തോറ്റംപാട്ടിന്റെ ഘടന

Category: Theyyam
Published on Sunday, 19 May 2013 11:49
Hits: 5546

തോറ്റംപാട്ടിന്റെ ഘടന

പുടയൂർ ജയനാരായണൻ - ഏറിയൊരു ഗുണം വരണം : ഭാഗം-നാല്  

ഭാഗം-മൂന്ന് : തെയ്യം -അനുഷ്ഠാനങ്ങളും പുരാതത്വവും

തോറ്റം പാട്ടിനെക്കുറിച്ചുള്ള പ്രാഥമിക വിവരണങ്ങൾ കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ചു. തെയ്യം എന്ന അനുഷ്ഠാനത്തിൽ തോറ്റം പാട്ടിന്റെ പ്രാധാന്യവും  ധർമ്മവുമാണ് അവിടെ സാമാന്യേനെ വിവരിച്ചത്. എന്നാൽ തോറ്റം പാട്ടിന്റെ  ഘടന കൂടി പരിശോധിച്ചെങ്കിൽ മാത്രമേ ഈ ഒരു വിഷയത്തെക്കുറിച്ചുള്ള പഠനം പൂര്ത്തിയാകുകയുള്ളൂ. തോറ്റത്തിനു വിവിധ ഘട്ടങ്ങളിൽ വിവിധ ധർമ്മങ്ങൾ ഉണ്ട് എന്ന് കാണാം. തെയ്യത്തിന്റെ ഓരോ ഘട്ടത്തിലും അതിനു ഓരോ ധർമ്മങ്ങൾ ആണ്. ആ ധർമ്മങ്ങൾ അനുസരിച്ച് ഓരോന്നിനെയും തോറ്റം പാട്ടിന്റെ വിവിധ അവാന്തര വിഭാഗങ്ങൾ ആയി തരം തിരിക്കാം. അവ അത് സംഭവിക്കുന്ന കാലത്തിന്റെ അനുക്രമത്തിൽ താഴെ കൊടുക്കുന്നു.

1) വരവിളി  ഒന്നും രണ്ടും ,  2) അയ്യടി  (അഞ്ചടി) , 3) നീട്ടുകവി , 4)  താളവൃത്തം ,  5) തോറ്റം , 6) മൂന്നാം വരവിളി ,7) പൊലിച്ച് പാട്ട് , 8) ഉറച്ചിൽ തോറ്റം ,

ഇതിൽ മൂന്നു വരവിളികളും  മുമ്പസ്ഥാനവും അചരങ്ങൾ അഥവാ സ്ഥിരങ്ങൾ ആയും അഞ്ചടി തൊട്ട് ഉറച്ചിൽ തോറ്റം വരെയുള്ളവയെ ചരങ്ങൾ ആയും പരിഗണിക്കാം.  ചരങ്ങൾ ആയവയിൽ വേണമെങ്കിൽ കൂട്ടലും കുറയ്ക്കലും ആകാം, സമയ ദൌർലഭ്യത്തിനനുസരിച്ച് വേണമെങ്കിൽ ചുരുക്കലുകൾ ആകാം, പുതിയ രചനകൾ ചേർക്കാം, പാട്ടിലെ വിഷയത്തിന്റെ കാര്യത്തിലോ ശീലുകളുടെ കാര്യത്തിലോ ചട്ടകൂടുകൾ ഉണ്ട് എങ്കിലും ഈ ഘട്ടങ്ങളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലെക്ക് പോകുവാൻ തോട്ടം പാട്ടുകാർക്ക് സ്വാതന്ത്ര്യം ഉണ്ട്. മാക്കപ്പോതിയുടെ തോറ്റം പൂർണ്ണമായി ആലപിക്കുവാൻ 10 മണിക്കൂർ വരെ എടുക്കും. അത്ര ദീർഘമാണ് അത്. അതേപോലെ തന്നെയാണ് വിഷ്ണുമൂർത്തിയുടെ തോറ്റവും മണിക്കൂറുകളുടെ ദൈർഘ്യം ഉള്ളതാണ്. എന്നാൽ വളരെയേറെ തെയ്യങ്ങൾ ഉള്ള കാവുകളിൽ സമയ ദൌർല്ലഭ്യം വലിയ ഒരു ഘടകമാണ്. സ്വാഭാവികമായും ചെറിയ ചുരുക്കലുകൾ ഈഘട്ടത്തിൽ വേണ്ടി വരും എന്നതിനാലാണ് ചരങ്ങളിലെ സ്വാതന്ത്ര്യം തോറ്റം പാട്ടുകാരനിൽ നിക്ഷിപ്തം ആയിരിക്കുന്നത്.



1) വരവിളി  

തോറ്റം പാട്ടിൽ മൂന്ന് ഘട്ടത്തിൽ ആണ് വരവിളി നടത്തുന്നത്. ആദ്യത്തെ രണ്ടും അനുക്രമമായിട്ടും മൂന്നാമത്തേത് പൊലിച്ച്പാട്ടിനു തൊട്ടു മുൻപും. " നീ വരിക വേണം .................. (അതത്‌ ദേവതയുടെ പേരു ചേർക്കണം)  ദൈവം" (അമ്മ ദൈവങ്ങൾ ആണെങ്കിൽ ഭഗവതി, പോതി എന്നിങ്ങിനെ ചേർക്കുന്നു). ഇങ്ങിനെ യാണ് വരവിളി അവസാനിക്കുന്നത്. ഇവിടെ ദേവത പരാമർശിക്കുന്നത് '' നീ '' എന്നാണ്. പിന്നെയുള്ള അഞ്ചടി മുതലുള്ള ഘട്ടങ്ങളിൽ ദേവത പരാമർശിക്കപ്പെടുന്നത് പക്ഷെ അവൾ എന്നോ അവൻ എന്നോ ആയിരിക്കും. ഇവിടെ പ്രഥമ പുരുഷനും മധ്യമ പുരുഷനും തമ്മിലുള്ള ഒരു സംവാദമായി ഇതിനെ കണക്കാക്കാം. എന്നാൽ മൂന്നാം വരവിളിയും പൊലിച്ചു പാട്ടും കഴിഞ്ഞ് മുമ്പസ്ഥാനം എത്തുന്നതോടെ ഇതെല്ലാം മാറി കേവലം ദേവത മാത്രമാകുന്ന ഘട്ടം ആകുന്നു. അതായത് കോലക്കാരൻ ദേവതയായി മാറുകയും ഞാൻ എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ പരിണാമം ആണ് തെയ്യം എന്ന അനുഷ്ഠാനത്തിലെ ഏറ്റവും മഹത്വമുള്ള ഘടകവും.

മൂന്നു കാര്യങ്ങളാണ് പ്രധാനമായും വരവിളിയിൽ ഉൾക്കൊള്ളുന്നത്. ഒന്ന് ദേവത വരുന്നതിനുള്ള സാഹചര്യം എന്ത് എന്നതിനുള്ള വിശദീകരണം. രണ്ട് ദേവതയുടെ ആരൂഢ സ്ഥാനത്തെയും മറ്റ് പ്രധാന സ്ഥാനങ്ങളേയും പറ്റിയുള്ള പ്രസ്താവന, മൂന്ന് ദേവതയുടെ ധര്മ്മം. ഇത്രയും പറഞ്ഞ് " നാട് സ്വരൂപം തുടങ്ങി കന്നുകാലി പൈതങ്ങളും  കെടും പിഴയും കൂടാതെ നിലനിൽക്കുന്നതിന് വേണ്ടി നീ വെള്ളി പീഠത്തിൽ എഴുന്നള്ളി തോറ്റത്തെ കേഴ്പ്പ വേണം" എന്ന അഭ്യർത്ഥനയും വരവിളിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

 

2) അഞ്ചടി (അയ്യടി ) തോറ്റം

ലളിത സംഗീതത്തിലെ ഈരടികൾ എന്ന പോലെ തന്നെയുള്ള തോറ്റം പാട്ടിലെ അഞ്ച് അടികളോട് കൂടിയ പാട്ടുകൾ എന്ന് സാമാന്യേനെ പറയാം.  എന്നാൽ ചില തെയ്യങ്ങളുടെ തോ റ്റ ങ്ങളിൽ എങ്കിലും ഇത് വ്യത്യസ്ഥം ആണെന്നും കാണാം. മുചിലോട്ട് ഭഗവതിയുടെ തോറ്റത്തിനു ആറു അടികളും, പുലി തെയ്യങ്ങൾക്ക് ഇത് എട്ട് അടികൾ ആണെന്നും കാണാം. എന്നാൽ പൊതുവിൽ ഇവയും അയ്യടി തോറ്റം എന്ന് തന്നെയാണ് പറയുക. ദേവതയുടെ ഉദ്ഭവം ആണ് ഇവിടെ വിവരിക്കുന്നത്

3)  നീട്ടുകവി

തോറ്റം പാട്ടിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥം അല്ലെങ്കിലും വളരെ നീട്ടി പതിഞ്ഞു പാടുന്ന പാട്ടാണ് ഇത്. ദേവതയുടെ ഉദ്ഭവത്തിന് ശേഷമുള്ള കാര്യങ്ങൾ ആണ് ഇതിൽ വിവരിക്കുക. ദേവതയുടെ യാത്രയും വിവിധ ദേശങ്ങളിൽ സ്ഥാനം സിദ്ധിച്ചതും എല്ലാം ഇതിൽ പരാമര്ശ്ശിക്കുന്നു.

4) താളവൃത്തം

മറ്റു തോട്ടം പാട്ടിൽ നിന്ന് വ്യത്യസ്ഥം അല്ല ഈ ഭാഗവും. വിഷയവും ഏറെക്കുറെ നീട്ടുകവിയിലെത് തന്നെ. എന്നാൽ വളരെ താളാത്മകം ആണ് ഈഘട്ടം. വീക്കൻ ചെണ്ടയ്ക്ക് പുറമേ മറ്റു ചെണ്ടകളും ഈ ഘട്ടത്തിൽ താളത്തിനു അകമ്പടിയാകുന്നു.

5) തോറ്റം  
ദേവതാ സ്തുതികൾ ആണ് ഇവിടെ. ദേവതയുടെ വർണ്ണന, ചരിതം, ദിവ്യത്വം, അഭൌമികമായ ശക്തി വിശേഷങ്ങൾ, വിജയങ്ങൾ എന്നിവയെല്ലാം ഈ സ്തുതികളിൽ ഉൾപ്പെടുന്നു.

 

 

6) പൊലിച്ച് പാട്ട്

തോറ്റം പാട്ടിനെ വല്ലാത്തൊരു തലത്തിലേക്ക് കൊണ്ട് എത്തിക്കുന്ന ഘട്ടമാണ് ഇത്. ഇതുവരെ കോലക്കാരനും ഒരു അകമ്പടിക്കാരനും മാത്രം പാടിയ പാട്ട്  അഞ്ചോ പത്തോ പേർ സംഘം ചേർന്ന് പാടുന്നു. കൊട്ട് കുറച്ച് കൂടി താളാത്മകം ആകുന്നു.  ഇതിലെയും വിഷയം ദേവതാ സ്തുതി തന്നെയാണെങ്കിലും ദേവതയെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വർണ്ണനയാണ് കൂടുതൽ.  "പൊലിക, പൊലിക....." എന്ന പദം ഉറക്കെ ഇടയ്ക്കിടെ ആവർത്തിക്കുന്നു. കോലക്കാരനും ദേവതയും തമ്മിലുള്ള അന്തരം കുറയുന്ന ഘട്ടം കൂടിയാണ് ഇത്. ചില തെയ്യങ്ങൾക്ക് ഇതിനു ശേഷമുള്ള ഉറച്ചിൽ തോറ്റം ഇല്ല. അത്തരം തെയ്യങ്ങൾക്ക് പൊലിച്ച് പാട്ടുതന്നെ ഉറച്ചിൽ തോറ്റമായി ഭവിക്കുന്നു.

7) ഉറച്ചിൽ തോറ്റം

പേര് സൂചിപ്പിക്കുന്ന പോലെ തന്നെ കോലക്കാരനെ ഉറയിപ്പിക്കൽ തന്നെയാണ് ഈ ഭാഗത്തിന്റെ ധർമ്മം. പൊലിച്ച് പാട്ടോടെ തന്നെ ഉറച്ചിലിന്റെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങുന്ന കോലക്കാരൻ ഇത്ര നേരവും സ്തുതിച്ച് പാടിയ ദേവത തന്നെയായി മാറുന്ന ഘട്ടമാണ് ഇത്. അതുവരെ പ[പാടിയ പാട്ടിന്റെ സംക്ഷിപ്ത രൂപമാണിത്. വലിയ ഘോഷത്തോടെയുള്ള കൊട്ടും ചടുലമായ താളവും കോലക്കാരനെ ഉറയിക്കും. പാട്ടവസാനിക്കുന്നതോടെ കൊട്ട് മുറുകുകയും ദേവതയായി മാറിയ കോലക്കാരൻ ഉറഞ്ഞു തുള്ളുകയും ചെയ്യും.

ഭാഗം-അഞ്ച്  : പത്താമുദയം