം ക്ഷേത്രത്തിൽ നിന്നും ദേശതാലപ്പൊലികൾ നടത്തപ്പെടുന്നു. ഉദയനാപുരംക്ഷേത്രത്തിലെ ഉച്ചപൂജ കഴിഞ്ഞ് അടക്കുന്ന നട വീണ്ടും തുറന്ന് മേൽശാന്തി കൊളുത്തികൊടുക്കുന്ന ദീപവുമായാണ് ഈ ദേശതാലപ്പൊലികൾ പുറപ്പെടുക. വള്ളത്തിലേറി വേമ്പനാടുകായൽ കടന്നാണ് ആദ്യതാലപ്പൊലി തൈക്കാട്ടുശ്ശേരിക്ക് പോകുന്നത്. മൂത്തേടത്തുകാവിലേയ്ക്കുള്ള രണ്ടാംദിവസത്തെ താലപ്പൊലി വൈക്കംക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്ത്, തെക്കുഭാഗത്തുള്ള പനച്ചിക്കൽ ഭഗവതിയുടെ മുന്നിൽ താലങ്ങൾ ചൊരിഞ്ഞശേഷം അവിടെ നിന്നും വീണ്ടും നിറച്ചിട്ടാണ് മൂത്തേടത്തുകാവിലേയ്ക്ക് പോവുക. പാട്ട് തുടങ്ങുന്നതിനു തലേദിവസം വൈക്കം ക്ഷേത്രത്തിന്റെ നാലുഗോപുരങ്ങൾക്കും പുറഭാഗത്ത് അടക്കാമരം കുഴിച്ചിട്ട് കൊടിയേറ്റുന്നു. കരക്കാരും ഭക്തരും ചേർന്നാണ് ഈ പുറംകൊടിയേറ്റ് നടത്തുന്നത്.
വൈക്കത്തുമതിൽക്കകത്ത് വടക്കുപുറത്തായി പ്ലാന്തടി കുഴിച്ചിട്ടതിനോടുചേർന്ന് കിഴക്കോട്ട് നീളത്തിൽ നേടുമ്പുരകെട്ടി, കളമെഴുതാനുള്ള തറയും ശരിപ്പെടുത്തി അലങ്കരിക്കുന്നു. പാട്ടുനടക്കുന്ന 12 ദിവസങ്ങളിലും പ്ലാവിന്തടിയുടെ ചുവട്ടിൽ ക്ഷേത്രകീഴ്ശാന്തിക്കാരാൽ പത്മമിട്ട് ഭഗവതീപൂജ നടത്തപ്പെടും.

 

12 ദിവസങ്ങളിലും വെളുപ്പാങ്കാലത്ത് ഭദ്രകാളിയുടെ കളം ഈ പാട്ടുപുരയിലെ തറയിൽ എഴുതപ്പെടുന്നു. പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്ന പഞ്ചവർണ്ണപൊടികളാൽ എഴുതപ്പെടുന്ന കളത്തിനു ചുറ്റും നെല്ല്, അരി, തേങ്ങ എന്നിവയാൽ ഒരുക്കുവെയ്ക്കുകയും, പാട്ടുപുര തോരണം, കുരുത്തോല, വെറ്റില, പാക്ക്, തേങ്ങാപ്പൂൾ, മാലകൾ എന്നിവതൂക്കി അലങ്കരിക്കുകയും ചെയ്യുന്നു. 1 മുതൽ 4 വരെ ദിനങ്ങളിൽ 8 കൈകളോടുകൂടിയതും, തുടർന്ന് 4 ദിവസങ്ങളിൽ 16 കൈകളോടുകൂടിയതും, 9,10,11തുടർന്നുള്ള ദിവസങ്ങളിൽ 32 കൈകളോടുകൂടിയതുമായ ഭദ്രകാളീരൂപങ്ങളാണ് ഇവിടെ വരയ്ക്കപ്പെടുക. അന്ത്യദിനത്തിൽ കാതിൽ കാട്ടാനയേയും സിംഹത്തേയും അണിഞ്ഞ് 64 കൈകളിൽ ആയുധങ്ങളോടുകൂടി വേതാളപ്പുറത്തെഴുന്നള്ളുന്നതായ ഭദ്രകാളിയുടെ കളമാണ് എഴുതപ്പെടുന്നത്. 32 കൈകളോടുകൂടിയ ഭദ്രകാളീകളം അപൂർവ്വമായി ചിലയിടങ്ങളിൽ എഴുതപ്പെടുന്നുണ്ടേങ്കിലും 64 കൈകളോടുകൂടിയ രൂപം മറ്റൊരിടത്തും എഴുതപ്പെടുന്നതായി അറിവില്ല. 25 ഓളം കലാകാരന്മാരുടെ എട്ടോളം മണിക്കൂറുകളിലെ പ്രയത്നഫലമായാണ് ഈ ബൃഹത്തായ കളം എഴുതി പൂർത്തിയാക്കപ്പെടുന്നത്. ദിവസവും മദ്ധ്യാന്നത്തിലും രാത്രിയിലും കളത്തിൽ ദേവിയെ ആവാഹിച്ച് പൂജയും, സന്ധ്യാകാലത്ത് തിരിയുഴിച്ചിലും നടത്തപ്പെടുന്നു. സന്ധ്യക്കുശേഷം ആഘോഷമായി വെളിച്ചപ്പാടിന്റെ അകമ്പടിയോടുകൂടി പാട്ടുപുരയിൽനിന്നും ഭഗവതിയെ ക്ഷേത്രകീഴ്ശാന്തിമാരാൽ ആനപ്പുറത്തെഴുന്നള്ളിച്ച് ക്ഷേത്രത്തിനു പ്രദംക്ഷിണമായി വടക്കേനട പുറത്തുകടന്ന് കൊച്ചാലിഞ്ചുവട്ടിൽ എത്തി, ഇറക്കി നിവേദ്യം കഴിച്ച്, തിരിച്ച് ക്ഷേത്രത്തിലേയ്ക്ക് പോരുന്നു. അപ്പോൾ ഭഗവതിയെ ഭക്തർ എതിരേൽക്കുന്നു. താലപ്പൊലി, വിളക്ക്, വാദ്യഘോഷം എന്നിവയുടെ അകമ്പടിയോടെ ഭഗവതി ക്ഷേത്രത്തിലേയ്ക്ക് എത്തുമ്പോഴേയ്ക്കും വൈക്കത്തപ്പനും അത്താഴശ്രീബലി എഴുന്നള്ളിച്ച് ആനപ്പുറത്തേറി പുറത്തുവരുന്നു. ഇരുവരും ചേർന്ന് 2 പ്രദക്ഷിണങ്ങൾ പൂർത്തിയാക്കിയിട്ട് ഇറക്കിയെഴുന്നള്ളിക്കുന്നു. തുടർന്ന് പാട്ടുപുരയിൽ ഭഗവതിയെ സ്തുതിച്ചുപാടുന്നു. കേശാദിപാദം പാദാദികേശം വർണ്ണിക്കുന്ന പാട്ടുകളാണ് മുഖ്യം. പാട്ടുപൂർത്തിയാകുന്നതോടെ കളം മായ്ക്കപ്പെടുന്നു. മായ്ക്കപ്പെട്ട കളത്തിന്റെ പൊടി ഭക്തർക്ക് പ്രസാദമായി വിതരണം ചെയ്യപ്പെടുന്നു. കളമെഴുതുവാനും, പൂജചെയ്യാനും, പാടുവാനും ഉള്ള അവകാശം വൈക്കം ക്ഷേത്രത്തിലെ അടിയന്തിരാവകാശികൾ കൂടെയായ പുതുശ്ശേരി തറവാട്ടിലെ കുറുപ്പുമാർക്കാണ്. പന്ത്രണ്ടാംദിവസം കളം മായ്ക്കൽ കഴിഞ്ഞാൽ വലിയഗുരുതി നടത്തപ്പെടുന്നു. ഇത് ചെയ്യുന്നത് വൈക്കംഗ്രാമത്തിലെ പൂജാധികാരികളായ വടശ്ശേരീ ഇല്ലത്തെ നമ്പൂതിരിയാണ്. ഗുരുതിക്കുശേഷം ഉദ്വാസനം  കഴിച്ച് പ്ലാന്തടി മാറ്റുകയും, ഭഗവതിയുടെ വാളും ചിലമ്പും തിരിച്ച് ഭണ്ഡാരഅറയിലേയ്ക്ക് എഴുന്നള്ളിക്കുകയും ചെയ്യുന്നതോടെ വടക്കുപുറത്തുപാട്ടിന്റെ ചടങ്ങുകൾ പൂർത്തിയാവുന്നു.free joomla templatesjoomla templates
2024  ആസ്വാദനം    globbers joomla template