കാലേ കദാചിദഥ കാമി ജനാനുകൂലേ

കാലേ കദാചിദഥ കാമി ജനാനുകൂലേ  

പി. രവീന്ദ്രനാഥ്                                                                          

 

 

തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ് കഥകളി. ആണ്ടിൽ 365 ദിവസവും ശ്രീവല്ലഭന് കഥകളി ആസ്വദിക്കണം. ആ പാരമ്പര്യം ഇന്നും നിലനിൽക്കുന്നതുകൊണ്ട് കഥകളിക്കും, കഥകളി കലാകാരന്മാർക്കും തിരുവല്ലയിൽ യാതൊരു പഞ്ഞവുമില്ല. ക്ഷേത്രത്തിനു സമീപത്ത് കളിയോഗങ്ങൾ തന്നെ രണ്ടെണ്ണമുണ്ട്. മദ്ദള വാദ്യക്കാരനായ തിരുവല്ല രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ശ്രീവല്ലഭവിലാസം കഥകളിയോഗവും, കഥകളി നടൻ കലാഭാരതി ഹരികുമാറിന്റെ ശ്രീവൈഷ്ണവം കഥകളിയോഗവും.

കുംഭമാസത്തിൽ പത്തു ദിവസമാണ് ഇവിടെ ഉത്സവം. പഞ്ചരാത്ര വിധിപ്രകാരമുള്ള പ്രതിഷ്ഠയായതുകൊണ്ട് ഇവിടുത്തെ പൂജാവിധികളും മറ്റാചാരങ്ങളുമെല്ലാം മറ്റു വൈഷ്ണവ ക്ഷേത്രങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമാണ്. ഈ കുംഭം 19ന് (മാർച്ച് 3) ഇവിടെ കൊടിയേറി. മാർച്ച് 12ന് ആറാട്ടോട് കൂടി ഉത്സവം സമാപിക്കും. ക്ഷേത്രകലകൾ ഉൾപ്പടെയുള്ള കലാപരിപാടികൾ അരങ്ങേറുന്നുണ്ട്. എല്ലാ ദിവസവും കഥകളി ഉണ്ടെങ്കിലും, മൂന്നു ദിവസമാണ് മേജർ സെറ്റ് കളിയുള്ളത്. കേരളത്തിലെ ഒട്ടുമിക്ക പ്രധാനവേഷക്കാരും, പാട്ടുകാരും, മേളക്കാരും പങ്കെടുക്കുന്നുണ്ട്.

തിരുവല്ലയിൽ അവതരിപ്പിക്കുന്ന കളികളിൽ സൌഗന്ധികം മാത്രമാണ് എടുത്തു പറയത്തക്ക നിലവാരമുള്ളത് എന്നർത്ഥമാക്കരുത്. എണ്‍പത്തഞ്ചാം വയസ്സിലും കഥകളി അരങ്ങത്ത് നിറസാന്നിദ്ധ്യമായ പത്മഭൂഷണ്‍ മടവൂർ വാസുദേവൻനായർ, ആ കലയോട് വെച്ചുപുലർത്തുന്ന സമർപ്പണബുദ്ധി കണ്ടപ്പോൾ, അദ്ദേഹം പങ്കെടുത്ത സൌഗന്ധികത്തെക്കുറിച്ച് എഴുതാമെന്ന് തീരുമാനിക്കുകയായിരുന്നു.


ശ്രീ മടവൂർ ആയിരുന്നു ആ കളിക്ക് ഹനുമാൻ കെട്ടിയത്. കഥകളി ആസ്വാദകരെ ഏറ്റവും ആകർഷിച്ചിട്ടുള്ള വേഷമാണ് ഹനുമാൻ. ഏറ്റവും ജനപ്രീതിയുള്ള വേഷം എന്നു തന്നെ പറയാം. മറ്റൊരു വേഷം രൌദ്രഭീമനാണ്. സൌഗന്ധികം കൂടാതെ ഹനുമാൻ പ്രധാന വേഷമായി വരുന്ന മറ്റു രണ്ടു കഥകളാണ് ലവണാസുരവധവും തോരണയുദ്ധവും. ഈ രണ്ടു കഥകളിലും ത്രേതാ യുഗത്തിലെ ഹനുമാനെ അവതരിപ്പിക്കുമ്പോൾ, കോട്ടയത്തു തമ്പുരാൻ സൌഗന്ധികത്തിൽ അവതരിപ്പിക്കുന്നത് ദ്വാപരയുഗത്തിലെ ഹനുമാനെയാണ്. കഥാന്ത്യം വധമല്ലാത്ത ഒരു കോട്ടയം കഥയാണിത് എന്ന പ്രത്യേകതയും എടുത്തു പറയാം.

സൌഗന്ധികത്തിൽ ഭീമനെപ്പോലെയോ അതിലുപരിയോ പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ് ഹനുമാൻ. ഭാവഅഭിനയത്തിനും, ആട്ടത്തിനും, നൃത്തത്തിനും ഒരുപോലെ പ്രാധാന്യമുള്ള ഈ വേഷം പൊതുവെ പ്രധാന നടന്മാർ കൈകാര്യം ചെയ്തുവരുന്നതാണ്. യശ:ശരീരനായ കലാമണ്ഡലം രാമൻകുട്ടിനായരെ അനുസ്മരിക്കുന്നു. ഇപ്പോൾ മടവൂർ, നെല്ലിയോട്, ഇഞ്ചക്കാട് രാമചന്ദ്രൻപിള്ള, രാമചന്ദ്രൻഉണ്ണിത്താൻ, നരിപ്പറ്റ, തലവടി അരവിന്ദൻ, ഫാക്റ്റ് പത്മനാഭൻ, ഫാക്റ്റ് മോഹനൻ തുടങ്ങിയവർ സൌഗന്ധികം ഹനുമാനെ കെട്ടിഫലിപ്പിക്കാൻ പ്രാപ്തരാണ്. ഞാൻ കണ്ടിട്ടുള്ള വേഷക്കാരെ മാത്രമാണ് പരാമർശിച്ചിട്ടുള്ളത്.

ഒട്ടും വകതിരിവില്ലാത്ത വല്ലാത്ത കൂട്ടത്തിൽ വന്നു പിറന്നതായിട്ടൊക്കെ നമ്പ്യാർ അധിക്ഷേപിക്കുന്നുണ്ടെങ്കിലും, സാത്വികനും, പണ്ഡിതനും, ബഹുമാന്യനുമായാണ് അദ്ധ്യാത്മരാമായണത്തിൽ ഹനുമാനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഋഷികൾക്കു മാത്രമല്ല ശ്രീരാമചന്ദ്രനുപോലും ബഹുമാന്യനായിട്ടുള്ള ഹനുമാനെയാണ് ചില നടന്മാര് മിമിക്രി കഥാപാത്രമാക്കി മാറ്റിക്കളയുന്നത്. സൌഗന്ധികത്തിലെ ഹനുമാന്റെ ഈ പ്രകടനം ഒരുവിധം സഹിക്കാം. ലവണാസുരവധത്തിൽ ചിലരുടെ പെർഫൊമെൻസ് കണ്ടാൽ "എന്റമ്മോ"ന്ന് അറിയാതെ നിലവിളിച്ചു പോകും.

 സൌഗന്ധികത്തിലെ ഹനുമാന് തിരനോക്കില്ല. അരങ്ങത്ത് ഓടിച്ചാടി നടന്ന് അലറി വെളുപ്പിക്കേണ്ട കാര്യവുമില്ല. സൌഗന്ധികത്തിലെ ഹനുമാന്റെ ആട്ടം ചിട്ടപ്പെടുത്തുന്നതിന് ഇട്ടീരിപ്പണിക്കർ സ്വീകരിച്ചത് കാർത്തികതിരുനാൾ മഹാരാജാവിന്റെ നിർദ്ദേശങ്ങളും ഉപദേശങ്ങളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. കദളീവനത്തിൽ തപസ്സിരിക്കുന്ന ഹനുമാനെയാണ് തിരശ്ശീല നീക്കുമ്പോൾ കാണുന്നത്. വനത്തിൽ നിന്നുയർന്നു വരുന്ന ഘോരശബ്ദം തപസ്സിന് തടസ്സം സൃഷ്ടിക്കുന്നതും മറ്റും ആടുമ്പോൾ അലറുന്നതു പോലെ, പർവ്വതച്ചിറകുകൾ ഇന്ദ്രൻ അരിയുമ്പോൾ അലറേണ്ട കാര്യമുണ്ടോ? വൃദ്ധ വാനരനായി രൂപാന്തരപ്പെടുമ്പോൾ കാണിക്കുന്ന ചില ചേഷ്ടകളാണ് പരമ ദയനീയം! ചൊറികുത്തുക, പ്രുഷ്ടം ചൊറിയുക. കഥാപാത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണോ അതോ, ജനശ്രദ്ധയ്ക്കു വേണ്ടിയാണോ ഈ അഭാസങ്ങളൊക്കെ കാണിക്കുന്നത്.


പക്ഷെ മടവൂരാശാൻ അവതരിപ്പിച്ച ഹനുമാൻ നഖശിഖാന്തം സാത്വികനായിരുന്നു. നാട്ടിൻ പ്രഭുക്കളെ കണ്ടാലറിയാത്ത കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങായിരുന്നില്ല എന്നു സാരം! ആംഗികാഭിനയത്തിലെ പ്രധാനപ്പെട്ട നാട്യമായ അംഗോപാംഗപ്രത്യംഗങ്ങൾ ഈ എണ്‍പത്തഞ്ചാം വയസ്സിലും എത്ര ചെതോഹരമായി അഭിനയിച്ചു ഫലിപ്പിക്കാൻ കൃതഹസ്തനായ ആ മഹാനടന് കഴിഞ്ഞു.


കഥകളിയിലെ കലാശങ്ങളിൽ പ്രഥമസ്ഥാനമാണ് അഷ്ടകലാശത്തിനുള്ളത്. ചമ്പതാളത്തിൽ ചവിട്ടി എടുക്കുന്ന എട്ടു നൃത്തങ്ങളാണ് അഷ്ടകലാശം എന്നു പറയാം. അഭ്യാസപാടവവും, താളപ്പിടിപ്പും മാത്രം പോരാ, മനോധർമ്മവുംകൂടി ഒത്തിണങ്ങിയ ഒരു നടനു മാത്രമേ അഷ്ടകലാശം മനോഹരമായി എടുക്കാൻ കഴിയൂ. എട്ടുകലാശവും ഭാവതീവ്രതയോടെതന്നെ ആശാൻ പ്രയോഗിച്ചു. അതിനുശേഷം എടുക്കേണ്ട വലിയ കലാശം അദ്ദേഹം ഒഴിവാക്കുകയുണ്ടായി. അരമണിക്കൂറോളം നേരം "മനസി മമ കിമപി ബത" എന്ന അഷ്ടകലാശം ചവിട്ടിയിട്ട്, ഈ എണ്‍പത്തഞ്ചാം വയസ്സിൽ അതുപേക്ഷിച്ചതുകൊണ്ട് അഷ്ടകലാശത്തിന്റെ പൂർണ്ണതയ്ക്ക് കുറവൊന്നും വന്നില്ല എന്നാണെന്റെ പക്ഷം.

ഈ വർഷം തന്നെ മടവൂരിന്റെ വ്യത്യസ്തങ്ങളായ മൂന്നു വേഷങ്ങൾ കാണാൻ അവസരമുണ്ടായി. പത്തനംതിട്ട ജില്ലാ കഥകളി മേളയിൽ ബാണൻ (കത്തി) തിരുവൻവണ്ടൂർ അമ്പലത്തിൽ ഒന്നാം ദിവസം നളൻ (പച്ച) തിരുവല്ലയിൽ സൌഗന്ധികം ഹനുമാൻ (വട്ടമുടി) ആ പ്രതിഭാധനനായ കഥകളി ആചാര്യന്റെ മുമ്പിൽ പ്രണാമം അർപ്പിച്ചുകൊള്ളുന്നു.

"എൻ കണവാ" എന്ന പാഞ്ചാലിയുടെ പദം മുതലുള്ള ഭാഗമാണ് തിരുവല്ലയിൽ അവതരിപ്പിച്ചത്. ഗാനമേളയും മറ്റു കിടുപിടികളുമൊക്കെ കഴിഞ്ഞപ്പോൾ തന്നെ മണി 2. സൌഗന്ധികം കഴിഞ്ഞിട്ടു വേണം കിരാതം കളിക്കാൻ. പതിഞ്ഞപദം ഒഴിവാക്കി. (പാഞ്ചാലരാജ തനയേ) കോട്ടക്കൽ ചന്ദ്രശേഖരവാര്യരായിരുന്നു ഭീമസേനൻ. മാഞ്ചേൽ മിഴിയും, വനവർണ്ണനയും, അജഗരകബളിതാവുമൊക്കെ അതിഗംഭീരമായി അദ്ദേഹം ആടി. കലാമണ്ഡലം മാധവൻനമ്പൂതിരിയാണ് പാഞ്ചാലി കെട്ടിയത്.

മറ്റൊരു എടുത്തു പറയത്തക്ക വിശേഷമായിരുന്നു സംഗീതം. തിരുവല്ല ഗോപിക്കുട്ടൻനായരും, കലാമണ്ഡലം ബാലചന്ദ്രനുമായിരുന്നു ഗായകർ. കഥകളി സംഗീതത്തിലെ ഒരു പ്രധാന രാഗമാണ് ധനാശി. അത്ഭുത ഭാവത്തെ വർണ്ണിക്കുന്ന പദങ്ങളാണ് ധനാശി രാഗത്തിൽ ആലപിക്കാറുള്ളത്.


ഭീമന്റെ പദമായ "മാഞ്ചേൽ മിഴിയാളെ" എന്ന പദം ധനാശിയിലുള്ളതാണ്. ആ രാഗം ഉണർത്തുന്ന അത്ഭുത ഭാവങ്ങളെ, തന്റെ സ്വതസിദ്ധമായ ആലാപന ശൈലിയിലൂടെ അതിമനോഹരമായി പ്രകാശിപ്പിക്കാൻ ഗോപിക്കുട്ടനാശാന് കഴിഞ്ഞു. ആ ഭാവതീവ്രത ഉൾക്കൊണ്ട് കൂടെ പാടാൻ ബാലചന്ദ്രനും കഴിഞ്ഞു. അതുപോലെതന്നെ അതിവിശേഷമായിരുന്നു, "ആരിഹ വരുന്നതിവൻ" എന്ന മദ്ധ്യമാവതിയിലുള്ള ഹനുമാന്റെ പദം പാടിയത്. "ആരീ...ആരിഹാ" എന്നാണ് പല ഗായകരും പാടി കേൾക്കാറുള്ളത്. "ആരീ" എന്നൊരു പ്രയോഗം നടത്താതെ തന്നെ താളവും മേളവുമൊന്നും കുന്തത്തിലാവാതെ പാടാൻ കഴിയുമെന്ന് ഗോപിച്ചേട്ടൻ പാടി കേൾപ്പിച്ചു. അക്ഷരശുദ്ധിയോടെ പാടിയാൽ, അത് കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഗോപിച്ചേട്ടന്റെ പാട്ട്. തർക്കമില്ല.


സംഗീതത്തെപോലെ തന്നെ മേളവും നിലവാരമുള്ളതാണെങ്കിൽ മാത്രമേ കഥകളി പരിപൂർണ്ണ വിജയമാകൂ. പദങ്ങൾ പാടാതെ ആട്ടം മാത്രമുള്ള അവസരത്തിലാണ് മേളക്കാർ പ്രാവീണ്യം തെളിയിക്കേണ്ടത്.

തപസ്സിന് വിഘ്നം വരുത്തിയ ഘോരശബ്ദം കേൾക്കുമ്പോഴുള്ള ഹനുമാന്റെ ആട്ടം, ഭീമസേനന്റെ വനവർണ്ണന തുടങ്ങിയ രംഗങ്ങൾ ആണ് മേളക്കാർ കൂടുതൽ ഭാവാത്മകത പ്രകടമാക്കേണ്ടത്. കലാഭാരതി ഉണ്ണികൃഷ്ണന്റെയും (ചെണ്ട) കലാഭാരതി ജയശങ്കറിന്റേയും (മദ്ദളം) മേളം, കൈസാധകവും അനുഗ്രഹീതമായ വാസനയും കൊണ്ട് ഹൃദ്യമായിരുന്നു എന്ന് പറഞ്ഞു കൊള്ളട്ടെ.



 



free joomla templatesjoomla templates
2024  Aswadanam.com   globbers joomla template