മുലപ്പാൽ കരിഞ്ഞുയർന്ന മെയ്യെഴുത്തുകൾ
- Details
- Category: Other Folk Arts
- Published on Friday, 08 March 2013 03:47
- Hits: 4848
മുലപ്പാൽ കരിഞ്ഞുയർന്ന മെയ്യെഴുത്തുകൾ
ശ്രീചിത്രൻ എം ജെ.
കത്തുന്ന അടുപ്പിലൊഴിച്ച മുലപ്പാൽ കരിയുന്ന ഗന്ധം കവിതയിലാവിഷ്കരിച്ച ഒരു ക്ലാസിക്കൽ നർത്തകി എന്നതിൽ നമ്മുടെ വ്യവസ്ഥാപിതശീലങ്ങൾക്കു മനം പുരട്ടുന്ന ചില അലോസരങ്ങളുണ്ട്. കാവ്യാക്ഷരങ്ങളും മെയ്യക്ഷരങ്ങളും കൊണ്ട് ക്ലാസിക്കൽ കലാസ്വാദകരുടെ നേർക്കു മൂർച്ചയുള്ള അത്തരം അലോസരങ്ങളുടെ പരമ്പര സൃഷ്ടിച്ച ഒരു നർത്തകിയേയുള്ളൂ, ചന്ദ്രലേഖ.
മാതൃത്വമെന്നാൽ സ്ത്രീത്വത്തിന്റെ ആത്യന്തികമോക്ഷമെന്നു ധരിച്ചവർക്ക് കൈയ്യെത്താത്ത ഉയരവും ഉരുവമായിരുന്നു ചന്ദ്ര. നിർത്താതെ ചുരക്കുന്ന മുലപ്പാൽ അവസാനം അടുപ്പിലൊഴിച്ചുകളയുന്ന പെൺകുട്ടിയെപ്പറ്റിയുള്ള കവിത ഒരു യാദൃശ്ചികതയല്ല. ഭംഗിയുള്ള ശരീരത്തിന്റെ വിന്യാസം മാത്രമായി നൃത്തത്തെ ചുരുക്കിയവർക്കു നേരെയുള്ള, ( എന്നെ ഹിന്ദി സിനിമാനടിയെ നോക്കും പോലെ ജനങ്ങൾ നോക്കുന്നതു പോലെ നിരാശാജനകമായി മറ്റൊന്നുമില്ല - ചന്ദ്ര ) ശരീരം കൊണ്ടുതന്നെയുള്ള വിമോചനശ്രമമായിരുന്നു ചന്ദ്രയുടെ ആവിഷ്കാരങ്ങൾ. സ്ത്രൈണത ഒരു പ്രതിനിധാനമായി മാറുന്ന, സ്ഥിരം വാർപ്പുകൾക്കപ്പുറത്തുള്ള സ്ത്രൈണസാദ്ധ്യതകളെ തേടുന്ന ചന്ദ്രയുടെ ആവിഷ്കാരങ്ങൾക്ക് എന്തുകൊണ്ട് കരുത്തുറ്റ പിന്തുടർച്ചയുണ്ടായില്ല എന്നത് കലയുടെ ഘടനയ്ക്കപ്പുറം പ്രസക്തമായ ഒരു രാഷ്ട്രീയ ചോദ്യമാണ്. പ്രത്യേകിച്ചും സ്ത്രീ മുൻപെങ്ങുമില്ലാത്തവിധം ശാരീരികമായും മാനസികമായും വെല്ലുവിളികൾ നേരിടുന്ന ഇന്നത്തെ ഇന്ത്യൻ അന്തരീക്ഷത്തിൽ.
നർത്തകി, പോസ്റ്റർ ഡിസൈനർ, കവയത്രി, തെരുവുനാടകക്കാരി, ഫെമിനിസ്റ്റ് - ഇങ്ങനെ നമുക്കാവശ്യമുള്ള ഏതെങ്കിലും കള്ളികളിൽ ആവശ്യമെങ്കിൽ ചന്ദ്രയെ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ എല്ലാ കള്ളികളിലും കൃത്യം ഉൾപ്പെടുത്താതിരിയ്ക്കുകയും ചെയ്യാം. കാരണം സാമ്പ്രദായികമട്ടിൽ ഇവയൊന്നും ചന്ദ്ര അധികം ചെയ്തിട്ടില്ല. 1950കളിൽ ഭരതനാട്യം നർത്തകിയെന്ന നിലയിലായിരിയ്ക്കണം ആകെ വ്യവസ്ഥാപിതശൈലിയിൽ ചിലനൃത്തങ്ങൾ ചന്ദ്ര ചെയ്തിരിക്കുക. എന്നാൽ തുടർന്ന്, അതേ നൃത്തം തന്നെ ചന്ദ്രയ്ക്ക് മറ്റുപലതിന്റെയും പ്രകാശനായുധമായി രൂപാന്തരപ്പെടുകയും ചെയ്തു. ആദ്യന്തം ചന്ദ്രയിൽ ഉന്മിഷിത്തായിരുന്ന വികാരമെന്ന നിലയിൽ, നർത്തകിയെന്ന കള്ളിയിലാവും അവർക്കു കുറച്ചുനേരമെങ്കിലും നിൽക്കാനാവുക.
ഭരതനാട്യത്തിനു ഭരതമുനിയോളവും നാട്യശാസ്ത്രത്തോളവും നീണ്ട ചരിത്രമുണ്ടാക്കി കഷ്ടപ്പെട്ട്, ദേവദാസീസ്വത്വത്തിൽ നിന്നു ഭരതനാട്യത്തിന്റെ നൃത്താംശത്തെ ഭക്തിമാർഗത്തിലേക്കു വിലയിപ്പിയ്ക്കാൻ ശ്രമിച്ച നർത്തനപാരമ്പര്യത്തിൽ നിന്ന് ചന്ദ്രലേഖ പ്രകടമായിത്തന്നെ ഇടഞ്ഞുനിന്നു. സ്ത്രൈണതയ്ക്കും പൗരുഷത്തിനും ആഴമുള്ള തീയറ്റർ ഭാഷ്യങ്ങൾ രചിയ്ക്കുന്ന ചന്ദ്രയ്ക്ക് ശരീരം എന്ന ടൂൾ ഒരിയ്ക്കലും അശരീരിജീവിതത്തിനുള്ള വഴിയായിരുന്നില്ല. യോഗ മുതൽ കളരിപ്പയറ്റു വരെയും ഒറീസ്സയുടെ നൃത്തരൂപമായ ചൗ മുതൽ കേരളത്തിന്റെ തീയ്യാട്ടുവരെയും ഉൾച്ചേരുന്ന ചന്ദ്രയുടെ മെയ്യെഴുത്തുകൾക്ക് ശരീരം എന്നും ആവിഷ്കരണോപാധിയായി നിലകൊണ്ടു. ഈ അടിസ്ഥാനവ്യതിയാനം, സാമ്പ്രദായിക ഭരതനാട്യത്തിനോ ക്ലാസിക്കൽ അഭിരുചികൾക്കോ സമരസപ്പെടാനുള്ള എല്ലാ സാദ്ധ്യതകളെയും അകമേ നിന്ന് തകർത്തുകളയുകയും ചെയ്തു.
മറ്റു ഭാരതീയ നൃത്തരൂപങ്ങളെ അപേക്ഷിച്ച് ഭരതനാട്യത്തിനുള്ള അനിതരസാധാരണമായ , വിശാലമായ കാൻവാസ് തീർച്ചയായും ചന്ദ്രയുടെ ആവിഷ്കാരങ്ങൾക്കു മറ്റേതു കലയേക്കാളും സൗകര്യം നൽകി. ഭാരതത്തിലെ മറ്റനേകം കലാരൂപങ്ങളിൽ നിന്ന് വലിയൊരളവോളം കൈക്കൊണ്ട്, അതിനെ സ്വന്തം മൂശയിലിട്ട് ശൈലീകരിച്ചെടുക്കുന്ന ആധുനികപ്രക്രിയ ഇന്ത്യൻ നൃത്തകലകളിൽ ഭരതനാട്യത്തോളം സഫലമായി നടപ്പാക്കിയ മറ്റൊരു കലാരൂപമില്ല. പാരമ്പര്യവും മാറ്റവും കണ്ണുപൊത്തിക്കളിയ്ക്കുന്ന ഒരു അരങ്ങിടമായി ഭരതനാട്യം മാറുന്നത് ഒരു ക്ലാസിക്കൽ കലയെ സംബന്ധിച്ചിടത്തോളം വളരെ ചുരുങ്ങിയ കാലം കൊണ്ടാണ്. ഒരുകാലത്ത് ദേവദാസീനൃത്തമെന്ന് അധിക്ഷേപിച്ചിരുന്ന വരേണ്യസമൂഹം തന്നെ, അവരുടെ പെൺകുട്ടികളുടെ പൊൻതൂവലുകളിലൊന്നായി ഭരതനാട്യത്തെ അംഗീകരിയ്ക്കുന്നിടത്തേക്ക് മാറ്റങ്ങൾ ഭരതനാട്യത്തെ കൊണ്ടുചെന്നെത്തിച്ചു. മാറ്റം പുതിയ മൂല്യസങ്കൽപ്പനങ്ങളോട് ഇണക്കാനായി ആവണം എന്ന ഫ്യൂഡൽ നിഷ്കർഷ, ഭരതനാട്യത്തെ വലിയൊരളവൊളം അപകടസന്ധിയിലാണ് കൊണ്ടു ചെന്നെത്തിച്ചത്. ആത്മീയതയുടെ സാക്ഷാത്കാരമാർഗമായി നൃത്തത്തെ ഉപാസിയ്ക്കുന്ന രുഗ്മിണീദേവിയുടെ മാർഗത്തോട് അന്നുതന്നെ വിയോജിച്ച ബാലസരസ്വതിയും ഭരതനാട്യത്തിന്റെ തുടർചരിത്രത്തിലെ നിയാമകശക്തിയായിത്തീർന്നു. ആത്മാന്വേഷണങ്ങളുടേയും ശരീരത്തിന്റെ സൗന്ദര്യവാഹിയായ നർത്തനാന്വേഷണങ്ങളുടേയും വഴികളിലുടെ വികസിച്ച ഭരതനാട്യത്തിന്റെ ചരിത്രസന്ധിയെ കൃത്യമായി അഭിമുഖീകരിച്ചാണ് ചന്ദ്ര തന്റെ നൃത്തലോകത്തേക്കുള്ള രണ്ടാം വരവിൽ പ്രസക്തയായത്.
1984ൽ നാഷണൽ സെന്റർ ഫോർ ദ പെർഫോമിങ്ങ് ആർട്സും മാക്‌സ്‌മുള്ളർ ഭവനും ചേർന്നു മുംബൈയിൽ സംഘടിപ്പിച്ച ഈസ്റ്റ് - വെസ്റ്റ് ഡാൻസ് എൻകൗണ്ടറിൽ തന്റെ 'ആംഗിക' എന്ന പുതിയ നൃത്താവിഷ്കരണവുമായി പ്രത്യാഗമനം നടത്തിയ ചന്ദ്രലേഖ, തുടർന്നുള്ള അതിസാഹസികമായ അന്വേഷണങ്ങൾക്കുള്ള തുടക്കം കുറിയ്ക്കുകയായിരുന്നു. 'ആംഗിക' ഭരതനാട്യത്തിന്റെ അടിസ്ഥാനശിൽപ്പങ്ങളെയും യോഗ, കളരിപ്പയറ്റ് എന്നിവയുടെ ലാവണ്യാംശങ്ങളെയും കലാപരമായി പുനർനിർമ്മിച്ചെടുത്ത ഒരു കൊളാഷ് ആയിരുന്നു; ഒരേസമയം ക്ലാസിക്കൽ അഭിരുചികളേയും നവീനാന്വേഷണങ്ങളേയും തൃപ്തിപ്പെടുത്തുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന സൃഷ്ടി. അഡയാർ കലാക്ഷേത്രത്തിലെ നൃത്തവിദ്യാർത്ഥിനികളെ ചന്ദ്രയുടെ ആവിഷ്കാരങ്ങൾക്കായി വിട്ടുകൊടുത്ത രുഗ്മിണീദേവി അരുണ്ഡേൽ, തന്നിൽ നിന്നു വിഭിന്നമായ ഒരു കലാവീക്ഷണത്തിലൂന്നി ചന്ദ്ര വികസിപ്പിയ്ക്കുന്ന നൃത്തസങ്കൽപ്പനങ്ങൾക്ക് ഒരിക്കലും പതിത്വം കൽപ്പിച്ചിരുന്നില്ല. 'ആംഗിക' എന്ന ചന്ദ്രയുടെ നൃത്താവിഷ്കരണത്തിന്റെ ഏറ്റവും പ്രധാനപ്രശംസക തന്നെ രുഗ്മിണീദേവി ആയിരുന്നു എന്നതും പ്രസക്തമാണ്. 'ചന്ദ്രയുടേതു പോലൊരു പോലൊരു അലാരിപ്പോ തില്ലാനയോ താൻ കണ്ടിട്ടില്ല' എന്നു തുടർന്ന് അഭിമുഖങ്ങളിൽ പറയാൻ പോലും രുഗ്മിണീദേവി മടികാണിച്ചില്ല.
അലാരിപ്പ്, തില്ലാന തുടങ്ങിയ ഭരതനാട്യരൂപങ്ങളിലേക്ക് കളരിപ്പയറ്റിന്റെ ശരീരഭാഷയെ ഉൾച്ചേർത്ത 'ആംഗിക' ഒരേസമയം ആഴമുള്ള ക്ലാസിക്കൽ അന്വേഷണങ്ങളും പുതിയ ശരീരവാങ്മയത്തിനുള്ള സാദ്ധ്യതകളും അന്വേഷിച്ചു. ഭാരതീയഗണിതാചാര്യൻ ഭാസ്കരാചാര്യയുടെ ഗണിതശാസ്ത്രസങ്കൽപ്പനങ്ങളുടെയും കാവ്യസങ്കൽപ്പനങ്ങളൂടെയും നാടകീയമായ നൃത്താന്വേഷണമായ 'ലീലാവതി', യോഗയും നൃത്തവും തമ്മിലുള്ള പരസ്പരബന്ധങ്ങളെയും ആഴത്തിലുള്ള വൈരുദ്ധ്യങ്ങളെയും ഒരേപോലെ പ്രകാശിപ്പിയ്ക്കുന്ന 'പ്രാണ', സ്ത്രീകളുടെ ചരിത്രപരമായ അടിമത്തത്തിന്റെ സവിശേഷതകളെയും ശക്തിയേയും വിശദമാക്കുന്ന 'ശ്രീ' തുടങ്ങിയ അപരിചിതവൻകരകളിലൂടെയുള്ള ചന്ദ്രയുടെ യാത്രകൾക്ക് ഇന്ത്യൻ ക്ലാസിക്കൽ തീയറ്റർ മിക്കപ്പോഴും ഒരു ടൂൾ ആയാണ് വർത്തിച്ചത്. ശ്ലീലാശ്ലീലങ്ങളെപ്പറ്റി മാത്രം ഉൽകണ്ഠപ്പെടാനറിയുന്ന നമ്മുടെ കലാസമൂഹം എന്നാൽ കലാപം കൂട്ടിയത് രണ്ടു നർത്തകർ അടുത്തിടപഴകുന്ന 'രാഗ' എന്ന ആവിഷ്കാരത്തെ മുൻനിർത്തിയാണെന്നതാണ് നിരാശാജനകമായ ചരിത്രം.
"രാഗ: ഇൻ സെർച്ച് ഓഫ് ഫെമിനിറ്റി " എന്ന ആവിഷ്കാരത്തിന് ആൺശരീരങ്ങളിലൂടെ നടത്തുന്ന അതിവിപുലമായ ഒരു അന്വേഷണത്തിന്റെ പശ്ചാത്തലമുണ്ടായിരുന്നു. നർത്തകരിൽ പൊതുവേ കാണുന്ന സ്ത്രൈണച്ചുവയുള്ള പുരുഷൻ ( Sissy Man) അല്ല, സ്വവർഗാനുരാഗത്തിന്റെ ഉള്ളിലെ എതിർലിംഗാന്വേഷണത്തിന്റെ ഒരു ഫാന്റസിയാണ് ചന്ദ്രയുടെ ആവിഷ്കരണത്തിലുണ്ടായിരുന്നത്. എന്നാൽ, അവതരണത്തിന്റെ ഘടന, സ്വവർഗലൈംഗികതയോടു ചേർന്നുള്ള വായനകൾക്കും ഇടം നൽകി. .ആദർശാത്മകമെന്ന പശ്ചാത്തലം സൃഷ്ടിച്ച്,ചില സാമൂഹിക-ജൈവപ്രവർത്തനങ്ങളെ മാത്രം അംഗീകരിക്കുകയും മറ്റുള്ളവയെ മുഴുവൻ അരിച്ചുമാറ്റുകയും ചെയ്യുന്ന ഒരു സാംസ്കാരികോപകരണമായി ലൈംഗികസാദാചാരസങ്കൽപ്പനങ്ങളെ ഉപയോഗിക്കുന്ന സമൂഹത്തിന് ചന്ദ്രയുടെ ആവിഷ്കരണത്തിൽ അശ്ലീലം മാത്രം ദർശിയ്ക്കാനായതിൽ അത്ഭുതപ്പെടാനില്ല.
അവസാനനാളുകളിലൊന്നിൽ ചന്ദ്ര പ്രതികരിച്ചത്, താൻ ചെയ്ത ഏതു സർഗപ്രവർത്തനത്തേക്കാളും വിലപ്പെട്ടതായി തനിയ്ക്കു തോന്നുന്നത് ചന്ദ്ര തന്നെ നട്ട ചില വേപ്പുമരങ്ങളാണ് എന്നായിരുന്നു. നൃത്തം നിലച്ചാലും മരം നിലനിൽക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അനശ്വരതയെപ്പറ്റിയുള്ള ഉൽകണ്ഠകളില്ലാതെയാണ് ചന്ദ്രലേഖ വിടവാങ്ങിയത്.
എന്നാൽ, ശരീരത്തിന്റെ അപരസാദ്ധ്യതകളെ ഭരതനാട്യത്തിന്റെ ക്ലാസിക്കൽ ഘടനയ്ക്കു പുറത്തുനിന്നും അന്വേഷിച്ച ചന്ദ്രയുടെ മാർഗം തുടർന്ന് നമ്മുടെ നർത്തനലോകത്ത് കാര്യമായ ചലനമുണ്ടാക്കിയെന്നു തോന്നുന്നില്ല. സാമ്പ്രദായിക നൃത്തലോകം പിന്നെയും രേഖീയമായ ആഖ്യാനങ്ങളിൽ വീണ്ടും വീണ്ടും അഭിരമിച്ചു. പളപളപ്പുള്ള സിൽക്കുവസ്ത്രങ്ങളിലും ആഭരണങ്ങളിലും പൊതിഞ്ഞ് ഫോട്ടോഗ്രാഫിസൗന്ദര്യവുമായി നിരന്ന്, കാൽപ്പനികാഖ്യാനങ്ങളിലും ഭാവഗീതങ്ങളിലും ആവർത്തനങ്ങൾ തേടുന്ന നൃത്തചരിത്രം അനുസ്യൂതം തുടരുന്നു. ചന്ദ്ര നമുക്കിന്ന് ഒരു ചരിത്രരേഖയാണ്. ഭരതനാട്യത്തിന്റെ ഘടനയ്ക്കു പുറത്തു നടന്ന സ്വൈരക്കേടുകളുടെ ഒരു രേഖ.
പക്ഷേ പുറമ്പോക്കിൽ നിന്നും അലോസരങ്ങളുടെ ഓർമ്മകൾ തൂത്തെറിയാനാവില്ല. പെണ്മ എന്ന സ്വത്വം തന്നെ അതിക്രൂരമാം വിധം ബലാൽക്കാരത്തിനിരയാവുന്ന ഇന്ത്യയുടെ മണ്ണിൽ നിന്നു കത്തുന്ന കലകളുടെ അടുപ്പുകളിൽ മുലപ്പാൽ കരിഞ്ഞ മണം പൊങ്ങേണ്ട സമയം ഇതല്ലെങ്കിൽ പിന്നെ മറ്റേതാണ് ?