ചിനക്കത്തൂരിലെ കുതിരകളി

Category: Festival
Published on Monday, 04 March 2013 06:42
Hits: 3066

ചിനക്കത്തൂരിലെ കുതിരകളി                                     

ചിനക്കത്തൂര്‍ പൂരത്തിന്റെ പ്രത്യേകതയാണ് കുതിരകളി. ആനപ്പൂരത്തിനെക്കാളും പ്രാധാന്യം കുതിരക്കളിക്കാണ് എന്നതും ചിനക്കത്തൂരിലെ പ്രത്യേകത. ആയിരക്കണക്കിന് ജനങ്ങളുടെ ഇടയില്‍, "അയ്യയ്യോ" വിളികളോടെ വാനിലേക്ക് എടുത്തെറിയപ്പെടുന്ന വലിയ കുതിരകള്‍, മാമാങ്കസ്മരണകള്‍ ആണ് ഇതിന്റെ പിന്നിലെ ചരിത്രം എന്ന് പറയപ്പെടുന്നു.

 

 

വളരെയധികം ചടങ്ങുകളോടും, കൃത്യതയോടെയും ആണ് ചിനക്കത്തൂരിലെ കുതിരകളി നടക്കാറുള്ളതു. കുംഭമാസത്തിലെ മകം നാളില്‍ ആണ് ചിനക്കത്തൂര്‍ പൂരം. പൂരം അന്ന് വൈകുന്നേരവും അടുത്ത ദിവസം രാവിലെയും ആണ് കുതിരകളി നടക്കാറുള്ളതു. സാമൂതിരി ആണ് ഈ കുതിരകളി തുടങ്ങിവെച്ചത് എന്നാണു പറയപ്പെടുന്നത്.

 

എട്ടു കുതിരകള്‍ വീതം കിഴക്കും, പടിഞ്ഞാറും ചേരിയില്‍ അണിനിരന്നാണ് കുതിരക്കളി നടക്കുന്നതു. ഈ കുതിരകള്‍ നാടുവാഴികളെ പ്രതിനിധാനം ചെയ്യുന്നു എന്നാണു സങ്കല്പം. രണ്ടു ചേരികളിലും പണ്ടാരക്കുതിരകള്‍ ഉണ്ടായിരിക്കും. പണ്ടാരകുതിരകളുടെ രൂപം മറ്റു നാടുവാഴി കുതിരകളില്‍ നിന്നും വിത്യാസം ആയി, കൂടുതല്‍ അലങ്കാരങ്ങളോടെ ആയിരിക്കും. പടിഞ്ഞാറേ ചേരിയിലെ പണ്ടാരക്കുതിര സാമൂതിരിയും, കിഴക്കന്‍ ചേരിയിലേത് "ഏറാള്പാടും" എന്നാണ് സങ്കല്പം. ഈ രണ്ടു പണ്ടാരക്കുതിരകളും ദേവിയെ തൊഴുതു പ്രധാനിയുടെ സ്ഥാനത്തു ഇരുന്നതിനു ശേഷം ആണ് കുതിരകളി തുടങ്ങുന്നത്.

 

നിരവധി ആളുകള്‍ താങ്ങി എടുത്തു വരുന്ന കുതിരകളെ ആരവങ്ങളോടെ ഭഗവതിയുടെ മുന്നില്‍ മേലേക്ക് എറിയുക. വളരെയധികം വാശിയും, വീറും ഇതില്‍ പ്രകടമായിരിക്കും. ഓരോ കുതിരയുടെ മേലെയും വിളക്കും പിടിച്ചു ഒരാള്‍ നില്‍ക്കുന്നുന്നുണ്ടായിരിക്കും. കുതിരകളെ ആകാശത്തോളം ഉയരത്തില്‍, ആരവങ്ങളോടെ എടുത്തെറിയപ്പെടുമ്പോള്‍ അതിനു മേലെ നില്‍ക്കാന്‍ അസാമാന്യ ധൈര്യം ഉള്ളവര്‍ക്ക് മാത്രമെ കഴിയൂ. കളി കഴിഞ്ഞു കുതിരകള്‍ പന്തിയിലേക്ക് തിരിച്ചു പോന്നതിനു ശേഷം മാത്രമേ ആനപ്പൂരം പൂരപ്പറമ്പില്‍ കയറുകയുള്ളൂ. വാശിയും, ആവേശവും മൂത്ത കുതിരകളി പലപ്പോഴും ദേശങ്ങള്‍ തമ്മിലുള്ള വഴക്കുകളിലേക്കും നയിച്ചിട്ടുണ്ട് എന്നത് ചരിത്രം.

 

മുള, ഉണങ്ങിയ വാഴയില എന്നിവ കൊണ്ടാണ് കുതിരക്കൊലങ്ങള്‍ തെയ്യാറാക്കപ്പെടുന്നത്. പൂരത്തിന് ഒരാഴ്ച മുമ്പേ തന്നെ ഇതിന്റെ പണി ഓരോ ദേശങ്ങളിലും തുടങ്ങും. ഓരോ കുതിരകളുടെയും നിര്‍മാണചുമതല പണ്ടത്തെ കാലത്തെ ജന്മി കുടുംബങ്ങല്ക്കായിരുന്നു മുമ്പ്. ഇന്നും കുതിരകളുടെ തല സൂക്ഷിക്കുന്നത് ആ കുടുംബങ്ങളില്‍ തന്നെ ആണ്. കുതിരക്കു തല വെക്കുന്നതും ഒരു ചടങ്ങാണ്. പൂരത്തിന് തലേ ദിവസം വൈകുന്നേരം ആണ് ആചാരങ്ങളോടെ കുതിരക്കു തലവെക്കുക.

 

പൂരം കഴിഞ്ഞു പിറ്റേ ദിവസം രാവിലത്തെ കുതിരകളി അവസാനിക്കുന്നത് ജ്യോത്സ്യന്‍ കുതിരയുടെ കളിയോടെ ആണ്. മംഗലത്ത് മനയുടെ പേരില്‍ ആണ് ജ്യോത്സ്യന്‍ കുതിര അറിയപ്പെടുന്നത്. ഈ കുതിരയും കൂടി കളിച്ചു കഴിഞ്ഞാല്‍ ആ കൊല്ലത്തെ പൂരത്തിന് അവസാനം ആയി. വീണ്ടും ഒരു കൊല്ലത്തെ കാത്തിരിപ്പ്, ദേവിയുടെ തട്ടകത്തില്‍ ഉള്ളവര്‍ എല്ലാവര്ക്കും.