മരപ്പാണി (വലിയ പാണി)

Category: Melam
Published on Saturday, 13 September 2014 11:35
Hits: 5902


ക്ഷേത്രങ്ങളിൽ പുന പ്രതിഷ്ഠ കലശങ്ങള്‍, അഷ്ടബന്ധ കലശം,ദ്രവ്യ കലശം തുടങ്ങിയ കലശങ്ങളിൽ ബ്രഹ്മ കലശം എഴുന്നള്ളിക്കുന്നതിനു മുൻപും, തത്വം, സംഹാര തത്വം മുതലായ കലശങ്ങള്‍ക്കും, ഉത്സവബലിയ്ക്കും ആണ് സാധാരണയായി മരപ്പാണി കൊട്ടുന്നത്. ചില ഇടങ്ങങ്ങളില്‍ ആറാട്ട് ബലിക്കും മരപ്പാണി കൊട്ടാറുണ്ട്. 


 

പാണി രാമമംഗലം (രണ്ടു മരം)

 പണ്ട് പല തരത്തില്‍ ഉള്ള മരപ്പാണി നിലവില്‍ ഉണ്ടായിരുന്നു, എന്നാല്‍ ഇന്ന് മുഖ്യമായും രണ്ടു തരം മാത്രമേ പ്രയോഗത്തില്‍ ഉള്ളു. മൂന്നു തത്വം (ത തോം) , നാല് തത്വം (തതോം). ഓരോ സമയവും സന്ദർഭവും പ്രാധാന്യവും അനുസരിച്ച് കൊട്ടുന്നതില്‍ മാറ്റം ഉണ്ടാവാം. മരപ്പാണിയില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍- രണ്ടു മരം, ചേങ്ങില, ശംഖ് (രാമമംഗലം ബാണി - എറണാകുളം).

 ചടങ്ങുകൾ

പാണി കൊട്ടുന്ന മാരാര്‍ കുളി കഴിഞ്ഞു ഭസ്മം പൂശി തറ്റുടുത്ത്‌ ഉത്തരീയം ഇടണം. പാണി തുടങ്ങുന്നതിനു മുന്പ് വിളക്കിനു മുന്നില്‍ നിറപറ വയ്ക്കുന്നു. അതിനു ശേഷം മരത്തില്‍ ഉണക്കലരിയും (ചോറ്) കരിപൊടിയും ചേര്‍ത്ത് ചോറിടുന്നു. ശ്രുതി ശുദ്ധമാക്കുന്നു എന്നാണു സങ്കല്‍പം. പാണിക്ക് മാത്രം ഉപയോഗിക്കേണ്ട വാദ്യം ആയതു കൊണ്ടാണ്, കൊട്ടുന്നതിനു തൊട്ടു മുന്പ് മാത്രം ചോറിടുന്നത്. പാണിക്ക് ശേഷം ഇത് തുടച്ചു മാറ്റണം. തന്ത്രിയുടെ അനുവാദത്തോടു കൂടി ക്ഷേത്രം മേല്‍ശാന്തി നിറപറക്കു മുന്നിലെ വിളക്ക് കൊളുത്തുന്നു. മാരാര്‍ തന്ത്രിയോട് മൂന്നു വട്ടം അനുവാദം ചോദിച്ച ശേഷം പാണി തുടങ്ങുന്നു.

 MaraPaaNi

 വളരെ ശ്രദ്ധയോടും ശുദ്ധി യോടും കൂടെ ചെയ്യേണ്ട കര്‍മം ആണ് മരപ്പാണി. ആയതിനാല്‍ പണ്ട് കാലത്ത് ഇതിനെ കുറിച്ചുള്ള അറിവുകളും കണക്കുകളും, നല്ല പ്രായവും പക്വതയും വന്നതിനു ശേഷമേ കൈമാറുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കലാപീഠം പോലെ ഉള്ള സ്ഥാപനങ്ങളില്‍ പാണി പഠിപ്പിക്കുന്നുണ്ട്.

പാണി ഒരു മരം, ഒരു വലംതല

മേളം, സോപാന സംഗീതം എന്നിവയിലെന്ന പോലെ പ്രാദേശികമായ വ്യത്യാസങ്ങൾ പാണിക്കും കണ്ടു വരുന്നു. അതായത് ഓരോ പ്രദേശത്തും ഓരോ ബാണി അഥവാ ശൈലിയാണ്. ഇത് കൊട്ടുന്നതിൽ മാത്രം അല്ല, ചടങ്ങിലും വസ്ത്രധാരണത്തിലും വ്യത്യാസം കണ്ടു വരുന്നു. മലബാർ പ്രദേശങ്ങളിൽ തറ്റും ഉത്തരീയവും മരക്കാരന് മാത്രേ പതിവുള്ളൂ. എന്നാൽ മധ്യതിരുവിതാംകൂറിൽ എല്ലാവർക്കും ഇത് നിർബന്ധം. പാണിയുടെ ചടങ്ങുകളും കൂടുതലാണ് മലബാറിൽ. ചില ഇടങ്ങളില്‍ ഒരു മരമേ ഉപയോഗിക്കൂ. ചില ഇടങ്ങളില്‍ ഒരു മരവും ശേങ്ങിലയും ശംഖും പിന്നെ വലംതലയും ഉപയോഗിക്കുന്നു. മറ്റു ചിലയിടങ്ങളിൽ തിമില കൂടെ ചേരും.

 ഉത്തര മലബാറിൽ പാണി കഴിഞ്ഞതിനു ശേഷം കലശം എഴുന്നള്ളിക്കുന്നു. അഭിഷേകത്തിനു ശേഷം പാണി മടക്കുക എന്നൊരു ചടങ്ങ് കൂടിയുണ്ട്.

ഒരു മരം, വലംതല, തിമില

ഓരോ പ്രദേശത്തും ഓരോ രീതിയിലാണ് പാണി കൊട്ടുന്നതും, അതിന്റെ ചടങ്ങുകളും എന്നിരിക്കിലും, അതിന്റെ പ്രാധാന്യം എല്ലായിടത്തും ഒരു പോലെ തന്നെ. ക്ഷേത്ര വാദ്യങ്ങളിൽ ഏറ്റവും ശ്രദ്ധയോടും അച്ചടക്കത്തോടും കൂടി കൈകാര്യം ചെയ്യേണ്ട ഒന്നാണ് മരപ്പാണി.


 

ലേഖകൻ വിനോദ് മാരാർ പ്രശസ്ത പഞ്ചവാദ്യ കലാകാരൻ ഊരമന വേണുവിന്റെ മകൻ ആണ്. അബുദാബി യു എ ഇ എക്സ്ചേഞ്ചിൽ ജോലി ചെയ്യുന്നു. E-mail This email address is being protected from spambots. You need JavaScript enabled to view it.