പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക
- Details
- Category: Koodiyattam
- Published on Monday, 18 March 2013 09:40
- Hits: 5837
പ്രബന്ധക്കൂത്തിലേക്ക് ഒരു ആസ്വാദകന്റെ പ്രവേശിക
കൂടിയാട്ടത്തെ പറ്റി എഴുതാനാണ് ആവശ്യപ്പെട്ടത്. എന്റെ അനുഭവം വച്ച്, കൂടിയാട്ടത്തിലേക്ക് കടക്കാന്‍, കൂത്തിനെ പറ്റി ഒരു ആമുഖം ആവശ്യമാണ്. എന്തായാലും പറഞ്ഞു (എഴുതി) തന്നെ പകരണമല്ലോ? അതിപ്പോ അഭിനയത്തെ പറ്റി ആയാലും, വാദ്യത്തെ പറ്റി ആയാലും, മറ്റേതു കലയെ പറ്റി ആയാലും. അപ്പോള്‍ "പറയലി" നെ പറ്റി തന്നെ ആദ്യം പറയാം എന്ന് വിചാരിച്ചു. അത്യാവശ്യം ഈ കലകളുടെ അവതരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ നിന്നും കിട്ടിയ അറിവ് മാത്രം ആണ് ഇതിന്റെ പിന്‍ബലം എന്നുകൂടി പറയട്ടെ. എന്റെ അത്ര കൂടി പരിചയം ഇല്ലാത്തവരെ കൂത്ത് എന്ന കലയിലേക്ക് അടുപ്പിക്കുക, പരിചയപ്പെടുത്തുക എന്നത് മാത്രമേ ഉദ്ദേശിച്ചുള്ളൂ.
ചാക്യാര്‍ കൂത്ത് എന്ന് പറഞ്ഞാല്‍ തമാശ പറയുക, കൂടിയാട്ടം എന്ന് പറഞ്ഞാല്‍ സംസ്കൃതനാടകം ആര്‍ക്കും മനസ്സിലാകാത്ത രീതിയില്‍ അരങ്ങേറുക, എന്നു പൊതുവില്‍ ഒരു ധാരണ കടന്നു കൂടിയിട്ടുണ്ട് എന്ന് തോനുന്നു. അതില്‍ തന്നെ നങ്ങ്യാര്‍ കൂത്ത് എന്ന് പറഞ്ഞാല്‍ സ്ത്രീ മാത്രം അവതരിപ്പിക്കുന്ന ഒരു കൂത്ത് എന്നൊക്കെ ആണ് എന്ന് തോനുന്നു. എല്ലാവര്ക്കും അങ്ങിനെ ആണ് തോനുന്നത് എന്നല്ല പറഞ്ഞത്, പൊതുവെ ഈ കലകളിലേക്ക് സ്വാഭാവികമായി അധികം ഇടപഴകാത്ത ഒരു വിഭാഗം യുവജനങ്ങളുടെ കാര്യം ആണ് മുമ്പ് സൂചിപ്പിച്ചതു.
ആദ്യം തന്നെ പറയട്ടെ, ഇത് ഒരു പാരമ്പര്യകലയാണ്, ചിലര്‍ക്കും മാത്രം അവതരിപ്പിക്കാന്‍ വിധിക്കപ്പെട്ടതാണ്, ആരാണ് ഇത് അവതരിപ്പിക്കുന്നത്, അവതരാണാര്‍ഹാങ്ങളായ സ്ഥലങ്ങള്‍ എന്നീ കാര്യങ്ങള്‍ ഒന്നും തന്നെ എഴുതുന്നില്ല. ചാക്യാര്‍ കൂത്തിനെ പറ്റി ചെറിയ ഒരു ആമുഖം അത് ഒട്ടും അറിയാത്തവര്‍ക്ക് പറഞ്ഞു കൊടുക്കാനുള്ള ഒരു ശ്രമം എന്നാ രീതിയില്‍ കണ്ടാല്‍ മതി.
കൂത്ത് എന്നാല്‍, പ്രാഥമികമായി കഥ പറയല്‍ തന്നെ. എന്നാല്‍ വെറുതെ കഥ പറഞ്ഞു പോവുകയല്ല, അവയ്ക്ക് വേണ്ടി എഴുതപ്പെട്ടവയോ, സമ്പാദിക്കപ്പെട്ടവയൊ ആയ സാഹിത്യം ഉണ്ട്. ഇവ പ്രബന്ധം എന്ന് പൊതുവില്‍ അറിയപ്പെടുന്നു. അതുകൊണ്ട് ഈ കലയെ പ്രബന്ധക്കൂത്ത് എന്നും പറയുന്നു. ഭഗവത്കഥകളിലൂടെ ശ്രോതാക്കളെ ആധ്യാത്മികതയിലേക്ക് എന്നതാണ് അന്തിമലക്‌ഷ്യം. സംസ്കൃതത്തില്‍ ഗദ്യ, പദ്യ രൂപങ്ങളില്‍ ഉള്ള ഇവയിലെ സാഹിത്യം വര്‍ണ്ണിക്കുകയാണ് കഥപറയല്‍ എന്നാ നാട്യത്തിലൂടെ സാധിക്കപ്പെടുന്നത് അല്ലെങ്കില്‍ ഉദ്ദേശിക്കപ്പെടുന്നത്. അതിന്റെ കൂടെ തന്നെ മേലെ പറഞ്ഞ ദൈവിക കാര്യവും. ഇതില്‍ ഫലിതങ്ങള്‍ക്കും, പരിഹാസങ്ങള്‍ക്കും തുലോം വളരെ നിസ്സാരമായ ഒരു സ്ഥാനമേ ഉള്ളൂ. അതായത് കഥാകഥനത്തില്‍ പ്രാധാന്യം സാഹിത്യവിശദീകരണം ആകുന്നു. കഥകളി എന്നപോലെ "കഥ"ക്ക് ആദ്യം കേള്‍ക്കുമ്പോഴത്തെ പ്രാധാന്യമേ ഉള്ളൂ. അതിലെ സാഹിത്യത്തിനാകട്ടെ, അവ വായിക്കുകയോ ഒരു തവണ കേള്‍ക്കുകയോ ചെയ്‌താല്‍ പിന്നെ ഒരു പുതുമയും ഇല്ല തന്നെ. പിന്നെ എന്തിനു ഒരു തവണ കേട്ട അതെ പദ്യഭാഗം (അല്ലെങ്കില് ഗദ്യഭാഗം) വീണ്ടും കേള്‍ക്കണം? അവിടെയാണ് കൂത്ത് കഥാകഥനത്തെക്കാള്‍ മീതെയുള്ള ഒരു കല ആയി മാറുന്നത്. കൂട്ടത്തില്‍ പറയട്ടെ, കൂത്ത് കേള്‍ക്കാന്‍ പോകുന്ന ഒരു വിഭാഗം ആസ്വാദകര്‍ക്ക് ചൊല്ലുവാന്‍ പോകുന്ന ശ്ലോകങ്ങള്‍ പോലും അറിയുന്നതായിരിക്കും.
കഥ പറയുന്ന ആള്‍ക്ക്, കലാകാരന്‍ എന്നാ നിലയില്‍ ശ്രോതാക്കളേക്കാള്‍ ഉയര്‍ന്ന സ്ഥാനം എന്തായാലും ഉണ്ടല്ലോ. ഇക്കാര്യം അവതരണവേളയില്‍ ഉറപ്പിക്കാനായി ഒരു ദിവ്യത്വവും നല്‌കിയിരിക്കുന്നു. പുരാണകഥകള്‍ മിക്കവാറും പറയുന്നത് "സൂതന്‍" എന്നറിയപ്പെടുന്ന ഒരു കാഥികന്‍ ആയിരിക്കുമല്ലോ? ഈ സൂതന്റെ ഭാവമാണ് കൂത്ത് അവതരിപ്പിക്കുന്ന ആള്‍ക്ക് എന്നാണു പണ്ഡിതന്മാര്‍ പറയുന്നത്. സൂതന്‍ ഭഗവത്കഥകളെ പറ്റി അറിയാന്‍ ആഗ്രഹിക്കുന്നവരുടെ ഇടയിലേക്ക് ഇറങ്ങിവരികയാണ്. ഈ പശ്ചാത്തലത്തിനു പിന്‌ബലമേകാനായി ആഹാര്യാദികളും, ആദ്യത്തെ അരങ്ങുതളി, പ്രാര്‍ത്ഥനകള്‍, ചാരി, വിദൂഷകസ്തോഭം എന്നെല്ലാം പറഞ്ഞുവരുന്ന ചില പ്രാഥമിക ചടങ്ങുകളും അവതരിപ്പിക്കുന്നത് ശ്രദ്ധിച്ചുണ്ടാകുമല്ലോ? ഇവയെ പറ്റിയോ, പിന്നണികളെ പറ്റിയോ ഇവിടെ പറയാന്‍ തുനിയുന്നില്ല.
വാക്ക് തുടങ്ങുന്നത് ദൈവകഥകള് വിചാരം ചെയ്യുന്നതിന്റെ ആവശ്യകതയെ പറ്റി പറഞ്ഞുകൊണ്ടാകുന്നു. സര്‌വകാലവും ഭഗവന്നാമങ്ങളെ ഉച്ചരിച്ചിരുന്നാല്‍ സങ്കടങ്ങള്‍ നീങ്ങും. മനുഷ്യന് വിധിക്കപ്പെട്ടതെങ്കിലും ഭൌതികങ്ങളായ സുഖത്തില്‍ മാത്രം ലയിക്കാതെ, ദൈവികവും അതുവഴി ആത്മീയവും ആയ വഴിയിലേക്ക് ശ്രദ്ധിക്കണം. എന്നാല്‍ ഇഹപര ലോകങ്ങളിലെ സുഖം ഉറപ്പിച്ചു മോക്ഷം പ്രാപിക്കും എന്ന് ഏകദേശം അര്‍ത്ഥം വരത്തക്ക പ്രസ്താവം കഴിഞ്ഞാല് അവതരിപ്പിക്കപ്പെടുന്ന കഥയിലെ ഈശ്വരനെ പ്രസ്താവിച്ചു, സങ്കടങ്ങളെ ആസകലം നീക്കി ദുരിതനിവൃത്തി വരുത്തുവാന്‍ ഈ ഈശ്വരന്‍ മാത്രമേ ഉള്ളൂ എന്ന് ഊന്നി പ്രസ്താവിച്ചു, ആ ഈശ്വരനെ പറ്റി ഒരു ആമുഖം നടത്തി (രാമചന്ദ്രനോ, വാസുദേവനോ ആരായാലും) പറയാന്‍ പോകുന്ന കഥാഭാഗത്തിലേക്ക് ശ്രോതാക്കളെ നയിക്കാന്‍ തക്ക പൂര്‍വഭാഗം അവതരിപ്പിക്കുന്നു. അതിനുശേഷം അന്നത്തെ ആദ്യത്തെ ശ്ലോകം ചാക്യാരുടെതായ ശൈലിയില്‍ ചൊല്ലുന്നു. പദ്യത്തിലെ ഓരോ അര്‍ഥം കഴിയുമ്പോഴും മിഴാവ് കൊട്ടുന്നതായിരിക്കും.
നമുക്ക് പ്രബന്ധത്തിലേക്ക് ഒന്നും പോകേണ്ട. ആഖ്യാനശൈലിയെ ഒന്ന് ഉദാഹരിക്കാന്‍. സംസ്കൃത സാഹിത്യ വിദ്യാഭ്യാസത്തിന്റെ ആദ്യപടിയായി പണ്ട് പറഞ്ഞു കൊടുക്കാറുള്ള അതിലളിതമായ ഭാഷയില്‍ രചിക്കപ്പെട്ട "ശ്രീരാമോദന്തം" എന്നാ കഥയിലെ മൂനാമത്തെ ശ്ലോകം തന്നെ ആകട്ടെ.
ഈ ശ്ലോകത്തിനു ആമുഖം ഏകദേശം ഇപ്രകാരം ആയിരിക്കും. "എങ്കിലോ പണ്ട് മാല്യവാനാല്‍ പ്രേരിതയായ കൈകസി പാതാളത്തില്‍ നിന്നും പുറപ്പെട്ടു വിശ്രവാശ്രമം പുക്കു പുലസ്ത്യതനയനായിരിക്കുന്ന വിശ്രവസ്സിങ്കലു നിന്നും ഗര്ഭാവസ്ഥയെ പ്രാപിച്ചു യഥാവലേ രാവണകുംഭകര്‍ണാദികളായ രാക്ഷസപുത്രന്മാരെ നേടി. തദനന്തരമാകട്ടെ... (ഇങ്ങിനെ സന്ദര്ഭത്തിലേക്ക് നയിച്ച് ശ്ലോകം ചൊല്ലുന്നു)
(ശ്രീരാമോദന്തം-3)
(അര്‍ഥം: അവരാകട്ടെ, തീവ്രമായ തപസ്സുകൊണ്ട് ബ്രഹ്മാവിനെ പ്രത്യക്ഷമാക്കി ആശ്രിതവല്‍സലനായ അദ്ദേഹത്തില്‍ നിന്നും ഇഷ്ടമുള്ള വരങ്ങള് വരിക്കുകയും ചെയ്തു)
തുടര്‍ന്ന് ശ്ലോകത്തെ വിസ്തരിച്ചു വ്യാഖ്യാനിക്കുന്നു. ഇവിടെ പ്രാസംഗികമായി വ്യാഖ്യാനത്തിന്റെ ശൈലി ഒന്ന് പറയേണ്ടത് ഉണ്ട്. വാക്കുകളെ അടുക്കിനിരത്തി അന്വയിച്ചു അര്‍ഥം പറയുകയല്ല ചെയ്യുന്നത്. ശ്ലോകത്തിലെ ക്രിയാപദം(പദങ്ങള്) കണ്ടുപിടിച്ചു അതിലേക്കു(അവയിലേക്കു) മറ്റു പദങ്ങളെ ചേര്‍ത്തു പദ്യം മുഴുവന്‍ ഒന്നോ അതിലധികമോ ഒറ്റയ്ക്ക് നില്‍ക്കാവുന്ന വാചകങ്ങള്‍ ആക്കി, ഓരോ പദത്തിന്റെയും അര്‍ത്ഥവും, താല്‍പര്യവും, ഔചിത്യവും വിവരിക്കുക ആണ് രീതി. കൂത്തില്‍ അന്വയം പറയുന്നില്ല എങ്കിലും ഈ ആകാംക്ഷ ആണ് പ്രധാനം. ശ്ലോകം ചൊല്ലികഴിഞ്ഞാല്‍ ക്രിയാപദവും അതിനോട് നേരിട്ട് ബന്ധപ്പെട്ട പദവും ചേര്‍ത്തു ആവര്‍ത്തിക്കുന്നു. ഇവിടെ....
"തേ തു വവ്രിരെ ച - അവരാകട്ടെ വരിക്കുകയും ചെയ്തു. അവര് വരങ്ങളെ നേടി." (ഇവിടെ വരിക്കുന്നതിന്റെ വിശേഷങ്ങള്‍ ഒരാള് സന്തോഷമായി കൊടുക്കുന്ന അനുഗ്രഹങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കുക എന്ന താല്പര്യം വിസ്തരിക്കാം)
"ആര് എന്നാണെങ്കില്, വിശ്രവസ്സുമഹര്‍ഷിയിങ്കലു നിന്ന് കൈകസിക്ക് ജനിച്ച രാവണാദികള്." (ഇവിടെ കാണികളില്‍ ഒരാളെ വിശ്രവസ്സും, വേറെ ഒരാളെ കൈകസിയും ഒക്കെ ആക്കുന്നതും ആക്കാതിരിക്കുന്നതും ഒക്കെ അവതാരികന്റെ ഇഷ്ടം. അതിനൊന്നും ആഖ്യാനത്തിന്റെ ആസ്വാദനത്തെ ഒരു പരിധി കഴിഞ്ഞാല്‍ ബാധിക്കുന്നില്ല. എന്നാല്‍ വിശ്രവസ്സിന്റെ പൂര്‍വകഥകളും, വിശേഷിച്ചു രാക്ഷസോല്പത്തി മുതല്‍, കൈകസി വിശ്രവസ്സിന്റെ അടുത്തു എത്തുന്നത് വരെ ഇതെപോലെ കാണികളെ ഉള്പ്പെടുത്തി വിവരിക്കാം. പിന്നെ രാവണാദികളുടെ ജനനവും. ഈ ഒരു "തേ" എന്ന വാക്ക് വച്ചു ഹേതി-ഭയാ തുടങ്ങി സാലകടങ്കടാ, പാര്‍വതീവരപ്രാപ്തി, രാക്ഷസവര്‍ധന, മാലി, സുമാലി, മാല്യവാന്മാരുടെ കഥകള്‍, മാലിവധം തുടങ്ങിയ ഉപകഥകളും മറ്റുമായി ഒരു മണിക്കൂര്‍ പറയുവാനുള്ള വൈഭവം കണ്ടറിയുകയെ നിവൃത്തി ഉള്ളൂ)
"ആട്ടേ.. എന്താ അവര്‍ വരിച്ചേ? കൊടുത്തത് വാങ്ങീട്ടുണ്ടാവും അല്ലെ? എന്നാണെങ്കില്‍ വരാന്‍ ഇഷ്ടാന്‍, ഇഷ്ടാന്‍ വരാന്‍...ഇഷ്ടങ്ങളായ വരങ്ങളെ വരിച്ചു. അവര്‍ക്ക് എന്താണോ ഇഷ്ടം, അവയൊക്കെ വരിച്ചു." (അടുത്ത ശ്ലോകങ്ങളില്‍ അവയെ പറ്റി പറയുന്നതിനാല് എന്ത് വരിച്ചു എന്ന് പറയാതെ സമര്‍ത്ഥമായി അടുത്ത വാക്കിലേക്ക് നീങ്ങുന്നു)
"ആട്ടേ.. വെറുതെ ങ്ങനെ വരം കിട്ട്വോ? (ന്നാ, എനിക്കും കൊറച്ചു തരാക്കണം മുതലായവ പ്രസക്തമല്ല), എന്നാണെങ്കില്‍ "പ്രത്യക്ഷീകൃത്യ" പ്രത്യക്ഷമായി ചെയ്തിട്ട്.. ച്ചാല്‍ പ്രത്യക്ഷമായി കണ്ടിട്ട്. അക്ഷം അക്ഷം പ്രതി അതാണ് പ്രത്യക്ഷം. നേരിട്ടന്നെ കാണണം എന്നര്‍ത്ഥം. " (അടുത്ത വാക്കിലേക്ക് നയിക്കുന്നു)
"അപ്പൊ വരം കൊടുത്ത ആളെ ചെന്നങ്ങട് കണ്ടണ്ടാവും ല്ലേ ? അതോ അയാള് ബരടടുത്തക്ക് വരേണ്ടായോ? എങ്ങനാനാണെങ്കില്‍, "തപസാ" തപസ്സു കൊണ്ട്, തപസ്സു ചെയ്തിട്ട്" (തപസ്സിന്റെ ഗുണദോഷങ്ങള്‍ വിവരിക്കാം, തപസ്സിനു വിശേഷം ഉള്ളതിനാല്‍ അതിലേക്കു കടക്കുന്നു)
"ച്ചാല്‍ മനസ്സു എകാഗ്രാക്കി ധ്യനിച്ചട്ട്ണ്ടാവും ല്ലേ? , എന്നാണെങ്കില്‍ "തീവ്രേണ തപസാ" തീവ്രമായ തപസ്സുകൊണ്ട്" (തീവ്രം എന്നാ പടം മുതലെടുത്ത് പ്രത്യേകിച്ച് രാവണന്റെ തപസ്സിനെ വര്‍ണ്ണിക്കാം, പക്ഷെ സമയം നോക്കി തിരിച്ചു സന്ദര്‍ഭത്തിലേക്ക് വരണം)
"അങ്ങിനെയൊക്കെ അതി തീവ്രമായ തപസ്സു ചെയ്തു വരങ്ങളെ സമ്പാദിച്ചു" (അടുത്ത പദത്തിലേക്ക് കടക്കുന്നു)
"ങ്ങനോക്കെ തപസ്സു ചെയ്യാന്‍ തക്ക ആരാടോ? ത്ര കെമനാ.. ന്നാനെങ്കില്‍ "വേധസം"-വേധാവിനെ ച്ചാല്‍ സാക്ഷാല്‍ ബ്രഹ്മാവിനെ തപസ്സു ചെയ്താണ് രാവണാദികള്‍ അവരവര്‍ക്ക് വേണ്ടുന്ന വരങ്ങള്‍ നേടീത്.. " (പ്രപഞ്ചസൃഷ്ടി മുതല്‍ ബ്രഹ്മാവിന്റെ തപസ്സും സര്‍ഗ്ഗസിദ്ധി ലഭിക്കുന്നതും വര്‍ണ്ണിക്കാം)
"അപ്പൊ ആര്‍ക്കായാലും ബ്രഹ്മാവ് വരം കൊടുക്കും ല്ലേ? ന്നാണെങ്കില്‍ . "അസ്മാദ് ആശ്രിതവല്‍സലാത്" ആ ആശ്രിതവല്സലനില്‍ നിന്നും,ആശ്രിതവത്സലന്‍ ആകുന്നവനാണ് അദ്ദേഹം. ആശ്രയിച്ചവരില്‍ വത്സലന്‍. വാല്സല്യമുള്ളവന്. അദ്ദേഹത്തെ ആത്മാര്‍ഥതയോടെ ആശ്രയിച്ചവരോട് വാത്സല്യള്ളളാ. "
"എന്തൊക്കെ വരങ്ങളാണ് സിദ്ധിച്ചത് എന്നാണെങ്കില്" (അടുത്ത പദ്യം ചൊല്ലുന്നു)
ഇപ്രകാരം ഒരു ചെറിയ ശ്ലോകം പിടിച്ചു എത്ര നേരം വേണമെങ്കിലും വിസ്തരിച്ചു വ്യാഖ്യാനിക്കാം. ഇതിനിടെ വരുന്ന കളിയാക്കലുകള്‍ക്ക് വളരെ ചെറിയ ഒരു സ്ഥാനമേ ആസ്വാദനത്തെ പോഷിപ്പിക്കുന്നതില്‍ ഉള്ളൂ. എന്നാല്‍, സ്വാഭാവികമായി വരുന്ന സന്ദര്ഭങ്ങളിലെ ഫലിതങ്ങള്‍ക്കും, വിശിഷ്യ ആനുകാലിക സംഭവങ്ങളെ ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങള്‍ക്കും ഒരു നിലവാരമുണ്ട്. ഒരു നാല് കൂത്ത് അവതരണങ്ങള്‍ കേട്ടാല്‍, പിന്നെ സാധാരണ പറഞ്ഞു വരുന്ന പ്രയോഗങ്ങള്‍ക്കു ഫലിതം തോന്നുകയില്ല.
ഒരു കണക്കിന് പ്രബന്ധക്കൂത്ത് ഭാരതത്തിന്റെ, വിശേഷിച്ചു കേരളത്തിന്റെ കഥാകഥനശാസ്ത്രത്തിന്റെയും, വ്യാഖ്യാനപാരമ്പര്യത്തിന്റെയും, ആഖ്യാനമിഴിവിന്റെയും ഉദാത്തമായ ഉദാഹരണങ്ങള്‍ ആണെന്ന് നിസ്സംശയം പറയാം. ഇത്രയൊക്കെ ആണെങ്കിലും, കൂത്തിന് ആസ്വാദന പരിമിതികള്‍ വളരെ ഉണ്ട്. പച്ച മലയാളത്തില്‍ ആണ് വാക്ക്. വാങ്ങ്മയം ആയതിനാല്‍ സഹൃദയത്വം എത്ര ഉണ്ടെങ്കിലും ഭാഷ മനസ്സിലാകാന്‍ പ്രയാസം. ഉച്ചാരണ ശൈലിയും എല്ലാവരെയും ആകര്‍ഷിക്കണം എന്നില്ല. പിന്നെ അത്യാവശ്യം സാഹിത്യത്തോട്, പ്രത്യേകിച്ച് സംസ്കൃത ഭാഷയോട് ഒരു ചെറിയ പ്രതിപത്തി എങ്കിലും ഉണ്ടാകണം (അറിവ് വേണം എന്നില്ല). കൂടാതെ, സംസ്കൃതത്തില്‍ എഴുതപ്പെട്ട ഭാരതീയ പുരാണെതിഹാസങ്ങളെ അവലംബിച്ചുള്ള സാഹിത്യം അല്ലാതെ വേറെ ഒന്നും കൂത്ത് എന്ന കലക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ വഴങ്ങുന്നുമില്ല.
ഇപ്പറഞ്ഞതൊന്നും നേരിട്ട് ഒരു കൂത്തരങ്ങില്‍ പങ്കാളിയാവുന്നതിന്റെ ഒരംശം പോലും ആസ്വാദനം പകരുന്നുമില്ല. വായിച്ചു ഒരാളെങ്കിലും ഈ കലയിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെങ്കില് എന്ന് മാത്രം ആശിക്കുന്നു.