കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച

കേരള വാദ്യങ്ങളെ കുറിച്ചൊരു ചര്‍ച്ച            

 

29 November 2011 നു Parvathi Ramesh ഉയര്‍ത്തിയ കേരളീയ വാദ്യങ്ങളെ കുറിച്ചുള്ള സംശങ്ങളെ മുന്‍ നിര്‍ത്തി വളരെ വിശദമായ ഒരു ചര്‍ച്ച നടക്കുകയുണ്ടായി.  

ചില സംശയങ്ങള്‍ -

1. കേരളീയ വാദ്യങ്ങളില്‍ പൊതുവില്‍ 'ശ്രുതി'യ്ക്ക് എത്രത്തോളം പ്രസക്തി ഉണ്ട്? (ഇതില്‍ തന്നെ ഇടയ്ക്ക സ്വതവേ 'ശ്രുതി ചേരുന്ന' ഒരു വാദ്യം കൂടിയാണല്ലോ) മാത്രവുമല്ല, കൊമ്പ്, കുഴല്‍ എന്നീ സുഷിരവാദ്യങ്ങള്‍ കൂടി ഇവയോടൊപ്പം ചേരുന്നുണ്ടല്ലോ.

2. ഓരോ ചെണ്ടയ്ക്കും (മറ്റു വാദ്യങ്ങളിലും) അതിന്റെ നിര്‍മ്മാണ വേളയിലോ, അല്ലാതെയോ ഏതെങ്കിലും കാരണങ്ങള്‍ കൊണ്ട്, ശബ്ദത്തില്‍ /നാദത്തില്‍ manual ആയി വ്യത്യാസം വരുത്തല്‍ പതിവുണ്ടോ? 

3. കൊമ്പ്, കുഴല്‍ എന്നിവയുടെ പഠന സമ്പ്രദായം എങ്ങനെയാണ്? അല്ലെങ്കില്‍ ഒരു ശാസ്ത്രീയമായ പഠനസമ്പ്രദായം 'ഇവ' എത്രത്തോളം ആവശ്യപ്പെടുന്നുണ്ട്?

Parvathi Ramesh-  കേരളത്തില്‍ താളത്തിലാണല്ലോ കൂടുതല്‍ വികാസം നടന്നതും, പദ്ധതിയായി വികസിച്ചിട്ടുള്ളതും, എന്നാല്‍ അത്രയും സമഗ്രമായ ഒരു പഠനമോ, വാദ്യങ്ങളെ കുറിച്ചുള്ള അറിവുകളോ ഒക്കെ വ്യാപകമായിട്ടുണ്ടോ എന്നൊക്കെ വെറുതെ അന്വേഷിയ്ക്കുമ്പോഴായിരുന്നു, അന്ന്‍ ചില ബ്ലോഗ്‌ പോസ്റ്റുകളൊക്കെ (ശ്രീ. മനോജ്‌ കുറൂര്‍, ഡോ. ടി. എസ്‌. മാധവന്‍ കുട്ടി തുടങ്ങിയ ചിലരുടെ) വായിയ്ക്കാനിടയായത്‌. ഇവിടെയും പഴയൊരു (ശ്രീ. ഹരികുമാര്‍ സദനം അടക്കം പങ്കെടുത്ത) ചര്‍ച്ചയും കണ്ടിരുന്നു. ചര്‍ച്ചകള്‍ ഇനിയും ആവാലോ, കൂടുതല്‍ അംഗങ്ങളും, കലാകാരന്മാരും ഒക്കെ ഗ്രൂപ്പില്‍ പുതുതായി വന്നുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍...

Madhavan Kutty- Parvathi Ramesh. ചിലത് പറയാം. അത്രതന്നെ ആധികാരികമാവണമെന്നില്ല. ഒരു കച്ചേരിക്ക് ഒരുങ്ങുമ്പോൾ പക്കവാദ്യങ്ങൾ ശ്രൂ‍തികൂട്ടുന്നതുപോലെ ചെണ്ട, മദ്ദളം എന്നിവ ശ്രൂതികൂട്ടുന്നത് കണ്ടിട്ടില്ല. എന്നാൽ ചെണ്ട വലിച്ച് മുറുക്കുമ്പോൾ ഒരു ശ്രുതിയൊപ്പിക്കലുണ്ട്. അത് രണ്ടുകയ്യിന്റേയും നാദം വേണ്ടത് പോലെയാക്കലാണ്. അങ്ങിനെ ശ്രുതുയൊപ്പിച്ച ചെണ്ടയേ "ശ്രുതിയുള്ള ചെണ്ട" ഏന്നല്ല പറയുക, മറിച്ച് "കലക്കമില്ലാത്ത ചെണ്ട" എന്നാണ്. 

Tp Sreekanth Pisharody- ചെണ്ട യുടെ കാര്യത്തില്‍ നിര്‍മ്മാണ വേളയില്‍ നാദ വ്യത്യാസം വരുത്തുവാന്‍ വേണ്ടി ഒന്നും തന്നെ ചെയ്യേണ്ടി വരാറില്ല, അല്ലെങ്ങില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ചെണ്ടയുടെ കുറ്റിയും, വളയലും, വട്ടവും എല്ലാം തന്നെ നിര്‍മ്മിച്ചതിനു ശേഷം ഇവയെല്ലാം കയറുകൊണ്ട് കോര്‍ത്ത്‌ വലിച്ചു മുറുക്കി കൊട്ടിനോക്കുമ്പോള്‍ മാത്രമേ ആ ചെണ്ട എത്രത്തോളം നാദം പുറപ്പെടുവിക്കും എന്ന് പറയാന്‍ കഴിയു. ഇതു കുറ്റിയുടെ വലുപ്പം, അതിനു ഉപയോഗിക്കുന്ന മരം, വട്ടത്തിന് ഉപയോഗിക്കുന്ന തോല്‍, അതിന്റെ കനം,.............തുടങ്ങി കൊട്ടാന്‍ ഉപയോഗിക്കുന്ന കോലിനു വരെ ചെണ്ടയുടെ നാദം വ്യത്യാസം വരുത്താന്‍ സാധിക്കും. സാധാരണയായി ചെണ്ടയില്‍ കോര്‍ത്തിട്ടുള്ള കയറുകള്‍ തമ്മില്‍ കെട്ടുന്ന കുതുവാര് (കുടുക്ക് എന്നും പറയാറുണ്ട്‌) കയറ്റിയും,  ഇറക്കിയും ചെറിയൊരു അളവുവരെ ശബ്ദം വ്യത്യാസം വരുത്താം. ഉപയോഗം നോക്കിയാണ് ചെണ്ട നിര്‍മ്മിക്കുന്നത്. ഉദാഹരണത്തിന് വലംതല ചെണ്ട യുടെ പോലെ അല്ല ഇടം തല ചെണ്ടയുടെ വട്ടത്തിന്റെ നിര്‍മ്മാണം. വലംതലയില്‍ നാദ വത്യാസം വരുത്തേണ്ട ആവശ്യകത വരാറില്ല. എന്നാല്‍ ഇടം തലയില്‍ അതിനുവേണ്ടി പല വഴി കളും സ്വീകരിക്കാറുണ്ട്, സാധാരണയായി ഒരു മേളതിനാണെങ്കില്‍ അത്ര വലിച്ചു മൂപ്പ് വരുത്തിയ ചെണ്ട ആവശ്യം ഇല്ല, തായമ്പക ആണെങ്കില്‍ വലിച്ചു മൂപ്പിച്ചു നല്ല തുറന്ന ശബ്ദം ഉള്ള ചെണ്ടയാണ് ഇന്നു ഉപയോഗിച്ച് വരുന്നത്. (പണ്ട് ഈ രീതി പതിവില്ല, പഴയ തായമ്പ വീഡിയോ കണ്ടാല്‍ മനസ്സിലാക്കാന്‍ കഴിയും) ഇടം തല യുടെ നാദ ക്രമീകരണത്തിനായി ഇപ്പോള്‍ മിക്ക കലാകാരന്മ്മാരും ചെയ്തു വരുന്നത് വലംതലയില്‍ പറ്റിടുക എന്നുള്ളതാണ്. എന്നുവച്ചാല്‍ വലംതലയില്‍ വിവിധ വലുപ്പത്തില്‍ ഉള്ള തോലിന്‍റെ കഷ്ണങ്ങള്‍ ഒട്ടിക്കുക എന്നതാണ്, അതിനു പകരമായി പപ്പടം വെള്ളത്തില്‍ മുക്കി ഒട്ടിക്കുന്നതും ഇന്നു വ്യാപകമായി കണ്ടുവരുന്നു .കൊട്ടിന് ശേഷം വേഗം പറിച്ചുകളയാം എന്നതാണ് ഇതിന്റെ ഗുണം. ചുരുക്കി പറഞ്ഞാല്‍ ചെണ്ടയില്‍ ശ്രുതി ചേര്‍ക്കല്‍ഇല്ല എന്ന് മുഴുവന്‍ ആയി പറയാന്‍ വയ്യ,  ഇതെല്ലാം ഒരു ശ്രുതി ചേര്‍ക്കല്‍ ആയി വ്യാഖ്യാനിക്കാം......ഇനി മറ്റുള്ളവരുടെ അഭിപ്രായത്തിനു ശേഷം.

 

Parvathi Ramesh- കൊമ്പ്, കുഴല്‍ എന്നിവയെ കുറിച്ചും അറിയാന്‍ താല്പര്യമുണ്ട്. അവയ്ക്ക് മേളത്തിലുള്ള സ്ഥാനം (role), അഭ്യസന രീതി,  കലാകാരന്മാര്‍, അതിലും ശ്രുതിയുടെ പ്രസക്തി തുടങ്ങി...

Narayanettan Madangarli- താള പ്രധാനം ആണ് നമ്മുടെ കലകള്‍ എന്ന് ഒരു അഭിപ്രായം ഉണ്ട് . കേരളീയ കലകളില്‍ കര്‍ണാടക സംഗീതത്തിലെ താള പദ്ധതി സ്വീകരിചിട്ടില്ല്യ - കര്‍ണാടക സമ്പ്രദായത്തില്‍ ഇല്ലാത്ത ചില സമ്പ്രദായങ്ങള്‍ കേരള താള ക്രമത്തില്‍ ഉണ്ട്. കൂടിയാട്ട താളങ്ങള്‍, ( അപൂര്‍വം ആയ മല്ല താളം ) കഥകളി താളങ്ങള്‍, കൃഷ്ണനാട്ടം താളങ്ങള്‍ പിന്നെ തുള്ളലിലെ താളങ്ങള്‍ അങ്ങിനെ ഒക്കെ ഉണ്ട് എന്ന് ശ്രീ പി. എസ്. വാരിയര്‍..

മേളത്തില്‍ ഏറ്റവും പ്രാധാന്യം ചെണ്ട പ്രമാണിക്കലാണെങ്കില്‍ കൂടി ഒട്ടും കുറയാത്ത ഒപ്പത്തിനൊപ്പം പ്രാമാണികത്വം ഉള്ള പ്രമാണി ആണ് കുഴല്‍ ക്കാരനും,,,ഓരോ കാലതിന്നും വേണ്ടതായ സമയ ദൈര്‍ഘ്യം, വൈചിത്ര്യം എന്നിവ അപ്പപ്പോള്‍ ഗോഷ്ടി കളിലൂടെ തീരുമാനിച്ചു എല്ലാരേയും (മേളക്കാര്‍) അറിയിക്കല്‍ കൂടി ഇവരുടെ ജോലി ആണ് - വാസ്തവത്തില്‍ signalling ന്റെ ഭാരിച്ച ഉത്തര വാദിത്വം കുഴല്‍ ക്കര്‍ക്കാന്....പലപ്പോഴും ഇത് ഒരു സംഗീത ഉപകരണം ആയി രൂപം മാറും എന്നാല്‍ തന്നെ മേളത്തില്‍ ഇത് ഒരു താള വാദ്യം ആയാണ് നില്‍ക്കുന്നത്. മേളക്കൊഴുപ്പ് കൂട്ടുക എന്നതിലപ്പുറം ഒരു പ്രത്യേക ധര്‍മ്മം കൂടി ഉണ്ട് കുഴലിന് gap-filling. ഉരുട്ടു ചെണ്ടയുടെയും വീക്കന്‍ ചെണ്ടയുടെയും താള പദ്ധതിയില്‍ ഉള്ള ചില്ലറ സ്വര അകല്‍ച്ച മാറ്റല്‍ കൂടി കുഴല്‍ക്കാരന്റെ ധര്‍മം ആണ്. ( രണ്ടു ദിവസം മുന്‍പ് ചേര്‍പ്പില്‍ നടന്ന സ്റ്റേജ് മേളം കുഴല്‍ ക്കാരന്റെ സ്ഥാന ഭ്രംശം കൊണ്ട് ആരോചകമായത് ഓര്‍ക്കുന്നു.... ) അത് കൊണ്ട് തന്നെ ആണ് മേള പ്രമാണിക്ക് നേരെ മുന്നില്‍ കുഴല്‍ പ്രമാണിയും നില്ല്ക്കുന്നത്.

ശ്രീ പി എസ്സ വാര്യരുടെ ഭാഷയില്‍.... സദ്യക്ക് പപ്പടം എന്ന പോലെ ആണ് മേളത്തില്‍ കൊമ്പ്.... 

Narayanan Mothalakottam- ക്ഷേത്ര വാദ്യങ്ങള്‍ അഭ്യസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പലതും ഉണ്ട്. ദേവസ്വം ബോര്‍ഡുകളും അല്ലാതെ മറ്റുള്ളവരും നടത്തുന്നവ. അവിടങ്ങളില്‍ കൊമ്പ്, കുഴല്‍ എന്നിങ്ങനെയുള്ള വാദ്യങ്ങളും പഠിപ്പിക്കുന്നുണ്ട്. ചെണ്ട, മദ്ദളം, തിമില എന്നിവയൊക്കെ സ്ഥാപനങ്ങളില്‍ അല്ലാതെ തന്നെ ധാരാളം ആശാന്മാരും പഠിപ്പിക്കുന്നുണ്ടല്ലോ. ഇടക്ക അങ്ങിനെ വ്യവസ്ഥാപിത രീതിയില്‍ പഠിപ്പിക്കാറില്ല എന്നാണ് ധരിച്ചിരിക്കുന്നത്‌. അത് കണ്ടും കേട്ടും പഠിക്കുന്നത് തന്നെ. ചെണ്ട മദ്ദളം എന്നീ ഉപകരങ്ങള്‍ക്ക് ശ്രുതി ഒപ്പിക്കാനും പ്രായോഗികമായി ചില പരിമിതികള്‍ ഉണ്ടല്ലോ. അതുകൊണ്ടൊക്കെ തന്നെ ആവും ശ്രുതി മേളകലയില്‍ വലിയ വിഷയം അല്ലാത്തത്. പലേ തരത്തിലുള്ള വാദ്യങ്ങള്‍ ഒരുമിച്ചു കൂടുമ്പോള്‍, അപശ്രുതിയായാലും ഉണ്ടാവുന്ന ഒരു ഭംഗി ഉണ്ടല്ലോ. അത് തന്നെ ആണ് മേളത്തിന്റെ കേമത്തവും.

 

Parvathi Ramesh- വേറെ ചില അനുബന്ധ സംശയങ്ങള്‍ കൂടി...

1. കേരളത്തിലെ താളങ്ങളുടെ കാലപ്പഴക്കം ഏകദേശം പറയാനാകുമോ? ഇതര പദ്ധതികളിലുള്ള (കര്‍ണ്ണാടക സംഗീതം പോലെയുള്ള) താളങ്ങള്‍ക്കും മുമ്പ് ഇവിടെ ഈ താളങ്ങള്‍ നിലവിലുണ്ടായിരുന്നിരിയ്ക്കുമോ?

2. ഈ മേളങ്ങളില്‍ കാണപ്പെടുന്ന താളങ്ങള്‍ തന്നെയാണോ കേരളത്തിലെ മറ്റു കലകളിലും ഉപയോഗിച്ചു വരുന്നത്? അതോ വ്യത്യസ്തങ്ങളായ താളങ്ങള്‍ അവ ഉപയോഗിച്ചു വരുന്നുണ്ടോ? 

 

Arun Pv- ഇവിടെ തന്നെ പണ്ട് പോസ്റ്റ്‌ ചെയ്ത കൃഷ്ണന്‍കുട്ടി പൊതുവാളുടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതനുസരിച്ച് ചെണ്ട ശ്രുതി ചേര്‍ക്കാന്‍ കഴിയില്ല, അങ്ങനെ ചേര്‍ക്കണം എന്ന് ഉണ്ടെങ്കില്‍ ഏതു സംഗീത ഉപകരണത്തോടാണോ ശ്രുതി ചേര്‍ക്കേണ്ടത് ആ ഉപകരണം ചെണ്ടയോട് ശ്രുതി ചേര്‍ക്കുക ആയിരിക്കും ഭേദം, എന്നാണ് . കേരളീയ താളപദ്ധതികളുടെ പഴക്കം എന്തായാലും കൂടിയാട്ടത്തിന്റെ ഒപ്പം വരും അപ്പോള്‍ തന്നെ 2000 വര്‍ഷം പഴക്കം ആയി. ചരിത്രം നോക്കുക ആണെങ്കില്‍ പലപ്പോഴും ദ്രാവിഡ സംസ്കാരത്തോടായിരിക്കും നമ്മുടെ താളങ്ങള്‍ക്ക് കൂടുതല്‍ ബന്ധം അങ്ങനെ ആണെങ്കില്‍ കൂടിയാട്ടത്തിനും മുന്നേ ആയിരിക്കാം. പക്ഷെ ആ സമയത്ത് ഒരു പദ്ധതിയുടെ രൂപത്തില്‍ ശാസ്ത്രീയമായി താളങ്ങളെ സമീപിച്ചിരുന്നിട്ടുണ്ടാവില്ല. ഇതൊന്നും ഒരു വിദഗ്ധ മുഖത്ത് നിന്നും ഉള്ളതല്ല .എന്റെ തോന്നലുകള്‍ മാത്രം പിന്നെ പാണ്ടി മേളം അതിന്റെ പേരില്‍ തന്നെ സൂചിപ്പിച്ച പോലെ തന്നെ തമിഴ്നാട്ടില്‍ നിന്ന് വന്നത് ആണ് എന്നാണ് മേളങ്ങളെ തത്ത്വചിന്താപരമായി അപഗ്രഥിക്കുന്ന പി എന്‍ നമ്പൂതിരി ഒരിക്കല്‍ പറഞ്ഞത്. അപ്പോള്‍ തന്നെ അതിന്റെ ദ്രാവിഡ ബന്ധം മനസ്സിലായില്ലേ. മറ്റു കലകളിലും ഏറെക്കുറെ മേളതാളങ്ങള്‍ തന്നെ ആണ് ഉപയോഗിക്കുന്നത് . പിന്നെ പാന, മുടിയേറ്റില്‍ ഒക്കെ "കാരിക" എന്നൊരു താളം ഉപയോഗിക്കുന്നുണ്ട് . കൂടിയാട്ടത്തില്‍ ലക്ഷ്മി താളം എന്നൊരു താളം ഉണ്ട്. ഇതിനു വേറെ പേര് ഉണ്ടോ എന്ന് അറിയില്ല. പിന്നെ കേരളീയ താളപദ്ധതി കര്‍ണാടക സംഗീതത്തിലെ താള പദ്ധതി അനുസരിച്ചുള്ളതു തന്നെ ആണ് പേരിലും പ്രയോഗത്തിലും കേരളീയത്വം കൊടുത്തിരിക്കുന്നു എന്ന് മാത്രം.

 

Narayanettan Madangarli- Arun Pv: തികച്ചും ശരി. P.N. Namboodiri പറഞ്ഞതും സോദാഹരണം ആയി സംസാരിച്ചതും ഓര്‍ക്കുന്നു. അവസാന വാചകം കര്‍ണാടക സംഗീതത്തെ ആസ്പദം ആകി എന്നത്.... ശ്രീ പി എസ്സ വാര്യരുടെ വിശകലനം ആയി യോജിക്കുന്നില്ല്യ. ലക്ഷിമി താളത്തെ കുറിച്ച് തീര്‍ച്ചയായും പരയുന്നുണ്ട് താനും....

 

Ajith Neelakantan- According to Sir.C.V.Raman, Percussion drums are classified as Loaded & Non-loaded drums- Only loaded drums are termed as "Sruthi Vadyam" like Mridangam, Tabla, Pakhwaj, Khol and of course, Maddalam. Loaded Drums എന്ന് വച്ചാല്‍ "ചോറ്" ഇട്ട വാദ്യങ്ങള്‍ ......... അതുകൊണ്ട് Arun Pv യുടെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.  ഈ "ചോറ്" ഭാരതീയ വാദ്യങ്ങളുടെ മാത്രം സവിശേഷത...!!

 

Sreechithran Mj- ചെണ്ടയിൽ ശ്രുതിചേക്കാനുള്ള ശ്രമങ്ങളും അതിനേപ്പറ്റിയുള്ള ചർച്ചകളും അൻപതുവർഷങ്ങൾ ആയെങ്കിലും നടക്കുന്നുണ്ട്. പ്രധാനമായും കഥകളിയിലെ ചെണ്ടയുടെ ഉപയോഗമാണ് ആ ചർച്ചയ്ക്കു കാരണം. കൃത്യമായ പദ്ധതിയുള്ള ഒരു സംഗീതത്തോടു ചേർന്നുപോകേണ്ട അനിവാര്യത ചെണ്ടയ്ക്കു വരുന്നത് അവിടെയാണല്ലോ. കൃഷ്ണൻകുട്ടിപ്പൊതുവാൾ മുതൽ അനേകർ പങ്കെടുത്ത ആ ചർച്ചയുടെ അവസാനവും "ചെണ്ട ശ്രുതി ചേർക്കാനാവില്ല " എന്നിടത്തായിരുന്നു. അതായത്, ശ്രുതി എന്ന സംജ്ഞകൊണ്ട് നമ്മുടെ സംഗീതപദ്ധതി വ്യവഹരിയ്ക്കുന്നവിധം ശ്രുതിച്ചേർച്ചയിലേക്ക് ചെണ്ടയുടെ നാദത്തെ പരുവപ്പെടുത്താനുള്ള ശ്രമങ്ങൾ വിഫലമാണ് എന്നർത്ഥം. എന്നാൽ, ആധുനിക ഉച്ചഭാഷിണികൾ, ശബ്ദക്രമീകരണങ്ങൾ എന്നിവയനുസരിച്ച് ചെണ്ടയിലും നാദക്രമീകരണം നടക്കുന്നുണ്ട്, നടത്തേണ്ടതുമുണ്ട്. പ്രധാനമായും നാലുസ്ഥാനങ്ങളിലായി വിന്യസിയ്ക്കപ്പെടുന്ന ചെണ്ടയുടെ എണ്ണങ്ങൾ കൃത്യം അക്ഷരങ്ങളായി സ്ഥാനശുദ്ധിയോടെ കേൾക്കാൻ അത് അനിവാര്യവുമാണ്. "വലിച്ചുമൂപ്പിച്ച അസ്സലൊരു ചെണ്ട" എന്ന പഴയ ചെണ്ടയേപ്പറ്റിയുള്ള കാഴ്ച്ചപ്പാട് തായമ്പകയിൽ പോലും അത്രമേൽ ഇന്നു ശരിയാണോ എന്നു സംശയമാണ്.

യക്ഷഗാനത്തിൽ ഉരുളുകൈ കേൾക്കാം. മണികണ്ഠം മറിഞ്ഞുകൊട്ടുക എന്ന സംഗതി ആദ്യമായി "കേരളം - മലയാളികളുടെ മാതൃഭൂമി" എന്ന ഇ എം എസ് പുസ്തകം ലക്ഷ്യംവെച്ച കേരളത്തിന്റെ രാഷ്ടീയഭൂപടത്തിനകത്താണ് കരഞ്ഞുപ്രസവിയ്ക്കപ്പെട്ടത് എന്നു തെളിയിച്ചിട്ടു വലിയ പ്രയോജനമൊന്നുമില്ല. ഈ സംഗതി കൊണ്ട് ആരെല്ലാമാണ് കലാപരമായി പ്രസക്തമായ സർഗാത്മകരൂപങ്ങൾ നിർമ്മിച്ചത്, ഇന്നും നിരന്തരം പുനർനിർണയിക്കപ്പെടുകയും പുതിയ സൃഷ്ടികൾ ഉരുവപ്പെടുത്തുകയും ചെയ്യുന്നത് എന്നതാണ് പ്രസക്തം. അതിലപ്പുറമുള്ള പേറ്റന്റ് വേവലാതികളിൽ കലാസ്നേഹികൾക്കു താല്പര്യമുണ്ടാവുമെന്നു ഞാൻ കരുതുന്നില്ല.

നമ്മുടെ താളപദ്ധതിയ്ക്ക് കൃത്യം കാലപ്പഴക്കം നിർണയിക്കുക ഏറെക്കുറെ അസാദ്ധ്യമാണ്. ഏതായാലും പൂരങ്ങളുടെ കാലപ്പഴക്കം അനേകം നൂറ്റാണ്ടുകളുടെയാണ്. അന്നേ സംഘവാദനത്തിന്റെ ഈ പൈതൃകവും നമുക്കുണ്ട്. കർണാടകതാളപദ്ധതിയ്ക്കു മുൻപോ പിൻപോ എന്നു കൃത്യമായി പറയുകയും അസാദ്ധ്യം. കർണാടകപദ്ധതിയിലെ താളങ്ങൾ ഏറെക്കുറെ എല്ലാം തന്നെ പരിചരണത്തിലെ വ്യത്യാസത്തോടെ നമുക്കുണ്ടല്ലോ. വാസ്തവത്തിൽ പരിചരണത്തിലെയും അതിൽതന്നെ കാലം താഴ്ത്തുന്ന തന്ത്രത്തിലേയും പ്രത്യേകതകളാണ് നമ്മുടെ താളപദ്ധതിയെ അനന്യസാധാരണമാക്കുന്നത്. കാലം പതിയുക എന്നാൽ വേഗത കുറയുക എന്നല്ല, താളത്തിനകത്തെ അവകാശം (Span) - വിശദാംശങ്ങളുടെ സാനിദ്ധ്യവും വ്യക്തതയും - കൂടുകയാണ് എന്ന നമ്മുടെ കാഴ്ച്ചപ്പാട് തന്നെ അനന്യസാധാരണമാണ്. അത് നമ്മുടെ താളങ്ങളുടെ പതികാലവ്യവസ്ഥയ്ക്ക് മറ്റു ചില മാനങ്ങൾ നൽകുന്നു. കർണാടകപദ്ധതിയിലെ ആദിതാളത്തിനു സമാനമായ നമ്മുടെ ചെമ്പട ഒന്നാം കാലത്തിലെത്തുമ്പോൾ, 32 മാത്രകൾ പിടിയ്ക്കാൻ നാമുണ്ടാക്കിയ തന്ത്രം നോക്കുക.

 

Sreechithran Mj- നല്ലൊരുദാഹരണം വാസുദേവൻ മാഷ് പറയാറുള്ളതാണ് -

"കാക്കേ കാക്കേ കൂടെവിടെ" എന്നതു പതിയ്ക്കുമ്പോൾ "കാകൃതി കാകൃതി കാക്കേ നിന്നുടെ കൂകൃതി കൃകൃതി കൂടെവിടെ" എന്നു കിട്ടും. ഇനിയും പതിച്ചാൽ "കാകൃതി കനകൃതി കാക്കേ നിന്നുടെ കൂകൃതി കുനകൃതി കൂടെവിടെ" എന്നും കിട്ടും

അകത്തെ വിശദാംശങ്ങളെ അഭിവ്യഞ്ജിപ്പിയ്ക്കുന്ന ഈ കലാവിദ്യയിലാണ് നമ്മുടെ താളസംസ്കാരത്തിന്റെ മർമ്മമിരിയ്ക്കുന്നത്.

 

Arun Pv- ലക്ഷ്മി നമ്മുടെ നാടൻകലകളിൽ പണ്ടേയുള്ള താളമാണ്. "തിത്തിത്തെയ്, തികിതത്തെയ്, തിത്താതികിതാതിതെയ്ത്തതികിതത്തെയ്" എന്നു വായ്ത്താരി. 20 അക്ഷരം. "മുക്കുറ്റീ, തിരുതാളീ" എന്നു നാട്ടുവായ്ത്താരി. കാക്കരശ്ശിക്കാർ ഇതിനു 'കൊച്ചുലക്ഷ്മി" എന്നാണ് പറയുക. കാരണം അവർക്കു വലിയ ലക്ഷ്മി വേറെയുണ്ട് - "അമ്പത്തൊമ്പതു പെൺപക്ഷി" എന്ന മട്ട്. ഇതു മറ്റുകലകളിലും ഉണ്ട്.

ലക്ഷ്മി അതിമനോഹരമായി കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ചിട്ടുണ്ട് - കിരാതം തുള്ളലിൽ അപ്സരസ്സുകൾ അർജ്ജുനന്റെ തപസ്സുമുടക്കാൻ വരുന്ന ഭാഗം - " സുരതരുണികളങ്ങു നടന്നു" എന്നു തുടങ്ങുന്ന ആ വരികൾ നമ്പ്യാർ ഇങ്ങനെ നിർത്തുന്നു -

" കൊട്ടിന്നും പാട്ടിന്നും ഒട്ടും വിജയാ നിനക്കു രസമില്ലേ?"

 
 

 

Manoj Kuroor- Sreechithran Mj, കലാസ്നേഹി അല്ലാത്തതുകൊണ്ടുതന്നെ ഈ പേറ്റന്റ് കാര്യത്തില്‍ എനിക്കു വേവലാതിയുണ്ട്. ‘നമ്മുടെ താളങ്ങള്‍’,  നമ്മുടെ താളപദ്ധതി’, ‘നമ്മുടെ കാഴ്ചപ്പാട്’ തുടങ്ങിയവയിലെ ‘നമ്മളി’ല്‍ ഇ. എം. എസ്. ഉദ്ദേശിച്ച ഭൂപടത്തില്‍ അടയാളപ്പെടുത്താവുന്ന ഒരു കേരളത്തെയും അതിലെ മലയാളിയെയും കാണുന്നതുകൊണ്ടു വിശേഷിച്ചും.

യക്ഷഗാനത്തില്‍ ഘടനയിലും പ്രയോഗത്തിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഉപയോഗിക്കുന്നതു ചെണ്ടതന്നെയാണ്. കേരളത്തിന്റെ രാഷ്ട്രീയഭൂപടം വച്ചുകൊണ്ടല്ല, സാംസ്കാരികഭൂപടം വച്ചുകൊണ്ടുവേണം യക്ഷഗാനത്തെ സമീപിക്കേണ്ടത്. ചെണ്ട, ചെണ്ടക്കോല് എന്നീ കന്നഡ പ്രയോഗങ്ങള്‍തന്നെ നോക്കുക. ഇന്നത്തെ കര്‍ണാടകത്തിലെന്നപോലെ ഇന്നും ഉത്തരമലബാറില്‍ കാസറഗോഡ് ജില്ലയിലും പ്രചാരത്തിലുള്ള കലയാണ് യക്ഷഗാനം. യക്ഷഗാനത്തിലെ ചെണ്ടക്കാരുടെ ഉരുളുകൈയും കേരളത്തിലെ ചെണ്ടക്കാരുടെ ഉരുളുകൈയും വിശാലമായ ഒരേ പ്രയോഗപദ്ധതിയില്‍ രൂപപ്പെട്ടതാണ്.

ലളിതമായ ഒരു സംശയം ചോദിക്കട്ടെ? ഈ ഉരുളുകൈപ്രയോഗം യക്ഷഗാനത്തിലെ ചെണ്ടക്കാര്‍ വികസിപ്പിച്ചെടുത്തതാണോ അതോ പഞ്ചാരി, പാണ്ടി, ചമ്പട, ചമ്പ, അടന്ത, അഞ്ചടന്ത, ധ്രുവം, മഠ്യം എന്നീ മേളങ്ങളും കഥകളിമേളവുമൊക്കെയായി ഇത്രയേറെ ശൈലീവത്കരിച്ച പ്രയോഗപദ്ധതികള്‍തന്നെ ആവിഷ്കരിച്ച കേരളത്തിലെ കലാകാരന്മാര്‍ നിര്‍മ്മിച്ചതാണോ? ചുരുക്കത്തില്‍ വാദ്യകലയില്‍ മറ്റു സങ്കേതങ്ങളുടെ വികാസവുമായി ബന്ധിപ്പിച്ചുവേണം ഈ വികാസത്തെയും കാണാന്‍.

ചെണ്ടമേളങ്ങള്‍, കളിക്കൊട്ട്, തായമ്പക എന്നിങ്ങനെ കലാരൂപങ്ങളില്‍ ശൈലീവത്ക്കരിച്ച് ഉപയോഗിക്കേണ്ടിവരുമ്പോഴാണ് വാദ്യപ്രയോഗരീതിയും വികസിക്കുന്നത്. യക്ഷഗാനത്തിലെ വാദ്യക്കാര്‍ അവരുടെ രീതിയില്‍ സ്വയമേവ വികസിപ്പിച്ചതാണ് ഉരുളുകൈ പ്രയോഗം എന്നു കരുതാന്‍ ഒരു ന്യായവും കാണുന്നില്ല.

കേരളവുമായി ഒരേ സാംസ്കാരികപാരമ്പര്യം പങ്കുവയ്ക്കുന്ന പലതുമുണ്ടല്ലൊ യക്ഷഗാനത്തില്‍. താളങ്ങളില്‍പ്പോലും വലിയ വ്യത്യാസമില്ല. യക്ഷഗാനത്തിലെ ചമ്പതാളത്തിന്റെ ഘടന 1 2 3 4 5 x 1 x 1 2 3 x എന്നാണ് എന്നൊരു വ്യത്യാസം പറയാം. നമ്മുടെ ത്രിപുടയുടെ അംഗഘടനയാണ് അവരുടെ അഷ്ടതാളത്തിന്. അവരുടെ രൂപകം അഞ്ച് അടി,  ഇരു ഇട എന്ന ഘടനയിലാണ്. പേരു മാറിയെങ്കിലും പഞ്ചാരിയുടെ ഘടനയാണല്ലൊ ഇത്. യക്ഷഗാനത്തില്‍ കഥകളിയുടെ സ്വാധീനമുണ്ടെന്ന് പണ്ടേ പറയാറുണ്ട്. എന്നാല്‍ യക്ഷഗാനത്തെ സ്വതന്ത്രകലാരൂപമായി ഗണിക്കുന്ന കന്നടക്കാര്‍ സമ്മതിക്കാറില്ലെന്നു മാത്രം. കേരളത്തെ 64 ഗ്രാമമാക്കി കണക്കാക്കുന്ന പഴയ രീതി നോക്കിയാല്‍ 32 ഗ്രാമങ്ങള്‍ ഇന്നത്തെ കേരളത്തിലും ബാക്കി 32 ഇന്നത്തെ കര്‍ണാടക, ഗോവ എന്നീ പ്രദേശങ്ങളിലുമാണല്ലൊ. സാംസ്കാരികമായ നിരവധി കൊടുക്കല്‍ വാങ്ങലുകള്‍ ഈ പ്രദേശങ്ങള്‍ തമ്മിലുണ്ടായിരുന്നെന്നു വ്യക്തം. ഇങ്ങനെ പലതും ഓര്‍ക്കാം ഇവിടെ.

ചുരുക്കത്തില്‍ മലയാളഭാഷയെ അടിസ്ഥാനമാക്കിയ സര്‍ദാര്‍ കെ. എം. പണിക്കരുടെ ഭൂപടത്തെക്കാള്‍ വിശാലമായ ഒരു സാംസ്കാരികഭൂപടമുണ്ട്. കലാസ്നേഹികളല്ലാത്ത ചിലര്‍ക്ക് അതില്‍ എന്തൊക്കെ നടന്നു എന്നറിയാന്‍ താല്പര്യവുമുണ്ട്. വാദ്യം കൈകാര്യം ചെയ്യാന്‍ മാത്രമായി ചില സമുദായങ്ങള്‍‌തന്നെ ഇവിടെയുണ്ടായി എന്നത് ചെണ്ടവാദനത്തെ ശൈലീവത്കരിക്കാന്‍ സഹായിച്ചു എന്ന കെ. സി. നാരായണന്റെ നിരീക്ഷണവും യുക്തിസഹമായാണ് അനുഭവപ്പെട്ടത്.

ഇടംകൈയില്‍ത്തന്നെ നാലു സ്ഥാനങ്ങളൊരുക്കി ചെണ്ടവാദനത്തെ ശൈലീവത്കരിച്ച അതേ സൌന്ദര്യശാസ്ത്രപദ്ധതിയുമായാണ് ഉരുളുകൈപ്രയോഗത്തിനും ബന്ധം. തിടമ്പുനൃത്തത്തിനും കേരളീയമായ വാദ്യവാദനരീതിയോടാണു ബന്ധം. കൂടാതെ താളത്തിന്റെ കാര്യം വീണ്ടും ഉദാഹരണം. യക്ഷഗാനത്തില്‍ രൂപകം എന്നു വിളിക്കുന്നെങ്കിലും താളഘടന അഞ്ച് അടി, ഒരു ഇട എന്ന രീതിയില്‍ പഞ്ചാരിയുടേതുതന്നെ. തിടമ്പുനൃത്തത്തിലും ഇതേ ഘടനയിലാണു താളം. അവര്‍ പഞ്ചാരി എന്നുതന്നെയാണ് ഈ താളത്തെ വ്യവഹരിക്കുന്നതും. ഈ യക്ഷഗാനത്തിലും തിടമ്പുനൃത്തത്തിലും ചെണ്ടയില്‍ത്തന്നെയാണ് പ്രയോഗം എന്നതു ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഈ വാദനരീതി മറ്റു നാടുകളില്‍ കാണാത്തതെന്താണ്?

ചെണ്ടയുടെ ശൈലീവത്കരണത്തിലെ ഏറ്റവും പ്രധാനമായ കണ്ടുപിടുത്തം ഈ ഉരുളുകോല്‍‌പ്രയോഗമാണ്. കേരളത്തോടു തൊട്ടുകിടക്കുന്ന, പല കാര്യങ്ങളിലും ഒരേ സാംസ്കാരികപാരമ്പര്യം പിന്‍‌പറ്റുന്ന ഒരു പ്രദേശത്തു നിലനില്‍ക്കുന്ന കലകളിലേക്ക് അത് ചെറിയ ദേശ്യഭേദങ്ങളോടെ സംക്രമിച്ചു എന്നത് സ്വാഭാവികം മാത്രമാണ്. 

 

Sreechithran Mj-  കലാസ്നേഹിയല്ലാത്ത Manoj Kuroor,

സാംസ്കാരികഭൂപടത്തിന്റെ അതിർത്തികൾ കൂടുതൽ വിപുലവും വിശാലാർത്ഥത്തിൽ സമീപിയ്ക്കേണ്ടതും ആണെന്നു തന്നെയാണ് ഞാനും പറഞ്ഞത്. കേരളത്തിലെ നിലവിലെ അതിർത്തിഭൂപടത്തിനപ്പുറത്തും പണ്ടേ ചെണ്ടയുണ്ടായിരുന്നു, അവിടെയും ഉരുളുകൈ‌പ്രയോഗങ്ങൾ ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുമ്പോഴേയ്ക്കും ഒരു യുദ്ധവട്ടത്തിനൊരുങ്ങാൻ മാത്രം കലാസ്നേഹം ഇവിടെയുള്ള കലാവിരോധികൾക്കു തന്നെയും അഭികാമ്യമല്ലെന്നേ പറഞ്ഞുള്ളൂ.

യക്ഷഗാനത്തിന്റെ താളവ്യവസ്ഥയ്ക്കു നമ്മുടെ പദ്ധതിയുമായുള്ള സാമ്യം സ്വാഭാവികമാണ്. മനോജേട്ടൻ വിശദീകരിച്ച വിശദാംശങ്ങൾക്കു നന്ദി. പക്ഷേ "പല കാര്യങ്ങളിലും ഒരേ സാംസ്കാരികപാരമ്പര്യം പിന്‍‌പറ്റുന്ന ഒരു പ്രദേശത്തു നിലനില്‍ക്കുന്ന കലകളിലേക്ക് അത് ചെറിയ ദേശ്യഭേദങ്ങളോടെ സംക്രമിച്ചു" എന്നൊക്കെ കൃത്യം സിദ്ധാന്തവൽക്കരിയ്ക്കുന്നതിലെ യുക്തി അപ്പൊഴും വ്യക്തമല്ല. എവിടുന്നെങ്ങോട്ടു സംക്രമിച്ചു എന്നൊക്കെ അഭ്യൂഹങ്ങൾ നിർമ്മിയ്ക്കുന്നതിലെ പ്രസക്തിയെന്ത്?

ജപ്പാനിലെ കബൂക്കിയുടെ വാദ്യമായി വരുന്ന ടോങ്കോ ഡ്രം വായിക്കുന്നവരുടെ ഇരുകൈകളിലും കുഴമറിയുന്നത് കാണാം. ഒരു ലോറിയിൽ കൊണ്ടുവന്നിറക്കാൻ പോന്നത്ര വലിയതും, പോക്കറ്റിൽ ഇടാൻ മാത്രം ചെറിയതുമായ ഡ്രമ്മുകൾ അടങ്ങുന്ന ടോങ്കോയുടെ ഓടിനടന്നുള്ള വാദനത്തിലും അനുഭവത്തിലെ പ്രധാനപങ്ക് ഈ മണി‌കണ്ഠം മറിയുന്ന വാദനവിശേഷത്തിലാണ്. ഇനി കേരളത്തിലെ കലാസ്നേഹികളല്ലാത്തവർ ചേർന്ന്, ജപ്പാനും കേരളത്തിന്റെ സാംസ്കാരികഭൂപടത്തിൽ ഇടമുണ്ടെന്നും, സംക്രമണം ചെണ്ടയിൽ നിന്നങ്ങോട്ടേ വരൂ എന്നും വാദിയ്ക്കുമോ?

ദയാനന്ദസരസ്വതി ആർഷഭാരതത്തിനപ്പുറത്തുള്ളവരെല്ലാം അസുരന്മാരാണെന്നും, സംസ്കാരം ആർഷഭാരതത്തിൽ നിന്നു കടംകൊണ്ടാണ് ലോകത്തെവിടെയും ഉണ്ടായിട്ടുള്ളൂ എന്നും വാദിയ്ക്കുന്ന പോലെ ഒരു മൗലികവാദമാണ് കലാസ്നേഹികളല്ലാത്തവർ ഉദ്ദേശിയ്ക്കുന്നതെങ്കിൽ, രാജിയാവുകയല്ലാതെ നിവൃത്തിയില്ല 

 

Manoj Kuroor- Sreechithran Mj, കലാസ്നേഹിയായ ചിത്രാ, ദേശ്യഭേദങ്ങളോടെ സംക്രമിച്ചു എന്നു കരുതാനുള്ള യുക്തികളാണല്ലൊ ഈ പറഞ്ഞതു മുഴുവന്‍.

1. ചെണ്ടയില്‍ നിരവധി മേളങ്ങള്‍, തായമ്പക, കഥകളിമേളം തുടങ്ങിയവയുടെ സാന്നിധ്യം.

2. അവയുടെ ശൈലീവത്കരണം. നാദവിന്യാസം മുതല്‍ ഓരോന്നും.

3. താളപദ്ധതി ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍.

4. കൊട്ടിനായി സവിശേഷജാതികളുള്ളതുകൊണ്ട് അവരുടെ കലകളില്‍ സംഭവിച്ച വികാസം.

കേരളത്തില്‍ത്തന്നെ ചെണ്ടയുടെ പ്രയോഗരീതിയില്‍ വൈവിധ്യമുണ്ട്. സംഘക്കളിമുതല്‍ തെയ്യവും മലവേടന്‍ നൃത്തവും വരെ. സൂക്ഷ്മവ്യത്യാസങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില വ്യത്യാസങ്ങളല്ലാതെ കേരളത്തിലെ മേളങ്ങള്‍ക്കോ തായമ്പകയ്ക്കോ കഥകളിമേളത്തിനോ ഉള്ളപോലെ ശൈലീവത്കരണത്തിലൂടെ വികസിച്ച അവസ്ഥ യക്ഷഗാനത്തിലെയോ തിടമ്പുനൃത്തത്തിലെയോ വാദനരീതികള്‍ക്കു തോന്നിയിട്ടില്ല. ഇന്നത്തെ കേരളത്തിലെ പല കലകളില്‍ പല തരത്തില്‍ ചെണ്ടകൊട്ടുന്നതുപോലെ ചിലത് അവയിലും കാണാം എന്നല്ലാതെ ശൈലീവത്കരിച്ച കലകള്‍ ചെണ്ടമേളവും തായമ്പകയും കളിക്കൊട്ടുമൊക്കെയാണ്. ഈ ശൈലീവത്കരിച്ച കലകളെ സൃഷ്ടിച്ച സാംസ്കാരികാവസ്ഥയാണ് വാദ്യവാദനത്തിന്റെ സൂക്ഷ്മതയിലും ശ്രദ്ധിച്ചത് എന്നല്ലാതെ ഇക്കാര്യം മനസ്സിലാക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. ക്ഷമിച്ചേക്കുക

കബൂക്കി ഡ്രമ്മില്‍ ഉരുളുകൈപ്രയോഗമുണ്ടെന്ന അറിവിനു നന്ദി. അങ്ങനെയൊന്ന് ശ്രദ്ധിച്ചിരുന്നില്ല. ഇനി നോക്കണം. എന്തായാലും അത് ചെണ്ടയില്‍നിന്നു പകര്‍ന്നതാണെന്നു കരുതാന്‍ പാകത്തിനുള്ള ന്യായങ്ങളാണു ഞാന്‍ പറഞ്ഞതെന്നു തോന്നിയ സ്ഥിതിക്ക് മറ്റൊന്നും പറഞ്ഞിട്ടു കാര്യമില്ല!

‘ദയാനന്ദസരസ്വതി ആർഷഭാരതത്തിനപ്പുറത്തുള്ളവരെല്ലാം അസുരന്മാരാണെന്നും, സംസ്കാരം ആർഷഭാരതത്തിൽ നിന്നു കടംകൊണ്ടാണ് ലോകത്തെവിടെയും ഉണ്ടായിട്ടുള്ളൂ എന്നും വാദിയ്ക്കുന്ന പോലെ ഒരു മൗലികവാദമാണ് കലാസ്നേഹികളല്ലാത്തവർ ഉദ്ദേശിയ്ക്കുന്നതെങ്കിൽ, രാജിയാവുകയല്ലാതെ നിവൃത്തിയില്ല’’  ഇതു കലക്കി! പക്ഷേ ഇമ്മാതിരി വാചകങ്ങള്‍ ടി.വി. ന്യൂസില്‍ രാഷ്ട്രീയക്കാരുമായുള്ള അഭിമുഖങ്ങളിലേ കേള്‍ക്കാന്‍ സാധിക്കാറുള്ളൂ. ‘മാരാരും പൊതുവാളുമാണ് ചെണ്ടകൊട്ടിനെ ശൈലീവത്കരിച്ചത് എന്നു പറയുന്നതു ഫാഷിസമാണ്’ എന്നുകൂടി ചേര്‍ക്കാമായിരുന്നു. 

 

Sreechithran Mj- കലാപസ്നേഹിയായ Manoj Kuroor,

സംക്രമണം എവിടെ നിന്നെങ്ങോട്ട് എന്നതിനു ഇതെല്ലാം എങ്ങനെ സാക്ഷ്യപത്രമായി മാറുന്നു എന്നിപ്പൊഴും വ്യക്തമല്ല. ക്ഷമിച്ചേയ്ക്കുക

ഞാൻ ആദ്യകമന്റിലേ പറഞ്ഞിരുന്നു :

"ഈ സംഗതി കൊണ്ട് ആരെല്ലാമാണ് കലാപരമായി പ്രസക്തമായ സർഗാത്മകരൂപങ്ങൾ നിർമ്മിച്ചത്, ഇന്നും നിരന്തരം പുനർനിർണയിക്കപ്പെടുകയും പുതിയ സൃഷ്ടികൾ ഉരുവപ്പെടുത്തുകയും ചെയ്യുന്നത് എന്നതാണ് പ്രസക്തം."

ഇക്കാര്യത്തിൽ ഒരു സംശയവുമില്ല, കേരളത്തിലെ മേളങ്ങളും തായമ്പകകളും കഥകളിമേളവുമൊക്കെത്തന്നെയാണ് ചെണ്ടയുടെ സാദ്ധ്യതകളെ വളർത്തിയതും ഇന്നും പുനർനിർണയിക്കുന്നതും എന്നതിൽ ആരെങ്കിലും വിയോജിയ്ക്കുമെന്നും തോന്നുന്നില്ല. എന്നാൽ എവിടുന്നെങ്ങോട്ടു സംക്രമിച്ചു എന്നതിനേപ്പറ്റി സിദ്ധാന്തങ്ങൾ നിർമ്മിയ്ക്കേണ്ടതിന്റെ അനിവാര്യത അപ്പൊഴും ബോദ്ധ്യമാവുന്നില്ല. ശൈലീകൃതാവസ്ഥയെ സൃഷ്ടിച്ച സാംസ്കാരികാന്തരീക്ഷമാണ് സൂക്ഷ്മതയിലും ഊന്നിയത് എന്നതുകൊണ്ട് ഉരുളുകൈ പോലെ ചെണ്ടയിൽ സാദ്ധ്യമാവുന്ന ഒരു വ്യവഹാരം എവിടുന്നെങ്ങോട്ടു സംക്രമിച്ചു എന്ന് വ്യക്തമാവുന്നുമില്ല.

ഇതുകൊണ്ടൊക്കെയാണ് പറഞ്ഞത്, എവിടെനിന്നെങ്ങോട്ട് എന്നതല്ല, എവിടെയാണ് ശൈലീകൃതവും സൂക്ഷ്മവുമായ സർഗാത്മകതയിലേക്ക് ചെണ്ടവാദനം വളർന്നത് എന്നതാണു പ്രസക്തം എന്ന്. അവിടെ കേരളീയരോട്, അത് കേരളം സർദാറിന്റെയായാലും ഇ എം എസിന്റെയായാലും - ആരും മൽസരിയ്ക്കാനില്ല എന്നതു വ്യക്തമാണ്.

കബൂക്കിയോടൊപ്പവും 'മാച്ചി' എന്നോ മറ്റോ അവർ പേരിട്ടുവിളിയ്ക്കുന്ന സ്വതന്ത്രാസ്തിത്വമുള്ള നിലയിലും ടോങ്കോ ഡ്രംസ് അവർ ഉപയോഗിയ്ക്കുന്ന ഉദാഹരണം പറഞ്ഞത് ഉരുളുകൈ എന്ന പരിപാടിയുടെ പടച്ചോന്മാർ നമ്മളാണെന്നു തെളിയിച്ചാൽ പിന്നെ മോക്ഷപ്രാപ്തിയാണ് എന്ന മട്ടിലുള്ള സമീപനം കണ്ടതുകൊണ്ടാണ്. ആ ഉദാഹരണത്തിന്റെ ചേർച്ചയില്ലായ്മ ബോദ്ധ്യമുണ്ടായിട്ടും.

ടി വി ന്യൂസിൽ കാണുന്നതിലും രാഷ്ടീയക്കാരനായി മാത്രം ഇന്നും ജീവിയ്ക്കാനാഗ്രഹിക്കുന്ന എന്നേപ്പോലൊരുത്തനിൽ നിന്ന് ഇതിലപ്പുറമുള്ള വാചകങ്ങൾ പ്രതീക്ഷിച്ചത് മനോജേട്ടന്റെ അബദ്ധം.

മാരാരെയും പൊതുവാളെയുമൊക്കെ വിടൂ, കേരളമാണഖിലസാരമൂഴിയിൽ എന്നു വാദിയ്ക്കുന്ന ഏത് സിദ്ധാന്തവൽക്കരണവും തന്നെ ഫാഷിസമാണ് 

 

Madhavan Kutty- Manoj Kuroor, Sreechithran Mj കുഴ മറിച്ച് ആരാണ് ആദ്യം കൊട്ടാൻ തുടങ്ങിയത് എന്ന പ്രശ്നം അവിടെ ഇരിയ്ക്കട്ടെ. ചെണ്ടയിന്മേൽ “തക്കിട്ട” മറിച്ച് സാധകം ചെയ്യാൻ തുടങ്ങിയതിന്ന് ശേഷം മാത്രമാവണം കേരളത്തിൽ മേളപദ്ധതി ഇത്ര പുരോഗമിച്ചത് എന്ന് എനിക്ക് തോന്നുന്നു. ഒരു ചെണ്ട എന്ന യന്ത്രം ഉണ്ടാവുകയും, അതിന്ന് ചിട്ടയോടേയും, ശസ്ത്രീയമായും സാധകം ചെയ്യുന്നതിന്ന് ഒരു പദ്ധതിയുണ്ടാവുകയും ചെയ്തതിനാലാണ് ആ യന്ത്രം കൈത്തഴക്കത്തോടെ ഉപയോഗിക്കൻ തുടങ്ങിയത്. ആ കൈത്തഴക്കം സിദ്ധിച്ചതിനാലാണ് അത് പ്രയോഗിക്കുന്നേടത്ത് നവനവോന്മേഷശാലിയായ പ്രജ്ഞ പ്രയൊഗിച്ച് പുതിയ പ്രയോഗങ്ങൾ ആവിഷ്ക്കരിച്ചുതുടങ്ങിയത്. ആത് വിവിധ മേളങ്ങൾ, തയമ്പക, കേളീ തുടങ്ങിയ കലാപ്രസ്ഥാനങ്ങൾ ആവിർഭവിക്കാൻ കാരണമായിത്തീർന്നു. മാത്രമല്ല ആ അവസ്ഥ കേരളത്തിലെ താളപദ്ധതിയേ ത്തന്നെ പുതുക്കിയെടുക്കുന്നതിന്ന് കാരണമായിത്തീർന്നു.

എന്നൊക്കേ ഞാൻ വിശ്വസിക്കുന്നു. 

 

Manoj Kuroor- കലയുടെ സമകാലികാവസ്ഥയെക്കുറിച്ചു ചര്‍ച്ച ചെയ്യാം. അപ്പോള്‍ ഒരു വികാസം സര്‍ഗാത്മകമായി എങ്ങനെ ഉപയോഗിക്കുന്നു എന്ന് ആലോചിക്കുകയും ചെയ്യാം. പക്ഷേ സമകാലികത മാത്രമല്ലല്ലൊ. എല്ലാറ്റിനും ചരിത്രവുമുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചരിത്രം ചിലപ്പോഴെങ്കിലും ലഭ്യമായ സാംസ്കാരികസാഹചര്യത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തേണ്ടിവരും. അങ്ങനെയല്ല എന്നു തെളിഞ്ഞാല്‍ തിരുത്തേണ്ടിയും വരും. ചെണ്ടയിലെ ഉരുളുകൈപ്രയോഗം ഈ വാദ്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാനഘട്ടമാണ്. അത് ആവിഷ്കരിച്ചത് ആരാവാം എന്നു മറ്റു സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാണു ഞാന്‍ ശ്രമിച്ചത്.

ആരു നിര്‍മ്മിച്ചു എന്നതുപോലെ, ആരു സര്‍ഗാത്മകമായി ഉപയോഗിച്ചു എന്ന് ആലോചിക്കേണ്ടതുണ്ട്. എന്നാല്‍ അതു മാത്രമായി ആലോചനകള്‍ ചുരുക്കാന്‍ ചരിത്രത്തോടു താല്പര്യമുള്ളവര്‍ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാവും. മാത്രമല്ല അങ്ങനെ മാത്രം ആലോചിച്ചാല്‍ മതിയെങ്കിലുള്ള സാഹചര്യം ആലോചിക്കുന്നതു കൌതുകകരമാവും.

ഒരാള്‍ എഴുതിയ ഒരു കവിതയിലെ കുറേ വരികള്‍ മറ്റൊരാള്‍ സ്വന്തം കവിതയില്‍ സര്‍ഗാത്മകമായി ഉപയോഗിക്കുക. ആദ്യത്തെയാള്‍ അത് തന്റെറെയാണ് എന്നു പറഞ്ഞാല്‍ അതു പ്രസക്തമല്ല, താന്‍ സര്‍ഗാത്മകമായി ഉപയോഗിച്ചോ എന്നു മാത്രം നോക്കിയാല്‍ മതി എന്നാവുമോ?

ഉരുളുകൈപ്രയോഗത്തിന്റെ ഒരു ചരിത്രഘട്ടം സാംസ്കാരിക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാണു ഞാന്‍ ശ്രമിച്ചത്. കൃത്യമായ ചരിത്രം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ വിയോജിപ്പുകളും ഉണ്ടാവാം. എന്നാല്‍ അത്തരം അന്വേഷണം തന്നെ അസാധുവാണെന്നാണു വാദമെങ്കില്‍, അതുകൊണ്ട് ലോകത്തുള്ളതൊക്കെ കേരളീയമാണെന്നു ഞാന്‍ വാദിക്കുന്നു എന്നാണ് അര്‍ത്ഥമെങ്കില്‍ എന്തു മറുപടി പറയാനാണ്? (പല നാടുകളിലെ പോപ് സംഗീതത്തെക്കുറിച്ചും മറ്റു കലകളെപ്പറ്റിയുമൊക്കെ ഞാന്‍ എഴുതിയ പലതും (കവിതകള്‍ വരെ!) വായിച്ചിട്ടുള്ള ഒരാളാണു ‘കേരളമാണഖിലസാരമൂഴിയില്‍’ എന്നാണെന്റെ വാദം എന്നു വ്യാഖ്യാനിക്കുന്നതെങ്കില്‍ ഞാന്‍ നിരായുധനാണ്. സംസ്കാരചരിത്രത്തില്‍ കൊടുക്കല്‍-വാങ്ങലുകള്‍ സാധാരണയാണ്. കൊടുത്തതെന്തെന്നും കിട്ടിയതെന്തെന്നും അന്വേഷിക്കാവുന്നതുമാണ്. അതൊക്കെയാണു മൌലികവാദമെങ്കില്‍ ‘മൌലികവാദ’ത്തിനു വേറേ വാക്ക് അന്വേഷിക്കേണ്ടിവരും. 

Sreechithran Mj- സംസ്കാരപഠനത്തിന്റെ വഴിയിൽ കൊടുക്കൽവാങ്ങലുകളേപ്പറ്റിയുള്ള ആലോചനകൾക്ക് പ്രസക്തിയില്ല എന്നൊന്നും ഞാൻ വാദിച്ചതേയില്ല. എന്നാൽ സംസ്കാരപഠനമെന്ന നിലയിൽ മിക്കവാറും അഭ്യൂഹങ്ങൾക്ക് മുകളിൽ മാത്രം സിദ്ധാന്തങ്ങൾ കെട്ടിപ്പൊക്കുന്ന കേരളത്തിലെ രീതിയോട് എനിയ്ക്കത്ര യോജിപ്പു പോര. നമ്മുടെ കലാചരിത്രം മിക്കവാറും അഭ്യൂഹങ്ങളെ ആവശ്യത്തിലേറെ വിശ്വാസത്തിലെടുത്താണ് രൂപപ്പെടുത്തിയിരിയ്ക്കുന്നത്. മിത്തുകളും അഭ്യൂഹങ്ങളും വാസ്തവങ്ങളും അതിശയോക്തികളും അദ്ധ്യാരോപണങ്ങളും കലങ്ങിക്കിടക്കുന്ന ആ അന്തരീക്ഷനിർമ്മിതിയാണ് സംസ്കാരപഠനമെന്നു തോന്നുന്നില്ല. മനോജേട്ടൻ പറഞ്ഞ പല വായനകളിലൂടെയും കടന്നുപോന്നിട്ടും മറ്റുനാടുകളിലൊന്നും ഈ അഭ്യൂഹ - അദ്ധ്യാരോപണ പഠനത്തെയാണ് സംസ്കാരപഠനമെന്നു വ്യവഹരിയ്ക്കുന്നത് എന്നും തോന്നുന്നില്ല

ഒരു കവിതയുടെ കർത്താവ് ഒരു വ്യക്തിയായിരിയ്ക്കുന്നിടത്തോളം, ഉത്തമപുരുഷന് അതിന്റെ കഥയും പറയാം, അതിന്റെ ഉടമസ്ഥതയും അവകാശപ്പെടാം എന്നാൽ ഒരു സമൂഹത്തിന്റെ നിർമ്മിതിയായി നാം കാണുന്ന 'ചെണ്ട' പോലുള്ള വലിയ കവിതകളിൽ, വേറെ ആഖ്യാനപ്രതിസന്ധികളുണ്ടല്ലോ കവേ?

'കരുകലക്കി'യുടെ ആഹാര്യവും കഥകളിയിലെ പെൺകരിയുടെ ആഹാര്യവും പ്രകടസാമ്യങ്ങളുണ്ടെന്നു കണ്ടാലുടൻ, കരുകലക്കിയിൽ നിന്നാണ് പെൺകരിയുടെ ആഹാര്യം സ്വീകരിച്ചത് എന്നു സിദ്ധാന്തം നിർമ്മിയ്ക്കുന്നതരം ഒരു ഫലിതം എന്നും നമ്മളെ പിന്തുടരുന്നുണ്ട് . ലോകത്തെല്ലാവരുടേയും മണികണ്ഠം മറിയുന്ന മട്ടിൽ തന്നെയാണ് എന്നതുകൊണ്ടാണ് നിങ്ങൾ കുഴമറിയുന്ന വിദ്യ കൈയ്യിൽ തന്നെ ആദ്യം കണ്ടൂപിടിച്ചത് കേരളീയരാണ് എന്നു വാദിയ്ക്കാത്തത് എന്നു ഞാനിപ്പോൾ പറയുന്നില്ല

അന്വേഷണങ്ങൾ എളുപ്പം പുനരുത്ഥാനവാദത്തിലേക്കോ മൗലികവാദത്തിലേക്കോ എത്തിച്ചേരാവുന്ന ഒരു സാംസ്കാരികാന്തരീക്ഷം അൽപ്പം കൂടി സൂക്ഷ്മത ആവശ്യപ്പെടുന്നില്ലേ എന്നേ ചോദ്യമുള്ളൂ. ഇനി 'കുഴമറിയൽ പുരസ്കരം' മനോജേട്ടനു വേണമെങ്കിൽ എനിയ്ക്കു പരാതിയൊന്നുമില്ല, എടുത്തോളൂ , അവാർഡ് കമ്മറ്റിയിൽ ഞാനില്ല

 സൈക്കഡലിക്ക് റോക്കിലെ തംബുരുവിന്റേയും സിതാറിന്റേയും തബലയുടേയും അവകാശം റോളിങ്ങ് സ്റ്റോൺസോ കിങ്ക്സോ ബീറ്റിൽസോ അവകാശപ്പെടാത്ത പോലെ യക്ഷഗാനവും അവകാശം ചോദിച്ചുവരരുത് എന്നു വാശിപിടിയ്ക്കുരുത് എന്നേയുള്ളൂ അപേക്ഷ

 

Manoj Kuroor- പോപ് സംഗീതം ഉദാഹരണമാക്കിയ സ്ഥിതിക്ക് മറ്റു ചിലതുകൂടി ഓര്‍ക്കുന്നതു കൊള്ളാം ചിത്രാ. അമേരിക്കയിലെ കറുത്തവരുടെ തെരുവുകളിലാണ് റോക്ക് ആന്‍ഡ് റോള്‍ സംഗീതം രൂപം കൈക്കൊണ്ടത് എന്നു പൊതുവേ കരുതപ്പെടുന്നു. ചക്ക് ബറി മുതല്‍ പലരുടെയും പേര് അതിന്റെ ആവിഷ്കര്‍ത്താക്കള്‍ എന്ന നിലയില്‍ പറഞ്ഞു കേള്‍ക്കാറുമുണ്ട്. എല്‍‌വിസ് പ്രസ്‌ലിയെപ്പോലെയുള്ള വെളുത്ത ഗായകര്‍ ‘സര്‍ഗാത്മകമായി ഉപയോഗിക്കുകയും പുനര്‍‌നിര്‍മ്മിക്കുകയും’ ചെയ്തതുകൊണ്ട് പ്രസ്‌ലിയെയും ബില്‍ ഹാലിയെയും അതിന്റെ ആവിഷ്കര്‍ത്താക്കളില്‍ പ്രമുഖരായി കരുതുന്നവരുമുണ്ട്. പറഞ്ഞുവന്നത് ഇത്തരം നിരീക്ഷണങ്ങള്‍ അപ്രസക്തമാകുന്ന തരത്തിലൊന്നുമല്ല സംസ്കാരപഠനം വികാസം പ്രാപിച്ചത്. മാത്രമല്ല ‘സംസ്കാരപഠനം’ എന്ന മോഹനമായ വാക്ക് പ്രതിനിധീകരിക്കുന്ന പഠനപദ്ധതി കേള്‍ക്കുന്നപോലെ അത്ര വിശാലമായതൊന്നുമല്ല. പലപ്പോഴും രാഷ്ട്രീയത്തിന്റെ അമിതപ്രാധാന്യമുള്ള പഠനശാഖയാണത്. അത്തരത്തില്‍ പ്രബലമായ സംസ്കാരപഠനത്തോട് വലിയ കമ്പമൊന്നും എനിക്കില്ല. ഇന്ത്യ പോലെ ഓരോ കാര്യത്തിലും കൃത്യമായ ചരിത്രം സൂക്ഷിക്കാത്ത സ്ഥലങ്ങളില്‍ സാംസ്കാരികസാഹചര്യത്തെ അടിസ്ഥാനമാക്കി അനുമാനങ്ങള്‍ സ്വരൂപിക്കുന്നത് അത്ര മോശം ഏര്‍പ്പാടൊന്നുമല്ല. ഭാവനയുടെയും ഐതിഹ്യത്തിന്റെയും മിത്തിന്റെയും സാഹിത്യകൃതികളുടെയുമൊക്കെ സമാന്തരവായനയിലൂടെ കൃത്യമായ ചരിത്രം എന്ന സങ്കല്പത്തെ നവചരിത്രവാദം പോലുള്ള പഠനശാഖകള്‍ ‘സര്‍ഗാത്മകമായി പുനര്‍‌നിര്‍ണയിച്ചിട്ടു’മുണ്ട്. സിദ്ധാന്തവത്കരണത്തിന് അങ്ങനെ ഏകമുഖമായ പ്രയോഗപദ്ധതിയൊന്നും ഇല്ല എന്നര്‍ത്ഥം. ഇവിടെ മേളങ്ങളുടെ ശൈലീവത്കരണം, നാദക്രമീകരണം, കൊട്ടു കുലത്തൊഴിലാക്കിയ സമൂഹങ്ങളുടെ സാന്നിധ്യം എന്നിവ ചേര്‍ത്തുവച്ച് ഉരുളുകൈയെക്കുറിച്ച് ആലോചിച്ചു എന്നതാണ് ചെയ്ത കാര്യം. അതിനെ മൌലികവാദം എന്നു വിളിച്ചതിനോടാണു വിയോജിപ്പ്. എല്ലായിടത്തും മനുഷ്യന്റെ മണികണ്ഠം മറിക്കാവുന്നതാണ് എന്നതുകൊണ്ട് സവിശേഷമായ സാധകത്തിലൂടെ ചെണ്ടവാദനത്തിന്റെ വേഗതയും നാദക്രമീകരണവുമൊക്കെ സാധ്യമാക്കിയ വലിയൊരു പരീക്ഷണത്തെ നിസ്സാരമാക്കാം എന്നും ഞാന്‍ കരുതുന്നില്ല. ശാഠ്യമൊന്നുമല്ല. പക്ഷേ മറ്റേതു വാദ്യത്തിലും കൊട്ടുന്ന കരണങ്ങളില്‍ ഏതുവേണമെങ്കിലും സ്വന്തം രീതിയില്‍ ചെണ്ടയില്‍ പുനര്‍നിര്‍മ്മിക്കാം എന്ന അവസ്ഥയുണ്ടായത് ഈ ഉരുളുകൈയുടെ വികാസത്തോടെയാണ് എന്നതുകൊണ്ടുതന്നെ മേളങ്ങളെയും തായമ്പകയെയും കഥകളിമേളത്തെയും ഇന്നുള്ള രീതിയില്‍ വികസിപ്പിച്ച ആ വാദ്യവാദനരീതിയെ അത്ര പെട്ടെന്നൊന്നും വിട്ടുകൊടുക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. വിട്ടുകൊടുക്കുന്നതില്‍ വിരോധമൊന്നുമില്ല. പക്ഷേ ഈ രീതിയിലുള്ളതോ ഇതിനെക്കാള്‍ വികസിച്ചതോ ആയ ഉരുളുകൈപ്രയോഗം ഇതിനുമുന്‍പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രം!

 

Sreechithran Mj- സംസ്കാരപഠനമെന്ന 'മോഹനമായ വാക്ക് ' പ്രതിനിധീകരിയ്ക്കുന്ന രാഷ്ടീയാധിക്യമുള്ള പഠനങ്ങളുടെ വഴിയല്ല Manoj ഏട്ടനേപ്പോലുള്ളവർ സ്വീകരിയ്ക്കുന്നത് എന്ന് എപ്പൊഴും തോന്നാറുണ്ട്. പറയുമ്പോൾ സംസ്കാരപഠനമെന്നു തന്നെയാണ് ഈ ചെയ്തികളെയും പലരും വ്യവഹരിയ്ക്കാറെങ്കിലും. ഇന്ത്യ പോലെ പലതലങ്ങളും മാനങ്ങളുമുള്ള രാഷ്ടീയാന്തരീക്ഷത്തെ വിശദമാക്കുന്ന രീതിയിൽ സംസ്കാരപഠനം മലയാളത്തിലെങ്കിലും കുറവെന്നും തോന്നുന്നു. അതു വേറെ വിഷയം - വേറെ സ്ഥലത്ത് ആവശ്യമെങ്കിൽ ചർച്ച ചെയ്യാവുന്നത്.

മിത്തും ഭാവനയും ഐതിഹ്യവുമെല്ലാം വിശാലാർത്ഥത്തിൽ ചരിത്രനിർമ്മിതിയുടെ ഭാഗമാണ് എന്ന ആശയവും ഒട്ടും പുതിയതല്ല. ബന്യാമീനും അൽത്തൂസറും മുതൽ അനേകരിലൂടെ ചരിത്രത്തെപ്പറ്റി വളർന്നുവന്ന പുതിയ ധാരണകളെ തീരെ പരിചയപ്പെടാതിരുന്നിട്ടുമില്ല. എന്നാലിവിടെ പ്രശ്നം അതാണെന്നു തോന്നുന്നില്ല. 'ഉരുളുകൈയുടെ വികാസം' മറ്റൊരു കാര്യവും 'ഉരുളുകൈ ഉപയോഗിയ്ക്കുന്ന ഇടങ്ങളും അവയുടെ സംക്രമണദിശയും' വേറൊരു കാര്യവുമാണ്. വികാസം തീർച്ചയായും കേരളത്തിൽ തന്നെയെന്ന് ആർക്കുമറിയാം. വികാസം ഒരിടത്താണെന്നു വെച്ച് സംക്രമണദിശ അവിടുന്നേ ആവൂ എന്നില്ല. ആവില്ല എന്നും ഇല്ല. ഇക്കാര്യങ്ങളിൽ പിടിവാശിയ്ക്കു പ്രസക്തിയില്ല, അതുകൊണ്ട് പേറ്റന്റ് ആർക്ക് എന്ന് ചിന്തിയ്ക്കുന്നതിൽ കാര്യമില്ല എന്നേ പറഞ്ഞുള്ളൂ. വികാസം പ്രാപിച്ചിടത്തല്ല നമ്മുടെ പല കലാസങ്കൽപ്പനങ്ങളുടേയും ഉൽഭവം.

ഇത്രയും പറഞ്ഞതിനർത്ഥം ഞാൻ 'നമ്മുടെ' എന്നു പലവട്ടം പറയുന്ന കേരളത്തോടോ കേരളീയകലകളോടോ തീരെ 'നമ്മൾ' വികാരമില്ലാതെ യക്ഷഗാനത്തിനു വേണ്ടി വാദിയ്ക്കുകയാണെന്നു തോന്നിയാൽ, ഞാനും നിരായുധനാണ്

പോപ് മ്യൂസിക്ക് - വിശേഷിച്ചും സൈക്കഡലിക്ക് റോക്ക് ഉദാഹരിച്ചത് അതിൽ ഇന്ത്യൻ സ്വാധീനം ശക്തമായതുകൊണ്ടാണ്. അതുകൊണ്ട് സംക്രമണദിശയേപ്പറ്റി ആരും സംശയിക്കില്ല. കാരണം ചരിത്രം കുറേക്കൂടി സമീപസ്ഥവും സുവ്യക്തവുമാണ്. എന്നാൽ ഉരുളുകൈയുടെ അടിയാധാരമൊക്കെ തപ്പിയിറങ്ങിയാൽ, അതുപോലെയാവണമെന്നില്ല ഫലം എന്നു പറഞ്ഞതായിരുന്നു

ധർമ്മങ്ങളും ഫലശ്രുതികളുമൊക്കെ ദേശം, കാലം ഒക്കെ മറ്റു പലതുമായി മാറ്റുന്ന, പുനർനിർണയിക്കുന്ന അവസ്ഥ കൂടി എന്നിട്ടും റോക്ക് നാൾവഴികളിൽ കാണാമെന്നു കൂടി ഞാനോർക്കുന്നുണ്ട്, മനോജേട്ടാ. ഫഗ്‌സ് ചെയ്തതല്ലല്ലോ പിങ്ക് ഫ്ലോയ്ഡ് ബ്രിട്ടനിൽ ചെയ്തത്. പ്രതിഷേധവുമായി എപ്പൊഴോ സമരസപ്പെട്ടും അല്ലാതെയും ആ ചരിത്രം യാത്ര തുടർന്നിട്ടുണ്ട്.ചരിത്രനിർമ്മിതി മനോജേട്ടൻ പറഞ്ഞപോലെ ഏകശിലാത്മകമല്ലാത്തതു കൊണ്ടു തന്നെ, വാസ്തവങ്ങളെന്നോണം സിദ്ധാന്തനിർമ്മിതികൾ നടത്താൻ നമ്മൾ തത്രപ്പെടുന്നതിനേപ്പറ്റി എന്റെ ആശങ്ക പറഞ്ഞെന്നേ ഉള്ളൂ.

വ്യാസനും വിഘ്നേശ്വരനുമായുള്ള സംവാദത്തെപ്പറ്റിയുള്ള ആനന്ദ് വാചകം പോലെ " എണ്ണ കത്തിത്തീരുമ്പോൾ പർവ്വങ്ങളേ തീരൂ, പ്രശ്നങ്ങൾ തീർന്നില്ല, തീരുകയുമില്ല "


 

Manoj Kuroor- ഒരു ചര്‍ച്ചയില്‍ ഉത്തരങ്ങളെക്കാള്‍ അവയ്ക്കുള്ളിലെ വിശദാംശങ്ങള്‍ക്കാണു പ്രാധാന്യം എന്നാണ് തോന്നാറുള്ളത്. ചിലരെ പ്രകോപിപ്പിക്കാന്‍ തോന്നും. അവര്‍ പ്രകോപിച്ചാല്‍ രസം പിടിക്കും. കൊണ്ടും കൊടുത്തും ആവുന്നത്ര ചോദ്യങ്ങളുയര്‍ത്തുക എന്നതാണ് ചര്‍ച്ചയുടെ ഹരം. പ്രശ്നങ്ങള്‍ തീര്‍ന്നിരുന്നെങ്കില്‍, ഇത്രയധികം പര്‍വ(ത)ങ്ങളില്ലാതെ അരുവി മാത്രമായിരുന്നെങ്കില്‍, ഭാരതം എന്തിനു കൊള്ളാം! വെറുമൊരു ഹൈക്കു മാത്രമായി തീര്‍ന്നേക്കാവുന്ന ഭാരതത്തെക്കാള്‍ വഴിപിരിഞ്ഞും മുറിഞ്ഞും പര്‍വങ്ങളായി വികസിക്കുന്ന ഭാരതമാണല്ലൊ നല്ലത്. വ്യാസമില്ലാത്ത വ്യാസനായിരുന്നെങ്കില്‍ ഭാരതം ഉണ്ടാവില്ലായിരുന്നു 

 

Hareesh N Nampoothiri- ഒരു സംശയം. Sreechithran പറഞ്ഞ ജാപ്പനീസ് വാദ്യം ഈ വീഡിയോയില്‍ കാണുന്നതാണോ? അല്ലെങ്കില്‍ അതിന്റെ വീഡിയോ ലിങ്ക് ചെയ്യുമോ? അതില്‍ കുഴമറിഞ്ഞുള്ള കോട്ടല്‍ വരുന്നതായി തോന്നിയില്ലെങ്കിലും, എവിടെയൊക്കെയോ ഒരു ചെണ്ട കേട്ടപോലെ തോന്നി.

You need to a flashplayer enabled browser to view this YouTube video

 

Sreechithran Mj- Hareesh – എന്റെ പരിമിതജ്ഞാനനുസരിച്ച് ഇക്കാണുന്ന യമാട്ടോ ടോങ്കോ അല്ല. എന്നാൽ കിൻഷി, യമാട്ടോ, മാച്ചി - ഇങ്ങനെയുള്ള മിക്ക ജാപ്പനീസ് ഡ്രമ്മുകളും പരസ്പരം സാമ്യം തോന്നുന്നവയും ഏകദേശം ഒരേ 'ഗോത്രസ്വഭാവം' കാണിയ്ക്കുന്നവയുമാണ്. 40, 70, 100, 140 എന്നിങ്ങനെ ഡ്രമ്മുകളുടെ എണ്ണം, അവയുടെ നാദസ്വഭാവം, പ്രയോഗരീതി എന്നിവയുടെ വ്യത്യാസമനുസരിച്ച് സൂക്ഷ്മവ്യത്യാസങ്ങളുള്ള പദ്ധതികളും അവിടെയുണ്ട്. നാം കഥകളിയിലൊക്കെ കേൾക്കുന്ന 5 - 5 - 3 ത്രിപുടയോടൊക്കെ സാമ്യം തോന്നുന്ന ചില താളങ്ങൾ മാച്ചിയിൽ കേൾക്കാം. ഡ്രമ്മുകളുടെ എണ്ണവും നാദവും തമ്മിൽ പലസ്ഥലത്തും അവർ ബന്ധിപ്പിച്ചിരിയ്ക്കുന്നു. ഇത്ര ഡ്രമ്മുകളിൽ നിന്നുണ്ടാക്കുന്ന നാദം എന്നതിന് ചില സാങ്കേതികസംജ്ഞകൾ ഒക്കെ വെച്ച് അവർ വിശദീകരിയ്ക്കും - കൃത്യം ഇപ്പോഴോർമ്മ വരുന്നില്ല. കൊൽക്കത്തയിൽ നടന്ന ഒരു ഫസ്റ്റിവലിൽ ഇവരുടെ ചില കലാകാരന്മാരുടെ പ്രകടനം കാണാനും അവിടത്തെ കലാചിന്തകനും കലാകാരനുമായ ഒരു നല്ല മനുഷ്യനോട് കുറേ നേരം സംസാരിയ്ക്കാനും ഭാഗ്യം കിട്ടുകയുണ്ടായി. പഴയ നോട്ടുകൾ എടുത്ത് നോക്കിയാൽ കുറച്ചൂടി വിവരം കിട്ടിയേക്കും.

കബൂക്കി സൂക്ഷ്മമായി ശ്രദ്ധിച്ചാൽ നമ്മളെ വല്ലാതെ വിസ്മയിപ്പിയ്ക്കുന്ന ട്രെഡീഷണൽ തീയറ്ററാണ്. നമ്മുടെ കൂടിയാട്ടത്തിലും കഥകളിയിലുമൊക്കെ കാണുന്നതരം അനേകകാലത്തെ അഭ്യസനവും സമർപ്പണവുമൊക്കെ അവരുടെ കലാപഠനത്തിലുമുണ്ട്. അതോടൊപ്പം ഓരോ കലാകാരന്റെയും വ്യക്തിത്വവികാസത്തിലും പരമ്പരാഗതമായിത്തന്നെ അവർ ശ്രദ്ധയൂന്നുന്നു. ഗുരുശിഷ്യബന്ധം, അവർ തമ്മിലുള്ള സമീപനങ്ങൾ - ഒക്കെ വലിയ രസകരമായ വിഷയങ്ങൾ

കയ്യിലുള്ള ഒരു വിശറി അതിവേഗത്തിൽ വീശുന്ന ഒരു ആവിഷ്കാരം കബൂക്കിയിലുണ്ട്. 'തമാട്ടോ' എന്നോ മറ്റോ പറയും അതിന്. ആ സമയത്ത് ടോങ്കോ വായിക്കുന്നത് പലപ്പോഴും കൃത്യം കുഴമറിച്ചാണ്. (രണ്ടു ചെറിയ ഡ്രമ്മുകളിൽ അതിവേഗം മണികണ്ഠം മറിഞ്ഞുകൊട്ടുന്ന ആ വിദ്യയ്ക്കും അവർക്കു പ്രത്യേക സാങ്കേതികസംജ്ഞയുണ്ട് )

ലിങ്കുകൾ പെട്ടെന്നു കിട്ടുന്നില്ല. അല്ലെങ്കിലും ആ കലയിൽ എന്റെ കഴിവും നെറ്റ് സ്പീഡും പരിമിതമാണ്, ഹരീ 

 

Manoj Kuroor- “ജപ്പാനിലെ കബൂക്കിയുടെ വാദ്യമായി വരുന്ന ടോങ്കോ ഡ്രം വായിക്കുന്നവരുടെ ഇരുകൈകളിലും കുഴമറിയുന്നത് കാണാം. ഒരു ലോറിയിൽ കൊണ്ടുവന്നിറക്കാൻ പോന്നത്ര വലിയതും, പോക്കറ്റിൽ ഇടാൻ മാത്രം ചെറിയതുമായ ഡ്രമ്മുകൾ അടങ്ങുന്ന ടോങ്കോയുടെ ഓടിനടന്നുള്ള വാദനത്തിലും അനുഭവത്തിലെ പ്രധാനപങ്ക് ഈ മണി‌കണ്ഠം മറിയുന്ന വാദനവിശേഷത്തിലാണ്.” എന്നു ചിത്രന്‍ പറഞ്ഞ ഈ അദ്ഭുതവിദ്യ കാണാനും അറിയാനും എനിക്കും വലിയ ആഗ്രഹമുണ്ട്. എന്തായാലും ചെണ്ടക്കാര്‍ക്ക് ഈ വിദ്യ ഇതുവരെ വഴങ്ങിയിട്ടില്ല. എന്നുവച്ച് സാധ്യമാകില്ല എന്നല്ല പറഞ്ഞത്. അതെങ്ങനെ എന്നാണു സംശയം.

പണ്ട് ചെണ്ടയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുത്ത, ചെണ്ട കുറച്ച് അഭ്യസിക്കുകകൂടി ചെയ്തിട്ടുള്ള മാത്യു പോള്‍ എന്നോടു പറഞ്ഞു: ‘ഒരു കൈ കുഴ മറിച്ചു കൊട്ടുമ്പോള്‍ ഇത്രയും വേഗത കിട്ടുമെങ്കില്‍ രണ്ടു കൈയും കുഴ മറിച്ചുകൊട്ടിയാല്‍ അതിലും വേഗത കൈവരിക്കാനാവില്ലേ എന്നാണു ഞാന്‍ ഇപ്പോള്‍ അന്വേഷിക്കുന്നത്.”  കേട്ടാല്‍ ഉഗ്രന്‍ ആശയം എന്ന് പുറത്തുനില്‍ക്കുന്ന ഒരാള്‍ക്കു തോന്നാം. എന്നാല്‍ അദ്ദേഹത്തോട് സ്നേഹപൂര്‍വം വിയോജിക്കേണ്ടിവന്നു.

കാരണം അങ്ങനെ എവിടെയും സംഭവിക്കാമെന്നു തോന്നുന്ന ഈ ഉരുളുകൈയുണ്ടല്ലൊ. അത് അങ്ങനെയങ്ങു വരുന്നതല്ല. ചെണ്ടയിലാണെങ്കില്‍ ‘ത’ എന്ന് ഇടതുകൈ നേരെയും ‘കി’ എന്നു വലതുകൈ അകത്തേക്കും ‘ട’ എന്നു വലതുകൈ പുറത്തേക്കുമായി കൊട്ടുന്ന ‘തക്കിട്ട’ എന്ന പാഠക്കൈ സാധകം ചെയ്യുന്നതിലൂടെയാണ് ഉരുളുകൈയുടെ വേഗതയും തെളിച്ചവും കൈവരിക്കുന്നത്. വലതുകൈ അകത്തേക്കും പുറത്തേക്കും നന്നായി മറിഞ്ഞാല്‍ മാത്രമേ ഉരുളുകൈക്ക് തെളിച്ചവും ഭംഗിയും കിട്ടുകയുള്ളൂ. അല്ലാതെ വലതുകൈ അകത്തേക്കും പുറത്തേക്കും അധികം മറിയാതെ ‘തകൃതകൃതകൃതകൃത’ എന്ന രീതിയില്‍ കൊട്ടുന്നതിനെ ഉരുളുകൈ എന്നു പറയാറില്ല- ഉരുളുകൈ ആകണമെങ്കില്‍ ‘ഡിഡികിഡിഡികിഡിഡികിണണക’ എന്ന രീതിയില്‍ത്തന്നെ വരണം. വേഗത കൂടിയാല്‍ ‘ഉര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌ര്‍‌’ എന്നു കൊട്ടുന്നതായി തോന്നും. ഉരുളുകൈ വശത്താക്കാന്‍ സാമാന്യം നന്നായി കുറേക്കാലം സാധകം ചെയ്യണം. അത്തരത്തില്‍ വലതുകൈ നന്നായി അകത്തേക്കും പുറത്തേക്കും മറിച്ചുകൊട്ടിയാലേ, ‘തക്കിട്ട’യുടെ മൂന്ന് അക്ഷരവും തെളിഞ്ഞു കേട്ടാലേ, അതിനെ ഉരുളുകൈ എന്നു പറയാറുള്ളൂ. ഈ ഗ്രൂപ്പില്‍ ചെണ്ടക്കാരുണ്ടല്ലൊ- ശരിയാണോ എന്ന് അവര്‍ പറയട്ടെ. അല്ലാതെ തകൃതകൃതകൃത എന്ന മട്ടില്‍ കൊട്ടുന്നതിനെപ്പോലും അങ്ങനെ പറയാറില്ല. ഇങ്ങനെ കുഴ മറിച്ചുകൊട്ടാന്‍ പറ്റുന്നതാണ് ചെണ്ടക്കാരുടെ സാധകത്തെ നിര്‍ണയിക്കുന്ന ഒരു പ്രധാന മാനദണ്ഡം.

പിന്നെ അടുത്ത കാര്യം. ഇരുകൈകളും ഒരേ സമയം അകത്തേക്കും പുറത്തേക്കും മറിച്ചുകൊട്ടിയാലും ഇപ്പോഴുള്ള വേഗതയോ ഭംഗിയോ കൂടുമെന്നും ഞാന്‍ കരുതുന്നില്ല. കാരണം ഇപ്പോഴുള്ള രീതിയില്‍ത്തന്നെ പരമാവധി വേഗത സാധ്യമാണ്. എന്തായാലും ഇപ്പോള്‍ കൊട്ടിവരുന്ന രീതിയനുസരിച്ച് ഇരുകൈകളും ഒരേ സമയം കുഴ മറിച്ചുകൊട്ടുന്നത് അപ്രായോഗികമാണ്. രണ്ടു കൈയ്ക്കും കുഴ മറിച്ചു കൊട്ടാവുന്ന തരത്തില്‍ സാധകമുള്ള കല്പാത്തി ബാലകൃഷ്ണനാണെങ്കിലും ഒരേ സമയത്തല്ല ഇരുകൈകളും കുഴ മറിച്ചുകൊട്ടുന്നത്. ഒരു കൌതുകത്തിനു ഇരുകൈയിലും മാറി മാറി (ഒരേ സമയത്തല്ല) ഉരുളുകൈ കൊട്ടുകയാണ് അദ്ദേഹം ചെയ്യുന്നത്. 

 

Manoj Kuroor- ചെണ്ട ഉപയോഗിക്കുന്ന നിരവധി കലകള്‍ കേരളത്തിലങ്ങോളമിങ്ങോളമുണ്ട്. പല തരത്തില്‍ കുഴ മറിച്ചു കൊട്ടുന്നുമുണ്ട്. യക്ഷഗാനത്തിലൊക്കെയുള്ളത് അതേ സാംസ്കാരികസാഹചര്യത്തിന്റെ ഒരു എക്സ്ടന്‍ഷന്‍ ആണ്. ഒരു കൌതുകം കൂടി പറയാം. കാസറഗോഡ് ജില്ല കര്‍ണാടകത്തിന്റെ ഭാഗമാക്കണം എന്ന് ഒരു വാദം പലരും ഉന്നയിക്കാറുണ്ടല്ലൊ. അത് സംഭവിച്ചു എന്നുമിരിക്കട്ടെ. അപ്പൊ ഉരുളുകൈ സാധകത്തെപ്പറ്റിയുള്ള ഒരു ചര്‍ച്ചയില്‍ മറ്റൊരാള്‍ക്കു പറയാം. കേരളത്തിനു പുറത്തുള്ള തെയ്യത്തിലും ഉരുളുകൈയുണ്ട്!

ആരെങ്കിലും എവിടെയെങ്കിലും കൊട്ടുമ്പോള്‍ മണികണ്ഠം മറിഞ്ഞു എന്നുവച്ച് അതിനെയാണോ ഉരുളുകൈ എന്നു പറയുന്നത്? അതോ സവിശേഷമായ സാധകത്തിലൂടെ ‘ഡിഡികിഡിഡികിണണക’ എന്ന മട്ടിലോ ‘ഉര്‍‌ര്‍‌ര്‍‌ര്‍‌‘ എന്ന മട്ടിലോ തെളിച്ചു കൊട്ടുന്നതിനെയോ? എന്തായാലും രണ്ടാമതു പറഞ്ഞ തരത്തില്‍ കൊട്ടുന്നതിനെയേ ഉരുളുകൈ എന്നു ചെണ്ടക്കാര്‍ പറയൂ. ഇനി മറ്റെന്തെങ്കിലും രീതിയെയാണോ ഉരുളുകൈ എന്ന് ഇവിടെ പറയുന്നത് എന്നാണ് എനിക്കിപ്പൊ സംശയം. അങ്ങനെയല്ലാതെ മറ്റെന്തെങ്കിലും മെതേഡിലൂടെ ഉരുളുകൈ കൊട്ടുന്നെങ്കില്‍ അതിന്റെ രീതിയെന്ത് എന്നെങ്കിലും അറിഞ്ഞാല്‍ കൊള്ളാം.

ചെണ്ടയുടെ രീതിയില്‍ത്തന്നെ വേണം എന്നല്ല ഉദ്ദേശിച്ചത് കേട്ടോ. സമാനമായ രീതിയിലോ സമാന്തരമായ രീതിയിലോ വേഗതയും തെളിച്ചവുമെങ്കിലും സാധ്യമാകുന്ന തരത്തില്‍ (കാരണം ഇവ രണ്ടും എവിടെയായാലും വാദ്യവാദനത്തിന്റെ മാനദണ്ഡങ്ങളാണ്. ഇതു രണ്ടുഇല്ലെങ്കില്‍ ഈ ‘ഉരുളുകൈ’ക്ക് എന്താണു പ്രത്യേകത?) ഉരുളുകൈ പ്രയോഗമുണ്ടോ എന്ന സംശയം തീരുന്നില്ല.

ഇത്രയും നേരം പല തരം ജാപ്പനീസ് ഡ്രമ്മുകളുടെ വീഡിയോ കാണുകയായിരുന്നു. എന്നാല്‍ ഉരുളുകൈക്കു സമാനമായ ഒന്നും ഇതുവരെ കാണാന്‍ കഴിഞ്ഞില്ല. (ഇല്ല എന്നു പറയാന്‍ ഞാനാളല്ല. കാണാന്‍ കഴിഞ്ഞില്ല എന്നേയുള്ളൂ.) ജാസ്സ് ഡ്രമ്മുകളുള്‍പ്പെടെ മറ്റു തോലിട്ട വാദ്യങ്ങളില്‍, അതതു വാദ്യങ്ങള്‍ക്കനുസരിച്ചു ചെറിയ വ്യത്യാസങ്ങളോടെ, പൊതുവേ പ്രചാരത്തിലുള്ള കൊട്ടുരീതികളേ കാണാന്‍ കഴിഞ്ഞുള്ളൂ. ജാസ് ഡ്രമ്മില്‍ നേര്‍കോലുകളുപയോഗിച്ചുതന്നെ വേഗതയില്‍ കൊട്ടാനുള്ള സാധകം പ്രസിദ്ധരായ വാദകര്‍ക്കുണ്ട്. ഡോണ്‍ ഹെന്‍‌ലി, ജോണ്‍ ബോണ്‍ഹാം, റിങ്‌ഗോ സ്റ്റാര്‍ എന്നിങ്ങനെ പലരും മികച്ച പ്രാക്ട്രീസ് ഉള്ളവരാണ്. ശിവമണിക്കുമുണ്ട് നല്ല സാധകബലം. എന്നാല്‍ ഇവരാരും കൊട്ടുന്നത് ഉരുളുകൈ അല്ല എന്ന് ഊന്നിപ്പറഞ്ഞുകൊള്ളട്ടെ.

 

Vinod Venugopal- Parvathi Ramesh ശ്രുതിക്ക് മറ്റു വാദ്യോപകരണങ്ങളില്‍ ഉള്ളത്ര പ്രാധാന്യം തന്നെ ക്ഷേത്ര വാദ്യോപകരണങ്ങളിലും ഉണ്ട്. സ്ഥിരം അടിയന്തിരത്തിനും മറ്റും ഇത് അത്ര നിഷ്കര്‍ഷ പാലിക്കാറില്ല എന്നത് സത്യം. എന്നിരിക്കിലും ഒരു കൊട്ടിപാടി സേവയില്‍ പാടുന്ന അഷ്ടപദിയുടെയും കീര്‍തനങ്ങളുടെയും ശ്രുതിക്കനുസരിച്ചു ഇടയ്ക്കയില്‍ ചെറുതായി ശ്രുതി മാറ്റം വരുത്തിയാല്‍ രണ്ടും രണ്ടിച്ചു നില്‍ക്കാതിരിക്കും. ഇടയ്ക്ക സാധകം ചെയ്യുന്നത് പണ്ട് കാലത്ത് രണ്ടു ഉപകരണങ്ങളിലായിരുനു. ഒന്ന് കൈമെത്ത. കൈ ഉരുളാന്‍. കൈക്ക് സാധകം കൂട്ടാനാണ് ഇതുപയോഗിക്കുനത്. മറ്റൊന്ന് കുടുക്ക വീണ. ഇടയ്ക്കയില്‍ സ്വരസ്ഥാനങ്ങള്‍ ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഒന്നാണ് കുടുക്ക വീണ. കയ്യുടെ ചലനം കൊണ്ട് കുറ്റി ചലിപ്പിചാണല്ലോ ഇടയ്ക്കയില്‍ സ്വരങ്ങളും ശ്രുതിയും വ്യ്ത്യാസപ്പെടുതുന്നത്. എന്നാല്‍ കാലക്രമേണ ഇത് കൈ മെത്തയിലേക്ക് മാത്രം ഒതുങ്ങുകയും കുടുക്ക വീണ എന്നാ ഉപകരണം നാമവശേഷം ആവുകയും ചെയ്തു. ഇപ്പൊ കൈ മെത്തയും വേണ്ട എന്ന സ്ഥിതിയായി. ചെണ്ട സാധകം മതിത്രെ.

എല്ലാ ഉപകരണവും നിര്‍മാണ വേളയില്‍ നിഷ്കര്ഷിച്ചിരിക്കുന്ന അളവില്‍ പണിതാലെ നമ്മള്‍ കേള്‍ക്കുന്ന ചെണ്ടയുടേയും തിമിലയുടെയും ശബ്ദം ആയി വരികയുള്ളു. തിമിലയില്‍ നിര്‍മാണ സമയത്ത് തിമിലയുടെ ഒരു രൂപം ആണ് ആശാരിയുടെ പക്കല്‍ നിന്ന് നമുക്ക് കിട്ടുന്നത്. ഇതിന്റെ ഉള്ളില്‍ പിന്നെയും ഓരോ അളവിന് കുത്തിക്കളഞ്ഞു, പാകത്തിനുള്ള വട്ടവും കൂടി കോര്താലെ തകാരവും തോം കാരവും ഭംഗിയായി കേള്‍ക്കൂ. കൂടാതെ തിമിലയിലും ഇടയ്ക്കയിലും 'വായു തുള' എന്ന ഒരു ദ്വാരം ഇടുന്നു. ഇത് എന്തിനാണെന്ന് വച്ചാല്‍. കുറച്ചു സമയം തുകല്‍ വട്ടത്തില്‍ കൊട്ടി കഴിഞ്ഞാല്‍ കുട്ടിയുടെ അകത്തുള്ള വായു ചൂടാകുന്നു. ഇത് ഉപകരണത്തിന്റെ ശബ്ദത്തിനെ ബാധിച്ചേക്കാം. ഒരു വായു സഞ്ചാരത്തിനു വേണ്ടി ആണ് ഇതിടുന്നത്. അന്നമനട സീനിയര്‍ ആണ് കുറ്റിയില്‍ ജീവ തുള ഇടാന്‍ തുടങ്ങിയത് എന്ന് കേട്ട് കേള്‍വി. ചെണ്ടയുടെ വലുപ്പം ഈ അവസ്ഥയെ തരണം ചെയ്യുന്നത് കൊണ്ട് ചെണ്ടയില്‍ ദ്വാരം ഇടാറില്ല. ചെണ്ടയുടേയും നിറമാണ സമയത്തും അളവുകളും വട്ടത്തിന്റെ കനവും ശ്രദ്ധിക്കേണ്ടതുണ്ട്. ചെണ്ടയില്‍ കുത്തുവാറും കൊട്ടുന്ന കോലിന്റെ കനവും ഒരു പരിധി വരെ ശബ്ദത്തെ സ്വാധീനിക്കുന്നു. ഇടയ്ക്കയിലും ഇപ്പറഞ്ഞ അളവുകളും കൂടാതെ പൊടിപ്പുകള്‍, വട്ടങ്ങള്‍, കയ്യുടെ ചലനം എല്ലാം തന്നെ ശ്രുതിയെ സ്വാധീനിക്കുന്നു.

കുഴലും കൊമ്പും ഒരു മേളത്തിന് അകമ്പടി സേവിക്കാന്‍ അധികം അദ്ധ്വാനമൊന്നും വേണ്ടി വരില്ല. എന്നതിനാല്‍ വളരെ കുറച്ചു നാളത്തെ സാധകം കൊണ്ട് മേളത്തിനും പഞ്ചവാദ്യതിനും കുഴലും കൊമ്പും യഥാക്രമം വായിച്ചു തുടങ്ങാം. എന്നാല്‍ കൊമ്പ് പറ്റു, കുഴല്‍ പറ്റു, എന്നിങ്ങനെ വ്യക്തി പ്രഭാവം പ്രകടിപ്പിക്കുന്ന മനോധര്‍മം പ്രയോഗിക്കേണ്ട ഉള്ള കലാരൂപങ്ങളില്‍ തീര്‍ച്ചയായും താളങ്ങളും രാഗങ്ങളും അറിഞ്ഞേ തീരൂ. ഇല്ലെങ്കില്‍ 'സംഗതി' ഉണ്ടാവില്ല. 

 

Sreechithran Mj- മനോജേട്ടാ, " ‘ഡിഡികിഡിഡികിണണ" എന്നു തക്കിട്ടമറിഞ്ഞ് വ്യക്തതയോടെ വരുന്ന ഉരുളുകൈ എന്ന അർത്ഥത്തിൽ തന്നെയാണ് ഞാൻ 'ഉരുളുകൈ' എന്ന വാക്ക് ഉപയോഗിച്ചത്. യക്ഷഗാനത്തെ സംബന്ധിച്ചിടത്തോളം, 'ഉർർർർർ' എന്ന സാധകബലമൊന്നും കേട്ടില്ലെങ്കിലും, നാമർത്ഥമാക്കുന്ന ഉരുളുകൈ തന്നെ കേൾക്കാവുന്ന അവസ്ഥയും ഉണ്ട് എന്നു തന്നെ കരുതുന്നു. ( അൽപ്പകാലം മുൻപുള്ള കേൾവിബോധം, നൂറുശതമാനം ഉറപ്പില്ല. ആ ഉരുളുകൈ പ്രയോഗങ്ങൾ കേരളത്തിൽ നിന്നങ്ങോട്ടോ ഇങ്ങോട്ടോ സംക്രമണദിശ എന്നും ഉറപ്പില്ല )

എന്നാൽ കബൂക്കിയേപ്പറ്റിയും ടോങ്കോ ഡ്രംസിനേപ്പറ്റിയും പറഞ്ഞിടത്ത് 'മണികണ്ഠം മറിച്ച് കൊട്ടുക' എന്ന പോയന്റിലേ ഞാൻ ഊന്നിയിട്ടുള്ളൂ. നമ്മുടെ തക്കിട്ടസാധകം അതുപോലെ അവിടെയുണ്ടെന്ന് അർത്ഥമേയില്ല. കബൂക്കിയുടെ തന്നെ വീഡിയോകൾ യൂട്യൂബിൽ വേണ്ടത്ര കാണുന്നില്ല. നാമറിയേണ്ട പലതും കൃത്യം യൂട്യൂബിലില്ലാത്തതിന് എന്തു ചെയ്യാം!! ഞാൻ നിരായുധനാണ്. ഞാനീയിടെ ഇവിടെ മഹാരാഷ്ട്രയിലെ 'തമാഷ' എന്ന പാരമ്പര്യനാടകരൂപത്തെ കുറച്ച് അറിയാൻ ശ്രമിയ്ക്കുകയായിരുന്നു. പെട്ടെന്ന് അതിലളിതമെന്നു തോന്നുമെങ്കിലും. അതിഗംഭീരമായ അനേകം സൂക്ഷ്മഘടകങ്ങൾ അതിലുണ്ട്, പക്ഷേ, നെറ്റിൽ മുങ്ങിത്തപ്പിയാലും വേണ്ടത്ര ഒന്നും കിട്ടില്ല . ഇന്റർനെറ്റ് നാം കരുതുന്നത്ര സർവ്വജ്ഞപീഠം കയറിക്കഴിഞ്ഞിട്ടില്ലെന്നു തിരിച്ചറിയുകയല്ലാതെ മാർഗമില്ല.കൂടുതൽ ഇനിയും ടോങ്കോയേപ്പറ്റി അറിയുന്നതു പോലും പറയാൻ ഭയമുണ്ട്, കാരണം എന്റെ അറിവുകൾ പരിമിതമാണ്.

മനോജേട്ടന് കബൂക്കിയേപ്പറ്റിയും ടോങ്കോയേപ്പറ്റിയും കൂടുതലറിയാനും പരിചയപ്പെടാനും ആഗ്രഹമുണ്ടെങ്കിൽ വീഡിയോകൾ സംഘടിപ്പിച്ചുതരാം - നമുക്കു ബന്ധപ്പെടാവുന്നവർ ഉണ്ട്. ഇവിടെ മുംബൈയിൽ ചിലപ്പോൾ അവരുടെ ചില അതിഗംഭീരകലാകാരന്മാർ വരാറും ഉണ്ട്. അപ്പോഴിങ്ങു പോന്നാൽ, ബലേ! നമുക്ക് കൂടാം, ബാക്കി പർവ്വ(തം‌) ചുറ്റലും പുലിയങ്കവും അപ്പൊഴാവുകയും ചെയ്യാം

(എന്ന്, അൽപ്പകാലം തക്കിട്ടയും തരികിടയുമൊക്കെ ചെണ്ടയിലും മറിച്ച് കൈയ്യിലും പരിചയമുള്ള ഒരു പാവം കലാസ്നേഹി)

 

Parvathi Ramesh-  വിശദീകരിച്ചു തന്നതിനു വളരെ നന്ദി Sri Vinod Venugopal -

സത്യത്തില്‍ കഥകളി കാണും, ഉത്സവങ്ങള്‍ക്ക് പോകും എന്നൊക്കെ അല്ലാതെ കേരളീയ താളങ്ങളെ കുറിച്ചോ, വാദ്യങ്ങളെ കുറിച്ചോ ഇതുവരെയും ഒന്നും അന്വേഷിചിരുന്നുമില്ല, ശ്രദ്ധിചിട്ടുമില്ല, മാത്രവുമല്ല ഇവയെ കുറിച്ച് അത്രയും വലിയ പഠനമോ, സെമിനാറുകളും മറ്റുമോ ഒക്കെ നടക്കുന്നുണ്ടോ എന്നൊന്നും അറിയില്ല, അതുകൊണ്ടൊക്കെ തന്നെ കേരളീയവാദ്യങ്ങളെ കുറിച്ചും, താളങ്ങളെ കുറിച്ചും ഇങ്ങനെയൊരു ഗ്രൂപ്പ് വഴി കുറച്ചുകൂടി പരിചയപ്പെടുത്തുക, അതിലേയ്ക്കായി ചില സംശയങ്ങള്‍ ഉന്നയിച്ച് അതിലൊരു ചര്‍ച്ച എന്നതായിരുന്നു ഈ ത്രഡിന്റെ പിന്നിലെ (സത്)ഉദ്ദേശം. അതുകൊണ്ടും കൂടിയായിരുന്നു അത്യാവശ്യം "മടി" ഉണ്ടായിട്ടും, അഡ്മിന്‍ സപ്പോര്‍ട്ടോടെ കണ്ണുമടച്ച് പോസ്റ്റിയത്. (അതിലും ഒട്ടും (സാങ്കേതികപരമായി) കേട്ടിട്ടില്ലാത്ത വാദ്യങ്ങളാണ്‌ ഈ കൊമ്പും കുഴലുമൊക്കെ.)

 ചെണ്ടയില്‍ Tp Sreekanth Pisharody സൂചിപ്പിച്ച 'കുടുക്ക്' കാണാറുള്ളതും, പിന്നെ ഓരോ ചെണ്ടയില്‍ നിന്നും വരുന്ന നാദത്തിനു വ്യത്യാസം വരുന്നുണ്ടെല്ലോ എന്നുമുള്ള തോന്നല്‍ ആയിരുന്നു ഈ ശ്രുതിയെ കുറിച്ചുള്ള സംശയത്തിനു ഒരു കാരണം. പിന്നെ സംഗീതം തീരെ വരാത്ത മേളകലയില്‍ ശ്രുതിയ്ക്കെന്തു പ്രസക്തി എന്ന സംശയം. എന്നാല്‍ ഒരത്ഭുതം പോലെ ഇടയ്ക്ക ശ്രുതി ചേരുന്നു, അതുപോലെ സുഷിരവാദ്യങ്ങള്‍ (ഒട്ടും ശ്രുതിയിലുള്ള സംഗീതം പോലെ ഒന്നും തോന്നാറില്ലെങ്കിലും) ഉപയോഗിയ്ക്കുന്നു. താളത്തില്‍ മാത്രം നെയ്തെടുത്ത് മണിക്കൂറുകളോളം അദ്ധ്വാനിയ്ക്കുന്ന ഇങ്ങനെയൊരു കല എങ്ങനെ വന്നുചേര്‍ന്നു ആവോ എന്നൊക്കെയായി പിന്നത്തെ ചിന്ത.

എതായാലും ശ്രീചിത്രന്‍ പറഞ്ഞപോലെ സംഗീതത്തില്‍ ശ്രുതി എന്ന സംജ്ഞയ്ക്ക് നാം കൊടുത്തുവരുന്ന കന്‍സെപ്റ്റ് അല്ല, ഈ വാദ്യങ്ങളെ സംബന്ധിച്ചിടത്തോളം ശ്രുതി എന്ന സംജ്ഞയ്ക്ക് കൈവരുന്ന പ്രസക്തി എന്നു ചുരുക്കത്തില്‍ മനസ്സിലാവുന്നു. വളരെ നന്ദി.

മുകളില്‍ ചോദിച്ച (കേരളീയ താളങ്ങളുടെ പഴക്കം) സംശയത്തില്‍ കര്‍ണ്ണാടക സംഗീത പദ്ധതിയെ സൂചിപ്പിച്ചത് പിടിച്ചെടുക്കാനുള്ള എളുപ്പത്തിനു വേണ്ടിയായിരുന്നു, മാത്രവുമല്ല കര്‍ണ്ണാടക സംഗീതത്തിലെ താള പദ്ധതി എന്ന് പറയുമ്പോള്‍ ഒട്ടുമിക്കതും എല്ലാവര്ക്കും മനസ്സിലാക്കാനും എളുപ്പമുണ്ടല്ലോ.നമ്മുടെതിലെ "കാലം താഴ്ത്തുന്ന തന്ത്രം" എന്നത് മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അതായത് ഇവിടെ വേഗതയിലല്ല, മറിച് വിശദാംശങ്ങളിലാണ് വ്യത്യാസം വരുന്നത് എന്നത്. (Sreechithran Mj)

പിന്നെ വേറൊന്നുള്ളത് കേരളീയ താള പദ്ധതി ഏകസൂളാദി താളപദ്ധതി എന്നതില്‍ പെടുന്നു എന്നും കേട്ടിട്ടുണ്ട്. (അങ്ങനെ അല്ലേ ?) അതില്‍ തന്നെ മേളങ്ങളില്‍ ഉപയോഗിയ്ക്കുന്നവ, കഥകളിയ്ക്കു ഉപയോഗിയ്ക്കുന്നവ, കൂടിയാട്ടം, തുള്ളല്‍, തുടങ്ങി മറ്റനേകം കലാരൂപങ്ങളിലും ഈ പദ്ധതിയിലെ താളങ്ങള്‍ തന്നെയാണോ, അല്ലെങ്കില്‍ അതിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ ഉണ്ടാവുമോ എന്നതൊക്കെയായിരുന്നു സംശയങ്ങള്‍.

ഇതിനെ സംബന്ധിച്ചുള്ള മനോജ്‌ കുറൂറിന്റെ ഒരു ബ്ലോഗ്‌ പോസ്റ്റ്‌ പണ്ട് വായിച്ചത് ഓര്‍മ്മ വന്നത്. അതും ഇവിടെ തഞ്ചം പോലെ പോസ്റ്റാം എന്ന് വിചാരിയ്ക്കുമ്പോഴായിരുന്നു മനോജ്‌-ചിത്ര (സ്നേഹ) സംവാദം വന്നു തുടങ്ങിയത്. എന്നാല്‍ പിന്നെ അതൊരു തീരമണയട്ടെ എന്ന് കരുതി. (Manoj Kuroor )

ഓഫ് - ഹൈക്കു പോലൊരു ഭാരതം! (ഹൌ!) വഴിപിരിഞ്ഞും മുറിഞ്ഞും പര്‍വങ്ങളായി വികസിക്കുന്ന ഭാരതം - (ഹാ!)

(യു.എ.ഇയിലിരുന്നു ഇതു വായിയ്ക്കുമ്പോള്‍ ഒരു സുഖം!) 

Manoj Kuroor- Sreechithran Mj, മറ്റു ഡ്രമ്മുകളുടെ ഒക്കെ വാദനരീതിയില്‍ കൈപിടിക്കുന്നതു കണ്ടിട്ട് ജാസ് ഡ്രംസ് വായനക്കാരുടെ സമ്പ്രദായമാണു തോന്നിയത്. ചില നാടകങ്ങളെപ്പറ്റിയും കഥകളിയെപ്പറ്റിയും കുറസോവയുടെ ത്രോണ്‍ ഓഫ് ബ്ലഡിനെപ്പറ്റിയുമൊക്കെ ചര്‍ച്ച ചെയ്യുമ്പോള്‍ കേട്ടിട്ടുള്ള കബൂക്കി എന്തായാലും കൊട്ടിനെപ്പറ്റിയുള്ള ചര്‍ച്ചയില്‍ വന്നത് കൌതുകകരമാണ്. കബൂക്കിയെപ്പറ്റി കൂടുതലറിയാന്‍ തീര്‍ച്ചയായും താല്പര്യമുണ്ട്.

പിന്നെ യക്ഷഗാനത്തില്‍ ഉരുളുകൈ ഇല്ല എന്നല്ല ഞാന്‍ പറഞ്ഞത് എന്നതുകൂടി ശ്രദ്ധിക്കുമല്ലൊ. 

 

Vinod Venugopal- ജാപ്പനീസ് ഡ്രംസ്, ജാന്‍ഗോ ഡ്രംസ് എല്ലാം കണ്ടിട്ട് ഉരുള് കൈ കണ്ടില്ലെങ്കിലും ഒരു കാര്യം മനസ്സിലായി. കൊട്ടുന്നത് പലപ്പോഴും അവതാളത്തില്‍ ആയിരുന്നാലും ഇതൊക്കെ കാണാന്‍ ആളുകള്‍ ഒരുപാടുണ്ട്. താളവും കാലവും ഇത്ര കണ്ടു കര്‍ശനമായ നമ്മുടെ മേളങ്ങള്‍ക്കു നാട്ടില്‍ തന്നെ വേണ്ടത്ര ആസ്വാദകര്‍ ഉണ്ടോ എന്ന് സംശയം. യുടുബില്‍ തന്നെ നല്ലൊരു പഞ്ചവാദ്യതിനോ മേളത്തിനോ പരമാവധി ആയിരം അല്ലെങ്കില്‍ രണ്ടായിരം ഹിറ്റ്‌. ഇതിപ്പോ ലക്ഷങ്ങളാ. കൂടാതെ രൂപത്തില്‍ നമ്മുടെതിനോട് ഒരു പാട് സാമ്യതയുള്ള hourglass drums കാണാന്‍ കഴിഞ്ഞു. എന്തായാലും ഇങ്ങനെയുള്ള ചര്‍ച്ചകള്‍ നല്ലത് തന്നെ. ഉദ്ദേശിച്ചത് കണ്ടെത്തിയില്ലെങ്കിലും പുതിയ പുതിയ കാഴ്ചകള്‍ ഒരു പാട് കാണാന്‍ കഴിയുന്നു.

 

Rajeev Pattathil- അവസാനം കുറച്ചു സമയം കിട്ടി. ഈ ചരടില്‍ ഞാന്‍ എഴുതാന്‍ ഉദ്ദേശിച്ചത് ചെണ്ട മുതലായ കേരളീയ വാദ്യങ്ങള്‍ ശ്രുതി ചേര്‍ക്കാന്‍ ബുദ്ധിമുട്ടുള്ളവയാണ് എന്ന വസ്തുതയുടെ ശാസ്ത്രീയ വശത്തെക്കുറിച്ചാണ്. ശ്രുതി എന്ന് നാം സാധാരണ വിവക്ഷിക്കുന്നത് ഒരു ഫ്രീക്വന്സിയുടെ സാധാരണ പെരുക്കങ്ങള്‍ (ഹാര്‍മോണിക്സ്‌/)//integer overtones) ഉണ്ടാവുമ്പോഴാണ്‌ (അതായത് ആധാര ഷഡ്ജത്തിന്റെ ഇരട്ടി ഫ്രീക്വന്‍സിയില്‍ മേല്‍ ഷഡ്ജം വരുന്നത് പോലെ). തന്തി വാദ്യങ്ങളില്‍ ഇങ്ങനെയാണ് തരംഗങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് അവ ശ്രുതി ചേര്‍ന്നതായി അനുഭവപ്പെടുന്നു. എന്നാല്‍ മിക്ക തുകല്‍ വാദ്യങ്ങളിലും ഉണ്ടാവുന്ന ഫ്രീക്വന്‍സികള്‍ ഇങ്ങനെ സാധാരണ പെരുക്കങ്ങള്‍ അല്ല, മറിച്ച് ഭാഗിക പെരുക്കങ്ങള്‍ (partial overtones) ആണ്. അതുകൊണ്ട് അവയില്‍ നിന്നുണ്ടാവുന്ന ശബ്ദം ശ്രുതി ചേര്‍ന്നതായി അനുഭവപ്പെടുന്നില്ല. എന്നാല്‍ മൃദംഗം മുതലായ വാദ്യങ്ങളില്‍ കാണുന്ന heterogeneous membrane (ചോറിട്ട തോല്‍)) harmonic overtones ഉണ്ടാക്കുന്നു. അതുകൊണ്ട് അവ ശ്രുതി ചേര്‍ന്നതായി അനുഭവപ്പെടുന്നു. സി വി രാമന്‍ പ്രസിദ്ധമായ "നേച്ചര്‍" മാഗസിനില്‍ ഇതിനെപ്പറ്റി ഒരു പ്രബന്ധം എഴുതിയിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ ഒരു ലിങ്ക് താഴെക്കൊടുക്കുന്നു. രാമന്റെ പേപ്പറിന്റെ റഫറന്‍സും അതിലുണ്ട്. http://www.imsc.res.in/~rsidd/papers/drums.pdf

അതായത് കൃഷ്ണന്‍കുട്ടി പൊതുവാളും സി വി രാമനും പറഞ്ഞത് ഒന്നു തന്നെ എന്നര്‍ത്ഥം. പൊതുവാളാശാന്‍ കൊട്ടി നോക്കിയിട്ടും "രാമാശാന്‍" പൊട്ടിച്ചു നോക്കിയിട്ടും പറഞ്ഞു എന്നേ വ്യത്യാസമുള്ളൂ. അപ്പൊ ആരാ മീതെ?

 

Harilal Engoor- ഹ ഹ, മുകളില്‍ അങ്ക ചേകവന്മാരുടെ കമന്റുകള്‍ കണ്ടപ്പോള്‍ ഒരു കാര്യം ഉറപ്പിച്ചു. കേരളീയ കലകളില്‍ "ശ്രുതിക്ക് ചേരുന്ന താളമല്ല" "താളത്തിന് ചേരുന്ന ശ്രുതി ആണ്" ഉള്ളത് എന്ന്. അതിനാലാണല്ലോ ചെണ്ട ഒരു "ഗ്ലാമര്‍ ഉപകരണവും" കൊമ്പും കുഴലും അതിന്റെ ഒരു സപ്പോര്‍ട്ടിംഗ് റോളും കൈകാര്യം ചെയ്യുന്നത്. മറ്റു സ്ഥലങ്ങളിലെ പാരമ്പര്യ കലകളില്‍ മിക്കവാറും ശ്രുതിക്ക് താളമാണ് സപ്പോര്‍ട്ട് ചെയ്യാറ്. ശ്രുതി ഒരു വിധത്തില്‍ "മോഹന" സ്വരവും താളം ഒരു വിധത്തില്‍ 'രൌദ്ര" അല്ലെങ്കില്‍ "താണ്ഡവ " സ്വരവും ആണല്ലോ (പ്രത്യേകിച്ചും ചെണ്ട). പണ്ട് കാലത്തെ അങ്കതട്ടുകളിലും, തെയ്യങ്ങളിലും തുടങ്ങി കേരള പാരമ്പര്യ കലകളില്‍ മുഴുവന്‍ ഈ "താളം" പാവം ശ്രുതിയെ വല്ലാതെ ഡോമിനേറ്റ് ചെയ്യുന്നത് കാണാം (സിനിമാ പാട്ടിലും നാദ സ്വരത്തിലും ഒഴിച്ച് - നാദസ്വരം തമിഴ് കലയല്ലേ ?) 

 
Harilal Engoor 

ഒരു കാര്യം കൂടി കുറിക്കട്ടെ

"ഗണിതമാകുന്നൂ താളം
താളമകുന്നൂ കാലം
കാലമോ സംഗീതമായ്
പാടുന്നൂ ഗുലാം അലി "

എന്ന് ചുള്ളിക്കാട് പാടിയതില്‍ നിന്നും, താളം വിസ്തരിച്ചതല്ലേ ഈ ശ്രുതി അല്ലെങ്കില്‍ സംഗീതം എന്ന് തോന്നിപോകുന്നു

 

ഈ ചര്‍ച്ച കേരളീയ വാദ്യങ്ങളിലെ ശ്രുതി ചേരല്‍, നിര്‍മ്മാണസമയത്ത് വരുത്തുന്ന നാദവ്യത്യാസങ്ങള്‍, അഭ്യസന രീതി എന്നതൊക്കെ വിട്ടു ചെണ്ടാവാടനത്തിലെ പ്രത്യേകതകളിലെക്കും, ചെണ്ട വാദനപ്രയോഗങ്ങളുടെ ഉത്ഭവവും വികാസവും വരെ എത്തിനിന്നു.


 

embed video powered by Union Development


free joomla templatesjoomla templates
2024  Aswadanam.com   globbers joomla template