ഏറിയൊരു ഗുണം വരണം
- Details
- Category: Theyyam
- Published on Tuesday, 19 March 2013 12:27
- Hits: 7328
"ഏറിയൊരു ഗുണം വരണം"
പുടയൂർ ജയനാരായണൻ
"ഏറിയൊരു ഗുണം വരണം.. ഗുണം വരണം.. ഗുണം വരുത്തുവിനേൻ.. എന്റെ പൈതങ്ങളേ.." തെയ്യാട്ട കാവുകളിൽ നൂറു കണക്കിനായ തെയ്യ കോലങ്ങളുടെ അനുഗ്രഹ വര്ഷം മുഴങ്ങുന്നു.. ആസ്വാദനത്തിൽ ആരംഭിക്കുന്നു തെയ്യം എന്ന അനുഷ്ഠാന കലയെ പരിചയപ്പെടുത്തുന്ന പരമ്പര “ഏറിയൊരുഗുണംവരണം” .
ഓരോ ദേവതയ്ക്കും സവിശേഷമായ ധർമ്മങ്ങൾ ഉണ്ട് എങ്കിലും നാടിനും നാട്ടുകാര്ക്കും, തറവാട്ടിന്നും, കന്നുകാലികൾക്കും , സ്ത്രീകള്ക്കും, കുട്ടികള്ക്കും, കൃഷിക്കും എന്ന് വേണ്ട സകലതിനും ഗുണം വരുത്തുകയാണ് ഏതൊരു ദേവതയുടെയും പൊതു ധർമ്മം ഈ ധർമ്മമാണ് “ഏറിയൊരു ഗുണം വരണം” എന്ന അനുഗ്രഹ വചസ്സിലൂടെ എല്ലാ തെയ്യങ്ങളും നിർവ്വഹിക്കുന്നത്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഭാരതീയ സങ്കൽപ്പത്തിന്റെ തികച്ചും കേരളീയമായ വകഭേദം. ആസ്വാദനത്തിൽ തെയ്യമെന്ന ആരാധനാ സമ്പ്രദായത്തെ പരിചയപ്പെടുത്തുന്ന ഈ പരമ്പരയ്ക്ക് ഇങ്ങിനെ ഒരു പേര് തെരഞ്ഞെടുത്തതും ഇതേ കാരണത്താൽ തന്നെ.
തെയ്യം എന്ന നാടൻ കലാരൂപം.
വര്‍ത്തമാന സമൂഹം ഇന്ന് വളരെയധികം പഠന വിധേയമാക്കുന്ന ഒരു മേഖലയാണ് നാടന്‍ കലകൾ. തികച്ചും കേരളീയമായ കലാരൂപങ്ങൾ എന്നത് തന്നെയാണ് നാടൻ കലകളെ ഇത്രമേൽ പ്രാധാന്യമുള്ള ഒന്നാക്കി തീര്‌ക്കുന്നത്. അതോടൊപ്പം അയത്ന ലളിതമായ ആഖ്യാന ശൈലി, പ്രകടന പരത, ആസ്വാദ്യമാകുന്ന ശൈലീഘടന എന്നിവയെല്ലാം ഈ ഒരു വിഭാഗത്തെ ഇതര ശാസ്ത്രീയ കലകളെ അപേക്ഷിച്ച് വലിയൊരു ആസ്വാദക വൃന്ദം ഉള്ള കലാ സമ്പ്രദായമാക്കി മാറ്റുന്നുണ്ട്. കേരളം മുഴുവനും വ്യാപിച്ച് കിടക്കുന്ന വിവിധങ്ങളായ ഇത്തരത്തിലുള്ള നാടൻ കലകള്‍ എല്ലാം അത് കൊണ്ട് തന്നെ ഇന്ന് ഒരു പുനരുജ്ജീവനത്തിന്റെ പാതയിലാണ് എന്ന് പറയാം. ശാസ്ത്രീയ കലകള്‍ നിലനില്‍പ്പിനു വേണ്ടി മുറവിളി കൂട്ടുമ്പോഴാണ് നാടൻ കലകളുടെ ഈ കുതിച്ചു കയറ്റം എന്നതാണ് ശ്രദ്ധേയമാകുന്നത്.. ഈ കലകളില്‍ നിറഞ്ഞു തുളുമ്പുന്ന അടിസ്ഥാനജനതയ്ക്ക് കൂടി ആസ്വാദ്യ്മാകുന്ന താളലയസൌഷ്ടവവും തനി നാടൻ ശൈലികളുടെ ലാളിത്യവും തന്നെയാണ് ഈ ഒരു വിഭാഗത്തെ ഇന്നും ബഹു ഭൂരിപക്ഷത്തിന്റെയും ഉൾതുടിപ്പായി നില നിർത്തുന്നത്. ഈ ഒരു വിഭാഗത്തെ ആകമാനം പരിശോധിക്കുമ്പോൾ ഒരു കലാരൂപത്തിന്റെ എല്ലാ സവിശേഷതകൾ നിലനിര്ത്തുകയും, ഒരു അനുഷ്ഠാനം എന്ന നിലയ്ക്ക് ദൈവീകതയുടെയും വിശ്വാസപ്രമാണങ്ങളുടെയും കൂടി പരിവേഷമുള്ള തെയ്യം വളരെ സവിശേഷമായ ഒരു സ്ഥാനം അലങ്കരിക്കുന്ന നാടൻ കലാരൂപമാണ്. ദീര്ഘമായ ഒരു പാരമ്പര്യവും ആഹാര്യ മനോഹാരിതയും അവകാശപ്പെടാവുന്ന തെയ്യം കോലത്ത് നാടിന്റെ കലാപരതയുടെ അളവുകോൽ കൂടിയാണ്. പുരാതന മനുഷ്യൻ ജീവിക്കാൻ നടത്തിയ അന്വേഷണ ശ്രമങ്ങളും അതിജീവന വ്യഗ്രതയും അവനെ പല സാഹസീക മേഖലകളിലേക്കും എത്തിച്ചു. അതോടൊപ്പം സ്വന്തം കരുത്ത് കൊണ്ട് അദ്ഭുതങ്ങൾ കാണിച്ചവരെ ദൈവീകതയിലെക്ക് ഉയർത്തുവാനും അവൻ മുതിർന്നു. അവിടെ നിന്നാണ് തെയ്യം എന്ന അനുഷ്ഠാന പാരമ്പര്യം തുടങ്ങുന്നത്. ഘടനാശൈലി കൊണ്ടും, അവതരണരീതി കൊണ്ടും അതി വിപുലവും, പരിണാമം കൊണ്ട് പൂർണ്ണവും ആയ ഈ കലാരൂപം അത്ത്യുത്തര കേരളത്തിന്റെ ഏറ്റവും സമ്പന്നമായ ആരാധന സമ്പ്രദായത്തിന്റെ കൂടി ദൃഷ്ടാന്തമാണ്.
അത്യുത്തര കേരളം എന്ന തെയ്യാട്ട ഭൂമിക
കേരളത്തിലെ ഇതര ഭാഗങ്ങളെ അപേക്ഷിച്ച് സാംസ്കാരികമായി വളരെയേറെ വ്യത്യസ്തമായ പ്രദേശമാണ് കോഴിക്കോടിന് വടക്കുള്ള ഉത്തര മലബാർ. ആചാരാനുഷ്ഠാനങ്ങളിലും, ജീവിത ക്രമങ്ങളിലും, ഇതര സാംസ്കാരിക ധാരകളിലും എല്ലാം ഈ വ്യത്യാസം പ്രകടവും ആണ്. തെയ്യം എന്ന കല അതിന്റെ അനുഷ്ഠാനപരത അതി തീവ്രമായി നില നിർത്തുന്നതും ഈ വ്യതിയാനങ്ങൾ മൂലമാണ് എന്ന കാണുവാൻ സാധിക്കും. തെയ്യത്തിനു ഉപോൽഫലകമായ പുരാതത്വ സങ്കല്പ്പവും, ആ പുരാതത്വ സങ്കല്പ്പത്തെ രൂപപെടുത്തുകയും നില നിർത്തുകയും ചെയ്യുന്ന ചുറ്റുപാടുകളും ഈ ദേശത്തിന്റെ മാത്രം പ്രത്യേകതയാണ് എന്ന് ഇതോടൊപ്പം ചേർത്ത്
വായിക്കേണ്ടതുണ്ട്. ഒരു പുരാവൃത്തം ഉണ്ടാവുകയും അതിനനുസൃതമായി ഒരു ദേവതയുണ്ടാവുകയും ആ ദേവതയുടെ രൂപം ധരിച്ച് ഒരു മനുഷ്യൻ ഉറഞ്ഞു തുള്ളുകയും, അത് വഴി ആ ദേവത പ്രീതിപ്പെടുന്നുവെന്ന കേവലം വിഗ്രഹാരാധനയ്ക്ക് അപ്പുറമുള്ള ഒരു ആരാധനാ സമ്പ്രദായം ഈ ദേശത്തിന്റെ പ്രത്യേകത തന്നെയാണ്. ഒരു തരം രൂപാന്തര പരിണാമം വഴി ഒരു സാധാരണ മനുഷ്യനിലൂടെ ദൈവീകതയുടെ അമൂർത്തമായ സങ്കല്പ്പത്തെ മൂർത്തിവൽക്കരിക്കുകയാണ് ചെയ്യുന്നത്. ഇതര ദേശങ്ങളിൽ കാണുന്ന വെളിച്ചപ്പാട് അല്ലെങ്കിൽ കോമരം, ദേവതയ്ക്കും മനുഷ്യനും ഇടയിലെ ഒരു മാധ്യമം മാത്രമാണ് എങ്കിൽ ഇവിടെ അതല്ല. ദേവത ഇവിടെ ഒരു മദ്ധ്യവർത്തിയില്ലാതെ തന്നെ നേരിട്ട് വിശ്വാസികളുമായി സംവദിക്കുന്നു, സങ്കടങ്ങൾ കേള്ക്കുന്നു, അനുഗ്രഹം ചൊരിയുന്നു. കോഴിക്കോട് ജില്ലയിലെ തിറയും, കണ്ണൂര് കാസര്ക്കോട് ജില്ലകളിലെ തെയ്യവും, കാസര്ക്കൊടിനും അപ്പുറം കുമ്പള സീമ മുതൽ തെക്കൻ കാനറ വരെ നീളുന്ന പ്രദേശത്തെ ഭൂതം കെട്ടും കെട്ടിലും, മട്ടിലും, സങ്കല്പ്പത്തിലും, ലക്ഷ്യത്തിലും എല്ലാം സമാനത പുലർത്തുന്നവയാണ്. കോലം കെട്ടിയാടിക്കുന്നതിലൂടെ ദേവത പ്രീതിപ്പെടുന്നു എന്നു തന്നെയാണ് മൂന്നിലെയും പൊതു തത്വം. എന്നാൽ സമ്പ്രദായം കൊണ്ടും, വിശ്വാസപരത കൊണ്ടും, വർണ്ണ ശോഭ കൊണ്ടും, നർത്തന മഹിമ കൊണ്ടും, തെയ്യം ഇതര കലകളിൽ നിന്നും ഏറെ മുന്നിലുള്ള ഒരു സ്ഥാനം അലങ്കരിക്കുന്നു. അതിൽ തന്നെ വളപട്ടണം പുഴയ്ക്കും പയ്യന്നൂര് പെരുമ്പ പുഴയ്ക്കും ഇടയിലെ തെയ്യങ്ങൾക്കാണ് ഈ സവിശേഷതകൾ എല്ലാം ഏറെ ബലപ്പെട്ടു കാണുന്നത് എന്നും പറയാൻ സാധിക്കും.
ജാതി സമ്പ്രദായവും തെയ്യങ്ങളും
സുസംഘടിതമായ ജാതി വ്യവസ്ഥയാണ് ഉത്തരമലബാറിൽ നില നിൽക്കുന്നത്. ഓരോ ജാതി സമൂഹത്തിനും അവരുടെതായ പ്രധാന ആരാധനാ മൂർത്തികള് ഉണ്ട്. ആ ദേവതാ സാന്നിധ്യം സങ്കല്പ്പിച്ച് കൊണ്ടുള്ള കാവുകൾ ഉണ്ട്. ആ കാവുകൾ ആണ് ആ ജാതിയെ നിയന്ത്രിച്ച് വരുന്ന കേന്ദ്രങ്ങൾ. ഈ കേന്ദ്രം കഴകം എന്ന പേരിലാണ് അറിയപ്പെടുക. ദേവതയുടെ ആസ്ഥാനമായ കാവുകൾക്ക് ചുറ്റിലും അധിവാസം ഉറപ്പിച്ച പ്രസ്തുത സമുദായാംഗങ്ങൾ എല്ലാം ആ കഴകത്തിന് കീഴിലായിരിക്കും എന്നതാണ് രീതി. ആ കഴകത്തിന് കീഴിലെ പുരുഷന്മാരെല്ലാം ആ കഴകത്തിലെ ബാല്യക്കാർ എന്നാണു അറിയപ്പെടുക. സ്ത്രീകൾക്ക് കഴകത്തിൽ അംഗത്വമില്ല. അവർ ഒരു നിശ്ചിത വരി സംഖ്യ ആ കഴകത്തിൽ അടയ്ക്കേണ്ടതുണ്ട്. കഴകത്തിന്റെ അധികാരികൾ കാരണവൻമാർ ആണ്. സമുദായത്തിന്റെ ആചാരക്രമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നോക്കുവാനും വിലോപം കാട്ടുന്നവരെ ശിക്ഷിക്കാനും കഴകത്തിന് അധികാരം ഉണ്ട്. ഏതാണ്ട് എല്ലാ സമുദായങ്ങളും അനുവര്ത്തിച്ചു വന്നിരുന്ന ഇത്തരം ആചാര മര്യാദകളും കഴക സംവിധാനങ്ങളും ഏതാണ്ടൊക്കെ ഇതേ പോലെ ചില സമുദായങ്ങൾ എങ്കിലും ഇന്നും പിന്തുടരുന്നുണ്ട് എന്ന് കാണാൻ സാധിക്കും. മുച്ചിലോട്ടു കാവ് കഴകമായ വാണിയ സമുദായം ഏതാണ്ട് വലിയ വ്യത്യാസങ്ങൾ കൂടാതെ ഈ സംവിധാനങ്ങൾ പാലിക്കുന്ന ഒരു സമൂഹം ആണ്. ഓരോ ജാതിക്കും മേല്പ്പറഞ്ഞ പ്രകാരം ദേവതയെ മുൻ നിരത്തി സംഘടിതമായ ജാതി വ്യവസ്ഥ നില നില്ക്കുന്നുണ്ട് എങ്കിലും ഇതര ചടങ്ങുകൾക്കും തെയ്യാട്ടങ്ങൾക്കും എല്ലാ സമുദായങ്ങൾക്കും അവരവരുടേതായ അവകാശങ്ങൾ ഉണ്ട്. പ്രതിഷ്ഠയ്ക്കും ഇതര പൂജാവിധാനങ്ങൾക്കും ബ്രാഹമണൻ, മേല്ക്കൊയ്മയാകാൻ നായരോ നമ്പ്യാരോ, തെയ്യത്തിനു കലശം വയ്ക്കാൻ (മദ്യം) തീയ്യൻ , തെയ്യം കെട്ടാൻ അതിന്ന് അവകാശമുള്ള വണ്ണാൻ, മലയൻ തുടങ്ങിയ ജാതികളിൽ പെട്ടവർ, വാദ്യത്തിന് മലയർ ഇങ്ങിനെ എല്ലാ വിഭാഗങ്ങളുടെയും ഒരു സങ്കലനം അവിടെ കാണാം. ഒന്നില്ലാതെ മറ്റൊന്നിനും നിലനില്പ്പില്ല എന്ന പരസ്പര പൂരിതമായ അവസ്ഥ. അതായത് ഓരോ സമുദായവും കെട്ടുറപ്പുള്ള ഒരു സംഘമായി പ്രവര്ത്തിക്കുമ്പോഴും ഗ്രാമ സമൂഹം എന്ന കെട്ടുറപ്പുള്ള മറ്റൊരു സംഘത്തിന്റെ ഓരോ കണ്ണികൾ മാത്രമാണ് ഈ തരത്തിലുള്ള സാമുദായിക സംഘങ്ങൾ എന്ന പൊതു തത്വമാണ് ഇവിടെ പ്രാവര്ത്തികമാകുന്നത്. വണ്ണാൻ, മലയൻ, മുന്നൂറ്റൊൻ, അഞ്ഞൂറ്റൊൻ, വേലൻ, കോപ്പാളൻ, ചിങ്ങത്താൻ, മാവിലോൻ എന്നിങ്ങിനെയുള്ള ജാതികളാണ് തെയ്യം കെട്ടുവാൻ അവകാശമുള്ള വിഭാഗങ്ങൾ. ഇതര സമുദായങ്ങൾക്ക് ഇവരുടെ അവകാശത്തിൽ കൈകടത്തുവാൻ അധികാരമില്ല. മാത്രവുമല്ല ഇവര്ക്ക് തന്നെയും അവരവരുടെ കുലങ്ങല്ക്ക് പറഞ്ഞിട്ടുള്ള ദേവതകളെ കേട്ടാനല്ലാതെ ഇതര സമുദായത്തിന്റെ കോലം ധരിക്കാൻ അവകാശമില്ല.
തുലാം മാസം പത്ത് മുതൽ ഇടവ പാതി വരെയുള്ള ആറേഴു മാസക്കാലമാണ് തെയ്യക്കാലം എന്ന് അറിയപ്പെടുന്നത്. മഴക്കാലത്തിന്റെ അവസാനം മുതൽ അടുത്ത മഴക്കാലത്തിന്റെ ആരംഭം വരെയുള്ള കാലം. ജീവിത ക്ലേശവും ജീവിതാനുഭവങ്ങളും ആണ് പ്രകൃതി ശക്തികളിൽ ദൈവങ്ങളെ സങ്കല്പ്പിക്കുവാനും അവയെ ആരാധിക്കാനും മനുഷ്യനെ പ്രേരിപ്പിച്ചത്. തെയ്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കാർഷിക സമൃദ്ധിയും, മഹാമാരി വിതയ്ക്കുന്ന വസൂരി പോലുള്ള മഹാവ്യാധികളിൽ നിന്നുള്ള പരിരക്ഷയും ആ കാലത്തെ വലിയ പ്രാർഥന ആയിരുന്നു. ഈ ഒരു സുരക്ഷിതത്വം നേടിയെടുക്കുവാൻ തന്നെയാണ് തെയ്യാരാധനയിലൂടെയും മനുഷ്യൻ ആഗ്രഹിച്ചത്. അതിനുള്ള നന്ദിയും കടപ്പാടും തെയ്യം കെട്ടിയാടി അവർ ആ ദേവതകളോട് കാണിച്ചു. പ്രകൃതിയും, ഉപജീവന മാര്‍ഗ്ഗവും , വിശ്വാസവും ഒരു പോലെ സമ്മേളിക്കുന്ന ആരാധനാ സമ്പ്രദായമായി തെയ്യം മാറുന്നതും അതിനാൽ തന്നെയാണ്.
ചിത്രങ്ങൾ: ഷാജി മുള്ളൂക്കാരൻ
സഹായക ഗ്രന്ഥങ്ങൾ
1) തെയ്യം (ഡോ : എം.വി. വിഷ്ണു നമ്പൂതിരി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂറ്റ് )
2)തോറ്റം പാട്ടുകൾ ഒരു പഠനം (ഡോ : എം.വി. വിഷ്ണു നമ്പൂതിരി, നാഷണൽ ബുക്ക് സ്റ്റാൾ )
3)പോട്ടനാട്ടം (ഡോ : എം.വി. വിഷ്ണു നമ്പൂതിരി, കറന്റ് ബുക്സ് )
4) കോതാമൂരി (ഡോ : എം.വി. വിഷ്ണു നമ്പൂതിരി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂറ്റ് )
5) ഫോക്ക് ലോരിനു ഒരു പഠനപദ്ധതി (രാഘവൻ പയ്യനാട്, കേരള സാഹിത്യ അക്കാദമി)
6 ) കളിയാട്ടം (സി.എം.എസ്. ചന്തേര )
7 ) തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ (ചിറയ്ക്കൽ റ്റി. ബാലകൃഷ്ണൻ നായര്, കേരള സാഹിത്യഅക്കാദമി )
വിവരങ്ങൾ തന്നവർ
ഡോ:എം.വി. വിഷ്ണുനമ്പൂതിരി, (ഫോക്ക്ലോര് അക്കദമി മുന് ചെയർമാൻ )
ഡോ:മുഹമ്മദ് അഹമ്മദ്, (ഫോക്ക്ലോര് അക്കദമി മുന് ചെയർമാൻ )
ഡോ: പി. മനോഹരൻ, ( റിട്ട. സംസ്‌കൃത വിഭാഗം മേധാവി, പയ്യന്നൂര് കോളേജ്)
കുഞ്ഞിരാമ പണിക്കർ, തളിപ്പറമ്പ്(തെയ്യം കലാകാരൻ )
ശശി പെരുവണ്ണാൻ, തളിപ്പറമ്പ്(തെയ്യം കലാകാരൻ)
ഭാഗം-രണ്ട്
ആരാധനാ രീതികളിലെ സമന്വയവും വൈവിദ്ധ്യവും