വൈകാതെ തരിക, തവ മധുരം അധരം!

(രവീന്ദ്രനാഥ്  പുരുഷോത്തമൻ)                                                                            

 

തിരുവല്ല താലൂക്കിലെ കുമ്പനാടിന്   അടുത്തുള്ള കടപ്രയിലെ പ്രശസ്തവും പ്രാചീനവുമായ ഒരു ക്ഷേത്രമാണ്  തട്ടയ്ക്കാട്  മല വല്യച്ഛൻ ക്ഷേത്രം. പരമശിവനും, ഹരിഹരസുതനായ ധർമ്മശാസ്താവും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ടെങ്കിലും, കൗരവ ജ്യേഷ്ഠനായ ദുര്യോധനനാണ്  ഇവിടെ പ്രാധാന്യം. മല വല്ല്യച്ഛൻ  എന്നാണ്  ഈ മൂർത്തി ഭക്ത ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്നത്.  വല്ല്യച്ഛൻ ശാസ്താവാണെന്നും ദുര്യോധനൻ ആണെന്നുമുള്ള രണ്ടു വാദഗതികൾ നിലനില്ക്കുന്നുണ്ട്.  ആ തർക്ക വിഷയത്തിലേക്ക്  പ്രവേശിക്കുക എന്റെ ഉദ്ദേശമല്ല.

 

 ഇതുപോലെ ഒരു ദുര്യോധന ക്ഷേത്രം കൊല്ലം ജില്ലയിലെ പോരുവഴി എന്ന സ്ഥലത്തുണ്ട്.  പോരുവഴി പെരുതുരുത്തി മലനട ക്ഷേത്രം. അവിടുത്തെ മൂർത്തിയായ ദുര്യോധനൻ, അപ്പൂപ്പൻ എന്നാണറിയപ്പെടുന്നത്.  പോരുവഴി ഐതിഹ്യത്തിലും വ്യത്യസ്ഥ അഭിപ്രായമുണ്ട്.  ആ വനപ്രദേശത്തെ ഒരു കാട്ടുജാതിക്കാരൻ മൂപ്പനായിരുന്നു ദുര്യോധനൻ എന്ന്  ചില പ്രാചീന രേഖകളുടെ അടിസ്ഥാനത്തിൽ സമർത്ഥിക്കുന്നവരുണ്ട്.  ആ തർക്കത്തിലേക്കും ഞാൻ കടക്കുന്നില്ല.

 

 

ഈ രണ്ടു ക്ഷേത്രങ്ങളിലേയും ചില ആചാരക്രമങ്ങളിൽ സമാനതകളുണ്ട്.  രണ്ടിടത്തും പ്രധാന വഴിപാടുകൾ മദ്യ നിവേദ്യവും, കഥകളിയും ആണ്.  രണ്ടു ക്ഷേത്രങ്ങളിലും ദുര്യോധനവധം ആടാറില്ല.  മലനട അപ്പൂപ്പനും, മല വല്ല്യച്ചനും ഇഷ്ടപ്പെട്ട ആട്ടക്കഥ നിഴൽക്കുത്ത്  ആണ്.

 

സപ്താഹത്തോടനുബന്ധിച്ച്  കടപ്ര മലയിൽ എല്ലാവർഷവും, മിക്ക ദിവസങ്ങളിലും കഥകളി ഉണ്ടായിരിക്കും.  ഭക്ത ജനങ്ങൾ വഴിപാടായി സമർപ്പിക്കുന്നതാണ്  കഥകളി.  ചിലപ്പോൾ പത്തു പന്ത്രണ്ടു ദിവസത്തെ കഥകളി തന്നെ വഴിപാട്  ഉണ്ടായിരിക്കും.  ഈ വർഷത്തെ സപ്താഹം ഫെബ്രുവരി ആറാം തീയതി തുടങ്ങി.  ഇക്കൊല്ലം ആറു ദിവസത്തെ കഥകളിയാണ്  വഴിപാടായി അരങ്ങേറിക്കൊണ്ടിരിക്കുന്നത്.  രണ്ടു ദിവസം നിഴൽക്കുത്ത്, ഓരോ ദിവസം ദക്ഷയാഗം, ഉത്തരാസ്വയംവരം, പ്രഹ്ലാദചരിതം, കർണ്ണശപഥം എന്നീ കഥകൾ ആണ് അവതരിപ്പിക്കുന്നത്.  ഇതിൽ ഒരു നിഴൽക്കുത്തും, ദക്ഷയാഗവും, ഉത്തരാസ്വയംവരവും കഴിഞ്ഞു.

 

 അതിശക്തനും വാത്സല്യനിധിയുമാണ്  മല വല്യച്ഛൻ എന്നാണ്  പറയപ്പെടുന്നത്.  കുളിച്ചു തൊഴുത്  വഴിപാട്  കഴിച്ചാൽ  ഏത്  ഉദ്ദിഷ്ട കാര്യവും സാധിച്ചു കിട്ടും എന്ന് ഇതര മതസ്ഥരും വിശ്വസിക്കുന്നുണ്ട്.  അന്യ മതസ്ഥരായിട്ടുള്ള ധാരാളം പേർ ഈ ക്ഷേത്രത്തിൽ വന്ന്  ദർശനം നടത്തുന്നത്  ഞാൻ കണ്ടിട്ടുണ്ട്.  ഏത്  ഉദ്യമവും സുഖപര്യവസായിയായിത്തീരാൻ വല്ല്യച്ഛന്റെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നവരുണ്ട്.  അതുപോലെ അവിടെ അവതരിപ്പിക്കുന്ന കഥകളി വമ്പിച്ച വിജയമായി തീരും എന്നൊരു വിശ്വാസം മുതിർന്ന കലാകാരന്മാർക്കിടയിലുണ്ട്.  മലവല്ല്യച്ഛന്റെ തിരുനടയിൽ കളി ഏറ്റിട്ടുള്ള കലാകാരന്  എന്തെങ്കിലും അസുഖം ബാധിച്ചു എന്നിരിക്കട്ടെ,  കളിദിവസം അയാള് പരിപൂർണ്ണ രോഗ വിമുക്തനായി തീർന്നിരിക്കും.  ആ തിരുനടയിൽ ഒരുപക്ഷെ, ഏറ്റവും കൂടുതൽ പാടിയിട്ടുള്ള തിരുവല്ല ഗോപിക്കുട്ടൻ നായരും, വേഷം കെട്ടിയിട്ടുള്ള തലവടി അരവിന്ദനും എന്നോടൊരിക്കൽ പറഞ്ഞിട്ടുള്ളതാണിത്.

 

ഇന്നലത്തെ രണ്ടനുഭവങ്ങൾ പറയാം. (09.02.2015) മൂന്നു നാല്  ദിവസം പല്ലു വേദന കൊണ്ട്  പുളയുകയായിരുന്നു ഫാക്റ്റ്  മോഹനൻ.  കടപ്ര മലയിലെ കളിയ്ക്ക്  വരാൻ സാദ്ധ്യതയില്ല എന്നാണറിഞ്ഞിരുന്നത്.  കളി നടക്കുന്ന ദിവസം രാവിലെ തന്നെ മോഹനൻ കളിയോഗം മാനേജരെ വിളിച്ചു പറഞ്ഞു, കളിക്ക്  വരുമെന്ന്!

 സി.പി.ഐ. ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവല്ലയിൽ വൈകിട്ട്  നാലരയ്ക്ക്  പ്രകടനം ആരംഭിച്ചു.  മദ്ദളവാദ്യ  കലാകാരനായ അലാമണ്ഡലം അജി കൃഷ്ണൻ ട്രാഫിക്  ബ്ലോക്കിൽ പെട്ടുപോയി. അഞ്ചരക്കെങ്കിലും കേളി നടക്കേണ്ടതാണ്. സ്ഥിതി കണ്ടിട്ട്  എട്ടുമണിക്കു പോലും കടപ്ര മലയിൽ എത്തിച്ചേരാൻ സാദ്ധ്യമല്ല.  കലാഭാരതി പീതാംബരന്റെ ചെണ്ടയോടൊപ്പം, ചുട്ടിക്കാരൻ തിരുവല്ല പ്രദീപ്  മദ്ദളത്തിൽ കേളി കൊട്ടി. ഒരവതാളവും പ്രദീപിന്റെ കയ്യിൽ നിന്നുണ്ടായില്ല എന്നാണ്   പീതാംബരൻ പറഞ്ഞത്.  അതാണ്‌  മല വല്ല്യച്ഛന്റെ അനുഗ്രഹം, ശക്തി.

 

ഒൻപതാം തീയതി കടപ്ര മലയിൽ അവതരിപ്പിച്ചത്   ഉത്തരാസ്വയംവരം ആയിരുന്നു. പാണ്ഡവരുടെ അജ്ഞാതവാസക്കാലം ഇതിവൃത്തമാക്കി തമ്പി രചിച്ച ആട്ടക്കഥയാണ്  ഉത്തരാസ്വയംവരം. കാമ്പുള്ള സാഹിത്യവും, സംഗീതവും തമ്പിയുടെ രചനയ്ക്ക്  പൂർണ്ണത കൈവരുത്തുന്നു. കത്തി, പച്ച, മിനുക്ക്‌, താടി തുടങ്ങിയ വൈവിദ്ധ്യമായ വേഷങ്ങൾ കൊണ്ടും ശ്രദ്ധേയമാണ്  ഈ ആട്ടക്കഥ.

 

നാടകീയമായ ഒരുപാട്  രംഗങ്ങൾ തമ്പി ഉത്തരാസ്വയംവരത്തിൽ അവതരിപ്പിക്കുന്നുണ്ട്.  ഇന്ന്  അരങ്ങിൽ വളരെ വിരളമായി അവതരിപ്പിക്കാറുള്ള ദുര്യോധനന്റെ രണ്ടാമത്തെ സഭയിൽ വെച്ച്  കർണ്ണനും കൃപരുമായുള്ള വാദപ്രതിവാദങ്ങൾ തന്നെ പ്രധാനം. സഭയിൽ അർജ്ജുനനെ അധിക്ഷേപിച്ച കർണ്ണനെ, അർജ്ജുനന്റെ അസാധാരണ കഴിവുകൾ ഓരോന്നായി പറഞ്ഞ്, നീ അവന്റെ മുന്നിൽ ആരുമല്ല എന്ന്  കൃപർ പരിഹസിച്ചു.

 

കൃപരുടെ ഈ പരിഹാസം കേട്ട്  കോപം വന്ന കർണ്ണൻ, "തന്നെപോലെ ഒരു പരട്ട കെളവനെ യുദ്ധത്തിന്  കൊള്ളില്ല, താൻ പോയി ചാത്തം ഉണ്ണ് "  എന്നു പറഞ്ഞു കളിയാക്കി. ആ അവസരത്തിൽ അനുഭവപ്പെടുന്ന സംഘർഷം നിറഞ്ഞ രംഗങ്ങൾ, ഈ ദൃശ്യകാവ്യത്തെ എത്രത്തോളം ആകർഷകമാക്കിത്തീർത്തിട്ടുണ്ട്. "പാർത്ഥസദൃശ്യൻ" എന്ന കൃപരുടെ പദം എത്ര മനോഹരമാണ്  എന്ന്  ഒന്നാലോചിച്ചു നോക്കൂ. വളരെ വിരളമായെ ഈ ഭാഗം, അടുത്ത കാലത്തായി, അവതരിപ്പിച്ചു കണ്ടു വരുന്നുള്ളൂ. തിരുവല്ലയിൽ നിന്ന്  കടപ്രമല ക്ഷേത്രത്തിലേക്ക്  കാറിൽ എന്നോടൊപ്പം കലാമണ്ഡലം മോഹനകൃഷ്ണനും ഉണ്ടായിരുന്നു. ആ രംഗത്തിന്റെ കൊഴുപ്പും, സംഗീതത്തിന്റെ മനോഹാരിതയും മോഹനകൃഷ്ണൻ ചൂണ്ടിക്കാണിക്കുകയുണ്ടായി. പക്ഷെ കടപ്രയിലും ഈ രംഗം അവതരിപ്പിക്കുകയുണ്ടായില്ല.

 

സാഹിത്യഗുണം കൊണ്ട്  കോട്ടയം കഥകൾ ഇരയിമ്മൻ തമ്പിയുടെ കൃതികളേക്കാൾ മുമ്പിലായെക്കാം. മനുഷ്യ ജീവിതത്തിന്റെ അഗാധ തലങ്ങൾ വരെ സ്പർശിച്ചു കടന്നു പോകുന്ന ഉണ്ണായിയുടെ നളചരിതം, തമ്പിയുടെ കഥകളെ വെന്നെക്കാം. എന്നാൽ തമ്പിയുടെ രചന രംഗവേദിക്കും, ആട്ടക്കഥാ സാഹിത്യത്തിനും ഒരുപോലെ വിലപ്പെട്ട സംഭാവനകൾ നല്കിയിട്ടുണ്ട്.

 

കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ ആശാൻ ആയിരുന്നു ദുര്യോധനൻ.  ആശാന്റെ വേഷ ഭംഗിയേക്കുറിച്ചോ, രംഗ പ്രവൃത്തികളെ കുറിച്ചോ പ്രത്യേകം പറയേണ്ടതില്ലല്ലോ? ഏകലോചനം എന്ന ഉത്തരാസ്വയംവരത്തിലെ പകർന്നാട്ടം ആശാൻ അതിമനോഹരമായി ആടുകയുണ്ടായി. ഭാനുമതിയുടെ മറുപടിപ്പദം ആയപ്പോൾ, ആശാന്റെ പത്തര മാറ്റ്  നർമ്മബോധം തെളിവു സഹിതം പുറത്തു വന്നു.

 

"നിർജ്ജനമീ വിപിനം നിനക്കധീനം" എന്ന്  ഭാനുമതി (മുരളീകൃഷ്ണൻ) ആടിയപ്പോൾ,  ആശാന്റെ നർമ്മത്തിൽ പൊതിഞ്ഞ പ്രതികരണം, അരങ്ങത്തിരിക്കുന്ന ആസ്വാദകരെ ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു.

 

"നീ പറഞ്ഞത്  വാസ്തവം തന്നെ. നിർജ്ജനം തന്നെ, തർക്കമില്ല."

 

ആകെ അവിടെ ഉണ്ടായിരുന്നത്,  മലവല്ല്യച്ഛനും, വഴിപാടുകാരും, ഞാനും മാത്രം!

 

അതുപോലെ തന്നെ എടുത്തു പറയത്തക്ക പ്രകടനമാണ്  ഫാക്റ്റ്  മോഹനനും, കലാഭാരതി ഹരികുമാറും അവതരിപ്പിച്ച, ബ്രുഹന്ദളയും ഉത്തരനുമായുള്ള കൂടിയാട്ടം. കൊടുത്തും മേടിച്ചും കൊടുത്തും... വളരെ രസകരമായിരുന്നു അവരുടെ രംഗം.

ദുര്യോധനാദികളെ നേരിടാൻ കളത്തിൽ ചെന്ന ഉത്തരൻ ഭയന്നു നിലവിളിച്ച്  തേരിൽ നിന്നിറങ്ങി ഓടിക്കളഞ്ഞു. ബ്രുഹന്ദള എത്ര ശ്രമിച്ചിട്ടും ഉത്തരന്റെ ഭീതി അകറ്റാൻ കഴിഞ്ഞില്ല. അവസാനം താൻ മദ്ധ്യമ പാണ്ഡവനായ അർജ്ജുനൻ ആണെന്ന സത്യം വെളിപ്പെടുത്തി.

 

"ആണും പെണ്ണുമല്ലാത്ത നിനക്ക്, സവ്യസാചിയായ പാർത്ഥന്റെ പേര്  ഉരുവിടാൻ പോലുമുള്ള യോഗ്യതയില്ല. നിന്റെ നെഞ്ചിലേക്ക്  നോക്കുമ്പോൾ തന്നെ എനിക്ക്  നാണം വരുന്നു..."

 

"മാറിടം കണ്ടാൽ നാണം വരുന്ന നീയും അങ്ങനെയാണെങ്കിൽ ആണല്ലല്ലോ? നീ സർവ്വ സമയവും, അന്തപ്പുരത്തിൽ കിടന്നു നിരങ്ങുന്നതു കാണാമല്ലോ? സ്ത്രീകളുടെ നെഞ്ചിൽ നോക്കിയാലും ഇതുപോലെ നിനക്കു നാണം വരുമോ?"

 

"ഇത്  ഒരു പുരുഷന്റെ നെഞ്ചത്ത്  കണ്ടിട്ടാണ്  എനിക്ക്  നാണം വരുന്നത്...." ഇതുപോലെയുള്ള അനേകം രംഗങ്ങൾ ഉണ്ടായിരുന്നു.

 

ത്രിഗർത്തന്റെ ഒരു പ്രധാന ആട്ടം ആണ്  ത്രിഗർത്തവട്ടം. ത്രിഗർത്തവട്ടവും, ഗോശാലയിൽ എത്തിച്ചേരുന്ന ത്രിഗർത്തന്റെ ആട്ടവും ബാലകൃഷ്ണൻ അതിഗംഭീരമാക്കി എന്നു തന്നെ പറയാം. ഗോശാലയിൽ കടന്നു ചെന്നു കഴിഞ്ഞ്  പല ത്രിഗർത്തന്മാരും അതിരു കവിഞ്ഞ ആട്ടം ആടി കണ്ടിട്ടുണ്ട്. പരേഡ്  നടത്തുക, തീപ്പെട്ടി കൊള്ളി ഉരച്ച്  കഞ്ചാവ്  കത്തിക്കുക, ചാണകത്തിൽ തെന്നി വീഴുക അങ്ങനെ നീണ്ടു പോകും. ബാലൻ ആ വിധ കോമാളിത്തങ്ങൾ ഒന്നും കാണിച്ചില്ല. 

 

കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, ഫാക്റ്റ്  മോഹനൻ, കലാമണ്ഡലം ബാലകൃഷ്ണൻ, കലാഭാരതി ഹരികുമാർ, കുടമാളൂർ മുരളീകൃഷ്ണൻ, തിരുവല്ല ബാബു, കലാനിലയം രവീന്ദ്രനാഥപൈ, മധു വാരണാസി എന്നിവർ പങ്കെടുത്തു. 

 

കലാമണ്ഡലം മോഹനകൃഷ്ണൻ, പരിമണം മധു, മംഗലം നാരായണൻനമ്പൂതിരി എന്നിവരായിരുന്നു പാട്ട്.  കലാഭാരതി ഉണ്ണികൃഷ്ണൻ, കലാഭാരതി പീതാംബരൻ (ചെണ്ട) കലാഭാരതി ജയശങ്കർ, കലാമണ്ഡലം അജി കൃഷ്ണൻ (മദ്ദളം) എന്നിവരായിരുന്നു മേളം. മാർഗി ശ്രീകുമാറും തിരുവല്ല പ്രദീപും ചുട്ടി കൈകാര്യം ചെയ്തു.

ഒരു നല്ല കഥകളി ആസ്വദിയ്ക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്.



free joomla templatesjoomla templates
2024  Aswadanam.com   globbers joomla template