കാലേ കദാചിദഥ കാമി ജനാനുകൂലേ
- Details
- Category: Kathakali
- Published on Friday, 14 March 2014 00:30
- Hits: 5435
കാലേ കദാചിദഥ കാമി ജനാനുകൂലേ
പി. രവീന്ദ്രനാഥ്
തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കഥകളി. ആണ്ടിൽ 365 ദിവസവും ശ്രീവല്ലഭന് കഥകളി ആസ്വദിക്കണം. ആ പാരമ്പര്യം ഇന്നും നിലനിൽക്കുന്നതുകൊണ്ട് കഥകളിക്കും, കഥകളി കലാകാരന്മാർക്കും തിരുവല്ലയിൽ യാതൊരു പഞ്ഞവുമില്ല. ക്ഷേത്രത്തിനു സമീപത്ത് കളിയോഗങ്ങൾ തന്നെ രണ്ടെണ്ണമുണ്ട്. മദ്ദള വാദ്യക്കാരനായ തിരുവല്ല രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ശ്രീവല്ലഭവിലാസം കഥകളിയോഗവും, കഥകളി നടൻ കലാഭാരതി ഹരികുമാറിന്റെ ശ്രീവൈഷ്ണവം കഥകളിയോഗവും.
കുംഭമാസത്തിൽ പത്തു ദിവസമാണ് ഇവിടെ ഉത്സവം. പഞ്ചരാത്ര വിധിപ്രകാരമുള്ള പ്രതിഷ്ഠയായതുകൊണ്ട് ഇവിടുത്തെ പൂജാവിധികളും മറ്റാചാരങ്ങളുമെല്ലാം മറ്റു വൈഷ്ണവ ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഈ കുംഭം 19ന് (മാർച്ച് 3) ഇവിടെ കൊടിയേറി. മാർച്ച് 12ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ക്ഷേത്രകലകൾ ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. എല്ലാ ദിവസവും കഥകളി ഉണ്ടെങ്കിലും, മൂന്നു ദിവസമാണ് മേജർ സെറ്റ് കളിയുള്ളത്. കേരളത്തിലെ ഒട്ടുമിക്ക പ്രധാനവേഷക്കാരും, പാട്ടുകാരും, മേളക്കാരും പങ്കെടുക്കുന്നുണ്ട്.
തിരുവല്ലയിൽ അവതരിപ്പിക്കുന്ന കളികളിൽ സൌഗന്ധികം മാത്രമാണ് എടുത്തു പറയത്തക്ക നിലവാരമുള്ളത് എന്നർത്ഥമാക്കരുത്. എണ്‍പത്തഞ്ചാം വയസ്സിലും കഥകളി അരങ്ങത്ത് നിറസാന്നിദ്ധ്യമായ പത്മഭൂഷണ്‍ മടവൂർ വാസുദേവൻനായർ, ആ കലയോട് വെച്ചുപുലർത്തുന്ന സമർപ്പണബുദ്ധി കണ്ടപ്പോൾ, അദ്ദേഹം പങ്കെടുത്ത സൌഗന്ധികത്തെക്കുറിച്ച് എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.
ശ്രീ മടവൂർ ആയിരുന്നു ആ കളിക്ക് ഹനുമാൻ കെട്ടിയത്. കഥകളി ആസ്വാദകരെ ഏറ്റവും ആകർഷിച്ചിട്ടുള്ള വേഷമാണ് ഹനുമാൻ. ഏറ്റവും ജനപ്രീതിയുള്ള വേഷം എന്നു തന്നെ പറയാം. മറ്റൊരു വേഷം രൌദ്രഭീമനാണ്. സൌഗന്ധികം കൂടാതെ ഹനുമാൻ പ്രധാന വേഷമായി വരുന്ന മറ്റു രണ്ടു കഥകളാണ് ലവണാസുരവധവും തോരണയുദ്ധവും. ഈ രണ്ടു കഥകളിലും ത്രേതാ യുഗത്തിലെ ഹനുമാനെ അവതരിപ്പിക്കുമ്പോൾ, കോട്ടയത്തു തമ്പുരാൻ സൌഗന്ധികത്തിൽ അവതരിപ്പിക്കുന്നത് ദ്വാപരയുഗത്തിലെ ഹനുമാനെയാണ്. കഥാന്ത്യം വധമല്ലാത്ത ഒരു കോട്ടയം കഥയാണിത് എന്ന പ്രത്യേകതയും എടുത്തു പറയാം.
സൌഗന്ധികത്തിൽ ഭീമനെപ്പോലെയോ അതിലുപരിയോ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഹനുമാൻ. ഭാവഅഭിനയത്തിനും, ആട്ടത്തിനും, നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഈ വേഷം പൊതുവെ പ്രധാന നടന്മാർ കൈകാര്യം ചെയ്തുവരുന്നതാണ്. യശ:ശരീരനായ കലാമണ്ഡലം രാമൻകുട്ടിനായരെ അനുസ്മരിക്കുന്നു. ഇപ്പോൾ മടവൂർ, നെല്ലിയോട്, ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള, രാമചന്ദ്രൻഉണ്ണിത്താൻ, നരിപ്പറ്റ, തലവടി അരവിന്ദൻ, ഫാക്റ്റ് പത്മനാഭൻ, ഫാക്റ്റ് മോഹനൻ തുടങ്ങിയവർ സൌഗന്ധികം ഹനുമാനെ കെട്ടിഫലിപ്പിക്കാൻ പ്രാപ്തരാണ്. ഞാൻ കണ്ടിട്ടുള്ള വേഷക്കാരെ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്.
ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത കൂട്ടത്തിൽ വന്നു പിറന്നതായിട്ടൊക്കെ നമ്പ്യാർ അധിക്ഷേപിക്കുന്നുണ്ടെങ്കിലും, സാത്വികനും, പണ്ഡിതനും, ബഹുമാന്യനുമായാണ് അദ്ധ്യാത്മരാമായണത്തിൽ ഹനുമാനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഋഷികൾക്കു മാത്രമല്ല ശ്രീരാമചന്ദ്രനുപോലും ബഹുമാന്യനായിട്ടുള്ള ഹനുമാനെയാണ് ചില നടന്മാര് മിമിക്രി കഥാപാത്രമാക്കി മാറ്റിക്കളയുന്നത്. സൌഗന്ധികത്തിലെ ഹനുമാന്റെ ഈ പ്രകടനം ഒരുവിധം സഹിക്കാം. ലവണാസുരവധത്തിൽ ചിലരുടെ പെർഫൊമെൻസ് കണ്ടാൽ "എന്റമ്മോ"ന്ന് അറിയാതെ നിലവിളിച്ചു പോകും.
സൌഗന്ധികത്തിലെ ഹനുമാന് തിരനോക്കില്ല. അരങ്ങത്ത് ഓടിച്ചാടി നടന്ന് അലറി വെളുപ്പിക്കേണ്ട കാര്യവുമില്ല. സൌഗന്ധികത്തിലെ ഹനുമാന്റെ ആട്ടം ചിട്ടപ്പെടുത്തുന്നതിന് ഇട്ടീരിപ്പണിക്കർ സ്വീകരിച്ചത് കാർത്തികതിരുനാൾ മഹാരാജാവിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കദളീവനത്തിൽ തപസ്സിരിക്കുന്ന ഹനുമാനെയാണ് തിരശ്ശീല നീക്കുമ്പോൾ കാണുന്നത്. വനത്തിൽ നിന്നുയർന്നു വരുന്ന ഘോരശബ്ദം തപസ്സിന് തടസ്സം സൃഷ്ടിക്കുന്നതും മറ്റും ആടുമ്പോൾ അലറുന്നതു പോലെ, പർവ്വതച്ചിറകുകൾ ഇന്ദ്രൻ അരിയുമ്പോൾ അലറേണ്ട കാര്യമുണ്ടോ? വൃദ്ധ വാനരനായി രൂപാന്തരപ്പെടുമ്പോൾ കാണിക്കുന്ന ചില ചേഷ്ടകളാണ് പരമ ദയനീയം! ചൊറികുത്തുക, പ്രുഷ്ടം ചൊറിയുക. കഥാപാത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അതോ, ജനശ്രദ്ധയ്ക്കു വേണ്ടിയാണോ ഈ അഭാസങ്ങളൊക്കെ കാണിക്കുന്നത്.
പക്ഷെ മടവൂരാശാൻ അവതരിപ്പിച്ച ഹനുമാൻ നഖശിഖാന്തം സാത്വികനായിരുന്നു. നാട്ടിൻ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങായിരുന്നില്ല എന്നു സാരം! ആംഗികാഭിനയത്തിലെ പ്രധാനപ്പെട്ട നാട്യമായ അംഗോപാംഗപ്രത്യംഗങ്ങൾ ഈ എണ്‍പത്തഞ്ചാം വയസ്സിലും എത്ര ചെതോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ കൃതഹസ്തനായ ആ മഹാനടന് കഴിഞ്ഞു.
കഥകളിയിലെ കലാശങ്ങളിൽ പ്രഥമസ്ഥാനമാണ് അഷ്ടകലാശത്തിനുള്ളത്. ചമ്പതാളത്തിൽ ചവിട്ടി എടുക്കുന്ന എട്ടു നൃത്തങ്ങളാണ് അഷ്ടകലാശം എന്നു പറയാം. അഭ്യാസപാടവവും, താളപ്പിടിപ്പും മാത്രം പോരാ, മനോധർമ്മവുംകൂടി ഒത്തിണങ്ങിയ ഒരു നടനു മാത്രമേ അഷ്ടകലാശം മനോഹരമായി എടുക്കാൻ കഴിയൂ. എട്ടുകലാശവും ഭാവതീവ്രതയോടെതന്നെ ആശാൻ പ്രയോഗിച്ചു. അതിനുശേഷം എടുക്കേണ്ട വലിയ കലാശം അദ്ദേഹം ഒഴിവാക്കുകയുണ്ടായി. അരമണിക്കൂറോളം നേരം "മനസി മമ കിമപി ബത" എന്ന അഷ്ടകലാശം ചവിട്ടിയിട്ട്, ഈ എണ്‍പത്തഞ്ചാം വയസ്സിൽ അതുപേക്ഷിച്ചതുകൊണ്ട് അഷ്ടകലാശത്തിന്റെ പൂർണ്ണതയ്ക്ക് കുറവൊന്നും വന്നില്ല എന്നാണെന്റെ പക്ഷം.
ഈ വർഷം തന്നെ മടവൂരിന്റെ വ്യത്യസ്തങ്ങളായ മൂന്നു വേഷങ്ങൾ കാണാൻ അവസരമുണ്ടായി. പത്തനംതിട്ട ജില്ലാ കഥകളി മേളയിൽ ബാണൻ (കത്തി) തിരുവൻവണ്ടൂർ അമ്പലത്തിൽ ഒന്നാം ദിവസം നളൻ (പച്ച) തിരുവല്ലയിൽ സൌഗന്ധികം ഹനുമാൻ (വട്ടമുടി) ആ പ്രതിഭാധനനായ കഥകളി ആചാര്യന്റെ മുമ്പിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.
"എൻ കണവാ" എന്ന പാഞ്ചാലിയുടെ പദം മുതലുള്ള ഭാഗമാണ് തിരുവല്ലയിൽ അവതരിപ്പിച്ചത്. ഗാനമേളയും മറ്റു കിടുപിടികളുമൊക്കെ കഴിഞ്ഞപ്പോൾ തന്നെ മണി 2. സൌഗന്ധികം കഴിഞ്ഞിട്ടു വേണം കിരാതം കളിക്കാൻ. പതിഞ്ഞപദം ഒഴിവാക്കി. (പാഞ്ചാലരാജ തനയേ) കോട്ടക്കൽ ചന്ദ്രശേഖരവാര്യരായിരുന്നു ഭീമസേനൻ. മാഞ്ചേൽ മിഴിയും, വനവർണ്ണനയും, അജഗരകബളിതാവുമൊക്കെ അതിഗംഭീരമായി അദ്ദേഹം ആടി. കലാമണ്ഡലം മാധവൻനമ്പൂതിരിയാണ് പാഞ്ചാലി കെട്ടിയത്.
മറ്റൊരു എടുത്തു പറയത്തക്ക വിശേഷമായിരുന്നു സംഗീതം. തിരുവല്ല ഗോപിക്കുട്ടൻനായരും, കലാമണ്ഡലം ബാലചന്ദ്രനുമായിരുന്നു ഗായകർ. കഥകളി സംഗീതത്തിലെ ഒരു പ്രധാന രാഗമാണ് ധനാശി. അത്ഭുത ഭാവത്തെ വർണ്ണിക്കുന്ന പദങ്ങളാണ് ധനാശി രാഗത്തിൽ ആലപിക്കാറുള്ളത്.
ഭീമന്റെ പദമായ "മാഞ്ചേൽ മിഴിയാളെ" എന്ന പദം ധനാശിയിലുള്ളതാണ്. ആ രാഗം ഉണർത്തുന്ന അത്ഭുത ഭാവങ്ങളെ, തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ അതിമനോഹരമായി പ്രകാശിപ്പിക്കാൻ ഗോപിക്കുട്ടനാശാന് കഴിഞ്ഞു. ആ ഭാവതീവ്രത ഉൾക്കൊണ്ട് കൂടെ പാടാൻ ബാലചന്ദ്രനും കഴിഞ്ഞു. അതുപോലെതന്നെ അതിവിശേഷമായിരുന്നു, "ആരിഹ വരുന്നതിവൻ" എന്ന മദ്ധ്യമാവതിയിലുള്ള ഹനുമാന്റെ പദം പാടിയത്. "ആരീ...ആരിഹാ" എന്നാണ് പല ഗായകരും പാടി കേൾക്കാറുള്ളത്. "ആരീ" എന്നൊരു പ്രയോഗം നടത്താതെ തന്നെ താളവും മേളവുമൊന്നും കുന്തത്തിലാവാതെ പാടാൻ കഴിയുമെന്ന് ഗോപിച്ചേട്ടൻ പാടി കേൾപ്പിച്ചു. അക്ഷരശുദ്ധിയോടെ പാടിയാൽ, അത് കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഗോപിച്ചേട്ടന്റെ പാട്ട്. തർക്കമില്ല.
സംഗീതത്തെപോലെ തന്നെ മേളവും നിലവാരമുള്ളതാണെങ്കിൽ മാത്രമേ കഥകളി പരിപൂർണ്ണ വിജയമാകൂ. പദങ്ങൾ പാടാതെ ആട്ടം മാത്രമുള്ള അവസരത്തിലാണ് മേളക്കാർ പ്രാവീണ്യം തെളിയിക്കേണ്ടത്.
തപസ്സിന് വിഘ്നം വരുത്തിയ ഘോരശബ്ദം കേൾക്കുമ്പോഴുള്ള ഹനുമാന്റെ ആട്ടം, ഭീമസേനന്റെ വനവർണ്ണന തുടങ്ങിയ രംഗങ്ങൾ ആണ് മേളക്കാർ കൂടുതൽ ഭാവാത്മകത പ്രകടമാക്കേണ്ടത്. കലാഭാരതി ഉണ്ണികൃഷ്ണന്റെയും (ചെണ്ട) കലാഭാരതി ജയശങ്കറിന്റേയും (മദ്ദളം) മേളം, കൈസാധകവും അനുഗ്രഹീതമായ വാസനയും കൊണ്ട് ഹൃദ്യമായിരുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ.
ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
- Details
- Category: Kathakali
- Published on Monday, 20 January 2014 02:41
- Hits: 5479
ഭാവഗായകന്‍ ഓര്‍മ്മകളില്‍- ഭാഗം : രണ്ട്
രാമദാസ് എൻ
മുന്‍പ് പറഞ്ഞതരത്തില്‍ അനവധി അനുകൂലസാഹചര്യങ്ങളിലൂടെ, പൂര്‍വ്വസൂരികളില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ടു അരങ്ങത്തു പാടിയ വെണ്മണി ഹരിദാസിന്‍റെ സംഗീതത്തിലെ പ്രത്യേകതകള്‍ എന്തായിരുന്നു? ഇങ്ങനെ ചിന്തിക്കുമ്പോള്‍ എന്‍റെ മനസ്സിലെലേക്ക് വരുന്നത്, ശ്രീ. കോട്ടക്കല്‍ പി.ഡി. നമ്പൂതിരി പറഞ്ഞ ഒരുകാര്യമാണ്. സംഗീതോപകരണങ്ങളില്‍ ഏറ്റവും മനോഹരമായ നാദം പുല്ലാങ്കുഴലിന്‍റെതാണ്. പുല്ലാങ്കുഴലില്‍ നിന്ന് വരുന്ന നാദം ഏറ്റവും ആദ്യം എത്തുക അത് വായിക്കുന്ന ആളുടെ കാതുകളില്‍ ആണ്. അതായത് തന്‍റെ സംഗീതം നിരുപാധികം ആസ്വദിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആസ്വാദകമനസ്സില്‍ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയൂ. വേഷക്കാര്‍ക്കോ ആസ്വാദകര്‍ക്കോ വേണ്ടിയല്ലാതെ തനിക്കുവേണ്ടി പാടുക. അവിടെ ആസ്വാദനം ആരംഭിക്കുന്നു. ഹരിദാസ് തന്‍റെ സംഗീതം മാത്രമല്ല, അരങ്ങത്തെ എല്ലാം നന്നായി ആസ്വദിച്ചിരുന്നു. ആ ആസ്വാദനം കുഞ്ചുനായരാശാന്‍ പഠിപ്പിച്ച, ആശാന്‍റെ വേഷങ്ങള്‍ കണ്ട് മനസ്സിലുറച്ച പാത്രബോധത്തിന്റെയും ഔചിത്യ ബോധത്തിന്റെയും നിലപാടുതറയില്‍ നിന്നായിരുന്നു. ആശാന്റെ അരങ്ങത്തെ ഓരോ മുദ്രയും ഓരോ ഭാവവും എന്തുകൊണ്ട് അങ്ങനെ ആവുന്നു എന്ന് കൃത്യമായി മനസ്സിലാക്കിയിരുന്നു അദ്ദേഹം. ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആശാന്‍, എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ ആയത് ഹരിദാസിന്റെ വാക്കുകളിലൂടെയാണ്. ഓരോ വാക്കിന്റെയും രംഗവ്യാഖ്യാനത്തിനു കൃത്യമായ കാരണങ്ങള്‍ ഉണ്ടായിരുന്നു.കുഞ്ചുനായരാശാനെ കുറിച്ച് സംസാരിക്കുമ്പോള്‍ ഹരിദാസിന് ആയിരം നാവായിരുന്നു. ആ പാത പിന്‍തുടര്‍ന്ന കോട്ടക്കല്‍ ശിവരാമനും വാസു പിഷാരോടിക്കുമെല്ലാം വേണ്ടി പാടാന്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ആ അരങ്ങുകള്‍ക്ക് വേറിട്ട ആസ്വാദനം ആവശ്യമായിരുന്നു . മറ്റുപലരും പാടുന്നതില്‍ നിന്ന് വ്യത്യസ്തമായി അനുഗുണമായ ഭാവത്തിന്റെ ഒരു നിറം തന്‍റെ സംഗീതത്തിന് നല്‍കാനുള്ള ജീവജലം കിട്ടിയത് കുഞ്ചുനായര്‍ കളരിയില്‍ നിന്നായിരുന്നു എന്നാണു എന്റെ വിശ്വാസം.
പൂമാതിനൊത്ത ചാരുതൻ
- Details
- Category: Kathakali
- Published on Thursday, 09 January 2014 07:48
- Hits: 7715
പൂമാതിനൊത്ത ചാരുതൻ: മുട്ടാർ ശിവരാമൻ എന്ന നൂറു വയസ്സുകാരൻ
പി.രവീന്ദ്രനാഥ്
തമോഗുണ പ്രാധാന്യമുള്ള അസുരന്മാർക്കാണ് കഥകളിയിൽ താടി വേഷം വിധിച്ചിട്ടുള്ളത്. മുഖ ഭംഗി വേണ്ടത്ര ഇല്ലാത്തവരോ, സ്ഥൂല പ്രാംശു ഗാത്രരോ ആണ് പ്രായേണ ഈ വേഷം കെട്ടുന്നത്.
നല്ല മനയോലപ്പറ്റുള്ള മുഖ കാന്തി. നല്ല ആകാര ഭംഗി. ഭംഗിയുള്ള വിടർന്ന കണ്ണുകൾ. പച്ച വേഷങ്ങൾക്ക് അനുയോജ്യമായ എല്ലാം ഒത്തിണങ്ങിയ രൂപം. പക്ഷെ ആ രൂപത്തിന് ഉടമ പ്രശസ്തനായതോ, രാക്ഷസ വേഷമായ താടിവേഷം കെട്ടിയും! അസാധാരണമായ ആകാര ദൈർഘ്യവും, ശരീര പുഷ്ടിയുമായിരുന്നു ഇതിനു കാരണം.
താടി അപ്രധാന വേഷമാണെന്ന ഒരു വിശ്വാസം വെച്ചു പുലർത്തുന്നവരുണ്ട്. അത് ശരിയല്ല. എല്ലാവർക്കും താടി വേഷം കെട്ടി വിജയിപ്പിക്കുവാൻ കഴിയുകയില്ല. താടിക്ക്, കൈയ്യും കലാശവും അധികമാണ്. അസൂയ, ഈർഷ്യ, അമർഷം, പ്രതികാരം എന്നീ പൈശാചിക ഭാവങ്ങളാണ് സ്ഫുരിക്കേണ്ടത്. നോക്ക്, ഊക്ക്, അലർച്ച, പകർച്ച എന്നീ നാലു ഗുണങ്ങളാണ് താടിവേഷക്കാർക്ക്, വിശിഷ്യാ ചുവന്ന താടിക്കാർക്ക് ആവശ്യം വേണ്ടത്.
ഞാനിത് പറയാനുള്ള കാരണം മുട്ടാർ ശിവരാമൻ എന്ന ഒരു പഴയ കാല നടനെ, ഈ അടുത്ത കാലത്ത് കാണാൻ ഇടയായതു കൊണ്ടാണ്. പ്രായം നൂറിനോട് അടുക്കുന്നു. വാർദ്ധക്യത്തിന്റെ അവശതകൾ ഉണ്ടെങ്കിലും, ആ മുഖത്തിന്റെ ചൈതന്യത്തിന് തെല്ലും കോട്ടം സംഭവിച്ചിട്ടില്ല.
പ്രസിദ്ധ കഥകളി ഗായകനായ തിരുവല്ല ഗോപിക്കുട്ടൻ നായരൊത്താണ്, കുട്ടനാട് താലൂക്കിലുള്ള മുട്ടാറിൽ ശിവരാമനാശാന്റെ ഭവനത്തിൽ ഞാൻ ചെന്നത്. ഓട്ടോ റിക്ഷ മാത്രം കടന്നു പോകാൻ സൌകര്യമുള്ള പാലം കയറി, തോട്ടു വരമ്പത്തു കൂടി ഒരു ഫർലോംഗ് നടക്കണം ആശാന്റെ വീട്ടിലെത്താൻ.
ഒരു ഞായറാഴ്ച ദിവസമാണ് ഞങ്ങൾ അവിടെ ചെന്നത്. പ്രഭാത ഭക്ഷണം കഴിഞ്ഞ് മകനോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു ആശാൻ. തിമിരം ബാധിച്ച് രണ്ടു കണ്ണുകളുടെയും കാഴ്ച പാടെ നഷ്ടപ്പെട്ടു. "ഗോപിക്കുട്ടനാ, തിരുവല്ലയിൽ നിന്ന്..... " - എന്ന് ഗോപിച്ചേട്ടൻ സ്വയം പരിചയപ്പെടുത്തിയപ്പോൾ, "അല്ല, ആര് ഭാഗവതരോ" - എന്ന് ആഹ്ലാദത്തോടെയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്.
കാഴ്ചശക്തിയില്ലെന്നതൊഴിച്ചാൽ മറ്റു ശാരീരിക ക്ലേശങ്ങളൊന്നുമില്ല. ഓർമ്മക്കുറവ് വലുതായി ബാധിച്ചിട്ടില്ല. ഈ പ്രായത്തിലും പ്രഷറും ഷുഗറുമൊന്നും അലട്ടുന്നില്ല. ചിട്ടയോടെയുള്ള ഭക്ഷണ ക്രമമാണ്. അരിയാഹാരം ഒരു നേരം മാത്രം - ഉച്ചക്ക് - മത്സ്യം നിർബ്ബന്ധം. ആരോടും പരിഭവമില്ലാതെ, ആശാനും ഭാര്യ ഇന്ദ്രാണിയും, കുറക്കരി വീട്ടിൽ മകൻ കിഷോറിനോടൊപ്പം താമസിക്കുന്നു.
ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്
- Details
- Category: Kathakali
- Published on Thursday, 02 January 2014 06:11
- Hits: 5818
ഔചിത്യദീക്ഷ കഥകളിയരങ്ങത്ത്
രാമദാസ് എൻ
1984 ല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്ത് ഒരു കൊല്ലം ജോലിയുമായി കഴിയേണ്ടിവന്ന കാലത്താണ് ഞാന്‍ കഥകളിയും സംഗീതവുമെല്ലാം ഗൌരവമായി ആസ്വദിക്കാന്‍ തുടങ്ങിയത്. ശ്രീകൃഷ്ണപുരത്തുകാരന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ജാതവേദനും ചങ്ങനാശ്ശേരിക്കാരന്‍ അശോകനും ഞാനും അടങ്ങുന്ന മൂവര്‍ സംഘം തലസ്ഥാനത്തും ചുറ്റുവട്ടത്തുമുള്ള ഒരു അരങ്ങുപോലും വിടാതെ കഥകളി കണ്ടുനടക്കുന്ന കാലം. മിക്കവാറും കഥകളി കലാകാരന്മാരുമായുള്ള അടുപ്പം ഉണ്ടാകുന്നതും ഇക്കാലത്താണ്.
ആ വര്ഷം നാട്ടിലെ വാരനാട് ദേവീക്ഷേത്രത്തില്‍ കലാമണ്ഡലം മേജര്‍ ട്രൂപ്പിന്റെ രണ്ടു ദിവസത്തെ കഥകളി. ചേര്‍ത്തല ഭാഗത്ത് ആ കാലത്തൊക്കെ കേമായിട്ടുള്ള കളികളില്‍ എല്ലാം സ്ഥിരം താരങ്ങളാണ് പതിവ്. എന്നാല്‍ ഈ അരങ്ങുകളില്‍ രാമന്‍ കുട്ടിയാശാനും പൊതുവാളാശാന്മാരും കുറുപ്പാശാനുമൊക്കെ ഉണ്ട്. അരങ്ങിനു മുന്‍പില്‍ ഇരിക്കാനുള്ള ഉത്സാഹം നേരത്തെ തന്നെ തുടങ്ങി. കളി ദിവസം മൂവര്‍ സംഘം തലസ്ഥാനത്തുനിന്ന്‍ നേരത്തെ തന്നെ എത്തി. ആദ്യ ദിവസം മൂന്നു കഥകളാണ്. ഗോപിയാശാനും ഉണ്ണിക്കൃഷ്ണക്കുറുപ്പാശാനും മന്നാടിയാരാശാനും രാജശേഖരനും ഒന്നിക്കുന്ന രുക്മാംഗദചരിതമാണ് ആദ്യ കഥ. പിന്നണിയില്‍ പൊതുവാളാശാന്മാരും ഗംഗാധരന്‍ ആശാനും എത്തുന്ന രാമന്‍ കുട്ടിയാശാന്റെ സീതാസ്വയംവരത്തിലെ പരശുരാമനാണ് അന്നത്തെ മുഖ്യ ആകര്‍ഷണം. മൂന്നാമത്തെ കഥ ദുര്യോധനവധം. മൂന്നാമത്തെ കഥയിലെ ഇടവേളയില്‍ എപ്പോഴോ ആണ് കിരീടം അഴിച്ചു വിശ്രമിക്കുന്ന ദുര്യോധനനെ അശോകന്‍ പരിചയപ്പെടുത്തുന്നത്. “ഷാരടി വാസുവേട്ടന്‍. നല്ല അസ്സല് കത്തിവേഷമാ” പരിചയപ്പെട്ടപ്പോള്‍ തന്നെ ആ സൌഹൃദത്തില്‍ ഒരു ഊഷ്മളത തോന്നി. ആ സൗഹൃദം ഇന്നും ഊഷ്മളമായി തന്നെ തുടരുന്നു.
അന്നത്തെ ദുര്യോധനന്‍ അസ്സലായി. കലാമണ്ഡലം ബലരാമനും ഉണ്ണിക്കൃഷ്ണനും ചെണ്ടയില്‍ ഒപ്പമുണ്ടായിരുന്നു. കലാമണ്ഡലം വാസു പിഷാരോടിയുടെ വേഷങ്ങള്‍ അതിനു മുന്പ് കണ്ടിട്ടുള്ളത് സന്താനഗോപാലം ബ്രാഹ്മണനും പുഷ്കരനുമാണ്. ഈ പരിച്ചപ്പെടലിനു ശേഷം ഇടക്കൊക്കെ അദേഹത്തിന്റെ വേഷങ്ങള്‍ കാണാറുണ്ടായിരുന്നു. കൂടുതലും സന്താനഗോപാലം ബ്രാഹ്മണനും രണ്ടാമത്തെ കഥയിലെ വേഷങ്ങളും ഇടക്ക് ഒന്നോ രണ്ടോ പരശുരാമാനുമൊക്കെ കണ്ടു.
അതിനിടെയാണ് തിരുവനന്തപുരം കടക്കാവൂര്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന “നൃത്യകലാരംഗം” എന്ന ത്രൈമാസികത്തിന്റെ പത്രാധിപര്‍ ശ്രീ. ആര്‍. കുട്ടന്‍ പിള്ള ഒരു ലേഖനം കൊടുക്കാമോ എന്ന് ചോദിച്ചത്. സൌഹൃദത്തിന്റെ സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് ലേഖനം വാസു പിഷാരോടിയെ കുറിച്ചാവാം എന്ന് തീരുമാനിച്ചു. ഇടയ്ക്കു കത്തുകള്‍ എഴുതാറുണ്ട്. അതിനിടെ തിരുവനന്തപുരത്ത് ശ്രീപത്മനാഭന്റെ നടയില്‍ ഒരു കിര്‍മ്മീരവധം ധര്‍മ്മപുത്രര്‍ കാണാനിടയായതും അതിനൊരു കാരണമായി. ഗംഗാധരന്‍ ആശാനും വെണ്മണി ഹരിദാസും മന്നാടിയാര്‍ ആശാനും പിന്നണിയില്‍ ഉണ്ടായിരുന്ന ആ അരങ്ങു മനസ്സില്‍ എന്തൊക്കെയോ അനുരണനങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ഭാവഗായകന്‍ ഓര്‍മ്മകളില്‍
- Details
- Category: Kathakali
- Published on Tuesday, 17 December 2013 01:22
- Hits: 6154
ഭാവഗായകന്‍ ഓര്‍മ്മകളില്‍
രാമദാസ് എൻ
“തേനഞ്ചുന്ന നിസര്‍ഗ്ഗനാദമൊടിനി,പ്പാപാദചൂഡം ചൊരി -
ഞ്ഞാനന്ദാമൃതവര്‍ഷമിക്കഥകളിപ്പാട്ടില്‍ത്തുടര്‍ന്നീടവേ
സ്യാനന്ദൂരപുരേശപാദമലരില്‍ തന്‍ ചേങ്ങിലക്കോലുവ -
ച്ചേനസ്സറ്റു ധനാശിപാടിയൊരു വിണ്‍ഗാതാവിനന്ത്യാഞ്ജലി”
(കഴിഞ്ഞ സെപ്തംബര്‍ 29 ന്, വെണ്മണി ഹരിദാസ് പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഗായകന്‍ ശ്രീ. അത്തിപ്പറ്റ രവി ചൊല്ലിയ ശ്ലോകം)
ഒരു പക്ഷെ, വെണ്മണി ഹരിദാസ് എന്ന പൊന്നാനിപ്പാട്ടുകാരനെ കേരളം അറിയാന്‍ തുടങ്ങുന്നതിനു നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ, കലാമണ്ഡലം ഹരിദാസ് എന്ന പൊന്നാനി ഗായകനെ അടുത്തറിയാന്‍ നിയോഗമുണ്ടായ ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ധനാശി പാടി ഏറ്റു വര്‍ഷങ്ങള്‍ക്കു ശേഷം, അദ്ദേഹത്തെയും ആ സംഗീതത്തെയും വിലയിരുത്തുവാനുള്ള സംഗീത പാണ്ഡിത്യമില്ലാത്ത ഒരു ആസ്വാദകന്‍റെ ശ്രമമാണ് ഈ ലേഖനം. സന്ദര്‍ഭവശാല്‍, 1984-85 കാലത്ത് തിരുവനന്തപുരത്ത് ജീവിക്കാനുള്ള ഒരു സാഹചര്യം ഉണ്ടായിരുന്നതിനാല്‍, മറ്റു സ്ഥലങ്ങളിലെല്ലാം തന്നെ ശങ്കിടി പാട്ടുകാരന്‍ മാത്രമായിരുന്ന ഹരിദാസിനെ ഒരു പൊന്നാനി ഗായകന്‍ ആയി ശ്രദ്ധിക്കുവാനും അപാരമായ സിദ്ധികളുള്ള ഒരു ഗായകനാണ് അദ്ദേഹം എന്ന് തിരിച്ചറിയാനും ഈ കാലത്ത് കഴിഞ്ഞിട്ടുണ്ട്. എന്‍റെ ഒരു അറിവ് വച്ച് പറഞ്ഞാല്‍, വളരെ കുറച്ചുകാലം മാത്രം പൊന്നാനി ഗായകനായി കേരളം മുഴുവന്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ സംഗീതം അതിന്റെ ഔന്നത്യത്തില്‍ എത്തിയിരുന്ന കാലഘട്ടം, അദ്ദേഹം അറിയപ്പെടുന്ന പൊന്നാനി ഗായകനാകുന്നതിനു മുന്‍പായിരുന്നു.
കഥകളി സംഗീതത്തിന്‍റെ ചരിത്രത്തില്‍ വെണ്മണി ഹരിദാസ് എവിടെ നില്‍ക്കുന്നു എന്ന് അടയാളപ്പെടുത്തുന്നതിനു വേണ്ടി കഥകളി സംഗീതത്തിന്റെ ചരിത്രം അല്പമൊന്നു പരാമര്‍ശിക്കേണ്ടിയിരിക്കുന്നു.
കഥകളി അരങ്ങിലെ വാചികാഭിനയം ആണ് സംഗീതം. ആഹാര്യവും, ആംഗികവും, സാത്വികവും സ്വാഭാവികമായുള്ളതില്‍ നിന്ന് വളര്‍ന്നു, ശൈലീകൃതമായപ്പോള്‍ കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം ആയ വാചികാഭിനയം സംഗീതമായി ശൈലീകരിക്കപ്പെട്ടു എന്ന് പറയാം. പഴയ കാലത്ത് ഒരു കഥകളി ഭാഗവതരുടെ പ്രധാന ലക്‌ഷ്യം, ഈ സംഭാഷണങ്ങള്‍ അരങ്ങത്തെ വേഷക്കാര്‍ക്കും പ്രേക്ഷകര്‍ക്കും കേള്‍ക്കത്തക്ക വിധത്തില്‍ ഉച്ചത്തില്‍ പാടുക എന്നതായിരുന്നു. പിന്നീട് ഉച്ചഭാഷിണിയുടെ വരവോടെ ആണ് സംഗീതത്തില്‍ വളര്‍ച്ച ആരംഭിക്കുന്നത്. കേള്‍പ്പിക്കല്‍ എന്ന ജോലി ഉച്ചഭാഷിണി ഏറ്റെടുത്തതോടെ സംഗീതം കഥാപാത്രങ്ങള്‍ക്കനുസരിച്ചു ഭാവരഞ്ജകം ആക്കാനുള്ള ശ്രമവും ആരംഭിച്ചു.
കഥകളിയിലെ എല്ലാ മണ്ഡലങ്ങളിലെയും വളര്‍ച്ചയുടെ തുടക്കം പട്ടിക്കാന്തൊടി കളരിയില്‍ നിന്നാണല്ലോ? സംഗീതത്തിലെ പുരോഗതിയും അവിടെ തന്നെ ആണ് ആരംഭിച്ചത്. വെങ്കിടകൃഷ്ണഭാഗവതരും ശിഷ്യന്‍ നീലകണ്ഠന്‍ നമ്പീശനും അന്ന് തുടങ്ങിവച്ച പരിഷ്കരണശ്രമങ്ങളിലൂടെ ആണ് കഥകളിസംഗീതം ഇന്നത്തെ അവസ്ഥയില്‍ എത്തിയത്. പിന്നീടങ്ങോട്ട് ഇന്നുവരെയുള്ള കഥകളിഗായകരില്‍ ഗണനീയരായ എല്ലാവരും തന്നെ ഈ പരമ്പരയിലെ കണ്ണികളാണ്.
Aswadanam Arts Society
- Details
- Category: Kathakali
- Published on Monday, 05 August 2013 07:59
- Hits: 3383
സുഹൃത്തുക്കളെ,
നമ്മുടെ Traditional Art Forms of Kerala എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ സംഘടനാതലത്തിലേക്ക് കൂടി വ്യാപരിക്കാൻ പോവുന്നു എന്ന വിവരം സസന്തോഷം അറിയിക്കട്ടെ.
ഗ്രൂപിന്റെ വെബ്സൈറ്റ് (www.aswadanam.com) ആയ 'ആസ്വാദനം' എന്ന പേരിൽത്തന്നെ ഒരു ആർട്ട് സൊസൈറ്റിയായി റെജിസ്റ്റർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ഈ മാസം രണ്ടാം പാദത്തിൽ തൃശ്ശൂര് വച്ച് ആ ദൗത്യം നിർവഹിക്കുമ്പോൾ നാം അംഗങ്ങൾക്ക് ഒത്തുകൂടാൻ അവസരമൊരുക്കാനും മോഹിക്കുന്നു.
ഒരു ശുഭകാര്യം ചെയ്ത് തുടക്കമിടാം എന്നും കരുതുന്നു.
മുപ്പതുകളിൽ മാത്രം പ്രായമുള്ള ഒരു രംഗകലാപ്രയോക്താവ് നട്ടെല്ലിന് ക്ഷീണം പറ്റി ബുദ്ധിമുട്ടുന്നതായി സഹൃദയർ മനസ്സിലാക്കുന്നു. ഭരതനാട്യം, തിരുവാതിരകളി, കഥകളി, കേരളനടനം, ഫോക് ഡാൻസ് തുടങ്ങിയ രൂപങ്ങൾ കുട്ടികളെ പഠിപ്പിച്ചും രംഗത്തവതരിപ്പിച്ചും കഴിയുന്ന സദനം അബ്ദുൾ റഷീദ് എന്ന കലാകാരനെ സാമ്പത്തികമായി സഹായിക്കാൻ പദ്ധതിയിട്ടിരിക്കുന്നു.
ഇതിലേക്കായി ഒരു തുക പിരിക്കാൻ തുനിഞ്ഞിരിക്കുന്നു. സംഭാവനകൾ (തുക അവരവരുടെ ഇഷ്ടം -- STATE BANK OF INDIA - Account Number: 20122009472, IFSC: SBIN0007479, NAME: ARUN P.V.) നിക്ഷേപിക്കാൻ താൽപര്യപ്പെട്ടുകൊള്ളുന്നു. സംഭാവന തന്ന സുഹൃത്തുക്കളുടെ പേരു വിവരവും തുകയും (വിരോധമില്ലാത്ത പക്ഷം) ഗ്രൂപിന്റെ ചുവരിൽ ഒന്നൊന്നായി പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും. അനൗപചാരികമായൊരു ചടങ്ങിൽ അതുവരെ കിട്ടിയ തുക കലാകാരന് കൈമാറുന്നതായിരിക്കും.
'ആസ്വാദനം' സംഘടനയിൽ ചേരാൻ വേണ്ടുന്ന ചെറിയ വരിക്കാശിനെയും അതിന്റെ മറ്റു പ്രവർത്തങ്ങളെയും കുറിച്ച് ഒത്തുകൂടലിൽ നമുക്ക് ചർച്ച ചെയ്യാം, തീരുമാനിക്കാം. (വരിക്കാശും റഷീദ് സഹായനിധിയും തമ്മിൽ ബന്ധമുണ്ടാവില്ല. അതുപോലെ, TAFK മുഖപ്പുസ്തകഗ്രൂപ്പിൽ ചേരുന്നതിനും തുടരുന്നതിനും ഇതൊന്നും തന്നെ ബാധകമല്ല.)
സംഘടനയുടെ രജിസ്ട്രെഷൻ സംബന്ധിച്ച വിവരങ്ങൾ ഈ പോസ്റ്റിന്റെ ചരടിൽ അറിയിക്കുന്നതായിരിക്കും. എല്ലാ നീക്കങ്ങളും വളരെ സുതാര്യമായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നിങ്ങൾ ഓരോരുത്തരുടെയും സഹകരണവും അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു.
നന്ദിപൂർവ്വം
TAFK Admin Team
*************
Dear friends,
Glad to inform you all that our Facebook Group, Traditional Art Forms of Kerala, is expanding its activities to that beyond the word of the Internet.
We plan to register it as an art society named ‘Aswadanam’, which is also the name of our website (www.aswadanam.com). We are striving to get it done at Thrissur in the second half of this month. The occasion, we thought, could also be a get-together for the members of this FB group.
We envisage a meaningful start. Aesthetes and members here have learned about a man in his thirties teaching Bharatanatyam, Thiruvathirakali, Kathakali, Keralanadanam and folk dance, but struggling to continue with it owing to a disc problem with the backbone. We plan to help the young artiste, Sadanam Rasheed, by floating a financial aid programme.
The donations (of whatever amount) can be sent to STATE BANK OF INDIA - Account Number: 20122009472, IFSC: SBIN0007479, NAME: ARUN PV. We will be publishing the names and details (if the donor is comfortable with it) on the TAFK wall. An informal meet at Thrissur this month will see the handing over of the cheque (from the money that has come in then) to the artiste.
The informal gathering can discuss the membership fee to join Aswadanam society and boost its ground-level activities. (The fee and Rasheed Aid Donation are completely unrelated; also the fee has nothing to do with becoming or continuing as a member of TAFK Facebook Group.)
The thread following this post will reveal the registration details in due course. Needless to say, all the moves will be extremely transparent.
Expecting your cooperation and seeking your blessings,
TAFK Admin Team