കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച

 

Manoj Kuroor- ഒരു ചര്‍ച്ചയില്‍ ഉത്തരങ്ങളെക്കാള്‍ അവയ്ക്കുള്ളിലെ വിശദാംശങ്ങള്‍ക്കാണു പ്രാധാന്യം എന്നാണ് തോന്നാറുള്ളത്. ചിലരെ പ്രകോപിപ്പിക്കാന്‍ തോന്നും. അവര്‍ പ്രകോപിച്ചാല്‍ രസം പിടിക്കും. കൊണ്ടും കൊടുത്തും ആവുന്നത്ര ചോദ്യങ്ങളുയര്‍ത്തുക എന്നതാണ് ചര്‍ച്ചയുടെ ഹരം. പ്രശ്നങ്ങള്‍ തീര്‍ന്നിരുന്നെങ്കില്‍, ഇത്രയധികം പര്‍വ(ത)ങ്ങളില്ലാതെ അരുവി മാത്രമായിരുന്നെങ്കില്‍, ഭാരതം എന്തിനു കൊള്ളാം! വെറുമൊരു ഹൈക്കു മാത്രമായി തീര്‍ന്നേക്കാവുന്ന ഭാരതത്തെക്കാള്‍ വഴിപിരിഞ്ഞും മുറിഞ്ഞും പര്‍വങ്ങളായി വികസിക്കുന്ന ഭാരതമാണല്ലൊ നല്ലത്. വ്യാസമില്ലാത്ത വ്യാസനായിരുന്നെങ്കില്‍ ഭാരതം ഉണ്ടാവില്ലായിരുന്നു 

 

Hareesh N Nampoothiri- ഒരു സംശയം. Sreechithran പറഞ്ഞ ജാപ്പനീസ് വാദ്യം ഈ വീഡിയോയില്‍ കാണുന്നതാണോ? അല്ലെങ്കില്‍ അതിന്റെ വീഡിയോ ലിങ്ക് ചെയ്യുമോ? അതില്‍ കുഴമറിഞ്ഞുള്ള കോട്ടല്‍ വരുന്നതായി തോന്നിയില്ലെങ്കിലും, എവിടെയൊക്കെയോ ഒരു ചെണ്ട കേട്ടപോലെ തോന്നി.

You need to a flashplayer enabled browser to view this YouTube video

 

Sreechithran Mj- Hareesh – എന്റെ പരിമിതജ്ഞാനനുസരിച്ച് ഇക്കാണുന്ന യമാട്ടോ ടോങ്കോ അല്ല. എന്നാൽ കിൻഷി, യമാട്ടോ, മാച്ചി - ഇങ്ങനെയുള്ള മിക്ക ജാപ്പനീസ് ഡ്രമ്മുകളും പരസ്പരം സാമ്യം തോന്നുന്നവയും ഏകദേശം ഒരേ 'ഗോത്രസ്വഭാവം' കാണിയ്ക്കുന്നവയുമാണ്. 40, 70, 100, 140 എന്നിങ്ങനെ ഡ്രമ്മുകളുടെ എണ്ണം, അവയുടെ നാദസ്വഭാവം, പ്രയോഗരീതി എന്നിവയുടെ വ്യത്യാസമനുസരിച്ച് സൂക്ഷ്മവ്യത്യാസങ്ങളുള്ള പദ്ധതികളും അവിടെയുണ്ട്. നാം കഥകളിയിലൊക്കെ കേൾക്കുന്ന 5 - 5 - 3 ത്രിപുടയോടൊക്കെ സാമ്യം തോന്നുന്ന ചില താളങ്ങൾ മാച്ചിയിൽ കേൾക്കാം. ഡ്രമ്മുകളുടെ എണ്ണവും നാദവും തമ്മിൽ പലസ്ഥലത്തും അവർ ബന്ധിപ്പിച്ചിരിയ്ക്കുന്നു. ഇത്ര ഡ്രമ്മുകളിൽ നിന്നുണ്ടാക്കുന്ന നാദം എന്നതിന് ചില സാങ്കേതികസംജ്ഞകൾ ഒക്കെ വെച്ച് അവർ വിശദീകരിയ്ക്കും - കൃത്യം ഇപ്പോഴോർമ്മ വരുന്നില്ല. കൊൽക്കത്തയിൽ നടന്ന ഒരു ഫസ്റ്റിവലിൽ ഇവരുടെ ചില കലാകാരന്മാരുടെ പ്രകടനം കാണാനും അവിടത്തെ കലാചിന്തകനും കലാകാരനുമായ ഒരു നല്ല മനുഷ്യനോട് കുറേ നേരം സംസാരിയ്ക്കാനും ഭാഗ്യം കിട്ടുകയുണ്ടായി. പഴയ നോട്ടുകൾ എടുത്ത് നോക്കിയാൽ കുറച്ചൂടി വിവരം കിട്ടിയേക്കും.

കബൂക്കി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ നമ്മളെ വല്ലാതെ വിസ്മയിപ്പിയ്ക്കുന്ന ട്രെഡീഷണൽ തീയറ്ററാണ്. നമ്മുടെ കൂടിയാട്ടത്തിലും കഥകളിയിലുമൊക്കെ കാണുന്നതരം അനേകകാലത്തെ അഭ്യസനവും സമർപ്പണവുമൊക്കെ അവരുടെ കലാപഠനത്തിലുമുണ്ട്. അതോടൊപ്പം ഓരോ കലാകാരന്റെയും വ്യക്തിത്വവികാസത്തിലും പരമ്പരാഗതമായിത്തന്നെ അവർ ശ്രദ്ധയൂന്നുന്നു. ഗുരുശിഷ്യബന്ധം, അവർ തമ്മിലുള്ള സമീപനങ്ങൾ - ഒക്കെ വലിയ രസകരമായ വിഷയങ്ങൾ

കയ്യിലുള്ള ഒരു വിശറി അതിവേഗത്തിൽ വീശുന്ന ഒരു ആവിഷ്കാരം കബൂക്കിയിലുണ്ട്. 'തമാട്ടോ' എന്നോ മറ്റോ പറയും അതിന്. ആ സമയത്ത് ടോങ്കോ വായിക്കുന്നത് പലപ്പോഴും കൃത്യം കുഴമറിച്ചാണ്. (രണ്ടു ചെറിയ ഡ്രമ്മുകളിൽ അതിവേഗം മണികണ്ഠം മറിഞ്ഞുകൊട്ടുന്ന ആ വിദ്യയ്ക്കും അവർക്കു പ്രത്യേക സാങ്കേതികസംജ്ഞയുണ്ട് )

ലിങ്കുകൾ പെട്ടെന്നു കിട്ടുന്നില്ല. അല്ലെങ്കിലും ആ കലയിൽ എന്റെ കഴിവും നെറ്റ് സ്പീഡും പരിമിതമാണ്, ഹരീ 

 

Manoj Kuroor- “ജപ്പാനിലെ കബൂക്കിയുടെ വാദ്യമായി വരുന്ന ടോങ്കോ ഡ്രം വായിക്കുന്നവരുടെ ഇരുകൈകളിലും കുഴമറിയുന്നത് കാണാം. ഒരു ലോറിയിൽ കൊണ്ടുവന്നിറക്കാൻ പോന്നത്ര വലിയതും, പോക്കറ്റിൽ ഇടാൻ മാത്രം ചെറിയതുമായ ഡ്രമ്മുകൾ അടങ്ങുന്ന ടോങ്കോയുടെ ഓടിനടന്നുള്ള വാദനത്തിലും അനുഭവത്തിലെ പ്രധാനപങ്ക് ഈ മണി‌കണ്ഠം മറിയുന്ന വാദനവിശേഷത്തിലാണ്.” എന്നു ചിത്രന്‍ പറഞ്ഞ ഈ അദ്ഭുതവിദ്യ കാണാനും അറിയാനും എനിക്കും വലിയ ആഗ്രഹമുണ്ട്. എന്തായാലും ചെണ്ടക്കാര്‍ക്ക് ഈ വിദ്യ ഇതുവരെ വഴങ്ങിയിട്ടില്ല. എന്നുവച്ച് സാധ്യമാകില്ല എന്നല്ല പറഞ്ഞത്. അതെങ്ങനെ എന്നാണു സംശയം.

പണ്ട് ചെണ്ടയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്ത, ചെണ്ട കുറച്ച് അഭ്യസിക്കുകകൂടി ചെയ്തിട്ടുള്ള മാത്യു പോള്‍ എന്നോടു പറഞ്ഞു: ‘ഒരു കൈ കുഴ മറിച്ചു കൊട്ടുമ്പോള്‍ ഇത്രയും വേഗത കിട്ടുമെങ്കില്‍ രണ്ടു കൈയും കുഴ മറിച്ചുകൊട്ടിയാല്‍ അതിലും വേഗത കൈവരിക്കാനാവില്ലേ എന്നാണു ഞാന്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.”  കേട്ടാല്‍ ഉഗ്രന്‍ ആശയം എന്ന് പുറത്തുനില്‍ക്കുന്ന ഒരാള്‍ക്കു തോന്നാം. എന്നാല്‍ അദ്ദേഹത്തോട് സ്നേഹപൂര്‍വം വിയോജിക്കേണ്ടിവന്നു.

കാരണം അങ്ങനെ എവിടെയും സംഭവിക്കാമെന്നു തോന്നുന്ന ഈ ഉരുളുകൈയുണ്ടല്ലൊ. അത് അങ്ങനെയങ്ങു വരുന്നതല്ല. ചെണ്ടയിലാണെങ്കില്‍ ‘ത’ എന്ന് ഇടതുകൈ നേരെയും ‘കി’ എന്നു വലതുകൈ അകത്തേക്കും ‘ട’ എന്നു വലതുകൈ പുറത്തേക്കുമായി കൊട്ടുന്ന ‘തക്കിട്ട’ എന്ന പാഠക്കൈ സാധകം ചെയ്യുന്നതിലൂടെയാണ് ഉരുളുകൈയുടെ വേഗതയും തെളിച്ചവും കൈവരിക്കുന്നത്. വലതുകൈ അകത്തേക്കും പുറത്തേക്കും നന്നായി മറിഞ്ഞാല്‍ മാത്രമേ ഉരുളുകൈക്ക് തെളിച്ചവും ഭംഗിയും കിട്ടുകയുള്ളൂ. അല്ലാതെ വലതുകൈ അകത്തേക്കും പുറത്തേക്കും അധികം മറിയാതെ ‘തകൃതകൃതകൃതകൃത’ എന്ന രീതിയില്‍ കൊട്ടുന്നതിനെ ഉരുളുകൈ എന്നു പറയാറില്ല- ഉരുളുകൈ ആകണമെങ്കില്‍ ‘ഡിഡികിഡിഡികിഡിഡികിണണക’ എന്ന രീതിയില്‍ത്തന്നെ വരണം. വേഗത കൂടിയാല്‍ ‘ഉര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌’ എന്നു കൊട്ടുന്നതായി തോന്നും. ഉരുളുകൈ വശത്താക്കാന്‍ സാമാന്യം നന്നായി കുറേക്കാലം സാധകം ചെയ്യണം. അത്തരത്തില്‍ വലതുകൈ നന്നായി അകത്തേക്കും പുറത്തേക്കും മറിച്ചുകൊട്ടിയാലേ, ‘തക്കിട്ട’യുടെ മൂന്ന് അക്ഷരവും തെളിഞ്ഞു കേട്ടാലേ, അതിനെ ഉരുളുകൈ എന്നു പറയാറുള്ളൂ. ഈ ഗ്രൂപ്പില്‍ ചെണ്ടക്കാരുണ്ടല്ലൊ- ശരിയാണോ എന്ന് അവര്‍ പറയട്ടെ. അല്ലാതെ തകൃതകൃതകൃത എന്ന മട്ടില്‍ കൊട്ടുന്നതിനെപ്പോലും അങ്ങനെ പറയാറില്ല. ഇങ്ങനെ കുഴ മറിച്ചുകൊട്ടാന്‍ പറ്റുന്നതാണ് ചെണ്ടക്കാരുടെ സാധകത്തെ നിര്‍ണയിക്കുന്ന ഒരു പ്രധാന മാനദണ്ഡം.

പിന്നെ അടുത്ത കാര്യം. ഇരുകൈകളും ഒരേ സമയം അകത്തേക്കും പുറത്തേക്കും മറിച്ചുകൊട്ടിയാലും ഇപ്പോഴുള്ള വേഗതയോ ഭംഗിയോ കൂടുമെന്നും ഞാന്‍ കരുതുന്നില്ല. കാരണം ഇപ്പോഴുള്ള രീതിയില്‍ത്തന്നെ പരമാവധി വേഗത സാധ്യമാണ്. എന്തായാലും ഇപ്പോള്‍ കൊട്ടിവരുന്ന രീതിയനുസരിച്ച് ഇരുകൈകളും ഒരേ സമയം കുഴ മറിച്ചുകൊട്ടുന്നത് അപ്രായോഗികമാണ്. രണ്ടു കൈയ്ക്കും കുഴ മറിച്ചു കൊട്ടാവുന്ന തരത്തില്‍ സാധകമുള്ള കല്പാത്തി ബാലകൃഷ്ണനാണെങ്കിലും ഒരേ സമയത്തല്ല ഇരുകൈകളും കുഴ മറിച്ചുകൊട്ടുന്നത്. ഒരു കൌതുകത്തിനു ഇരുകൈയിലും മാറി മാറി (ഒരേ സമയത്തല്ല) ഉരുളുകൈ കൊട്ടുകയാണ് അദ്ദേഹം ചെയ്യുന്നത്. 

 

Manoj Kuroor- ചെണ്ട ഉപയോഗിക്കുന്ന നിരവധി കലകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. പല തരത്തില്‍ കുഴ മറിച്ചു കൊട്ടുന്നുമുണ്ട്. യക്ഷഗാനത്തിലൊക്കെയുള്ളത് അതേ സാംസ്കാരികസാഹചര്യത്തിന്റെ ഒരു എക്സ്ടന്‍ഷന്‍ ആണ്. ഒരു കൌതുകം കൂടി പറയാം. കാസറഗോഡ് ജില്ല കര്‍ണാടകത്തിന്റെ ഭാഗമാക്കണം എന്ന് ഒരു വാദം പലരും ഉന്നയിക്കാറുണ്ടല്ലൊ. അത് സംഭവിച്ചു എന്നുമിരിക്കട്ടെ. അപ്പൊ ഉരുളുകൈ സാധകത്തെപ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ മറ്റൊരാള്‍ക്കു പറയാം. കേരളത്തിനു പുറത്തുള്ള തെയ്യത്തിലും ഉരുളുകൈയുണ്ട്!

ആരെങ്കിലും എവിടെയെങ്കിലും കൊട്ടുമ്പോള്‍ മണികണ്ഠം മറിഞ്ഞു എന്നുവച്ച് അതിനെയാണോ ഉരുളുകൈ എന്നു പറയുന്നത്? അതോ സവിശേഷമായ സാധകത്തിലൂടെ ‘ഡിഡികിഡിഡികിണണക’ എന്ന മട്ടിലോ ‘ഉര്‍‌ര്‍‌ര്‍‌ര്‍‌‘ എന്ന മട്ടിലോ തെളിച്ചു കൊട്ടുന്നതിനെയോ? എന്തായാലും രണ്ടാമതു പറഞ്ഞ തരത്തില്‍ കൊട്ടുന്നതിനെയേ ഉരുളുകൈ എന്നു ചെണ്ടക്കാര്‍ പറയൂ. ഇനി മറ്റെന്തെങ്കിലും രീതിയെയാണോ ഉരുളുകൈ എന്ന് ഇവിടെ പറയുന്നത് എന്നാണ് എനിക്കിപ്പൊ സംശയം. അങ്ങനെയല്ലാതെ മറ്റെന്തെങ്കിലും മെതേഡിലൂടെ ഉരുളുകൈ കൊട്ടുന്നെങ്കില്‍ അതിന്റെ രീതിയെന്ത് എന്നെങ്കിലും അറിഞ്ഞാല്‍ കൊള്ളാം.

ചെണ്ടയുടെ രീതിയില്‍ത്തന്നെ വേണം എന്നല്ല ഉദ്ദേശിച്ചത് കേട്ടോ. സമാനമായ രീതിയിലോ സമാന്തരമായ രീതിയിലോ വേഗതയും തെളിച്ചവുമെങ്കിലും സാധ്യമാകുന്ന തരത്തില്‍ (കാരണം ഇവ രണ്ടും എവിടെയായാലും വാദ്യവാദനത്തിന്റെ മാനദണ്ഡങ്ങളാണ്. ഇതു രണ്ടുഇല്ലെങ്കില്‍ ഈ ‘ഉരുളുകൈ’ക്ക് എന്താണു പ്രത്യേകത?) ഉരുളുകൈ പ്രയോഗമുണ്ടോ എന്ന സംശയം തീരുന്നില്ല.

ഇത്രയും നേരം പല തരം ജാപ്പനീസ് ഡ്രമ്മുകളുടെ വീഡിയോ കാണുകയായിരുന്നു. എന്നാല്‍ ഉരുളുകൈക്കു സമാനമായ ഒന്നും ഇതുവരെ കാണാന്‍ കഴിഞ്ഞില്ല. (ഇല്ല എന്നു പറയാന്‍ ഞാനാളല്ല. കാണാന്‍ കഴിഞ്ഞില്ല എന്നേയുള്ളൂ.) ജാസ്സ് ഡ്രമ്മുകളുള്‍പ്പെടെ മറ്റു തോലിട്ട വാദ്യങ്ങളില്‍, അതതു വാദ്യങ്ങള്‍ക്കനുസരിച്ചു ചെറിയ വ്യത്യാസങ്ങളോടെ, പൊതുവേ പ്രചാരത്തിലുള്ള കൊട്ടുരീതികളേ കാണാന്‍ കഴിഞ്ഞുള്ളൂ. ജാസ് ഡ്രമ്മില്‍ നേര്‍കോലുകളുപയോഗിച്ചുതന്നെ വേഗതയില്‍ കൊട്ടാനുള്ള സാധകം പ്രസിദ്ധരായ വാദകര്‍ക്കുണ്ട്. ഡോണ്‍ ഹെന്‍‌ലി, ജോണ്‍ ബോണ്‍ഹാം, റിങ്‌ഗോ സ്റ്റാര്‍ എന്നിങ്ങനെ പലരും മികച്ച പ്രാക്ട്രീസ് ഉള്ളവരാണ്. ശിവമണിക്കുമുണ്ട് നല്ല സാധകബലം. എന്നാല്‍ ഇവരാരും കൊട്ടുന്നത് ഉരുളുകൈ അല്ല എന്ന് ഊന്നിപ്പറഞ്ഞുകൊള്ളട്ടെ.

 

Vinod Venugopal- Parvathi Ramesh ശ്രുതിക്ക് മറ്റു വാദ്യോപകരണങ്ങളില്‍ ഉള്ളത്ര പ്രാധാന്യം തന്നെ ക്ഷേത്ര വാദ്യോപകരണങ്ങളിലും ഉണ്ട്. സ്ഥിരം അടിയന്തിരത്തിനും മറ്റും ഇത് അത്ര നിഷ്കര്‍ഷ പാലിക്കാറില്ല എന്നത് സത്യം. എന്നിരിക്കിലും ഒരു കൊട്ടിപാടി സേവയില്‍ പാടുന്ന അഷ്ടപദിയുടെയും കീര്‍തനങ്ങളുടെയും ശ്രുതിക്കനുസരിച്ചു ഇടയ്ക്കയില്‍ ചെറുതായി ശ്രുതി മാറ്റം വരുത്തിയാല്‍ രണ്ടും രണ്ടിച്ചു നില്‍ക്കാതിരിക്കും. ഇടയ്ക്ക സാധകം ചെയ്യുന്നത് പണ്ട് കാലത്ത് രണ്ടു ഉപകരണങ്ങളിലായിരുനു. ഒന്ന് കൈമെത്ത. കൈ ഉരുളാന്‍. കൈക്ക് സാധകം കൂട്ടാനാണ് ഇതുപയോഗിക്കുനത്. മറ്റൊന്ന് കുടുക്ക വീണ. ഇടയ്ക്കയില്‍ സ്വരസ്ഥാനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുടുക്ക വീണ. കയ്യുടെ ചലനം കൊണ്ട് കുറ്റി ചലിപ്പിചാണല്ലോ ഇടയ്ക്കയില്‍ സ്വരങ്ങളും ശ്രുതിയും വ്യ്ത്യാസപ്പെടുതുന്നത്. എന്നാല്‍ കാലക്രമേണ ഇത് കൈ മെത്തയിലേക്ക് മാത്രം ഒതുങ്ങുകയും കുടുക്ക വീണ എന്നാ ഉപകരണം നാമവശേഷം ആവുകയും ചെയ്തു. ഇപ്പൊ കൈ മെത്തയും വേണ്ട എന്ന സ്ഥിതിയായി. ചെണ്ട സാധകം മതിത്രെ.

എല്ലാ ഉപകരണവും നിര്‍മാണ വേളയില്‍ നിഷ്കര്ഷിച്ചിരിക്കുന്ന അളവില്‍ പണിതാലെ നമ്മള്‍ കേള്‍ക്കുന്ന ചെണ്ടയുടേയും തിമിലയുടെയും ശബ്ദം ആയി വരികയുള്ളു. തിമിലയില്‍ നിര്‍മാണ സമയത്ത് തിമിലയുടെ ഒരു രൂപം ആണ് ആശാരിയുടെ പക്കല്‍ നിന്ന് നമുക്ക് കിട്ടുന്നത്. ഇതിന്റെ ഉള്ളില്‍ പിന്നെയും ഓരോ അളവിന് കുത്തിക്കളഞ്ഞു, പാകത്തിനുള്ള വട്ടവും കൂടി കോര്താലെ തകാരവും തോം കാരവും ഭംഗിയായി കേള്‍ക്കൂ. കൂടാതെ തിമിലയിലും ഇടയ്ക്കയിലും 'വായു തുള' എന്ന ഒരു ദ്വാരം ഇടുന്നു. ഇത് എന്തിനാണെന്ന് വച്ചാല്‍. കുറച്ചു സമയം തുകല്‍ വട്ടത്തില്‍ കൊട്ടി കഴിഞ്ഞാല്‍ കുട്ടിയുടെ അകത്തുള്ള വായു ചൂടാകുന്നു. ഇത് ഉപകരണത്തിന്റെ ശബ്ദത്തിനെ ബാധിച്ചേക്കാം. ഒരു വായു സഞ്ചാരത്തിനു വേണ്ടി ആണ് ഇതിടുന്നത്. അന്നമനട സീനിയര്‍ ആണ് കുറ്റിയില്‍ ജീവ തുള ഇടാന്‍ തുടങ്ങിയത് എന്ന് കേട്ട് കേള്‍വി. ചെണ്ടയുടെ വലുപ്പം ഈ അവസ്ഥയെ തരണം ചെയ്യുന്നത് കൊണ്ട് ചെണ്ടയില്‍ ദ്വാരം ഇടാറില്ല. ചെണ്ടയുടേയും നിറമാണ സമയത്തും അളവുകളും വട്ടത്തിന്റെ കനവും ശ്രദ്ധിക്കേണ്ടതുണ്ട്. ചെണ്ടയില്‍ കുത്തുവാറും കൊട്ടുന്ന കോലിന്റെ കനവും ഒരു പരിധി വരെ ശബ്ദത്തെ സ്വാധീനിക്കുന്നു. ഇടയ്ക്കയിലും ഇപ്പറഞ്ഞ അളവുകളും കൂടാതെ പൊടിപ്പുകള്‍, വട്ടങ്ങള്‍, കയ്യുടെ ചലനം എല്ലാം തന്നെ ശ്രുതിയെ സ്വാധീനിക്കുന്നു.

കുഴലും കൊമ്പും ഒരു മേളത്തിന് അകമ്പടി സേവിക്കാന്‍ അധികം അദ്ധ്വാനമൊന്നും വേണ്ടി വരില്ല. എന്നതിനാല്‍ വളരെ കുറച്ചു നാളത്തെ സാധകം കൊണ്ട് മേളത്തിനും പഞ്ചവാദ്യതിനും കുഴലും കൊമ്പും യഥാക്രമം വായിച്ചു തുടങ്ങാം. എന്നാല്‍ കൊമ്പ് പറ്റു, കുഴല്‍ പറ്റു, എന്നിങ്ങനെ വ്യക്തി പ്രഭാവം പ്രകടിപ്പിക്കുന്ന മനോധര്‍മം പ്രയോഗിക്കേണ്ട ഉള്ള കലാരൂപങ്ങളില്‍ തീര്‍ച്ചയായും താളങ്ങളും രാഗങ്ങളും അറിഞ്ഞേ തീരൂ. ഇല്ലെങ്കില്‍ 'സംഗതി' ഉണ്ടാവില്ല. 

 

Sreechithran Mj- മനോജേട്ടാ, " ‘ഡിഡികിഡിഡികിണണ" എന്നു തക്കിട്ടമറിഞ്ഞ് വ്യക്തതയോടെ വരുന്ന ഉരുളുകൈ എന്ന അർത്ഥത്തിൽ തന്നെയാണ് ഞാൻ 'ഉരുളുകൈ' എന്ന വാക്ക് ഉപയോഗിച്ചത്. യക്ഷഗാനത്തെ സംബന്ധിച്ചിടത്തോളം, 'ഉർർർർർ' എന്ന സാധകബലമൊന്നും കേട്ടില്ലെങ്കിലും, നാമർത്ഥമാക്കുന്ന ഉരുളുകൈ തന്നെ കേൾക്കാവുന്ന അവസ്ഥയും ഉണ്ട് എന്നു തന്നെ കരുതുന്നു. ( അൽപ്പകാലം മുൻപുള്ള കേൾവിബോധം, നൂറുശതമാനം ഉറപ്പില്ല. ആ ഉരുളുകൈ പ്രയോഗങ്ങൾ കേരളത്തിൽ നിന്നങ്ങോട്ടോ ഇങ്ങോട്ടോ സംക്രമണദിശ എന്നും ഉറപ്പില്ല )

എന്നാൽ കബൂക്കിയേപ്പറ്റിയും ടോങ്കോ ഡ്രംസിനേപ്പറ്റിയും പറഞ്ഞിടത്ത് 'മണികണ്ഠം മറിച്ച് കൊട്ടുക' എന്ന പോയന്റിലേ ഞാൻ ഊന്നിയിട്ടുള്ളൂ. നമ്മുടെ തക്കിട്ടസാധകം അതുപോലെ അവിടെയുണ്ടെന്ന് അർത്ഥമേയില്ല. കബൂക്കിയുടെ തന്നെ വീഡിയോകൾ യൂട്യൂബിൽ വേണ്ടത്ര കാണുന്നില്ല. നാമറിയേണ്ട പലതും കൃത്യം യൂട്യൂബിലില്ലാത്തതിന് എന്തു ചെയ്യാം!! ഞാൻ നിരായുധനാണ്. ഞാനീയിടെ ഇവിടെ മഹാരാഷ്ട്രയിലെ 'തമാഷ' എന്ന പാരമ്പര്യനാടകരൂപത്തെ കുറച്ച് അറിയാൻ ശ്രമിയ്ക്കുകയായിരുന്നു. പെട്ടെന്ന് അതിലളിതമെന്നു തോന്നുമെങ്കിലും. അതിഗംഭീരമായ അനേകം സൂക്ഷ്മഘടകങ്ങൾ അതിലുണ്ട്, പക്ഷേ, നെറ്റിൽ മുങ്ങിത്തപ്പിയാലും വേണ്ടത്ര ഒന്നും കിട്ടില്ല . ഇന്റർനെറ്റ് നാം കരുതുന്നത്ര സർവ്വജ്ഞപീഠം കയറിക്കഴിഞ്ഞിട്ടില്ലെന്നു തിരിച്ചറിയുകയല്ലാതെ മാർഗമില്ല.കൂടുതൽ ഇനിയും ടോങ്കോയേപ്പറ്റി അറിയുന്നതു പോലും പറയാൻ ഭയമുണ്ട്, കാരണം എന്റെ അറിവുകൾ പരിമിതമാണ്.

മനോജേട്ടന് കബൂക്കിയേപ്പറ്റിയും ടോങ്കോയേപ്പറ്റിയും കൂടുതലറിയാനും പരിചയപ്പെടാനും ആഗ്രഹമുണ്ടെങ്കിൽ വീഡിയോകൾ സംഘടിപ്പിച്ചുതരാം - നമുക്കു ബന്ധപ്പെടാവുന്നവർ ഉണ്ട്. ഇവിടെ മുംബൈയിൽ ചിലപ്പോൾ അവരുടെ ചില അതിഗംഭീരകലാകാരന്മാർ വരാറും ഉണ്ട്. അപ്പോഴിങ്ങു പോന്നാൽ, ബലേ! നമുക്ക് കൂടാം, ബാക്കി പർവ്വ(തം‌) ചുറ്റലും പുലിയങ്കവും അപ്പൊഴാവുകയും ചെയ്യാം

(എന്ന്, അൽപ്പകാലം തക്കിട്ടയും തരികിടയുമൊക്കെ ചെണ്ടയിലും മറിച്ച് കൈയ്യിലും പരിചയമുള്ള ഒരു പാവം കലാസ്നേഹി)

 

Parvathi Ramesh-  വിശദീകരിച്ചു തന്നതിനു വളരെ നന്ദി Sri Vinod Venugopal -

സത്യത്തില്‍ കഥകളി കാണും, ഉത്സവങ്ങള്‍ക്ക് പോകും എന്നൊക്കെ അല്ലാതെ കേരളീയ താളങ്ങളെ കുറിച്ചോ, വാദ്യങ്ങളെ കുറിച്ചോ ഇതുവരെയും ഒന്നും അന്വേഷിചിരുന്നുമില്ല, ശ്രദ്ധിചിട്ടുമില്ല, മാത്രവുമല്ല ഇവയെ കുറിച്ച് അത്രയും വലിയ പഠനമോ, സെമിനാറുകളും മറ്റുമോ ഒക്കെ നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല, അതുകൊണ്ടൊക്കെ തന്നെ കേരളീയവാദ്യങ്ങളെ കുറിച്ചും, താളങ്ങളെ കുറിച്ചും ഇങ്ങനെയൊരു ഗ്രൂപ്പ് വഴി കുറച്ചുകൂടി പരിചയപ്പെടുത്തുക, അതിലേയ്ക്കായി ചില സംശയങ്ങള്‍ ഉന്നയിച്ച് അതിലൊരു ചര്‍ച്ച എന്നതായിരുന്നു ഈ ത്രഡിന്റെ പിന്നിലെ (സത്)ഉദ്ദേശം. അതുകൊണ്ടും കൂടിയായിരുന്നു അത്യാവശ്യം "മടി" ഉണ്ടായിട്ടും, അഡ്മിന്‍ സപ്പോര്‍ട്ടോടെ കണ്ണുമടച്ച് പോസ്റ്റിയത്. (അതിലും ഒട്ടും (സാങ്കേതികപരമായി) കേട്ടിട്ടില്ലാത്ത വാദ്യങ്ങളാണ്‌ ഈ കൊമ്പും കുഴലുമൊക്കെ.)

 ചെണ്ടയില്‍ Tp Sreekanth Pisharody സൂചിപ്പിച്ച 'കുടുക്ക്' കാണാറുള്ളതും, പിന്നെ ഓരോ ചെണ്ടയില്‍ നിന്നും വരുന്ന നാദത്തിനു വ്യത്യാസം വരുന്നുണ്ടെല്ലോ എന്നുമുള്ള തോന്നല്‍ ആയിരുന്നു ഈ ശ്രുതിയെ കുറിച്ചുള്ള സംശയത്തിനു ഒരു കാരണം. പിന്നെ സംഗീതം തീരെ വരാത്ത മേളകലയില്‍ ശ്രുതിയ്ക്കെന്തു പ്രസക്തി എന്ന സംശയം. എന്നാല്‍ ഒരത്ഭുതം പോലെ ഇടയ്ക്ക ശ്രുതി ചേരുന്നു, അതുപോലെ സുഷിരവാദ്യങ്ങള്‍ (ഒട്ടും ശ്രുതിയിലുള്ള സംഗീതം പോലെ ഒന്നും തോന്നാറില്ലെങ്കിലും) ഉപയോഗിയ്ക്കുന്നു. താളത്തില്‍ മാത്രം നെയ്തെടുത്ത് മണിക്കൂറുകളോളം അദ്ധ്വാനിയ്ക്കുന്ന ഇങ്ങനെയൊരു കല എങ്ങനെ വന്നുചേര്‍ന്നു ആവോ എന്നൊക്കെയായി പിന്നത്തെ ചിന്ത.

എതായാലും ശ്രീചിത്രന്‍ പറഞ്ഞപോലെ സംഗീതത്തില്‍ ശ്രുതി എന്ന സംജ്ഞയ്ക്ക് നാം കൊടുത്തുവരുന്ന കന്‍സെപ്റ്റ് അല്ല, ഈ വാദ്യങ്ങളെ സംബന്ധിച്ചിടത്തോളം ശ്രുതി എന്ന സംജ്ഞയ്ക്ക് കൈവരുന്ന പ്രസക്തി എന്നു ചുരുക്കത്തില്‍ മനസ്സിലാവുന്നു. വളരെ നന്ദി.

മുകളില്‍ ചോദിച്ച (കേരളീയ താളങ്ങളുടെ പഴക്കം) സംശയത്തില്‍ കര്‍ണ്ണാടക സംഗീത പദ്ധതിയെ സൂചിപ്പിച്ചത് പിടിച്ചെടുക്കാനുള്ള എളുപ്പത്തിനു വേണ്ടിയായിരുന്നു, മാത്രവുമല്ല കര്‍ണ്ണാടക സംഗീതത്തിലെ താള പദ്ധതി എന്ന് പറയുമ്പോള്‍ ഒട്ടുമിക്കതും എല്ലാവര്ക്കും മനസ്സിലാക്കാനും എളുപ്പമുണ്ടല്ലോ.നമ്മുടെതിലെ "കാലം താഴ്ത്തുന്ന തന്ത്രം" എന്നത് മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അതായത് ഇവിടെ വേഗതയിലല്ല, മറിച് വിശദാംശങ്ങളിലാണ് വ്യത്യാസം വരുന്നത് എന്നത്. (Sreechithran Mj)

പിന്നെ വേറൊന്നുള്ളത് കേരളീയ താള പദ്ധതി ഏകസൂളാദി താളപദ്ധതി എന്നതില്‍ പെടുന്നു എന്നും കേട്ടിട്ടുണ്ട്. (അങ്ങനെ അല്ലേ ?) അതില്‍ തന്നെ മേളങ്ങളില്‍ ഉപയോഗിയ്ക്കുന്നവ, കഥകളിയ്ക്കു ഉപയോഗിയ്ക്കുന്നവ, കൂടിയാട്ടം, തുള്ളല്‍, തുടങ്ങി മറ്റനേകം കലാരൂപങ്ങളിലും ഈ പദ്ധതിയിലെ താളങ്ങള്‍ തന്നെയാണോ, അല്ലെങ്കില്‍ അതിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ ഉണ്ടാവുമോ എന്നതൊക്കെയായിരുന്നു സംശയങ്ങള്‍.

ഇതിനെ സംബന്ധിച്ചുള്ള മനോജ്‌ കുറൂറിന്റെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ പണ്ട് വായിച്ചത് ഓര്‍മ്മ വന്നത്. അതും ഇവിടെ തഞ്ചം പോലെ പോസ്റ്റാം എന്ന് വിചാരിയ്ക്കുമ്പോഴായിരുന്നു മനോജ്‌-ചിത്ര (സ്നേഹ) സംവാദം വന്നു തുടങ്ങിയത്. എന്നാല്‍ പിന്നെ അതൊരു തീരമണയട്ടെ എന്ന് കരുതി. (Manoj Kuroor )

ഓഫ് - ഹൈക്കു പോലൊരു ഭാരതം! (ഹൌ!) വഴിപിരിഞ്ഞും മുറിഞ്ഞും പര്‍വങ്ങളായി വികസിക്കുന്ന ഭാരതം - (ഹാ!)

(യു.എ.ഇയിലിരുന്നു ഇതു വായിയ്ക്കുമ്പോള്‍ ഒരു സുഖം!) 

Manoj Kuroor- Sreechithran Mj, മറ്റു ഡ്രമ്മുകളുടെ ഒക്കെ വാദനരീതിയില്‍ കൈപിടിക്കുന്നതു കണ്ടിട്ട് ജാസ് ഡ്രംസ് വായനക്കാരുടെ സമ്പ്രദായമാണു തോന്നിയത്. ചില നാടകങ്ങളെപ്പറ്റിയും കഥകളിയെപ്പറ്റിയും കുറസോവയുടെ ത്രോണ്‍ ഓഫ് ബ്ലഡിനെപ്പറ്റിയുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ കേട്ടിട്ടുള്ള കബൂക്കി എന്തായാലും കൊട്ടിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ വന്നത് കൌതുകകരമാണ്. കബൂക്കിയെപ്പറ്റി കൂടുതലറിയാന്‍ തീര്‍ച്ചയായും താല്പര്യമുണ്ട്.

പിന്നെ യക്ഷഗാനത്തില്‍ ഉരുളുകൈ ഇല്ല എന്നല്ല ഞാന്‍ പറഞ്ഞത് എന്നതുകൂടി ശ്രദ്ധിക്കുമല്ലൊ. 

 

Vinod Venugopal- ജാപ്പനീസ് ഡ്രംസ്, ജാന്‍ഗോ ഡ്രംസ് എല്ലാം കണ്ടിട്ട് ഉരുള് കൈ കണ്ടില്ലെങ്കിലും ഒരു കാര്യം മനസ്സിലായി. കൊട്ടുന്നത് പലപ്പോഴും അവതാളത്തില്‍ ആയിരുന്നാലും ഇതൊക്കെ കാണാന്‍ ആളുകള്‍ ഒരുപാടുണ്ട്. താളവും കാലവും ഇത്ര കണ്ടു കര്‍ശനമായ നമ്മുടെ മേളങ്ങള്‍ക്കു നാട്ടില്‍ തന്നെ വേണ്ടത്ര ആസ്വാദകര്‍ ഉണ്ടോ എന്ന് സംശയം. യുടുബില്‍ തന്നെ നല്ലൊരു പഞ്ചവാദ്യതിനോ മേളത്തിനോ പരമാവധി ആയിരം അല്ലെങ്കില്‍ രണ്ടായിരം ഹിറ്റ്‌. ഇതിപ്പോ ലക്ഷങ്ങളാ. കൂടാതെ രൂപത്തില്‍ നമ്മുടെതിനോട് ഒരു പാട് സാമ്യതയുള്ള hourglass drums കാണാന്‍ കഴിഞ്ഞു. എന്തായാലും ഇങ്ങനെയുള്ള ചര്‍ച്ചകള്‍ നല്ലത് തന്നെ. ഉദ്ദേശിച്ചത് കണ്ടെത്തിയില്ലെങ്കിലും പുതിയ പുതിയ കാഴ്ചകള്‍ ഒരു പാട് കാണാന്‍ കഴിയുന്നു.

 

Rajeev Pattathil- അവസാനം കുറച്ചു സമയം കിട്ടി. ഈ ചരടില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത് ചെണ്ട മുതലായ കേരളീയ വാദ്യങ്ങള്‍ ശ്രുതി ചേര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ് എന്ന വസ്തുതയുടെ ശാസ്ത്രീയ വശത്തെക്കുറിച്ചാണ്. ശ്രുതി എന്ന് നാം സാധാരണ വിവക്ഷിക്കുന്നത് ഒരു ഫ്രീക്വന്സിയുടെ സാധാരണ പെരുക്കങ്ങള്‍ (ഹാര്‍മോണിക്സ്‌/)//integer overtones) ഉണ്ടാവുമ്പോഴാണ്‌ (അതായത് ആധാര ഷഡ്ജത്തിന്റെ ഇരട്ടി ഫ്രീക്വന്‍സിയില്‍ മേല്‍ ഷഡ്ജം വരുന്നത് പോലെ). തന്തി വാദ്യങ്ങളില്‍ ഇങ്ങനെയാണ് തരംഗങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് അവ ശ്രുതി ചേര്‍ന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ മിക്ക തുകല്‍ വാദ്യങ്ങളിലും ഉണ്ടാവുന്ന ഫ്രീക്വന്‍സികള്‍ ഇങ്ങനെ സാധാരണ പെരുക്കങ്ങള്‍ അല്ല, മറിച്ച് ഭാഗിക പെരുക്കങ്ങള്‍ (partial overtones) ആണ്. അതുകൊണ്ട് അവയില്‍ നിന്നുണ്ടാവുന്ന ശബ്ദം ശ്രുതി ചേര്‍ന്നതായി അനുഭവപ്പെടുന്നില്ല. എന്നാല്‍ മൃദംഗം മുതലായ വാദ്യങ്ങളില്‍ കാണുന്ന heterogeneous membrane (ചോറിട്ട തോല്‍)) harmonic overtones ഉണ്ടാക്കുന്നു. അതുകൊണ്ട് അവ ശ്രുതി ചേര്‍ന്നതായി അനുഭവപ്പെടുന്നു. സി വി രാമന്‍ പ്രസിദ്ധമായ "നേച്ചര്‍" മാഗസിനില്‍ ഇതിനെപ്പറ്റി ഒരു പ്രബന്ധം എഴുതിയിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ഒരു ലിങ്ക് താഴെക്കൊടുക്കുന്നു. രാമന്റെ പേപ്പറിന്റെ റഫറന്‍സും അതിലുണ്ട്. http://www.imsc.res.in/~rsidd/papers/drums.pdf

അതായത് കൃഷ്ണന്‍കുട്ടി പൊതുവാളും സി വി രാമനും പറഞ്ഞത് ഒന്നു തന്നെ എന്നര്‍ത്ഥം. പൊതുവാളാശാന്‍ കൊട്ടി നോക്കിയിട്ടും "രാമാശാന്‍" പൊട്ടിച്ചു നോക്കിയിട്ടും പറഞ്ഞു എന്നേ വ്യത്യാസമുള്ളൂ. അപ്പൊ ആരാ മീതെ?

 

Harilal Engoor- ഹ ഹ, മുകളില്‍ അങ്ക ചേകവന്മാരുടെ കമന്റുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. കേരളീയ കലകളില്‍ "ശ്രുതിക്ക് ചേരുന്ന താളമല്ല" "താളത്തിന് ചേരുന്ന ശ്രുതി ആണ്" ഉള്ളത് എന്ന്. അതിനാലാണല്ലോ ചെണ്ട ഒരു "ഗ്ലാമര്‍ ഉപകരണവും" കൊമ്പും കുഴലും അതിന്റെ ഒരു സപ്പോര്‍ട്ടിംഗ് റോളും കൈകാര്യം ചെയ്യുന്നത്. മറ്റു സ്ഥലങ്ങളിലെ പാരമ്പര്യ കലകളില്‍ മിക്കവാറും ശ്രുതിക്ക് താളമാണ് സപ്പോര്‍ട്ട് ചെയ്യാറ്. ശ്രുതി ഒരു വിധത്തില്‍ "മോഹന" സ്വരവും താളം ഒരു വിധത്തില്‍ 'രൌദ്ര" അല്ലെങ്കില്‍ "താണ്ഡവ " സ്വരവും ആണല്ലോ (പ്രത്യേകിച്ചും ചെണ്ട). പണ്ട് കാലത്തെ അങ്കതട്ടുകളിലും, തെയ്യങ്ങളിലും തുടങ്ങി കേരള പാരമ്പര്യ കലകളില്‍ മുഴുവന്‍ ഈ "താളം" പാവം ശ്രുതിയെ വല്ലാതെ ഡോമിനേറ്റ് ചെയ്യുന്നത് കാണാം (സിനിമാ പാട്ടിലും നാദ സ്വരത്തിലും ഒഴിച്ച് - നാദസ്വരം തമിഴ് കലയല്ലേ ?) 

 
Harilal Engoor 

ഒരു കാര്യം കൂടി കുറിക്കട്ടെ

"ഗണിതമാകുന്നൂ താളം
താളമകുന്നൂ കാലം
കാലമോ സംഗീതമായ്
പാടുന്നൂ ഗുലാം അലി "

എന്ന് ചുള്ളിക്കാട് പാടിയതില്‍ നിന്നും, താളം വിസ്തരിച്ചതല്ലേ ഈ ശ്രുതി അല്ലെങ്കില്‍ സംഗീതം എന്ന് തോന്നിപോകുന്നു

 

ഈ ചര്‍ച്ച കേരളീയ വാദ്യങ്ങളിലെ ശ്രുതി ചേരല്‍, നിര്‍മ്മാണസമയത്ത് വരുത്തുന്ന നാദവ്യത്യാസങ്ങള്‍, അഭ്യസന രീതി എന്നതൊക്കെ വിട്ടു ചെണ്ടാവാടനത്തിലെ പ്രത്യേകതകളിലെക്കും, ചെണ്ട വാദനപ്രയോഗങ്ങളുടെ ഉത്ഭവവും വികാസവും വരെ എത്തിനിന്നു.


 

embed video powered by Union Development


free joomla templatesjoomla templates
2024  Aswadanam.com   globbers joomla template