കേരളീയ വാദ്യങ്ങള്‍ - ചര്‍ച്ച

 

Manoj Kuroor- Sreechithran Mj, കലാസ്നേഹി അല്ലാത്തതുകൊണ്ടുതന്നെ ഈ പേറ്റന്റ് കാര്യത്തില്‍ എനിക്കു വേവലാതിയുണ്ട്. ‘നമ്മുടെ താളങ്ങള്‍’,  നമ്മുടെ താളപദ്ധതി’, ‘നമ്മുടെ കാഴ്ചപ്പാട്’ തുടങ്ങിയവയിലെ ‘നമ്മളി’ല്‍ ഇ. എം. എസ്. ഉദ്ദേശിച്ച ഭൂപടത്തില്‍ അടയാളപ്പെടുത്താവുന്ന ഒരു കേരളത്തെയും അതിലെ മലയാളിയെയും കാണുന്നതുകൊണ്ടു വിശേഷിച്ചും.

യക്ഷഗാനത്തില്‍ ഘടനയിലും പ്രയോഗത്തിലും ചെറിയ വ്യത്യാസമുണ്ടെങ്കിലും ഉപയോഗിക്കുന്നതു ചെണ്ടതന്നെയാണ്. കേരളത്തിന്റെ രാഷ്ട്രീയഭൂപടം വച്ചുകൊണ്ടല്ല, സാംസ്കാരികഭൂപടം വച്ചുകൊണ്ടുവേണം യക്ഷഗാനത്തെ സമീപിക്കേണ്ടത്. ചെണ്ട, ചെണ്ടക്കോല് എന്നീ കന്നഡ പ്രയോഗങ്ങള്‍തന്നെ നോക്കുക. ഇന്നത്തെ കര്‍ണാടകത്തിലെന്നപോലെ ഇന്നും ഉത്തരമലബാറില്‍ കാസറഗോഡ് ജില്ലയിലും പ്രചാരത്തിലുള്ള കലയാണ് യക്ഷഗാനം. യക്ഷഗാനത്തിലെ ചെണ്ടക്കാരുടെ ഉരുളുകൈയും കേരളത്തിലെ ചെണ്ടക്കാരുടെ ഉരുളുകൈയും വിശാലമായ ഒരേ പ്രയോഗപദ്ധതിയില്‍ രൂപപ്പെട്ടതാണ്.

ലളിതമായ ഒരു സംശയം ചോദിക്കട്ടെ? ഈ ഉരുളുകൈപ്രയോഗം യക്ഷഗാനത്തിലെ ചെണ്ടക്കാര്‍ വികസിപ്പിച്ചെടുത്തതാണോ അതോ പഞ്ചാരി, പാണ്ടി, ചമ്പട, ചമ്പ, അടന്ത, അഞ്ചടന്ത, ധ്രുവം, മഠ്യം എന്നീ മേളങ്ങളും കഥകളിമേളവുമൊക്കെയായി ഇത്രയേറെ ശൈലീവത്കരിച്ച പ്രയോഗപദ്ധതികള്‍തന്നെ ആവിഷ്കരിച്ച കേരളത്തിലെ കലാകാരന്മാര്‍ നിര്‍മ്മിച്ചതാണോ? ചുരുക്കത്തില്‍ വാദ്യകലയില്‍ മറ്റു സങ്കേതങ്ങളുടെ വികാസവുമായി ബന്ധിപ്പിച്ചുവേണം ഈ വികാസത്തെയും കാണാന്‍.

ചെണ്ടമേളങ്ങള്‍, കളിക്കൊട്ട്, തായമ്പക എന്നിങ്ങനെ കലാരൂപങ്ങളില്‍ ശൈലീവത്ക്കരിച്ച് ഉപയോഗിക്കേണ്ടിവരുമ്പോഴാണ് വാദ്യപ്രയോഗരീതിയും വികസിക്കുന്നത്. യക്ഷഗാനത്തിലെ വാദ്യക്കാര്‍ അവരുടെ രീതിയില്‍ സ്വയമേവ വികസിപ്പിച്ചതാണ് ഉരുളുകൈ പ്രയോഗം എന്നു കരുതാന്‍ ഒരു ന്യായവും കാണുന്നില്ല.

കേരളവുമായി ഒരേ സാംസ്കാരികപാരമ്പര്യം പങ്കുവയ്ക്കുന്ന പലതുമുണ്ടല്ലൊ യക്ഷഗാനത്തില്‍. താളങ്ങളില്‍പ്പോലും വലിയ വ്യത്യാസമില്ല. യക്ഷഗാനത്തിലെ ചമ്പതാളത്തിന്റെ ഘടന 1 2 3 4 5 x 1 x 1 2 3 x എന്നാണ് എന്നൊരു വ്യത്യാസം പറയാം. നമ്മുടെ ത്രിപുടയുടെ അംഗഘടനയാണ് അവരുടെ അഷ്ടതാളത്തിന്. അവരുടെ രൂപകം അഞ്ച് അടി,  ഇരു ഇട എന്ന ഘടനയിലാണ്. പേരു മാറിയെങ്കിലും പഞ്ചാരിയുടെ ഘടനയാണല്ലൊ ഇത്. യക്ഷഗാനത്തില്‍ കഥകളിയുടെ സ്വാധീനമുണ്ടെന്ന് പണ്ടേ പറയാറുണ്ട്. എന്നാല്‍ യക്ഷഗാനത്തെ സ്വതന്ത്രകലാരൂപമായി ഗണിക്കുന്ന കന്നടക്കാര്‍ സമ്മതിക്കാറില്ലെന്നു മാത്രം. കേരളത്തെ 64 ഗ്രാമമാക്കി കണക്കാക്കുന്ന പഴയ രീതി നോക്കിയാല്‍ 32 ഗ്രാമങ്ങള്‍ ഇന്നത്തെ കേരളത്തിലും ബാക്കി 32 ഇന്നത്തെ കര്‍ണാടക, ഗോവ എന്നീ പ്രദേശങ്ങളിലുമാണല്ലൊ. സാംസ്കാരികമായ നിരവധി കൊടുക്കല്‍ വാങ്ങലുകള്‍ ഈ പ്രദേശങ്ങള്‍ തമ്മിലുണ്ടായിരുന്നെന്നു വ്യക്തം. ഇങ്ങനെ പലതും ഓര്‍ക്കാം ഇവിടെ.

ചുരുക്കത്തില്‍ മലയാളഭാഷയെ അടിസ്ഥാനമാക്കിയ സര്‍ദാര്‍ കെ. എം. പണിക്കരുടെ ഭൂപടത്തെക്കാള്‍ വിശാലമായ ഒരു സാംസ്കാരികഭൂപടമുണ്ട്. കലാസ്നേഹികളല്ലാത്ത ചിലര്‍ക്ക് അതില്‍ എന്തൊക്കെ നടന്നു എന്നറിയാന്‍ താല്പര്യവുമുണ്ട്. വാദ്യം കൈകാര്യം ചെയ്യാന്‍ മാത്രമായി ചില സമുദായങ്ങള്‍‌തന്നെ ഇവിടെയുണ്ടായി എന്നത് ചെണ്ടവാദനത്തെ ശൈലീവത്കരിക്കാന്‍ സഹായിച്ചു എന്ന കെ. സി. നാരായണന്റെ നിരീക്ഷണവും യുക്തിസഹമായാണ് അനുഭവപ്പെട്ടത്.

ഇടംകൈയില്‍ത്തന്നെ നാലു സ്ഥാനങ്ങളൊരുക്കി ചെണ്ടവാദനത്തെ ശൈലീവത്കരിച്ച അതേ സൌന്ദര്യശാസ്ത്രപദ്ധതിയുമായാണ് ഉരുളുകൈപ്രയോഗത്തിനും ബന്ധം. തിടമ്പുനൃത്തത്തിനും കേരളീയമായ വാദ്യവാദനരീതിയോടാണു ബന്ധം. കൂടാതെ താളത്തിന്റെ കാര്യം വീണ്ടും ഉദാഹരണം. യക്ഷഗാനത്തില്‍ രൂപകം എന്നു വിളിക്കുന്നെങ്കിലും താളഘടന അഞ്ച് അടി, ഒരു ഇട എന്ന രീതിയില്‍ പഞ്ചാരിയുടേതുതന്നെ. തിടമ്പുനൃത്തത്തിലും ഇതേ ഘടനയിലാണു താളം. അവര്‍ പഞ്ചാരി എന്നുതന്നെയാണ് ഈ താളത്തെ വ്യവഹരിക്കുന്നതും. ഈ യക്ഷഗാനത്തിലും തിടമ്പുനൃത്തത്തിലും ചെണ്ടയില്‍ത്തന്നെയാണ് പ്രയോഗം എന്നതു ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഈ വാദനരീതി മറ്റു നാടുകളില്‍ കാണാത്തതെന്താണ്?

ചെണ്ടയുടെ ശൈലീവത്കരണത്തിലെ ഏറ്റവും പ്രധാനമായ കണ്ടുപിടുത്തം ഈ ഉരുളുകോല്‍‌പ്രയോഗമാണ്. കേരളത്തോടു തൊട്ടുകിടക്കുന്ന, പല കാര്യങ്ങളിലും ഒരേ സാംസ്കാരികപാരമ്പര്യം പിന്‍‌പറ്റുന്ന ഒരു പ്രദേശത്തു നിലനില്‍ക്കുന്ന കലകളിലേക്ക് അത് ചെറിയ ദേശ്യഭേദങ്ങളോടെ സംക്രമിച്ചു എന്നത് സ്വാഭാവികം മാത്രമാണ്. 

 

Sreechithran Mj-  കലാസ്നേഹിയല്ലാത്ത Manoj Kuroor,

സാംസ്കാരികഭൂപടത്തിന്റെ അതിർത്തികൾ കൂടുതൽ വിപുലവും വിശാലാർത്ഥത്തിൽ സമീപിയ്ക്കേണ്ടതും ആണെന്നു തന്നെയാണ് ഞാനും പറഞ്ഞത്. കേരളത്തിലെ നിലവിലെ അതിർത്തിഭൂപടത്തിനപ്പുറത്തും പണ്ടേ ചെണ്ടയുണ്ടായിരുന്നു, അവിടെയും ഉരുളുകൈ‌പ്രയോഗങ്ങൾ ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുമ്പോഴേയ്ക്കും ഒരു യുദ്ധവട്ടത്തിനൊരുങ്ങാൻ മാത്രം കലാസ്നേഹം ഇവിടെയുള്ള കലാവിരോധികൾക്കു തന്നെയും അഭികാമ്യമല്ലെന്നേ പറഞ്ഞുള്ളൂ.

യക്ഷഗാനത്തിന്റെ താളവ്യവസ്ഥയ്ക്കു നമ്മുടെ പദ്ധതിയുമായുള്ള സാമ്യം സ്വാഭാവികമാണ്. മനോജേട്ടൻ വിശദീകരിച്ച വിശദാംശങ്ങൾക്കു നന്ദി. പക്ഷേ "പല കാര്യങ്ങളിലും ഒരേ സാംസ്കാരികപാരമ്പര്യം പിന്‍‌പറ്റുന്ന ഒരു പ്രദേശത്തു നിലനില്‍ക്കുന്ന കലകളിലേക്ക് അത് ചെറിയ ദേശ്യഭേദങ്ങളോടെ സംക്രമിച്ചു" എന്നൊക്കെ കൃത്യം സിദ്ധാന്തവൽക്കരിയ്ക്കുന്നതിലെ യുക്തി അപ്പൊഴും വ്യക്തമല്ല. എവിടുന്നെങ്ങോട്ടു സംക്രമിച്ചു എന്നൊക്കെ അഭ്യൂഹങ്ങൾ നിർമ്മിയ്ക്കുന്നതിലെ പ്രസക്തിയെന്ത്?

ജപ്പാനിലെ കബൂക്കിയുടെ വാദ്യമായി വരുന്ന ടോങ്കോ ഡ്രം വായിക്കുന്നവരുടെ ഇരുകൈകളിലും കുഴമറിയുന്നത് കാണാം. ഒരു ലോറിയിൽ കൊണ്ടുവന്നിറക്കാൻ പോന്നത്ര വലിയതും, പോക്കറ്റിൽ ഇടാൻ മാത്രം ചെറിയതുമായ ഡ്രമ്മുകൾ അടങ്ങുന്ന ടോങ്കോയുടെ ഓടിനടന്നുള്ള വാദനത്തിലും അനുഭവത്തിലെ പ്രധാനപങ്ക് ഈ മണി‌കണ്ഠം മറിയുന്ന വാദനവിശേഷത്തിലാണ്. ഇനി കേരളത്തിലെ കലാസ്നേഹികളല്ലാത്തവർ ചേർന്ന്, ജപ്പാനും കേരളത്തിന്റെ സാംസ്കാരികഭൂപടത്തിൽ ഇടമുണ്ടെന്നും, സംക്രമണം ചെണ്ടയിൽ നിന്നങ്ങോട്ടേ വരൂ എന്നും വാദിയ്ക്കുമോ?

ദയാനന്ദസരസ്വതി ആർഷഭാരതത്തിനപ്പുറത്തുള്ളവരെല്ലാം അസുരന്മാരാണെന്നും, സംസ്കാരം ആർഷഭാരതത്തിൽ നിന്നു കടംകൊണ്ടാണ് ലോകത്തെവിടെയും ഉണ്ടായിട്ടുള്ളൂ എന്നും വാദിയ്ക്കുന്ന പോലെ ഒരു മൗലികവാദമാണ് കലാസ്നേഹികളല്ലാത്തവർ ഉദ്ദേശിയ്ക്കുന്നതെങ്കിൽ, രാജിയാവുകയല്ലാതെ നിവൃത്തിയില്ല 

 

Manoj Kuroor- Sreechithran Mj, കലാസ്നേഹിയായ ചിത്രാ, ദേശ്യഭേദങ്ങളോടെ സംക്രമിച്ചു എന്നു കരുതാനുള്ള യുക്തികളാണല്ലൊ ഈ പറഞ്ഞതു മുഴുവന്‍.

1. ചെണ്ടയില്‍ നിരവധി മേളങ്ങള്‍, തായമ്പക, കഥകളിമേളം തുടങ്ങിയവയുടെ സാന്നിധ്യം.

2. അവയുടെ ശൈലീവത്കരണം. നാദവിന്യാസം മുതല്‍ ഓരോന്നും.

3. താളപദ്ധതി ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍.

4. കൊട്ടിനായി സവിശേഷജാതികളുള്ളതുകൊണ്ട് അവരുടെ കലകളില്‍ സംഭവിച്ച വികാസം.

കേരളത്തില്‍ത്തന്നെ ചെണ്ടയുടെ പ്രയോഗരീതിയില്‍ വൈവിധ്യമുണ്ട്. സംഘക്കളിമുതല്‍ തെയ്യവും മലവേടന്‍ നൃത്തവും വരെ. സൂക്ഷ്മവ്യത്യാസങ്ങളുമുണ്ട്. അത്തരത്തിലുള്ള ചില വ്യത്യാസങ്ങളല്ലാതെ കേരളത്തിലെ മേളങ്ങള്‍ക്കോ തായമ്പകയ്ക്കോ കഥകളിമേളത്തിനോ ഉള്ളപോലെ ശൈലീവത്കരണത്തിലൂടെ വികസിച്ച അവസ്ഥ യക്ഷഗാനത്തിലെയോ തിടമ്പുനൃത്തത്തിലെയോ വാദനരീതികള്‍ക്കു തോന്നിയിട്ടില്ല. ഇന്നത്തെ കേരളത്തിലെ പല കലകളില്‍ പല തരത്തില്‍ ചെണ്ടകൊട്ടുന്നതുപോലെ ചിലത് അവയിലും കാണാം എന്നല്ലാതെ ശൈലീവത്കരിച്ച കലകള്‍ ചെണ്ടമേളവും തായമ്പകയും കളിക്കൊട്ടുമൊക്കെയാണ്. ഈ ശൈലീവത്കരിച്ച കലകളെ സൃഷ്ടിച്ച സാംസ്കാരികാവസ്ഥയാണ് വാദ്യവാദനത്തിന്റെ സൂക്ഷ്മതയിലും ശ്രദ്ധിച്ചത് എന്നല്ലാതെ ഇക്കാര്യം മനസ്സിലാക്കാന്‍ ഇപ്പോഴും കഴിയുന്നില്ല. ക്ഷമിച്ചേക്കുക

കബൂക്കി ഡ്രമ്മില്‍ ഉരുളുകൈപ്രയോഗമുണ്ടെന്ന അറിവിനു നന്ദി. അങ്ങനെയൊന്ന് ശ്രദ്ധിച്ചിരുന്നില്ല. ഇനി നോക്കണം. എന്തായാലും അത് ചെണ്ടയില്‍നിന്നു പകര്‍ന്നതാണെന്നു കരുതാന്‍ പാകത്തിനുള്ള ന്യായങ്ങളാണു ഞാന്‍ പറഞ്ഞതെന്നു തോന്നിയ സ്ഥിതിക്ക് മറ്റൊന്നും പറഞ്ഞിട്ടു കാര്യമില്ല!

‘ദയാനന്ദസരസ്വതി ആർഷഭാരതത്തിനപ്പുറത്തുള്ളവരെല്ലാം അസുരന്മാരാണെന്നും, സംസ്കാരം ആർഷഭാരതത്തിൽ നിന്നു കടംകൊണ്ടാണ് ലോകത്തെവിടെയും ഉണ്ടായിട്ടുള്ളൂ എന്നും വാദിയ്ക്കുന്ന പോലെ ഒരു മൗലികവാദമാണ് കലാസ്നേഹികളല്ലാത്തവർ ഉദ്ദേശിയ്ക്കുന്നതെങ്കിൽ, രാജിയാവുകയല്ലാതെ നിവൃത്തിയില്ല’’  ഇതു കലക്കി! പക്ഷേ ഇമ്മാതിരി വാചകങ്ങള്‍ ടി.വി. ന്യൂസില്‍ രാഷ്ട്രീയക്കാരുമായുള്ള അഭിമുഖങ്ങളിലേ കേള്‍ക്കാന്‍ സാധിക്കാറുള്ളൂ. ‘മാരാരും പൊതുവാളുമാണ് ചെണ്ടകൊട്ടിനെ ശൈലീവത്കരിച്ചത് എന്നു പറയുന്നതു ഫാഷിസമാണ്’ എന്നുകൂടി ചേര്‍ക്കാമായിരുന്നു. 

 

Sreechithran Mj- കലാപസ്നേഹിയായ Manoj Kuroor,

സംക്രമണം എവിടെ നിന്നെങ്ങോട്ട് എന്നതിനു ഇതെല്ലാം എങ്ങനെ സാക്ഷ്യപത്രമായി മാറുന്നു എന്നിപ്പൊഴും വ്യക്തമല്ല. ക്ഷമിച്ചേയ്ക്കുക

ഞാൻ ആദ്യകമന്റിലേ പറഞ്ഞിരുന്നു :

"ഈ സംഗതി കൊണ്ട് ആരെല്ലാമാണ് കലാപരമായി പ്രസക്തമായ സർഗാത്മകരൂപങ്ങൾ നിർമ്മിച്ചത്, ഇന്നും നിരന്തരം പുനർനിർണയിക്കപ്പെടുകയും പുതിയ സൃഷ്ടികൾ ഉരുവപ്പെടുത്തുകയും ചെയ്യുന്നത് എന്നതാണ് പ്രസക്തം."

ഇക്കാര്യത്തിൽ ഒരു സംശയവുമില്ല, കേരളത്തിലെ മേളങ്ങളും തായമ്പകകളും കഥകളിമേളവുമൊക്കെത്തന്നെയാണ് ചെണ്ടയുടെ സാദ്ധ്യതകളെ വളർത്തിയതും ഇന്നും പുനർനിർണയിക്കുന്നതും എന്നതിൽ ആരെങ്കിലും വിയോജിയ്ക്കുമെന്നും തോന്നുന്നില്ല. എന്നാൽ എവിടുന്നെങ്ങോട്ടു സംക്രമിച്ചു എന്നതിനേപ്പറ്റി സിദ്ധാന്തങ്ങൾ നിർമ്മിയ്ക്കേണ്ടതിന്റെ അനിവാര്യത അപ്പൊഴും ബോദ്ധ്യമാവുന്നില്ല. ശൈലീകൃതാവസ്ഥയെ സൃഷ്ടിച്ച സാംസ്കാരികാന്തരീക്ഷമാണ് സൂക്ഷ്മതയിലും ഊന്നിയത് എന്നതുകൊണ്ട് ഉരുളുകൈ പോലെ ചെണ്ടയിൽ സാദ്ധ്യമാവുന്ന ഒരു വ്യവഹാരം എവിടുന്നെങ്ങോട്ടു സംക്രമിച്ചു എന്ന് വ്യക്തമാവുന്നുമില്ല.

ഇതുകൊണ്ടൊക്കെയാണ് പറഞ്ഞത്, എവിടെനിന്നെങ്ങോട്ട് എന്നതല്ല, എവിടെയാണ് ശൈലീകൃതവും സൂക്ഷ്മവുമായ സർഗാത്മകതയിലേക്ക് ചെണ്ടവാദനം വളർന്നത് എന്നതാണു പ്രസക്തം എന്ന്. അവിടെ കേരളീയരോട്, അത് കേരളം സർദാറിന്റെയായാലും ഇ എം എസിന്റെയായാലും - ആരും മൽസരിയ്ക്കാനില്ല എന്നതു വ്യക്തമാണ്.

കബൂക്കിയോടൊപ്പവും 'മാച്ചി' എന്നോ മറ്റോ അവർ പേരിട്ടുവിളിയ്ക്കുന്ന സ്വതന്ത്രാസ്തിത്വമുള്ള നിലയിലും ടോങ്കോ ഡ്രംസ് അവർ ഉപയോഗിയ്ക്കുന്ന ഉദാഹരണം പറഞ്ഞത് ഉരുളുകൈ എന്ന പരിപാടിയുടെ പടച്ചോന്മാർ നമ്മളാണെന്നു തെളിയിച്ചാൽ പിന്നെ മോക്ഷപ്രാപ്തിയാണ് എന്ന മട്ടിലുള്ള സമീപനം കണ്ടതുകൊണ്ടാണ്. ആ ഉദാഹരണത്തിന്റെ ചേർച്ചയില്ലായ്മ ബോദ്ധ്യമുണ്ടായിട്ടും.

ടി വി ന്യൂസിൽ കാണുന്നതിലും രാഷ്ടീയക്കാരനായി മാത്രം ഇന്നും ജീവിയ്ക്കാനാഗ്രഹിക്കുന്ന എന്നേപ്പോലൊരുത്തനിൽ നിന്ന് ഇതിലപ്പുറമുള്ള വാചകങ്ങൾ പ്രതീക്ഷിച്ചത് മനോജേട്ടന്റെ അബദ്ധം.

മാരാരെയും പൊതുവാളെയുമൊക്കെ വിടൂ, കേരളമാണഖിലസാരമൂഴിയിൽ എന്നു വാദിയ്ക്കുന്ന ഏത് സിദ്ധാന്തവൽക്കരണവും തന്നെ ഫാഷിസമാണ് 

 

Madhavan Kutty- Manoj Kuroor, Sreechithran Mj കുഴ മറിച്ച് ആരാണ് ആദ്യം കൊട്ടാൻ തുടങ്ങിയത് എന്ന പ്രശ്നം അവിടെ ഇരിയ്ക്കട്ടെ. ചെണ്ടയിന്മേൽ “തക്കിട്ട” മറിച്ച് സാധകം ചെയ്യാൻ തുടങ്ങിയതിന്ന് ശേഷം മാത്രമാവണം കേരളത്തിൽ മേളപദ്ധതി ഇത്ര പുരോഗമിച്ചത് എന്ന് എനിക്ക് തോന്നുന്നു. ഒരു ചെണ്ട എന്ന യന്ത്രം ഉണ്ടാവുകയും, അതിന്ന് ചിട്ടയോടേയും, ശസ്ത്രീയമായും സാധകം ചെയ്യുന്നതിന്ന് ഒരു പദ്ധതിയുണ്ടാവുകയും ചെയ്തതിനാലാണ് ആ യന്ത്രം കൈത്തഴക്കത്തോടെ ഉപയോഗിക്കൻ തുടങ്ങിയത്. ആ കൈത്തഴക്കം സിദ്ധിച്ചതിനാലാണ് അത് പ്രയോഗിക്കുന്നേടത്ത് നവനവോന്മേഷശാലിയായ പ്രജ്ഞ പ്രയൊഗിച്ച് പുതിയ പ്രയോഗങ്ങൾ ആവിഷ്ക്കരിച്ചുതുടങ്ങിയത്. ആത് വിവിധ മേളങ്ങൾ, തയമ്പക, കേളീ തുടങ്ങിയ കലാപ്രസ്ഥാനങ്ങൾ ആവിർഭവിക്കാൻ കാരണമായിത്തീർന്നു. മാത്രമല്ല ആ അവസ്ഥ കേരളത്തിലെ താളപദ്ധതിയേ ത്തന്നെ പുതുക്കിയെടുക്കുന്നതിന്ന് കാരണമായിത്തീർന്നു.

എന്നൊക്കേ ഞാൻ വിശ്വസിക്കുന്നു. 

 

Manoj Kuroor- കലയുടെ സമകാലികാവസ്ഥയെക്കുറിച്ചു ചര്‍ച്ച ചെയ്യാം. അപ്പോള്‍ ഒരു വികാസം സര്‍ഗാത്മകമായി എങ്ങനെ ഉപയോഗിക്കുന്നു എന്ന് ആലോചിക്കുകയും ചെയ്യാം. പക്ഷേ സമകാലികത മാത്രമല്ലല്ലൊ. എല്ലാറ്റിനും ചരിത്രവുമുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ ചരിത്രം ചിലപ്പോഴെങ്കിലും ലഭ്യമായ സാംസ്കാരികസാഹചര്യത്തെ അടിസ്ഥാനമാക്കി രൂപപ്പെടുത്തേണ്ടിവരും. അങ്ങനെയല്ല എന്നു തെളിഞ്ഞാല്‍ തിരുത്തേണ്ടിയും വരും. ചെണ്ടയിലെ ഉരുളുകൈപ്രയോഗം ഈ വാദ്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാനഘട്ടമാണ്. അത് ആവിഷ്കരിച്ചത് ആരാവാം എന്നു മറ്റു സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാണു ഞാന്‍ ശ്രമിച്ചത്.

ആരു നിര്‍മ്മിച്ചു എന്നതുപോലെ, ആരു സര്‍ഗാത്മകമായി ഉപയോഗിച്ചു എന്ന് ആലോചിക്കേണ്ടതുണ്ട്. എന്നാല്‍ അതു മാത്രമായി ആലോചനകള്‍ ചുരുക്കാന്‍ ചരിത്രത്തോടു താല്പര്യമുള്ളവര്‍ക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാവും. മാത്രമല്ല അങ്ങനെ മാത്രം ആലോചിച്ചാല്‍ മതിയെങ്കിലുള്ള സാഹചര്യം ആലോചിക്കുന്നതു കൌതുകകരമാവും.

ഒരാള്‍ എഴുതിയ ഒരു കവിതയിലെ കുറേ വരികള്‍ മറ്റൊരാള്‍ സ്വന്തം കവിതയില്‍ സര്‍ഗാത്മകമായി ഉപയോഗിക്കുക. ആദ്യത്തെയാള്‍ അത് തന്റെറെയാണ് എന്നു പറഞ്ഞാല്‍ അതു പ്രസക്തമല്ല, താന്‍ സര്‍ഗാത്മകമായി ഉപയോഗിച്ചോ എന്നു മാത്രം നോക്കിയാല്‍ മതി എന്നാവുമോ?

ഉരുളുകൈപ്രയോഗത്തിന്റെ ഒരു ചരിത്രഘട്ടം സാംസ്കാരിക സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാനാണു ഞാന്‍ ശ്രമിച്ചത്. കൃത്യമായ ചരിത്രം ലഭ്യമല്ലാത്തതുകൊണ്ടുതന്നെ വിയോജിപ്പുകളും ഉണ്ടാവാം. എന്നാല്‍ അത്തരം അന്വേഷണം തന്നെ അസാധുവാണെന്നാണു വാദമെങ്കില്‍, അതുകൊണ്ട് ലോകത്തുള്ളതൊക്കെ കേരളീയമാണെന്നു ഞാന്‍ വാദിക്കുന്നു എന്നാണ് അര്‍ത്ഥമെങ്കില്‍ എന്തു മറുപടി പറയാനാണ്? (പല നാടുകളിലെ പോപ് സംഗീതത്തെക്കുറിച്ചും മറ്റു കലകളെപ്പറ്റിയുമൊക്കെ ഞാന്‍ എഴുതിയ പലതും (കവിതകള്‍ വരെ!) വായിച്ചിട്ടുള്ള ഒരാളാണു ‘കേരളമാണഖിലസാരമൂഴിയില്‍’ എന്നാണെന്റെ വാദം എന്നു വ്യാഖ്യാനിക്കുന്നതെങ്കില്‍ ഞാന്‍ നിരായുധനാണ്. സംസ്കാരചരിത്രത്തില്‍ കൊടുക്കല്‍-വാങ്ങലുകള്‍ സാധാരണയാണ്. കൊടുത്തതെന്തെന്നും കിട്ടിയതെന്തെന്നും അന്വേഷിക്കാവുന്നതുമാണ്. അതൊക്കെയാണു മൌലികവാദമെങ്കില്‍ ‘മൌലികവാദ’ത്തിനു വേറേ വാക്ക് അന്വേഷിക്കേണ്ടിവരും. 

Sreechithran Mj- സംസ്കാരപഠനത്തിന്റെ വഴിയിൽ കൊടുക്കൽവാങ്ങലുകളേപ്പറ്റിയുള്ള ആലോചനകൾക്ക് പ്രസക്തിയില്ല എന്നൊന്നും ഞാൻ വാദിച്ചതേയില്ല. എന്നാൽ സംസ്കാരപഠനമെന്ന നിലയിൽ മിക്കവാറും അഭ്യൂഹങ്ങൾക്ക് മുകളിൽ മാത്രം സിദ്ധാന്തങ്ങൾ കെട്ടിപ്പൊക്കുന്ന കേരളത്തിലെ രീതിയോട് എനിയ്ക്കത്ര യോജിപ്പു പോര. നമ്മുടെ കലാചരിത്രം മിക്കവാറും അഭ്യൂഹങ്ങളെ ആവശ്യത്തിലേറെ വിശ്വാസത്തിലെടുത്താണ് രൂപപ്പെടുത്തിയിരിയ്ക്കുന്നത്. മിത്തുകളും അഭ്യൂഹങ്ങളും വാസ്തവങ്ങളും അതിശയോക്തികളും അദ്ധ്യാരോപണങ്ങളും കലങ്ങിക്കിടക്കുന്ന ആ അന്തരീക്ഷനിർമ്മിതിയാണ് സംസ്കാരപഠനമെന്നു തോന്നുന്നില്ല. മനോജേട്ടൻ പറഞ്ഞ പല വായനകളിലൂടെയും കടന്നുപോന്നിട്ടും മറ്റുനാടുകളിലൊന്നും ഈ അഭ്യൂഹ - അദ്ധ്യാരോപണ പഠനത്തെയാണ് സംസ്കാരപഠനമെന്നു വ്യവഹരിയ്ക്കുന്നത് എന്നും തോന്നുന്നില്ല

ഒരു കവിതയുടെ കർത്താവ് ഒരു വ്യക്തിയായിരിയ്ക്കുന്നിടത്തോളം, ഉത്തമപുരുഷന് അതിന്റെ കഥയും പറയാം, അതിന്റെ ഉടമസ്ഥതയും അവകാശപ്പെടാം എന്നാൽ ഒരു സമൂഹത്തിന്റെ നിർമ്മിതിയായി നാം കാണുന്ന 'ചെണ്ട' പോലുള്ള വലിയ കവിതകളിൽ, വേറെ ആഖ്യാനപ്രതിസന്ധികളുണ്ടല്ലോ കവേ?

'കരുകലക്കി'യുടെ ആഹാര്യവും കഥകളിയിലെ പെൺകരിയുടെ ആഹാര്യവും പ്രകടസാമ്യങ്ങളുണ്ടെന്നു കണ്ടാലുടൻ, കരുകലക്കിയിൽ നിന്നാണ് പെൺകരിയുടെ ആഹാര്യം സ്വീകരിച്ചത് എന്നു സിദ്ധാന്തം നിർമ്മിയ്ക്കുന്നതരം ഒരു ഫലിതം എന്നും നമ്മളെ പിന്തുടരുന്നുണ്ട് . ലോകത്തെല്ലാവരുടേയും മണികണ്ഠം മറിയുന്ന മട്ടിൽ തന്നെയാണ് എന്നതുകൊണ്ടാണ് നിങ്ങൾ കുഴമറിയുന്ന വിദ്യ കൈയ്യിൽ തന്നെ ആദ്യം കണ്ടൂപിടിച്ചത് കേരളീയരാണ് എന്നു വാദിയ്ക്കാത്തത് എന്നു ഞാനിപ്പോൾ പറയുന്നില്ല

അന്വേഷണങ്ങൾ എളുപ്പം പുനരുത്ഥാനവാദത്തിലേക്കോ മൗലികവാദത്തിലേക്കോ എത്തിച്ചേരാവുന്ന ഒരു സാംസ്കാരികാന്തരീക്ഷം അൽപ്പം കൂടി സൂക്ഷ്മത ആവശ്യപ്പെടുന്നില്ലേ എന്നേ ചോദ്യമുള്ളൂ. ഇനി 'കുഴമറിയൽ പുരസ്കരം' മനോജേട്ടനു വേണമെങ്കിൽ എനിയ്ക്കു പരാതിയൊന്നുമില്ല, എടുത്തോളൂ , അവാർഡ് കമ്മറ്റിയിൽ ഞാനില്ല

 സൈക്കഡലിക്ക് റോക്കിലെ തംബുരുവിന്റേയും സിതാറിന്റേയും തബലയുടേയും അവകാശം റോളിങ്ങ് സ്റ്റോൺസോ കിങ്ക്സോ ബീറ്റിൽസോ അവകാശപ്പെടാത്ത പോലെ യക്ഷഗാനവും അവകാശം ചോദിച്ചുവരരുത് എന്നു വാശിപിടിയ്ക്കുരുത് എന്നേയുള്ളൂ അപേക്ഷ

 

Manoj Kuroor- പോപ് സംഗീതം ഉദാഹരണമാക്കിയ സ്ഥിതിക്ക് മറ്റു ചിലതുകൂടി ഓര്‍ക്കുന്നതു കൊള്ളാം ചിത്രാ. അമേരിക്കയിലെ കറുത്തവരുടെ തെരുവുകളിലാണ് റോക്ക് ആന്‍ഡ് റോള്‍ സംഗീതം രൂപം കൈക്കൊണ്ടത് എന്നു പൊതുവേ കരുതപ്പെടുന്നു. ചക്ക് ബറി മുതല്‍ പലരുടെയും പേര് അതിന്റെ ആവിഷ്കര്‍ത്താക്കള്‍ എന്ന നിലയില്‍ പറഞ്ഞു കേള്‍ക്കാറുമുണ്ട്. എല്‍‌വിസ് പ്രസ്‌ലിയെപ്പോലെയുള്ള വെളുത്ത ഗായകര്‍ ‘സര്‍ഗാത്മകമായി ഉപയോഗിക്കുകയും പുനര്‍‌നിര്‍മ്മിക്കുകയും’ ചെയ്തതുകൊണ്ട് പ്രസ്‌ലിയെയും ബില്‍ ഹാലിയെയും അതിന്റെ ആവിഷ്കര്‍ത്താക്കളില്‍ പ്രമുഖരായി കരുതുന്നവരുമുണ്ട്. പറഞ്ഞുവന്നത് ഇത്തരം നിരീക്ഷണങ്ങള്‍ അപ്രസക്തമാകുന്ന തരത്തിലൊന്നുമല്ല സംസ്കാരപഠനം വികാസം പ്രാപിച്ചത്. മാത്രമല്ല ‘സംസ്കാരപഠനം’ എന്ന മോഹനമായ വാക്ക് പ്രതിനിധീകരിക്കുന്ന പഠനപദ്ധതി കേള്‍ക്കുന്നപോലെ അത്ര വിശാലമായതൊന്നുമല്ല. പലപ്പോഴും രാഷ്ട്രീയത്തിന്റെ അമിതപ്രാധാന്യമുള്ള പഠനശാഖയാണത്. അത്തരത്തില്‍ പ്രബലമായ സംസ്കാരപഠനത്തോട് വലിയ കമ്പമൊന്നും എനിക്കില്ല. ഇന്ത്യ പോലെ ഓരോ കാര്യത്തിലും കൃത്യമായ ചരിത്രം സൂക്ഷിക്കാത്ത സ്ഥലങ്ങളില്‍ സാംസ്കാരികസാഹചര്യത്തെ അടിസ്ഥാനമാക്കി അനുമാനങ്ങള്‍ സ്വരൂപിക്കുന്നത് അത്ര മോശം ഏര്‍പ്പാടൊന്നുമല്ല. ഭാവനയുടെയും ഐതിഹ്യത്തിന്റെയും മിത്തിന്റെയും സാഹിത്യകൃതികളുടെയുമൊക്കെ സമാന്തരവായനയിലൂടെ കൃത്യമായ ചരിത്രം എന്ന സങ്കല്പത്തെ നവചരിത്രവാദം പോലുള്ള പഠനശാഖകള്‍ ‘സര്‍ഗാത്മകമായി പുനര്‍‌നിര്‍ണയിച്ചിട്ടു’മുണ്ട്. സിദ്ധാന്തവത്കരണത്തിന് അങ്ങനെ ഏകമുഖമായ പ്രയോഗപദ്ധതിയൊന്നും ഇല്ല എന്നര്‍ത്ഥം. ഇവിടെ മേളങ്ങളുടെ ശൈലീവത്കരണം, നാദക്രമീകരണം, കൊട്ടു കുലത്തൊഴിലാക്കിയ സമൂഹങ്ങളുടെ സാന്നിധ്യം എന്നിവ ചേര്‍ത്തുവച്ച് ഉരുളുകൈയെക്കുറിച്ച് ആലോചിച്ചു എന്നതാണ് ചെയ്ത കാര്യം. അതിനെ മൌലികവാദം എന്നു വിളിച്ചതിനോടാണു വിയോജിപ്പ്. എല്ലായിടത്തും മനുഷ്യന്റെ മണികണ്ഠം മറിക്കാവുന്നതാണ് എന്നതുകൊണ്ട് സവിശേഷമായ സാധകത്തിലൂടെ ചെണ്ടവാദനത്തിന്റെ വേഗതയും നാദക്രമീകരണവുമൊക്കെ സാധ്യമാക്കിയ വലിയൊരു പരീക്ഷണത്തെ നിസ്സാരമാക്കാം എന്നും ഞാന്‍ കരുതുന്നില്ല. ശാഠ്യമൊന്നുമല്ല. പക്ഷേ മറ്റേതു വാദ്യത്തിലും കൊട്ടുന്ന കരണങ്ങളില്‍ ഏതുവേണമെങ്കിലും സ്വന്തം രീതിയില്‍ ചെണ്ടയില്‍ പുനര്‍നിര്‍മ്മിക്കാം എന്ന അവസ്ഥയുണ്ടായത് ഈ ഉരുളുകൈയുടെ വികാസത്തോടെയാണ് എന്നതുകൊണ്ടുതന്നെ മേളങ്ങളെയും തായമ്പകയെയും കഥകളിമേളത്തെയും ഇന്നുള്ള രീതിയില്‍ വികസിപ്പിച്ച ആ വാദ്യവാദനരീതിയെ അത്ര പെട്ടെന്നൊന്നും വിട്ടുകൊടുക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. വിട്ടുകൊടുക്കുന്നതില്‍ വിരോധമൊന്നുമില്ല. പക്ഷേ ഈ രീതിയിലുള്ളതോ ഇതിനെക്കാള്‍ വികസിച്ചതോ ആയ ഉരുളുകൈപ്രയോഗം ഇതിനുമുന്‍പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രം!

 

Sreechithran Mj- സംസ്കാരപഠനമെന്ന 'മോഹനമായ വാക്ക് ' പ്രതിനിധീകരിയ്ക്കുന്ന രാഷ്ടീയാധിക്യമുള്ള പഠനങ്ങളുടെ വഴിയല്ല Manoj ഏട്ടനേപ്പോലുള്ളവർ സ്വീകരിയ്ക്കുന്നത് എന്ന് എപ്പൊഴും തോന്നാറുണ്ട്. പറയുമ്പോൾ സംസ്കാരപഠനമെന്നു തന്നെയാണ് ഈ ചെയ്തികളെയും പലരും വ്യവഹരിയ്ക്കാറെങ്കിലും. ഇന്ത്യ പോലെ പലതലങ്ങളും മാനങ്ങളുമുള്ള രാഷ്ടീയാന്തരീക്ഷത്തെ വിശദമാക്കുന്ന രീതിയിൽ സംസ്കാരപഠനം മലയാളത്തിലെങ്കിലും കുറവെന്നും തോന്നുന്നു. അതു വേറെ വിഷയം - വേറെ സ്ഥലത്ത് ആവശ്യമെങ്കിൽ ചർച്ച ചെയ്യാവുന്നത്.

മിത്തും ഭാവനയും ഐതിഹ്യവുമെല്ലാം വിശാലാർത്ഥത്തിൽ ചരിത്രനിർമ്മിതിയുടെ ഭാഗമാണ് എന്ന ആശയവും ഒട്ടും പുതിയതല്ല. ബന്യാമീനും അൽത്തൂസറും മുതൽ അനേകരിലൂടെ ചരിത്രത്തെപ്പറ്റി വളർന്നുവന്ന പുതിയ ധാരണകളെ തീരെ പരിചയപ്പെടാതിരുന്നിട്ടുമില്ല. എന്നാലിവിടെ പ്രശ്നം അതാണെന്നു തോന്നുന്നില്ല. 'ഉരുളുകൈയുടെ വികാസം' മറ്റൊരു കാര്യവും 'ഉരുളുകൈ ഉപയോഗിയ്ക്കുന്ന ഇടങ്ങളും അവയുടെ സംക്രമണദിശയും' വേറൊരു കാര്യവുമാണ്. വികാസം തീർച്ചയായും കേരളത്തിൽ തന്നെയെന്ന് ആർക്കുമറിയാം. വികാസം ഒരിടത്താണെന്നു വെച്ച് സംക്രമണദിശ അവിടുന്നേ ആവൂ എന്നില്ല. ആവില്ല എന്നും ഇല്ല. ഇക്കാര്യങ്ങളിൽ പിടിവാശിയ്ക്കു പ്രസക്തിയില്ല, അതുകൊണ്ട് പേറ്റന്റ് ആർക്ക് എന്ന് ചിന്തിയ്ക്കുന്നതിൽ കാര്യമില്ല എന്നേ പറഞ്ഞുള്ളൂ. വികാസം പ്രാപിച്ചിടത്തല്ല നമ്മുടെ പല കലാസങ്കൽപ്പനങ്ങളുടേയും ഉൽഭവം.

ഇത്രയും പറഞ്ഞതിനർത്ഥം ഞാൻ 'നമ്മുടെ' എന്നു പലവട്ടം പറയുന്ന കേരളത്തോടോ കേരളീയകലകളോടോ തീരെ 'നമ്മൾ' വികാരമില്ലാതെ യക്ഷഗാനത്തിനു വേണ്ടി വാദിയ്ക്കുകയാണെന്നു തോന്നിയാൽ, ഞാനും നിരായുധനാണ്

പോപ് മ്യൂസിക്ക് - വിശേഷിച്ചും സൈക്കഡലിക്ക് റോക്ക് ഉദാഹരിച്ചത് അതിൽ ഇന്ത്യൻ സ്വാധീനം ശക്തമായതുകൊണ്ടാണ്. അതുകൊണ്ട് സംക്രമണദിശയേപ്പറ്റി ആരും സംശയിക്കില്ല. കാരണം ചരിത്രം കുറേക്കൂടി സമീപസ്ഥവും സുവ്യക്തവുമാണ്. എന്നാൽ ഉരുളുകൈയുടെ അടിയാധാരമൊക്കെ തപ്പിയിറങ്ങിയാൽ, അതുപോലെയാവണമെന്നില്ല ഫലം എന്നു പറഞ്ഞതായിരുന്നു

ധർമ്മങ്ങളും ഫലശ്രുതികളുമൊക്കെ ദേശം, കാലം ഒക്കെ മറ്റു പലതുമായി മാറ്റുന്ന, പുനർനിർണയിക്കുന്ന അവസ്ഥ കൂടി എന്നിട്ടും റോക്ക് നാൾവഴികളിൽ കാണാമെന്നു കൂടി ഞാനോർക്കുന്നുണ്ട്, മനോജേട്ടാ. ഫഗ്‌സ് ചെയ്തതല്ലല്ലോ പിങ്ക് ഫ്ലോയ്ഡ് ബ്രിട്ടനിൽ ചെയ്തത്. പ്രതിഷേധവുമായി എപ്പൊഴോ സമരസപ്പെട്ടും അല്ലാതെയും ആ ചരിത്രം യാത്ര തുടർന്നിട്ടുണ്ട്.ചരിത്രനിർമ്മിതി മനോജേട്ടൻ പറഞ്ഞപോലെ ഏകശിലാത്മകമല്ലാത്തതു കൊണ്ടു തന്നെ, വാസ്തവങ്ങളെന്നോണം സിദ്ധാന്തനിർമ്മിതികൾ നടത്താൻ നമ്മൾ തത്രപ്പെടുന്നതിനേപ്പറ്റി എന്റെ ആശങ്ക പറഞ്ഞെന്നേ ഉള്ളൂ.

വ്യാസനും വിഘ്നേശ്വരനുമായുള്ള സംവാദത്തെപ്പറ്റിയുള്ള ആനന്ദ് വാചകം പോലെ " എണ്ണ കത്തിത്തീരുമ്പോൾ പർവ്വങ്ങളേ തീരൂ, പ്രശ്നങ്ങൾ തീർന്നില്ല, തീരുകയുമില്ല "

free joomla templatesjoomla templates
2024  Aswadanam.com   globbers joomla template