ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്
- Details
- Category: Kathakali
- Published on Thursday, 02 January 2014 06:11
- Hits: 5817
ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്
രാമദാസ് എൻ
1984 ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ഒരു കൊല്ലം ജോലിയുമായി കഴിയേണ്ടിവന്ന കാലത്താണ് ഞാന്‍ കഥകളിയും സംഗീതവുമെല്ലാം ഗൌരവമായി ആസ്വദിക്കാന്‍ തുടങ്ങിയത്. ശ്രീകൃഷ്ണപുരത്തുകാരന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജാതവേദനും ചങ്ങനാശ്ശേരിക്കാരന്‍ അശോകനും ഞാനും അടങ്ങുന്ന മൂവര്‍ സംഘം തലസ്ഥാനത്തും ചുറ്റുവട്ടത്തുമുള്ള ഒരു അരങ്ങുപോലും വിടാതെ കഥകളി കണ്ടുനടക്കുന്ന കാലം. മിക്കവാറും കഥകളി കലാകാരന്മാരുമായുള്ള അടുപ്പം ഉണ്ടാകുന്നതും ഇക്കാലത്താണ്.
ആ വര്ഷം നാട്ടിലെ വാരനാട് ദേവീക്ഷേത്രത്തില്‍ കലാമണ്ഡലം മേജര്‍ ട്രൂപ്പിന്റെ രണ്ടു ദിവസത്തെ കഥകളി. ചേര്‍ത്തല ഭാഗത്ത് ആ കാലത്തൊക്കെ കേമായിട്ടുള്ള കളികളില്‍ എല്ലാം സ്ഥിരം താരങ്ങളാണ് പതിവ്. എന്നാല്‍ ഈ അരങ്ങുകളില്‍ രാമന്‍ കുട്ടിയാശാനും പൊതുവാളാശാന്മാരും കുറുപ്പാശാനുമൊക്കെ ഉണ്ട്. അരങ്ങിനു മുന്‍പില്‍ ഇരിക്കാനുള്ള ഉത്സാഹം നേരത്തെ തന്നെ തുടങ്ങി. കളി ദിവസം മൂവര്‍ സംഘം തലസ്ഥാനത്തുനിന്ന്‍ നേരത്തെ തന്നെ എത്തി. ആദ്യ ദിവസം മൂന്നു കഥകളാണ്. ഗോപിയാശാനും ഉണ്ണിക്കൃഷ്ണക്കുറുപ്പാശാനും മന്നാടിയാരാശാനും രാജശേഖരനും ഒന്നിക്കുന്ന രുക്മാംഗദചരിതമാണ് ആദ്യ കഥ. പിന്നണിയില്‍ പൊതുവാളാശാന്മാരും ഗംഗാധരന്‍ ആശാനും എത്തുന്ന രാമന്‍ കുട്ടിയാശാന്റെ സീതാസ്വയംവരത്തിലെ പരശുരാമനാണ് അന്നത്തെ മുഖ്യ ആകര്‍ഷണം. മൂന്നാമത്തെ കഥ ദുര്യോധനവധം. മൂന്നാമത്തെ കഥയിലെ ഇടവേളയില്‍ എപ്പോഴോ ആണ് കിരീടം അഴിച്ചു വിശ്രമിക്കുന്ന ദുര്യോധനനെ അശോകന്‍ പരിചയപ്പെടുത്തുന്നത്. “ഷാരടി വാസുവേട്ടന്‍. നല്ല അസ്സല് കത്തിവേഷമാ” പരിചയപ്പെട്ടപ്പോള്‍ തന്നെ ആ സൌഹൃദത്തില്‍ ഒരു ഊഷ്മളത തോന്നി. ആ സൗഹൃദം ഇന്നും ഊഷ്മളമായി തന്നെ തുടരുന്നു.
അന്നത്തെ ദുര്യോധനന്‍ അസ്സലായി. കലാമണ്ഡലം ബലരാമനും ഉണ്ണിക്കൃഷ്ണനും ചെണ്ടയില്‍ ഒപ്പമുണ്ടായിരുന്നു. കലാമണ്ഡലം വാസു പിഷാരോടിയുടെ വേഷങ്ങള്‍ അതിനു മുന്പ് കണ്ടിട്ടുള്ളത് സന്താനഗോപാലം ബ്രാഹ്മണനും പുഷ്കരനുമാണ്. ഈ പരിച്ചപ്പെടലിനു ശേഷം ഇടക്കൊക്കെ അദേഹത്തിന്റെ വേഷങ്ങള്‍ കാണാറുണ്ടായിരുന്നു. കൂടുതലും സന്താനഗോപാലം ബ്രാഹ്മണനും രണ്ടാമത്തെ കഥയിലെ വേഷങ്ങളും ഇടക്ക് ഒന്നോ രണ്ടോ പരശുരാമാനുമൊക്കെ കണ്ടു.
അതിനിടെയാണ് തിരുവനന്തപുരം കടക്കാവൂര്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “നൃത്യകലാരംഗം” എന്ന ത്രൈമാസികത്തിന്റെ പത്രാധിപര്‍ ശ്രീ. ആര്‍. കുട്ടന്‍ പിള്ള ഒരു ലേഖനം കൊടുക്കാമോ എന്ന് ചോദിച്ചത്. സൌഹൃദത്തിന്റെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് ലേഖനം വാസു പിഷാരോടിയെ കുറിച്ചാവാം എന്ന് തീരുമാനിച്ചു. ഇടയ്ക്കു കത്തുകള്‍ എഴുതാറുണ്ട്. അതിനിടെ തിരുവനന്തപുരത്ത് ശ്രീപത്മനാഭന്റെ നടയില്‍ ഒരു കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ കാണാനിടയായതും അതിനൊരു കാരണമായി. ഗംഗാധരന്‍ ആശാനും വെണ്മണി ഹരിദാസും മന്നാടിയാര്‍ ആശാനും പിന്നണിയില്‍ ഉണ്ടായിരുന്ന ആ അരങ്ങു മനസ്സില്‍ എന്തൊക്കെയോ അനുരണനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ലേഖനം തയാറാക്കുന്നതിനു വേണ്ടി മൂന്നു നാല് തവണയായി അദ്ദേഹവുമായി വിശദമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ വേഷങ്ങളില്‍ കാണുന്ന വ്യത്യസ്തത വ്യക്തമായി തുടങ്ങുന്നത്. ഗുരുനാഥന്‍ വാഴേങ്കട കുഞ്ചുനായരാശാനെ കുറിച്ചും അദ്ദേഹത്തിന്റെ ചിന്താധാരകളെ കുതറിച്ചുമെല്ലാം വിശദമായി തന്നെ സംസാരിച്ചു. “ഏറ്റവും പ്രിയപ്പെട്ട വേഷം ഏതാണ്?” എന്ന എന്റെ ചോദ്യത്തിനു “ഗുരുനാഥന് പ്രിയപ്പെട്ട നളബാഹുകന്മാര്‍ തന്നെ” എന്ന മറുപടി കേട്ടുവെങ്കിലും ആ സമയത്തും ഞാന്‍ അദ്ദേഹത്തിന്റെ ഈ വേഷങ്ങള്‍ കണ്ടിരുന്നില്ല.
അടുത്ത വര്‍ഷവും വാരനാട് ക്ഷേത്രത്തില്‍ കഥകളി കലാമണ്ഡലം മേജര്‍ ട്രൂപ്പ് തന്നെ. മുന്‍വര്‍ഷത്തെ അതിഗംഭീരമായ, താരപ്പൊലിമയുള്ള അരങ്ങിന്റെ ആവര്‍ത്തനം പ്രതീക്ഷിച്ചു ആസ്വാദകര്‍ നേരത്തെ തന്നെ വന്നു വന്നു നിറഞ്ഞു. നളചരിതം നാലാം ദിവസവും (ഗോപിയാശാന്‍, രാജശേഖരന്‍, കുറുപ്പാശാന്‍, മന്നാടിയാരാശാന്‍) കുട്ടിത്രയത്ത്ന്റെ രാവണോത്ഭവവും ദക്ഷയാഗവും ആണ് നിശ്ചയിച്ചിട്ടുള്ള കഥകള്‍. കളി തുടങ്ങാറായപ്പോഴും പ്രധാനപ്പെട്ട മൂന്നു താരങ്ങള്‍ എന്തോ അസൌകര്യങ്ങള്‍ മൂലം എത്തിയിട്ടില്ല. ഗോപിയാശാനും കുറുപ്പാശാനും കൃഷ്ണന്‍കുട്ടിപ്പൊതുവാളാശാനും. ചിലരൊക്കെ കളി കാണാന്‍ നില്‍ക്കാതെ തിരിച്ചുപോയി. കഥകള്‍ക്ക് മാറ്റമൊന്നുമില്ല. വാസു പിഷാരോടിയുടെ ബാഹുകന്‍. ഗംഗാധരന്‍ ആശാനും രാമവാരിയരാശാനും പാടുന്നു. അഭിമുഖത്തില്‍ പറഞ്ഞുകേട്ട കാര്യങ്ങള്‍ മനസ്സിലുണ്ട്. അന്ന് കണ്ട നാലാം ദിവസം ബാഹുകന്‍ മുന്പ് കണ്ടു ശീലിച്ചിട്ടുള്ളവയില്‍ നിന്ന് വളരെ വ്യത്യസ്തമായ സമീപനം കൊണ്ട് മനസ്സില്‍ ഇടം നേടി. കേശിനിയുമായുള്ള പദങ്ങള്‍ കഴിഞ്ഞു വേഗം തന്നെ കേശിനിയെ അവിടുന്ന് യാത്രയാക്കി. “കേശിനിയുമായുള്ള ആട്ടം കാര്യമായി ഒന്നും ഉണ്ടായില്ല” എന്ന് ചിലരൊക്കെ പരാതി പറഞ്ഞുകേട്ടുവെങ്കിലും തുടര്‍ന്നുണ്ടായ ആട്ടം അതിന്റെ ഔചിത്യത്തെ വ്യക്തമാക്കുന്നതായിരുന്നു. “ദമയന്തിയുടെ ഒന്നാം വിവാഹത്തിനു തലേന്ന്, സ്വന്തം രൂപം മറച്ചു ഇന്ദ്രന്റെ ദൂതനായി ഞാന്‍ ഈ രാജധാനിയില്‍ എത്തി. ഇന്നിതാ അവളുടെ രണ്ടാം വിവാഹത്തിന്റെ തലേന്നും സ്വന്തം രൂപം മറച്ച്, മറ്റൊരു രാജാവിന്റെ സാരഥിയായി ഈ രാജധാനിയില്‍ എത്താനുള്ള ദുര്യോഗം എനിക്കുണ്ടായിരിക്കുന്നു” എന്ന് പറഞ്ഞുകൊണ്ടാംഭിച്ച ഇളകിയാട്ടം തീര്‍ത്തും വേറെ ഒന്നായിരുന്നു. “അവളുടെ രണ്ടാം വിവാഹം. വാര്‍ത്ത സത്യമാണോ? അങ്ങനെ ഒന്ന് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ഒന്നും കാണുന്നില്ല. രാജാക്കന്മാര്‍ വന്നുവന്നു നിറഞ്ഞു കുണ്ഡിനം എന്നാണല്ലോ സുദേവന്‍ പറഞ്ഞത്? ഇവിടെ ആരെയും കാണുന്നില്ല. ബ്രാഹ്മണര്‍ കള്ളം പറയാന്‍ തുടങ്ങിയോ?” എന്നെല്ലാം ആ ആട്ടം തുടര്‍ന്നു. ഈ പ്രദേശത്തൊക്കെ അന്ന് ബാഹുകന്റെ ആട്ടത്തിന്റെ കേമത്തമായി കാണുന്നത് “കറിക്ക് നുറുക്കല്‍” എത്ര നേരമുണ്ടായി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ പാചകമെല്ലാം താന്‍ നളനാണ് എന്ന് കേശിനിക്ക് മനസ്സിലാകാന്‍ ഉള്ള കാര്യങ്ങള്‍ മാത്രമടങ്ങിയത്. ഋതുപര്‍ണ്ണനു ഭക്ഷണം വിളമ്പുന്ന സമയത്തെ ലഘുമുദ്രയിലുള്ള സംഭാഷണം വളരെ മാന്യം. എപ്പോഴും മനസ്സില്‍ ദമയന്തി മാത്രം. ജോലികള്‍ എല്ലാം കഴിഞ്ഞു തേര്‍ത്തട്ടില്‍ വിശ്രമിക്കുന്നു. തേരിലുള്ള പൂക്കളെ എന്തോ വിരോധമുള്ളതുപോലെ പിടിച്ചു ഞെരിക്കുന്നതാണ് സാധാരണ കാണാറുള്ളത്. ഷാരോടിയുടെ ബാഹുകന്‍ തേര്‍ത്തട്ടില്‍ ഇരുന്നു പൂക്കള്‍ കാണുന്നു. തുടര്‍ന്ന് വള്ളത്തോളിന്റെ ഒരു ശ്ലോകമാണ് ആടിയത്. “ഹേ! പൂക്കളേ! സുന്ദരിമാരുടെ വാര്‍മുടിയില്‍ ചൂടപ്പെടാനോ ഈശ്വരപാദങ്ങളില്‍ അര്‍ച്ചിക്കപ്പെടാനോ നിങ്ങള്ക്ക് ഭാഗ്യമുണ്ടായില്ലല്ലോ? സകല നന്മകളും നശിച്ചു വാടിക്കരിഞ്ഞു എന്റെ മുന്നില്‍ നില്‍ക്കുവാനാണല്ലോ നിങ്ങളുടെ വിധി” എന്ന് പറഞ്ഞു, അറിയാതെ പൂക്കളെ മര്‍ദ്ദിക്കുകയും അപ്പോള്‍ അവ വിളങ്ങുകയും ചെയ്യുന്നു. തുടര്‍ന്നുള്ള ആട്ടം “പൂക്കളേ! ഇതുപോലെ സകല നന്മകളും നശിച്ച്, സുഗന്ധമെല്ലാം നഷ്ടപ്പെട്ടുപോയ ഒരു മനസ്സാണ് എന്റേത്. അതിനെ ഒന്ന് തൊട്ടുണര്‍ത്താന്‍ ആരുടെ കരങ്ങളാണ് ഉണ്ടാവുക?” എന്ന് അവസാനിപ്പിച് തേര്‍ത്തട്ടില്‍ കിടക്കുന്നതായി ആട്ടം അവസാനിപ്പിച്ചപ്പോള്‍ മനസ്സ് നിറയെ വിവിധ വിചാര്ങ്ങലായിരുന്നു.
വാസു പിഷാരോടിയുടെ വേഷങ്ങളുടെ പ്രത്യേകത എന്താണ് എന്ന് ചിന്തിച്ചാല്‍, ഇവിടെ നിന്ന് തുടങ്ങാം എന്ന് തോന്നുന്നു. അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനസ്സിനെ ആണ് അരങ്ങത്ത് കാണാന്‍ കഴിയുക. ആട്ടങ്ങള്‍ ഏതൊക്കെ വഴിക്ക് പോയാലും ആ സന്ദര്‍ഭത്തിലെ കഥാപാത്രത്തിന്റെ സ്ഥായിയില്‍ നിന്ന് അണുവിട വ്യതിചലിക്കില്ല. വിശദീകരിക്കാന്‍ കഴിയാത്ത ഒരു പക്വത വേഷത്തിന് വന്നുകൂടുന്നു. അതുകൊണ്ടുതന്നെ പക്വത കുറവായ കഥാപാത്രങ്ങളേക്കാള്‍ പക്വമായവയാണ് അദ്ദേഹത്തിനു കൂടുതല്‍ യോജിക്കുക.
അധികം വൈകാതെ തന്നെയാണ് പാണാവള്ളി നാല്പത്തെണ്ണീശ്വരം ക്ഷേത്രത്തില്‍ താരശോഭയുള്ള സമ്പൂര്‍ണ്ണ നളചരിതം ഒന്നാം ദിവസം ഉണ്ടായത്. വാസുപിഷാരോടിയുടെ ആദ്യ നളന്‍. വൈക്കം കരുണാകരന്‍ ആശാന്റെ ഹംസം. കോട്ടക്കല്‍ ശിവരാമന്റെ ദമയന്തി, ഗോപിയാശാന്‍റെ രണ്ടാമത്തെ നളന്‍. പാട്ടിനു ഗംഗാധരന്‍ ആശാനും, എമ്പ്രാന്തിരിയും ഹരിദാസും രാജേന്ദ്രനും.
“കുണ്ഡിനനായകനന്ദിനി” എന്ന പദം അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും ഒഴിവാക്കപ്പെടുന്ന ഒരു ചരണമാണ് “എന്തൊരു കഴിവിനി” എന്നത്. എന്നാല്‍ അന്ന് ആ പദത്തിന്റെ അവതരണത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ആ ചരണമായിരുന്നു. “ഇന്ദുമുഖി” “അന്തരംഗത്തില്‍ പ്രേമം” “പ്രേമതാമര” – ഇവയൊക്കെ വളരെ വിസ്തരിച്ചു ഉണ്ടായി. കൈകളില്‍ താമരയുടെ മുദ്രയും മുഖത്ത് വിരിയുന്ന ശൃംഗാരവുമായാണ് പ്രേമതാമര അരങ്ങത്ത് പുഷ്പിച്ചത്.
ഇളകിയാട്ടത്തില്‍ മുഴുവനും ‘അവരവര്‍ ചൊല്ലിക്കേട്ട’ ദമയന്തി മാത്രം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ദമയന്തിയെ കൈവശപ്പെടുത്താന്‍ സ്വീകരിക്കാവുന്ന മാര്‍ഗ്ഗങ്ങള്‍, അവയുടെ പോരായ്മകള്‍, ഇവയൊക്കെ ചിന്തിച്ച ശേഷമാണ് സാധാരണ പതിവുള്ള വീണവായന. വീണാനാദം കേട്ടുകൊണ്ടിരിക്കുന്നതിനിടെ “ഒരു ചിലങ്കയുടെ മന്ദ്രധ്വനി കേള്‍ക്കുന്നുണ്ടോ?” എന്ന സംശയം. ഒടുവില്‍ “അവള്‍ നൃത്തം ചെയ്യാനില്ലെങ്കില്‍ എന്തിനാണ് വീണ?” എന്ന് വീനെയെ ഉപേക്ഷിക്കല്‍. പൂര്‍വ്വവിപ്രലംഭം മാത്രം നിറഞ്ഞുനില്‍ക്കുന്ന അവതരണം.
ശ്രീ. കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ തന്‍റെ “മേളപ്പദം” എന്ന ഗ്രന്ഥത്തില്‍ വാഴേങ്കട കുഞ്ചുനായരെ കുറിച്ചുള്ള ലേഖനത്തില്‍ പറയുന്നു “മൂന്നാം ദിവസത്തിലെ ബാഹുകന് ആടാനായി കുഞ്ചുനായര്‍ കുറെ ശ്ലോകങ്ങള്‍ എഴുതിയിട്ടുണ്ട്. ബാഹുകന്‍ കെട്ടുന്ന ഓരോ നടനും അത് വായിക്കേണ്ടതാണ്. പിന്നെ പന്തടിക്കാനും ചിന്തുപാടാനും വല വീശി മീന്‍ പിടിക്കാനും ഒന്നും പോവില്ല” ഇത് വായിച്ച ശേഷം “കാര്‍കോടകദംശനമേറ്റ ബാഹുകന്‍” എന്ന പേരിലുള്ള ഈ ശ്ലോകങ്ങളും വായിച്ച ശേഷമാണ് ഞാന്‍ വാസു പിഷാരോടിയുടെ മൂന്നാം ദിവസം കാണുന്നത്. അദ്ദേഹം പറയുന്നു ‘കലി ബാധിച്ച ശേഷം നളന്‍ ഒരു ഉന്മാദാവസ്ഥയിലാണ്. ചൂതുകളിയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്‍, ഭൈമിയെ ഒന്നു ശ്രദ്ധിക്കുക പോലും ചെയ്യാതെ കൈ പിന്നില്‍ കെട്ടി കാട്ടിലേക്ക് പോകുന്നതും, ദീനയായി അനുയാത്ര ചെയ്ത ദമയന്തി വനമണ്ഡപത്തില്‍ തളര്ന്നുറങ്ങുമ്പോള്‍, അര്‍ദ്ധരാത്രിയില്‍, വസ്ത്രവും മുറിച്ചെടുത്ത് ഓടിപ്പോകുന്നതുമെല്ലാം ആ ഉന്മാദത്തിന്റെ ഫലം. ഇടക്കെപ്പോഴോ ബോധവാനാകുമ്പോഴാണ് “ലോകപാലന്മാരേ” എന്ന പദം. എന്നാല്‍ കാര്‍കോടകദംശനമേല്ക്കുന്നതോടെ കലിബാധ ഒഴിയുന്നു. പിന്നെ മനസ്സില്‍ ദമയന്തി മാത്രം. കാണുന്നതിലെല്ലാം ദമയന്തി മാത്രം. നാഗരാജന്റെ നിര്‍ദ്ദേശമനുസരിച് ഋതുപര്‍ണ്ണരാജധാനിയില്‍ എത്തണം, അക്ഷഹൃദയം വശമാക്കണം, ദമയന്തിയെ കാണണം. നളന്റെ മനസ്സില്‍ മറ്റൊന്നുമില്ല” ഈ ചിന്ത മനസ്സില്‍ ഉറപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ ബാഹുകന്റെ ആട്ടം
ഒരു വേഷത്തിന്‍റെ ആദ്യ രംഗപ്രവേശത്തിലെ പ്രത്യേകതയോ, ചടുലമായി മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളോ, ആകര്‍ഷകങ്ങളായ പോസുകളോ ഒന്നും അദ്ദേഹത്തിന്റെ വേഷങ്ങളില്‍ പ്രധാനമല്ല. കഥാപാത്രത്തിനും സന്ദര്ഭത്തിനുമിണങ്ങുന്ന അവതരണം മാത്രം. അതുകൊണ്ടുതന്നെ കഥകളിയുടെ മായികത പ്രതീക്ഷിക്കുന്ന പ്രേക്ഷകന് നിരാശയാവും ഫലം. എന്നാല്‍ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണ മാനസികാവസ്ഥകളിലൂടെ ഗൌരവമായ ആസ്വാദനം പ്രതീക്ഷിക്കുന്ന പ്രേക്ഷകരുടെ മനസ്സുകളെ മറ്റൊരു തലത്തിലേക്കുയര്ത്താന്‍ ഷാരോടി വാസുവിന്റെ രംഗാവതരണങ്ങള്‍ വഴിയൊരുക്കുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ സ്വന്തം ശക്തികളും ദൌര്ബ്ബല്യങ്ങളും തിരിച്ചറിഞ്ഞു, ആംഗികാഭിനയത്ത്തിലും സാത്വികാഭിനയത്ത്തിലും തന്റേതായ ഒരു വഴി അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നു. ഭാവപ്രകടനങ്ങളെക്കാള്‍ അദ്ദേഹത്തിന്‍റെ ശൈലിക്ക് മിഴിവ് നല്‍കാന്‍ കഴിയുന്നത് മാനസിക സംഘര്‍ഷങ്ങളുടെ അമര്ത്തിവയ്ക്കലാണ്.
ഗുരുനാഥനായ കുഞ്ചുനായര്‍ കൈകാര്യം ചെയ്തിട്ടില്ലാത്ത കഥയാണ് കര്‍ണ്ണശപഥം. കര്‍ണ്ണന്റെ രംഗാവതരണം ഷാരോടി ആകുമ്പോള്‍ ഒരു നവ്യാനുഭവമാകുന്നു. ഭാനുമതിയെ സന്തോഷിപ്പിച്, ഗംഗയില്‍ സ്നാനം കഴിഞ്ഞു, ശിലാതളിമത്തില്‍ ഇരിക്കുമ്പോള്‍ മാത്രമാണ് മിക്കവാറും കര്‍ണ്ണന്മാരുടെ മാനസത്തില്‍ സന്ദേഹം വളരാന്‍ തുടങ്ങുന്നത്. എന്നാല്‍ ആദ്യം രംഗത്ത് വരുമ്പോള്‍ തന്നെ വാസുവിന്റെ കര്‍ണ്ണനെകണ്ടാല്‍ “ഇയാള്‍ക്ക് എന്തോ പന്തികേടുണ്ടല്ലോ?” എന്ന് തോന്നും. മറ്റു സംഭാഷണങ്ങളില്‍ നിന്നി മാറി നില്‍ക്കുമ്പോഴെല്ലാം ആ മനസ്സ് പ്രകട മാവുന്നു. ഇളകിയാട്ടത്തില്‍ പരശുരാമശാപം ആടി, “പഠിച്ച വിദ്യ ആവശ്യമായ സമയത്ത് ഉപകരിക്കില്ല എന്ന ഒരു ഭാരവും പേറി നടക്കാനാണല്ലോ എന്റെ വിധി” എന്ന് ഭാരതയുദ്ധത്തില്‍ ദുര്യോധനന്റെ ഏറ്റവും വലിയ ശക്തിയായ, സ്നേഹം ഉടല്‍ പൂണ്ട കര്‍ണ്ണന്‍ വിചാരിക്കുമ്പോള്‍ ആ കഥാപാത്രം പ്രേക്ഷകമനസ്സില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു.
സൈരന്ധ്രിയോട് ആത്മാര്‍ഥമായ അനുരാഗം മാത്രമുള്ള അദ്ദേഹത്തിന്റെ കീചകന്‍ ആദ്യമായി മാലിനിയെ കാണുന്ന രംഗത്തിലും, അവസാനം ജന്മം സഫലമായി എന്ന ആത്മസംതൃപ്തിയോടെ, ചതി മനസിലാകാതെ നൃത്താഗാരത്ത്തില്‍ മരിച്ചുവീഴുംപോഴും പതിവ് വിടന്മാരില്‍ നിന്ന് വ്യത്യസ്തനായ വിരാടസേനാനായകന്‍ ആകുന്നു.
മനമങ്ങും മിഴിയിങ്ങുമായി തന്‍റെ കുടിലിലേക്ക് ദമയന്തിയെ ക്ഷണിക്കുന്ന രണ്ടാം ദിവസത്തിലെ ചപലനായ കാട്ടാളനല്ല സാക്ഷാല്‍ പരമശിവന്‍ വേഷം മാറിയെത്തുന്ന കിരാതത്തിലെ കാട്ടാളന്‍. എത്രയൊക്കെ കാട്ടാളത്തം കാട്ടിയാലും ഉപബോധ മനസ്സില്‍ അയാള്‍ ശിവന്‍ തന്നെ ആണ്. അവിടെ യോജിക്കുന്ന അംഗചലനങ്ങളും മറ്റുമേ കാണാന്‍ കഴിയൂ. മുഹൂര്‍ത്തനേരം മാത്രം ക്ഷിതിയില്‍ നില്‍ക്കാന്‍ കഴിയുന്ന പരശുരാമന്‍, രാമന്‍കുട്ടി നായര്‍ കഴിഞ്ഞാല്‍ ഏറെ ആസ്വാദക പ്രശംസ നേടിയെടുത്തിരുന്നു. അറിയപ്പെട്ടുതുടങ്ങിയ കാലത്ത് മുതല്‍ക്കേ ശ്രദ്ധേയമായ സന്താനഗോപാലത്ത്തിലെ ബ്രാഹ്മണന്‍ ഇന്നും വാസു പിഷാരോടിയുടെ മാസ്റര്‍ പീസായി നില്‍ക്കുന്നു.
രാവണോത്ഭവവും നരകാസുരനും ശിശുപാലനും ദുര്യോധനനും അരങ്ങുനിറഞ്ഞു ജ്വലിച്ചുനിന്ന ഒരു ചടുലയൌവനം അദ്ദേഹത്തിനു ഉണ്ടായിരുന്നു.
നളബാഹുകന്മാര്‍, പുഷ്ക്കരന്‍, രുക്മാംഗദന്‍, കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍, ബലഭദ്രര്‍, ബ്രുഹന്ദള, കര്‍ണ്ണന്‍, കാലകേയവധം അര്‍ജ്ജുനന്‍, കല്യാണസൌഗന്ധികം ഭീമന്‍ തുടങ്ങിയ ആദ്യവസാനപച്ചവേഷങ്ങളും, വീരരസപ്രധാനമായ ഉത്ഭവം രാവണന്‍, ബാലിവിജയം രാവണന്‍, നരകാസുരന്‍ തുടങ്ങിയവയും, ശൃംഗാരപ്രധാനമായ കീചകനും രംഭാപ്രവേശവും, നളചരിതത്തിലെയും കിരാതത്തിലെയും കാട്ടളന്മാരും, സന്താനഗോപാലം, രുക്മിണീസ്വയംവരം, സീതാസ്വയംവരം എന്നീ കഥകളിലെ ആദ്യവസാന മിനുക്കുവേഷങ്ങളും ഒരേപോലെ ഉന്നതനിലവാരത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞ മറ്റൊരു നടന്‍ സമീപകാലത്ത് ഉണ്ടായിട്ടില്ല എന്ന് നിസ്സംശയം പറയാം.
തനി വള്ളുവനാടന്‍ സംഭാഷണങ്ങളായി ഇതള്‍ വിരിയുന്ന ഇളകിയാട്ടത്തിലെ മുദ്രാഭിനയത്തിന്റെയും,. കല്ലുവഴി സമ്പ്രദായത്തില്‍ അടിയുറച്ചുനില്‍ക്കുന്നതും എന്നാല്‍ സ്ഥായീഭാവം വിടാതെ കഥാപാത്രമനസ്സിനോട് സുന്ദരമായി വിളക്കിച്ചേര്‍ക്കുന്ന അംഗികാഭിനയതിന്റെയും സവിശേഷതകള്‍ വിശദമായ പഠനം അര്‍ഹിക്കുന്നവ തന്നെയാണ്.
ഇനും മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്ന അരങ്ങുകള്‍ അനവധിയുണ്ട്. വെള്ലാരപ്പള്ളി വര്യാട്ട് ഗോപിയാശാനും പൊതുവാളാശാനും ഒപ്പമുള്ള സന്താനഗോപാലം ബ്രാഹ്മണന്‍, പെരുന്നയിലെ നരകാസുരന്‍, എസ് എല്‍ പുരം രംഗകലയിലെയും തീര്‍ത്ഥപാദമണ്ഡലപത്തിലെയും കീചകന്‍, കലാമണ്ഡലം കൂത്തമ്പലത്തിലെ രാവണോത്ഭവം (അച്ചുണ്ണിപ്പൊതുവാള്‍ ഷഷ്ടിപൂര്‍ത്തി. ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയില്‍ ഒരു മിന്നല്‍ പോലെ കൃഷ്ണന്‍കുട്ടിപ്പൊതുവാള്‍ ചെണ്ടയുമായി അവതരിച്ചു വിസ്മയിപ്പിച്ച രാത്രി), കോഴിക്കോട് കേശവമേനോന്‍ ഹാളില്‍ കുട്ടിത്രയത്തിനോപ്പമുണ്ടായ കല്യാണസൌഗന്ധികം ഭീമന്‍, പത്മനാഭസ്വാമിക്ഷേത്രത്തിലെയും മരുത്തോര്‍വട്ടത്തെയും ധര്‍മ്മപുത്രര്‍, കോട്ടക്കല്‍ കുട്ടന്‍ മാരാര്‍ ഷഷ്ടിപൂര്ത്തിക്ക് വാഴേങ്കട വിജയനൊപ്പം കിരാതത്തിലെ കാട്ടാളന്‍, എറണാകുളം ശിവക്ഷേത്രത്തിലെ രണ്ടാം ദിവസം കാട്ടാളന്‍, കോട്ടയം പനചിക്കാട്ടെയും പാണാവള്ളിയിലെയും (കുഞ്ചുനായര്‍ കളരിയിലെ കോട്ടക്കല്‍ ശിവരാമനും വെണ്മണി ഹരിദാസിനും ഒപ്പം) രണ്ടാംദിവസം, കരപ്പുറം കഥകളി ക്ലബ്ബിലെയും, ഇത്തിത്താനത്തെയും തിരുനക്കരയിലെയും പരശുരാമന്‍, ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍ ഷഷ്ടിപൂര്‍ത്തി ദിവസത്തെ വാരനാട്ടെ മൂന്നാം ദിവസം, - അങ്ങനെ ഓര്‍മ്മിച്ചെടുക്കാന്‍ അനവധി രാത്രികള്‍.
സപ്തതിയില്‍ എത്തി നില്‍ക്കുന്ന വാസു പിഷാരോടി ഇനിയും അരങ്ങുകളെ ധന്യമാക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. പുതിയ തലമുറയിലെ വാഗ്ദാനങ്ങള്‍ തന്നെയായ പല ശിഷ്യന്മാരും അദ്ദേഹത്തിനുണ്ട്. സപ്തതി ആഘോഷവേളയില്‍ പ്രകാശിതമാകുന്ന “രംഗനൈഷധം” അവര്‍ക്കും മറ്റു കലാകാരന്മാര്‍ക്കും പ്രചോടകമാവട്ടെ എന്ന് ആഗ്രഹിക്കുന്നു. കളിയരങ്ങിലെ വ്യത്യസ്തമായ വാഴേങ്കട ശൈലി അദ്ദേഹത്തിന്റെയും ശിഷ്യന്മാരുടെയും അരങ്ങുകളിലൂടെ ഇനിയും ജീവത്തായി നിലനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു.
"ക്ഷമിക്കയേ സമ്പ്രതി ചിത്തമേ! നീ ശമിക്കുമിക്കഷ്ടതയൊക്കെ മേലില്‍ സമസ്തകല്യാണമണഞ്ഞു ഭൈമീ- സമേതനായ് മുന്‍പടി തന്നെ വാഴാം"
എന്ന നളന്റെ പ്രത്യാശ സാധിക്കുവാന്‍ ഈ സപ്തതി വേളയില്‍ നമുക്കു പ്രാര്‍ഥിക്കാം.
നന്ദി..