കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ

 കലാനിലയം ഉണ്ണികൃഷ്ണൻ: പൂർവാശ്രമത്തിൽ കഥകളിക്കാരൻ

 

പൊന്നാനിഭാഗവതരായി കേരളമൊട്ടുക്ക് പേരെടുക്കുംമുമ്പ് തിരുവിതാംകൂറുകാരൻ പയ്യൻ ഇരിഞ്ഞാലക്കുടയിലെ സ്ഥാപനത്തിൽ ചേരുന്നത് വേഷം പഠിക്കാനായിരുന്നു. ആറു പതിറ്റാണ്ട് പഴക്കമുള്ള ആ ചരിതത്തിലേക്ക് ഒരു മിന്നൽനോട്ടം.

ശ്രീവൽസൻ തിയ്യാടി

Kalanilayam M Unnikrishnan 
പുറപ്പാടിലെ കൃഷ്ണൻ ആയിട്ടായിരുന്നു അരങ്ങേറ്റം. ആറ് പതിറ്റാണ്ട് മുമ്പ്. എന്നാൽ പിന്നീട് സ്ഥിരമായി മീശവച്ച മുഖമായി. വേഷങ്ങൾ കിട്ടാഞ്ഞിട്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമല്ല. കാരണം കഥകളി പഠിക്കേ മൂന്നാം വർഷം പയ്യൻ ചുവടുമാറി. കാൽസാധകം നിർത്തി തൊണ്ടയാക്കി കലായന്ത്രം. അങ്ങനെയാണ് കലാനിലയം എം ഉണ്ണികൃഷ്ണൻ എന്ന പാട്ടുകാരൻറെ പിറവി.

സംഭവത്തിന് രണ്ടു വേനലിനകം ഷഷ്ടിപൂർത്തിയാകും. കഥാനായകന് ഇന്ന് വയസ്സ് 73 നടപ്പ്.

ഇരിഞ്ഞാലക്കുടയിൽ കഥകളി പഠിച്ചിരുന്ന സ്ഥാപനത്തിന് തൊട്ടുള്ള കൂടൽമാണിക്യം അമ്പലത്തിൽ ആയിരുന്നു കന്നിയരങ്ങ്. സ്വല്പം കടുപ്പത്തിൽ നീലമനയോല തേച്ച മുടിവച്ച രൂപം. നേർത്ത അരവണ്ണത്തിന് പാകത്തിന് ഉടുത്തുകെട്ട്. എന്നാൽ ഉയരംതികഞ്ഞിട്ടല്ലാത്ത പ്രായമാകയാൽ ഞൊറി കാലടിയോളം ഞാന്നിട്ടുണ്ട്. ഉത്തരീയങ്ങൾക്കും ഒരുമിനുസം നീളക്കൂടുതൽ കല്പിക്കാം.

ഇങ്ങനെ സൂക്ഷ്മം പറയാൻ കാരണം ആ വേദി പകർത്തിയ ഒരു ഫോട്ടോ നിലവിലുള്ളതിനാലാണ്. കാലത്തിൻറെ വിസ്മൃതിയിലേക്ക് വഴുതിയിരുന്ന ആ കറുപ്പുംവെളുപ്പും ചിത്രം അടുത്തിടെ അവിചാരിതമായി കൈപ്പറ്റിയത് ഉണ്ണികൃഷ്ണന് കൗതുകമായി. ക്യാമറ മിന്നിയ കോണിൽ കടലാസുചുട്ടിക്കുള്ളിലെ മുഖം മറഞ്ഞിട്ടുണ്ട് -- ഉയർത്തിപ്പിടിച്ചിട്ടുള്ള സ്വന്തം കൈയാൽ.

Kalanilayam Unnikrishnan's Kathakali arangettam as Krishnan in Purappada @ Koodalmanikyam temple in Irinjalakuda, 1963


എന്നാൽ തട്ടിന്മേൽ ബാക്കിയുള്ളവരത്രയും വ്യക്തം. അച്ഛൻ തകഴി മാധവക്കുറുപ്പ് മുഖ്യ ഗായകൻ. ചേങ്ങില പിടിച്ചുള്ള പൊന്നാനിഭാഗവതർ തെക്കൻശൈലിയിൽ വലത്താണ് നിൽക്കുക. ഇലത്താളവുമായി വൈക്കംകാരൻ ചെമ്പിൽ വേലപ്പൻ നായർ. ചെണ്ട: ശ്രീനാരായണപുരം അപ്പു മാരാർ, മദ്ദളം: പാഴൂർ കൃഷ്ണൻകുട്ടി മാരാർ.

മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളിൽ അവസാനത്തേതാണ് സംഗമേശ്വരഭൂവിൽ. അവിടെ മാത്രമേ ഉണ്ണികൃഷ്ണൻ കഥകളിവേഷമാടിയുള്ളൂ. ഒരേയൊരു തവണ. തിരിഞ്ഞുനോക്കുമ്പോൾ 1963ലെ സംഭവം അദ്ദേഹത്തിൽ വിശേഷിച്ച് കൗതുകം ഉണർത്തുന്നില്ല. എന്തെങ്കിലുമുണ്ടെങ്കിൽത്തന്നെ സ്വയം കളിയാക്കുന്ന നർമം: "ദൈവം സഹായിച്ച് നിങ്ങക്കാർക്കും പിന്നെ എൻറെ വേഷം കാണേണ്ടിവന്നില്ല. പുറപ്പാടിന്‌ കൃത്യം അന്നേരംതന്നെ പടം എടുത്തതുകൊണ്ട് ഒള്ള മുഖവും തെളിയാതെപോയി."

ഓടനാട്ടിൽനിന്ന് ഉണ്ണായിയൂരിലേക്ക്

പതിനെട്ടാം നൂറ്റാണ്ടിൻറെ രണ്ടാംപാദത്തിൽ പ്രസിദ്ധമായ 'നളചരിതം' എഴുതിയ ഉണ്ണായി വാര്യരുടെ സ്മരണയിൽ പണിത കലാനിലയം കുടികൊള്ളുന്നത് ആട്ടക്കഥാരചയിതാവിൻറെ ഭവനത്തിലാണ് എന്നാണ് പ്രമാണം. അവിടെയാണ് പഴയ ഓണാട്ടുകരയിൽനിന്നൊരു ബാലൻ വേഷം പഠിക്കാൻ എത്തുന്നത്. സ്ഥാപനത്തിന് അടിക്കല്ലിട്ട് അഞ്ചുകൊല്ലത്തിനു ശേഷം -- 1960ൽ. ജന്മദേശമായ കായംകുളത്തുനിന്ന് 160 കിലോമീറ്റർ താണ്ടി. സഞ്ചരിച്ചതേറെയും തീവണ്ടിയിൽ. കല്ലേറ്റുംകര സ്റ്റേഷനിൽ ഇറങ്ങി ആറു നാഴിക പടിഞ്ഞാട്ട് ബസ്സിലും.

അച്ഛൻറെ കൂടെയായിരുന്നു ആ വടക്കൻയാത്രക്കുള്ള പുറപ്പാട്. പിതൃവഴിയിലുണ്ട് കലാപാരമ്പര്യം, അതുപക്ഷേ സംഗീതത്തിലായിരുന്നു. മകനെ കഥകളിക്ക് ചേർക്കുമ്പോൾ തകഴി മാധവക്കുറുപ്പ് അദ്ദേഹത്തിൻറെ നാട്ടിലെ ശാസ്താക്ഷേത്രത്തിലെ സോപാനഗായകനാണ്. മുത്തച്ഛൻ 'ദാനവാരി കുറുപ്പ്' എന്ന് ഖ്യാതിയുള്ള കൊച്ചുകുഞ്ഞും അതിനുമുന്നെ ആ നടയ്ക്കൽ കൊട്ടിപ്പാടിസ്സേവ ചെയ്തുപോന്നു.

"കഥകളിക്കും പാടിയിരുന്നു അച്ഛൻ -- എൻറെ അരങ്ങേറ്റചിത്രത്തിൽനിന്ന് പിടികിട്ടിക്കാണുമല്ലോ. അരങ്ങുനിയന്ത്രിക്കുന്നു എന്ന് പറയാമെങ്കിലും അരങ്ങത്ത് വേഷമാണല്ലോ ഫലത്തിൽ പ്രധാനം. അതിനാൽതന്നെ അച്ഛന് മോഹം ഞാൻ കഥകളിക്കാരൻ ആവണം എന്നതായിരുന്നു," എന്നോർക്കുന്നു ഉണ്ണികൃഷ്ണൻ.

അമ്മനാടായ കായംകുളത്തുനിന്ന് പന്ത്രണ്ടാം വയസ്സിൽ ഇരിഞ്ഞാലക്കുടക്ക് പുറപ്പെട്ട ട്രെയിനിൽ എറണാകുളത്തുനിന്ന് അച്ഛൻറെ രണ്ടു പരിചയക്കാർ കയറി. അവരുടെ കൂടെയുണ്ടായിരുന്ന പയ്യനും കലാനിലയത്തിൽ വേഷം പഠിക്കാൻ പുറപ്പെട്ടിട്ടുള്ളതായിരുന്നു. കോട്ടയം മാങ്ങാനംകാരൻ ടി.ജി. ഗോപാലകൃഷ്ണൻ.

പിന്നീടത്തെ പ്രസിദ്ധ സ്ത്രീവേഷക്കാരൻ കലാനിലയം ഗോപാലകൃഷ്ണൻ അങ്ങനെ ഉണ്ണികൃഷ്ണന് സഹപാഠിയായി. തിരുവല്ലക്കാരൻ മന്മഥനും. (ഇദ്ദേഹം പിന്നീട് അരവിന്ദാക്ഷ മേനോൻറെ ബാലെ ട്രൂപ്പിൽ നർത്തകനായി, മദ്ധ്യവയസ്സ് പിന്നിട്ടതോടെ വീണ്ടും കുറേശ്ശെ കഥകളിയിലും.) പള്ളിപ്പുറം ഗോപാലൻനായർ വേഷം മേധാവിയായിരുന്ന തുടക്കകാലത്ത് കലാനിലയം രാഘവൻറെ കളരിയിൽ മുതിർന്നുവന്നു കുമാരന്മാർ. ഗോപാലകൃഷ്ണൻ മുന്നേ നാട്ടിൽനിന്ന് വേഷം ലേശം അഭ്യസിച്ചിട്ടുള്ളതായിരുന്നു. അതിനാൽ ഉണ്ണിക്കൃഷ്ണനെക്കാൾ മുന്നേ കലാനിലയത്തിൽ ഔപചാരികമായി അരങ്ങേറി.

"എൻറെത് പിന്നീടായിരുന്നു. രണ്ടാംവർഷം കഴിയുന്നതോടെ. ശ്രീകൃഷ്ണൻ. ഒറ്റക്ക്. ഉത്സവത്തിന്," എന്നോർക്കുന്നു. "വലിയ കുഴപ്പംകൂടാതെ പോയി."

തുടർന്നും ചൊല്ലിയാട്ടക്ലാസ് നടന്നുവന്നു. കലാമണ്ഡലം കുട്ടൻ അദ്ധ്യാപനത്തിന് വരുന്നതിന് തൊട്ടുമുമ്പുവരെ. ഉത്തരാസ്വയംവരം ദൂതൻ, ലവണാസുരവധത്തിലെ കുശലവന്മാർ, സീത തുടങ്ങി കഥാപാത്രങ്ങൾ കളരിയിലഭ്യസിച്ചു. രംഗത്ത് വേഷങ്ങൾ ഒന്നുമേ തുടർന്നുണ്ടായില്ല. സമകാലികൻ കലാനിലയം പരമേശ്വരൻ എന്ന ചുട്ടിക്കാരനും തുടക്കത്തിൽ വേഷം വിദ്യാർത്ഥിയായിരുന്നു.

വൈകിട്ട് കുളത്തിൽ മേൽകഴുകി വന്നാൽ സന്ധ്യക്ക് സ്ഥാപനത്തിൽ കുട്ടികൾ ഒത്തുചേർന്നുള്ള ഭജനയുണ്ട്. ഉണ്ണിക്കൃഷനും കൂടും. കൊച്ചൻറെ പാട്ട് മൂത്തവർ ശ്രദ്ധിക്കാൻ തുടങ്ങി. സംഗീതം തരക്കേടില്ലല്ലോ എന്നൊരഭിപ്രായം ആശാന്മാർക്കിടയിൽ പരക്കാനും ഹേതുവായി.

"അങ്ങനെ മൂന്നാം വർഷത്തിനിടെ അവർ അച്ഛനെ കലാനിലയത്തിലേക്ക് വിളിപ്പിച്ചു. കുട്ടിയെ പാട്ടിലേക്ക് തിരിച്ചുവിടട്ടെ എന്നാരാഞ്ഞു സ്ഥാപനമേധാവി പുതൂര് അച്യുതമേനോൻ. ആശയം അച്ഛന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'അവൻ വേഷക്കാരനായി കാണാൻ മോഹിച്ചാണ് ഇവിടെ കൊണ്ടുവന്നാക്കിയത്' എന്ന് ഓർമപ്പെടുത്തി. ആശാന്മാർ അവരുടെ ന്യായവും പറഞ്ഞു. 'എന്നാൽ നിങ്ങടെ ഇഷ്ടം പോലാട്ടെ' എന്ന് തീരെ തൃപ്തിയില്ലാതെ അച്ഛൻ പറഞ്ഞു. ഒട്ടും നേരം കളയാതെ ഇറങ്ങിപ്പോവുകയും ചെയ്തു."

പാട്ടുപാതയിലേക്ക് നടന്നേറിയത്

അതേതായാലും വൈകാതെ ഉണ്ണികൃഷ്ണൻ സപ്‌തസ്വരം അഭ്യാസത്തിനിരുന്നു. വേലപ്പൻ നായര് കൂടാതെ പാഴൂര് കൃഷ്ണൻകുട്ടി മാരാർ എന്ന ബഹുകലാപ്രയോക്താവ് -- ക്ഷേത്രമടിയന്തിരക്കാരനായ അദ്ദേഹം പാടും, കൊട്ടും. ,മഹാശയനായ ചേർത്തല കുട്ടപ്പക്കുറുപ്പും തെല്ലുമാസങ്ങൾ പഠിപ്പിച്ചു.

അങ്ങനെപോകെ ഇരിഞ്ഞാലക്കുടയിൽനിന്ന് 15 കിലോമീറ്റർ കിഴക്ക് കൊടകരയിൽ കഥകളി. കലാനിലയം ട്രൂപ്പിനൊപ്പം വേറെയും ഒന്നാംകിട കലാകാരന്മാരുണ്ട്. വിദ്യാർത്ഥിയെന്ന നിലയിൽ ഉണ്ണികൃഷ്ണനും എത്തി പുത്തുക്കാവ് ദേവീക്ഷേത്രത്തിൽ. താലപ്പൊലിയാണ്. മുഴുരാത്രി അരങ്ങ്. നിനച്ചിരിക്കാതെ കൃഷ്ണൻകുട്ടി മാരാർ എത്താതെപോയി. പരിഭ്രമമായി.

അനിശ്ചിതത്വം അവസാനിപ്പിക്കാൻ തീർപ്പുകല്പിച്ചത് വേലപ്പൻ നായരാശാനാണ്. "കയറിനിന്ന് പാട്..." എന്നങ്ങു പറഞ്ഞു ഉണ്ണികൃഷ്ണനോട്. ആജ്ഞയിൽ പരുങ്ങിയില്ല പയ്യൻ. പുറപ്പാടിന്‌ ഇലത്താളമേന്താൻ രണ്ടാമുണ്ട് ചുറ്റി. തുടർന്നൊരു പൂതനാമോക്ഷം. "ഓർമ ശരിയെങ്കിൽ കോട്ടക്കൽ ശിവരാമൻറെ ലളിത." അതിനും പാടി. "പിന്നീട് നേരുപറഞ്ഞാൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല."

Puthukkavu Devi Temple at Kodakara, where Kalanilayam Unnikrishnan debuted as a Kathakali musician


താമസിയാതെ, 1965ൽ കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി എത്തി ഉണ്ണികൃഷ്ണന് കലാനിലയത്തിൽ ഗുരുവായി. അഞ്ചുകൊല്ലം കഴിഞ്ഞ് കോഴ്സ് മുഴുമിപ്പിച്ചു. മാസങ്ങൾക്കകം കലാമണ്ഡലം വിളിച്ചു. ആദ്യം താത്കാലിക അടിസ്ഥാനത്തിൽ. 1980 തുടങ്ങി സ്ഥിരംനിയമനം. കലാമണ്ഡലം ആരംഭിച്ചുള്ള അൻപതാം വർഷത്തിലാണ് പുറമേസ്ഥാപനത്തിൽ അഭ്യസിച്ചൊരാൾ ആദ്യമായി ആശാനാവുന്നത്. അങ്ങനെ 23 കൊല്ലം പല തലമുറകളെ പഠിപ്പിച്ച് 2003ൽ വകുപ്പുമേധാവിയായി വിരമിച്ചു.

കലാനിലയകാലത്തിൻറെ മദ്ധ്യത്തിൽത്തന്നെ കഥകളിക്ക് പാടാൻ നിറയെ അവസരങ്ങൾ വന്നുതുടങ്ങി. നീലകണ്ഠൻ നമ്പീശൻ, ഉണ്ണികൃഷ്ണ കുറുപ്പ്, കലാമണ്ഡലം ഗംഗാധരൻ തുടങ്ങി വടക്കർക്കും അതല്ലാതെ ദക്ഷിണകേരളത്തിലെ പ്രമുഖരായ തകഴി കുട്ടൻ പിള്ള, തണ്ണീർമുക്കം വിശ്വംഭരൻ, ചേർത്തല തങ്കപ്പപ്പണിക്കർ, സുകുമാര മേനോൻ തുടങ്ങിയവർക്കും വിശ്വസിക്കാവുന്ന ശങ്കിടിയായി. കല്ലുവഴിയും കപ്ലിങ്ങാടനും ചിട്ടകൾ വശമാക്കി. 'കർണശപഥം' മലയാളക്കരയിൽ തരംഗമായ 1980കളിൽ തുടങ്ങി തിരക്കുള്ള പൊന്നാനിയായി.

Kalanilayam Unnikrishnan as the main musician

അച്ഛൻ മാധവക്കുറുപ്പ് ശതാഭിഷിക്തനായി പിറ്റേവർഷം മരിച്ചു -- 1982ൽ. മകൻ വേഷക്കാരനല്ലാതെ പോയല്ലോ എന്ന ഖേദമേതും കൂടാതെ. അദ്ദേഹം രചിച്ച വള്ളീപരിണയം, ഭീഷ്മവിജയം, സപ്താഹസംഭവം എന്നിങ്ങനെ മൂന്ന്  ആട്ടക്കഥകൾക്ക് സംഗീതം ചിട്ടപ്പെടുത്തിയത് ഉണ്ണികൃഷ്ണനായിരുന്നു. പലയിടത്തും പാടിയതും വേറെയാരും ആയിരുന്നില്ല.

ഇരിഞ്ഞാലക്കുടയിൽനിന്നുതന്നെ വിവാഹം കഴിച്ചു. അമ്പലത്തിനടുത്ത് താമസമാക്കി. ശ്യാമളാ-ഉണ്ണികൃഷ്ണൻ ദമ്പതിമാർക്ക് ഒരു മകനും മകളും. വേറെ നാട്ടിൽ ജീവിക്കുന്ന അവർക്കുമായി കുട്ടികൾ. "എനിക്കിന്ന് അസന്തുഷ്ടി ഒന്നുമേയില്ല. ആയ കാലത്ത് തിമർത്തു പാടി -- രാജ്യത്ത് മറ്റിടങ്ങളിലും വിദേശത്തും അടക്കം. ഇന്നിപ്പോൾ മുന്നെപ്പോലെ അരങ്ങുകളില്ല എനിക്ക്. നല്ലൊരു നിര യുവാക്കൾ രംഗത്തുണ്ടല്ലോ. അവരോടൊപ്പം ഈ പ്രായത്തിൽ മത്സരിക്കാനൊക്കുമോ?" എന്ന് പുഞ്ചിരിയോടെ. "പിന്നെ, നമുക്കും ഉണ്ടായിരുന്നു ഒരു കാലം. ആ സത്യം ചിലപ്പോൾ മനസ്സിലാക്കാതെയോ ഓർമിക്കാതെയോ അംഗീകരിക്കാതെയോ ചിലർ പെരുമാറും. അതിലേയുള്ളു ചെറിയൊരു പ്രയാസം."

You need to a flashplayer enabled browser to view this YouTube video


കഥകളിപ്പാട്ടുകാരിൽ വേഷപഠനം എന്ന പൂർവാശ്രമം ഉള്ളവർ ഇന്നും വേറെയും പേരുണ്ട്. സാക്ഷാൽ കലാമണ്ഡലം ഗോപിയുടെ സമകാലികൻ വൈക്കം പുരുഷോത്തമൻ പിള്ള ഒരുദാഹരണം. താരവേഷക്കാരൻറെ ഇഷ്ടഗായകൻ പത്തിയൂർ ശങ്കരൻകുട്ടി മറ്റൊരാൾ. അടുത്ത തലമുറയിൽ നെടുമ്പള്ളി രാംമോഹൻ. "വേഷം പഠിക്കുന്നത് പാട്ടിന് ഗുണം ചെയ്യും," എന്ന് കലാനിലയം ഉണ്ണികൃഷ്ണൻ. "അക്ഷരം നിരത്തുന്നുതുടങ്ങി അരങ്ങുചിട്ടകൾ ഉറപ്പിക്കുന്നതിനുവരെ കുറേക്കൂടി വ്യക്തത കിട്ടും."

മീശ മുഴുവൻ നരച്ചെങ്കിലും എടുത്തുകളഞ്ഞിലൊരിക്കലും. "പാരമ്പര്യകലയിൽ 'സാ' എന്ന് പാടുന്ന ചുണ്ടിനുമീതെ 'റ' എന്നൊരു വര" എന്നുതുടങ്ങി മുറുമുറുപ്പുണ്ടായിട്ടും. മറ്റു പലതിലുമെന്നപോലെ ഇക്കാര്യത്തിലും ഭാഗവതർക്ക് നല്ല തീർപ്പാണ്.

 
 
 (രംഗകലാകുതുകിയാണ് ലേഖകൻ. മാധ്യമപ്രവർത്തകൻ. താമസം തൃശൂര്.)

 

embed video powered by Union Development


സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ

 സദനം കൃഷ്ണദാസ്: കറുത്തേടത്തെ കണ്ണൻ എന്ന വെണ്മയോർമ

വൈവിദ്ധ്യമുള്ള വേഷങ്ങൾ കെട്ടിയാടി തെളിഞ്ഞുവരികേ അസുഖം പിടിപെട്ട് രംഗമൊഴിയേണ്ടി വന്നു. പ്രായം 49 മാത്രം തികയാനിരിക്കെ 2018 മാർച്ചിൽ അന്തരിച്ച കഥകളികലാകാരനെ സ്മരിക്കുന്നു ഒപ്പം പഠിച്ചവരും പ്രവർത്തിച്ചവരും ശിഷ്യരും ഗുരുസ്ഥാനീയരും സംഘാടകരും

ശ്രീവൽസൻ തിയ്യാടി
 

Sadanam Krishnadas 


കുറുവട്ടൂരെ ക്ഷേത്രത്തിൽ ഉച്ചപ്പൂജ കഴിഞ്ഞിരുന്നു. നാലമ്പലത്തിനകം നരസിംഹമൂർത്തിയുടെ നടയടഞ്ഞു. മതിലകത്തെ അഗ്രശാലയിൽ ചെണ്ടപഠിക്കാൻ എത്തിയിരുന്ന കുട്ടികൾ സാധകംചെയ്ത് പിരിഞ്ഞുപോയി. കനവെയിലിൽ ചതുരൻകുളവും കട്ടവിണ്ടപാടവും കുള്ളൻകുന്നുകളും വിറങ്ങലിച്ചു. കാറ്റോട്ടമില്ലാത്ത വള്ളുവനാടൻ മീനപ്പകൽ.

 
നരസിംഹമൂർത്തി ക്ഷേത്രം, കുറുവട്ടൂർ


തലേ സന്ധ്യക്ക് ഇവിടെ ഒരു കഥകളി നടക്കേണ്ടതായിരുന്നു. സദനം കൃഷ്ണദാസ് നായർ ഓർമയരങ്ങ്. അകാലത്തിൽ പോയ വേഷക്കാരൻറെ മൂന്നാം ചരമവാർഷികനാൾ. അതിന് 18 മണിക്കൂർമാത്രം ശേഷിക്കെ, അപ്രതീക്ഷിത തടസ്സം നേരിട്ടു. സഹൃദയലോകം കനിഞ്ഞ് സംഘാടകരുടെ നന്മയിൽ പരിപാടി മുടങ്ങിയില്ല. വേദി മാറി അകലെയല്ലാത്തൊരിടത്ത് നടന്നു. കാറൽമണ്ണ. പാലക്കാട് ജില്ലയിലെതന്നെ ചെർപ്പുളശ്ശേരിസമീപം മറ്റൊരു ഗ്രാമം. ഭംഗിയായി ആചരണം. മുന്നേ നിശ്ചയിച്ച പ്രകാരം വൈകിട്ട് അനുസ്മരണയോഗം. തുടർന്ന് രണ്ട് രംഗങ്ങളിലായി നാല് കഥാപാത്രങ്ങളുടെ അവതരണം. നളചരിതത്തിലെ കാട്ടാളൻ-ദമയന്തി, സുഭദ്രാഹരണത്തിലെ ബലഭദ്രർ-കൃഷ്ണൻ. അത്താഴം കഴിച്ചു പിരിഞ്ഞു ജനം വാഴേങ്കട കുഞ്ചുനായർ ട്രസ്റ്റിൻറെ ഹാളിൽ.

അവിടെ കെട്ടിയാടിയവർ കൃഷ്ണദാസിൻറെ ഏറെക്കുറെ സമകാലികരാണ് സദനത്തിൽ. ഒരാൾ ശിഷ്യൻകൂടെയും. കലയഭ്യസിച്ച് സദനത്തിൽനിന്ന് 1980കളിലും '90കളിലും ആയി പുറത്തിറങ്ങിയവർ. നാൽവരും ഇന്നിപ്പോൾ വെള്ളിനേഴിക്കിപ്പുറം കുറുവട്ടൂരുണ്ട്. അനൗപചാരികമായൊരു സ്മൃതിവട്ടത്തിനായി. ഭാസി, മണികണ്ഠൻ, വിജയൻ, സദാനന്ദൻ. അവരുടെ തൊട്ടടുത്ത തലമുറയിലെ ചെണ്ടക്കാരൻ രാമദാസ് എന്ന പ്രദേശവാസിയും. വിശേഷാൽ ക്ഷണത്തിൽ കലാമണ്ഡലം ബാലൻ എന്ന ചുട്ടി-കോപ്പുനിർമാണം കലാകാരൻ എത്തിയിട്ടുണ്ട്. രാമദാസിനെ കണക്ക് കുറുവട്ടൂർ സ്വദേശി. കൃഷ്ണദാസിൻറെ പേരിൽ കുടികൊള്ളുന്ന സമന്വയം എന്ന സാംസ്കാരിക സംഘടനയുടെ മേധാവി. രണ്ടുവർഷം മുമ്പ് രൂപീകരിച്ച കഥകളി പ്രമോഷൻ സൊസൈറ്റിയുടെ അദ്ധ്യക്ഷനായ അറുപതുകാരനാണ് ഈ മേളനത്തിലെ ഏറ്റവും പ്രായംചെന്ന അംഗം. അദ്ദേഹത്തേക്കാൾ പത്തുവയസ്സ് ഇളപ്പമുള്ള ലേഖകൻ ചർച്ചയുടെ ചാലുവെട്ടിയും.

 

 


കൃഷ്ണദാസിനെ ഇവരാരും ആ പേരല്ല വിളിച്ചുപോന്നിട്ടുള്ളത്. അടുത്തുപരിചയമുള്ളവർ കണ്ണൻ എന്നേ പറഞ്ഞുശീലിച്ചുള്ളൂ. ഇളയവർക്ക് കണ്ണേട്ടൻ. കറുത്തേടത്തെ കണ്ണൻനായർ എന്ന് ആളുടെ നാട്ടുകാർ ചിലർ. ഭാരതപ്പുഴക്ക് പുഷ്ടികൂടുന്ന ഷൊറണൂരിന് നാലു നാഴിക കിഴക്ക് കൂനത്തറയാണ് ജന്മസ്ഥലം. അതേ വഴിയിൽ 18 കിലോമീറ്റർ ചെന്നാലായി കണ്ണൻ വേഷം പഠിച്ച സ്ഥാപനം. പത്തിരിപ്പാലക്ക് ലേശം തെക്കുള്ള പേരൂർ ഉൾനാട്ടിലെ സദനം കഥകളി അക്കാദമി.

അവിടെ 1983ലാണ് കണ്ണൻ വിദ്യാർത്ഥിയായി ചേരുന്നത്. മഴ കനത്ത ജൂൺ മാസത്തിൽ. പതിനാലാമത്തെ വയസ്സിൽ. പിറ്റേയാണ്ട് അരങ്ങേറ്റം. സദനം ഹരികുമാറും കലാനിലയം ബാലകൃഷ്ണനും കലാമണ്ഡലം പദ്മനാഭൻനായരും കീഴ്പടം കുമാരൻനായരും ഗുരുക്കളായി. തുടർന്ന് സ്ഥാപനത്തിൽ ഇടക്കാലങ്ങളിൽ ആശാനായി. സദനംട്രൂപ്പിനായും അല്ലാതെയും പച്ചയും കത്തിയും കരിയും താടിയും മിനുക്കും വേഷങ്ങൾ കെട്ടി. പുരുഷനായും സ്ത്രീയായും. മദ്ധ്യനാല്പതുകൾ പിന്നിട്ടതോടെ തികഞ്ഞ ആരോഗ്യവാനല്ലാതെയായി. അപ്പോഴും രംഗത്ത് പ്രവൃത്തിച്ചുപോന്നു. ക്രമേണ ബഹുതരം രോഗങ്ങൾ പിടിമുറുക്കിയപ്പോൾ അരങ്ങന്നുനിന്ന് കുറേശ്ശെയായി പിന്നാക്കമായി. ഒടുവൊടുവിൽ തീർത്തും വിരമിച്ചു. പ്രായം 49 തികയുന്നതിന് രണ്ടുമാസം മുമ്പ് അന്തരിച്ചു -- 2018 മാർച്ച് 19ന്.

ഇത്രയും ജീവിതരേഖ. ഗുമസ്തക്കണക്കുകൾക്ക് അപ്പുറമാണല്ലോ ജീവിതനിറങ്ങൾ. തെളിഞ്ഞതും ഇരുണ്ടതും ഇടയിലുള്ളവയും. അവയിലേക്ക് വെളിച്ചം വീശുന്ന വിധം തിരിഞ്ഞുനോക്കുകയാണ് സമപ്രായക്കാർ.

മനസ്സാലെ തിരനോക്ക്

കുറുവട്ടൂരമ്പലത്തിൻറെ ബലിക്കൽപ്പുര. മരത്തട്ടിൽ കൊത്തുപണി. കരിങ്കൽത്തിണ്ണക്ക് സുഖകരമായ പരുപരുപ്പ്. സൂര്യൻ ഉച്ചിയിലായിട്ടും ചൂടില്ലിവിടം. എഴുതിയെടുക്കുന്ന ആളടക്കം ഏഴുപേരുടെ സന്ധി.

ബലിക്കൽപ്പുര, നരസിംഹമൂർത്തി ക്ഷേത്രം, കുറുവട്ടൂർ


പഠിതാവായി കണ്ണൻ സദനത്തിൽ ചേരുമ്പോഴത്തെ സന്ദർഭങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ വ്യക്തം ഭാസിക്ക്. ആ ബാച്ചിൽ വേഷക്കാരായി രണ്ടാൾ വേറെയുണ്ടായിരുന്നു. ചെർപ്പുളശ്ശേരി-പട്ടാമ്പി പാതയോരത്തെ വീട്ടിൽനിന്നുള്ളവർ. നെല്ലായക്കാരൻ ശ്രീനാഥൻ, ഓങ്ങല്ലൂരുള്ള സന്തോഷ്‌കുമാർ. ആദ്യത്തെയാൾ സ്ത്രീവേഷക്കാരനായി. മറ്റെ പയ്യൻ കഥകളിരംഗത്ത് ഉറയ്ക്കാതെ പോയി.

കണ്ണന് അച്ഛനെ നേരത്തെ നഷ്ടപ്പെട്ടിരുന്നു. മുത്തശ്ശനാണ് ചേർക്കാൻ കൊണ്ടുവന്നത്. ആജാനബാഹുവായ കാരണവർ. "കുട്ടീ," അദ്ദേഹം ഭാസിയെ അടുത്തുവിളിച്ചു. അഞ്ചാംവർഷം വിദ്യാർത്ഥി. കാറൽമണ്ണക്കാരൻ. "നോക്കൂ, ചെക്കൻ വീടിൻറെ ചുറ്റുപുറംമാത്രം കണ്ടുവളർന്നവനാണ്. ഒന്ന് ശ്രദ്ധിക്കണം. ഏല്പിക്കുന്നു."
കണ്ണൻറെ പൂർവികർക്കില്ലായിരുന്നു കലാകൗതുകം.

അതിർക്കാടുള്ള സദനത്തിൻറെ ഇല്ലിപ്പടി കടന്ന് വൃദ്ധൻ മറഞ്ഞു. (ആ മനസ്സിൻറെ വ്യഥയോർത്തിട്ടോ തന്നെ കൈപിടിപ്പിച്ചതിൽ ആദരംതോന്നിയോ കുറുവട്ടൂർസംഗമത്തിലെ ഈ ഭാഗത്ത് ഭാസിക്ക് തൊണ്ടയിടറി.)

കഥകളി എന്തെന്നുതന്നെ പിടിയില്ലായിരുന്നു സദനത്തിലെത്തുവോളം കണ്ണന്. കുടുംബക്കാരിൽനിന്ന് വിട്ടുനിൽക്കുന്നതിൻറെ മൗഢ്യം ആദ്യമാദ്യം വ്യക്തമായിരുന്നു. "മിക്കവാറും ആലോചന. എല്ലാറ്റിനും ഒരു മാന്ദ്യം. അപ്പുവും (സന്തോഷ്‌കുമാർ) അങ്ങനെയായിരുന്നു. തുടക്കത്തിലേ പ്രസന്നനായിട്ട് ശ്രീനാഥനെ ഉണ്ടായിരുന്നുള്ളൂ. അയാള് ഇന്നും ഹാപ്പിയാ."

ക്രമേണ കണ്ണൻ ഉഷാറായി. ഒന്നുരണ്ടു കൊല്ലത്തോടെ മുഴുവനായും. "ഞാനൊക്കെ കാണുമ്പോഴേക്കും അങ്ങനെയാ," എന്ന് ചുട്ടി ബാലൻ. 1980കളുടെ രണ്ടാംപാതിയിൽ കോപ്പുപണിക്ക് ഇടയ്ക്ക് സദനത്തിലേക്ക് വിളിപ്പിക്കും ബാലനെ സ്ഥാപനം സാരഥി കെ കുമാരൻ. "കുമാരേട്ടൻ 1986ൽ ഞങ്ങളെ ദുബായ്ക്ക് കൊണ്ടുപോയി. കഥകളി. 'കിരാതം'. അതിൻറെ തയ്യാറെടുപ്പിന് അറയിൽ കിരീടവും മെയ്യാഭരണങ്ങളും നേരെയാക്കുമ്പോൾ ഇയാള് ഇടക്കൊക്കെ വരും. നോക്കിക്കാണാനും കൂടെക്കൂടാനും ഉത്സാഹമാണ്. അങ്ങനെ കണ്ണനുമായി അടുത്തുവന്നു."

ഈ ശുഷ്‌കാന്തി കണ്ണന് കളരിയിലും ഉണ്ടായിരുന്നു എന്ന് ഭാസി. "ക്ലാസ്സിന് പതിനഞ്ചെങ്കിലും മിനിറ്റ് നേരത്തെ എത്തും കണ്ണൻ. മുറി അടിച്ചു വൃത്തിയാക്കും."

അപ്പോഴും വീടെത്താനുള്ള ആവേശത്തിന് വലിയ കുറവൊന്നും വന്നില്ലെന്ന് മണികണ്ഠൻ. "കുടുംബം എന്നും ദൗർബല്യമായിരുന്നു. അന്നൊക്കെ ഹോംസിക്ക്. അടുപ്പിച്ചുള്ള രണ്ട് അനദ്ധ്യായദിവസങ്ങൾ കഴിഞ്ഞ് ചിലപ്പോൾ രണ്ടാംനാളേ കണ്ണൻ തിരികെ സദനത്തിൽ വരൂ," എന്ന് ഓർക്കുന്നു വെള്ളിനേഴിക്കാരൻ. "ആ മനഃസ്ഥിതി അവസാനംവരെ നിലനിന്നു. ഇന്ത്യക്കകത്ത് മറ്റിടങ്ങളിലോ വിദേശയാത്രക്കോ കഥകളിക്കായി പോയാലത്തെ വരുമാനം നല്ലൊരുപങ്കും കണ്ണൻ അവിടന്നേ ചിലവാക്കും. വീട്ടുകാർക്കായി അതുമിതും വാങ്ങി. തിരികെ എത്തിയാലുള്ള പണവും ഏടത്തിയേട്ടൻമാർക്കായും ഭാര്യക്കും മകനും ഒക്കെ ആയി അവര് മോഹിച്ച പ്രത്യേക വീട്ടുസാമാനങ്ങൾ വാങ്ങും."

അവനവന് പ്രാമുഖ്യം എന്നത് കണ്ണൻ കലാരംഗത്തും ഇച്ഛിച്ചില്ല എന്ന് വിജയൻ. സദനത്തിന് ഏറ്റവുമടുത്ത പട്ടണമായ ഒറ്റപ്പാലത്തിന് 130 കിലോമീറ്റർ തെക്ക് എറണാകുളത്തിനടുത്ത് ജന്മദേശമായ തൃപ്പൂണിത്തുറയിൽനിന്ന് ഫാക്ട് പദ്മനാഭനിൽനിന്ന് പ്രാഥമികപാഠങ്ങൾ കഴിഞ്ഞെത്തിയ വിജയൻ 2000ത്തിൽ സ്‌കോളർഷിപ്പ് മുഴുമിച്ചു. "തെക്കോട്ടൊക്കെ ഞങ്ങൾ പങ്കെടുത്ത കളികളിൽ ഇന്ന വേഷം എന്നുണ്ടായിരുന്നില്ല കണ്ണേട്ടന്. ഏല്പിച്ച ഏതും കെട്ടും." പോയ ദശകത്തിൻറെ മദ്ധ്യത്തിൽ ഫോർട്ട് കൊച്ചിയിലെ ഡെയ്‌ലി കഥകളി ഷോ നടത്തുന്നിടത്ത് സ്റ്റാഫ് ആയിരുന്നു. "ആടാൻ ധാരാളം ആശയങ്ങൾ ഉണ്ടായിരുന്നു. പലതും പ്രയോഗത്തിൽ ആൾക്കാർ ഇഷ്ടപ്പെട്ടിരുന്നുതാനും."

 
Sadanam Krishnadas in younger time at the house of guru Keezhpadam Kumaran Nair in Vellinezhi


സദനത്തിൽ കണ്ണൻ ആശാനായപ്പോൾ പ്രഥമ ശിഷ്യനായിരുന്നു സദാനന്ദൻ. "എൻറെ ആദ്യത്തെ ആശാനും. എന്നെ 'ധിത്തത്തത്ത' ചിവിട്ടാൻ പഠിപ്പിച്ച ആള്. ഒടുവിൽ, മൂന്ന് കൊല്ലം മുമ്പ്, രോഗം മൂർച്ഛിച്ച് വാണിയംകുളത്തെ ആസ്പത്രിയിൽനിന്ന് വടക്കോട്ട് പെരിന്തൽമണ്ണക്ക് കൊണ്ടുപോവാൻ ആംബുലൻസിൽ കയറ്റുമ്പോൾ കാലിൻറെ വശം ഞാൻ പിടിച്ചു. സത്യത്തിൽ, മരിക്കാൻ പിന്നീട് അധികമുണ്ടായില്ല."

കുന്തിപ്പുഴവക്കത്തെ ചെത്തല്ലൂരുള്ള ഇടമന ഇല്ലത്തെ സദാനനന്ദന് കഥകളിയിൽ മറ്റുപലർക്കും എന്നപോലെ ബ്രാഹ്മണ്യപ്പുറത്തുള്ള ബഹുമാനവും ഇളവുകളും കിട്ടിയിരുന്നു. "കണ്ണേട്ടൻറെ മെച്ചം എന്താച്ചാ അതൊന്നും എനിക്ക് ബാധകമാക്കിയില്ല. 'തിരുമേനി' എന്ന് ചിലർ അലങ്കാരം തന്നപ്പോഴും 'നീയ്യ്‌' എന്നുതന്നെ വിളിച്ചുപോന്നു. അത്രക്കുണ്ടായിരുന്നു അടുപ്പം." 

വളച്ചുകെട്ടില്ലാത്ത പെരുമാറ്റം

ഇതുപോലെ കാര്യങ്ങളിൽ നേരെചൊവ്വേ മട്ടായിരുന്നു എന്ന് വിജയൻ. "ഞാൻ പഠിപ്പിച്ചുരുന്ന കാലത്ത് ഒരു വിശേഷത്തിന് സദനത്തിൽ എത്തിയതായിരുന്നു കണ്ണേട്ടൻ. മെസ്സുള്ള വളപ്പിൽ മേലെഭാഗത്ത് സൗകര്യം കൂടിയ ലൊക്കേഷനുണ്ട് -- ഊട്ടി എന്നാണ് വിളിക്കുക. രാത്രിവിശ്രമത്തിന് അങ്ങോട്ട് ക്ഷണിച്ചു കണ്ണേട്ടനെ. 'നീയ്യ് വിളിച്ചിട്ടൊന്നും വേണ്ടാ എനിക്ക്...' എന്ന് മറുപടിയും കിട്ടി." കൂട്ടത്തിൽ സദാനന്ദൻ: "തിരിച്ചും ഉണ്ട്. പുതിയ വേഷങ്ങൾ റിഹേഴ്‌സ് ചെയ്യുമ്പോൾ പാത്രാനുസാരിയായുള്ള ഗർവ് ഞാൻ കാണിക്കാഞ്ഞാൽ കണ്ണേട്ടൻ പറയും: 'ഇപ്പൊ ഞാൻ ആശാനല്ല, അത് മറക്കണ്ട. പുച്ഛം എന്നോട് കാണിക്കുകതന്നെ വേണം'."

മറ്റുള്ളവരുടെ അധികാരത്തിൽ കൈകടത്താതെ കാര്യങ്ങൾ അന്വേഷിക്കുന്ന ശീലവും കണ്ണനുണ്ടായിരുന്നു. രാമദാസ് സദനത്തിൽ ചെണ്ട പഠിച്ച് അരങ്ങേറിയ കാലത്ത് ഒരു കേളി കൊട്ടിയത് പലയിടത്തും പിഴച്ചു. ആശാൻ തല്ലി, കോലുകൊണ്ടുതന്നെ. "ആ നേരത്ത് അതിലെ പോവാനിടയായി കണ്ണേട്ടൻ. കളിക്കുള്ള വേഷത്തിന് മനയോല തേച്ച മുഖവുമായി. ഞാൻ അറിഞ്ഞില്ല," എന്ന് രാമദാസ്. "ഇത് ഞാൻ മനസ്സിലാക്കിയത്‌ പിറ്റേന്നാളായിരുന്നു. പകല് എന്നെ കണ്ടപ്പോൾ കണ്ണേട്ടൻ ചോദിച്ചു: 'എന്തേ ഇന്നലെ അവടെ നടന്നത്. കൊട്ടിൽ പറ്റിയ പിഴവ് ഞാനറിയിച്ചു. 'ഹും, സാരല്യ. അങ്ങന്യൊക്ക ണ്ടാവും. ദോഷം കരുതി ശിക്ഷിക്കണതല്ല.' എൻറെ കണ്ണു നിറഞ്ഞു."

ഞങ്ങള് കുട്ടികളുടെ ഏത് കുറുമ്പും വേഗം മനസ്സിലാക്കും കണ്ണേട്ടൻ, എന്നും രാമദാസ്. "ഒരു സൂത്രവും അവിടെ ചെലവാവില്ല."

കഥകളിയാത്രകൾക്ക് പോവുമ്പോൾ കോപ്പുപെട്ടി വണ്ടിയേറ്റാൻ അനന്യമായ വൈഭവം ഉണ്ടായിരുന്നു കണ്ണന്. "ഏത് എവിടെ വച്ചാലാണ് ഓട്ടത്തിൽ അപായക്കുറവും ഇറക്കാൻ എളുപ്പവും എന്ന് കൃത്യം അറിഞ്ഞിരുന്നു," എന്നും സദാനന്ദൻ. കുശലവന്മാരായി ഇരുവർ ധാരാളം പ്രവർത്തിച്ചിട്ടുണ്ട്. "ഞാനായിട്ടും എത്ര ഉണ്ടായിരിക്കുന്നു ആ കോമ്പിനേഷൻ!" എന്ന് ഭാസി.

പാരമ്പര്യേതരമായ കലാസംരംഭങ്ങൾക്കും കണ്ണൻ മികവ് തെളിയിച്ചു. "ഷാലോം ടീവി ചാനലിൻറെ ഉദ്ഘാടനം, 2005ൽ," എന്നുപറഞ്ഞ് ഉദാഹരിക്കുന്നു ബാലൻ. "അവർക്ക് വേണ്ടത് കഥകളിയും ഓട്ടൻതുള്ളലും ചേർന്നുള്ളൊരു ഷോ. കണ്ണൻ ആയിരുന്നു അതത്രയും ചിട്ടപ്പെടുത്തിയത്." തുടർന്നുള്ള പതിറ്റാണ്ടിൽ 'അഷ്ടപദിയാട്ടം' എന്ന രംഗകല കവളപ്പാറയിലെ 'കലാസാഗർ' പുനരുദ്ധരിക്കുന്ന വേളയിൽ കണ്ണനും കെട്ടി ശ്രീകൃഷ്ണവേഷം. നവോന്മേഷത്തോടെ 1980കളിൽ ആവിധം അരങ്ങുപരീക്ഷിച്ച സംഘടനയുടെ തലവൻ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ (1924-92) ആയിരുന്നു. വെള്ളിനേഴിക്കാരൻ ചെണ്ടചക്രവർത്തി വിവാഹാനന്തരം താമസമാക്കിയ കവളപ്പാറ ഗ്രാമം കൂനത്തറയുടെ പരിസരമാണ്.

 
സദനം കൃഷ്‌ണദാസിന്റെ കത്തിവേഷം 
 


പൊതുവാളിനുണ്ടായിരുന്നതു പോലെ തൻറേടവും നായകത്വവും കണ്ണനും പ്രദർശിപ്പിച്ചിരുന്നു. "അയള് ഒരു നിലപാടെടുത്താൽ അതിൽ ഉറച്ചുനിൽക്കും. തെറ്റാണ് എന്ന് ആരെത്ര ബോദ്ധ്യപ്പെടുത്തിയിട്ടും പിന്നെ കാര്യമില്ല," എന്ന് ഭാസി. "ഒരിക്കൽ, സന്ധ്യകഴിഞ്ഞ നേരത്ത് സദനത്തിലെ മൂലയ്ക്കലെ കിണറ്റിൻറെ കരയിൽ രണ്ടു പേര് കുളിക്കുകയായിരുന്നു. 'ആരാ അവടെ?' എന്നായി കണ്ണൻ. ആദ്യം മയത്തിൽ. ആശാന്മാരായിരുന്നു, അവർക്ക് രസംപിടിച്ചു. അതിനാൽ ഉത്തരമുണ്ടായില്ല. 'ആരടാ അവടെ!' എന്നായി. അങ്ങനെ ചോദ്യംചെയ്തത് ഭംഗിയായില്ല എന്ന് പിന്നീട് ആരോപണം വന്നു. 'അറിഞ്ഞുകൊണ്ടല്ലാത്തതിനാൽ ക്ഷമ ചോദിക്കില്ല' എന്ന് കണ്ണനും."

തീർത്ഥയാത്രക്കും വിനോദസഞ്ചാരത്തിനും ബാലനും കണ്ണനും സകുടുംബം കുറേ പോയിട്ടുണ്ട്. "ഗുരുവായൂര് ദർശനം. അതല്ലെങ്കിൽ ഞാനും അയളും കൂടി ശബരിമല. കൂടാതെ (പിന്നീടന്തരിച്ച കഥകളിനടൻ) പരിയാനംപറ്റ ദിവാകരൻറെ കുടുംബത്ത്.... പെരിങ്കന്നൂര് (പട്ടാമ്പിക്ക് തെക്ക്)," എന്നും ബാലൻ. "ചുട്ടിയിൽ എന്നെ വല്യ വിശ്വാസായിരുന്നു. 'എൻറെ തേപ്പ് ഇക്കുറി അത്ര വൃത്തിയായിട്ടില്ല. അതും കൂട്ടത്തിൽ ഒന്ന് വെടിപ്പാക്കണം' എന്ന് പറയാറുണ്ട്."

കുടുംബം കൊണ്ടുനടക്കുന്നതിലെ പ്രാപ്തി കണ്ണൻറെ മൂത്ത മൂന്ന് സോദരരിലും ആദരമുണ്ടാക്കി. പറമ്പിൽ തെങ്ങുകയറാൻ ആള് വന്നാലും ജ്യേഷ്ഠൻ കറുത്തേടത്ത് കുമാരദാസ് പറയുംപോലും: "കണ്ണൻനായര് ഇപ്പൊ ല്യ ബടെ. രണ്ടീസം കഴിഞ്ഞേ എത്തൂ. ന്ന്ട്ട് വരൂ."

അവസാനകാലങ്ങളിൽ കണ്ണൻ മരണം മുന്നിൽ കണ്ടിരുന്നു. ആസ്പത്രിയിൽ മോശംനിലയിൽ കിടന്ന ഒരു ദിവസം കാണാൻ ചെന്നതായിരുന്നു ബാലൻ. "എൻറെ കോപ്പുകളത്രയും വീട്ടിലുണ്ട്. അത് ബാലേട്ടൻ കൊണ്ടുപോണം. നന്നാക്കിയെടുത്ത് എന്തുവേണമെങ്കിലും ചെയ്തോളൂ," എന്നോർത്തെടുത്തപ്പോൾ ഈ ചുട്ടികലാകാരനും കുറച്ചധികം നേരം വികാരാധീനനായി കുറുവട്ടൂരെ അപരാഹ്നത്തിൽ. (മരണശേഷം ആ പെട്ടി കുടുംബക്കാരെ തിരിച്ചേൽപ്പിക്കാനും സാഹചര്യമുണ്ടായി എന്നത് മറ്റൊരു വിഷയം.)

ഓർമക്കളിയിലെ പങ്കാളികൾ

കുറുവട്ടൂര് യോഗത്തിന് തലേന്നാൾ നടന്ന കഥകളിയിൽ സഹകരിച്ച വേറെയും സദനം അദ്ധ്യാപകരും വിദ്യാർത്ഥികളും ഉണ്ട്. വേഷക്കാരൻ നരിപ്പറ്റ നാരായണൻ നമ്പൂതിരി, ചുട്ടിയാശാൻ കലാമണ്ഡലം സതീശൻ, ചെണ്ടക്കാരായ സദനം ഗോപാലകൃഷ്ണൻ, രാമകൃഷ്ണൻ, മദ്ദളവാദകൻ ദേവദാസ്, പാട്ടുകാരൻ ശിവദാസ്, പുതുമുറ ഗായകൻ  സായികുമാർ. അവർക്ക് പറയാനുള്ളതു കൂടി:

"വിദ്യാർത്ഥിയായിരുന്ന കാലത്തെ കണ്ണനെ ഓർക്കുന്നില്ല," എന്ന് സപ്തതി പിന്നിട്ട നരിപ്പറ്റ. "എന്നാൽ മൂന്നാല് കൊല്ലം മുമ്പ് കവളപ്പാറ ഒരു കളിക്ക് വേഷമുണ്ടായിരുന്നു. അത് കഴിഞ്ഞുള്ള രാത്രിയിൽ പരിസരത്ത് കണ്ണൻറെ വീടന്വേഷിച്ചെത്തി. അവിടെ പൂമുഖത്ത് ഇരിക്കുന്ന രൂപം തിരിച്ചറിയാൻ രണ്ടു നിമിഷമെടുത്തു. അത്രമാത്രം വാർദ്ധക്യം ബാധിച്ചിരുന്നു കണ്ണന് അതിനകം എന്നത് ഞെട്ടലോടെ മനസ്സിലാക്കി."

"അണിയറയിൽ ഒരു പത്തുകൊല്ലം മുമ്പൊരു സംഗതിയുണ്ടായി," എന്ന് സതീശൻ. "സദനത്തിൻറെ കളി. വെളുപ്പിന് ഞങ്ങൾ കെട്ടിപ്പെറുക്കി പോരികയാണ്. അണിയറ അലങ്കോലം. കണ്ണന് സഹിച്ചില്ല. പെട്ടിക്കാരോട് ഉറക്കെ കയർത്തു. ഞാൻ നിന്നു വിയർത്തു -- അരങ്ങിൻറെ പിന്നാമ്പുറം വൃത്തിയാക്കുക സത്യത്തിൽ എൻറെകൂടി ചുമതലയാണല്ലോ. എൻറെ പരുങ്ങൽ കണ്ടതും കണ്ണൻ തണുത്തു: 'സതീശേട്ടൻ ഒന്നും വിചാരിക്കരുതേ. ഇങ്ങനെ വെടിപ്പില്ലാതെ അണിയറ ശേഷിച്ചുകണ്ടപ്പോൾ വെളിച്ചപ്പെട്ട് പൂവ്വേ...' അതോടെ എല്ലാം ശാന്തം."

"കണ്ണപ്പനുണ്ണി എന്ന് എൻറെയൊരു പ്രയോഗംതന്നെ ഉണ്ടായിരുന്നു," എന്ന് ഗോപാലകൃഷ്ണൻ. "കണ്ണൻ (കൃഷ്ണദാസ്), അപ്പു (സന്തോഷ്‌കുമാർ), ശ്രീനാഥൻ (ഉണ്ണി) എന്നിവരുടെ ചെല്ലപ്പേരുകൾ കോർത്തുണ്ടാക്കിയത്." മലയാളത്തിലെ ആ 1977 ചലച്ചിത്രംപോലെ ആദ്യകാല കളറിൽ ഓരോ ഫോട്ടോയും എടുത്തിരുന്നു ഈ മൂവരുടെ. "ഇപ്പോഴും എൻറെ വീട്ടിലുണ്ടത്."

"നല്ല ഊക്കുള്ള ചൊല്ലിയാട്ടമായിരുന്നു കണ്ണൻറെ. കൊട്ടാൻ തന്നെത്താൻ ഉത്സാഹം കിട്ടും," എന്ന് രാമകൃഷ്ണൻ. "താടിവേഷം ആണെങ്കിൽ പരിയാനംപറ്റയെ മാതിരി ആവണം എന്ന് എപ്പോഴും പറയുമായിരുന്നു."

 

സദനം കൃഷ്‌ണദാസിന്റെ ഹനുമാൻ 


കണ്ണൻറെ ബാച്ചിൽ മദ്ദളം പഠിച്ചതാണ് ദേവദാസ്. പിന്നീട് ഇരുവരും സ്ഥാപനത്തിൽ അധ്യാപകരായി. വേഷമാശാൻ കലാനിലയം ബാലകൃഷ്ണന് വലിയ ബോദ്ധ്യമായിരുന്നു കണ്ണനെ. "കളരിയിയിൽ വരാനാവാത്ത ദിവസങ്ങളിൽ ബാലാശാൻ സർവം കണ്ണനെ ഏല്പിച്ചുപോവും. മഴക്കാലത്തെ ഉഴിച്ചിൽ കാര്യത്തിലും കണ്ണനെ വലിയ മതിപ്പായിരുന്നു."

പൊതുവാളാശാൻറെ പൗത്രൻ കലാസാഗർ കൃഷ്ണപ്രവീൺ കുറച്ചുകാലം കഥകളി പഠിക്കുകയുണ്ടായി കണ്ണനുകീഴിൽ. നാട്ടുകാർ. "ദക്ഷിണ കൊടുത്തു, അഭ്യാസം തുടങ്ങി. എന്നാൽ അക്കാലത്ത് എൻറെ ഉത്സാഹക്കുറവും കണ്ണേട്ടൻറെ വിദേശയാത്രാതിരക്കും കാരണം പതിയെപ്പതിയെ ക്ലാസ് നേർത്തു, ഇല്ലാതായി. പിന്നെ സാധിച്ചത് ആ വേഷങ്ങൾക്ക് ഇടക്കൊക്കെ കൊട്ടാനുള്ള അവസരമാണ്," എന്ന് ചെണ്ടക്കാരനും ഗായകനും ആയ യുവ കോളേജ് പ്രൊഫസർ -- വാദ്യപ്രയോക്താവ് കലാമണ്ഡലം വിജയകൃഷ്ണൻറെ പുത്രൻ. "അതത്രയും ഓർമയായി മനസ്സിലുണ്ട്."

സദനത്തിൽ പഠിച്ചും പഠിപ്പിച്ചും ഗായകനായ ശിവദാസ് ഒരുവർഷമായി കലാമണ്ഡലത്തിൽ അദ്ധ്യാപകനാണ്. "ബാലിവധം കഥയിലെ മുഴുവൻ അക്ഷരങ്ങളും എനിക്ക് ഇന്ന് തോന്നുന്നെങ്കിൽ അതിന് വലിയൊരു കാരണം കണ്ണേട്ടനാണ്. താമസിക്കുന്ന കെട്ടിടത്തിൽനിന്ന് പ്രാതലിനുശേഷം കളരിയിലേക്ക് എനിക്ക് ഒരുകാലത്ത് വേറാരുമായിരുന്നില്ല. 'പഠിച്ചത് കേൾക്കട്ടെടോ' എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിക്കും. തലേന്നാൾ മനഃപാഠമാക്കിയ വരികളത്രയും കണ്ണേട്ടനായി ഞാൻ ചൊല്ലും," എന്നോർക്കുന്നു. "അന്നൊക്കെ ഉച്ചക്ക് ഇവർ വേഷക്കാർ ഉറങ്ങാൻ കിടന്നാൽ മൂന്നു മണിയുടെ ക്ലാസ്സിന് 15 മിനിറ്റ് മുമ്പ് വിളിച്ചുണർത്തേണ്ടത് എൻറെ ചുമതലയാണ്. 'അതുവരെ നീ സാഹിത്യം പഠിക്ക്' എന്ന് പറഞ്ഞേൽപ്പിക്കും."

കഥകളിസംഗീതത്തിൽ കലാമണ്ഡലത്തിൽ ഉപരിപഠനം നടത്തുകയാണ് ഇന്ന് സദനം സായികുമാർ. ശിവദാസിൻറെ ശിഷ്യൻ. "കുറച്ചുകാലമേ കണ്ണേട്ടനുമായി സമ്പർക്കം ഉണ്ടായിട്ടുള്ളൂ. ഉള്ളതത്രയും ഊഷ്മളം," എന്ന് പയ്യൻ. "എന്നോടും അന്വേഷിക്കാറുണ്ട് സാഹിത്യം പഠിക്കുന്ന കാര്യം. ചൊല്ലിക്കേൾപ്പിക്കാൻ പറയും. കൈയക്ഷരം നന്ന് എന്നൊരു കമൻറും."

സദനം കൃഷ്ണദാസ് നായർ 2021 അനുസ്മരണത്തിൽ കാറൽമണ്ണയിലെ മാർച്ച് 19 വേദിയിൽ കുഞ്ചുനായർ ട്രസ്റ്റ് ഭാരവാഹികളായ കെ.ബി. രാജാനന്ദും ആനമങ്ങാട് പീതാംബരനും സംസാരിച്ചു. പരിപാടിയുടെ സംഘാടകരായ സുദീപ് പിഷാരോടി എന്ന ആസ്വാദകൻ സ്വാഗതവും സദനം ചെറിയ മണികണ്ഠൻ എന്ന വേഷം-തിമില കലാകാരൻ നന്ദിയും പറഞ്ഞു.

വാൽക്കഷ്ണം: മേലത്തെ യോഗത്തിൽ സന്നിഹിതരായ സദനക്കാരെയോ അതുമായി ബന്ധപ്പെട്ട സഹൃദയരെയും മാത്രമേ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ.

(രംഗകലാകുതുകിയാണ് ലേഖകൻ. മാധ്യമപ്രവർത്തകൻ. താമസം തൃശൂര്.)

 

 


സ്മൃതിയിലെ വിദൂരനാദം: ശിവരാമൻനായരുടെ കഥകളിസംഗീതം

 

 

 

 സ്മൃതിയിലെ വിദൂരനാദം: ശിവരാമൻനായരുടെ കഥകളിസംഗീതം


ശ്രീവൽസൻ തിയ്യാടി

ഏറെയും കളരിയിൽ മികവുകാട്ടി മദ്ധ്യവയസ്സിൽത്തന്നെ അരങ്ങിനോട് വിടപറഞ്ഞ ഗായകനായിരുന്നു എം. ശിവരാമൻ നായർ. ഉഗ്രപ്രതാപി നീലകണ്ഠൻ നമ്പീശൻറെ ഈ സമകാലികൻ അന്തരിച്ച് കൊല്ലം 52 ആയി. ശബ്ദരേഖയേതും അവശേഷിപ്പിക്കാതെ പോയ ആ ലക്കിടി ബാണിയെ ഓർത്തെടുക്കുന്നു മുൻനിര ശിഷ്യൻ കലാമണ്ഡലം സുബ്രഹ്മണ്യൻ.

ആശാൻ മരിച്ചിട്ട് അര നൂറ്റാണ്ട് കഴിഞ്ഞു. ശിഷ്യനാകട്ടെ ഇന്ന് വയസ്സ് 77. പഠനകാലം ഓർത്തെടുക്കുമ്പോൾ കലാമണ്ഡലം സുബ്രഹ്മണ്യന് പലതുണ്ട് പറയാൻ. രണ്ടെങ്കിലും സന്ദർഭങ്ങൾ ഇളംമനസ്സിൽ വല്ലാതെ തട്ടിയിട്ടുണ്ട്. ഇരു രംഗങ്ങളും അരങ്ങുസംബന്ധി. വ്യത്യസ്‍തമായ വിധത്തിൽ ഹൃദയസ്പൃക്ക്.

 

Kalamandalam Subrahmanyan with photo of his guru M Sivaraman Nair എം ശിവരാമൻ നായർ എന്ന ഗായകനെ കുറിച്ചാണ് സംസാരം. ഷഷ്ടിപൂർത്തി തികയുംമുമ്പ് 1969 വിട്ടുപിരിഞ്ഞ ഗുരുനാഥൻ. ചെറുതുരുത്തിയിലെ പുകഴ്‌പെറ്റ രംഗകലാസ്ഥാപനത്തിന് 25 കിലോമീറ്റർ കിഴക്ക് ലക്കിടി സ്വദേശി. മദ്ധ്യകേരളത്തിലെ ആ പുഴയോരഭൂവിൽ ഭവനത്തിൽ പോയി ഗൃഹനാഥൻറെ ഒരു ചിത്രം സംഘടിപ്പിച്ചു കൊണ്ടുവന്നു മദ്ധ്യവയസ്സിൽ സുബ്രഹ്മണ്യൻ. കറുപ്പുംവെളുപ്പും ഫോട്ടോ. ചില്ലിട്ടു ഭംഗിയാക്കി. നാല് പതിറ്റാണ്ടായി താൻ ജീവിക്കുന്ന ഗ്രാമത്തിലെ വീട്ടുമ്മറത്ത് ചുവരുചേർത്ത് വച്ചുപോരുന്നു. തൃശൂര് ജില്ലയിൽ മുളംകുന്നത്തുകാവിന് അകലെയല്ലാത്ത അവണൂര് എന്നിടത്തെ എടക്കുളം ഭാഗം.

കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി ചേരുംമുമ്പേ സുബ്രഹ്മണ്യന് കഥകളി പരിചയമുണ്ട്. പട്ടാമ്പിക്ക് കഷ്ടി പത്തുനാഴിക തെക്ക് പെരിങ്ങോട് ആണ് അദ്ദേഹത്തിൻറെ ജന്മസ്ഥലം. കരുവീട്ടിൽ ഗോവിന്ദൻനായരുടെയും കാർത്ത്യായനിയമ്മയുടെയും മകൻ. ഊരിൻറെ അധികാരം അന്നൊക്കെ കൈയാളിയിരുന്നത് പൂമുള്ളി മന. കവലസമീപം ശ്രീരാമസ്വാമി ക്ഷേത്രം പോലെ പ്രദേശത്തിൻറെ കേന്ദ്രബിന്ദു. അമ്പലത്തിൻറെയും ഊരാണ്മക്കാർ. കാതങ്ങളോളം പറമ്പിനും നിലത്തിനും ഉടമസ്ഥതയുള്ള ജന്മിപ്രഭുക്കൾ. സംഗീതം, നൃത്തം, ചിത്രം, ശിൽപം, വാസ്തു തുടങ്ങി ബഹുവിധ കലകളുടെ പരിപോഷകർ. ക്ലാസ്സിക്കൽ രംഗരൂപങ്ങളുടെ അവതരണത്തിൽ പൂമുള്ളി മതിലകത്തെ ശാലയിൽ പ്രമുഖമായിരുന്നു കഥകളി. മുഴുരാത്രി വേദി.

കയറ്റിറക്കമുള്ള നാഗലശ്ശേരി പഞ്ചായത്തിൽത്തന്നെ മറ്റൊരു നമ്പൂതിരിവസതിയാണ് കൂടല്ലൂര് മന. കരിമ്പനക്കുന്നുകളുള്ള വട്ടേനാട് പ്രദേശം. സുബ്രഹ്മണ്യൻറെ ബാല്യകൗമാരങ്ങളിൽ അവിടെയും നടന്നിരുന്നു ധാരാളം കഥകളി. അത്താഴം കഴിഞ്ഞ നേരത്ത് അവയത്രയും കാണാനും പോവുമായിരുന്നു.

അങ്ങനെയൊരു അരങ്ങത്തതാണ് സുബ്രഹ്മണ്യനെ നോവിച്ച ആദ്യ കാഴ്ച. പാതിര കഴിഞ്ഞുള്ള രണ്ടാമത്തെ കഥയ്ക്ക് പാടാൻ എത്തിയതായിരുന്നു ശിവരാമൻ നായർ. മുൻനിരയിൽ ഇരുന്നിരുന്ന തമ്പുരാൻ പാതിയൊന്നെഴുന്നേറ്റ് പെട്ടെന്ന് കല്പിച്ചു: ആ ചേങ്ങില അവടെ വെച്ചോള്വാ. ശിവരാമന് പോവാം.

ഇന്നോർക്കുമ്പോഴും വല്ലാത്തൊരു വ്യസനമാണ് സുബ്രഹ്മണ്യന് ഇക്കാര്യം. "ഒന്നാലോചിച്ചു നോക്കൂ, ക്ഷണിച്ചു വന്ന് പ്രവൃത്തിക്ക് പുറപ്പെടുന്നൊരു കലാകാരൻ. അങ്ങോരെ സദസ്സ് സാക്ഷിയാക്കി ഇറക്കിവിടുക."

അതേസമയം പ്രകടനത്തിന് അനുമതി കിട്ടിയ നേരങ്ങളിലോ? അതാണ് ശിഷ്യൻറെ രണ്ടാമത്തെ ഉദാഹരണം:

"സത്യത്തിൽ 'ബാലിവധം' കഥയൊക്കെ ആശാൻതന്നെ പാടിക്കേൾക്കണം. ശ്രീരാമൻറെ ഒളിയമ്പേറ്റശേഷം പതിച്ച ചുവന്നതാടിവേഷം സ്വാമിയോട് പറയുന്ന രണ്ടു വരിയുണ്ട്.... 'ബാധിതസ്യസായകേന ശ്രീരാമചന്ദ്ര,
അയി മമ മൊഴി കേള്‍ക്ക.' ഘണ്ടാരം രാഗത്തിൽ, ചെമ്പട താളത്തിൽ. അവിടെ ശിവരാമൻനായരാശാനെ പോലെ ഭാവം കൊടുത്ത് ആരും നാളിതുവരെ ആലപിച്ചിട്ടുള്ളതായി അനുഭവമില്ല. ബാലിയുടെ ഗതിയോർത്ത് മാത്രമല്ല എനിക്ക് അന്നൊക്കെ കണ്ണു നിറയാറുള്ളത്. അത്ര വികാരസാന്ദ്രമായിട്ടാണ് ചൊല്ലുക."


അരങ്ങിലെ മികവ്

 

M Sivaraman Nair

 

മെലിഞ്ഞു കുറിയ ആളായിരുന്നു ശിവരാമൻ നായർ. ആകാരംപോലെ പെരുമാറ്റം. ഒതുങ്ങിക്കൂടി കുടുംബനാഥൻ. അഹന്തയില്ല. "എന്നിട്ടും എന്തേ അങ്ങനെ വേണ്ടത്ര തെളിയാതെ പോയതാവോ.... ആലോചിച്ചിടത്തോളം കാരണമില്ലാതെ പലരും ചവിട്ടിക്കൂട്ടി." ആരെയെങ്കിലുമൊക്കെ മണിയടിക്കാൻ ലേശവുമറിയാഞ്ഞാലത്തെ വിന.

പാട്ടിന് പരിഷ്‌കാരം പോരാ എന്നൊരാരോപണം അന്നേ ഉണ്ടായിരുന്നുവത്രേ. "എനിക്കത് തോന്നിയിട്ടില്ല," എന്ന് സുബ്രഹ്മണ്യൻ. "അന്നത്തെ തലമുറ അങ്ങനെ നിരൂപിക്കേണ്ട കാര്യമില്ല. ഇന്നത്തെ കണക്ക് അന്ന് അരങ്ങത്ത് വൻകിട സംഗീതമൊന്നും പതിവായിട്ടില്ല."

മലയാളക്കരയിലേക്ക് കുടിയേറിയ തഞ്ചാവൂർ സമ്പ്രദായഭജനക്കാരുടെ ഷൊറണൂരടുത്ത മുണ്ടായ മഠത്തിൽ പിറന്ന വെങ്കിടകൃഷ്ണ ഭാഗവതർ (1881-1975) ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യപാദത്തിൽ കല്ലുവഴിക്കഥകളിയിൽ വലിയ ഗാനമുന്നേറ്റമുണ്ടാക്കി. ആ പുതുതെന്നൽ ഗംഭീരനൊരു കൊടുങ്കാറ്റാക്കി ശിഷ്യൻ നീലകണ്ഠൻ നമ്പീശൻ (1920-85). അതായി പ്രശിഷ്യരിലൂടെ പിന്നീടത്തെ കഥകളിസംഗീതം.

ഇതിനിടയിൽ മദ്ധ്യകേരളം രംഗാലാപനത്തിൽ കടപ്പെട്ട ഒരു ചെറിയ നിര വിശിഷ്ടരുണ്ട്. ഭാഗവതരുടെ സമകാലികരായി കലാമണ്ഡലത്തിൽ പഠിപ്പിച്ചിരുന്ന കാവശ്ശേരി സാമിക്കുട്ടിയും കാവുങ്ങൽ മാധവപ്പണിക്കരും. അവരുടെ അധികമറിയാചരിത്രത്തിൻറെ ശേഷിപ്പുപോലെ ശിവരാമൻ നായരും -- 1950കളിലും '60കളിലും.

"നമ്പീശാശാൻ അന്നൊക്കെ ആദ്യത്തെ കഥയ്ക്കാവും ഏറെയും പാടുക," എന്ന് സുബ്രഹ്മണ്യൻ. ഒന്നാംതരം ഭൃഗ, ഗമകങ്ങളുടെ സൗന്ദര്യത്തിൽ പച്ചയും സ്ത്രീയും വേഷങ്ങൾ അരങ്ങുനിറഞ്ഞാടി. കൊച്ചുവെളുപ്പിന് പ്രത്യക്ഷാമവുന്ന കുറ്റിച്ചാമരങ്ങൾക്കും കരിമുടികൾക്കും പാട്ടകമ്പടിയായി ശിവരാമൻ നായർ. "ഓർത്തിടത്തോളം അങ്ങനെ വലിയ ലോഗ്യക്കാർ ആയിരുന്നില്ല നമ്പീശാശാനും ശിവരാമൻനായരാശാനും." വലിയ പ്രഭാവലയമുള്ള ഒരു വാചാലനും മിക്കവാറും ഉൾവലിഞ്ഞൊരു മിതഭാഷിയും.

ഇങ്ങനെയാണെങ്കിലും അരങ്ങത്ത് ശിവരാമൻ നായർ പലപ്പോഴും ശങ്കിടിക്കാരെ പാട്ടാൽ പരിഭമിപ്പിച്ചിട്ടുണ്ടത്രെ. "മേൽസ്ഥായിയിൽ ആശാൻ അടിച്ചാപൂശും.... കൂടെയുള്ള പലർക്കും എത്തില്ല. ഞാൻ കണ്ടിട്ടുണ്ട് രാമൻകുട്ടി വാരിയർ ഒരിക്കൽ ഇലത്താളം വച്ച് കീഴടങ്ങുന്നതേ!" പറയുമ്പോൾ, ഉയർന്ന ശ്രുതിയിൽ ധാരാളം പാടിശ്ശീലമുണ്ട് വാര്യർക്ക്. ശിവരാമൻനായരെ കണക്ക് കർണാടകസംഗീതം പഠിച്ചിട്ടുള്ള ജ്ഞാനിയാണ്; ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യൻ.

അക്കാലത്തൊക്കെ 'തോരണയുദ്ധം' മുഴുവനായും പതിവുണ്ട്. 'കണ്ടേന്‍ വണ്ടാര്‍കുഴലിയെ തണ്ടാര്‍ശരതുല്യ രാമ' എന്ന് ഹനൂമാൻറെ ഒരു പദമുണ്ടതിൽ -- പുറനീര രാഗത്തിൽ, ചെമ്പട 16 മാത്ര. അതൊക്കെ ശിവരാമൻനായരാശാൻ പാടുന്ന കേൾക്കണം. എതിരില്ല!

അതുപോലെ അസാമാന്യമായിരുന്നുപോൽ 'ഉത്തരാസ്വയംവരം' കഥയിൽ വിരാടനും കങ്കനും കൂടിയുള്ള രംഗത്തിലെ പദങ്ങൾ. മറ്റൊരു ഭാഗത്ത് 'കർണാ പാർത്ഥസദൃശനാരിഹ' എന്ന വൃന്ദാവനസാരംഗ. കൃപരുടെ പദം. ഇന്ന് അത് നല്ലോണം പൂത്തുള്ള ചന്തത്തിൽ (വെണ്മണി ഹരിദാസ് തുടങ്ങിയവർ വഴി) കേൾക്കുന്നെങ്കിൽ അടിവേര് ശിവരാമൻനായരിലാണ് എന്നാണ് സുബ്രഹ്മണ്യപക്ഷം.

ഹരിദാസിൻറെ മാനസശിഷ്യൻ ബാബു നമ്പൂതിരി പറയുന്നു: കഥകളിയുടെ ആദ്യചുവടുകളുറപ്പിക്കുന്ന തോടയത്തിലെ വരികൾ ഗംഭീരനാട്ടയിൽ തികവുറ്റതാക്കിയത് ശിവരാമൻനായരാണ് എന്ന് മറ്റൊരു ശിഷ്യൻ മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി ഓർക്കാറുണ്ട്.

കഴിഞ്ഞ ദശകത്തിൽമാത്രം കണ്ണൂര് ഭാഗത്തൊരു 'കല്യാണസൗഗന്ധികം' കഥകളിക്ക് സുബ്രഹ്മണ്യൻ പാടിയ 'എൻ കണവാ കണ്ടാലും നീ" എന്ന മുഖാരിപദം കൂടെപ്പാടാൻ "ശരിക്ക് കിണഞ്ഞു" എന്ന് ശങ്കിടി സദനം ഹരികുമാർ അടുത്തിടെ രേഖപ്പെടുത്തിയത്, അറിയാതെയെങ്കിലും, ശിവരാമൻനായർക്കുള്ള സലാം ആവാനുംമതി. മറ്റാരുടെയും തരത്തിലല്ലാതെയായിരുന്നു ശിവരാമൻനായർ അക്ഷരങ്ങൾ നിരത്തുക എന്നത്
രഹസ്യംപോലെ പുഞ്ചിരിയിൽ പൊതിഞ്ഞാണ് സുബ്രഹ്മണ്യൻ നിരീക്ഷിക്കുക.

പൊന്നാനിയായി ശിവരാമൻ നായരാണ് എന്നുണ്ടെങ്കിൽ കൊട്ടാൻ വിശേഷിച്ചൊരു ഉത്സാഹം ചെണ്ടചക്രവർത്തി കൃഷ്ണൻകുട്ടി പൊതുവാൾക്ക് ഉണ്ടായിരുന്നു എന്നും ഓർക്കുന്നു സുബ്രഹ്മണ്യൻ. ദുശ്ശീലം വല്ലതുമുണ്ടോ എന്ന് ചോദിച്ചാൽ ഇടയ്ക്കൊരു കള്ളുസേവ ഉണ്ടായിരുന്നു. "വിദേശമദ്യം പതിവില്ല. അതെന്തായാലും, ഒരാൾക്കും യാതൊരു ശല്യവും ഉണ്ടായിട്ടില്ല."


കളരിയിലെ മുറകൾ


പതിമ്മൂന്നാം വയസ്സിൽ കലാമണ്ഡലത്തിൽ ചേരുന്ന കാലത്ത് വെളുപ്പിന് മൂന്നുമണി തുടങ്ങി പഠനമുണ്ടായിരുന്നു വേഷക്കാർക്കും പാട്ടുകാർക്കും കൊട്ടുകാർക്കും. രണ്ടേമുക്കാലിനെങ്കിലും എഴുന്നേറ്റേ പറ്റൂ സംഗീതവിദ്യാർത്ഥികൾ. പ്രഭാതം വരെ അഭ്യാസം.

സമീപത്തെ ഭാരതപ്പുഴയിൽ കുളിയും തുടർന്ന് കഞ്ഞിപ്രാതലും കഴിഞ്ഞാൽ എട്ടര തുടങ്ങി വീണ്ടും ക്ലാസ്. ഇടവിട്ട് സന്ധ്യക്കപ്പുറം വരെ -- ചൊല്ലിയാട്ടത്തിന് പാടിയും സാഹിത്യം മനസ്സിലാക്കിയും ഭജന ചൊല്ലിയും പുരാണങ്ങൾ പരിചയിച്ചും.

ശിവരാമൻ നായരുടെ അദ്ധ്യാപനം കൗതുകകരമായിരുന്നുപോലും. "നാല് വരിയൊക്കെ ഉറപ്പിച്ചുതരാൻ അത്രതന്നെ മണിക്കൂറ് നേരമെടുക്കും ആശാൻ," എന്ന് സുബ്രഹ്മണ്യൻ. "താപസ കുലതിലക' എന്ന പദം ഉദാഹരണം. ബകവധം കഥയിലേതാണ്. ഇതിൽ താപസകു / കുലതിലക എന്ന് വരിമുറിച്ചുള്ള ചൊല്ലൽ മനഃപാഠമാവാൻ എളുപ്പമല്ല. അതിനായി എത്രനേരം വേണമെങ്കിലും ചെലവാക്കും ആശാൻ."

ഇതുപോലൊന്ന് മാടമ്പിയും ഓർത്തെടുക്കുന്നുണ്ട് ഒൻപതുകൊല്ലം മുമ്പ്: 'താപസകുല തിലക' ശിവരാമൻ നായരാശാൻറെ രീതിയിൽ പഠിച്ചെടുത്തിട്ടുള്ളത് എങ്ങനെയെന്നാൽ "ചെറിയ ഒരു ഭൃഗ... വളവോ തിരിവോ ഇല്ലാതെ. അദ്ദേഹം പാടുന്നപോലെത്തന്നെ വന്നില്ലെങ്കില്‍ അങ്ങ്ട് മേപ്പോട്ടക്ക് എടുക്കില്ല. അങ്ങനെ ഒരു സമ്പ്രദായാ." (കഥകളി ഇൻഫോ അഭിമുഖം, മെയ് 2012.)

കൊല്ലം 1958ലെ മഴക്കാലത്ത് കലാമണ്ഡലത്തിൽ ചേർന്ന സുബ്രഹ്മണ്യൻ രണ്ടരവർഷം പിന്നിട്ടപ്പോൾ സ്ഥാപനത്തിലെ വള്ളത്തോൾ ജയന്തിക്ക് അരങ്ങേറി. നമ്പീശൻ, ശിവരാമൻ നായർ, മാധവപ്പണിക്കർ എന്നിവർകൂടാതെ തൃപ്പൂണിത്തുറ ശങ്കരവാര്യർ കർണാടകപദ്ധതി പഠിപ്പിച്ചു. ("ഞങ്ങൾ ചേരുമ്പോൾ ക്ലാസിക്കലിന് പ്രത്യേകമായി മാഷ് ഉണ്ടായിരുന്നില്ല." ശാസ്ത്രീയസംഗീതം മുമ്പ് പൂമുള്ളി രാമൻ നമ്പൂതിരിപ്പാട്, ഉണ്യാച്ചി ഗോപാലൻനായർ എന്നിവരുടെ കീഴിൽ സ്വായത്തമാക്കിയിട്ടുണ്ട്.) കലാമണ്ഡലം ഗംഗാധരനും കോഴ്സ് 1967ൽ സമാപിച്ചു. വൈകാതെ ആറുമാസം താത്കാലിക അദ്ധ്യാപകനായി -- രാമൻകുട്ടി വാര്യർ വിദേശത്തുപോയ ഒഴിവിൽ. തുടർന്ന് നാലുവർഷം മദിരാശി കലാക്ഷേത്രയിൽ കഥകളിവിഭാഗത്തിൽ ഉദ്യോഗസ്ഥനായി. ഇടയിലൊരുവേള ഇരിഞ്ഞാലക്കുട ഉണ്ണായിവാര്യർ കലാനിലയത്തിലും പേരൂരെ സദനത്തിലും. പിന്നീട്, 1978 തുടങ്ങി കലാമണ്ഡലത്തിൽ സ്ഥിരമാശാനായി -- 22 വർഷം. കനത്ത നിര ശിഷ്യരെ വാർത്തു.

ശിവരാമൻ നായരുടെ കാര്യത്തിൽ മറ്റൊരു ശകലംകൂടി: സംഘത്തിൽ മറ്റുള്ളവർക്ക് നല്ല പിടിപോരാത്ത കഥാഭാഗങ്ങളിലാണ് അദ്ദേഹത്തെ മിക്കവാറും അരങ്ങത്തേക്കയക്കുക. "ആ പാടുന്നതുണ്ടല്ലോ, അസാമാന്യമാവുകയും ചെയ്യും!" എന്ന് സുബ്രഹ്മണ്യൻ.

ഇമ്മാതിരി പലതും ഗതകാലത്തിലേക്ക് പിന്തള്ളിപ്പോവുന്നു എന്ന ഖേദമുണ്ട് പ്രവൃത്തിക്കാരും സഹൃദയരും ആയ ചിലർക്കെങ്കിലും. സുബ്രഹ്മണ്യൻറെയും ശിഷ്യനായ ബാബു പറയുന്നു: "നമ്മുടെ വിധിവൈപരീത്യം എന്ന് പറയട്ടെ, ശിവരാമൻനായരുടെ ഒരു ശബ്ദരേഖയും കിട്ടാനില്ല. ഒക്കെയൊന്ന് അറിഞ്ഞുവെക്കാനെങ്കിലും സാധിച്ചാൽ നന്ന്."

സുബ്രഹ്മണ്യനാശാനെ നായകനാക്കി അങ്ങനെയൊരു സംരംഭത്തിന് പുറപ്പാടുണ്ട് ബാബുവും സമപ്രായക്കാരുടെ സംഘവും എന്നറിയുന്നു. ഈ വേനലിൽത്തന്നെ. ആ ഓഡിയോ-വീഡിയോ ഡോക്യുമെൻറേഷന് നന്മകൾ നേരുന്നു.

 
 
(രംഗകലാകുതുകിയാണ് ലേഖകൻ. മാധ്യമപ്രവർത്തകൻ. താമസം തൃശൂര്.)

 

 

 

 

 ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ..

- രവീന്ദ്രനാഥ് പുരുഷോത്തമൻ 

കഥകളി അഭ്യസിപ്പിക്കുന്ന കാര്യത്തിൽ വളരെ നിഷ്കർഷത വെച്ചു പുലർത്തുകയും, കല്ലുവഴി ചിട്ട ശിഷ്യന്മാരിലൂടെ നിലനിർത്തുകയും ചെയ്ത  അജയ്യനായ ആചാര്യനായിരുന്നു പട്ടിയ്ക്കാംതൊടി രാവുണ്ണി മേനോൻ. ആ പരമാചാര്യന്റെ നാമധേയത്തിലുള്ള പുരസ്ക്കാരം ഈ വർഷം കിട്ടിയത്  ശ്രീ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനാണ്.  പുരസ്ക്കാര ലബ്ധിയിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും, ആ സന്തോഷത്തിൽ പങ്കുചേരുകയും ചെയ്യുന്നു.Read more: ക്രൂരനല്ല സാധുവത്രെ ചാരുരൂപൻ..

വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.

 വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.  - കലാമണ്ഡലം വാസു പിഷാരോടി.

(02 മെയ്‌ 2015, ശ്രീ കലാമണ്ഡലം ഇ വാസുദേവന്‍ നായരുടെ സപ്തതിയോടനുബന്ധിച്ച്, എറണാകുളത്ത് നടന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ ലിഖിതരൂപം.) – തയ്യാറാക്കിയത് എന്‍. രാമദാസ്.                          

 Kala: Vasu Pisharady

എന്‍റെ കുട്ടിക്കാലത്ത് നളചരിതത്തിലെ നായകവേഷം കൈകാര്യം ചെയ്തിരുന്നത് കുഞ്ചുനായരാശാന്‍, കൃഷ്ണന്‍ നായരാശാന്‍, മാങ്കുളം തിരുമേനി തുടങ്ങിയ പ്രഗത്ഭര്‍ ആയിരുന്നു. ഈ മൂന്നു ആചാര്യന്മാര്‍ക്കും നളനോടുള്ള സമീപനത്തില്‍ കുറച്ചുകുറച്ചൊക്കെ –ചിലപ്പോള്‍ കുറച്ചധികം –വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നു. നളചരിതം അവതരിപ്പിക്കുമ്പോള്‍ അധികം പരിഭ്രമിക്കേണ്ട കാര്യമില്ല, ഉണ്ണായിവാരിയര്‍ നന്നായി തന്നെ പാത്രസൃഷ്ടി നടത്തിയിട്ടുണ്ട് എന്ന് ഇവിടെ നേരത്തെ സംസാരിച്ചവര്‍ പറഞ്ഞു. അതുതന്നെയാണ് നളചരിതാവതരണത്തിലെ വൈഷമ്യവും. മറ്റു കഥാപാത്രങ്ങളിലൊന്നും പാത്രസൃഷ്ടി പൂര്‍ണ്ണമാണെന്നു ആലങ്കാരികശാസ്ത്രജ്ഞന്മാരോ നിരൂപകരോ ഒന്നും വ്യാഖ്യാനങ്ങളില്‍ പറഞ്ഞിട്ടില്ല. കഷ്ടിച്ചു കാലകേയവധത്തില്‍ മാത്രമേ ഇതുള്ളൂ എന്നും പറയാറുണ്ട്. ഏറ്റവും പ്രസിദ്ധമായ കോട്ടയം കഥകളില്‍ പോലും ഒരു പരിധി വരെ ധര്‍മ്മപുത്രര്‍ക്ക് പ്രാധാന്യം, മറ്റൊരു പരിധി വരെ ഭീമന് പ്രാധാന്യം, മറ്റൊരു പരിധി വരെ അര്‍ജ്ജുനനു പ്രാധാന്യം – അങ്ങനെയൊക്കെയാണ്. അന്നത്തെ കാലത്തൊക്കെ പാത്രസൃഷ്ടി പൂര്‍ണ്ണമാകുക എന്നതിനപ്പുറം മൊത്തം കളി നന്നാവുക എന്നായിരിക്കണം ചിന്തിച്ചിട്ടുണ്ടാവുക. Read more: വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.

ഗംഗാധരന്‍റെ മഹത്വം

Kalamandalam gangadharan

ഗംഗാധര ബാണിയുടെ കടുത്ത  ആരാധകരിൽ ഒരാളായ ശ്രീ രാമദാസ്‌. എൻ, അദ്ദേഹത്തിൻറെ ഗംഗാധാരസ്മരണകളിലൂടെ ...                      

      1985ലാവണം, തിരുവനന്തപുരം ജില്ലയുടെ വടക്കേ അറ്റത്തുള്ള നാവായിക്കുളം ക്ഷേത്രത്തില്‍ കഥകളി. ആ ഭാഗങ്ങളില്‍ ഏറ്റവും മികച്ച കഥകളി നടക്കുന്ന സ്ഥലമാണ്. കൃഷ്ണന്‍ നായരാശാനും രാമന്‍കുട്ടി നായരാശാനും ഒരുമിക്കുന്ന കല്യാണസൌഗന്ധികമാണ് ആദ്യ കഥ. തുടര്‍ന്ന്, ഗോപിയാശാനും ചിറക്കര മാധവന്‍കുട്ടിയും അരങ്ങത്തെത്തുന്ന കര്‍ണ്ണശപഥം. പാട്ടിന് ശങ്കരന്‍ എമ്പ്രാന്തിരി – ഹരിദാസ് ടീമും പിന്നെ ആരോ കൂടിയും. ഞാന്‍ ഗൌരവമായി കഥകളി കണ്ടുതുടങ്ങിയിട്ടു അധികകാലമായിട്ടില്ല. ഞങ്ങളുടെ നാട്ടിലൊക്കെ അന്ന് ഗംഭീര കഥകളി എന്നാല്‍ എമ്പ്രാന്തിരി – ഹരിദാസ് ടീം ആണ് പാട്ടിന്. അങ്ങനെ  ഞാനും ആ ടീമിന്‍റെ കടുത്ത ആരാധകനായിരുന്നു. കൂടാതെ കുറുപ്പാശാന്‍, ഹൈദരാലി, തുടങ്ങിയവരെയും ഇഷ്ടമാണ്. പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് വെണ്മണി ഹരിദാസിന്‍റെ പൊന്നാനിപ്പാട്ട് കേള്‍ക്കുന്നത്. ഇത് ഞാന്‍  ആരാധിക്കുന്നതിലും ഏറെ മേലെയാണല്ലോ എന്ന തിരിച്ചറിവില്‍ ഹരിദാസേട്ടന്‍റെ ആസ്വാദകനായി മാറിത്തുടങ്ങിയ കാലം.  ഞങ്ങള്‍ ഒരു മൂവര്‍ സംഘം അമ്പലമതില്‍ക്കകത്ത് പ്രവേശിച്ചപ്പോഴേ അറിഞ്ഞു, എമ്പ്രാന്തിരി എന്തോ അസൌകര്യം മൂലം എത്തുകയില്ല എന്ന്. അങ്ങനെ  ഹരിദാസേട്ടന്‍റെ ഒരു  പൊന്നാനിപ്പാട്ട് അപ്രതീക്ഷിതമായി കേള്‍ക്കാന്‍ അവസരം കിട്ടിയത്തിലുള്ള സന്തോഷവുമായി അണിയറയില്‍ വെണ്മണിയുടെ അടുത്തെത്തി. അദ്ദേഹം പറഞ്ഞു “എമ്പ്രാന്തിരിയേട്ടന്‍ ഇല്ല. ഗംഗാധരാശാനെ വിളിക്കാന്‍ കാറുമായി ആള്‍ പോയിട്ടുണ്ട്” എന്‍റെ സുഹൃത്ത് ഉടന്‍ പ്രതികരിച്ചു. “അത് വേണ്ടിയിരുന്നില്ലല്ലോ? ഹരിദാസേട്ടന്‍ പാടിയാല്‍ പോരെ?” സത്യത്തില്‍ എന്‍റെ മനസ്സിലും അതുതന്നെ  ആയിരുന്നു ചിന്ത. കേട്ടയുടന്‍ അദ്ദേഹത്തിന്‍റെ മുഖം ചുവന്നു. സാധാരണ  പതിവില്ലാത്ത വിധം  അല്പം  ദേഷ്യത്തിലായിരുന്നു പ്രതികരണം. “അങ്ങനെ  ഒന്നും പറയരുത്. നിങ്ങള്‍ക്ക്  ആശാന്‍റെ പാട്ട്  അറിയാത്തതുകൊണ്ടാണ്” അന്ന് ആശാനും ശിഷ്യനും ചേര്‍ന്ന് പാടിയ കര്‍ണ്ണശപഥം കേട്ടപ്പോള്‍  മുതലാവണം ഇദ്ദേഹം ശ്രദ്ധിക്കേണ്ട ആളാണല്ലോ എന്ന് എനിക്കു തോന്നിത്തുടങ്ങിയത്. ( രാമണീയഗുണാകരാ - ഭൈരവി )

ആ കാലത്ത് ആശാനെ  കൂടുതലും കേള്‍ക്കുന്നത് കലാമണ്ഡലം ട്രൂപ്പിന്‍റെ കളികള്‍ക്കാണ്.ഉണ്ണിക്കൃഷ്ണക്കുറുപ്പാശാന്‍ പാടുന്ന ആദ്യകഥക്ക് ശേഷം മിക്കവാറും രാമന്‍കുട്ടി ആശാന്‍റെ കത്തിവേഷം അരങ്ങത്തെത്തുന്ന രണ്ടാമത്തെ കഥയില്‍. വഴിയേ മനസ്സിലായിത്തുടങ്ങി – ഇദ്ദേഹത്തിനു ശങ്കിടി പാടാന്‍ പറ്റുന്നവര്‍ അന്ന് കലാമണ്ഡലത്ത്തില്‍ ഇല്ലാ എന്ന്. രാമവാരിയര്‍, മാടമ്പി, സുബ്രഹ്മണ്യന്‍, സുകുമാരന്‍, ഭവദാസന്‍ തുടങ്ങി പലരും ഇലത്താളവുമായി ശങ്കിടി പാടി കേട്ടു. പതുക്കെ ആ ഘനഗംഭീര ശാരീരവും കടഞ്ഞെടുത്ത സംഗതികളുടെ അകമ്പടിയോടെ എത്തുന്ന സുന്ദരസംഗീതവും എന്നെ കീഴടക്കാന്‍ തുടങ്ങി. (രാകാധിനാഥരുചി-നീലാംബരി : )

Kalamandalam Gangadharan Venmani Haridas

എന്താണ് മറ്റു ജനപ്രിയഗായകരില്‍ നിന്ന് വ്യത്യസ്തമായി ഗംഗാധരാശാനെ ഉയരത്തില്‍ നിര്‍ത്തുന്നത്? കഴിഞ്ഞ ആഴ്ച ചില സമാനഹൃദയരുമായി ആശാന്‍റെ വിയോഗം പങ്കുവച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. – “ആശാന്‍റെ സൌഹൃദവും സംഗീതവും നാളികേരപാകമാണ്. പുറന്തോട് പൊട്ടിച്ചു അകത്തുകടക്കുക എളുപ്പമല്ല. അകത്തു കടന്നാലോ? മധുരശീതളമായ പാനീയമാണ് കിട്ടുക.” ഇത് കേട്ടു ഒരു സുഹൃത്ത് പ്രതികരിച്ചത് ഇങ്ങനെയാണ്. “പക്ഷേ, പുറന്തോടും ചിരട്ടയും പൊട്ടിച്ചു അകത്തുകടന്നാല്‍ പത്മവ്യൂഹത്തില്‍ അകപ്പെട്ടതുപോലെയാണ്.ആ മധുരത്തില്‍  നിന്ന് പുറത്തുകടക്കാനാവില്ല.” മറ്റൊരു സുഹൃത്ത് പറഞ്ഞു “സൗഹൃദം തേങ്ങാവെള്ളം പോലെ ലളിതവും മധുരവും ആയിരിക്കാം. എന്നാല്‍, സംഗീതം അത്ര ലളിതമൊന്നുമല്ല”

ഈ പ്രതികരണങ്ങളില്‍ ആശാന്‍റെ സംഗീതം കൃത്യമായി വിലയിരുത്തപ്പെടുന്നുണ്ട്. കുട്ടിക്കാലത്ത് പഠിച്ച ശാസ്ത്രീയസംഗീതത്തിന്‍റെ ശക്തമായ അടിത്തറ, കഥകളിപ്പാട്ടിനെ, കഥകളിസംഗീതമാക്കിയ നീലകണ്ഠന്‍ നമ്പീശന്‍ ആശാന്‍റെ ശിക്ഷണം, അവസാനം വരെ പുതു പരീക്ഷണങ്ങള്‍ക്ക് മുതിരാനുള്ള അഭിനിവേശം – ഇതെല്ലാമാവണം ആശാന്‍റെ പാട്ട്.

“ചിട്ടക്കഥകള്‍ ഗംഗാധരന്‍ തന്നെ പാടണം” എന്ന് മുന്‍പ് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. കലാമണ്ഡലത്തിലെ വിദ്യാഭ്യാസവും പിന്നെ ഇടവേള ഇല്ലാതെ തന്നെ അവിടെ അദ്ധ്യാപനവും അരങ്ങുകളും – അങ്ങനെയൊക്കെയുള്ള ജീവിതം അതിനു ആശാനെ പ്രാപ്തനാക്കിയിട്ടുമുന്ദ്. നമ്പീശന്‍ ആശാനും ഉണ്ണിക്കൃഷ്ണക്കുറുപ്പാശാനും സജീവമായുണ്ടായിരുന്ന കലാമണ്ഡലം കളികളില്‍ രണ്ടാമത്തെ കഥയുടെ ഗായകനായിരുന്നു ആശാന്‍. സംഗീതത്തിലും സമ്പ്രദായത്തിലും ഉള്ള അവഗാഹം നല്‍കുന്ന ചങ്കൂറ്റവും ആശായ്മയും ചിട്ടകഥകള്‍ക്കുവേണ്ടി ചേങ്ങില പിടിച്ചു പാടുമ്പോള്‍ ആശാനെ  വേറിട്ട്‌ നിര്‍ത്തിയിരുന്നു. (വിജയാ തേ : )

എന്നാല്‍ പരീക്ഷണോത്സുകമായ മനസ്സു ചിറകു വിടര്‍ത്തി പറക്കുന്നത് നളചരിതം അടക്കമുള്ള ഭാവപ്രധാനമായ കഥകള്‍ പാടുമ്പോഴാണ്. പതിവുരാഗങ്ങള്‍ക്ക് പകരം പുതിയ പുതിയ രാഗങ്ങള്‍ ഓരോ അരങ്ങിലും പരീക്ഷിക്കുവാന്‍ അദ്ദേഹം ഉത്സുകനായിരുന്നു. ഒരൊറ്റ രാഗമാറ്റപരീക്ഷണം പോലും അരങ്ങിനു യോജിക്കാത്തതായി തോന്നിയിട്ടുമില്ല. അരങ്ങത്ത് ഭാവം കൊണ്ടുവരാനായി പലരും ശബ്ദനിയന്ത്രണവും മറ്റു പല തന്ത്രങ്ങളും ഉപയോഗികുമ്പോള്‍ അരങ്ങത്ത് ഉചിതമായ ഭാവതലം സൃഷ്ടിക്കുന്നതിനുള്ള ആശാന്‍റെ മാര്‍ഗ്ഗം, രാഗഭാവവും അനുയോജ്യമായ സംഗതികളും ഗമകങ്ങളുമൊക്കെ ഉപയോഗിക്കുക എന്നതായിരുന്നു. മറ്റാരും എത്തിച്ചേരാത്ത ഉയര്‍ന്ന സ്ഥായിയില്‍ പാടുമ്പോഴും, പടിപടിയായി സംഗതികളും ഗമകങ്ങളും ഉപയോഗിച്ച് ഒരു മോട്ടോര്‍ വാഹനം ഗിയര്‍ കൃത്യമായി മാറ്റി, ഇടയ്ക്കു സാവധാനം ബ്രേക്ക്‌ ചെയ്തു, വാഹനത്തിലെ യാത്രക്കാരന് ഒരു അലോസരവും ഉണ്ടാകാതെ ചെങ്കുത്തായ ഒരു കയറ്റം കയറുന്ന പ്രതീതിയാണ് ആശാന്‍ ഉണ്ടാക്കിയിരുന്നത്. എത്തേണ്ടിടത്ത് യാതൊരു അപകടവും കൂടാതെ എത്തി, സുഗമമായി തന്നെ തിരിച്ചുവരികയും ചെയ്യും.

You need to a flashplayer enabled browser to view this YouTube video

 

തോടിയും  ( ),കല്യാണിയും, ഭൈരവിയും, കാംബോജിയും, ശങ്കരാഭരണവും പോലെയുള്ള ഘനരാഗങ്ങളും ഒപ്പം തന്നെ ആനന്ദഭൈരവിയും മോഹനവും സാവേരിയും പോലെയുള്ള മൃദുരാഗങ്ങളും ഒരേപോലെ ആസ്വാദ്യമാക്കിയിരുന്ന ആശാന്‍ ആഹീര്‍ ഭൈരവും ( ), ദേശും, ശ്യാമയും, യമുനാകല്യാണിയും സിന്ധുഭൈരവിയും, ഹിന്ദോളവും ( ), വസന്തയും, കുന്തളവരാളിയും പോലെ കഥകളിയില്‍ പതിവില്ലാത്ത രാഗങ്ങള്‍ പാടുമ്പോഴും, ഇത് തന്നെയാണ് കഥകളിപ്പാട്ട് എന്ന തോന്നല്‍ ഉണ്ടാക്കിയിരുന്നു. ഏതു രാഗമായാലും സാധാരണ കേള്‍ക്കുന്ന സഞ്ചാരവഴികളില്‍ നിന്നു വ്യത്യസ്തമായ പാതയിലൂടെയാവും ആശാന്‍ യാത്ര ചെയ്യുക. കഥകളിക്കു ഇത് തന്നെയാണ് വേണ്ടത് എന്ന് തോന്നുകയും ചെയ്യും. ഒരിക്കല്‍ അദ്ദേഹം പറഞ്ഞു “യമുനാകല്യാണി ‘കൃഷ്ണാ നീ ബേഗനേ ബാരോ’ പാടുന്നപോലെ മാത്രമേ പാടാവൂ എന്നാണ് പലരും വിചാരിച്ചിരിക്കുന്നത്. അങ്ങനെയൊന്നുമല്ലാതെയും ആ രാഗം പാടാം”. ആ മനസ്സായിരുന്നു അദ്ദേഹത്തിന്റെ ശക്തി. ( നാളില്‍ നാളില്‍ വരും : യമുനാകല്യാണി )

ഗുരുനാഥന്‍ അല്ലാതെ തന്നെ സ്വാധീനിച്ച മറ്റു മുതിര്‍ന്ന ഗായകര്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചാല്‍ ആശാന് പറയാന്‍ ഒരൊറ്റ പേരേ ഉള്ളൂ. അത് ചേര്‍ത്തല കുട്ടപ്പക്കുറുപ്പ് എന്നാണ്. വിപ്ലവാത്മകമായ ആശാന്‍റെ സംഗീതവഴികളില്‍ കുട്ടപ്പക്കുറുപ്പാശാന്‍റെ സ്വാധീനം പ്രകടമാണ് എന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നു. “എനിക്ക് അദ്ദേഹത്തിന്‍റെ കൂടെ അധികം പാടാന്‍ അവസരം കിട്ടിയിട്ടില്ല. കുറെ കൂടി പിടിച്ചെടുക്കാനുണ്ടായിരുന്നു” എന്ന് ഒരിക്കല്‍ ആശാന്‍ സരസമായി പറയുകയുണ്ടായി. ആശാന്‍ പാടി പ്രസിദ്ധമാക്കിയ ബാലിവധത്തിലെ താരയുടെ “ഹാ ഹാ  നാഥാ നായകാ” ( ) എന്ന പദവും ഹുസൈനിയിലേക്ക് രാഗമാറ്റം നടത്തിയ ദേവയാനീസ്വയംവരത്തിലെ “കല്യാണീകുലമൌലേ” ( ) എന്ന പദവും കുട്ടപ്പക്കുറുപ്പാശാന്‍റെ വഴിയില്‍ ആണെന്നു ആശാന്‍  തുറന്നു പറഞ്ഞിട്ടുണ്ട്. പുതിയ  രാഗപരീക്ഷനങ്ങളാണോ, പതിവു രാഗങ്ങളിലെ ആലാപനമാണോ ഏറെ ആസ്വാദ്യം എന്നു ചോദിച്ചാല്‍ മറുപടി പറയാനാവാത്ത വിധം രണ്ടിലും ആശാന്‍ അനന്വയമാകുന്നു.

കഥകളിപ്പാട്ടില്‍ ഇത്രയധികം ശിഷ്യന്മാരുള്ള മറ്റൊരു ഗുരുവും ഉണ്ടാകാനിടയില്ല. വെണ്മണി ഹരിദാസ് ആണ് ആദ്യശിഷ്യന്‍ എങ്കിലും അതിനു മുന്നേ അഭ്യസിച്ചിരുന്ന എമ്പ്രാന്തിരി, ഹൈദരാലി, മാടമ്പി  തുടങ്ങിയവര്‍ക്കും ആശാന്‍ ഗുരുസ്ഥാനീയന്‍ തന്നെ. ഇന്ന് അരങ്ങത്ത് തിളങ്ങിനില്‍ക്കുന്ന യുവഗായകര്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. സംഗീതത്തിന്‍റെ ഔന്നത്യത്തില്‍ എത്തി നില്‍ക്കുന്ന ആശാന്‍ മറ്റു ഗായകരെ കുറിച്ച അതികേമമായ അഭിപ്രായപ്രകടനം നടത്തുന്നത് അത്യപൂര്‍വ്വമാണ്.

കളരിയിലും അരങ്ങത്തും അദ്ദേഹം കര്‍ക്കശക്കാരനായ ആശാന്‍ തന്നെയാണ്. അരങ്ങത്തു പാടുമ്പോള്‍ ആശാന്‍റെ ദുര്‍ഘട വഴികള്‍ പിന്തുടരാന്‍ കഷ്ടപ്പെടുന്ന ശിങ്കിടിയെ പഠിപ്പിക്കുന്ന ഗുരുവായി ആശാന്‍ മാറുന്നത് ഒരു സ്ഥിരം കാഴ്ചയാണ്.

ഒരുവിധപ്പെട്ട യുവഗായകര്‍ എല്ലാവരും തന്നെ ആശാന്‍റെ ഒപ്പം ശങ്കിടി പാടാന്‍ മടിക്കുന്നതായി കാണാറുണ്ട്. ബഹുമാനക്കുറവല്ല  കൂടുതലാണ് അതിനു കാരണം. അടുത്തെങ്ങുമെത്താന്‍ കഴിയില്ല എന്നുറപ്പുള്ള സ്ഥിതിക്ക് അതിനു മിനക്കെടേണ്ട എന്നാണു പലരും ചിന്തിക്കുന്നത്. ഈ അടുത്ത് ഒരു യുവഗായകന്‍ പറയുകയുണ്ടായി “ആ കളരിയില്‍ ഇരുന്നു പഠിച്ച ഒരാള്‍ക്കും ധൈര്യപൂര്‍വ്വം ആശാന്‍റെ ഒപ്പം ശങ്കിടി പാടാന്‍ കഴിയില്ല”. ആസ്വദിച്ചു, ആഘോഷിച്ചു ശങ്കിടി പാടാന്‍ സ്വയം തയ്യാറാവുന്ന ഗായകന്‍ കോട്ടക്കല്‍ പി ഡി നമ്പൂതിരി മാത്രമാവും. ഏറ്റവും നന്നായി ആശാനെ പിന്‍തുടര്‍ന്നിരുന്ന വെണ്മണി ഹരിദാസ് പോലും കുറച്ച് അരങ്ങുകളില്‍ മാത്രമേ കൂടെ പാടിയിട്ടുള്ളു. അപ്പോഴൊക്കെ, സ്വതവേയുള്ള പരിഭ്രമം ഏറെ അധികരിച്ചിരുന്നു.

Kala: Gangadharan

തുടക്കം മുതല്‍ തന്നെ ഏറെ അവഗണനയും തമസ്കരണവും അനുഭവിക്കാന്‍ നിയോഗമുണ്ടായിട്ടുള്ള ആശാന് ആസ്വാദകര്‍ വളരെ കുറവാണ്. പുറന്തോട് പൊട്ടിച്ചു ആ സംഗീതം അറിയാന്‍ കഴിയാത്തതാണ് അതിനു കാരണം. ഉള്ള ആസ്വാദകരെ സ്വന്തം ആളുകളായി കാണുന്ന അദ്ദേഹം അവര്‍ക്ക് ഏറെ പ്രിയപ്പെട്ട സുഹൃത്താണ്. എഴുപത്തിയൊന്പതാം വയസ്സിലും തന്നെ അറിയാന്‍ ശ്രമിക്കുന്ന മുപ്പതുകാരനെ അദ്ദേഹം തുല്യനായ സുഹൃത്തായി കണ്ടിരുന്നു.

ആറു പതിറ്റാണ്ടോളം കഥകളി അരങ്ങത്ത് സജീവസാന്നിദ്ധ്യമായിരുന്ന, ഈ മഹാഗായകന്‍ പാടിയിരുന്ന ആദ്യനാളുകളില്‍ കേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. കഥകളി കാണാന്‍ തുടങ്ങിയ ആദ്യനാളുകളില്‍ ഞാന്‍ അദ്ദേഹത്ത്തിലേക്ക് ആകൃഷ്ടനായില്ല. അവസാനത്തെ മുപ്പതു വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്‍റെ സംഗീതം ഒരു ലഹരിയായി ആസ്വദിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യം. ശിഷ്യന്‍ വെണ്മണി ഹരിദാസ് പറയുമായിരുന്നു “എന്നെ പഠിപ്പിക്കുന്ന കാലത്തെ ആശാന്‍റെ പാട്ട് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പിന്നെ ആശാനെ കുറിച്ച് ഒന്നും പറയേണ്ട” എന്ന്.

ഗൌരവമായി കഥകളി കാണാന്‍ തുടങ്ങിയ കാലം മുതല്‍ “ആശാന്‍” എന്ന ഒറ്റവാക്കില്‍ ഞാന്‍ കണ്ടിരുന്ന രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. അവരില്‍ രാമന്‍കുട്ടി ആശാന്‍ മുന്‍പേ പോയി. ഇപ്പോള്‍ ഗംഗാധരാശാനും. ശതകോടി പ്രണാമം. 

 (Photo Courtesy : Ajith Menon )

 

embed video powered by Union Development


free joomla templatesjoomla templates
2021  Aswadanam.com   globbers joomla template