വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം.
- Details
- Category: Kathakali
- Published on Monday, 10 August 2015 09:26
- Hits: 7202
വാഴേങ്കട കുഞ്ചുനായരുടെ നളചരിതസമീപനം. - കലാമണ്ഡലം വാസു പിഷാരോടി.
(02 മെയ് 2015, ശ്രീ കലാമണ്ഡലം ഇ വാസുദേവന്‍ നായരുടെ സപ്തതിയോടനുബന്ധിച്ച്, എറണാകുളത്ത് നടന്ന സെമിനാറില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ ലിഖിതരൂപം.) – തയ്യാറാക്കിയത് എന്‍. രാമദാസ്.
എന്‍റെ കുട്ടിക്കാലത്ത് നളചരിതത്തിലെ നായകവേഷം കൈകാര്യം ചെയ്തിരുന്നത് കുഞ്ചുനായരാശാന്‍, കൃഷ്ണന്‍ നായരാശാന്‍, മാങ്കുളം തിരുമേനി തുടങ്ങിയ പ്രഗത്ഭര്‍ ആയിരുന്നു. ഈ മൂന്നു ആചാര്യന്മാര്‍ക്കും നളനോടുള്ള സമീപനത്തില്‍ കുറച്ചുകുറച്ചൊക്കെ –ചിലപ്പോള്‍ കുറച്ചധികം –വൈവിധ്യങ്ങള്‍ ഉണ്ടായിരുന്നു. നളചരിതം അവതരിപ്പിക്കുമ്പോള്‍ അധികം പരിഭ്രമിക്കേണ്ട കാര്യമില്ല, ഉണ്ണായിവാരിയര്‍ നന്നായി തന്നെ പാത്രസൃഷ്ടി നടത്തിയിട്ടുണ്ട് എന്ന് ഇവിടെ നേരത്തെ സംസാരിച്ചവര്‍ പറഞ്ഞു. അതുതന്നെയാണ് നളചരിതാവതരണത്തിലെ വൈഷമ്യവും. മറ്റു കഥാപാത്രങ്ങളിലൊന്നും പാത്രസൃഷ്ടി പൂര്‍ണ്ണമാണെന്നു ആലങ്കാരികശാസ്ത്രജ്ഞന്മാരോ നിരൂപകരോ ഒന്നും വ്യാഖ്യാനങ്ങളില്‍ പറഞ്ഞിട്ടില്ല. കഷ്ടിച്ചു കാലകേയവധത്തില്‍ മാത്രമേ ഇതുള്ളൂ എന്നും പറയാറുണ്ട്. ഏറ്റവും പ്രസിദ്ധമായ കോട്ടയം കഥകളില്‍ പോലും ഒരു പരിധി വരെ ധര്‍മ്മപുത്രര്‍ക്ക് പ്രാധാന്യം, മറ്റൊരു പരിധി വരെ ഭീമന് പ്രാധാന്യം, മറ്റൊരു പരിധി വരെ അര്‍ജ്ജുനനു പ്രാധാന്യം – അങ്ങനെയൊക്കെയാണ്. അന്നത്തെ കാലത്തൊക്കെ പാത്രസൃഷ്ടി പൂര്‍ണ്ണമാകുക എന്നതിനപ്പുറം മൊത്തം കളി നന്നാവുക എന്നായിരിക്കണം ചിന്തിച്ചിട്ടുണ്ടാവുക.
എന്നാല്‍ ഉണ്ണായിവാരിയരുടെ, ഇവരാരും കൂട്ടാക്കാതെയുള്ള നിരങ്കുശമായ നളചരിതത്തോടുള്ള വീക്ഷണം കൊണ്ടുള്ള അദേഹത്തിന്റെ നാട്യപ്രബന്ധത്ത്തിന്റെ അവതരണം ഭാഷ കൊണ്ടും മറ്റു കാര്യങ്ങള്‍ കൊണ്ടും തുലോം വിഭിന്നമാണ്. ഏറ്റവും ചെറിയ കഥാപാത്രത്തിനുപോലും ഒരു സ്വഭാവം അദ്ദേഹം ഉണ്ടാക്കിവചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആകണം ഉണ്ണായിവാരിയരുടെ നളചരിതം അവതരിപ്പിക്കുക ഏറെ ശ്രമകരമായത്. കലാമര്‍മ്മജ്ഞാനായ അന്തരിച്ച കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട് ഒരിക്കല്‍ പറയുകയുണ്ടായി “നളചരിതത്തെ കഥകളി ആക്കിയതും, ഉണ്ണായി വാരിയരുടെ നളനെ കാണിച്ചുതന്നതും കുഞ്ചുനായര്‍ ആണ്” എന്ന്. എന്താണ് ഉണ്ണായി വാരിയരുടെ നളനും വ്യാസന്റെ നളനും മഴമംഗലത്തിന്റെ നളനും, ഹര്‍ഷന്റെ നളനും ഒക്കെയുള്ള മാറ്റങ്ങള്‍? അനവധി മാറ്റങ്ങള്‍ ഉണ്ട്. ആശാന്‍ ഒരു ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട് “കവി എന്താണ് പറഞ്ഞത്, എന്നതിന് കോട്ടം വരാതെകണ്ട് അവതരിപ്പിക്കുകയാണ് നടന്റെ ധര്‍മ്മം”. എന്നാല്‍ കൊട്ടാരക്കാര തമ്പുരാന്‍ പറഞ്ഞതു പോലെയുള്ള അശ്ലീലമായ ചിലത് ഒഴിവാക്കി അവതരിപ്പിക്കുക എന്നതും നടന്റെ ധര്‍മ്മമാണ്. പരശുരാമന്റേതായുള്ള പദങ്ങളില്‍ ചില വരികള്‍ ഒഴിവാക്കേണ്ടത് ആവശ്യമാണ്. ഒഴിവാക്കിയില്ലെങ്കില്‍ നന്നല്ല. എന്നാല്‍ ഉണ്ണായി വാരിയരുടെ നളന്‍റെ സ്വഭാവം, അദ്ദേഹം പുറപ്പാട് പദത്തില്‍ പറഞ്ഞിട്ടുള്ള വിശേഷണങ്ങള്‍ക്കും അപ്പുറമാണ്. ധാര്‍മ്മികനായ, നീതിബോധമുള്ള, ഉത്തമനായ ഒരു യുവരാജകുമാരന്റെ മാനസികസ്പന്ദനങ്ങളും സംഘര്‍ഷങ്ങളും ആണ് കഥയുടെ ജീവനാഡി.
ഒരിക്കല്‍ പൈങ്കുളം രാമചാക്യാര്‍ കളി കാണാന്‍ വന്നുനിന്നു. പിറ്റേന്ന് “ഇന്നലെ ആശാന്‍റെ നളന്‍ കണ്ടുവോ” എന്ന് ഞങ്ങളോടൊക്കെ ചോദിച്ചു. കുണ്ഡിനനായക, നിര്‍ജ്ജനമെന്നതേയുള്ളൂ എന്നീ പദങ്ങളും അതിനുശേഷമുള്ള ആട്ടവും ഏറ്റവുമധികം സാത്വികഭാവത്തോടെ അവതരിപ്പിക്കുക കുഞ്ചുനായര്‍ മാത്രമാണ് എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഇത് പറയുമ്പോള്‍ അന്നും ഇന്നും നളനെ അവതരിപ്പിക്കുന്ന മറ്റുള്ള നടന്മാരെ അംഗീകരിക്കായ്ക അല്ല, അധികം മര്മ്മസ്പൃക്കായിട്ടുള്ള അശ്രു, സ്തംഭം, സ്വേദം തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള അഭിനയ സംപ്രദായം ആയിരുന്നു, നളചരിതം പോലെയുള്ള കഥകള്‍ അവതരിപ്പിക്കുമ്പോള്‍ ആശാന്‍ സ്വീകരിച്ചിരുന്നത്. അപ്പോഴാണ് ഉണ്ണായിവാരിയര്‍ അവതരിപ്പിച്ച നളനു വേണ്ടത്ര പുഷ്ടിയില്ല എന്നത് കണ്ടെത്തിയത് എന്ന് സൂപ്രണ്ടും പത്മനാഭന്‍ നായരാശാനും മറ്റും പറയാരുണ്ടായിരുന്നത്.
ആദ്യ രംഗത്തില്‍, നാരദ മഹര്‍ഷിയെ എതിരേറ്റുകൊണ്ടുവന്നിരുത്തി കുശലപ്രശ്നങ്ങളൊക്കെ പറയുമ്പോള്‍ ആണ് നാരദന്റെ ദമയന്തിയെ പറ്റിയുള്ള പരാമര്‍ശം. ഈ ഭാഗം അവതരിപ്പിക്കുമ്പോള്‍ ഒട്ടും അധികമാവാതെ, നാരദനോടുള്ള ഭക്തി, മുന്‍പു തന്നെ പലരും പറഞ്ഞുകേട്ട ദമയന്തിയെ കുറിച്ച് പറയുമ്പോള്‍ മനസ്സില്‍ ഒളിഞ്ഞുകിടക്കുന്ന ദമയന്തീ പ്രേമത്തിന്റെ അങ്കുരത്തിന്റെ ഉണരല്‍, തുടങ്ങിയവയൊക്കെ നാരദന്റെ പദത്തോടുള്ള ലഘുവായ, വളരെ സൂക്ഷ്മമായ അഭിനയത്തിലൂടെ പ്രതികരിക്കലും, തുടര്‍ന്ന് “കുണ്ഡിനനായകനന്ദിനി” എന്ന പദം. നളചരിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള മര്‍മ്മപ്രധാനമായ പദങ്ങളില്‍ ഒന്നാണ് ഇത്. കാരണം ആലംബമായിടു അവിടെ ഒന്നുമില്ല. മനസ്സങ്കല്പത്തോട് കൂടി നായികയെ കണ്ട്, അവളോടുള്ള ആഗ്രഹത്തിന്റെ പ്രതിഫലനം അവതരിപ്പിക്കുക എന്നതാണ് ഇതിന്റെ പ്രാധാന്യം. അത് വളരെ മനോഹരമായി നളന്‍ എന്ന കുലീനനായ രാജാവിന്റെ കാമചാപല്യങ്ങളിലേക്കു ഒട്ടും വഴുതി വീഴാതെ അവതരിപ്പിക്കുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. അവസാനത്തെ ആട്ടത്തില്‍ “ദമയന്തിയോടുള്ള ആഗ്രഹം വര്‍ദ്ധിച്ച് തനിക്കു രാജ്യകാര്യങ്ങളില്‍ താല്പര്യം കുറഞ്ഞു. എന്താണിനി അവളെ വേഗത്തില്‍ കിട്ടാന്‍ വഴി? വേഗം ഭീമരാജാവിനെ ചെന്നുകണ്ടു അങ്ങയുടെ മകളെ എനിക്ക് ഭാര്യയായി തരാമോ എന്ന് യാചിച്ചാലോ?” “അതുവയ്യ. മറ്റുള്ളവര്‍ അറിഞ്ഞാല്‍ നാണക്കേടാണ്. “എന്നാല്‍ പിന്നെ ക്ഷത്രിയരക്തം ഉള്ള താന്‍ സൈന്യങ്ങളുമായി ചെന്ന് ബലാല്‍ക്കാരമായി പിടിച്ചുകൊണ്ടുവന്നാലോ? “ഏയ് അങ്ങനെ കൊണ്ടുവന്നിട്ട് എന്താണ് കാര്യം? അവള്‍ക്കു എന്നോട് വൈമുഖ്യം തോന്നിയാലോ?”
ഇങ്ങനെയൊക്കെയുള്ള ചിന്തകളോടെയാണ് നളന്‍ ഉദ്യാനത്തിലേക്ക് പോകുന്നത്. തുടര്‍ന്ന് ഉദ്യാനത്തില്‍ ഹംസത്തെ കാണുന്നു, ദമയന്തിയെ കണ്ടു തിരികെ വന്ന ഹംസം കരഗതമായി എന്ന് പറയുമ്പോള്‍ മനസ്സില്‍ സന്തോഷം തുടിച്ചുപോങ്ങുന്നുണ്ടെങ്കിലും അതിനെയൊക്കെയോന്നു ഒതുക്കിക്കൊണ്ടാണ് സ്വയംവരത്തിനു പുറപ്പെടുന്നത്. ദേവന്മാരെ കാണുമ്പോഴും അവരുടെ ദൂത് സ്വീകരിക്കുമ്പോഴുമുള്ള നളന്റെ ഒരു ധര്‍മ്മസങ്കടം, പല മഹാനടന്മാരും ചെയ്തു കണ്ടിട്ടുണ്ടെങ്കിലും ആശാനെ പോലെ ഹൃദയസ്പൃക്കായി അനുഭവപ്പെട്ടിട്ടില്ല. ധര്മ്മസങ്കടവും ദമയന്തി അനുകൂലയാണ് എന്നറിയുന്നതിലെ സന്തോഷവും എല്ലാം ചേര്‍ന്ന് സംഘര്‍ഷം നിറഞ്ഞതാണ് അപ്പോള്‍ നളന്റെ മനസ്സ്. ഇവിടെയൊക്കെ ധാരാളിത്തമില്ലാതെ നിയതമായി വേണ്ടതരത്തില്‍ അളനളന്നു ആസ്വാദകനെ അനുഭവിപ്പിക്കുന്ന ഒരു രീതിയാണ് ആശാന്‍ അനുവര്ത്തിച്ചിരുന്നത്. അത് കുഞ്ചുനായര്‍ക്കു മാത്രം അവകാശപ്പെടാവുന്നതാണ് എന്ന് അന്നത്തെ മഹാപണ്ഡിതന്മാരായ കലാമര്‍മ്മജ്ഞന്മാര്‍ സമ്മതിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആശാന്‍ ഇല്ലാത്ത നളചരിതം കാണാന്‍ മടികാണിക്കുന്ന പലരും ആ കാലത്ത് ഉണ്ടായിരുന്നു.
രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, “കുവലയവിലോചനേ” എന്ന പദം അവതരിപ്പിക്കുമ്പോള്‍, വെറും ശൃംഗാരവര്‍ണ്ണന അല്ലാതെ, എന്തെന്നില്ലാത്ത പ്രേമത്തിന്റെയും സ്നേഹത്തിന്റെയും ഒരു ധ്വനി അദ്ദേഹത്തിന്റെ ചലനങ്ങളിലും മുദ്രകളിലും കണ്ണുകളിലുമെല്ലാം ഉണ്ടായിരുന്നു. അത് ചൊല്ലിയാട്ടത്തില്‍ കൂടി മ്നസ്സിലാകുമ്പോഴാണ് കൂടുതല്‍ വ്യക്തമാകുന്നത്. ശുദ്ധമായ ശൃംഗാരപദം ആണെങ്കിലും അത് ചെയ്യുമ്പോഴുള്ള ഒരു ശാലീനത ആണ് ആ അവതരണത്തിന്റെ പ്രത്യേകത. ആ ശാലീനത അദ്ദേഹത്തിന് ജന്മനാ ഉള്ളതാണ്. “കളയൊല്ലാ” എന്ന ഭാഗത്തൊക്കെ ദമയന്തിയോടുള്ള പ്രണയവും കാമാസക്തിയുമൊക്കെ ഇത്ര ഒതുക്കി അദ്ദേഹത്തിനു മാത്രമേ ചെയ്യാന്‍ കഴിയൂ. ആ പദങ്ങളൊക്കെ എത്ര നേരം വേണമെങ്കിലും, കാണികളെ ഇക്കിളിപ്പെടുത്തുന്ന ചേരുവകളോടെ കാണിക്കാന്‍ കഴിയും എന്നാല്‍ അതല്ല ഉണ്ണായി വാരിയരുടെ നളന്‍. “ചാടുവചനാല്‍” എന്നാണ് കവി പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ള നേരമ്പോക്കുകളാണ് പറയേണ്ടത്. അത് നന്നായി ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് ആശാന്‍റെ നളന്റെ മാഹാത്മ്യം. പിന്നെ മൂന്നാം ദിവസം. എനിക്ക് ആശാന്‍റെ വെളുത്ത നളന്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. “അനുജനോട് തോറ്റുള്ളം വേവിപ്പതും” എന്നൊക്കെ പറയുമ്പോള്‍ മിക്ക നടന്മാരും “അനുജന്‍” എന്ന് കേള്‍ക്കുമ്പോള്‍ വല്ലാതെ ദേഷ്യപ്പെട്ടു, പുഷ്കരനെ ശക്തമായി നോക്കി, തടം ഇളക്കി, “തോറ്റു” എന്ന് പറയുമ്പോള്‍ വല്ലാണ്ടെ കരച്ചില്‍ വന്നു, ഇങ്ങനെ ഒരു രീതിയില്‍ ആണ് അവതരിപ്പിക്കാറുള്ളത്. ആശാന്‍റെ കാഴ്ചപ്പാടില്‍ അങ്ങനെ അല്ലായിരുന്നു. പുഷ്കരനെ നോക്കുപോലുള്ള നിസ്സഹായത, “ഉള്ളം വേവിപ്പതും” എന്ന് ചിന്തിക്കുപോള്‍ താന്‍ ആലോചിക്കാതെ കണ്ടു ചെയ്തിട്ടുള്ള അപരാധതിലുള്ള കുറ്റബോധം, ഇവയൊക്കെ പ്രതിഫലിപ്പിക്കുന്നതായിരുന്നു വെളുത്ത നളന്‍.
മറ്റേതു പ്രഗത്ഭ ആചാര്യന്മാര്‍ ഉണ്ടായിരുന്നാലും കഥ മൂന്നാം ദിവസം ആണെങ്കില്‍ ആശാന്‍റെ തന്നെ ബാഹുകന്‍ ആയിരുന്നു നിശ്ചയിച്ചിരുന്നത്. അതിനൊക്കെ കുറെയധികം വെളുത്ത നളന്‍ കെട്ടാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയിട്ടുണ്ട്. പൊതുവേ ആസ്വാദക സമൂഹം മൂന്നാം ദിവസത്തിനു ആശാന് ഒന്നാം സ്ഥാനം കൊടുത്തിരുന്നു. മൂന്നാം ദിവസം തുടങ്ങുമ്പോള്‍ തന്നെ ദു:ഖമാണ് – വെളുത്ത നളന്‍ . പിന്നെ അല്പം ഫിലോസഫി എല്ലാം കഴിഞ്ഞു കുറച്ചു സമാധാനം ആകുമ്പോഴേക്കും കാര്‍കോടകന്റെ ദു:ഖം. പിന്നെ ബാഹുകന്‍ പ്രത്യക്ഷപ്പെട്ട ശേഷം ആ രൂപാന്തരവുമായി ബന്ധപ്പെട്ട ഭാവപ്രകടനങ്ങള്‍ കഴിയുമ്പോള്‍ ബാഹുകനും ദു:ഖത്തില്‍ കൂടി തന്നെ കടന്നുപോകുന്നു. കാര്‍കോടകദംശനം കൊണ്ട് നളന്റെ രൂപത്തിനെന്നപോലെതന്നെ മനസ്സിനും ചെറിയ ഒരു മാറ്റം – ചെറിയ ഒരു ബോധത്തിന്റെ മാറ്റം ഉണ്ടായി. “എന്നെനിക്കുണ്ടാവും യോഗം” എന്നുള്ളിടത്തൊക്കെ വല്ലാണ്ട് വാവിട്ടു നിലവിളിച്ചു “ഇനി കിട്ട്വോ?” എന്നൊക്കെ ഉള്ള മനോഭാവം അല്ലാതെ, പൊയ്പോയ ഭൌതികവസ്തുക്കളേക്കാള്‍ എന്‍റെ പ്രാണനാഥ ആയിട്ടുള്ള ഭൈമിയോടു കൂടി ചേരാന്‍ “എന്നെനിക്കുണ്ടാവും യോഗം” എന്നതിന്റെ മൂര്‍ച്ച – അതങ്ങനെ ഒതുക്കി – പൊട്ടിപ്പൊട്ടിക്കരഞ്ഞുകൊണ്ടുള്ള ഒരു രീതിയല്ല. എന്നാല്‍ കണ്ണുകളില്‍ വെള്ളം തളം കെട്ടി നില്‍ക്കും. എന്നിട്ടൊരു ദീര്‍ഘശ്വാസം ഉണ്ട്. ആ ദീര്‍ഘശ്വാസവും അതോടുകൂടീട്ട് കാര്‍കോടകനോടുള്ള ആ ദേഷ്യവും. അതൊക്കെ പഠിപ്പിച്ചാലൊന്നും പഠിയില്ല. അദ്ദേഹത്തിനു തന്നെയേ അങ്ങനെയൊക്കെ വരികയുള്ളൂ. ബാഹുകനുമായി അത്രയ്ക്ക് താദാത്മ്യം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നെ അദ്ദേഹത്തിന്റെ പല ലേഖനങ്ങളിലും ബാഹുകനോടുള്ള ആ പ്രതിപത്തിയും, അതിരുകവിഞ്ഞ അഭിനിവേശവും എല്ലാം അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് കാര്‍കോടകന്‍ താന്‍ നിര്‍ദ്ദേശിച്ച രീതിയിലൊക്കെ ചെയ്‌താല്‍ ഭാവി ഭാസുരമാണ് എന്ന് പരഞ്ഞുപദേശിച്ചു വിട്ടതിനു ശേഷം, കാര്‍കോടകന്‍ മറയുന്നു. അപ്പോള്‍ ചെറിയ സമാധാനത്തിന്റെ ഒരു കൊച്ചു തിരി അവിടെ വച്ച് കണ്ടു. എന്നിരുന്നാലും പിന്നെ അദ്ദേഹം കൊണ്ടുവന്നിട്ടുള്ള ആട്ടം പൂര്വ്വകഥകളെ കുറിച്ചൊക്കെ ചെരുതായിട്ടൊന്നു സ്പര്‍ശിച്ചു പോകലാണ്. കാട്ടിലുപേക്ഷിച്ചു പോയ ദമയന്തിയുടെ മുഖത്തെ പറ്റി ചിന്തിച്ചും, താന്‍ ചെയ്തിട്ടുള്ള അപരാധത്തെ ഓര്‍ത്തു പശ്ചാത്തപിച്ചും – അപ്പോഴേക്കും അപരാധത്തെ കുറിച്ച് നല്ലവണ്ണം ബോധവാനായി- പക്ഷേ എന്നാലും കാര്‍കോടകന്‍ പറഞ്ഞതുപോലെ അവളുമായി കൂടിച്ചേരാന്‍ ഭാഗ്യമുണ്ടാകും എന്ന് സ്വയം സമാധാനിച്ച് – ഇതൊക്കെ സ്വഗതായിട്ടാണ്. തന്‍റെ മനസ്സിനോടാണ് സംസാരിക്കുന്നത്. ആ ചിന്തകളിങ്ങനെ മാറി മാറി വന്നു പോകുന്നു. അതൊക്കെ അഭിനയിച്ചുണ്ടാക്കാന്‍ കുറച്ചു ബുദ്ധിമുട്ടാണ്. അദ്ദേഹത്തിന്‍റെ സിദ്ധിയില്‍ തന്നെയേ പറ്റൂ. അതൊക്കെ കഴിഞ്ഞു ദമയന്തിയുമായിട്ടു ചേരാന്‍ വൈകുമ്പോള്‍ കുട്ടികളെ പറ്റിയുള്ള ചിന്ത. “ആ.. അത് പിന്നെ ഭീമരാജാവ് കാത്തുകൊള്ളും.” ഇങ്ങനെ പല തരത്തിലുള്ള ചിന്തകള്‍. രാജ്യം എന്ന് നേടാന്‍ കഴിയും എന്നും മറ്റുമുള്ള ഭൌതികനേട്ടങ്ങളേക്കാള്‍ ദമയന്തിയും കുട്ടികളുമായി എന്ന് ഒന്നിക്കാന്‍ കഴിയും എന്ന ചിന്തയുടെ ഫലമായ സംഘര്‍ഷങ്ങള്‍. അതിന്‍റെ അവസാനം “കാര്‍കോടകന്‍ നിര്‍ദ്ദേശിച്ചതുപോലെ ഋതുപര്‍ണ്ണരാജധാനിയിലേക്ക് പോകുകതന്നെ” എന്ന് പറഞ്ഞിട്ടാണ് പുറപ്പെടുന്നത്. അവിടെ അദ്ദേഹം വായിച്ചിട്ടുള്ള ഒരുപാട് പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തിയിട്ടുള്ള ധാരാളം ആട്ടശ്ലോകങ്ങളൊക്കെ ഉണ്ട്. പലതും ഞാനും കണ്ടിട്ടുണ്ട്. അതൊന്നുമല്ല അവിടെ അദ്ദേഹം ആടുക. ഉണ്ണായി വാരിയര്‍ തന്നെ പറഞ്ഞിട്ടുണ്ട് “അഥ ധ്യായന്‍ ജായാം” ഭൈമിയെ ധ്യാനിച്ചുകൊണ്ട്. “ശിവോദര്‍ക്കാം ജാനന്‍” ആയിട്ടാണ് യാത്ര. മംഗളം ഭവിക്കും, ഭാവി ഭാസുരമാകും എന്ന് കാര്‍കോടകമുഖതുനിന്നു നളന്‍ അറിഞ്ഞിട്ടുണ്ട്. അതിനുവേണ്ടി ഉത്സാഹിച്ചു പുറപ്പെടുമ്പോഴും “അഥ ധ്യായന്‍ ജായാം” എന്നതിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് പിന്നെ ആട്ടങ്ങള്‍. ദമയന്തീചിന്ത മനസ്സിലങ്ങനെ നീറിക്കൊണ്ടിരിക്കും. ആശാന്‍റെ മൂന്നാം ദിവസം കാണുമ്പോള്‍ എനിക്കു തോന്നിയിട്ടുള്ളത് പൊട്ടിക്കരയുന്ന കരച്ചില്‍ അല്ല. മനസ്സില്‍ എന്തോ ഇങ്ങനെ നീറി നീറിപ്പിടിച്ചുകൊണ്ടിരിക്കും. അദ്ദേഹത്തിന്റെ ഭാവത്തിലും നോട്ടത്തിലും എല്ലാം ഉമിത്തീ നീറി നീറിപിടിക്കുംപോലുള്ള ഒരു അനുഭവമാണ്. കാട്ടിലുള്ള ജീവജാലങ്ങളുടെ ഓരോ ചലനങ്ങളും കാണുമ്പോള്‍ അവിടെയൊക്കെ ദമയന്തിയെ കുറിച്ചുള്ള ചിന്ത മുന്‍പില്‍ വന് നില്‍ക്കുകയാണ്. അങ്ങനെയാണ് ഋതുപര്‍ണ്ണരാജധാനിയില് എത്തിച്ചേരുന്നത്. പഠിച്ചതില്‍ നിന്ന് മാത്രമല്ല അനവധി അനുഭവങ്ങളില്‍ നിന്നാണ് ഇതെല്ലാം കൊണ്ട് വരുന്നത്. “കഥകളിവെട്ട”ത്തില്‍ എഴുതിയിട്ടുണ്ട്. ഒരിക്കല്‍ തൃപ്പൂണിത്തുറയില്‍ കളി നടക്കുമ്പോള്‍ അദേഹത്തിന്റെ ബാഹുകന്‍ കാണാന്‍ പരീക്ഷിത്ത് തമ്പുരാന്‍ എഴുന്നള്ളി എത്തിയിരുന്നു. ആശാന്‍ രാജധാനി വര്‍ണ്ണന കാണിച്ചു. അതിനുശേഷം തമ്പുരാന്‍ കത്തെഴുതുകയോ മറ്റോ ഉണ്ടായി. രാജധാനി വര്‍ണ്ണന കുറച്ചധികമായി എന്ന്. നളനെ സംബന്ധിച്ച ഋതുപര്‍ണ്ണരാജധാനി അത്ര കേമായിട്ടു കാണിക്കേണ്ട കാര്യമില്ല. ആശാന്‍ മറുപടി എഴുതി. ബാഹുകന്‍ ഋതുപര്‍ണ്ണരാജധാനിയിലേക്ക് എത്തിയിട്ടും ഋതുപര്‍ണ്ണന്റെ വേഷംപൂര്‍ത്തിയായിട്ടില്ല എന്ന് അണിയറക്കാരാരോ അറിയിച്ചപ്പോള്‍ പിന്നോട്ട് പോകാന്‍ വയ്യാത്തതുകൊണ്ട് അങ്ങനെ ചെയ്തു എന്നെ ഉള്ളൂ എന്ന്. അങ്ങനെ അരങ്ങില്‍ നിന്നും അണിയറയില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഉണ്ടാകുന്ന അനവധി അനുഭവങ്ങളില്‍ നിന്നും സ്വീകരിക്കേണ്ടവ സ്വീകരിച്ചും, തള്ളേണ്ടവ തള്ളിയും ആയിരുന്നു അദ്ദേഹത്തിന്‍റെ അരങ്ങുകള്‍. മഹാകവി ജിയോടും മുണ്ടശ്ശേരിയോടും പോലും പറയേണ്ടത് ധാര്‍ഷ്ട്യത്തോടുകൂടി തന്നെ പറയാനും ഒക്കെ തയ്യാറായ ഒരു മഹാനടന്‍ ആയിരുന്നു അദ്ദേഹം. പിന്നെ, “വിജനേ ബത”യും മറിമാന്‍കണ്ണിയും (ഒന്നു തോടി ആണ്, മറ്റേത് ദ്വിജാവന്തിയും. രണ്ടും ശോക പദങ്ങള്‍). രണ്ടിനോടുമുള്ള കാഴ്ചപ്പാട് വ്യത്യസ്തമാണ്. വിജനേ ബതക്കു, റിയലിസ്ടിക് ആയി പറഞ്ഞാല്‍, നാടകത്തില്‍ ആണെങ്കില്‍, ആ നളന്‍ കമിഴ്ന്നുകിടന്നു തലയിണയില്‍ മുഖമമര്‍ത്തി തേങ്ങിത്തേങ്ങി കരയുന്ന ഒരു പ്രതീതി. അത് കഥകളിയില്‍ ആകുമ്പോള്‍, അറിയാതെ വിചാരിച്ചു വിചാരിച്ചു തേങ്ങിത്തേങ്ങി കരയുന്ന അഭിനയമാണ് അവിടെ. എനാല്‍ മറിമാന്‍കണ്ണി ആകുമ്പോഴേക്കും, ദു:ഖം തന്നെ ആണെങ്കിലും ശോകത്തിന്റെ രീതിക്ക് വളരെ മാറ്റമുണ്ട്. ഓരോന്നായി അസഹ്യമായ വേദന നല്‍കുന്ന അനുഭവങ്ങള്‍ എല്ലാം കൂടി മനസ്സില്‍ കിടന്നു തിളച്ചുമറിഞ്ഞു, ദമയന്തിയോടുള്ള അതിരറ്റ സ്നേഹം, വിശ്വാസം എല്ലാം കൂടി, എഴുത്താണി കനലില്‍ പഴുപ്പിച് നെഞ്ചില്‍ കുത്തിയാല്‍ സീല്‍ക്കാരതോടുകൂടി തുളച്ചുകയറുന്നതുപോലെയുള്ള ഒരു അനുഭവമാണ്. എന്നാല്‍ ആ അതിരറ്റ സ്നേഹവിഹ്വാസങ്ങള്‍ കൊണ്ട്, അവള്‍ അങ്ങനെ ചെയ്യില്ല എന്ന് കേള്‍ക്കാനും വിശ്വസിക്കാനുമുള്ള ഒരു ആഗ്രഹത്തിന്റെ ധ്വനിയും ഉണ്ട്. “അത് ആളുകള്‍ പറഞ്ഞുണ്ടാക്കിയതാവും. അവള്‍ അങ്ങനെ ചെയ്യില്ല” എന്ന് കരുതാനുള്ള വിശ്വാസത്തിന്റെ ദാര്‍ട്യം, അങ്ങനെ പുറപ്പെട്ട ബാഹുകന്‍ കുണ്ഡിനനഗരിയില്‍ എത്തുമ്പോള്‍ ഒരു ബഹളവുമില്ല.
അതും കഴിഞ്ഞു നാലാം ദിവസത്ത്തിലെത്തുമ്പോള്‍, ആ തിരശ്ശീല മാറ്റുമ്പോള്‍, കാര്‍മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന, പെരുമഴ പെയ്യാന്‍ ഭാവിക്കുന്ന ഒരു കറുത്ത അന്തരീക്ഷത്തെ പോലെയാണ് അദ്ദേഹത്തിന്റെ മുഖം. “എന്താ ഇനിയിപ്പോ അവിടെ> സംഭവിക്കുന്നത്” ബാഹുകന്റെ ഉള്ളിലുള്ള ആ വിമ്മിഷ്ടം ഉണ്ടല്ലോ. അത് ഇന്ന തരത്തില്‍ അഭിനയിക്കണം എന്ന് പറയാന്‍ പറ്റില്ല. കേശിനി വന്നു കാണുമ്പോള്‍ അശ്രദ്ധമായ ഒരു നോട്ടം. അതെങ്ങനെ പറയണം എന്നെനിക്കറിയില്ല. അവിടെ അങ്ങനെ ഇരിക്കുമ്പോള്‍ കുറച്ചൊക്കെ അങ്ങനെ വരും. ദമയന്തീ സമാഗമരംഗത്തില്‍, ചമ്പൂകാരന്‍ ഒക്കെ പറയുന്നത് എന്തെന്നില്ലാത്ത ആനന്ദം കൊണ്ട് എത്ര തവണ ആലിംഗനം ചെയ്തു എന്നൊന്നും നിശ്ചയമില്ല എന്നൊക്കെയാണ്. ഇവിടെ അങ്ങനെയല്ല. ദമയന്തിയെ സ്വീകരിക്കുമ്പോഴത്തെ ആ അവസ്ഥ ഉണ്ടല്ലോ, ഒരു പരിധി വരെ താന്‍ അപരാധം ചെയ്തു, സാഷ്ടാംഗം നമസ്കരിക്കുന്നില്ല എന്നെ ഉള്ളു. തന്‍റെ അപരാധം പ്രാണപ്രേയസിയോടു തുറന്നു തന്നെ പറയുന്നു. രണ്ടാളും കൂടി എല്ലാം പറയുമ്പോള്‍ തുറന്നു പറയുന്നതിലൂടെ ഒരു പശ്ചാത്താപവിവശനാവലുണ്ട്. അതിന്‍റെ ഒരു പക്വത. അതങ്ങട് കഴിഞ്ഞിട്ട്, അവസാന രംഗം അങ്ങനെ വലിച്ചു നീട്ടാറില്ല. (അവിടെ വലിച്ചു നീട്ടിയാല്‍ നാടകീയത പോയി.) അവിടെ “നമ്മുടെ കുട്ടികള്‍” എന്ന് പറഞ്ഞിട്ട്, പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ അവിടെ അങ്ങനെ പിടിച്ചു നിര്‍ത്തണം. അതാണ് കല.
അങ്ങനെ തന്റേതായ നിലയില്‍ നിന്നുകൊണ്ട് അഭിപ്രായങ്ങള്‍ ആരുടെ ആയാലും കാമ്പില്ലാത്തവ സ്വീകരിക്കാതെയും കാമ്പുള്ളതിനെ ഉള്‍ക്കൊണ്ടുകൊണ്ടും അദ്ദേഹം പല ഗവേഷണങ്ങളും നടത്തി. ഇങ്ങനെയൊക്കെയാണ് ഈ ചെറിയ മനസ്സിലൂടെ അദ്ദേഹത്തിന്‍റെ നളചരിതത്തെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. പറഞ്ഞതൊന്നും പൂര്‍ണ്ണമല്ല. ഇനിയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ധാരാളമുണ്ട്.