നവഭവ-ഭാഗം ഒന്ന്

മുദുലാപി ഗഹനഭാവാ

ശ്രീചിത്രൻ. എം.ജെ                                                                                    

 

കവി മുതൽ കഥകളിവേഷക്കാരൻ വരെ ഏതു വേഷവും പാകമായിരുന്ന കഥകളിച്ചെണ്ട വിദഗ്ദ്ധൻ കലാമണ്ഡലം കേശവനോട് ഒരിക്കൽ ചോദിച്ചു :

"നല്ല കഥകളിപ്പാട്ടിന്റെ ലക്ഷണമായി എന്താണ് തോന്നുന്നത്?"

കേശവേട്ടന്റെ മറുപടി പ്രഥമദൃഷ്ട്യാ വിചിത്രമായിരുന്നു :

"നല്ല കഥകളിപ്പാട്ട് ച്ചാൽ നല്ല കഥകളിച്ചെണ്ട പോലെ വേണം."

Nedumbally Rammohan

ഒറ്റ നോട്ടത്തിൽ കാണുന്ന കുസൃതിക്കകത്ത്, കഥകളിസംഗീതത്തിന്റെ സൗന്ദര്യ ദർശനത്തെ മുറുക്കിക്കെട്ടിയ ഒന്നാന്തരം മറുപടിയായിരുന്നു അത്. പുഷ്പവൃഷ്ടിയുടെ കാൽപ്പനിക നാദവും, പർവ്വതങ്ങൾ കൂട്ടിമുട്ടുന്ന ഘോരശബ്ദവും ഉൽപ്പാദിപ്പിക്കാനാവുന്ന അത്ഭുതകരമായ ലാവണ്യവിസ്താരമുള്ള വാദനോപകരണമാണ് കഥകളിച്ചെണ്ട. മികച്ച കഥകളിസംഗീതത്തിനും വേണ്ട അവശ്യഗുണം അതുതന്നെയാണ്. നളദമയന്തിമാരുടെ പ്രണയാതുരാലാപനങ്ങൾക്കു വേണ്ട കാൽപ്പനിക കാന്തിയും ബാലിയേയും ഇന്ദ്രനേയും രാക്ഷസന്മാരെയും പോരിനു വിളിക്കുന്ന ഘനതേജസ്സും നല്ല കഥകളിപ്പാട്ടുകാരന് വഴങ്ങിയിരിക്കണം. ശൃംഗാരം മുതൽ രൗദ്രം വരെ ഉൾക്കൊള്ളാനും തീവ്രമായി ആവിഷ്ക്കരിക്കാനും പ്രാപ്തമായിരിക്കണം കഥകളിപ്പാട്ടുകാരന്റെ ശാരീരവും സൗന്ദര്യദർശനവും.

കലാമണ്ഡലം കേശവന്റെ ഈ മറുപടിയുടെ സാധൂകരണമായി കഥകളിസംഗീതത്തിന്റെ പുതുതലമുറക്കാരിലാരുണ്ട് എന്നു ചിന്തിച്ചാൽ ആദ്യം ഓർമ്മയിലെത്തുന്നൊരു മുഖമാണ് നെടുമ്പിള്ളി രാംമോഹൻ. 

കഥകളിസംഗീതത്തിൽ രാംമോഹൻ രചിക്കാൻ പോകുന്ന അദ്ധ്യായം തുടങ്ങിയിട്ടേയുള്ളു എന്നിപ്പോഴും കരുതുന്നു. ഇനിയുമേറെ ദൂരം സഞ്ചരിക്കാൻ പ്രാപ്തമാണ് രാംമോഹന്റെ ആലാപനസ്വഭാവവും കലാജീവിതസ്വഭാവവും. നാടകീയതയും, കാൽപ്പനികതയും, രംഗപ്രയുക്തതയും ഒരേപോലെ സമാസമം ചേർന്നു മുന്നേറുന്ന രാംമോഹന്റെ സംഗീതയാത്രയ്ക്ക് ഇനിയുമേറെക്കാലം ചെയ്തുതീർക്കാൻ പ്രവൃത്തികളേറെയാണ്. ഘടകകലകളോരോന്നും കഥകളിയുടെ സമഗ്രശരീരത്തിൽ നിന്ന് വേർപെട്ട് ചിതറിത്തുടങ്ങുന്നുവോ എന്ന സംശയം ഗ്രസിക്കുന്ന കാലികാവസ്ഥയിൽ രാംമോഹന്റെ സാന്നിദ്ധ്യത്തിന് ആഴമുള്ള പ്രസക്തിയും കാണാം. യുവത്വത്തിന്റെ പ്രസരിപ്പിൽ നിന്ന് അരങ്ങനുഭവങ്ങളുടെ പതിറ്റാണ്ടുകൾ പക്വത നൽകുന്ന, തിടം വെച്ച ബാണിയിലേക്ക് രാംമോഹൻ സഞ്ചരിക്കുകയാണ്. ഈ സമയസന്ധിയിൽ നിന്ന് രാംമോഹനെ കഴിയും വിധം അടയാളപ്പെടുത്താനേ ഇപ്പോൾ കഴിയൂ.

 

 

ആദ്യം ശരീരസ്ഥം, പിന്നെ ശാരീരസ്ഥം

നെടുമ്പിള്ളി നാരായണൻ നമ്പൂതിരിക്ക് ഏഴു മക്കളാണ്. നാലാണും മൂന്നു പെണ്ണും . ഏഴുപേരും കഥകളി പഠിച്ചു, അരങ്ങേറി! ഏഴു പേരും സംഗീതവും പഠിച്ചു. ആണുങ്ങളിൽ ഇളയവനായ രാംമോഹൻ മാത്രമല്ല, ജ്യേഷ്ഠന്മാരെല്ലാം മികച്ച ഗായകന്മാരായി. കലയിലൂടെയല്ലാതെ ഒരു മക്കളേയും കടന്നുപോകാനനുവദിച്ചില്ല നാരായണൻ നമ്പൂതിരി. കഥകളിസംഗീതചക്രവർത്തിയായിരുന്ന നീലകണ്ഠൻ നമ്പീശന്റെയും എടമന ബ്രഹ്‌മദത്തൻ നമ്പൂതിരിയുടേയും ശിഷ്യനായിരുന്ന നാരായണൻ നമ്പൂതിരിക്ക് എത്തിപ്പെടാനാവാതെ പോയ ഉയരങ്ങൾ മക്കൾ വഴി സാക്ഷാത്ക്കരിക്കപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചിരിക്കണം. കഥകളിഗായകനാവാൻ ആഗ്രഹിച്ച നാരായണൻ നമ്പൂതിരി സ്കൂൾ അദ്ധ്യാപകനായിട്ടും സംഗീതവും കലാജീവിതവും കയ്യൊഴിഞ്ഞിരുന്നില്ല. ഇടയ്ക്കെല്ലാം കഥകളിക്കു പാടിയും കളി സംഘടിപ്പിച്ചും നാരായണൻ നമ്പൂതിരി കലാപ്രവർത്തനത്തിനോട് ചേർന്നാണ് എന്നും ജീവിച്ചത്. കുട്ടിക്കാലത്തിൽ തന്നെ മക്കളെ പാട്ടുപഠിപ്പിച്ചു തുടങ്ങിയെങ്കിലും രാംമോഹനെ സംഗീതത്തിലേക്കല്ല അഭിനയത്തിലേക്കാണ് അച്ഛൻ വഴിതിരിച്ചു വിട്ടത്. അച്ഛന്റെ തീരുമാനത്തിൽ നിന്ന് വഴിമാറി, സംഗീതത്തിലേക്കു നടന്നെങ്കിലും ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ നാരയണൻ നമ്പൂതിരിയുടെ തീരുമാനത്തിലെ ശരിമയാണ് കാലം തെളിയിച്ചെടുത്തത്.

 നെടുമ്പിള്ളി നാരായണൻ നമ്പൂതിരി

നെടുമ്പിള്ളി നാരായണൻ നമ്പൂതിരി, കലാമണ്ഡലം അനന്ത നാരായണൻ )

ആയിടക്ക് കലാമണ്ഡലത്തിൽ നിന്ന് കോഴ്സ് പൂർത്തിയാക്കിയ വെള്ളിനേഴിക്കാരൻ കലാമണ്ഡലം സോമനു കീഴിൽ രാംമോഹനേയും ജ്യേഷ്ഠൻ നാരായണനേയും നാരായണൻ നമ്പൂതിരി കഥകളിവേഷം പഠിക്കാനായി ചേർത്തു. തുടർന്നുള്ള ഏതാണ്ടു പത്തു വർഷക്കാലത്തെ ചിട്ടയാർന്ന കഥകളിവേഷ അഭ്യസനമാണ് നെടുമ്പിള്ളി രാംമോഹന്റെ കഥ-സങ്കേത-വ്യാകരണ ബോധത്തെ നാമിന്നു കാണും വിധം ബലിഷ്ഠവും സംശയരഹിതവുമാക്കിത്തീർത്തത്. 

കലാമണ്ഡലം രാമൻകുട്ടിനായർ അമരം പിടിച്ച കലാമണ്ഡലം വടക്കൻ കളരി ഊട്ടി മിനുക്കിയെടുത്ത, കറകളഞ്ഞ കഥകളിമെയ്യിന്റെ ഉരുവമായിരുന്നു അന്നേ കലാമണ്ഡലം സോമൻ. കഥകളിയെ ശരീരത്തിലേക്ക് ആവാഹിച്ചു പ്രതിഷ്ഠിക്കുന്ന കലാമണ്ഡലം  കളരിയുടെ അഭ്യസനരീതിശാസ്ത്രമാണ് കലാമണ്ഡലം സോമൻ തന്റെ പ്രഥമശിഷ്യരിലും ആവർത്തിച്ചത്. പുലർച്ചെയുള്ള കണ്ണുസാധകവും ചവുട്ടിയുഴിച്ചിലുമടക്കം, തികഞ്ഞ സാമ്പ്രദായിക കഥകളിക്കളരിയിലൂടെ സോമൻ രാമനെ ഉപനയിച്ചു. ദുര്യോധനവധം, കുചേലവൃത്തം, രുഗ്മിണീസ്വയംവരം തുടങ്ങിയ കൃഷ്ണവേഷങ്ങൾ, കുശലവന്മാർ എന്നിങ്ങനെ കുട്ടിത്തരം -ഇടത്തരം വേഷങ്ങളിലൂടെ  കഥകളിവേഷക്കാരനായി രാംമോഹൻ വളർന്നു വരികയും ചെയ്തു. ആശാന്റെ ബ്രാഹ്മണനോടൊപ്പം തന്നെ സന്താനഗോപാലം അർജ്ജുനനായും രാംമോഹൻ വേഷമിട്ടു. "നന്നാവും എന്ന തോന്നൽ എനിക്കുണ്ടായിരുന്നു, അതുകൊണ്ടുതന്നെ നന്നായി ശിക്ഷിച്ചാണ് രാമനെ പഠിപ്പിച്ചത്" എന്ന് സോമൻ അഭിമാനപൂർവ്വം പറയും. കഥകളികൾക്ക് ശിഷ്യനേയും ഒപ്പം കൂട്ടിക്കൊണ്ടുപോവും. പലയിടത്തും ചെറിയ പല വേഷങ്ങളും ചെയ്യിക്കും. "നല്ല താളസ്ഥിതി അന്നേ രാമനുണ്ടായിരുന്നു. ചെയ്യുന്നതിനെല്ലാം വൃത്തിയും." കഥകളികൾ പലതും കണ്ടും അനുഭവിച്ചും അഭിനയിച്ചും വളർന്ന ആ കാലമാണ് ഇന്നത്തെ രാമന്റെ അസ്ഥിവാരം പണിതത്. നാരയണൻ നമ്പൂതിരിയോ കലാമണ്ഡലം സോമനോ പ്രതീക്ഷിച്ച പോലെ രാംമോഹൻ കഥകളിവേഷക്കാരനായില്ല. പക്ഷേ കഥകളിവേഷത്തിന്റെ കാർക്കശ്യമാർന്ന ഉലയിൽ പണിത രംഗദർശനം തുടർന്നുള്ള നെടുമ്പിള്ളി രാംമോഹനിലേക്കുള്ള യാത്രയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 

Kala: Soman & Kala: Sreekumar

 

(കലാമണ്ഡലം സോമൻ, കലാമണ്ഡലം ശ്രീകുമാർ )

ചെറുപ്പത്തിൽ അച്ഛനു കീഴിലും പിന്നീട് കുറിശാത്തമണ്ണ നമ്പൂതിരിക്കു കീഴിലും രാംമോഹൻ സംഗീതപഠനവും നടത്തുന്നുണ്ടായിരുന്നു. കഥകളിപ്പദങ്ങളും അച്ഛനിൽ നിന്നു തന്നെയാണ് രാംമോഹൻ ആദ്യം പഠിച്ചെടുത്തത്. പതിന്നാലാം വയസ്സിൽ കലാമണ്ഡലം ശ്രീകുമാറിനു കീഴിൽ കഥകളിസംഗീത പഠനത്തിനായി രാംമോഹൻ എത്തിച്ചേർന്നു. ഒരേ സമയം കലാമണ്ഡലം സോമനു കീഴിൽ വേഷവും കലാമണ്ഡലം ശ്രീകുമാറിനു കീഴിൽ സംഗീതവും അഭ്യസിച്ചു കൊണ്ടാണ് രാംമോഹന്റെ തുടർന്നുള്ള കൗമാരകാലം. ഏകദേശം ബിരുദപഠനകാലമായപ്പോഴേക്കും രാംമോഹൻ കഥകളിവേഷമല്ല തന്റെ സ്ഥലമെന്നു തിരിച്ചറിഞ്ഞു. സ്വാഭാവികമെന്നോണമാണ് കഥകളിസംഗീതരംഗത്തേക്ക് രാംമോഹൻ കടന്നുവന്നത്. പാട്ടുകാരില്ലാത്ത സന്ദർഭങ്ങളിൽ പുറപ്പാടിനും ചെറിയ കഥാഭാഗങ്ങൾക്കും ഒപ്പം പാടാൻ കൂടിയും, കളിസ്ഥലങ്ങളിലെ സന്ദർഭാനുസാരിയായ ആവശ്യമനുസരിച്ച് പാടാൻ തയ്യാറായും ആരംഭിച്ച ആ വഴിമാറൽ, നൈസർഗ്ഗികമായി രാംമോഹനെ അർഹമായ ഇടത്തിൽ സ്ഥാനപ്പെടുത്തുകയായിരുന്നു. ക്രമേണ കഥകളിവേഷത്തിൽ നിന്ന് രാംമോഹൻ പിൻവാങ്ങുകയും, പിന്നണിയിലേക്ക് ചേരുകയും ചെയ്തു. ചിട്ടപ്പെട്ട കഥകളടക്കം അരങ്ങിലുള്ള മിക്ക പ്രധാന കഥകളും കലാമണ്ഡലം ശ്രീകുമാറിൽ നിന്ന് രാംമോഹൻ അപ്പോഴേക്കും അഭ്യസിച്ചുകഴിഞ്ഞിരുന്നു. സ്വക്ഷേത്രത്തിലെത്തിയ ശേഷമുള്ള തുടർക്കാലമാണ് ഇന്നത്തെ നെടുമ്പിള്ളി രാംമോഹന്റെ കലാജീവിതം. 

പ്രയത്നം, പ്രതിഭ, പ്രൊഫഷനലിസം

കലാപഠനം മുന്നേറുമ്പോഴും രാംമോഹൻ പൊതുവിദ്യാഭ്യാസധാരയിൽ നിന്ന് അകന്നുപോയില്ലെന്നു മാത്രമല്ല, പഠനത്തിൽ സമർത്ഥനുമായിരുന്നു. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തരബിരുദമെടുത്ത ശേഷം, മഹാത്മാഗാന്ധി യൂണിവേർസിറ്റിയിൽ, കുമളി ബി.എസ്.കോളേജിൽ നിന്ന് ബി.എഡ് ബിരുദവും കരസ്ഥമാക്കിയ രാംമോഹൻ ഇപ്പൊൾ കുണ്ടൂർകുന്ന് ഹൈസ്ക്കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകനാണ്. 

കുറിശാത്തമണ്ണ കൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് കർണ്ണാടകസംഗീതത്തിന്റെ അടിസ്ഥാനമുറച്ചാണ് രാംമോഹൻ കഥകളിസംഗീതത്തിലെത്തിച്ചേരുന്നത്. സംഗീതം തന്റെ മാർഗ്ഗമാണെന്നുറച്ച ശേഷം കൂടുതൽ ഉപരിപഠനമാവശ്യമാണെന്ന തിരിച്ചറിവിൽ നിന്നാണ് സ്കൂൾ ഓഫ് ഡ്രാമയുടെ സംഗീതവിഭാഗത്തിൽ ബിരുദാനന്തരബിരുദ പഠനത്തിന് രാംമോഹൻ ചേരുന്നത്. പ്രൊഫ.ജലജ വർമ്മ, ഗുരുവായൂർ മണികണ്ഠൻ, മാന്തിട്ട പരമേശ്വരൻ, അറക്ല്ല് നന്ദകുമാർ തുടങ്ങിയ മികച്ച അദ്ധ്യാപകർക്കു കീഴിൽ രാംമോഹൻ ഒന്നാം റാങ്കോടെ മ്യൂസിക് എം.എ പാസായി. 

കുമളിയിലെ ബി.എസ്. പഠനകാലമൊഴികെ മറ്റൊരിക്കലും രാംമോഹന് കഥകളിയരങ്ങു വിട്ടുള്ള ജീവിതമുണ്ടായില്ല. കഥകളിസംഗീതത്തോടൊപ്പം തന്നെ നൃത്തത്തിനു പിന്നണിയിലും രാംമോഹന്റെ സംഗീതസേവനമുണ്ടായി. മഞ്ചേരി സരോജിനി ടീച്ചറുടെ നൃത്തങ്ങൾക്കും, പല്ലവി കൃഷ്ണയുടെ മോഹിനിയാട്ട ഇനങ്ങൾക്കും അനവധി കാലമായി രാംമോഹൻ പാടി. ഈയിടെ 'കളിയച്ഛൻ' എന്ന ചലച്ചിത്രത്തിലും രാംമോഹന്റെ ശബ്ദം രേഖപ്പെടുത്തപ്പെട്ടു. കഥകളിപ്പദങ്ങളും പി.കുഞ്ഞിരാമൻ നായരുടെ കവിതയും കളിയ്ച്ഛനിൽ രാംമോഹൻ മനോഹരമായി ആലപിച്ചിട്ടുണ്ട്. വാഗർത്ഥങ്ങൾ പോലെ ചേർന്ന ദാമ്പത്യമാണ് രാംമോഹന് ലഭിച്ചത്. രാംമോഹന്റെ പത്നിയായ മീര രാംമോഹനും കഴിവുറ്റ ഗായികയാണ്. സ്വപാനം അടക്കമുള്ള ചലച്ചിത്രങ്ങളും നൃത്തപരിപാടികളിലും കച്ചേരികളിലുമായി മീര രാംമോഹനും സംഗീതജീവിതം തുടരുന്നു. രാംമോഹനും മീരയും ചേർന്നുള്ള കഥകളിപ്പദക്കച്ചേരിയും നടന്നിട്ടുണ്ട്.

ആവിഷ്ക്കരണപ്രകാരത്തെ മെയ്യിലും മനസ്സിലും ഉൾച്ചേർത്ത ശേഷം ചേങ്ങിലയേന്തിയ രാംമോഹന്റെ സംഗീതജീവിതത്തിന്റെ ഇതുവരെയുള്ള ചിത്രം പ്രൊഫഷണലിസത്തിലേക്കുള്ള ഒരു ഗായകന്റെ പരിണാമചരിത്രമാണ്. ആകസ്മികതകളും ബുദ്ധിമുട്ടുകളും പ്രയത്നവും പ്രതിഭയും ചേർന്നു നെയ്തെടുത്ത രാംമോഹന്റെ സംഗീത സവിശേഷതകളെ വിശകലാത്മകമായി പരിചയപ്പെടുമ്പോഴാണ് രംഗസംഗീതത്തിന്റെ നെടുമ്പിള്ളിമാർഗ്ഗം തെളിഞ്ഞുവരുന്നത് നാം കാണുക. 


ആവിഷ്ക്കരണപ്രകാരത്തെ മെയ്യിലും മനസ്സിലും ഉൾച്ചേർത്ത ശേഷം ചേങ്ങിലയേന്തിയ രാംമോഹന്റെ സംഗീതജീവിതത്തിന്റെ ഇതുവരെയുള്ള ചിത്രം പ്രൊഫഷണലിസത്തിലേക്കുള്ള ഒരു ഗായകന്റെ പരിണാമചരിത്രമാണ്. ആകസ്മികതകളും ബുദ്ധിമുട്ടുകളും പ്രയത്നവും പ്രതിഭയും ചേർന്നു നെയ്തെടുത്ത രാംമോഹന്റെ സംഗീത സവിശേഷതകളെ വിശകലാത്മകമായി പരിചയപ്പെടുമ്പോഴാണ് രംഗസംഗീതത്തിന്റെ നെടുമ്പിള്ളിമാർഗ്ഗം തെളിഞ്ഞുവരുന്നത് നാം കാണുക. 


 കൂടെപ്പാടുന്നത് - രാംമോഹൻ

കഥകളിഗായകന്റെ വളർച്ചയുടെ സുപ്രധാനഘട്ടമാണ് രണ്ടാം ഗായകനായി പാടിത്തെളിയുന്ന കളിയരങ്ങുകൾ. പരിചയസമ്പന്നരും പ്രതിഭാശാലികളുമായ മുൻഗാമികളോടൊപ്പം പാടിയാണ് രംഗഭാഷയുടെ ആകെത്തുകയുമായി സംഗീതത്തെ ചേർക്കുന്ന വിധം കഥകളിഗായകൻ ശീലിച്ചെടുക്കുന്നത്. രാംമോഹന്റെ ശിങ്കിടിപ്പാട്ടുകാലം കഥകളിസംഗീതത്തിലെ ഇരുപതാം നൂറ്റാണ്ടു കണ്ട സുവർണ്ണകാലത്തിന്റെ അസ്തമനഘട്ടമാണ്. കലാമണ്ഡലം ശങ്കരൻ എമ്പ്രാന്തിരി, കലാമണ്ഡലം ഹൈദരലി, കലാമണ്ഡലം വെണ്മണി ഹരിദാസ്, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി എന്നിങ്ങനെ കഴിഞ്ഞ അർദ്ധശതകത്തിലെ കഥകളിപ്പാട്ടിന്റെ ഭാഗധേയം നിർണ്ണയിച്ച ഗായകരോടൊപ്പം പാടാനുള്ള അവസരം രാംമോഹനു ലഭിച്ചു. രണ്ടുവർഷം ശങ്കരൻ എമ്പ്രാന്തിരിയുടെ ശിങ്കിടിയായി പ്രവർത്തിച്ച ശേഷം രാംമോഹനിൽ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഇന്നും എമ്പ്രാന്തിരി സംഗീതത്തിലെ ലയാത്മകത ദർശിക്കാം. 

ഉണ്ണികൃഷ്ണക്കുറുപ്പ് എന്ന ഇതിഹാസം പെയ്തുതോർന്ന ശേഷം അരങ്ങിലെത്തിയ, ഏറ്റവും ശ്രദ്ധേയനായ കുറുപ്പു ശിഷ്യനായിരുന്നു പാലനാട് ദിവാകരൻ. കുറുപ്പിന്റെ പാട്ടില്ലാതെ കഥകളി പൂർത്തിയാകാതിരുന്ന മദ്ധ്യകേരളത്തിലെ കഥകളിപ്രേമികൾക്ക് പാലനാട് ദിവാകരന്റെ സംഗീതമാർഗ്ഗം ഏറെ പഥ്യമായിരുന്നു. പാലനാടിന്റെ ശിങ്കിടിയായാണ് നെടുമ്പിള്ളി രാംമോഹനും അത്തിപറ്റ രവിയുമെല്ലാം അരങ്ങിൽ പ്രധാനമായും പാടിത്തെളിഞ്ഞത്. നേരിട്ട് അഭ്യസിച്ചിട്ടില്ലെങ്കിലും രാംമോഹൻ പാലനാടിനെ കാണുന്നത് ഗുരുതുല്യനായാണ്. 

കഴിഞ്ഞകാലം കണ്ട ഏറ്റവും മികച്ച കൂടെപ്പാട്ടുകാരൻ വെണ്മണി ഹരിദാസ് ആണെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. ശങ്കരൻ എമ്പ്രാന്തിരിയുടെ അക്ഷരാർത്ഥത്തിലുള്ള 'കൂടെപ്പാടലിനും' കലാമണ്ഡലം ഗംഗാധരന്റെ ഘനശാരീരത്തിനും ഉണ്ണികൃഷ്ണക്കുറുപ്പൊന്റെ പ്രതിഭാസമ്പന്നശാരീരത്തിനും ഹൈദരലിയുടെ ഭാവഗീതാത്മകതക്കും അവരവരുടെ സംഗീതമർമ്മമറിഞ്ഞ് പിന്തുടരുന്ന ശിങ്കിടിയായി നിന്നു വെണ്മണി ഹരിദാസ്. ഹരിദാസിനു ശേഷം കഥകളി കണ്ട ഏറ്റവും മികച്ച രണ്ട് 'കൂടെപ്പാട്ടുകാർ' കലാനിലയും രാജീവും നെടുമ്പിള്ളി രാംമോഹനും ആയിരിക്കും. Kottakkal Madhu & Nedumbally Rammohan

കോട്ടക്കൽ നാരായണന്റെ ഭൃഗഭരിതമായ സംഗീതത്തിനും കോട്ടക്കൽ മധുവിന്റെ ശ്രുതിഭരിതമായ സംഗീതത്തിനും അതാതിനു ചേർന്ന ശിങ്കിടീശബ്ദമായി രാംമോഹൻ അനുഗമിക്കുന്നത് ശ്രദ്ധിക്കുക. പൊന്നാനിഗായകന്റെ ശക്തിയും പരിമിതിയും വ്യക്തമായി തിരിച്ചറിഞ്ഞ്, അവയനുസരിച്ച് പ്രവർത്തിക്കുന്ന കണ്ഠസാധകം രാംമോഹനിൽ തെളിഞ്ഞുനിൽക്കുന്നു. അനായാസം സംഗതികളും ഭൃഗകളും വഴങ്ങുകയും, അവയേക്കാളനായാസം ഭാവത്മകതയെ പുൽകുകയും ചെയ്യുന്ന ശാരീരം, അതിവേഗം പൊന്നാനിഗായകൻ പ്രത്യക്ഷമാക്കുന്ന സംഗതിയെ തിരിച്ചറിയാനും പുനരുൽപ്പാദിപ്പിക്കുവാനും ദക്ഷമായ സാധകബലം, രാഗസ്വരൂപത്തെ പറ്റിയുള്ള സുവ്യക്തമായ ജ്ഞാനം - ഇവയെല്ലാം ചേർന്നാണ് രാംമോഹനെ ഏതു പൊന്നാനിഗായകനും സമ്മതമുള്ള ശിങ്കിടിഗായകനാക്കിയത്. "ഏതു തരം കഥകൾക്കും, ഏതുതരം പൊന്നാനിപ്പാട്ടിനും രാമൻ പാകമാണ്" എന്ന അവസ്ഥ നിലവിൽ കഥകളിയിലാകമാനം വന്നുചേർന്നി

രിക്കുന്നു. ഇത്തരമൊരവസ്ഥ, അപൂർവ്വം കഥകളിഗായകർക്കു മാത്രം കൈവന്ന സൗഭാഗ്യമാണ്. 

പ്രയുക്തത ചേങ്ങിലയേന്തുമ്പോൾ

കച്ചേരി നടക്കുന്നതിനടുത്തു കൂടി കടന്നുപോയ തീവണ്ടിയുടെ ശബ്ദം കാരണം കച്ചേരി നിർത്തിയ ബിലായത്ഖാനെ പോലുള്ള സംഗീതഞ്ജർ ഭാരതത്തിലുണ്ടായിരുന്നു. ശ്രുതി, ലയം എന്നീ രണ്ടു സങ്കൽപ്പനങ്ങളിൽ അധിഷ്ഠിതമാണ് പൊതുവേ ഏതു ഭാരതീയ ശാസ്ത്രീയസംഗീതധാരയും. ശ്രുതിശുദ്ധിയെ തകർക്കുന്ന ഏതു ഘടകത്തേയും വർജ്ജിക്കുകയാണ് ഭാരതീയ സംഗീതത്തിന്റെ പൊതുസ്വഭാവം. ഈ അടിസ്ഥാനദർശനത്തെ മുൻനിർത്തി ചിന്തിച്ചാൽ അപായകരമായൊരു പരിസരമാണ് കഥകളിഗായകനു വിധിക്കപ്പെട്ടിട്ടുള്ളത്. എത്ര ശ്രമിച്ചാലും പൂർണ്ണമായി ശ്രുതിചേർന്നു നിൽക്കാൻ വിഷമമുള്ള ചെണ്ട എന്ന വാദ്യം, അനുനിമിഷം പ്രവേശിച്ചും നിഷ്ക്രമിച്ചും അരങ്ങിനെ മാറ്റിപ്പണിയുന്ന കഥാപാത്രപരിണാമങ്ങൾ, അതിവേഗം മദ്ധ്യമശ്രുതിയിലേക്കും തിരിച്ചും സഞ്ചരിക്കുന്ന രാഗസഞ്ചാരങ്ങൾ - കഥകളിഗായകന്റെ നില കർണ്ണാട്ടിക് - ഹിന്ദുസ്ഥാനീ ഗായകന് ആദ്യന്തം അപകടകരമായേ അനുഭവപ്പെടൂ. ഈ പ്രതിബന്ധങ്ങൾക്കകത്തു നിന്ന് സവിശേഷവ്യക്തിത്വമുള്ള ഗേയമാർഗ്ഗം നിർമ്മിക്കുകയും ഏറെ ശ്രമകരമാകുന്നതും അതുകൊണ്ടാണ്.Nedumbally Rammohan

കഥകളിയെ ശരീരസ്ഥമായി പരിചയപ്പെട്ട ശേഷം ശാരീരസ്ഥമായി ആവിഷ്ക്കരിക്കുന്ന രാംമോഹൻ ചേങ്ങിലയേന്തുമ്പോൾ ഇന്ന് കഥകളിയരങ്ങിനു ലഭിക്കുന്ന ഊർജ്ജവും അനായാസതയും ഈ പരിസരത്തെ തിരിച്ചറിഞ്ഞുകൊണ്ടേ മനസ്സിലാക്കാനാവൂ. 

"പാടുമ്പോൾ ഏതു സംഗതി പാടണം എന്നൊന്നും ഞാനധികം ആലോചിക്കാറില്ല. മുദ്രക്കൊപ്പം വാക്കു ചേർന്നുനിൽക്കുന്നുണ്ടോ, താളവട്ടത്തിന്റെ വേണ്ട സ്ഥാനങ്ങളിൽ വേഷക്കാരന് മുദ്ര വിന്യസിക്കാൻ പാകത്തിന് പാടാൻ പറ്റുന്നുണ്ടോ എന്ന കാര്യമൊക്കെയാണ് പാടുമ്പോൾ ശ്രദ്ധിക്കാറുള്ളത്" എന്ന് രാംമോഹൻ പറയും. കഥകളിഗായകന് വേണ്ട അടിസ്ഥാനഗുണവിശേഷം ഈ വാക്കുകളിലുണ്ട്. പ്രയുക്ത സംഗീതത്തിന്റെ (Applied music) മൗലികധർമ്മമായ ധർമ്മബോധത്തിലാണ് രാംമോഹന്റെ സംഗീതം ശ്രദ്ധയൂന്നുന്നത്. മറ്റു സംഗീതസവിശേഷതകളിലുപരി ഈ ഗുണം അരങ്ങിലെ നടന്മാർക്ക് നൽകുന്ന പ്രയോജനം വളരെ വലുതാണ്. എട്ടു മാത്രയുള്ള ഒരു സാധാരണ ചെമ്പടതാളത്തിലുള്ള പദമെങ്കിൽ തന്നെയും, മുദ്ര നിർവ്വഹിക്കാൻ പര്യാപ്തമായ അഞ്ചാം മാത്രയെ മുറുക്കിപ്പിടിച്ചും, മുദ്ര തീർക്കാൻ ആവശ്യമായ നിലയിൽ താളവട്ടങ്ങളെ വിഭജിച്ചും പാടാനുമുള്ള രംഗബോധം പൊന്നാനിഗായകനുണ്ടെങ്കിൽ നടന്മാരുടെ പ്രകടനം അനായാസമായിത്തീരും. ചേങ്ങിലയിൽ നിന്നുള്ള കൈവിട്ട ചേങ്ങിലക്കോലുമായി, സംഗീതത്തെ വായുവിൽ നിന്ന് കയ്യെത്തിപ്പിടിച്ച് പാടുന്ന പല കഥകളിഗായകരും വിസ്മരിക്കുന്ന കാര്യമാണിത്. പതിഞ്ഞ ഇരട്ടി പോലുള്ള നൃത്തപ്രകാരങ്ങളിൽ വിദഗ്ദ്ധമായ ചേങ്ങിലയുടെ ഉപയോഗം തന്നെ സമർത്ഥമായൊരു കലയാണ്. കൃത്യം സ്ഥാനങ്ങളിൽ അടച്ചും തുറന്നും പ്രവർത്തിക്കുന്ന, കൃത്യമായി കാലപ്രമാണം ദീക്ഷിക്കുന്ന ചേങ്ങിലയിലെ താളസ്ഥിതി രാംമോഹന്റെ രംഗസാന്നിദ്ധ്യത്തെ സഹപ്രവർത്തകർക്ക് ആഹ്ലാദകരമാക്കി മാറ്റുന്നു. 

ശ്രുതിശുദ്ധിയുടെ സൗന്ദര്യനാദം 

ഘനഗാംഭീര്യമാർന്ന ശബ്ദമല്ല രാംമോഹന്റേത്. യേശുദാസിനു ശേഷം കേരളത്തിൽ രൂപപ്പെട്ട പുരുഷശബ്ദത്തിന്റെ ഘനമാനത്തെ പറ്റിയുള്ള ജനകീയകാഴ്ചപ്പാട് രാംമോഹന്റെ ശബ്ദം പങ്കുവെക്കുന്നുമില്ല. ഇന്നത്തെ കഥകളിസംഗീതനിരയിലെ മറ്റു ഗായകരുമായി താരതമ്യം നടത്തിയാൽ നേർത്ത ശബ്ദമാണ് രാംമോഹനുള്ളത്. എന്നാൽ താരഗാന്ധാരത്തോളം മുകളിലേയ്ക്കും അതുപോലെ തന്നെ താഴേക്കും വലിയ പ്രയാസമില്ലാതെ സഞ്ചരിക്കുവാൻ രാംമോഹന്റെ ശബ്ദം പര്യാപ്തമാണ്. തികഞ്ഞ പ്രൊഫഷണലിസം കൊണ്ട് മുകളിലേക്കും താഴേക്കുമുള്ള സഞ്ചാരങ്ങളിൽ പരിമിതികളെ പറ്റി നാം തിരിച്ചറിയുകയോ, ശ്രുതിയിൽ നിന്നു തെന്നിമാറുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ അനായാസം സമകാലീന കഥകളിസംഗീതത്തിന് അനിവാര്യമായ സ്വരഭേദത്തെ (Voice modulation) രാംമോഹൻ സാക്ഷാത്ക്കരിക്കുന്നു. 'മനമങ്ങും മിഴിയിങ്ങും' പോലുള്ള മുകളിലേക്കും താഴേക്കും സഞ്ചരിക്കുന്ന സമകാലീനപ്രയോഗങ്ങളിൽ ഒരേപോലെ മുകളിലും താഴെയും രാംമോഹന്റെ ശബ്ദം രെജിസ്റ്റർ ചെയ്യുന്നത് മനോഹരമായ അനുഭവമാണ്. അടിച്ചുപാടേണ്ട പദങ്ങളിൽ വെറുതേ തൊണ്ട തുറക്കുന്നതിനു പകരം കണ്ഠത്തെ ശ്രുതിയിലൂന്നി തുറന്നു പാടാനുള്ള സിദ്ധി രാംമോഹന്റെ ദ്രുതകാല പദങ്ങളെ ഒരേ സമയം ഊർജ്ജവാഹിയും ശാസ്ത്രസമ്മതവുമാക്കുന്നു. 

ദുർമ്മേദസ്സില്ലാത്ത പ്രസ്താരശിൽപ്പം

രാംമോഹന്റെ ഗേയമാർഗ്ഗത്തിലെ ഏറ്റവും മർമ്മതലസ്പർശിയായ സവിശേഷത, രാഗങ്ങളുടെ വിസ്താരത്തിലെ സൗന്ദര്യസമീപനവും പ്രാഗൽഭ്യവുമാണ്. കഥകളിസംഗീതജ്ഞർ പൊതുവേ രാഗങ്ങളുടെ ജീവസ്വരങ്ങളിൽ മാത്രം നിന്ന്, പരിമിതമായ സഞ്ചാരങ്ങളിൽ തൃപ്തിയടയുന്നവരാണ് എന്ന വിമർശനം ശാസ്ത്രീയ സംഗീതാസ്വാദകർ ഉന്നയിക്കാറുണ്ട്. രാംമോഹന്റെ രാഗസമീപനം ഈ സമീപനത്തിൽ നിന്നു വ്യത്യസ്ഥമായി നിൽക്കുന്നു. പ്രയുക്തസംഗീതത്തിന്റെ പരിമിതികളിൽ നിന്നുകൊണ്ടു തന്നെ , ഏതു രാഗത്തിന്റെയും പ്രസ്താരസാദ്ധ്യതയെ രാംമോഹൻ സമർത്ഥമായി കണ്ടെടുക്കുന്നു എന്ന് ശ്രദ്ധിച്ചു കേട്ടാൽ വ്യക്തമാകും. തോടി, കല്ല്യാണി, ശങ്കരാഭരണം പോലുള്ള മേജർ രാഗങ്ങൾ പാടുമ്പോൾ ഈ സൗന്ദര്യസമീപനം തെളിഞ്ഞുകേൾക്കാം. ഏതു രാഗമായാലും അനവധി തവണ എടുത്തുപാടാനുള്ള അവസരമുണ്ടെങ്കിൽ താര-മദ്ധ്യ-മന്ത്രസ്ഥായികളിൽ വിന്യസിക്കാവുന്ന സംഗതികൾക്ക് അടുക്കും ചിട്ടയുമുള്ള ഒരു ക്രമം രാംമോഹന്റെ പാട്ടിലുണ്ടായിരിക്കും. രംഗപ്രയോഗദക്ഷമായ, അഭിനേതാക്കൾക്ക് പരിക്കേൽക്കാത്ത, എന്നാൽ സൂക്ഷ്മ തലത്തിൽ സങ്കീർണ്ണമായ സംഗതികൾ കൊണ്ട് ചേതോഹാരിയായ പാറ്റേണുകൾ നെയ്തെടുക്കുന്നത് പലപ്പൊഴും വിസ്മയത്തോടെയേ കേട്ടിരിക്കാനാവൂ. "മുദിതതതീകബരീപരിചയപദവിയോ" "നൂനം സഹിക്കാവതല്ലേ ( ) എന്നിങ്ങനെ പലതവണ ആവർത്തിക്കുന്ന കഥാസന്ദർഭങ്ങളിലും "ചലമലയമൃദുപവന" പോലുള്ള മേളപ്പദരാഗങ്ങളിലും ഈ ഘടനാപരമായ ഒതുക്കവും ഭംഗിയും നിരവധിതവണ രാംമോഹൻ കേൾപ്പിച്ചിട്ടുണ്ട്. സ്വന്തം പ്രതിമാശില്പത്തെ വിദൂരത്തിൽ നിന്നു നോക്കുന്ന ശില്പിയെ പോലെ തന്റെ രാഗപ്രസ്താരത്തിന്റെ ആകമാനീയകതയെ രാംമോഹൻ തന്നെ നിരീക്ഷിച്ചാണ് പാടുന്നത് എന്നു പലപ്പോഴും തോന്നും.  ഗേയശിൽപ്പത്തിനാകട്ടെ, അനാവശ്യമോ പ്രകടനപരമോ ആയ ഭൃഗകളുടെയോ സംഗതികളുടേയോ അലങ്കാരങ്ങളുമില്ല. പുറമേ നിന്നു നോക്കിയാൽ അതിലളിതമെന്നു തോന്നും. എന്നാൽ അകമേ സൂക്ഷ്മമായ, തരിതരിയായി കിടക്കുന്ന സംഗതികളുടെ ഘോഷയാത്രയാണ്. അതുകൊണ്ടുതന്നെ ഏതു ശിങ്കിടിപ്പാട്ടുകാരനും രാംമോഹനൊപ്പം ജാഗ്രതയോടെ പാടേണ്ടിവരും.

 ഔചിത്യദീക്ഷയുടെ സംഗീതപാഠം

എന്നാൽ, ജീവസ്വരങ്ങളെ കൊണ്ട് രാഗഭാവം സൃഷ്ടിക്കുന്നതിലും രാംമോഹന്റെ ശാരീരത്തിന് മികച്ച പാടവമുണ്ട്. ചെറിയ പദങ്ങൾക്ക് രാഗത്തിന്റെ മർമ്മമറിഞ്ഞ് പാടുന്ന, ജ്ഞാനസ്ഥമായ മാർഗ്ഗമാണ് രാംമോഹൻ അവലംബിച്ചു കാണാറുള്ളത്. വനമുണ്ടിവിടെ ദുർഗ്ഗാ, നിലയവുമുണ്ട് എന്ന കിർമ്മീരവധം ലളിതയുടെ പദത്തിന് ലഭിക്കുന്ന ഭൈരവിയുടെ കണ്ണഞ്ചിപ്പിയ്ക്കുന്ന സൗന്ദര്യം ഒരുതവണ വിസ്മയത്തോടെ കേട്ടതോർക്കുന്നു. "മിന്നൽക്കൊടിയിറങ്ങി" ദേശിലും  (  )"കല്ല്യാണാലയ" ലതാംഗിയിലും "അത്തലിതൊഴിച്ചില്ലെങ്കിൽ" ധന്യാസിയിലും മാറ്റിപ്പാടുമ്പോൾ അവ കഥകളിയോട് അനന്യസാധാരണാം വിധം ഇണങ്ങിനിൽക്കുന്നതായി അനുഭവപ്പെടുന്നതും ഈ രാഗസഞ്ചാരത്തിലെ പ്രയുക്തബോധം കൊണ്ടാണ്. നരകാസുരവധം ലളിതയുടെ :മാനുഷനാരിയുമല്ല" എന്ന പദം 'ലളിത'യിലേക്ക് മാറ്റിപ്പാടുന്നത് രാംമോഹനിൽ മാത്രമേ കേട്ടിട്ടുള്ളൂ. രാഗമാറ്റങ്ങളെ ജ്ഞാനപ്രദർശനത്തിനുപരി കഥകളിയോടിണങ്ങി മാത്രം സമീപിക്കുന്നതാണ് രാംമോഹൻ അനുവർത്തിക്കുന്ന മാർഗ്ഗം. 

രംഗസംഗീതത്തിന്റെ കാതൽ എന്തെന്ന് അറിഞ്ഞുപാടിയ വെണ്മണി ഹരിദാസ് പറഞ്ഞുകേട്ടിട്ടുണ്ട് : "ആനന്ദഭൈരവിയിൽ നല്ല കഥകളിപ്പദമാണ് "സുമശരസുഭഗശരീരാ" എന്നു വെച്ച് അതിൽ ആനന്ദഭൈരവിയുടെ എല്ലാ പ്രയോഗങ്ങളും ആവാം എന്നുകരുതി പാടിയാൽ ആനന്ദഭൈരവി നന്നാവും , കഥകളി പക്ഷേ നന്നാവില്ല. ഈ ബോദ്ധ്യം രാംമോഹൻ പ്രസിദ്ധരാഗങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധയോടെ അനുവർത്തിക്കുന്നതു കാണാം. കഥകളിപ്പദത്തിന് ആവശ്യമായ സ്വരഭേദങ്ങളോടെ, രാഗങ്ങളുടെ കളിക്കു ചേർന്ന സംഗതികളെ മിഴിവു നൽകി അവതരിപ്പിക്കാൻ രാംമോഹൻ ശീലിച്ചെടുത്തിരിക്കുന്നു.  ‘ലോകാധിപാ കാന്താ’ പോലുള്ള എരിക്കിലക്കാമോദരിപ്പദങ്ങളും ‘നല്ലാർകുലം’ പോലുള്ള നവരസപ്പദങ്ങളും പാടുമ്പോൾ രാംമോഹൻ ഔചിത്യപൂർവ്വം നൽകുന്ന പരിമിതസംഗതികൾക്ക് ലഭിയ്ക്കുന്ന കനകകാന്തി അന്യാദൃശമാണ്.  സൂക്ഷ്മതയാണ്, സ്ഥൂലതയല്ല കഥകളിയുടെ സംഗീതത്തിനു വേണ്ടത് എന്ന് രാംമോഹന്റെ പാട്ട് എല്ലായ്പ്പോഴും ബോദ്ധ്യപ്പെടുത്തും.

ചടുലതയുടെ അച്ചടക്കകാന്തി 

രാംമോഹനിൽ ആസ്വാദകർ കാണാറുള്ള മറ്റൊരു മികച്ച വൈദഗ്ദ്ധ്യം യുദ്ധപ്പദങ്ങൾ പാടുന്നതിലാണ്. പുതുതലമുറയിൽ ഏറ്റവും ഊർജ്ജവത്തായ ദ്രുതകാലപദങ്ങളുടെ പാട്ടുകാരുടെ മുൻനിരയിൽ തീർച്ചയായും നെടുമ്പിള്ളി രാംമോഹനുണ്ട്. കേരള സംഗീതത്തിന്റെ മുഖ്യ സവിശേഷതയായ വായുസ്തോഭത്തോടെയള്ള ശബ്ദവിനിയോഗം രാംമോഹന് അനായാസം വഴങ്ങുന്നു. "നിശാചരേന്ദ്രാ വാടാ" പോലുള്ള പോരിനുവിളിപ്പദങ്ങൾ, കിരാതത്തിലേയും ദക്ഷയാഗത്തിലേയും ബാലിവധത്തിലെയുമെല്ലാം യുദ്ധപ്പദങ്ങൾ എന്നിവയിലെല്ലാം രാംമോഹന്റെ പൊന്നാനിത്തവും അടിച്ചുപാടുമ്പോൾ ലഭിയ്ക്കുന്ന വായുസ്തോഭസമ്പന്നമായ ആലാപനത്തിന്റെ ഭംഗിയും പകരുന്ന കഥകളിപ്പറ്റ് അനുഭവിച്ചറിയേണ്ടതാണ്. ശ്രദ്ധിച്ചാൽ ഗായകനെന്ന നിലയിൽ രാംമോഹൻ ആർജ്ജിച്ച പാകതയിൽ നിന്നാണ് ചടുലരംഗങ്ങൾക്ക് ഇത്രമേൽ തേജസ്സുള്ള സംഗീതം നൽകാൻ കഴിയുന്നത് എന്നു വ്യക്തമാവും. രംഗത്തിന്റെ ചടുലതയ്ക്കൊപ്പം ഗായകനും നിയന്ത്രണം നഷ്ടമാവുന്നത് പലപ്പോഴും കഥകളിയിൽ കാണാം. ശ്രുതിയിൽ ശ്രദ്ധിക്കാതെ യുദ്ധരംഗത്തിന്റെ പൊലിമക്കായി നിയന്ത്രണരഹിതമായി, ആവേശഭരിതരായി പാടുന്ന ഗായകരുടെ വഴിയല്ല രാംമോഹൻ അനുവർത്തിക്കുന്നത്. ഏതു ദ്രുതകാലപദങ്ങൾ പാടുമ്പോഴും രാംമോഹൻ നിലനിർത്തുന്ന വിശ്രാന്തിയാണ് ചടുലരംഗങ്ങളെ അനന്യസാധാരണമാക്കുന്ന സൂക്ഷ്മഘടകം. ഭാവപൂർണ്ണമായ ഒരു ശൃംഗാരപദം പാടുന്നതിനു സമാനമായ വിശ്രാന്തി യുദ്ധപ്പദത്തിന്റെ സമയത്തും കാത്തുസൂക്ഷിക്കുകയും ഭാവശില്പത്തിൽ രംഗാനുസാരിയായ വ്യത്യാസം കൊണ്ടുവരികയും ചെയ്യാനാവുക എന്നത് കഥകളിഗായകൻ അനേകകാലം കൊണ്ട് സമാർജ്ജിക്കുന്ന സിദ്ധിയാണ്. രാംമോഹൻ ഈ പ്രായത്തിൽ തന്നെ അതു നേടിയെടുത്തിരിക്കുന്നു.  [ ref: സുധാശനേന്ദ്രാ വാടായുദ്ധപ്പദം ]

 

ഉച്ചാരണശുദ്ധിയുടെ സംഗീതസാക്ഷ്യം

ദക്ഷിണേന്ത്യൻ സംഗീതത്തിന്റെ ശാസ്ത്രീയധാരകളിൽ മിക്കതിനും ഏറ്റ ആരോപണമാണ് ഉച്ചാരണത്തിലുള്ള അശ്രദ്ധ. കർണാടകസംഗീതത്തിലെ ചില മഹാസംഗീതജ്ഞർ തന്നെയും ഉച്ചാരണസ്ഫുടതയിൽ അലസരായിരുന്നു.  കഥകളിസംഗീതം കഥാപാത്രങ്ങൾക്കുള്ള ഗേയരൂപമാണെന്ന നിലയിലും സാഹിത്യസൃഷ്ടികളായ ആട്ടക്കഥകളാണ് ആലപിക്കപ്പെടുന്നതെന്ന നിലയിലും ഉച്ചാരണത്തിൽ പണ്ടേ ശ്രദ്ധയൂന്നിയിരുന്നു. എന്നാൽ, കാലക്രമേണ ഉച്ചാരണത്തിലെ നിഷ്കർഷകൾ ദുർബലപ്പെടുന്നതാണ് നമുക്കു മുന്നിലെ യാഥാർത്ഥ്യം. മദുരദരകോമളവദനേ എന്നുപാടുന്ന യുവഗായകനും ആരാധകസമൃദ്ധിയുള്ള ഇടമാണിന്ന് കഥകളി. മലയാള-സംസ്കൃതപദങ്ങളുടെ  ഉച്ചാരണസംസ്കാരം തന്നെ അനിവാര്യമാണെന്ന തോന്നൽ പല ഗായകർക്കും അന്യമായിരിയ്ക്കുന്നു. രാഗമാറ്റവും കൂടുതൽകൂടുതൽ കാലപ്രമാണം താഴ്ത്തിക്കൊണ്ടുവന്ന് രാഗവിശദാംശങ്ങൾ പാടിപ്പൊലിപ്പിയ്ക്കാനുള്ള ശ്രദ്ധയും അനുദിനം കൂടിവരികയും, അക്ഷരവ്യക്തതയും സാഹിത്യബോധവും അനുദിനം കുറഞ്ഞുവരികയും ചെയ്യുന്നതാണ് നിലവിൽ കഥകളിസംഗീതത്തിന്റെ നേർച്ചിത്രം.

 

രാംമോഹൻ പാടുമ്പോൾ അക്ഷരശുദ്ധി കേവലമായ ഒരലങ്കാരമോ പ്രകടനമോ അല്ല,  ആട്ടക്കഥയുടെ മുഴുവൻ പാഠത്തേയും ചൂഴ്‌ന്നുനിൽക്കുന്ന, സമഗ്രമായ ഒരു അവബോധമാണ്. രാംമോഹനു ഗുരുതുല്യനായ പാലനാട് ദിവാകരനിൽ നിന്നു ഏറ്റെടുത്ത ഏറ്റവും പ്രധാന ഒസ്യത്ത് അക്ഷരശുദ്ധിയാണ്. ഏത് സംഗീതാത്മകതയിലും മലയാള-സംസ്കൃതഭാഷകളുടെ ഉച്ചാരണരീതിശാസ്ത്രം ശാസ്ത്രബോധത്തോടെ ഉൾക്കൊണ്ട് പാടുന്ന രാംമോഹനെപ്പോലുള്ള പാട്ടുകാർ അത്യപൂർവ്വമാണ്. അക്ഷരവ്യക്തിയായി ഖരങ്ങളെ അതിഖരങ്ങളായും  മൃദുശബ്ദങ്ങളെ ഖരമായും കൃത്രിമമായി ഉച്ചരിയ്ക്കുകയല്ല, ഓരോ അക്ഷരവും അതാതിനു വേണ്ട ശബ്ദബോധത്തോടെ ഉച്ചരിക്കുകയാണ് വേണ്ടതെന്ന് സൂക്ഷ്മതലത്തിൽ തിരിച്ചറിയുകയും കഥകളിയരങ്ങിൽ നിൽക്കുന്ന നീണ്ടസമയത്തിലുടനീളം അതു കാത്തുസൂക്ഷിയ്ക്കുകയും ചെയ്യുക എന്നത് അനായാസം രാംമോഹൻ സാദ്ധ്യമാക്കുന്നു.  

മറ്റെല്ലാ സവിശേഷതകളേയും നിർണ്ണയിക്കുന്ന അടിസ്ഥാനഘടകം രാംമോഹനിൽ ശക്തമായ അടിത്തറയോടെ നിലനിൽക്കുന്ന സംഗീതജ്ഞാനമാണ്. രാഗമിശ്രണങ്ങളില്ലാതെ ആലപിക്കാനുള്ള ജ്ഞാനം കൈകാര്യം ചെയ്യുന്ന ഓരോ രാഗത്തിലും രാംമോഹൻ പ്രദർശിപ്പിക്കുന്നു. "സ്വല്പപുണ്യയായേൻ" ( എന്ന പദം ഒരിടത്തുപോലും നാഥനാമക്രിയയിൽ നിന്ന് മായാമാളവഗൗളയിലേക്കു പോകാതെ, തോടയം ഗംഭീരനാട്ടയിൽ നിന്ന് ഒരിടത്തും നാട്ടയിലേക്ക് വഴുതാതെ പുന്നാഗവരാളിയിൽ നിന്ന് ഒരിടത്തും സിന്ധുഭൈരവീ സ്പർശമില്ലാതെ രാംമോഹൻ പാടുന്നത് കേൾക്കാം. കഥകളിസംഗീതത്തിന്റെ  തനിമയാർന്ന സൗന്ദര്യം സംവഹിക്കുന്ന പുറനിര, പാടി, ഘണ്ഡാരം, ഇന്ദളം തുടങ്ങിയ രാഗങ്ങൾ പാടുമ്പോൾ കഥകളിസംഗീതത്തിന്റെ തികഞ്ഞ സമ്പ്രദായശുദ്ധിയുടെ തിളക്കം രാംമോഹനിൽ വന്നു നിറയുന്നു. 

പുതിയ തലമുറയിൽ നന്നായിപ്പാടുന്ന നിരവധി കുട്ടികളുടെ ഗുരുനാഥനാണ് രാംമോഹൻ. മറ്റു മിക്ക ഗായകരുടെയും ശിഷ്യനിര യുവജനോൽസവത്തിൽ തുടങ്ങി യുവജനോൽസവത്തിൽ കഥകളിസംഗീതമവസാനിപ്പിക്കുമ്പോൾ, തുടർന്നും സംഗീതത്തെ ജീവിതത്തോടു ചേർക്കുന്ന ശിഷ്യന്മാരെയാണ് പലപ്പോഴും രാം‌മോഹനിൽ നിന്നു കഥകളിക്കു ലഭിയ്ക്കുന്നത്. ഇപ്പോൾ കഥകളിസംഗീതത്തിലെ രാഗവും രസവും - ഇരയിമ്മൻ തമ്പി ക്കഥകളെ മുൻനിർത്തി ഒരു പഠനം" എന്ന വിഷയത്തിൽ ഗവേഷണത്തിലാണ് രാംമോഹൻ. അദ്ധ്യാപനവൃത്തിക്കും, തിരക്കേറിയ കഥകളിസംഗീതജീവിതത്തിനും ഇടക്ക് കഥകളിക്കു ലഭിക്കാവുന്ന മികച്ചൊരു ഗവേഷണപ്രബന്ധം വൈകുന്നു എന്നതാണ് സങ്കടകരം. 

ഘടകകലകൾ സമഗ്രരൂപത്തിൽ നിന്നകന്ന് ശിഥിലമാകുന്ന രംഗമാണ് സമകാലീനകഥകളിയിലെ ദുരന്തം. ഓരോ ഘടകകലയിലും മികച്ച കലാകാരന്മാർ  ഇന്നും കഥകളിയിലുണ്ട്. എന്നാൽ കഥകളിയിലേക്ക് ഉൾച്ചേരുന്ന കലാകാർന്മാർ വിരളമായിക്കൊണ്ടിരിക്കുന്നു. ഈ സമയസന്ധിയിൽ കഥകളി ആവശ്യപ്പെടുന്ന കലാകാരനാണ് നെടുമ്പിള്ളി രാംമോഹൻ. അന്യൂനമായ ഭാവനയും സർഗ്ഗസിദ്ധിയും കഥകളിപ്പറ്റും ചേർന്ന രാംമോഹന്റെ ഗേയമാർഗ്ഗത്തിന് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്. അതിനനിവാര്യമായ സ്വഭാവനൈർമ്മല്യവും വ്യക്തിത്വവും കൂടി ഉൾച്ചേർന്ന രാംമോഹനിൽ ഇനിയുമേറെ പ്രതീക്ഷിക്കാനുമുണ്ട്. മൃദുലതയും ഗഹനഭാവവും ചേരുന്നു എന്ന കോട്ടയത്ത് തമ്പുരാന്റെ  ഭാവനയ്ക്ക് സാധൂകരണമായി മാറാൻ രാം മോഹന്റെ സംഗീതത്തിനു കെൽപ്പുമുണ്ട്. കാലം കാത്തിരിയ്ക്കുന്നു.

( ഫോട്ടോസ് : ഷാജി മുള്ളൂർക്കാരൻ, മുരളി വാരിയർ, നവീൻ രുന്ദ്രൻ , ഓഡിയോ : കഥകളിപ്പദം.കോം).


ശ്രീചിത്രൻ എം ജെ:

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് സ്വദേശി. ആംഗലേയത്തിൽ ബിരുദാനന്തരബിരുദം. മികച്ച ഡോക്യുമെന്ററി തിരക്കഥയ്ക്കുള്ള മോമി പുരസ്കാരം, ടെലിഫിലീം തിരക്കഥയ്ക്കുള്ള അല അവാർഡ് എന്നിവ നേടി. ഓൺലൈൻ കഥകളിമുദ്രാവിജ്ഞാനകോശമായ മുദ്രാപീഡിയയുടെ ക്രിയേറ്റീവ് ലീഡ്. വാഴേങ്കട കുഞ്ചുനായർ സ്മാരകട്രസ്റ്റ് ഭാരവാഹി. കേരളീയകലകളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു.



free joomla templatesjoomla templates
2024  Aswadanam.com   globbers joomla template