ഗംഗാധരന്‍റെ മഹത്വം
- Details
- Category: Kathakali
- Published on Wednesday, 06 May 2015 00:18
- Hits: 6884
ഗംഗാധര ബാണിയുടെ കടുത്ത ആരാധകരിൽ ഒരാളായ ശ്രീ രാമദാസ്. എൻ, അദ്ദേഹത്തിൻറെ ഗംഗാധാരസ്മരണകളിലൂടെ ...
1985ലാവണം, തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്തുള്ള നാവായിക്കുളം ക്ഷേത്രത്തില്‍ കഥകളി. ആ ഭാഗങ്ങളില്‍ ഏറ്റവും മികച്ച കഥകളി നടക്കുന്ന സ്ഥലമാണ്. കൃഷ്ണന്‍ നായരാശാനും രാമന്‍കുട്ടി നായരാശാനും ഒരുമിക്കുന്ന കല്യാണസൌഗന്ധികമാണ് ആദ്യ കഥ. തുടര്‍ന്ന്, ഗോപിയാശാനും ചിറക്കര മാധവന്‍കുട്ടിയും അരങ്ങത്തെത്തുന്ന കര്‍ണ്ണശപഥം. പാട്ടിന് ശങ്കരന്‍ എമ്പ്രാന്തിരി – ഹരിദാസ് ടീമും പിന്നെ ആരോ കൂടിയും. ഞാന്‍ ഗൌരവമായി കഥകളി കണ്ടുതുടങ്ങിയിട്ടു അധികകാലമായിട്ടില്ല. ഞങ്ങളുടെ നാട്ടിലൊക്കെ അന്ന് ഗംഭീര കഥകളി എന്നാല്‍ എമ്പ്രാന്തിരി – ഹരിദാസ് ടീം ആണ് പാട്ടിന്. അങ്ങനെ ഞാനും ആ ടീമിന്‍റെ കടുത്ത ആരാധകനായിരുന്നു. കൂടാതെ കുറുപ്പാശാന്‍, ഹൈദരാലി, തുടങ്ങിയവരെയും ഇഷ്ടമാണ്. പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വെണ്മണി ഹരിദാസിന്‍റെ പൊന്നാനിപ്പാട്ട് കേള്‍ക്കുന്നത്. ഇത് ഞാന്‍ ആരാധിക്കുന്നതിലും ഏറെ മേലെയാണല്ലോ എന്ന തിരിച്ചറിവില്‍ ഹരിദാസേട്ടന്‍റെ ആസ്വാദകനായി മാറിത്തുടങ്ങിയ കാലം. ഞങ്ങള്‍ ഒരു മൂവര്‍ സംഘം അമ്പലമതില്‍ക്കകത്ത് പ്രവേശിച്ചപ്പോഴേ അറിഞ്ഞു, എമ്പ്രാന്തിരി എന്തോ അസൌകര്യം മൂലം എത്തുകയില്ല എന്ന്. അങ്ങനെ ഹരിദാസേട്ടന്‍റെ ഒരു പൊന്നാനിപ്പാട്ട് അപ്രതീക്ഷിതമായി കേള്‍ക്കാന്‍ അവസരം കിട്ടിയത്തിലുള്ള സന്തോഷവുമായി അണിയറയില്‍ വെണ്മണിയുടെ അടുത്തെത്തി. അദ്ദേഹം പറഞ്ഞു “എമ്പ്രാന്തിരിയേട്ടന്‍ ഇല്ല. ഗംഗാധരാശാനെ വിളിക്കാന്‍ കാറുമായി ആള്‍ പോയിട്ടുണ്ട്” എന്‍റെ സുഹൃത്ത് ഉടന്‍ പ്രതികരിച്ചു. “അത് വേണ്ടിയിരുന്നില്ലല്ലോ? ഹരിദാസേട്ടന്‍ പാടിയാല്‍ പോരെ?” സത്യത്തില്‍ എന്‍റെ മനസ്സിലും അതുതന്നെ ആയിരുന്നു ചിന്ത. കേട്ടയുടന്‍ അദ്ദേഹത്തിന്‍റെ മുഖം ചുവന്നു. സാധാരണ പതിവില്ലാത്ത വിധം അല്പം ദേഷ്യത്തിലായിരുന്നു പ്രതികരണം. “അങ്ങനെ ഒന്നും പറയരുത്. നിങ്ങള്‍ക്ക് ആശാന്‍റെ പാട്ട് അറിയാത്തതുകൊണ്ടാണ്” അന്ന് ആശാനും ശിഷ്യനും ചേര്‍ന്ന് പാടിയ കര്‍ണ്ണശപഥം കേട്ടപ്പോള്‍ മുതലാവണം ഇദ്ദേഹം ശ്രദ്ധിക്കേണ്ട ആളാണല്ലോ എന്ന് എനിക്കു തോന്നിത്തുടങ്ങിയത്. ( രാമണീയഗുണാകരാ - ഭൈരവി: )
ആ കാലത്ത് ആശാനെ കൂടുതലും കേള്‍ക്കുന്നത് കലാമണ്ഡലം ട്രൂപ്പിന്‍റെ കളികള്‍ക്കാണ്.ഉണ്ണിക്കൃഷ്ണക്കുറുപ്പാശാന്‍ പാടുന്ന ആദ്യകഥക്ക് ശേഷം മിക്കവാറും രാമന്‍കുട്ടി ആശാന്‍റെ കത്തിവേഷം അരങ്ങത്തെത്തുന്ന രണ്ടാമത്തെ കഥയില്‍. വഴിയേ മനസ്സിലായിത്തുടങ്ങി – ഇദ്ദേഹത്തിനു ശങ്കിടി പാടാന്‍ പറ്റുന്നവര്‍ അന്ന് കലാമണ്ഡലത്ത്തില്‍ ഇല്ലാ എന്ന്. രാമവാരിയര്‍, മാടമ്പി, സുബ്രഹ്മണ്യന്‍, സുകുമാരന്‍, ഭവദാസന്‍ തുടങ്ങി പലരും ഇലത്താളവുമായി ശങ്കിടി പാടി കേട്ടു. പതുക്കെ ആ ഘനഗംഭീര ശാരീരവും കടഞ്ഞെടുത്ത സംഗതികളുടെ അകമ്പടിയോടെ എത്തുന്ന സുന്ദരസംഗീതവും എന്നെ കീഴടക്കാന്‍ തുടങ്ങി. (രാകാധിനാഥരുചി-നീലാംബരി : )
എന്താണ് മറ്റു ജനപ്രിയഗായകരില്‍ നിന്ന് വ്യത്യസ്തമായി ഗംഗാധരാശാനെ ഉയരത്തില്‍ നിര്‍ത്തുന്നത്? കഴിഞ്ഞ ആഴ്ച ചില സമാനഹൃദയരുമായി ആശാന്‍റെ വിയോഗം പങ്കുവച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. – “ആശാന്‍റെ സൌഹൃദവും സംഗീതവും നാളികേരപാകമാണ്. പുറന്തോട് പൊട്ടിച്ചു അകത്തുകടക്കുക എളുപ്പമല്ല. അകത്തു കടന്നാലോ? മധുരശീതളമായ പാനീയമാണ് കിട്ടുക.” ഇത് കേട്ടു ഒരു സുഹൃത്ത് പ്രതികരിച്ചത് ഇങ്ങനെയാണ്. “പക്ഷേ, പുറന്തോടും ചിരട്ടയും പൊട്ടിച്ചു അകത്തുകടന്നാല്‍ പത്മവ്യൂഹത്തില്‍ അകപ്പെട്ടതുപോലെയാണ്.ആ മധുരത്തില്‍ നിന്ന് പുറത്തുകടക്കാനാവില്ല.” മറ്റൊരു സുഹൃത്ത് പറഞ്ഞു “സൗഹൃദം തേങ്ങാവെള്ളം പോലെ ലളിതവും മധുരവും ആയിരിക്കാം. എന്നാല്‍, സംഗീതം അത്ര ലളിതമൊന്നുമല്ല”
ഈ പ്രതികരണങ്ങളില്‍ ആശാന്‍റെ സംഗീതം കൃത്യമായി വിലയിരുത്തപ്പെടുന്നുണ്ട്. കുട്ടിക്കാലത്ത് പഠിച്ച ശാസ്ത്രീയസംഗീതത്തിന്‍റെ ശക്തമായ അടിത്തറ, കഥകളിപ്പാട്ടിനെ, കഥകളിസംഗീതമാക്കിയ നീലകണ്ഠന്‍ നമ്പീശന്‍ ആശാന്‍റെ ശിക്ഷണം, അവസാനം വരെ പുതു പരീക്ഷണങ്ങള്‍ക്ക് മുതിരാനുള്ള അഭിനിവേശം – ഇതെല്ലാമാവണം ആശാന്‍റെ പാട്ട്.
“ചിട്ടക്കഥകള്‍ ഗംഗാധരന്‍ തന്നെ പാടണം” എന്ന് മുന്‍പ് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കലാമണ്ഡലത്തിലെ വിദ്യാഭ്യാസവും പിന്നെ ഇടവേള ഇല്ലാതെ തന്നെ അവിടെ അദ്ധ്യാപനവും അരങ്ങുകളും – അങ്ങനെയൊക്കെയുള്ള ജീവിതം അതിനു ആശാനെ പ്രാപ്തനാക്കിയിട്ടുമുന്ദ്. നമ്പീശന്‍ ആശാനും ഉണ്ണിക്കൃഷ്ണക്കുറുപ്പാശാനും സജീവമായുണ്ടായിരുന്ന കലാമണ്ഡലം കളികളില്‍ രണ്ടാമത്തെ കഥയുടെ ഗായകനായിരുന്നു ആശാന്‍. സംഗീതത്തിലും സമ്പ്രദായത്തിലും ഉള്ള അവഗാഹം നല്‍കുന്ന ചങ്കൂറ്റവും ആശായ്മയും ചിട്ടകഥകള്‍ക്കുവേണ്ടി ചേങ്ങില പിടിച്ചു പാടുമ്പോള്‍ ആശാനെ വേറിട്ട് നിര്‍ത്തിയിരുന്നു. (വിജയാ തേ :)
എന്നാല്‍ പരീക്ഷണോത്സുകമായ മനസ്സു ചിറകു വിടര്‍ത്തി പറക്കുന്നത് നളചരിതം അടക്കമുള്ള ഭാവപ്രധാനമായ കഥകള്‍ പാടുമ്പോഴാണ്. പതിവുരാഗങ്ങള്‍ക്ക് പകരം പുതിയ പുതിയ രാഗങ്ങള്‍ ഓരോ അരങ്ങിലും പരീക്ഷിക്കുവാന്‍ അദ്ദേഹം ഉത്സുകനായിരുന്നു. ഒരൊറ്റ രാഗമാറ്റപരീക്ഷണം പോലും അരങ്ങിനു യോജിക്കാത്തതായി തോന്നിയിട്ടുമില്ല. അരങ്ങത്ത് ഭാവം കൊണ്ടുവരാനായി പലരും ശബ്ദനിയന്ത്രണവും മറ്റു പല തന്ത്രങ്ങളും ഉപയോഗികുമ്പോള്‍ അരങ്ങത്ത് ഉചിതമായ ഭാവതലം സൃഷ്ടിക്കുന്നതിനുള്ള ആശാന്‍റെ മാര്‍ഗ്ഗം, രാഗഭാവവും അനുയോജ്യമായ സംഗതികളും ഗമകങ്ങളുമൊക്കെ ഉപയോഗിക്കുക എന്നതായിരുന്നു. മറ്റാരും എത്തിച്ചേരാത്ത ഉയര്‍ന്ന സ്ഥായിയില്‍ പാടുമ്പോഴും, പടിപടിയായി സംഗതികളും ഗമകങ്ങളും ഉപയോഗിച്ച് ഒരു മോട്ടോര്‍ വാഹനം ഗിയര്‍ കൃത്യമായി മാറ്റി, ഇടയ്ക്കു സാവധാനം ബ്രേക്ക് ചെയ്തു, വാഹനത്തിലെ യാത്രക്കാരന് ഒരു അലോസരവും ഉണ്ടാകാതെ ചെങ്കുത്തായ ഒരു കയറ്റം കയറുന്ന പ്രതീതിയാണ് ആശാന്‍ ഉണ്ടാക്കിയിരുന്നത്. എത്തേണ്ടിടത്ത് യാതൊരു അപകടവും കൂടാതെ എത്തി, സുഗമമായി തന്നെ തിരിച്ചുവരികയും ചെയ്യും.
തോടിയും (),കല്യാണിയും, ഭൈരവിയും, കാംബോജിയും, ശങ്കരാഭരണവും പോലെയുള്ള ഘനരാഗങ്ങളും ഒപ്പം തന്നെ ആനന്ദഭൈരവിയും മോഹനവും സാവേരിയും പോലെയുള്ള മൃദുരാഗങ്ങളും ഒരേപോലെ ആസ്വാദ്യമാക്കിയിരുന്ന ആശാന്‍ ആഹീര്‍ ഭൈരവും (), ദേശും, ശ്യാമയും, യമുനാകല്യാണിയും സിന്ധുഭൈരവിയും, ഹിന്ദോളവും ( ), വസന്തയും, കുന്തളവരാളിയും പോലെ കഥകളിയില്‍ പതിവില്ലാത്ത രാഗങ്ങള്‍ പാടുമ്പോഴും, ഇത് തന്നെയാണ് കഥകളിപ്പാട്ട് എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. ഏതു രാഗമായാലും സാധാരണ കേള്‍ക്കുന്ന സഞ്ചാരവഴികളില്‍ നിന്നു വ്യത്യസ്തമായ പാതയിലൂടെയാവും ആശാന്‍ യാത്ര ചെയ്യുക. കഥകളിക്കു ഇത് തന്നെയാണ് വേണ്ടത് എന്ന് തോന്നുകയും ചെയ്യും. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു “യമുനാകല്യാണി ‘കൃഷ്ണാ നീ ബേഗനേ ബാരോ’ പാടുന്നപോലെ മാത്രമേ പാടാവൂ എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. അങ്ങനെയൊന്നുമല്ലാതെയും ആ രാഗം പാടാം”. ആ മനസ്സായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ( നാളില്‍ നാളില്‍ വരും : യമുനാകല്യാണി)
ഗുരുനാഥന്‍ അല്ലാതെ തന്നെ സ്വാധീനിച്ച മറ്റു മുതിര്‍ന്ന ഗായകര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ ആശാന് പറയാന്‍ ഒരൊറ്റ പേരേ ഉള്ളൂ. അത് ചേര്‍ത്തല കുട്ടപ്പക്കുറുപ്പ് എന്നാണ്. വിപ്ലവാത്മകമായ ആശാന്‍റെ സംഗീതവഴികളില്‍ കുട്ടപ്പക്കുറുപ്പാശാന്‍റെ സ്വാധീനം പ്രകടമാണ് എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. “എനിക്ക് അദ്ദേഹത്തിന്‍റെ കൂടെ അധികം പാടാന്‍ അവസരം കിട്ടിയിട്ടില്ല. കുറെ കൂടി പിടിച്ചെടുക്കാനുണ്ടായിരുന്നു” എന്ന് ഒരിക്കല്‍ ആശാന്‍ സരസമായി പറയുകയുണ്ടായി. ആശാന്‍ പാടി പ്രസിദ്ധമാക്കിയ ബാലിവധത്തിലെ താരയുടെ “ഹാ ഹാ നാഥാ നായകാ” ( ) എന്ന പദവും ഹുസൈനിയിലേക്ക് രാഗമാറ്റം നടത്തിയ ദേവയാനീസ്വയംവരത്തിലെ “കല്യാണീകുലമൌലേ” ( ) എന്ന പദവും കുട്ടപ്പക്കുറുപ്പാശാന്‍റെ വഴിയില്‍ ആണെന്നു ആശാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. പുതിയ രാഗപരീക്ഷനങ്ങളാണോ, പതിവു രാഗങ്ങളിലെ ആലാപനമാണോ ഏറെ ആസ്വാദ്യം എന്നു ചോദിച്ചാല്‍ മറുപടി പറയാനാവാത്ത വിധം രണ്ടിലും ആശാന്‍ അനന്വയമാകുന്നു.
കഥകളിപ്പാട്ടില്‍ ഇത്രയധികം ശിഷ്യന്മാരുള്ള മറ്റൊരു ഗുരുവും ഉണ്ടാകാനിടയില്ല. വെണ്മണി ഹരിദാസ് ആണ് ആദ്യശിഷ്യന്‍ എങ്കിലും അതിനു മുന്നേ അഭ്യസിച്ചിരുന്ന എമ്പ്രാന്തിരി, ഹൈദരാലി, മാടമ്പി തുടങ്ങിയവര്‍ക്കും ആശാന്‍ ഗുരുസ്ഥാനീയന്‍ തന്നെ. ഇന്ന് അരങ്ങത്ത് തിളങ്ങിനില്‍ക്കുന്ന യുവഗായകര്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. സംഗീതത്തിന്‍റെ ഔന്നത്യത്തില്‍ എത്തി നില്‍ക്കുന്ന ആശാന്‍ മറ്റു ഗായകരെ കുറിച്ച അതികേമമായ അഭിപ്രായപ്രകടനം നടത്തുന്നത് അത്യപൂര്‍വ്വമാണ്.
കളരിയിലും അരങ്ങത്തും അദ്ദേഹം കര്‍ക്കശക്കാരനായ ആശാന്‍ തന്നെയാണ്. അരങ്ങത്തു പാടുമ്പോള്‍ ആശാന്‍റെ ദുര്‍ഘട വഴികള്‍ പിന്തുടരാന്‍ കഷ്ടപ്പെടുന്ന ശിങ്കിടിയെ പഠിപ്പിക്കുന്ന ഗുരുവായി ആശാന്‍ മാറുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.
ഒരുവിധപ്പെട്ട യുവഗായകര്‍ എല്ലാവരും തന്നെ ആശാന്‍റെ ഒപ്പം ശങ്കിടി പാടാന്‍ മടിക്കുന്നതായി കാണാറുണ്ട്. ബഹുമാനക്കുറവല്ല കൂടുതലാണ് അതിനു കാരണം. അടുത്തെങ്ങുമെത്താന്‍ കഴിയില്ല എന്നുറപ്പുള്ള സ്ഥിതിക്ക് അതിനു മിനക്കെടേണ്ട എന്നാണു പലരും ചിന്തിക്കുന്നത്. ഈ അടുത്ത് ഒരു യുവഗായകന്‍ പറയുകയുണ്ടായി “ആ കളരിയില്‍ ഇരുന്നു പഠിച്ച ഒരാള്‍ക്കും ധൈര്യപൂര്‍വ്വം ആശാന്‍റെ ഒപ്പം ശങ്കിടി പാടാന്‍ കഴിയില്ല”. ആസ്വദിച്ചു, ആഘോഷിച്ചു ശങ്കിടി പാടാന്‍ സ്വയം തയ്യാറാവുന്ന ഗായകന്‍ കോട്ടക്കല്‍ പി ഡി നമ്പൂതിരി മാത്രമാവും. ഏറ്റവും നന്നായി ആശാനെ പിന്‍തുടര്‍ന്നിരുന്ന വെണ്മണി ഹരിദാസ് പോലും കുറച്ച് അരങ്ങുകളില്‍ മാത്രമേ കൂടെ പാടിയിട്ടുള്ളു. അപ്പോഴൊക്കെ, സ്വതവേയുള്ള പരിഭ്രമം ഏറെ അധികരിച്ചിരുന്നു.
തുടക്കം മുതല്‍ തന്നെ ഏറെ അവഗണനയും തമസ്കരണവും അനുഭവിക്കാന്‍ നിയോഗമുണ്ടായിട്ടുള്ള ആശാന് ആസ്വാദകര്‍ വളരെ കുറവാണ്. പുറന്തോട് പൊട്ടിച്ചു ആ സംഗീതം അറിയാന്‍ കഴിയാത്തതാണ് അതിനു കാരണം. ഉള്ള ആസ്വാദകരെ സ്വന്തം ആളുകളായി കാണുന്ന അദ്ദേഹം അവര്‍ക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്താണ്. എഴുപത്തിയൊന്പതാം വയസ്സിലും തന്നെ അറിയാന്‍ ശ്രമിക്കുന്ന മുപ്പതുകാരനെ അദ്ദേഹം തുല്യനായ സുഹൃത്തായി കണ്ടിരുന്നു.
ആറു പതിറ്റാണ്ടോളം കഥകളി അരങ്ങത്ത് സജീവസാന്നിദ്ധ്യമായിരുന്ന, ഈ മഹാഗായകന്‍ പാടിയിരുന്ന ആദ്യനാളുകളില്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. കഥകളി കാണാന്‍ തുടങ്ങിയ ആദ്യനാളുകളില്‍ ഞാന്‍ അദ്ദേഹത്ത്തിലേക്ക് ആകൃഷ്ടനായില്ല. അവസാനത്തെ മുപ്പതു വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ സംഗീതം ഒരു ലഹരിയായി ആസ്വദിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം. ശിഷ്യന്‍ വെണ്മണി ഹരിദാസ് പറയുമായിരുന്നു “എന്നെ പഠിപ്പിക്കുന്ന കാലത്തെ ആശാന്‍റെ പാട്ട് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പിന്നെ ആശാനെ കുറിച്ച് ഒന്നും പറയേണ്ട” എന്ന്.
ഗൌരവമായി കഥകളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ “ആശാന്‍” എന്ന ഒറ്റവാക്കില്‍ ഞാന്‍ കണ്ടിരുന്ന രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അവരില്‍ രാമന്‍കുട്ടി ആശാന്‍ മുന്‍പേ പോയി. ഇപ്പോള്‍ ഗംഗാധരാശാനും. ശതകോടി പ്രണാമം.
(Photo Courtesy : Ajith Menon )